Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

ഫിഖ്ഹിന്റെ പുനരാവിഷ്‌കരണം

ആദില്‍ അബൂബക്കര്‍ / ലേഖനം

സ്‌ലാമിക ചരിത്രത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ ഫിഖ്ഹിന്റെ പുനരാവിഷ്‌ക്കാരത്തെക്കുറിച്ച് ഗൗരവത്തോടെ പരിചിന്തനം നടത്തുകയും പ്രായോഗിക മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ എട്ടാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതന്‍ ഇമാം ഇസ്സുദ്ദീനുബ്‌നുഅബ്ദിസ്സലാം, ഇമാം സര്‍കശി, ഇമാം ശൗകാനി, ഇമാം ശാത്വിബി, ഇമാം ഇബ്‌നുന്നജീം, ഇമാമുല്‍ ഹറമൈന്‍ അല്‍ജുവൈനി, അബൂഹാമിദില്‍ ഗസാലി, സൈഫുദ്ദീനുല്‍ആമുദി, ഇബ്‌നുതൈമിയ്യ, ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയ പണ്ഡിതന്മാര്‍ ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളവരാണ്. പ്രൗഢമായ വിശകലനത്തിലൂടെ ഫിഖ്ഹിന്റെ പുനരാവിഷ്‌കാരത്തെക്കുറിച്ച് ആഴമുള്ള ചിന്തകളാണ് ഇമാം ഇബ്‌നുല്‍ഖയ്യിമും7 ഇമാം ശാത്വിബിയും8 മുന്നോട്ടുവെച്ചിട്ടുള്ളത്. സ്വതന്ത്ര വിശകലനമര്‍ഹിക്കുന്നതാണ് ഇവരുടെ ചിന്തകളെങ്കിലും, സാന്ദര്‍ഭികമായി ചില ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു.
1. ''സ്ഥലകാലങ്ങളും, ഉദ്ദേശ്യ ലക്ഷ്യങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും വ്യത്യാസങ്ങളുമനുസരിച്ച് മതവിധികള്‍ മാറിക്കൊണ്ടേയിരിക്കും എന്നത് സുപ്രധാനമായൊരു അടിസ്ഥാന തത്ത്വമാണ്. ഈ മൗലിക യാഥാര്‍ഥ്യം മനസ്സിലാക്കാതെ വിധിവിലക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഇസ്‌ലാമിക ശരീഅത്തില്‍ സങ്കുചിതത്വവും ദുര്‍വഹമായ ക്ലേശവും സൃഷ്ടിക്കുന്നു. അങ്ങനെ, മനുഷ്യന്റെ ഉത്തമ താല്‍പര്യത്തിനുള്ള ശരീഅത്ത് അതിന് ഉതകാത്തതായി മനസ്സിലാക്കപ്പെടുന്നു. ഏതു വിഷയവും നീതിയില്‍നിന്ന് അനീതിയിലേക്ക് നീങ്ങിയാല്‍, കാരുണ്യത്തില്‍നിന്ന് ക്രൗര്യത്തിലേക്ക് കടന്നാല്‍, ലാളിത്യം നിരാകരിച്ച് ക്ലിഷ്ടത വരിച്ചാല്‍, നന്മക്കുപകരം തിന്മയായാല്‍, യുക്തി വിട്ട് ഭോഷ്‌കിലേക്ക് കടന്നാല്‍ അതൊരിക്കലും ശരീഅത്തിന്റെ വിഷയമാവുക വയ്യ. വ്യാഖ്യാന വിശദീകരണങ്ങള്‍കൊണ്ട് അതെത്ര ശക്തിയായി കുത്തിത്തിരുകിയാലും ശരി.''9
2. ''ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാര്‍ മറ്റ് മദ്ഹബുകളില്‍ പുനര്‍വിചിന്തനം നടത്തണം. ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ വിധികള്‍ കണ്ടെത്തിയാല്‍ അതനുസരിച്ച് ഫത്‌വ നല്‍കാന്‍ പാടില്ല. ഒരു മദ്ഹബും ഇത്തരം പ്രമാദങ്ങളില്‍നിന്ന് മുക്തമല്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ നിപുണര്‍ക്കുമാത്രമേ അവ കണ്ടെത്താന്‍ കഴിയൂ.''10 ''ഇജ്തിഹാദിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന എല്ലാ നിയമങ്ങളും പ്രാവര്‍ത്തികമാക്കിക്കൊള്ളണമെന്നില്ല. മുജ്തഹിദുകളുടെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊള്ളണമെന്നുമില്ല. കാരണം മദ്ഹബുകളില്‍ ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. പുനര്‍വിചിന്തനം ആവശ്യമായി വരുന്ന ഇമാമിന്റെ വീക്ഷണം പിന്തുടരുന്നത് അഭികാമ്യമല്ല.''11
3. ''ഗവേഷകരായ പണ്ഡിതരുടെ (മുജ്തഹിദ്) കാലം കഴിഞ്ഞുവെന്ന വാദം വിചിത്രമാണ്. പൂര്‍വികര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളായ ധിഷണാവൈഭവവും ഗ്രഹണ ശേഷിയും അല്ലാഹു എടുത്തുകളയുന്നു എന്നാണല്ലോ അതിനര്‍ഥം. ഖുര്‍ആനിലും സുന്നത്തിലും ഇമാമുകളുടെ വീക്ഷണങ്ങളിലും ഗവേഷണം നടത്താന്‍ കൂടുതല്‍ സൗകര്യം ലഭിച്ചത് പിന്‍ഗാമികള്‍ക്കാണെന്നതാണ് വാസ്തവം.''12
4. ''ഇജ്തിഹാദിന്റെ കവാടം കൊട്ടിയടക്കപ്പെട്ടത് ഹിജ്‌റ  രണ്ടാം നൂറ്റാണ്ടിന് ശേഷമാണെന്നും ഇമാം ശാഫിയുടെ കാലശേഷമാണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. സത്യത്തില്‍ അല്ലാഹു അതിന് ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഇതിനുശേഷം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വിധിനിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിവുള്ള മുജ്തഹിദുകള്‍ ഉണ്ടായിട്ടില്ലെന്നും പകരം, മദ്ഹബിന്റെ അഭിപ്രായമനുസരിച്ച് ഫത്‌വ നല്‍കണമെന്നുമാണ് അഭിപ്രായപ്പെടുന്നത്. തികച്ചും തെറ്റായൊരു കാഴ്ചപ്പാടാണിത്. ഖുര്‍ആനും സുന്നത്തും പരാമര്‍ശിച്ചിട്ടില്ലാത്തതോ പൂര്‍വിക പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളതോ ആയ പ്രശ്‌നങ്ങളില്‍ പ്രസ്തുത മൗലിക പ്രമാണങ്ങള്‍ ആധാരമാക്കി എക്കാലത്തും ഗവേഷണത്തിലൂടെ നിയമാവിഷ്‌കരണം നടത്തുകയാണ് വേണ്ടത്.''13

ചൈതന്യം
മഹത്തായ ചില മൂല്യങ്ങളിലാണ് ഇസ്‌ലാമിക നിയമസംഹിത നിലകൊള്ളുന്നത്. മനുഷ്യസമൂഹത്തിന്റെ ഇഹപരക്ഷേമങ്ങള്‍ സാക്ഷാത്കരിക്കുന്ന ഉന്നതമായ ചില ലക്ഷ്യങ്ങള്‍ അത് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. നിയമവ്യവസ്ഥയുടെ ചൈതന്യം (റൂഹ്) അതിലാണ് കുടികൊള്ളുന്നത്. 'ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍' (മഖാസ്വിദുശരീഅ) എന്ന തലക്കെട്ടില്‍ വലിയൊരു ചര്‍ച്ചയാണത്. ഖുര്‍ആനില്‍ നിയമശാസനകളോടും ധാര്‍മിക ഉപദേശങ്ങളോടുമൊപ്പം ഈ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രതിപാദിച്ചുകാണാം. ഹദീസിലും തഥാ. നബിയുടെ അറഫാ പ്രഭാഷണം