Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

നിതാഖാത്: പ്രവാസത്തിന്റെ ഗതിമാറുന്നു

ഇനാമുറഹ്്മാന്‍ / കവര്‍‌സ്റ്റോറി

''മരുഭൂമിയില്‍ ആട്ടിടയനായ സുഊദി പൗരനെ എനിക്കറിയാം. അയാളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തിന്റെ പല ഭാഗത്തായി 15000 പ്രവാസികള്‍ ജോലി ചെയ്തിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഇവരെല്ലാവരും തങ്ങളുടെ സ്‌പോണ്‍സറുടെ അടുത്തെത്തി നിശ്ചിത തുക (കഫാലത്ത് തുക) കൈമാറിയിരുന്നു. ഇതിനുപകാരമായി അദ്ദേഹം അവര്‍ക്ക് ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) പുതുക്കി നല്‍കും. യഥാര്‍ഥത്തില്‍ നല്‍കേണ്ട തുകയേക്കാള്‍ കുറച്ചു കൂടി അധികം രിയാല്‍ വാങ്ങിയാണ് ഇഖാമ പുതുക്കി നല്‍കുക. ഇങ്ങനെ ലഭിക്കുന്ന ഇഖാമ ഉപയോഗിച്ച് എവിടെ വേണമെങ്കിലും എന്തു ജോലിയും ചെയ്യാനുള്ള അനുമതി സുഊദി പൗരന്‍ നല്‍കുകയും ചെയ്യും. ഇത്രയും പേര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് രേഖകള്‍ ശരിയാക്കി നല്‍കാന്‍ രണ്ടു ജീവനക്കാരെ തന്നെ സുഊദി പൗരന്‍ നിയമിച്ചിരുന്നു. തങ്ങളുടെ കീഴിലുള്ള പ്രവാസികള്‍ എവിടെയാണ് ജോലിയെടുക്കുന്നത് എന്നു പോലും അറിയാത്ത നൂറു കണക്കിന് സുഊദി പൗരന്മാരില്‍ ഒരാളുടെ കഥ മാത്രമാണിത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ രീതിയില്‍ രാജ്യത്ത് കഴിഞ്ഞുകൂടിയിരുന്നത്. രാജ്യത്തിന്റെ വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യപ്പെട്ടു. നിയമ വിധേയമായി രാജ്യത്തെത്തിയ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുപോലും അനധികൃത തൊഴിലാളിപ്പട തടസ്സമായി. ഏതു ജോലിക്കുവേണ്ടിയാണോ നാട്ടില്‍ നിന്ന് വന്നത് അതേ ജോലി ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നിതാഖാത് (പദവി ശരിയാക്കല്‍) എന്ന പേരില്‍ രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 10 ലക്ഷത്തോളം പ്രവാസികള്‍ രാജ്യം വിട്ടു. ഇനിയും അത്രയോ അതിലധികമോ തൊഴിലാളികള്‍ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. നമ്മുടെ രാജ്യം അനധികൃത തൊഴിലാളികള്‍ക്ക് ആരെയും പേടിക്കാതെ വന്നിറങ്ങാനുള്ള ചന്തയായിക്കൂട, ഏതെങ്കിലും ഒരു വിസയുണ്ടെങ്കില്‍ ഇവിടെ എന്തു ജോലിയും ചെയ്യാനുള്ള സാഹചര്യമുണ്ടെന്നാണ് പ്രവാസികളില്‍ പലരും കരുതുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തിലുള്ള ജോലിക്കാരെ രാജ്യത്തിനാവശ്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമ വിരുദ്ധരായ തൊഴിലാളികള്‍ നമുക്ക് ബാധ്യതയാണ്. നിയമപ്രകാരം ജോലിയുള്ള വിസയുണ്ടോ, അവര്‍ക്ക് രാജ്യത്തേക്ക് സ്വാഗതം, അല്ലാത്തവര്‍ക്ക് തിരിച്ചു പോകാം. ഈ ശുദ്ധികലശത്തിന് ഏതറ്റം വരെയും പോകാം. നിതാഖാത് (പദവി ശരിയാക്കല്‍) നടപടി ശക്തമായി മുന്നോട്ടു പോവണം.''
