Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണം

അഭിമുഖം ഡോ. പി.കെ അബ്ദുല്‍ അസീസ്/ സ്വാലിഹ് കോട്ടപ്പള്ളി

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കഴിഞ്ഞകാലത്തെയും അതിന്റെ ഉള്ളടക്കത്തെയും കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തില്‍ എല്ലാവര്‍ക്കും പ്രാപ്യമാവുന്ന ഒന്നായി തീര്‍ന്നിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവത്കരണം കേരളത്തെ 100 ശതമാനം സാക്ഷരത കൈവരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായ സര്‍ക്കാറുകള്‍ക്ക് സാമൂഹിക അവബോധം ഉണ്ടായിരുന്നതുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തുല്യതയും ലഭ്യതയും ഉറപ്പുവരുത്താന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ഓരോ കി.മീ ചുറ്റളവിലും എല്‍.പി സ്‌കൂളും, ഓരോ മൂന്ന് കി.മീ ചുറ്റളവിലും യു.പി സ്‌കൂളും, ഓരോ നാല് കി.മീ ചുറ്റളവിലും ഹൈസ്‌കൂളും ആവശ്യാനുസാരം ഹയര്‍ സെക്കന്ററികളുമുണ്ട്. തീര്‍ച്ചയായും ഇത്തരം സൗകര്യങ്ങളുടെ പ്രാധാന്യം വിസ്മരിച്ചുകൂടാ. പക്ഷേ, ഇവിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കാലത്തിന്റെയും സാങ്കേതിക വിദ്യയുടെയും കൂടെ സഞ്ചരിക്കുന്നവയായിരുന്നില്ല. 1992-ല്‍ പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പല പുതിയ കാല്‍വെപ്പുകളുമുണ്ടായെങ്കിലും അതിന്റെ ഫലം കുറവായിരുന്നു. വേണ്ടത്ര വേഗത്തില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസം വളരെ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വിദ്യാര്‍ഥികളുടെയും ഭൗതിക സൗകര്യങ്ങളുടെയും കുറവ് കാരണം നാലായിരത്തിലധികം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ എന്നാണ് അവയെ വിളിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയാണ് ഇരുളടയുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് സംവിധാനം താറുമാറായിക്കിടക്കുകയാണ്. പ്രത്യക്ഷത്തില്‍ വിദ്യാഭ്യാസ ജില്ലകളില്‍ പ്രത്യേക നിരീക്ഷണങ്ങളോ തുടര്‍ പ്രവര്‍ത്തനങ്ങളോ ഇല്ലെന്നുതന്നെ പറയാം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍, നല്ല ഫര്‍ണിച്ചറുകളടങ്ങിയ ക്ലാസ് മുറികളുടെയും സാങ്കേതിക ഗുണനിലവാരമുള്ള കമ്പ്യൂട്ടര്‍ ലാബുകളുടെയും ലൈബ്രറികളുടെയും വിദഗ്ധരായ അധ്യാപകരുടെയും അഭാവം തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്.
73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രാഥമിക- സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറപ്പെട്ടു. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കൂളുകളുടെ തകര്‍ച്ച തടയാന്‍ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാനാവും. ചിലരുടെ മൗനാനുവാദത്തോടെ സ്വകാര്യ വ്യക്തികള്‍ ഇത്തരം   സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും പരിപാലിക്കാനും കേരളീയ സമൂഹം ഉണര്‍ന്നിരിക്കേണ്ടതുണ്ട്.