അതിന്റെ കാമ്പും കാതലുമാണ്. മതസംരക്ഷണം, സമ്പൂര്‍ണനീതിയുടെ സംസ്ഥാപനം, മനുഷ്യന്റെ അഭിമാനസംരക്ഷണം, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തല്‍, മനുഷ്യസമത്വം, വിവിധ മതസമുദായങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ പരസ്പരബന്ധം, രാഷ്ട്രത്തിന്റെ ഭദ്രത തുടങ്ങിയ തലക്കെട്ടുകളില്‍ പണ്ഡിതന്മാര്‍ അതിനെ പ്രമാണയുക്തമായി ക്രോഡീകരിച്ചിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങളില്‍ നിയമനിര്‍ധാരണവും പുനരാവിഷ്‌ക്കാരവും നടക്കേണ്ടത് ഈ മഹദ്‌ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുംവിധത്തിലാണ്. ഖലീഫ ഉമര്‍(റ) നടത്തിയ നിയമ പരിഷ്‌കാരങ്ങളാണ് ഈ രംഗത്ത് എന്നും ജ്വലിക്കുന്ന മാതൃക.
ഇസ്‌ലാമിക നിയമസംഹിതയുടെ മൗലികഗുണമായ നീതി തന്നെയാണ് ഖലീഫ ഉമറിന്റെ മുഖമുദ്ര. നിയമങ്ങളെ നീതിയുടെ വഴിയിലേക്ക് തിരിച്ചുവിട്ടുകൊണ്ട്, ശരീഅത്തിന്റെ അന്തഃസത്ത കാത്തുസൂക്ഷിച്ച ഖലീഫ ഉമറിന് 'നീതിമാന്‍' എന്ന അപരനാമം ലഭിച്ചത് അര്‍ഥഗര്‍ഭമാണ്. നിയമം നിയമത്തിന്റെ വഴിക്കല്ല നീതിയുടെ വഴിക്കാണ് സഞ്ചരിക്കേണ്ടതെന്നും അതിനാവശ്യമായ പരിഷ്‌കരണങ്ങള്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നടത്തണമെന്നുമാണ് ആ പ്രവാചകാനുചരന്‍ നമ്മെ പഠിപ്പിച്ചത്. നീതിക്കുവേണ്ടിയുള്ള ഉമറിന്റെ ദാഹത്തിന് ശമനമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇറങ്ങിയ സന്ദര്‍ഭങ്ങളേറെയുണ്ടെന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.

പ്രമാണം
ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയും (ഹദീസ്) ആണ്. ഈ രണ്ട് പ്രമാണങ്ങളും പരിഷ്‌കരിക്കാനോ പൊളിച്ചെഴുതാനോ പറ്റില്ല. അതുകൊണ്ട് ശരീഅത്ത് ചിരസ്ഥായിയാണ്. എന്നാല്‍, ഭിന്ന വ്യാഖ്യാനങ്ങള്‍ക്ക് പഴുതില്ലാത്ത മൗലിക നിയമങ്ങള്‍ക്കപ്പുറം വ്യാഖ്യാനക്ഷമമായ ഒട്ടേറെ സൂക്തങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്ന് കാലാകാലങ്ങളില്‍ വ്യത്യസ്ത വായനകളും പുതിയ പ്രായോഗിക സമീപനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും, ലോകാവസാനം വരെ. പ്രമാണ വായനയിലും പ്രപഞ്ചവായനയിലും ബുദ്ധി, യുക്തി, ചിന്ത തുടങ്ങിയവക്കുള്ള പ്രാധാന്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നതും ദൈവവചനങ്ങളുടെ വിശദീകരണം എഴുതിയാല്‍ തീരില്ലെന്ന്14 പറയുന്നതും അതിന്റെ തെളിവാണ്. പ്രവാചകന്മാരെ നിയോഗിച്ചത് വേദവും യുക്തിജ്ഞാനവും പഠിപ്പിക്കാനാണെന്ന് ഖുര്‍ആന്‍ പലയിടങ്ങളില്‍ പറയുന്നുണ്ട്. വേദവും യുക്തിജ്ഞാനവും (അല്‍കിതാബു വല്‍ഹിക്മ) എന്നീ രണ്ട് പദങ്ങള്‍ ചേര്‍ത്തുവെച്ചശേഷം 'പഠിപ്പിക്കുക' എന്ന ഒറ്റപദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് നല്‍കുന്ന സാധ്യത അപാരമാണ്, ബാധ്യത ഏറെ ഗൗരവമുള്ളതും. ''ഈ വേദം നാം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിക്കുന്നതാണ്. അല്ലാഹുവോട് അനുസരണയുള്ളവര്‍ക്ക് അത് സന്മാര്‍ഗദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു.'' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.15 ഇത് കാലാകാലങ്ങളില്‍ ഖുര്‍ആനില്‍നിന്ന് കണ്ടെടുക്കേണ്ടതാണ്. അതിന് ഇന്നലെ വായിച്ചതില്‍നിന്ന് വ്യത്യസ്തമായി ഇന്ന് ഖുര്‍ആന്‍ വായിക്കണം. വീണ്ടുംവീണ്ടുമുള്ള വായനകളില്‍നിന്ന് പുതിയതൊന്നും തെളിയുന്നില്ലെങ്കില്‍, കണ്ണുകള്‍ അക്ഷരങ്ങളില്‍ ഉടക്കിനില്‍ക്കുകയാണെന്നര്‍ഥം. ഹൃദയങ്ങള്‍ ആശയങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നു സാരം.
സാഹചര്യഭേദങ്ങള്‍ക്കനുസൃതമായി നിയമസമീപനങ്ങളില്‍ വരുന്ന മാറ്റത്തിന്റെ ഉദാഹരണങ്ങള്‍ ഖുര്‍ആനിലുണ്ട്. യുദ്ധവിജയത്തിന് മാനദണ്ഡമാകുന്ന സൈന്യത്തിലെ അംഗസംഖ്യയുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിലപാട് ഉദാഹരണം. ''നിങ്ങളില്‍ സഹനശീലരായ ഇരുപത് പേരുണ്ടെങ്കില്‍ അവര്‍ ഇരുനൂറ് പേരെ ജയിച്ചടക്കും. അത്തരം നൂറുപേരുണ്ടെങ്കില്‍ സത്യനിഷേധികളില്‍ ആയിരം പേരെ ജയിക്കാം.'' എന്നാണ് ആദ്യനിലപാട്.16 എന്നാല്‍ അവസ്ഥ മാറിയപ്പോള്‍ രണ്ടാമതൊരു നിലപാട് പ്രഖ്യാപിച്ചു. ''എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങളില്‍ ഇപ്പോഴും ദൗര്‍ബല്യമുണ്ടെന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ നിങ്ങളില്‍ സഹനശീലരായ നൂറുപേരുണ്ടെങ്കില്‍ ഇരുനൂറ് പേരെയും അത്തരം ആയിരം പേരുണ്ടെങ്കില്‍ രണ്ടായിരം പേരെയും അല്ലാഹുവിന്റെ ഹിതത്താല്‍ ജയിക്കുന്നതാണ്.''17
യുദ്ധശാസനയുടെ വിവിധ ഘട്ടങ്ങളാണ് ഖുര്‍ആനിലെ മറ്റൊരു ഉദാഹരണം. മുഹമ്മദ് നബിക്ക് ആദ്യം നല്‍കിയ നിയമമനുസരിച്ച് മക്കയില്‍ യുദ്ധം നിഷിദ്ധമായിരുന്നു.18 എന്നാല്‍ മദീനയിലെത്തിയശേഷം, ഹിജ്‌റ രണ്ടാം വര്‍ഷം യുദ്ധം അനുവദനീയമായി.19 പിന്നീട് യുദ്ധം നിര്‍ബന്ധമാക്കപ്പെടുകയും, യുദ്ധത്തിന് പോകാതിരിക്കുന്നതും പിന്തിരിഞ്ഞോടുന്നതും കുറ്റകരമായിത്തീരുക മാത്രമല്ല, അങ്ങനെ ചെയ്തവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.20 സമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസൃതമായി നിയമസമീപനങ്ങളിലെ വ്യത്യാസം എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയും അതിനുള്ള പ്രമാണസാക്ഷ്യവും ഇതിലടങ്ങിയിട്ടുണ്ട്.