സുഊദി ഗസറ്റില്‍ കോളമിസ്റ്റായ മുഹമ്മദ് അല്‍ ഉതൈമിയുടെ വാക്കുകളാണിത്. സുഊദി അറേബ്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവായ നിതാഖാത് പരിധി അവസാനിക്കുകയും പരിശോധന കര്‍ശനമാവുകയും ചെയ്ത സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഈ രാജ്യത്ത് നിലനിന്നിരുന്ന തൊഴില്‍ സംസ്‌കാരം എന്തായിരുന്നുവെന്നും അതിനോട് വിദ്യാസമ്പന്നരായ സ്വദേശികളുടെ സമീപനം എന്താണെന്നും കൃത്യമായി വരച്ചുകാട്ടുന്നുണ്ട് ഉതൈമി ഈ വരികളിലൂടെ.
1996-ലാണ് ഈ ലേഖകന്‍ സുഊദി അറേബ്യയില്‍ ജോലിക്കെത്തുന്നത്. മൂന്നു വര്‍ഷത്തെ കോണ്‍ട്രാക്റ്റില്‍ ഇവിടെ എത്തിയെങ്കിലും രണ്ടു വര്‍ഷത്തെ പ്രവാസം മതിയാക്കി 1998-ല്‍ തിരിച്ചുപോയി. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളായ രിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലും വ്യാവസായിക മേഖലയായ ജുബൈലിലും പുണ്യ നഗരിയായ മക്ക, മദീനയിലുമൊക്കെ ചുറ്റി സഞ്ചരിക്കാനും പ്രവാസ ജീവിതം തൊട്ടറിയാനും അവസരം ലഭിച്ചു. പ്രവാസത്തിന്റെ വിവിധ ഭാവങ്ങള്‍ അതിന്റെ എല്ലാ തീക്ഷ്ണതയിലും അനുഭവിച്ചറിയാന്‍ ഈ കാലയളവില്‍ സാധിച്ചു. 250 രിയാല്‍ (അന്നത്തെ 2500 രൂപ) മുതല്‍ 20000 രിയാല്‍ വരെ ശമ്പളം വാങ്ങിയിരുന്ന മലയാളികളുടെ ജീവിതാവസ്ഥകള്‍ അടുത്ത് നിന്നു കണ്ടു. കത്തുകളിലൂടെ കുടുംബ വിശേഷങ്ങള്‍ കൈമാറുകയും കോയിന്‍ ഫോണില്‍ വല്ലപ്പോഴും വീട്ടുകാരുടെ ശബ്ദം കേള്‍ക്കുകയും ചെയ്തിരുന്ന കാലം. കുഴല്‍ പണത്തെ പോലെ തന്നെ കുഴല്‍ ഫോണും സജീവമായിരുന്നു അക്കാലത്ത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ നഗരങ്ങളിലെത്തുന്ന പ്രവാസികളെ കുഴല്‍ ഫോണ്‍ വിളിക്കാരുടെ സങ്കേതത്തിലേക്ക് കൂട്ടി കൊണ്ടുപോയി കമീഷന്‍ പറ്റി ജീവിച്ചിരുന്ന എത്രയോ മലയാളികളുണ്ടായിരുന്നു ഈ നാട്ടില്‍. ബാങ്കില്‍ അക്കൗണ്ട് എടുക്കുക, മണി എക്‌സ്‌ചേഞ്ചുകളില്‍ പോയി പണമയക്കുക എന്നതൊക്കെ സാധാരണക്കാരന്റെ പരിധിക്കപ്പുറത്തായിരുന്നു പലപ്പോഴും. അന്നും മലയാളി കുഴല്‍പണമായും അല്ലാതെയും വീട്ടിലേക്ക് പണമയച്ചു. കുഴല്‍ ഫോണിലൂടെ 10 മിനിറ്റിന് 20 രിയാല്‍ നല്‍കി മാസത്തിലൊരു തവണയെങ്കിലും അയല്‍ക്കാരന്റെയോ നാട്ടിലെ സമ്പന്നന്റെയോ വീട്ടകങ്ങളെ അലങ്കരിച്ചിരുന്ന ലാന്റ് ഫോണുകളുടെ അപ്പുറത്ത് മണിക്കൂറുകള്‍ കാത്തിരുന്ന വീട്ടുകാരുമായി നൊമ്പരങ്ങളും കളി ചിരികളും പങ്കുവെച്ചു. പതിനഞ്ചു വര്‍ഷത്തിനു