ചെകുത്താന്‍ മറയില്ലാതെ
മനുഷ്യവംശത്തിന്റെ ബദ്ധവൈരിയാണ് ചെകുത്താന്‍. വേദങ്ങളെല്ലാം വ്യക്തമാക്കിയിട്ടുള്ള ഈ സത്യം വിശുദ്ധ ഖുര്‍ആന്‍ അടിക്കടി ഊന്നിപ്പറയുന്നുണ്ട്. ചെകുത്താന്റെ ചതിയില്‍ പെട്ടാണ് ആദി പിതാവ് ആദം(അ) സ്വര്‍ഗഭ്രഷ്ടനായത്. നിത്യ സത്യങ്ങളില്‍ വിശ്വസിച്ചും ഉത്തമ ധര്‍മങ്ങളനുഷ്ഠിച്ചും നീതിമാനായി ഭൂമിയില്‍ വാണ്, മനുഷ്യന്‍ നഷ്ടപ്പെട്ട സ്വര്‍ഗം വീണ്ടെടുക്കണമെന്നാണ് ദൈവം കാംക്ഷിക്കുന്നത്. അതിനുള്ള വഴികള്‍ അവന്‍ വ്യക്തമായി നിര്‍ദേശിച്ചുതരികയും ചെയ്തിരിക്കുന്നു. പക്ഷേ, അന്ത്യനാള്‍ വരെ മനുഷ്യനെ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് ദുര്‍മാര്‍ഗത്തിലൂടെ നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ചെകുത്താന്‍. അതിനവന്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത് ആദി പിതാവിനെ സ്വര്‍ഗഭ്രഷ്ടനാക്കാന്‍ അവലംബിച്ച ചതിയുടെ മാര്‍ഗം തന്നെയാണ്. മനുഷ്യരെ ഭൗതിക ഭോഗങ്ങളില്‍ ആസക്തരാക്കുക, തിന്മകളെ നന്മകളായി കാണിച്ചുകൊടുക്കുക, വ്യാമോഹങ്ങള്‍ വളര്‍ത്തുക, തിന്മകളില്‍ പ്രലോഭിപ്പിക്കുക, നന്മകളില്‍ പ്രകോപിപ്പിക്കുക. മനുഷ്യരിലന്തര്‍ലീനമായ പ്രകൃതിപരമായ ദൈവബോധത്തെയും ദൈവിക ധര്‍മത്തോടുള്ള പ്രതിബദ്ധതയെയും മറികടക്കാന്‍ ചെകുത്താന്‍ കണ്ട വിദ്യയാണ് ബഹുദൈവത്വം. കൃത്രിമ ദൈവങ്ങളെ സൃഷ്ടിച്ച് അവയെ സാക്ഷാല്‍ ദൈവത്തിനു തുല്യരായി അവതരിപ്പിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകളെ ദൈവത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് അവയുടെ അടിമകളാക്കി മാറ്റാന്‍ പൗരാണിക കാലം മുതലേ അവനു കഴിഞ്ഞിരുന്നു. ഊറ്റവും ചൈതന്യവുമുള്ള ദൈവങ്ങളെന്ന പേരില്‍ അവന്‍ പല പല ശിലാഖണ്ഡങ്ങള്‍ മനുഷ്യര്‍ക്ക് സ്ഥാപിച്ചുകൊടുത്തു. ജീവനും ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ആ നിര്‍ജീവ വസ്തുക്കള്‍ക്ക് മുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്യാനും അവയോട് പ്രാര്‍ഥിക്കാനും ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കാനും തിങ്ങിക്കൂടി. മനുഷ്യത്വത്തെ മനുഷ്യന്‍ തന്നെ നിന്ദിച്ചുകൊണ്ട് തന്റെ പ്രതിജ്ഞ സഫലമാകുന്ന കാഴ്ച കണ്ട് ചെകുത്താന്‍ പുളകമണിഞ്ഞു. ക്രമേണ വ്യാജ ദൈവങ്ങളിലുള്ള വിശ്വാസവും ഭക്തിയും ജിന്ന്, പിശാച്, ഭൂത പ്രേതാദികള്‍, യക്ഷി, അസുരന്‍, കരിങ്കാളി എന്നിങ്ങനെ നിരവധി ദുഷ്ടശക്തികളിലേക്കും വളര്‍ന്നു. അവയും ആരാധ്യബിംബങ്ങളായി. സത്യത്തില്‍ സാക്ഷാല്‍ ദൈവമല്ലാത്ത ആരാധ്യരെല്ലാം ചെകുത്താന്‍ തന്നെയാണ്. മൂഢന്മാര്‍ പല പേരുകളില്‍ വിളിക്കുന്ന ഒരു ശക്തിയാണ് ചെകുത്താന്‍. അതുകൊണ്ടാണ് ഖുര്‍ആന്‍ ബഹുദൈവാരാധനയെ ഏറ്റവും വലിയ പാപം എന്ന് വിധിച്ച് കര്‍ശനമായി വിലക്കുന്നത്.