നബിചര്യ പരിശോധിച്ചാല്‍ ഈ തത്ത്വത്തിന്റെ ഒട്ടേറെ മനോഹര മാതൃകകള്‍ കണ്ടെത്താനാകും. അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്ത ഒരു നബിവചനം ഇങ്ങനെ; ''ഖുര്‍ആന്‍ ഒഴികെ മറ്റൊന്നും നിങ്ങള്‍ എന്നില്‍ നിന്നും എഴുതിവെക്കരുത്. അങ്ങനെ വല്ലവരും ചെയ്തിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയുക.''21 ഖുര്‍ആനൊഴികെ ഒന്നും എഴുതരുതെന്ന് നബി വിലക്കിയിട്ടും എങ്ങിനെയാണ് ഇത്രയേറെ ഹദീസ് സമാഹാരങ്ങള്‍ ഉണ്ടായത്? ഒരു നിര്‍ണിത സന്ദര്‍ഭത്തില്‍ പ്രത്യേക കാരണം കൊണ്ടായിരുന്നു നബി അത് വിലക്കിയത്. ഖുര്‍ആനും ഹദീസും തമ്മില്‍ കൂടിക്കലരാതിരിക്കാനുള്ള സൂക്ഷ്മതയായിരുന്നു അത്. കൂടിക്കലരുമെന്ന ഭയം നീങ്ങുകയും രണ്ടും രണ്ടായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന അവസ്ഥ വരികയും ചെയ്തപ്പോള്‍ പ്രസ്തുത ഹദീസിലെ കല്‍പ്പന മാറ്റിവെക്കപ്പെട്ടു.
ഇബ്‌റാഹീം നബി ഇട്ട അടിത്തറയില്‍ കഅ്ബ പുതുക്കി പണിയാതിരിക്കാന്‍ നബി പറഞ്ഞ ന്യായവും, പിന്നീട് പ്രബല സുന്നത്തായി നിശ്ചയിക്കപ്പെട്ട ഖബ്ര്‍ സന്ദര്‍ശനം ആദ്യം നബി(സ) വിലക്കിയതിന്റെ കാരണവും, ബലിമാംസം സൂക്ഷിക്കുന്നതിനെ സംബന്ധിച്ച് രണ്ടു ഘട്ടങ്ങളില്‍ നല്‍കിയ വ്യത്യസ്ത വിധികളും, കള്ളിന്റെ വീപ്പ പൊട്ടിച്ചു കളയണമെന്ന ആദ്യ നിര്‍ദേശം തിരുത്തി അത് കഴുകി ശുദ്ധീകരിച്ചശേഷം ഉപയോഗിക്കാമെന്ന് രണ്ടാമത് നല്‍കിയ വിധിയും, സാമൂഹിക ദ്രോഹനടപടികളുമായി മുന്നോട്ടുപോയ കപടവിശ്വാസികളെ വധിക്കാതിരിക്കാന്‍ നബി പറഞ്ഞ ന്യായവുമൊക്കെ കര്‍മശാസ്ത്ര പുനരാവിഷ്‌കാരത്തിന് പ്രാമാണിക പിന്‍ബലവും മാതൃകയും നല്‍കുന്നുണ്ട്. പക്ഷേ, ആ വെളിച്ചത്തിലൂടെ മുന്നോട്ട് കുതിക്കണമെന്നാഗ്രഹമുള്ളവര്‍ക്കു മാത്രമേ അത് പ്രയോജനപ്പെടൂ.