ശേഷം ഈ മണ്ണില്‍ വീണ്ടുമെത്തുമ്പോള്‍ രാജ്യത്തോടൊപ്പം പ്രവാസത്തിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു. മൊബൈല്‍ ഫോണിനു പുറമെ പണ്ടത്തെ കുഴല്‍ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇന്റര്‍നെറ്റ് കോളുകള്‍ സുലഭമാണിന്ന്. ലോകത്തിന്റെ ഏതോ മൂലയിലിരുന്ന് ആരൊക്കെയോ ഫോണ്‍ വഴി നമ്മെ ബന്ധിപ്പിക്കുന്ന ചങ്ങലയാണ് നെറ്റ് കോളുകള്‍. സ്‌കൈപ്പും വീഡിയോ ചാറ്റിങും ഫേസ്ബുക്കുമൊക്കെ നാടുമായുള്ള അകലം കുറച്ചിരിക്കുന്നു. ബഹ്‌റൈന്‍ ടി.വിയില്‍ വ്യാഴാഴ്ച രാത്രി മാത്രം തെളിഞ്ഞിരുന്ന ഹിന്ദി സിനിമ കാണാന്‍ റൂമുകളില്‍ തിക്കും തിരക്കും കൂട്ടിയിരുന്ന മലയാളിക്ക് ഇന്ന് നിരവധി ചാനലുകളും പത്രങ്ങളും സ്വന്തം ഫോണില്‍ ലഭ്യമാണ്. ഒട്ടുമിക്ക മലയാള പത്രങ്ങളും സുഊദി അറേബ്യയുള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മലയാളികളെ വിളിച്ചുണര്‍ത്തുന്നു. ചാനലും പത്രങ്ങളും മലയാളിയുടെ ശീലങ്ങളായി മാറിയിരിക്കുന്നു. വേറൊരു സംസ്ഥാനത്തു നിന്നും രാജ്യത്തു നിന്നും ഇത്രയധികം പത്രങ്ങളോ ചാനലുകളോ ഗള്‍ഫിലില്ല.
ഏതെങ്കിലുമൊരു വിസയില്‍ നാട്ടില്‍ നിന്ന് കയറിപ്പോന്ന് സ്‌പോണ്‍സറില്‍ നിന്ന് അനുമതി വാങ്ങി കിട്ടിയ ജോലി എന്തും ചെയ്ത് കേരളത്തെ നിര്‍മിച്ചു പ്രവാസി.  പ്രവാസി മലയാളി അയച്ച പണംകൊണ്ട് ഭാര്യയും മക്കളും ബന്ധുക്കളുമൊക്കെ സുഭിക്ഷമായി കഴിഞ്ഞു കൂടി. നിരവധി എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമുണ്ടായി. പ്രഫഷണല്‍ സ്ഥാപനങ്ങള്‍ മുളച്ചു പൊന്തി. കെട്ടുപ്രായം കഴിഞ്ഞ എത്രയോ സഹോദരിമാര്‍ വിവാഹിതരായി. ഈ വളര്‍ച്ചയില്‍ സുഊദി നിര്‍ണായക പങ്കുവഹിച്ചു. സ്വതന്ത്രമായി എന്തു ജോലിയും ചെയ്യാന്‍ കഴിയുന്ന വിസയെ 'ഫ്രീ വിസ' എന്ന പേരിട്ടു വിളിച്ചു. യഥാര്‍ഥത്തില്‍ അങ്ങനെയൊരു വിസയുണ്ടായിരുന്നില്ല. ഹൗസ് ഡ്രൈവര്‍, കൂലിപ്പണിക്കാരന്‍ തുടങ്ങിയ വിസയില്‍ വന്നവരാണ് സ്‌പോണ്‍സറുടെ അനുവാദത്തോടെ പുറം ജോലി ചെയ്ത് ജീവിതം പടുത്തുയര്‍ത്തിയത്. മുകളില്‍ സൂചിപ്പിച്ചതുപോലെ നിര്‍ധനനായിരുന്ന സുഊദി പൗരന്‍പോലും പ്രവാസികള്‍ നല്‍കുന്ന മാസപ്പടികൊണ്ട് സുഭിക്ഷമായി ജീവിച്ചു. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായിട്ടും അധികൃതര്‍ ഈ പ്രതിഭാസത്തിനെതിരെ കണ്ണടച്ചു. '80-കിലും '90-കളിലും ഇത്തരം തൊഴിലാളിക്കൂട്ടങ്ങള്‍ സുഊദിയുടെ തൊഴിലിടങ്ങളില്‍ ആവശ്യമായിരുന്നു.
