Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

പാഠ്യപദ്ധതി പരിഷ്‌കാരം തിരിച്ചുപോക്കാവരുത്

ഫസല്‍ കാതിക്കോട് / കവര്‍‌സ്റ്റോറി

ര്‍ക്കാറുകള്‍ മാറുമ്പോള്‍ പാഠപുസ്തകങ്ങള്‍ മാറുന്നത് കേരളത്തിലെ പതിവാണ്. പുതിയ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പാഠപുസ്തകങ്ങളില്‍ മാത്രമല്ല, പാഠ്യപദ്ധതിയില്‍ തന്നെ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നു. 1992- ല്‍ ആരംഭിച്ച ഡി.പി.ഇ.പി കാലം മുതല്‍ ജ്ഞാനസിദ്ധാന്ത (Cognitive theories) ങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമീപനങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. 2000-ല്‍ പുതിയ പാഠ്യ പദ്ധതിയും 2005-ല്‍ ദേശീയ പാഠ്യപദ്ധതിയും 2007-ല്‍ കേരളാ പാഠ്യപദ്ധതിയും നിലവില്‍ വന്നു.
2001-ല്‍ ആന്റണി മന്ത്രിസഭയുടെ കാലത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് പുതിയ സമീപനങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കപ്പെട്ടത്. പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാന സമീപനങ്ങളായ ജ്ഞാനനിര്‍മിതി വാദവും വിമര്‍ശനാത്മക ബോധന ശാസ്ത്രവും അന്ന് വലിയ പ്രചാരണങ്ങളോടെ സ്വീകരിക്കപ്പെട്ടു.
തുടര്‍ന്ന് എം.എ ബേബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രധാന മാറ്റം പ്രശ്‌നാധിഷ്ഠിത ബോധന രീതി കൊണ്ടുവന്നു എന്നതാണ്. ഇടതുപക്ഷാഭിമുഖ്യമുള്ള ഫ്രങ്ക്ഫര്‍ട്ട് സ്‌കൂള്‍ എന്ന ചിന്താവിഭാഗത്തിന്റെ വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിനുള്ള മാര്‍ക്‌സിയന്‍ തിരുത്താണ് പ്രശ്‌നാധിഷ്ഠിത ബോധന രീതി. ഇതിനെതിരെ കേരളത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 'മതമില്ലാത്ത ജീവന്‍' എന്ന ഏഴാം ക്ലാസിലെ പാഠഭാഗത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ കെ.എന്‍ പണിക്കര്‍ അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിക്കുന്നതില്‍ കലാശിച്ചു. ആ പാഠപുസ്തകം മാത്രമല്ല, ഒന്നു മുതല്‍ പത്തു വരെയുള്ള എല്ലാ പുസ്തകങ്ങളും പരിശോധിക്കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. പ്രശ്‌നാധിഷ്ഠിത ബോധന രീതി എല്ലാ വിഷയങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമല്ല എന്ന് പണിക്കര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ആ രീതി പൂര്‍ണമായും ഒഴിവാക്കും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
വിമര്‍ശനാത്മക ബോധന ശാസ്ത്രം നടപ്പാക്കുന്നതിന്റെ ഒരു രീതി മാത്രമാണ് പ്രശ്‌നാധിഷ്ഠിത രീതി. കമ്പോളാധിഷ്ഠിതമായ സാമൂഹിക - സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന കേരളം നേരിടുന്ന വ്യത്യസ്ത സാമൂഹിക പ്രശ്‌നങ്ങള്‍ ഒരു തലമുറയുടെ ചര്‍ച്ചാവിഷയമാക്കി മാറ്റാന്‍ വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്. പ്രകൃതി നാശം, മലിനീകരണം, ആഗോളതാപനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ത്രീ-ദലിത്-പിന്നാക്ക പ്രശ്‌നങ്ങള്‍, കുട്ടികള്‍ നേരിടുന്ന വിവേചനങ്ങള്‍, മദ്യം, മയക്കുമരുന്ന്, അന്ധ വിശ്വാസങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതും അല്ലാത്തതുമായ ഒട്ടനവധി പ്രശ്‌നങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇതിന് സാധിച്ചിട്ടുണ്ട്.
