Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

വിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും ഉപാസിച്ച പണ്ഡിതന്‍

വ്യക്തിചിത്രം / സഈദ് മുത്തനൂര്‍

ബുല്‍ ആലിയാ റഫീഅ്ബ്‌നു മെഹറാന്‍, തന്റെ ഖുര്‍ആന്‍ പഠനത്തിലെ ഔത്സുക്യം കാരണം താബിഈ പണ്ഡിതന്മാരില്‍ ശ്രദ്ധേയനാണ്. ഖുര്‍ആനില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുത്തുകളും ചിപ്പികളും വേര്‍തിരിക്കുന്നതില്‍ അഗ്രഗണ്യന്‍. റഫീഇന്റെ ജനനം ഇറാനിലാണ്. വളര്‍ന്നതും വലുതായതും അവിടെ തന്നെ. വിശുദ്ധ ഖുര്‍ആനോടുള്ള അദമ്യമായ സ്‌നേഹം കാരണം ഒറ്റ രാത്രി കൊണ്ട് അദ്ദേഹം ഖുര്‍ആന്‍ മുഴുവന്‍ ഓതി(ഖത്തം) തീര്‍ക്കും. ഈ സാഹസത്തിന് കാരണമുണ്ട്. ഒരു യജമാനന്റെ കീഴിലെ അടിമയായിരുന്നു അദ്ദേഹം. നേരം പുലര്‍ന്നാല്‍ പിന്നെ സൂര്യന്‍ മറയുന്നത് വരെ നിരന്തരം വേലതന്നെ. രാത്രിയാണ് ഖുര്‍ആന്‍ പാരായണവും മനഃപാഠമാക്കലുമൊക്കെ. ഒരു രാത്രി കൊണ്ട് ഖത്തം തീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ട് രാത്രി കൊണ്ടും മൂന്ന് രാത്രി കൊണ്ടുമൊക്കെയാക്കി. രാത്രി തീരെ ഉറങ്ങാന്‍ കഴിയാത്തതായിരുന്നു ഈ മാറ്റത്തിന് കാരണം. ചില സ്വഹാബി പ്രമുഖരോട് അദ്ദേഹം ഈ വിഷയം ചര്‍ച്ച ചെയ്തു. അവര്‍ അദ്ദേഹത്തോട്, ആഴ്ചയില്‍ ഒരു തവണ ഖുര്‍ആന്‍ പാരായണം പൂര്‍ത്തീകരിക്കുന്നതായിരിക്കും നല്ലത് എന്ന് ഉപദേശിച്ചു. അപ്പോള്‍ രാത്രി കുറച്ച് ഉറങ്ങാനും കഴിയുമല്ലോ. അദ്ദേഹം അങ്ങനെ ചെയ്തു.
കുറെ നാള്‍ കഴിഞ്ഞപ്പോള്‍ റഫീഇനെ യജമാനന്‍ കമ്പോളത്തില്‍ വിറ്റു. ഒരു സ്ത്രീയാണ് അദ്ദേഹത്തെ വാങ്ങിയത്. ധര്‍മബോധവും ദൈവഭക്തിയുമുള്ളവരായിരുന്നു അവര്‍. തന്റെ അത്യാവശ്യ ജോലി കഴിഞ്ഞാല്‍ പിന്നെ അടിമക്ക് ഇളവ് കൊടുക്കും. വീണു കിട്ടുന്ന സമയം റഫീഅ് പഠനത്തിന് നീക്കിവെക്കും. തന്റെ അടിമയുടെ വിജ്ഞാന തൃഷ്ണ മനസ്സിലാക്കിയ യജമാനത്തി ഒരിക്കല്‍ അവനെ ജുമുഅ നമസ്‌കാരത്തിന് കൂടെ കൊണ്ടുപോയി. പള്ളി നിറയെ ആളുകള്‍. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആ സ്ത്രീ പ്രഖ്യാപിച്ചു: ''സഹോദരങ്ങളേ, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഞാനിതാ എന്റെ ഈ അടിമയെ മോചിപ്പിക്കുന്നു. എല്ലാവരും റഫീഇനോട് മാന്യമായി വര്‍ത്തിക്കണം.'' റഫീഅ് സ്വാതന്ത്ര്യത്തിന്റെ ആ അപൂര്‍വ നിമിഷം നന്നായി ആസ്വദിച്ചു. പ്രപഞ്ചത്തോളം അദ്ദേഹം ഉയര്‍ന്നു. പാരതന്ത്ര്യത്തിന്റെ നുകങ്ങളില്‍നിന്ന് രക്ഷപ്പെട്ടല്ലോ. വിജ്ഞാനത്വരയായിരുന്നു മനം നിറയെ. അറിവ് അന്വേഷിച്ച് ബസറയില്‍ നിന്ന് നേരെ മദീനയിലേക്ക് യാത്രയായി.