പൂര്‍വകാലങ്ങളില്‍ പ്രഛന്നമായ വേഷങ്ങളിലും പേരുകളിലും ദൈവപരിവേഷമണിഞ്ഞായിരുന്നു ചെകുത്താന്‍ മനുഷ്യരെ തന്റെ അടിമകളും ആജ്ഞാനുവര്‍ത്തികളുമാക്കിയിരുന്നത്. ചെകുത്താന്റെ ആരാധകരാരും തങ്ങളെ നയിക്കുന്നത് ചെകുത്താനാണെന്നറിഞ്ഞിരുന്നില്ല. ഒരുവശത്ത് ചെകുത്താനെ ആരാധിക്കുമ്പോള്‍ തന്നെ മറുവശത്ത് അതേ ചെകുത്താനെ വെറുക്കുകയും ശപിക്കുകയുമായിരുന്നു അവര്‍. 17-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ അവന്‍ മറനീക്കി പുറത്തുവന്ന്, സ്വന്തം പേരില്‍ തന്നെ ആളുകളെ സംഘടിപ്പിച്ചു 'കറുത്ത കുര്‍ബാന'ക്ക് തുടക്കമിട്ടു. വലിയ പ്രചാരമൊന്നും ഈ പ്രസ്ഥാനം നേടിയില്ല. പിന്നീട് 1960-കളില്‍ അമേരിക്കക്കാരനായ ആന്റണ്‍ എസ് ലാവേയാണ് സാത്താനിക് തത്ത്വശാസ്ത്രം രൂപീകരിച്ചതും 'ചര്‍ച്ച് ഓഫ് സാത്താന്‍' സ്ഥാപിച്ചതും. ഭൂമിയുടെ കാര്യങ്ങള്‍ നോക്കുന്നത് കറുത്ത ശക്തിയായ ചെകുത്താനാണ്. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യന്‍. ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്. സുഖഭോഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ധാര്‍മിക-സദാചാര ആശയങ്ങളും അതുപദേശിക്കുന്ന ശക്തികളും അഭിശപ്തരാണ്. ഭോഗതൃഷ്ണയും മൃഗീയമായ പ്രതികാരവാഞ്ഛയുമാണ് ലാവേ തന്റെ അനുയായികളില്‍ വളര്‍ത്തിയത്. ദൈവവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പുറംതള്ളപ്പെട്ട മാലാഖ എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന 'ലൂസിഫര്‍' ആണ് ആധുനിക സാത്താന്‍ സഭയുടെ ആരാധനാ മൂര്‍ത്തി. ക്രൈസ്തവ സഭകളുടെ പല അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും ചെകുത്താന്‍ സഭ രൂപാന്തരപ്പെടുത്തി സ്വന്തമാക്കിയിട്ടുണ്ട്. ഇവരുടേത് കറുത്ത കുര്‍ബാനയാണ്. ചര്‍ച്ചുകള്‍ കുര്‍ബാനകളില്‍ വിതരണം ചെയ്യുന്ന 'തിരുവോസ്തി' എന്ന അപ്പം തന്നെ ഇവരും ഉപയോഗിക്കുന്നു. അതിനു വേണ്ടി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നത് സഭക്ക് തലവേദനയായിരിക്കുകയാണ്. ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താന്‍ സഭയുടെ കുരിശ്. നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുര്‍ബാനയിലെ അള്‍ത്താര. മദ്യപാനവും ലൈംഗികകേളികളും സാത്താന്‍ പൂജയുടെ മുഖ്യ ഘടകങ്ങളാണ്. നരമാംസഭോജനം പോലും നടക്കുന്നതായി പറയപ്പെടുന്നു.
