Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

ഇസ്‌ലാമും വിധവാ സംരക്ഷണവും

ജാനെറ്റ് പിന്റോ / ലേഖനം

മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് അറബ് സ്ത്രീകള്‍ ഒരു അവകാശവും അനുഭവിച്ചിരുന്നില്ല. വെറുമൊരു സാമ്പത്തിക വസ്തുവായാണ് അവരെ അറബ് സമൂഹത്തില്‍ കൈകാര്യം ചെയ്തിരുന്നത്. മാതാപിതാക്കള്‍ അവശേഷിപ്പിക്കുന്ന സ്വത്തില്‍ എന്തുതന്നെയായാലും സ്ത്രീക്ക് ഒരോഹരിയും ഉണ്ടായിരുന്നില്ല. സമൂഹത്തില്‍ അവളുടെ സ്ഥിതി വെറുമൊരു കച്ചവടച്ചരക്കിന്റേതായിരുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ സ്ത്രീകളോട് നന്നായി ഇടപെടാനും, യഥോചിതം നീതിപൂര്‍വകമായി പെരുമാറാനും അവരുടെ സമ്പത്ത് സംരക്ഷിക്കാനും പുരുഷന്മാരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ യുക്തമായി കാര്യങ്ങള്‍ വ്യവസ്ഥപ്പെടുന്നു:
''സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതുപോലെ തന്നെ ന്യായമായ അവകാശങ്ങള്‍ ലഭിക്കേണ്ടതുമുണ്ട്'' (2:228).
ഇതിനുശേഷം എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ മാതാപിതാക്കളുടെ സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം ലഭിച്ചു. ഏതെങ്കിലും ബന്ധുക്കളെ വിവാഹം കഴിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിര്‍ണിതമായ നിയമങ്ങളൊന്നും വിവാഹകാര്യത്തിലുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം  വിധവയായ സ്ത്രീയോ സ്ത്രീകളോ മരിച്ചയാളുടെ മകന്റെ സ്വത്തായിത്തീര്‍ന്നു. അവരിലാരെയും സ്വന്തം ഇഷ്ടംപോലെ ഉപയോഗിക്കാന്‍ അയാള്‍ക്കാകുമായിരുന്നു. ഇസ്‌ലാമിനു മുമ്പ് വിഗ്രഹാരാധകരായ അറബികള്‍ക്കിടയില്‍ ഇത്തരം സമ്പ്രദായങ്ങളുണ്ടായിരുന്നു. വിധവയെ അവരുടെ ഭര്‍ത്താവിന്റെ സ്വത്തായി പരിഗണിക്കുകയും മരിച്ച ഭര്‍ത്താവിന്റെ പുരുഷന്മാരായ അവകാശികള്‍ക്ക് അവരെ പിന്തുടര്‍ച്ചയായി ലഭിക്കുകയും ചെയ്തു. മരിച്ചയാള്‍ക്ക് മറ്റൊരു ഭാര്യയില്‍ ജനിച്ച മൂത്തമകനാണ് പൊതുവെ ഇവരെ സ്വന്തമാക്കുക. ഖുര്‍ആന്‍ ഇതിനെ നിശിതമായി വിമര്‍ശിക്കുകയും തരംതാഴ്ന്ന ഈ ആചാരം ഇല്ലായ്മ ചെയ്യുകയും ചെയ്തു. വിവാഹം കഴിച്ച സ്വന്തം ഭാര്യമാരല്ലാത്ത സ്ത്രീകളോടൊപ്പം ഭര്‍ത്താക്കന്മാരെപ്പോലെ കഴിയുന്നത് നിയമവിരുദ്ധമായി അത് കണ്ടു. ഖുര്‍ആന്‍ ഈ സമ്പ്രദായത്തിന് അന്ത്യം കുറിക്കുകയും പ്രത്യേകം നിയമം കൊണ്ടുവരികയും ചെയ്തു.
''നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു'' (4:22).