കേവല ജ്ഞാനം അഥവാ നിര്‍ഗുണവും നിരപേക്ഷവുമായ അറിവു നല്‍കുക എന്നതാണ് ജ്ഞാന നിര്‍മിതിയില്‍ സാധ്യമാവുന്നത്. എന്നാല്‍ കൂടുതല്‍ സാമൂഹിക സാംസ്‌കാരികൗന്നത്യമുള്ള ഒരു സമൂഹത്തിനാവശ്യമായ അവബോധങ്ങള്‍ നല്‍കുന്നു എന്നതാണ് വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ മെച്ചം. എട്ട് പ്രശ്‌ന മേഖലകള്‍ നിശ്ചയിക്കുകയും അതിന്റെ ചട്ടക്കൂടിലേക്ക് എല്ലാ വിഷയങ്ങളെയും ഞെരുക്കി കൊണ്ടുവരുകയും ചെയ്യുന്ന പ്രശ്‌നാധിഷ്ഠിത രീതിയില്‍ മാറ്റങ്ങള്‍   സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും, വിമര്‍ശനാത്മക ബോധന ശാസ്ത്രം പാടേ ഉപേക്ഷിക്കുന്നത് ഒരിക്കലും അഭികാമ്യമല്ല.

അറിവു നിര്‍മാണം പരിമിതപ്പെടുത്തരുത്
സാമൂഹികജ്ഞാന നിര്‍മിതി വാദത്തില്‍ നിന്ന് ഒട്ടും തന്നെ പിന്നോട്ടില്ല എന്ന് വിദഗ്ധ സമിതി ഊന്നിപ്പറയുന്നുണ്ടെങ്കിലും, അതിന് വിപരീതമായ ചില കാര്യങ്ങളെങ്കിലും നിര്‍ദേശങ്ങളില്‍ കാണാന്‍ സാധിക്കും. ജ്ഞാന നിര്‍മിതിക്ക് തികച്ചും വിപരീതമായ രീതിയാണ് ചേഷ്ടാവാദ സമീപനം. സാമൂഹിക ജ്ഞാന നിര്‍മിതിയെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനരീതിയില്‍ ഒന്നാം ക്ലാസ് മുതലേ ആശയങ്ങളുടെ വിശാല ലോകം തുറക്കുന്നു. ഉദാഹരണമായി, പൂക്കള്‍ എന്ന വസ്തുത പഠിപ്പിക്കുമ്പോള്‍ വിവിധയിനം പൂക്കളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, പൂക്കളുമായി ബന്ധമുള്ള ഇല, ചെടി, മണ്ണ് തുടങ്ങി അനേകം ആശയങ്ങള്‍ അവതരിപ്പിക്കുന്നു.  ഉയര്‍ന്ന ക്ലാസുകളില്‍ ഇത്  പരിസ്ഥിതി നാശം, പ്രകൃതി തുടങ്ങിയ വിവിധ തലങ്ങളില്‍ വ്യാപിക്കുന്നു.
ചേഷ്ടാവാദത്തിലാണെങ്കില്‍ ആരോ പാഠപുസ്തകങ്ങളില്‍ എഴുതിയ വസ്തുതകള്‍ അധ്യാപകനും ആവര്‍ത്തിക്കുന്നു. മനഃപാഠം, കേട്ടെഴുത്ത് തുടങ്ങിയ രീതികളിലൂടെ ആശയങ്ങള്‍ അതേ വരികളില്‍ അതേ വാക്കുകളില്‍ പരീക്ഷാ പേപ്പറില്‍ പകര്‍ത്തി വെക്കുന്നു. അതേ പടി പകര്‍ത്തുന്നവര്‍ നൂറുമാര്‍ക്ക് വാങ്ങുന്നു. എന്നാല്‍ ചിന്തിച്ച്, നിരൂപണം ചെയ്ത് സ്വന്തമായി എന്തെങ്കിലും എഴുതിയാല്‍ അവന് മാര്‍ക്കില്ല!
മനുഷ്യന്റെ ചിന്താശേഷി, സര്‍ഗാത്മകത, വ്യത്യസ്തത ഇവയ്‌ക്കെല്ലാം ഇടം നല്‍കുകയും ഉപയോഗപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് സാമൂഹികജ്ഞാന നിര്‍മിതി വാദം. ഇതോടൊപ്പം ചേഷ്ടാവാദരീതി കൂടി യോജിപ്പിക്കുമ്പോള്‍ അത് കടുത്ത നിയന്ത്രണങ്ങളോടെയാവണം. ഓര്‍മിക്കാനുള്ള കഴിവ് ഒരു ശേഷിയായി അംഗീകരിക്കാം. എന്നാല്‍ ഓര്‍മിക്കുക എന്നത്, സകല അറിവുകളുടെയും സംഭരണവും ഉപയോഗവും വിരല്‍തുമ്പില്‍ പ്രാപ്യമാകുന്ന ഐ.ടി യുഗത്തില്‍ താരതമ്യേന അപ്രധാനമാണ്.