അടുത്ത കാലത്തായി കേരളത്തിലും പ്രചാരം നേടിവരികയാണീ വിപത്ത്. കമ്പ്യൂട്ടറും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും വ്യാവസായികോല്‍പന്നങ്ങളുടെ പരസ്യങ്ങളും അതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ ഏഴു കേന്ദ്രങ്ങളിലും ആലപ്പുഴ, തൃശൂര്‍, പാല, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പല കേന്ദ്രങ്ങളിലും സാത്താന്‍ പൂജകരുടെ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഈ ക്ലബ്ബുകളിലെ അംഗത്വം വളരെ വിലപിടിച്ചതാണ്. അംഗങ്ങള്‍ പൊതുവില്‍ വലിയ പണക്കാരാണ്. സാത്താന്‍ പൂജയിലൂടെ വമ്പിച്ച സമ്പദ്‌സമൃദ്ധി നേടാം എന്ന വിശ്വാസമാണത്രെ അവരുടെ പ്രചോദനം. ചെകുത്താന്‍ പൂജയുടെ ഭാഗമായുള്ള മദ്യവും മയക്കുമരുന്നും നഗ്ന നൃത്തവും ലൈംഗികാഭാസങ്ങളും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു. ദൈവത്തെ പ്രാര്‍ഥിച്ചിട്ടും വഴിപാടുകള്‍ നേര്‍ന്നിട്ടും തീര്‍ഥാടനങ്ങള്‍ നടത്തിയിട്ടുമൊന്നും ആഗ്രഹം സഫലമാകാത്ത മോഹഭംഗക്കാരെ, ദൈവം തരാന്‍ കൂട്ടാക്കാത്തത് ചെകുത്താന്‍ തരും എന്നു വിശ്വസിപ്പിച്ചുകൊണ്ടും ചെകുത്താന്‍ സഭയിലേക്കാകര്‍ഷിക്കുന്നുണ്ട്.
സാത്താന്‍ പൂജയുടെ രംഗപ്രവേശത്തില്‍ ഏറെ അസ്വസ്ഥരായിട്ടുള്ളത് ക്രൈസ്തവ സഭയാണ്. ക്രൈസ്തവരില്‍ നിന്നാണല്ലോ ഇതുത്ഭവിച്ചത്. അവര്‍ ക്രൈസ്തവ അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും വികൃതമായി അനുകരിച്ച് ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും അവഹേളിക്കുന്നു. വിശുദ്ധ കുര്‍ബാനക്കുള്ള തിരുവോസ്തി മോഷ്ടിച്ച് കറുത്ത കുര്‍ബാനക്ക് ഉപയോഗിക്കുന്നു.സാത്താന്‍ പൂജകരായ ക്രിസ്ത്യാനികളെ 'മഹ്‌റോന്‍' ചൊല്ലി സഭയില്‍ നിന്ന് പുറത്താക്കാന്‍ ബിഷപ്പുമാര്‍ വിശ്വാസികളോടാഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍, സാത്താന്‍ ആരാധകര്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല. ഇതര മതങ്ങളില്‍ നിന്നുള്ളവരും സാത്താനിക് ക്ലബ്ബുകളില്‍ അംഗങ്ങളാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നമാണിത്. നിര്‍മതര്‍ക്കു പോലും അംഗീകരിക്കാനാവാത്തതാണവരുടെ നടപടികള്‍. അതുകൊണ്ട് മതനേതൃത്വങ്ങളോടൊപ്പം സര്‍ക്കാറും ഇക്കാര്യത്തില്‍ ജാഗ്രത്താവേണ്ടതുണ്ട്. എന്തിന്റെ പേരിലായാലും മയക്കുമരുന്നുപയോഗവും സാമൂഹിക-സദാചാര വിരുദ്ധ പ്രവര്‍ത്തനവും തടയാന്‍ ചുമതലപ്പെട്ടവരാണ് പോലീസ്.
Comments