ഇസ്‌ലാമിലെ സ്ത്രീകളുടെ പദവി വിലയിരുത്താന്‍ വിധവകളുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ അനുശാസനങ്ങളെന്തെന്ന് പരിശോധിച്ചാല്‍ മതി. ഇന്ത്യയിലെ മതങ്ങളില്‍ ഒരുപക്ഷേ ഇസ്‌ലാം മാത്രമാകുന്നു വിധവാ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും വീടിന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വം ആസ്വദിക്കാനുമുള്ള സാമൂഹികമായ അംഗീകാരത്തിന്റെ വഴിയാണത്. ഈ വിഷയത്തില്‍ മുഹമ്മദ് നബി മുസ്‌ലിംകള്‍ക്ക് അനുകരണീയ മാതൃകയായി നിലകൊള്ളുന്നു. ആദ്യ ഭാര്യ ഖദീജയുള്‍പ്പെടെ അദ്ദേഹം വിവാഹം ചെയ്ത അധികം സ്ത്രീകളും  വിധവകളാണ്.
ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നു. പുരുഷന് പക്ഷേ ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുമതിയുണ്ട്, എങ്കിലും നാലിലേറെ പാടില്ല. ഈ ബഹുഭാര്യത്വ സമ്പ്രദായം യുദ്ധങ്ങളുടെ ഫലമായുണ്ടായതാണ്. പ്രവാചകന്റെ അനുചരന്മാരില്‍ നിരവധി പുരുഷന്മാര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വലിയതോതിലുള്ള വിധവകളുടെയും അനാഥരുടെയും സംരക്ഷണം എന്ന പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യം വന്നു. അനാഥരായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍  ഈ വിധവകള്‍ക്കായില്ല. കൂടുതല്‍ യുദ്ധങ്ങള്‍ വിധവകളുടെയും അനാഥരുടെയും എണ്ണം കൂട്ടാനേ സഹായിക്കൂ. ഈ സാഹചര്യത്തിലാണ് ഒന്നിലേറെ വിവാഹം ചെയ്യാനും അത് നാലിലേറെ പാടില്ലെന്നുമുള്ള നിയമമുണ്ടായത് (ഖുര്‍ആന്‍ 4:3).
ഭാര്യയോട് ദയാവായ്‌പോടെയും കരുണാര്‍ദ്രതയോടെയും പെരുമാറണമെന്നത് പുരുഷന്റെ കടമയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വിവാഹബന്ധം വേര്‍പെടുത്തല്‍ അനിവാര്യമാണെന്ന് വന്നാല്‍ ഇരുവര്‍ക്കും തൃപ്തികരമായ രീതിയില്‍ അത് ചെയ്യാം. ഇനി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിശ്വാസലംഘനമുണ്ടായാല്‍ അനുരഞ്ജനത്തിനായി കുടുംബാംഗങ്ങള്‍ ശ്രമിക്കണം. ഇരുവര്‍ക്കുമിടയില്‍ രഞ്ജിപ്പ് സാധ്യമായില്ലെങ്കില്‍, പ്രത്യേകസാഹചര്യത്തില്‍ ഖുര്‍ആന്‍ ആ ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് അനുമതി നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീയെയും വിവാഹമോചനം ചെയ്യരുതെന്നും അത് നിര്‍ദ്ദേശിക്കുന്നു.
''വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം ജീവിതവിഭവങ്ങള്‍ നല്‍കേണ്ടതാണ്. സൂക്ഷ്മതയുള്ളവരുടെ ബാധ്യതയാണത്''(2:241).
ഖുര്‍ആന്‍ ഒരിടത്തും സമൂഹത്തിലെ ഏതെങ്കിലും വ്യക്തിയോട് വിവേചനം കാട്ടുന്നില്ല. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും തങ്ങള്‍ തെരഞ്ഞെടുത്തവരെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വിവാഹമോചനത്തിനോ വൈധവ്യത്തിനോ അപമാനമുദ്രയുണ്ടായിരുന്നില്ല. ഈ വാക്യങ്ങളില്‍  ഇത് വ്യക്തമായി കാണാം: ''നിങ്ങളില്‍ നിന്ന് മരിച്ചുപോകുന്നവരുടെ ഭാര്യമാര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. അങ്ങനെ അവരുടെ ആ അവധിയെത്തിയാല്‍ മര്യാദയനുസരിച്ച് സ്വന്തം  കാര്യത്തിലവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല'' (2:234).