ജ്ഞാനനിര്‍മിതി സമീപനം പൂര്‍ണമായും വിജയിക്കാതിരുന്നതിനുള്ള ഏറ്റവും പ്രധാന കാരണം അധ്യാപകരെ ശാക്തീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ്. അധ്യാപകനെ ചിന്താപരമായും സര്‍ഗാത്മകമായും ഉയര്‍ത്തി കര്‍മോത്സുകനും നിരന്തരാന്വേഷകനും ആക്കിയാല്‍ മാത്രമേ ഈ രീതി ഫലപ്രദമാവു. കേവലം ജോലി മാത്രമായി അധ്യാപനത്തെ കാണുന്നവരാണ് ഇതിനെ പരാജയപ്പെടുത്തിയത്. 20 ശതമാനം അധ്യാപകര്‍ മാത്രമാണ് ഇത് ശരിയായി സ്വാംശീകരിച്ചതെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പഠനം പറയുന്നത്.
നിലവിലുള്ള പഠന രീതി പരിഷ്‌കരിക്കുന്ന കമ്മിറ്റി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ പഴയ രീതി തിരിച്ചു വരുന്നു എന്നാണ് അധ്യാപകര്‍ പൊതുവെ മനസ്സിലാക്കിയിരുന്നത്. ചിലര്‍ ഇപ്പോള്‍ തന്നെ കാണാപാഠം ചൊല്ലിക്കാനും പഴയ 'തത്തമ്മേ പൂച്ച പൂച്ച' രീതിയിലേക്ക് മാറാനും തുടങ്ങിയിരിക്കുന്നു. ക്രിയാത്മകവും സര്‍ഗാത്മകവുമായ ഇടപെടലുകള്‍ ആവശ്യമില്ലാത്തതിനാല്‍ ഒട്ടും അധ്വാനമില്ലാത്ത ഈ രീതി അവര്‍ക്ക് ഏറെ സന്തോഷകരമായിരിക്കും.
നിശ്ചിത കാലയളവിനൊടുവില്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പ്രാധാന്യം കുറയുകയും പഠിതാവിനെ തുടര്‍ച്ചയായി മൂല്യനിര്‍ണയം നടത്തുന്ന (നിരന്തര മൂല്യ നിര്‍ണയ) രീതിക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുകയെന്നതാണ് ജ്ഞാന നിര്‍മിതിക്ക് യോജിച്ച സമീപനം. എന്നാല്‍ ഇപ്പോള്‍ തന്നെ മൂന്ന് ടേം പരീക്ഷകളും പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എട്ടാം ക്ലാസ്സില്‍ എസ്.എസ്.എല്‍.സിക്ക് തുല്യമായ പൊതു പരീക്ഷ നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്‍.സി.എഫും (നാഷ്‌നല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക്) വിദ്യാഭ്യാസ അവകാശ നിയമവും വര്‍ഷാവസാന പരീക്ഷകള്‍ ഒഴിവാക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം തീരുമാനിക്കരുതെന്നും ആവശ്യപ്പെടുന്നു. എസ്.എസ്.എല്‍.സി തന്നെ സ്‌കൂള്‍ തല പരീക്ഷയാക്കി മാറ്റണമെന്നും പ്ലസ്ടു പരീക്ഷയെ ഒന്നാമത്തെ പൊതു പരീക്ഷയാക്കി മാറ്റണമെന്നും എന്‍.സി.എഫും മറ്റനേകം കമ്മിറ്റികളും നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. പരീക്ഷക്കുവേണ്ടിയുള്ള യാന്ത്രിക പഠനം വ്യാപകമാകാനാണ് ഇതു വഴിവെക്കുക.
സമ്മിശ്ര പ്രതികരണങ്ങളുയര്‍ത്തുന്ന നിര്‍ദേശങ്ങള്‍
എന്‍.സി.എഫും കെ.സി.എഫും (കേരള കരിക്കുലം ഫ്രെയിംവര്‍ക്ക്) സ്വീകരിച്ചിരിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് വിദഗ്ധ സമിതിയും ഭൂരിഭാഗം മേഖലകളിലും അനുവര്‍ത്തിക്കുന്നത്. സാമൂഹികജ്ഞാന നിര്‍മിതിയും വിമര്‍ശനാത്മക ബോധന ശാസ്ത്രവും തന്നെയാണ് അനുവര്‍ത്തിക്കേണ്ടതെന്ന് വിദഗ്ധ സമിതി പറയുമ്പോഴും ചില മേഖലകളില്‍ അതിന് വിപരീതമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ലോകാന്തര വിദ്യാഭ്യാസ ചിന്തകനായ പ്രഫ: യശ്പാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് എന്‍.സി.എഫ് തയാറാക്കിയിരിക്കുന്നത്. കേരളത്തിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഡോ. കെ.എല്‍ ആനന്ദിന്റെ നേതൃത്വത്തിലാണ്. വളരെ കാലം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം  രൂപീകരിക്കപ്പെട്ട സമീപനങ്ങള്‍ കാതലായ മാറ്റം നിര്‍ദേശിക്കുമ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ ചൂണ്ടികാണിക്കേണ്ടതുണ്ട്. ചേഷ്ടാ വാദത്തിലധിഷ്ഠിതമായ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാവുന്നതോടെ മാത്രമേ ഇതു സംബന്ധമായ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു.