ഹസ്രത്ത് സിദ്ദീഖുല്‍ അക്ബറിന്റെ മരണത്തിന് കുറച്ച് മുമ്പാണ് അദ്ദേഹം മദീനയിലെത്തിയത്. അബൂബക്‌റുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പിന്നീട് ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയ സ്വഹാബി പ്രമുഖരെ കാണാനും സംവദിക്കാനും അവരില്‍നിന്ന് വിജ്ഞാനം നുകരാനും അവസരമുണ്ടായി.
ഹദീസ് വിജ്ഞാനീയങ്ങള്‍ നേടുന്നതിലായി അദ്ദേഹത്തിന്റെ മുഖ്യ ശ്രദ്ധ. ബസറയിലായിരിക്കുമ്പോള്‍ താബിഉകളില്‍ (സ്വഹാബികള്‍ക്ക് ശേഷമുള്ള രണ്ടാം തലമുറയില്‍ പെട്ടവര്‍) നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, സ്വഹാബികളില്‍ നിന്ന് ഹദീസ് പഠിക്കാനും പകര്‍ത്താനുമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. കാരണം അവരാണല്ലോ പ്രവാചകന്റെ തിരുമുഖത്ത് നിന്ന് പഠിച്ചറിഞ്ഞവര്‍. മദീനയില്‍ അദ്ദേഹം പല സ്വഹാബി പ്രമുഖരെയും കണ്ടു. പ്രവാചക വചനങ്ങളും ചര്യകളും മനസ്സിലാക്കി. അബ്ദുല്ലാഹിബ്‌നു മസ്ഊദ്, ഉബയ്യുബ്‌നു കഅ്ബ്, അബൂഅയ്യൂബുല്‍ അന്‍സ്വാരി, അബൂഹുറയ്‌റ, ഇബനു അബ്ബാസ് എന്നിവരില്‍നിന്നെല്ലാം അബുല്‍ ആലിയ ഹദീസ് പഠിച്ചു.
മദീനയില്‍ ചടഞ്ഞിരിക്കാതെ നബി(സ)യുടെ അനുചരന്മാര്‍ വസിക്കുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം ചെന്നെത്തി. അവരില്‍ നിന്ന് നബിയുടെ ജീവിതം പകര്‍ത്തി. ഹദീസുമായി ബന്ധപ്പെട്ട ഏതൊരു സദസ്സിലും അബുല്‍ ആലിയ തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ ശേഖരിച്ചു. അവരുടെ പിന്നില്‍ നമസ്‌കരിച്ചു. അവരുടെ കൂടെ നമസ്‌കരിക്കുന്നതും അവരുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നതും ഹൃദ്യമായി തോന്നിയാല്‍ അവരില്‍ നിന്ന് വിജ്ഞാനം നുകരും. അല്ലെങ്കില്‍ സ്ഥലം വിടും. ''ഏതൊരാള്‍ നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും വീഴ്ച വരുത്തുന്നുവോ അയാള്‍ മറ്റു രംഗത്തും കുറവുള്ളവനായിരിക്കും''- ഇതായിരുന്നു അബുല്‍ ആലിയയുടെ കാഴ്ചപ്പാട്. അത്തരക്കാരില്‍ നിന്ന് ഹദീസ് ഉദ്ധരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കരുതി. 'വിജ്ഞാനത്തിന്റെ പ്രകാശം കര്‍മത്തെ പ്രചോദിപ്പിക്കണം' എന്ന തത്ത്വം അദ്ദേഹം ആവിഷ്‌കരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനിക വിജ്ഞാനം നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ''അഞ്ചു വീതം സൂക്തങ്ങള്‍ മനഃപാഠമാക്കുക. എങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാം. ജിബ്‌രീല്‍ മാലാഖ അയ്യഞ്ച് സൂക്തങ്ങളാണ് നബി(സ)ക്ക് ഓതി കൊടുത്തിരുന്നത്.'' അബുല്‍ ആലിയയുടെ ഉപദേശം.