ഇസ്‌ലാമില്‍  വിധവക്ക് ജീവിതത്തിന്റെ ഭാവി പാത തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വന്തം നിലനില്‍പിന് മതിയായ ജീവനാംശം ഉറപ്പ് നല്‍കപ്പെട്ടതിനു പുറമേ സ്വന്തം ജീവിതം ക്രമപ്പെടുത്താനുള്ള സമയവും അവള്‍ക്ക് ലഭിച്ചു. ഇത് മറ്റൊരു വാക്യത്തില്‍ നമുക്ക് വായിക്കാം: ''നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വര്‍ഷത്തേക്ക് (വീട്ടില്‍ നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ (സ്വമനസ്സാലെ) പുറത്ത് പോകുന്നപക്ഷം അവരുടെ (വിവാഹ) കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല'' (2:240).
മതമോ ഖുര്‍ആന്റെ നിര്‍ദേശങ്ങളോ ഒരു തരത്തിലും സ്ത്രീയുടെ വ്യക്തിത്വത്തെയോ വളര്‍ച്ചയേയോ ഒരുതരത്തിലും ഞെരുക്കുന്നില്ല. പര്‍ദ പോലുള്ള സമ്പ്രദായങ്ങളുണ്ടായിരുന്നെങ്കില്‍ അത്  സ്ത്രീകള്‍ക്കുള്ള സുരക്ഷയെന്ന നിലയിലാണ് കൂടുതലും സ്വീകരിക്കപ്പെട്ടത്. ലൈംഗികവിശുദ്ധി ഉയര്‍ന്ന ഗുണമായി അവര്‍ കരുതിയതാണ് ഇതിന് കാരണം. ഖുര്‍ആന്‍ പുരുഷന് ഒരു പ്രധാന റോള്‍ നല്‍കിയത് അവര്‍ ശക്തരായതിനാലാണ്. എന്നാല്‍ സ്ത്രീകള്‍ താണവരാണെന്ന് ഒരിടത്തും ഖുര്‍ആന്‍ പറയുന്നുമില്ല. ഗോത്രസമ്പ്രദായത്തിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നുവന്നത്.
സതിയെ വധശിക്ഷക്കര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ച അക്ബര്‍ ചക്രവര്‍ത്തി ജോദ്പൂരിലെ രാജ്ഞിയെ തീയില്‍ നിന്ന് രക്ഷിച്ചതായി പറയപ്പെടുന്നു. ജഹാംഗീറും, ഏറെ അപവാദങ്ങള്‍ കേട്ട ഔറംഗസീബും ഈ സമ്പ്രദായം നിരോധിച്ചു. ഖുര്‍ആന്റെ അധ്യാപനങ്ങളാല്‍ നയിക്കപ്പെട്ട പുരുഷന്മാരുടെ അനുകൂലമനോഭാവം മൂലം ഇസ്‌ലാമില്‍ സ്ത്രീകള്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചു. വിവേചനമൊന്നുമില്ലാത്തതിനാല്‍ വിധവകളുടെ പദവിയും ഉയര്‍ന്നതായിരുന്നു. സ്ത്രീകള്‍ക്ക് മുസ്‌ലിം സമൂഹത്തില്‍ ആദരവ് അര്‍ഹിക്കുന്ന സ്ഥാനം വഹിക്കാനുണ്ടായിരുന്നതിനാല്‍ സ്ത്രീകള്‍ പൊതുവെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുപോന്നു. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ സര്‍ക്കാര്‍ പദവികള്‍ വഹിക്കുകയും വിവിധ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥകളായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കിടയില്‍ കലാകാരികളും, കവയിത്രികളും, രോഗികളെ ശുശ്രൂഷിക്കുന്നവരും തൊഴിലാളികളുമുണ്ടായി. അവര്‍ ഫലവത്തായ രീതിയില്‍ തൊഴിലുകളിലേര്‍പ്പെടുകയും സംതൃപ്തമായ ജീവിതം നയിക്കുകയും ചെയ്തു.
(Jeanette Pinto, The Indian Widow: From Victim to Victor, Better Yourself Books, The Bombay Saint Paul Society, Mumbai, 2002, p: 25-28)
വിവര്‍ത്തനം: റഫീഖ് സക്കരിയ്യ








Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59