പൈതൃകം
പ്രമാണങ്ങളെ അവതരണ കാലഘട്ടത്തില്‍ അടുത്ത് നിന്ന് മനസ്സിലാക്കിയ സ്വഹാബിമാരാണ് നിയമ വികാസരംഗത്ത് ശക്തമായ ചുവടുവെപ്പുകള്‍ നടത്തിയത്. ഖലീഫ ഉമറി(റ)ന്റേതായിരുന്നു ഈ വിഷയത്തില്‍ ധീരമായ കാല്‍വെപ്പ്. ഖലീഫമാരുടെ ഭരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍, മഖാസ്വിദു ശരീഅ പരിഗണിച്ചുകൊണ്ടുള്ള പ്രമാണ പുനര്‍വായനകളും നിയമ സമീപനങ്ങളും ഉണ്ടായിട്ടുണ്ട്. ഖലീഫമാരെ തെരഞ്ഞെടുത്ത രീതിയാണ് ഇതിന്റെ ഒരു ഉദാഹരണം. ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തെയും രാഷ്ട്രത്തിന്റെ ഭരണ നായകത്വത്തെയും സംബന്ധിച്ച പ്രമാണങ്ങളിലെ ശാസനകള്‍ ശിരസാവഹിച്ചുകൊണ്ട് ഖലീഫമാര്‍ നിശ്ചയിക്കപ്പെട്ടു. എന്നാല്‍, നാലു ഖലീഫമാരും നാലു രീതിയിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമാണ തത്ത്വം ഒന്നായിരിക്കെത്തന്നെ പ്രയോഗരീതികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായിരുന്നുവെന്നര്‍ഥം.
വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണത്തിലും സകാത്ത് നിഷേധികളോടുള്ള യുദ്ധത്തിലും അബൂബക്ര്‍(റ) കാണിച്ച മാതൃക ഒന്നാം ഖലീഫയുടെ കാലത്തെ പ്രധാന നടപടികളാണ്. ഖുര്‍ആന്റെ സംരക്ഷണം എന്ന ലക്ഷ്യം നേടാനുള്ള ദൗത്യമാണ് പൂര്‍വ മാതൃകയില്ലാതെ തന്നെ അബൂബക്ര്‍ നിര്‍വഹിച്ചത്. രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് രാഷ്ട്രം വളരുകയും സമൂഹം വികസിക്കുകയും പുതിയ സാഹചര്യങ്ങള്‍ സംജാതമാവുകയും ചെയ്തതോടെയാണ് നിയമപരിഷ്‌കരണത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെടുന്നത്. 'മഖാസ്വിദുശരീഅ'യെ എങ്ങനെയാണ് പ്രമാണ പുനര്‍വായനയിലേക്കും നിയമപരിഷ്‌കരണത്തിലേക്കും ഉള്‍വഹിക്കേണ്ടതെന്ന് ഉമര്‍(റ) കാണിച്ചുതന്നു. വിവാഹമോചനത്തിലെ മുത്ത്വലാഖ് സമ്പ്രദായം, മോഷ്ടാവിന്റെ ശിക്ഷ, മുഅല്ലഫത്തു ഖുലൂബിന്റെ സകാത്ത്, മദ്യപാനിയുടെ ശിക്ഷ, ദീക്ഷാകാലത്തെ വിവാഹം, സാമൂഹിക സുരക്ഷിതത്വത്തിന്റെ പേരില്‍ നസ്വ്‌റുബ്‌നുഹജ്ജാജിനെ നാടുകടത്തിയത്, ഭര്‍ത്താവിന് ഭാര്യയെ പിരിഞ്ഞിരിക്കാവുന്ന കൂടിയ സമയപരിധി നിശ്ചയിക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉമര്‍(റ) കൈകൊണ്ട പുതിയ നയനിലപാടുകള്‍ നമ്മുടെ മുമ്പിലുണ്ട്. ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞ 'മുഅല്ലഫത്തുഖുലൂബി'ന്റെ സകാത്ത് ഉമര്‍(റ) തടഞ്ഞുവെച്ചത് പ്രമാണത്തെ റദ്ദ് (നസ്ഖ്) ചെയ്യലായിരുന്നില്ല. അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ സാഹചര്യമനുസരിച്ചുള്ള നയം സ്വീകരിക്കലായിരുന്നു. അവര്‍ക്ക് സകാത്ത് നല്‍കാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യ ലക്ഷ്യമാണ് ഉമര്‍(റ) പരിഗണിച്ചത്. 'മഖാസ്വിദുശരീഅ' പരിഗണിച്ചുകൊണ്ട് എങ്ങനെയാണ് ഉമര്‍(റ) നിയമസമീപനം സ്വീകരിച്ചതെന്ന വിഷയം സ്വതന്ത്ര വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഈ മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം മാലിക്, ഇമാം ഇബ്‌നുഹസം തുടങ്ങിയവര്‍ ഫിഖ്ഹില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്നത്. അത് അടുത്ത തലമുറയില്‍ നിശ്ചലമായിപ്പോയതിനാല്‍ പില്‍ക്കാലത്ത് നിയമശാസ്ത്ര രംഗത്ത് സംജാതമായ പ്രതിസന്ധികളെ മറികടക്കാന്‍ 'കര്‍മശാസ്ത്ര തന്ത്രങ്ങള്‍' (അല്‍ഹിയലുല്‍ ഫിഖ്ഹിയ്യ) കൊണ്ട് മാത്രം സാധ്യമല്ല.
[email protected]

കുറിപ്പുകള്‍
7.    ഇഅ്‌ലാമുല്‍ മുവഖിഈന്‍, അല്‍ഫിഖ്ഹുല്‍ ഖയ്യിം മിന്‍കുത്ബി ഇബ്‌നില്‍ഖയ്യിം, ജാമിഉല്‍ ഫിഖ്ഹ് ലിഇബ്‌നില്‍ ഖയ്യിം തുടങ്ങിയ കൃതികള്‍.
8.    അല്‍മുവാഫഖാത്, നള്‌രിയത്തുല്‍മഖാസ്വിദ് ഇന്‍ദല്‍ഇമാം ശാത്വിബി തുടങ്ങിയവ.
9.    ഇമാം ഇബ്‌നുല്‍ ഖയ്യിം-ഇഅ്‌ലാമുല്‍ മുവഖിഈന്‍, വാള്യം-3.
10.    ഇമാം ഖര്‍റാഫി-അല്‍ഫുറൂഖ്, വാള്യം 2, പേജ്: 109-110
11.    ഇമാം ഖര്‍റാഫി-അല്‍ ഇഹ്കാം-പേജ്: 129.
12.    ഇമാം സര്‍കശിയെ ഉദ്ധരിച്ചുകൊണ്ട് ഇമാ ശൗകാനി പറഞ്ഞത് - ഇര്‍ഷാദുല്‍ ഫുഹൂല്‍, പേജ്-236.
13.    ഇമാം ഇസ്സുദ്ദീനുബ്‌നുഅബ്ദിസ്സലാം, ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം.
14.    ലുഖ്മാന്‍ 27
15.    അന്നഹ്ല്‍ 89
16.    അല്‍അന്‍ഫാല്‍ 65
17.    അല്‍അന്‍ഫാല്‍ 66
18.    അന്നിസാഅ്: ഫീദിലാലില്‍ ഖുര്‍ആന്‍, സയ്യിദ് ഖുത്വ്ബ്
19.    അല്‍ഹജ്ജ് 39
20.    അത്തൗബ
21.    സ്വഹീഹു മുസ്‌ലിം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59