ഇതിനു പുറമെയാണ് ഉംറ വിസ എന്ന പ്രതിഭാസം. സുഊദിയുടെ മാത്രം പ്രത്യേകതയായിരുന്നു ഇത്. പുണ്യസ്ഥലങ്ങളായ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് അവിടെ നിന്ന് മുങ്ങി മലയാളി മെസ്സുകളിലും മറ്റും ഒളിഞ്ഞും പതുങ്ങിയും ജോലി ചെയ്യുന്ന സാഹചര്യം വര്‍ഷങ്ങളോളം തുടര്‍ന്നു. ഇടക്കിടെ പിടികൊടുത്തും പിടിക്കപ്പെട്ടും നാട്ടില്‍ പോയി വീണ്ടും ഉംറ വിസയില്‍ തിരിച്ചെത്തിയുമൊക്കെ എത്രയോ മലയാളികള്‍ സുഊദിയുടെ മണ്ണില്‍ ജീവിതം കെട്ടിപ്പടുത്തു. ഉംറ വിസ എന്നത് പലരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ അളവുകോല്‍ വരെയായി. എന്നാല്‍ സുഊദി അറേബ്യയുടെ സാമൂഹിക മണ്ഡലത്തില്‍ പതിയെ മാറ്റങ്ങള്‍ ദൃശ്യമായി. വിദ്യാസമ്പന്നരായ സുഊദി യുവാക്കളുടെ വരവോടെ തൊഴിലിടങ്ങളില്‍ കടുത്ത സമ്മര്‍ദമുണ്ടായി. പലയിടങ്ങളിലും സ്വദേശികളെ നിയമിക്കാതെ മുന്നോട്ടു പോവാന്‍ വയ്യാതായി. സ്വദേശിവത്കരണത്തിന് രാജ്യം നിര്‍ബന്ധിക്കപ്പെട്ടു. അതിന്റെ നടപടികളുമായി ഭരണകൂടം മുന്നോട്ടു പോയി. തൊഴിലിടങ്ങളില്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മലയാളിക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. ഉയര്‍ന്ന തസ്തികകളിലുള്ള സര്‍ക്കാര്‍ ജോലികളും നഷ്ടമായി. ഇതിനു പിറകെ ഉംറ വിസയിലെത്തി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങി. പതിയെ പതിയെ ഉംറ വിസയുടെ ദുരുപയോഗം തുടച്ചുനീക്കപ്പെട്ടു. ഉംറക്കെത്തിയവര്‍ തിരിച്ചു പോയില്ലെങ്കില്‍ അവരെ അയച്ച ഏജന്‍സിയുടെ അംഗീകാരം തന്നെ റദ്ദാക്കുന്ന സാഹചര്യം വന്നു. ഉംറ വിസയില്‍ ജോലി ചെയ്തിരുന്നവരില്‍ മഹാഭൂരിഭാഗവും മലയാളികളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിതാഖാത് വരുന്നത്. ഫ്രീ വിസ എന്ന സമ്പ്രദായത്തിന്റെ കടക്കലാണ് നിതാഖാത് കത്തിവെച്ചത്.