ക്ലാസിക്കല്‍ പദവികൂടി മലയാളത്തിന് ലഭിച്ച സാഹചര്യത്തില്‍ മാതൃഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ചരിത്രത്തിലാദ്യമായി ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ് ടെക്സ്റ്റുകള്‍ കൂടി ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. എട്ടാം ക്ലാസുവരെ മാതൃഭാഷയിലാവണം പഠനമെന്നാണ് ആര്‍.ടി.ഇ (റൈറ്റ് ടു എജുക്കേഷന്‍) ചട്ടം നിര്‍ദേശിക്കുന്നത്. ഒരു ഭാഷയെന്ന നിലയില്‍ മികച്ച രീതിയിലുള്ള ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മറ്റെല്ലാ വിഷയങ്ങളും ആ ഭാഷയില്‍ തന്നെ പഠിക്കണമെന്ന സമീപനം ഉപയോഗിക്കുക കൂടി ചെയ്യുന്നതാണ് മലയാളത്തോട് നീതി ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടത്. ലോവര്‍ പ്രൈമറി ക്ലാസുകളില്‍ കൂടി സര്‍ക്കാര്‍ വക ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ ലഭ്യമാവുമ്പോള്‍ കൂടുതല്‍ രക്ഷിതാക്കള്‍ അത് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.
എന്‍.സി.എഫ് മുന്നോട്ടുവെച്ചിരുന്നെങ്കിലും കെ.സി.എഫില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് സമാധാനത്തിനായുള്ള വിദ്യാഭ്യാസം (Peace Education) എന്ന നിര്‍ദേശം.  ഈ നിര്‍ദേശം വിദഗ്ധ സമിതി സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നപേരില്‍  പരിമിതമായ തലങ്ങളിലൊതുങ്ങിയിരുന്നതും പ്രാധാന്യമില്ലാതിരുന്നതുമായ ഭാഗങ്ങള്‍ ആരോഗ്യ വിദ്യാഭ്യാസമെന്ന പേരില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുന്നതും സ്വാഗതാര്‍ഹമാണ്. കലാ വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഘടനാപരമായ മാറ്റങ്ങളില്‍ പ്രീപ്രൈമറി വിദ്യാഭ്യാസം നിയമപരമാക്കുക, നിലവിലുള്ള 2+4+3+3+2 എന്ന ക്ലാസ് എന്ന പാറ്റേണിനുപകരം ആര്‍.ടി.ഇയും എന്‍.സി.എഫും മുന്നോട്ടുവെച്ച 2+5+3+2+2 എന്ന പാറ്റേണ്‍ സ്വീകരിക്കുക, വിവരസാങ്കേതിക വിദ്യകള്‍ പഠനമാധ്യമമായി അംഗീകരിക്കുക, ഓരോ ക്ലാസ്സിലും കംപ്യൂട്ടറുകള്‍ ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
അധ്യാപകനെ മോഡലും സഹായിയും കൂട്ടുകാരനുമൊക്കെയായി സങ്കല്‍പ്പിക്കുന്ന വിദഗ്ധ സമിതി അധ്യാപക പരിശീലനത്തിലും ഈ മാറ്റങ്ങള്‍ വരുത്താനാവശ്യപ്പെടുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി പ്രത്യേക പാഠ്യപദ്ധതി നിര്‍ദേശിക്കുന്നതോടൊപ്പം അവരുടെ മൂല്യനിര്‍ണയവും ഈ വ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണമെന്നാവശ്യപ്പെടുന്നു.
