Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

പാപക്കറകള്‍ മായ്ക്കുന്ന ഇസ്തിഗ്ഫാര്‍

തര്‍ബിയത്ത് / എം.എസ്.എ റസാഖ്

സ്തിഗ്ഫാര്‍ അഥവാ പാപമോചനാര്‍ഥന നടത്തുക ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ഥന (ഇസ്തിഗ്ഫാര്‍) നടത്താനും ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു: ''പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (അസ്സുമര്‍ 53). പാപമോചനം നല്‍കുന്നവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണ നാമങ്ങളില്‍ പെട്ടതാണ്. പാപമോചനാര്‍ഥന നടത്തുന്ന ദാസന്മാരെ അല്ലാഹു വാഴ്ത്തുന്നു. അവര്‍ക്ക് അതിരറ്റ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ആത്മാര്‍ഥമായും സത്യസന്ധമായും ഇസ്തിഗ്ഫാര്‍ ചെയ്യുന്നവനെക്കുറിച്ച് അല്ലാഹു സംതൃപ്തി രേഖപ്പെടുത്തും. കാരണമവന്‍ തന്റെ നാഥന്റെ മുന്നില്‍ വിനയാന്വിതനായി നിന്നുകൊണ്ട് തെറ്റുകള്‍ സ്വയം ഏറ്റു പറയുകയും തിരുത്തുകയും ചെയ്യുന്നു. തെറ്റുകള്‍ക്കും പാപങ്ങള്‍ക്കുമുള്ള ഫലപ്രദമായ മരുന്നും ചികിത്സയുമാണത്. ദുഃഖവും വിഷമാവസ്ഥയും മാറ്റിത്തരുന്ന ലേപനൗഷധമാണത്.
'ഗഫറ' എന്ന ക്രിയാ പദത്തില്‍ നിന്നാണ് ഇസ്തിഗ്ഫാര്‍ ഉണ്ടായിട്ടുള്ളത്. 'മറയ്ക്കുക' എന്നാകുന്നു ഗഫറയുടെ അര്‍ഥം. 'ഗഫറല്ലാഹു ദന്‍ബഹു' എന്നു പറഞ്ഞാല്‍ 'അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു' എന്നാണര്‍ഥം. 'അല്‍ ഗഫൂര്‍', 'അല്‍ ഗഫ്ഫാര്‍', 'അല്‍ ഗാഫിര്‍' എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. ദാസന്മാരുടെ പാപങ്ങള്‍ മറച്ചുകളയുകയും ഏറെ പൊറുത്തുകൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണതിന്റെ വിവക്ഷ. ഇമാം ഗസ്സാലി(റ) പറയുന്നു: ''ഏറെ പാപം പൊറുക്കുന്നവന്‍ (അല്‍ ഗഫ്ഫാര്‍) എന്നു പറഞ്ഞാല്‍, സൗന്ദര്യത്തെ പ്രകടമാക്കുകയും വൈരൂപ്യത്തെ മറച്ചുവെക്കുകയും ചെയ്യുന്നവന്‍ എന്നാണ് അര്‍ഥം. ഐഹികജീവിതത്തില്‍ വൈരൂപ്യങ്ങളുടെ മേല്‍ മറയിട്ട് മൂടുകയും പരലോകത്ത് ശിക്ഷയില്‍നിന്ന് വിടുതല്‍ നല്‍കുകയും ചെയ്യുന്നു.'' പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു തന്റെ ദാസന്മാരുടെ പാപങ്ങള്‍ പൊറുത്തു കൊണ്ടിരിക്കും. കൃപയുടെയും വാത്സല്യത്തിന്റെയും പുത്തന്‍ പുടവ അണിയിച്ചുകൊണ്ടിരിക്കും.