ഏതു വിസയിലാണോ എത്തുന്നത് ആ വിസയില്‍ തന്നെ ജോലി ചെയ്യുക എന്നത് എല്ലാ രാജ്യത്തുമുള്ള നിയമമാണ്. സുഊദി അറേബ്യയിലും അതുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ കീഴിലുള്ളവര്‍ എന്തു ജോലിയും ചെയ്ത് ജീവിക്കാന്‍ ഇവിടത്തെ സ്‌പോണ്‍സര്‍മാര്‍ അനുവാദം നല്‍കിയിരുന്നതുകൊണ്ടാണ് പലരും സ്വതന്ത്രമായി ജോലി ചെയ്തിരുന്നത്. തൊഴിലിടങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഈ നടപടി ശക്തമാക്കിയതോടെയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയേറ്റത്. നവംബര്‍ മൂന്നിന് പദവി ശരിയാക്കുന്നതിന്റെ കാലാവധി കഴിഞ്ഞതോടെ ഇനി ഫ്രീ വിസയിലെത്തി എന്തു ജോലിയും ചെയ്യുന്ന പതിവു കലാപരിപാടി പൂര്‍ണമായും അവസാനിച്ചു. വ്യാജ കമ്പനികളും സ്‌പോണ്‍സര്‍മാരും ഇതോടെ ഇല്ലാതാവും. സ്വകാര്യ റിക്രൂട്ടിംഗ്  കമ്പനികളുടെ ചൂഷണത്തിന് ഒരു പരിധിവരെ അറുതിവരുത്താനും ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാറിന് കീഴില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അംഗീകൃത കമ്പനികള്‍ക്ക് സുഊദി ഗവണ്‍മെന്റ് അംഗീകാരം നല്‍കി കഴിഞ്ഞു. ഇത്തരത്തില്‍ 15 കമ്പനികളാണ് വരാന്‍ പോവുന്നത്. ഇനിയങ്ങോട്ട് സുഊദി പൗരന്മാര്‍ക്ക് ആളെ വേണമെങ്കില്‍ ഈ കമ്പനികളെ സമീപിക്കേണ്ടിവരും. എത്ര സമ്പാദ്യമുണ്ടായാലും വിസയില്‍ കൂലിപ്പണിക്കാരനോ ഡ്രൈവറോ ഒക്കെ ആയിരുന്ന പ്രവാസികള്‍ക്ക് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ചെയ്യുന്ന ജോലി തന്നെ ഇഖാമയില്‍ രേഖപ്പെടുത്തുന്നതോടെ ഇതിനു സാധ്യമാവും. ചുരുക്കത്തില്‍, തൊഴില്‍ ശേഷിയും കഴിവും സാമര്‍ഥ്യവുമുള്ളവന് ഉയര്‍ന്ന ജോലിയും മികച്ച ശമ്പളവും നേടിയെടുക്കാനുമുള്ള സാഹചര്യമാണ് തുറന്നു കിട്ടുന്നത്. അതേസമയം, അസംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ക്ക് കഴിവു തെളിയിച്ചാല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യാന്‍ സാധിച്ചിരുന്ന അവസ്ഥ ഇല്ലാതാവുമെന്നത് സാധാരണ പ്രവാസികള്‍ക്ക് തിരിച്ചടിയാവും. ഓഫീസ് ബോയിയും ലേബറുമൊക്കെയായി ഇവിടെ എത്തി കമ്പനി മാനേജര്‍മാര്‍ വരെ ആയവരുണ്ട്. ഇനി അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാനിടയില്ല. ചുരുക്കത്തില്‍, കുറ്റമറ്റ രീതിയില്‍ നിതാഖാത് നടപ്പാക്കിയാല്‍ സുഊദിയുടെ തൊഴില്‍ സംസ്‌കാരം തന്നെ മാറ്റിയെഴുതപ്പെടുമെന്നുറപ്പ്. ഇതര ഗള്‍ഫ് നാടുകളുടെ മുന്നില്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ സുഊദിയില്‍ ഇത് വിജയകരമായി നടപ്പായാല്‍ മറ്റു രാജ്യങ്ങളും പിറകെ വരാനാണ് സാധ്യത. മലയാളികളുള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് അതുണ്ടാക്കുന്ന പരിക്കുകള്‍ ചെറുതാവില്ല.