വി.എച്ച്.എസ്.ഇ പാഠ്യപദ്ധതി അടിയന്തരമായി പരിഷ്‌കരിക്കുകയും കൂടുതല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ പടിപടിയായി നിര്‍ത്തലാക്കി +2 തലത്തിലെത്തുന്നതോടെ എല്ലാവര്‍ക്കും വിവിധ തൊഴിലുകളില്‍ പരിശീലനം ലഭ്യമാക്കുകയാണ് വേണ്ടത്. അത് നടപ്പിലാക്കുകയെന്നത് എളുപ്പം സാധിക്കുന്നതല്ല. തുടക്കത്തില്‍ വി.എച്ച്.എസ്.ഇകളില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് സ്വാഗതാര്‍ഹമാണ്.
കലാമണ്ഡലത്തിനും ആര്‍ട്‌സ് - സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്കും പ്രത്യേക പാഠ്യപദ്ധതി നിര്‍ദേശങ്ങളുണ്ട്. കലാ-കായിക മേളകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പുനഃപരിശോധിക്കുക, തെരഞ്ഞെടുത്ത് എഴുതുന്നതിനും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കും ആവശ്യമായ ഇടം നല്‍കുക, ഇംഗ്ലീഷ് അധ്യാപനത്തിന് പരിശീലനം ലഭിച്ചവരെ മാത്രം നിയോഗിക്കുക, ഭൂമിശാസ്ത്ര പഠനത്തിന് ചരിത്രാധ്യാപകരെ നിയോഗിക്കുന്നതിനു പകരം വിഷയത്തില്‍ അവഗാഹം നേടിയവരെ പരിഗണിക്കുക, കൗമാര വിദ്യാഭ്യാസം, തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവക്ക് അര്‍ഹമായ സ്ഥാനം നല്‍കുക, അധ്യാപികമാര്‍ക്ക് പാഠ്യപദ്ധതി പരിഷ്‌കരണങ്ങളില്‍ ഇടം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി മുന്നോട്ട് വെക്കുന്നു.
എന്‍.സി.എഫ്  മുന്നോട്ട് വെച്ച പുതിയ പാഠ്യപദ്ധതിക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നു. പാഠ്യപദ്ധതി സമീപനങ്ങളില്‍ ഉണ്ടായ അപാകതകളേക്കാള്‍ ബാഹ്യമായ കാരണങ്ങളാണ് ഇതിനെ പിറകോട്ടടിപ്പിച്ചത്. അധ്യാപകരുടെ ശാക്തീകരണം വേണ്ടത്ര സാധ്യമായില്ല എന്നതും പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായിരുന്നു എന്നതും ഇതില്‍ പ്രധാനമാണ്. ജ്ഞാന നിര്‍മിതി രീതി ശരിയായി നടപ്പിലാക്കണമെങ്കില്‍ ഓരോ ക്ലാസിലും വിപുലമായ സൗകര്യങ്ങള്‍  ഉണ്ടാവേണ്ടതുണ്ട്.
മറുവശത്ത് സ്വകാര്യ, സ്വാശ്രയ വിദ്യാലയങ്ങള്‍ ഈ രീതി വേഗം സ്വീകരിച്ചു. അധ്യാപകര്‍ക്ക് പരിശീലനങ്ങളും  ക്ലാസ് റൂമുകളില്‍ ഇന്ററാക്ടീവ് ബോര്‍ഡുകളുമൊക്കെയായി വിദ്യാഭ്യാസ വിപണി പിടിക്കാന്‍ മത്സരിക്കുകയാണവര്‍. സാമൂഹിക ജ്ഞാന നിര്‍മിതി അടിസ്ഥാനമാക്കിയുള്ള ദേശീയ പാഠ്യപദ്ധതിയാണ് സ്വകാര്യ, പൊതു ഭേദമന്യേ എല്ലാ വിദ്യാലയങ്ങളും പിന്തുടരാന്‍ ബാധ്യസ്ഥമായിട്ടുള്ളത്. സി.ബി.എസ്.ഇ അടക്കമുള്ള ഏജന്‍സികള്‍ ഇത് നടപ്പിലാക്കിക്കഴിഞ്ഞു. നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം (Continuous and Comprehensive Evaluation) നടപ്പാക്കിയില്ലെങ്കില്‍ സി.ബി.എസ്.ഇ അഫിലിയേഷന്‍ തന്നെ നല്‍കില്ല.
ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഈ രീതി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. സുഊദി അറേബ്യയും ഇറാനുമടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ കേരളത്തില്‍ മാത്രമായി ഒരു പിന്നോട്ടു പോക്ക് സാധ്യമല്ല. നേരത്തെ പറഞ്ഞ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പഴയ ചേഷ്ടാ വാദത്തിന്റെ ചില സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിന് കൃത്യമായ നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59