റസൂല്‍ തിരുമേനിയെ ഒരു നോക്ക് കാണാന്‍ കഴിയാത്തതിലെ ദുഃഖം അബുല്‍ ആലിയയെ അലോസരപ്പെടുത്തിയിരുന്നു. അതിനാല്‍ നബി(സ)യുമായി സഹവസിച്ച അനുചരന്മാരുമായി അബുല്‍ ആലിയാ അടുത്ത ബന്ധം പുലര്‍ത്തി. സ്വഹാബിവര്യന്മാരാകട്ടെ തിരിച്ച് അദ്ദേഹത്തെയും ഏറെ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ അബുല്‍ ആലിയ, ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ കാണാന്‍ ചെന്നു. അന്ന് ഇബ്‌നു അബ്ബാസ് ഖലീഫ അലി(റ)യുടെ ഗവര്‍ണറായി ബസറയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഗവര്‍ണര്‍ തന്റെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ അദ്ദേഹത്തെ ഇരുത്തി. ഇത് ചില ഖുറൈശി പ്രമാണിമാരെ ചൊടിപ്പിച്ചു. ''നാമൊക്കെ ഇവിടെ നില്‍ക്കുമ്പോള്‍ ഒരടിമയെ ഗവര്‍ണര്‍ തന്റെ സ്ഥാനത്ത് പിടിച്ചിരുത്തുകയോ?'' നേതാക്കളുടെ വിമ്മിട്ടവും 'അടിമ' മനസ്സും മണത്തറിഞ്ഞ ഇബ്‌നു അബ്ബാസ് പറഞ്ഞു: ''വിജ്ഞാനമാണ് മാന്യന്മാരുടെ മഹത്വത്തിനും മേന്മക്കും മാറ്റുകൂട്ടുന്നത്.''
ആരോഗ്യമുള്ളപ്പോള്‍ തന്നെ അബുല്‍ ആലിയ 'നാളെ മരിക്കു'മെന്ന വിശ്വാസത്താല്‍ 60 പ്രാവശ്യം വസ്വിയ്യത്ത് എഴുതിവെച്ചിരുന്നു. ഓരോ രാത്രി കഴിയുമ്പോഴും അതില്‍ ചിലപ്പോള്‍ തിരുത്തല്‍ വരുത്തും, അല്ലെങ്കില്‍ അതേപടി വെക്കും. എന്നും രാത്രി വസ്വിയ്യത്ത്  എഴുതിവെച്ചു എന്നുറപ്പാക്കിയേ ഉറങ്ങൂ. ഹിജ്‌റ 93 ശവ്വാലില്‍ അദ്ദേഹം നാഥന്റെ കാരുണ്യത്തിലേക്ക് ചെന്നു ചേര്‍ന്നു; പ്രിയപ്പെട്ട പ്രവാചകനെ കണ്ടുമുട്ടാനുള്ള അഭിവാഞ്ഛയോടെ. അബുല്‍ ആലിയയുടെ പരലോക ചിന്തയുടെ മറ്റൊരടയാളം ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''തനിക്കായി ഒരു കഫന്‍ പുടവ അബുല്‍ ആലിയ തയാറാക്കി വെച്ചിരുന്നു. എല്ലാ മാസവും ഒരിക്കല്‍ അത് ധരിക്കും. എന്നിട്ട് ഊരിവെക്കും.''
അനസുബ്‌നു മാലിക് ഒരിക്കല്‍ അദ്ദേഹത്തിന് ഒരു ആപ്പിള്‍ സമ്മാനമായി നല്‍കി. പ്രവാചകനെ ഒട്ടേറെ കാലം പരിചരിച്ച ആ സേവകന്റെ കൈകളില്‍ നിന്ന് കിട്ടിയ ആപ്പിളില്‍ ഏറെ നേരം അദ്ദേഹം മുത്തമിട്ടു. എന്നിട്ട് മൊഴിഞ്ഞു: ''ഏതൊരാള്‍ പ്രവാചകന്‍ തിരുമേനിയുടെ കരങ്ങള്‍ സ്പര്‍ശിച്ചുവോ, അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് കിട്ടിയ ഈ സമ്മാനം അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെ.''


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59