മലയാളികളെ സംബന്ധിച്ചേടത്തോളം സുഊദിയില്‍ നിന്ന് വ്യാപകമായ കുടിയൊഴിപ്പിക്കലുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്. കാരണം, ഒരു വിധം പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവനൊക്കെ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരില്‍ മഹാഭൂരിഭാഗവും നവംബര്‍ മൂന്നിന് മുമ്പു തന്നെ നാടു പിടിച്ചിട്ടുണ്ട്. ഇവരെ എന്തു ചെയ്യണമെന്ന് സര്‍ക്കാറിന് ഇതുവരെ ഒരു തിട്ടവുമില്ല. നോര്‍ക്ക അവിടെയും ഇവിടെയുമൊക്കെ യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും അവര്‍ക്കു തന്നെ ഒരു പിടിയുമില്ല എന്താണ് സംഭവിക്കുന്നതെന്ന്. നാട്ടിലുള്ളവര്‍ക്ക്  തന്നെ ജോലി നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇവിടെ നിന്ന് തിരിച്ചെത്തുന്ന പ്രത്യേകിച്ചും അസംഘടിത മേഖലയിലുള്ളവര്‍ക്ക് എന്തു തൊഴില്‍ നല്‍കാനാണ്? തിരിച്ചെത്തുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും പ്രത്യേക പുനരധിവാസ പദ്ധതി തയാറാക്കുന്നുണ്ടെന്നുമൊക്കെ പ്രവാസി മന്ത്രി കെ.സി. ജോസഫും സര്‍ക്കാര്‍ പ്രതിനിധികളുമൊക്കെ വലിയ വായില്‍ ചാനല്‍ ചര്‍ച്ചകളില്‍ വെച്ചു കാച്ചുന്നത് കണ്ടു. നൂറു കണക്കിന് തൊഴില്‍ അന്വേഷകരുടെ പേരുകളുള്ള നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ പലതും നോക്കുകുത്തിയായി നില്‍ക്കുന്ന നാട്ടിലാണ് പേര് രജിസ്റ്റര്‍ ചെയ്യുമെന്നൊക്കെ തട്ടി വിടുന്നത്. എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്. ഇവരൊക്കെ തെക്കും വടക്കും നടക്കുന്ന സംസ്ഥാനത്താണ് സുഊദിയില്‍ നിന്ന് മടങ്ങി വരുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നൊക്കെ തട്ടി വിടുന്നത്. ഒന്നും നടക്കില്ലെന്ന് അതു പറയുന്നവര്‍ക്കും ഇവിടെ നിന്ന് മടങ്ങിയ സാധാരണക്കാര്‍ക്കും അറിയാം. ഏതെങ്കിലും തരത്തില്‍ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് മടങ്ങുക എന്നതല്ലാതെ മഹാഭൂരിപക്ഷം പ്രവാസികളുടെയും മുന്നില്‍ മറ്റു വഴികളുണ്ടെന്ന് തോന്നുന്നില്ല. കാരണം, നമ്മൂടെ നാട്ടില്‍ നിന്ന് എത്ര പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് സുഊദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ടെന്നതിന്റെ കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ കൈയിയിലില്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. നമ്മെക്കാള്‍ എത്രയോ ചെറിയ രാജ്യങ്ങളില്‍ പോലും പ്രവാസികളുടെ കൃത്യമായ കണക്കുണ്ട്. നമുക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും പ്രവാസികളുടെ ക്ഷേമത്തിനായി മാത്രം മന്ത്രിമാരും അവര്‍ക്കായി ബജറ്റില്‍ കോടികള്‍ വര്‍ഷാ വര്‍ഷം വകയിരുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പ്രവാസികളുടെ സര്‍വേ നടത്താന്‍ പോലും സര്‍ക്കാറിനായിട്ടില്ല. നിതാഖാത് പ്രശ്‌നം ചൂടായപ്പോള്‍ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ സഹായത്തോടെ ഒരു സര്‍വേ നടത്തിയതിന്റെ കണക്കുകള്‍ അടുത്തിടെ പ്രവാസി മന്ത്രി കെ.സി ജോസഫ് അടുത്തിടെ പുറത്തു വിടുകയുണ്ടായി. ഈ കണക്കനുസരിച്ച് കേരളത്തില്‍നിന്നുള്ള ആകെയുള്ള 16,25,653 പ്രവാസികളില്‍ 14,26,740 പേരും ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യന്നവരാണത്രേ. ഇതില്‍തന്നെ 5,73,289 പേര്‍ യു.