പാപമോചനാര്‍ഥനയുടെ പൊരുള്‍
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പാപസുരക്ഷിതത്വം മനുഷ്യര്‍ക്കില്ല- അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാര്‍ ഒഴികെ. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം ശക്തികള്‍ ചുറ്റുപാടുമുണ്ട്. മനുഷ്യ മനസ്സ് തന്നെ തെറ്റ് ചെയ്യാന്‍ പ്രേരിതമാകാറുമുണ്ട്. ''തീര്‍ച്ചയായും മനസ്സ് ദൃഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നതു തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ'' (യൂസുഫ് 53). പിശാചും അവന്റെ കൂട്ടാളികളും മനുഷ്യന്റെ ശത്രുക്കളാണ്. അവര്‍ മനുഷ്യനെ നാശത്തില്‍ അകപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇഛകളും അവനെ ദൈവമാര്‍ഗത്തില്‍ നിന്ന് തടഞ്ഞുകൊണ്ടിരിക്കും. ഐഹികജീവിതത്തിലെ വഞ്ചനാത്മകമായ ഒട്ടനവധി വിഭവങ്ങളും അലങ്കാരങ്ങളും വഴിതെറ്റിക്കാന്‍ പോന്നതാണ്. പ്രവാചകന്‍ (സ) അരുള്‍ ചെയ്തു: ''എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനില്‍ സത്യം, നിങ്ങള്‍ പാപം/ തെറ്റുകള്‍ ചെയ്യുന്നില്ലായെങ്കില്‍ അല്ലാഹു നിങ്ങളെ മാറ്റിക്കളയുകയും മറ്റൊരു ജനവിഭാഗത്തെ കൊണ്ടുവരികയും ചെയ്യുന്നതായിരിക്കും. അവര്‍ തെറ്റ് ചെയ്യുകയും തുടര്‍ന്ന് പാപമോചനാര്‍ഥന നടത്തുകയും അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും.'' മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ''എല്ലാ മനുഷ്യരും തെറ്റു ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും.''
ഇസ്തിഗ്ഫാറിനെ സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ, അത് കേവലം നാവു കൊണ്ട് ഉരുവിട്ടാല്‍ മതി എന്നതാണ്. പക്ഷേ, 'അസ്തഗ്ഫിറുല്ലാ' (ഞാന്‍ അല്ലാഹുവോട് പാപമോചനം തേടുന്നു) എന്ന വചനം അര്‍ഥവും ആശയവും ഗ്രഹിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെ പറയുമ്പോഴാണ് ഇസ്തിഗ്ഫാര്‍  ചൈതന്യപൂര്‍ണമാവുന്നത്. അതവന്റെ ഹൃദയത്തിലും ശരീരാവയവങ്ങളിലും കര്‍മതലങ്ങളിലും സ്വാധീനം ചെലുത്തിയിരിക്കണം. ഫുദൈലുബ്‌നു ഇയാദ്(റ) പറയുന്നു: ''പാപകൃത്യങ്ങള്‍ വര്‍ജിക്കാതെയുള്ള പാപമോചനാര്‍ഥന വ്യാജന്മാരുടെ തൗബയാകുന്നു.'' നാവുകൊണ്ട് പാപമോചനാര്‍ഥന നടത്തുകയും ദൈവധിക്കാരപരമായ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരില്‍ അകപ്പെടാതിരിക്കാന്‍ സലഫുസ്സ്വാലിഹുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് ഇസ്തിഗ്ഫാര്‍ കൊണ്ട് പ്രയോജനമില്ല. കാരണമവരുടേത് ഉപരിപ്ലവവും തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കാതെയുമുള്ള പാപമോചനം തേടലാകുന്നു. ഇസ്തിഗ്ഫാര്‍ ചെയ്യുന്നത് ജീവിതത്തില്‍ അത് സാക്ഷാത്കരിക്കാന്‍ വേണ്ടിയാവണം.