എ.ഇയിലാണ്. ഇത് 35 ശതമാനം വരും. സുഊദിയില്‍ 4,50,229 പേരുമുണ്ട്. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഒഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളില്‍നിന്നും ഒരാളെങ്കിലും തൊഴില്‍തേടി വിദേശത്ത് പോയിട്ടുള്ളതായി സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. 9500 എന്യൂമറേറ്റര്‍മാരുടെയും 2500 സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചതത്രെ. എങ്ങനെയുണ്ട് സര്‍വേ. ഇതു നടന്നത് കേരളത്തില്‍ തന്നെയാണെന്ന് പറയുന്നു. ഇത്രയധികം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറി അരിച്ചു പെറുക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ പ്രവാസികളാരും അറിഞ്ഞിട്ടില്ല. സ്വന്തം വീട്ടില്‍ സര്‍വേക്കാര്‍ എത്തിയ വിവരം വീട്ടുകാര്‍ അറിയിക്കാതിരിക്കുമോ? അതുണ്ടാവാന്‍ വഴിയില്ല. അപ്പോള്‍ സംഭവിച്ചതിതാണ്. സര്‍വേയുടെ പേരില്‍ ഉദ്യോഗസ്ഥരില്‍ പലരും കാശു വാങ്ങി പോക്കറ്റിലിട്ടു. എന്നിട്ടൊരു തട്ടിക്കൂട്ട് കണക്കും സര്‍ക്കാറിന് നല്‍കി. സര്‍ക്കാര്‍ അത് തൊണ്ട തൊടാതെ പുറത്തു വിടുകയും ചെയ്തു. സുഊദിയില്‍ എട്ടു ലക്ഷത്തോളം പ്രവാസികള്‍ ഇപ്പോഴുമുണ്ടെന്ന് സര്‍ക്കാറിനൊഴിച്ച് എല്ലാവര്‍ക്കുമറിയാം. ഇതാണ് സര്‍വേയുടെ സ്ഥിതി. വിഷയം അതൊന്നുമല്ല, ആളുകള്‍ ഗള്‍ഫില്‍ പോയി എങ്ങനെയെങ്കിലും പിഴച്ചോളും എന്ന് സര്‍ക്കാറിനറിയാം. അവരുടെ കഴിവും സാമര്‍ഥ്യവും ഉപയോഗിച്ച് സമ്പാദിച്ചുകൊള്ളും. നമ്മള്‍ അതിലിടപെടേണ്ട കാര്യമൊന്നുമില്ലെന്നും അവര്‍ കരുതുന്നു. മറ്റു രാജ്യങ്ങള്‍ക്കെല്ലാം ശക്തവും വ്യക്തവുമായ കുടിയേറ്റ നിയമങ്ങളുള്ളപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിന് മാത്രം അതില്ലാതെ പോയത് അതുകൊണ്ടാണ്. സായിപ്പ് ഭരിച്ചിരുന്ന കാലത്തെങ്ങാണ്ട് ഉണ്ടാക്കിയ കുടിയേറ്റ നിയമമാണ് ഇപ്പോഴും നമുക്കുള്ളത്. അതുകൊണ്ടു തന്നെ ഏതു കള്ള വിസക്കും ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ കയറിപ്പോവുന്നു. അവര്‍ എത്ര കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയരായാലും ഒന്നിടപെടാന്‍ പോലും കഴിയാതെ സര്‍ക്കാര്‍ അന്തംവിട്ടു നില്‍ക്കേണ്ടിയും വരുന്നു. ഇങ്ങനെയൊക്കെയായിട്ടും ആരുടെയും പിന്തുണയില്ലാതെ സ്വന്തം കഴിവുകൊണ്ട് മഹാഭൂരിപക്ഷം പ്രവാസികളും അവരവരുടെ ജീവിതം കെട്ടിപ്പടുത്തു. ഇനിയൂം അതു തുടരുക തന്നെ ചെയ്യും. കാരണം സുഊദി അറേബ്യയില്‍ വരാനിരിക്കുന്ന മെട്രോ റെയില്‍ പോലുള്ള വമ്പന്‍ പദ്ധതികള്‍ക്ക് ആയിരക്കണക്കിന് തൊഴിലാളികളെ ആവശ്യമാണ്. അതുകൊണ്ടു തന്നെ പ്രവാസികളുടെ സ്വപ്നഭൂമിയായി ഇനിയും ഈ നാടുണ്ടാവും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായി ഭൂമി കുലുക്കമുണ്ടായപ്പോള്‍ ഫേസ്ബുക്കില്‍ ഒരു രസികന്‍ കുറിച്ചിട്ടതങ്ങിനെ: ''നിതാഖാത് വന്നിട്ട് നമ്മള്‍ പോയിട്ടില്ല, പിന്നെയല്ലേ ഭൂമി കുലുക്കം'' എന്നായിരുന്നു. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള മലയാളിയുടെ സഹജശേഷിയില്‍ നിന്നാണ് ഈ വരികളുണ്ടാവുന്നത്. അതുകൊണ്ടുതന്നെ നിതാഖാതിനെയും അവന്‍ അതിജീവിക്കുക തന്നെ ചെയ്യും. ഇതിലും വലിയ കാറ്റിലും കോളിലും പിടിച്ചു നിന്ന പ്രവാസികളുടെ പിന്മുറക്കാര്‍ ഇനിയും ഇവിടെയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59