വിശ്വാസികളുടെ സവിശേഷത
പ്രവാചകന്‍ ഇബ്‌റാഹീം(അ) പിതാവുമായി നടത്തിയ സംഭാഷണം പ്രശസ്തമാണല്ലോ. സ്വന്തം പിതാവിനെ തൗഹീദിലേക്ക് ക്ഷണിച്ച ഇബ്‌റാഹീമിനെ ഭീഷണിപ്പെടുത്തി പിതാവ് പറഞ്ഞു: ''നീ വിരമിച്ചില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിയും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം'' (മര്‍യം 46). പക്ഷേ, ഹസ്രത്ത് ഇബ്‌റാഹീമിന്റെ പ്രതികരണം സ്‌നേഹത്തിന്റെ ഭാഷയിലായിരുന്നു. അദ്ദേഹം പറഞ്ഞു: ''അങ്ങേക്ക് സലാം. അങ്ങേക്ക് മാപ്പു തരാന്‍ ഞാന്‍ എന്റെ റബ്ബിനോട് പ്രാര്‍ഥിക്കാം. എന്റെ റബ്ബ് എന്നോട് ഏറെ കനിവുറ്റവനാകുന്നു'' (മര്‍യം 47). സത്യമാര്‍ഗത്തിലേക്കുള്ള പിതാവിന്റെ മടക്കം ആഗ്രഹിച്ചുകൊണ്ടായിരുന്നു ഇബ്‌റാഹീം (അ) നടത്തിയ പാപമോചനാര്‍ഥന. പക്ഷേ, അല്ലാഹുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു: ''ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനു വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍, അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു'' (തൗബ 114). ബഹുദൈവവിശ്വാസിക്കു വേണ്ടി പാപമോചനാര്‍ഥന നടത്താന്‍ പാടുള്ളതല്ല. കാരണമത് സത്യവിശ്വാസികള്‍ക്ക് പ്രത്യേകമായിട്ടുള്ളതാണ്.  'ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായി കഴിഞ്ഞതിനു ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല'' (തൗബ 113).
''അബൂത്വാലിബ് മരണാസന്നനായി കിടക്കുമ്പോള്‍ നബി(സ)  അദ്ദേഹത്തെ സന്ദര്‍ശിച്ചു. അവിടെ അബൂജഹ്‌ലുമുണ്ടായിരുന്നു. നബി(സ) പറഞ്ഞു: 'പിതൃ സഹോദരാ, താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം ഉച്ചരിക്കുക. അതു മുഖേന ഞാന്‍ അല്ലാഹുവിങ്കല്‍ താങ്കള്‍ക്കുവേണ്ടി സംസാരിച്ചു നോക്കാം.' ഇതുകേട്ട അബൂജഹ്‌ലും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യയും ചോദിച്ചു: 'അബൂത്വാലിബ്, താങ്കള്‍ അബ്ദുല്‍ മുത്വലിബിന്റെ ചര്യയില്‍ നിന്ന് വിമുഖനാകുന്നുവോ?' ഇക്കാര്യം അവരിരുവരും അദ്ദേഹത്തോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവസാനം അബൂത്വാലിബ് പ്രതികരിച്ചു: 'ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പാതയില്‍ തന്നെ ഉറച്ചുനിലകൊള്ളുന്നവനാണ്.' ഇത് കേട്ട നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനാര്‍ഥന നടത്തും. ഞാന്‍ അതില്‍നിന്ന് വിലക്കപ്പെടാത്ത കാലമത്രയും.' മുകളില്‍ ഉദ്ധരിച്ച സൂറഃ അത്തൗബയിലെ 113-ാം സൂക്തവും, 'പ്രവാചകരേ, താങ്കള്‍ ആഗ്രഹിക്കുന്നവരെ സന്മാര്‍ഗത്തിലാക്കാന്‍ താങ്കള്‍ക്ക് കഴിയില്ല. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ സന്മാര്‍ഗത്തിലാക്കുന്നു. സന്മാര്‍ഗം സ്വീകരിക്കുന്നവരെ അവന്‍ നന്നായറിയുന്നു' അല്‍ഖസ്വസ്വ് 56-ാം വാക്യവും അവതരിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ്'' (ബുഖാരി).
കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു: ''പ്രവാചകരേ, താങ്കള്‍ അവര്‍ക്കു വേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും, ഒരെഴുപതുവട്ടം തന്നെ അവര്‍ക്കുവേണ്ടി പാപമോചനം തേടിയാലും അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തു കൊടുക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹു ധിക്കാരികളായ ജനത്തിനു മോക്ഷമാര്‍ഗം കാട്ടിക്കൊടുക്കുകയുമില്ല'' (തൗബ 80).
കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നബി(സ) സന്നിധിയില്‍ വന്ന് അഭ്യര്‍ഥിച്ചു: ''പ്രവാചകരേ, എന്റെ പിതാവിന്റെ മയ്യിത്ത് കഫന്‍ ചെയ്യുന്നതിന് അങ്ങയുടെ വസ്ത്രം തന്നാലും, അദ്ദേഹത്തിനുവേണ്ടി അവിടുന്ന് നമസ്‌കരിക്കുകയും പാപമോചനാര്‍ഥന നടത്തുകയും ചെയ്താലും.'' നബി(സ) തന്റെ വസ്ത്രം നല്‍കി. റസൂല്‍ അയാളുടെ പേരില്‍ നമസ്‌കരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമര്‍(റ) റസൂലിന്റെ വസ്ത്രത്തില്‍ പിടിച്ചു കൊണ്ട് ചോദിച്ചു: ''കപടവിശ്വാസികള്‍ക്ക് വേണ്ടി നമസ്‌കരിക്കുന്നതില്‍നിന്ന് അല്ലാഹു താങ്കളെ തടഞ്ഞിട്ടില്ലേ?'' അവിടുന്ന് പറഞ്ഞു: ''എനിക്ക് രണ്ട് കാര്യങ്ങളിലൊന്ന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.'' തുടര്‍ന്ന് പ്രവാചകന്‍(സ) സൂറഃ അത്തൗബയിലെ 80-ാം സൂക്തം പാരായണം ചെയ്തു. എന്നിട്ട് നബി(സ) അയാളുടെ പേരില്‍ മയ്യിത്ത് നമസ്‌കരിച്ചു. ഉടനെ ഈ സൂക്തം അവതരിച്ചു: ''അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ഖബ്‌റിന്നരികില്‍ നിന്ന് പ്രാര്‍ഥിക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായി മരണമടയുകയും ചെയ്തിരിക്കുന്നു'' (തൗബ 84). ഇതിന്റെ വെളിച്ചത്തില്‍ നമുക്ക് പറയാം, പാപമോചനാര്‍ഥന സത്യവിശ്വാസികള്‍ക്ക് വേണ്ടി മാത്രമായി അല്ലാഹു നിശ്ചയിച്ച ഒരു ആരാധനയാകുന്നു. സത്യവിശ്വാസികള്‍ക്ക് വേണ്ടി നബി(സ) പാപമോചനാര്‍ഥന നടത്തിയിരുന്നു. ഇസ്‌ലാം സ്വീകരിച്ച എത്യോപ്യന്‍ രാജാവായ നജ്ജാശി മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ''നിങ്ങളുടെ സഹോദരനുവേണ്ടി പാപമോചനാര്‍ഥന നടത്തുക'' (ബുഖാരി).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59