പഠന ബോധന പ്രവര്‍ത്തനങ്ങളുടെ ഭാഷ ഏതു രൂപത്തിലാവണമെന്നാണ് താങ്കളുടെ അഭിപ്രായം?
പഠനബോധന പ്രവര്‍ത്തനങ്ങളുടെ ഭാഷയുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ചോയ്‌സ് ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഷ ഇംഗ്ലീഷ് ആക്കണമെന്ന ആവശ്യം ഇവിടെ ശക്തമായി തന്നെയുണ്ട്. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകരം സാധാരണക്കാരായ രക്ഷിതാക്കള്‍ പോലും, അപര്യാപ്തമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്കന്ററി-പ്രൈമറി സ്‌കൂളുകളിലാണിന്ന് കുട്ടികളെ ചേര്‍ക്കുന്നത്. പ്രീപ്രൈമറി തലത്തില്‍ തന്നെ ഇംഗ്ലീഷ് വേണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണിത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, രക്ഷിതാക്കളുടെ അഭിലാഷങ്ങളെ സര്‍ക്കാര്‍ പരിഗണിക്കണം. സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ തുടങ്ങുകയും അതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

നിലവിലെ മൂല്യനിര്‍ണയ സംവിധാനം വിദ്യാഭ്യാസത്തെ എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്?
മൂല്യനിര്‍ണയം വിദ്യാഭ്യാസത്തില്‍ വളരെ മൗലികമായ ഒന്നാണ്. ഇപ്പോള്‍ നിലവിലുള്ള മൂല്യനിര്‍ണയ സംവിധാനം നൈരന്തര്യമുള്ളതും സമഗ്രവുമാണ്. എന്നാല്‍ അത് യഥാവിധം നടക്കുന്നില്ല. ഞാന്‍ അധ്യക്ഷനായ വിദഗ്ധ സമിതി ചെറുപ്രായത്തില്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും പഠനത്തിന്റെ റിസള്‍ട്ട് മനസ്സിലാക്കാനും അനുയോജ്യമായ വിവിധ തലങ്ങളിലുള്ള മൂല്യനിര്‍ണയത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജോലിഭാരവും കുട്ടികളുടെ എണ്ണക്കൂടുതലും കാരണം യഥാര്‍ഥ മൂല്യനിര്‍ണയം സാധ്യമാകുന്നില്ലെന്നാണ് കേരളത്തിലെ ഭൂരിഭാഗം അധ്യാപകരും പരാതിപ്പെടുന്നത്. എല്ലാവരെയും പാസ്സാക്കുക എന്ന നയവും നമ്മുടെ മൂല്യനിര്‍ണയ സംവിധാനത്തെ വലിയൊരളവില്‍ ബാധിച്ചിരിക്കുന്നു.

വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ പൂര്‍ണമായും ഇതുവരെ നടപ്പാക്കിയിട്ടില്ല. കേരളത്തിന് അനുയോജ്യമായ ഒന്നാണോ ഇത്?
പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം അധഃസ്ഥിതര്‍ക്കും പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷ-പട്ടികജാതി വിഭാഗങ്ങളില്‍പെട്ട ബഹിഷ്‌കൃത ജനതക്കും വലിയ സാധ്യതകള്‍ തുറന്നു നല്‍കുന്ന ഒന്നാണ്. ഇത് വിദ്യാഭ്യാസത്തെ ഒരു മൗലികാവകാശമാക്കുകയും വിദ്യാഭ്യാസത്തിന് വിഘാതം നില്‍ക്കുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്ന ഒന്നാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനവും ഇത് വേഗത്തില്‍ നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കേന്ദ്രഫണ്ട് ലഭിക്കുന്ന അവസരം നാം ഉപയോഗിക്കണം.

സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം വിദ്യാര്‍ഥി കേന്ദ്രീകൃത പഠനസംവിധാനമാണ് എന്നാണ് പറയപ്പെടുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. സോഷ്യല്‍ കണ്‍സട്രക്ടിവിസം വിദ്യാര്‍ഥി കേന്ദ്രീകൃതമാണ് എന്നുമാത്രമല്ല, ബോധനശാസ്ത്ര(pedagogue) വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ സംവിധാനം വിദ്യാര്‍ഥികള്‍ക്ക് സയന്‍സ്, മാത്തമാറ്റിക്‌സ് പോലെയുള്ള വിഷയങ്ങളില്‍ അവഗാഹം നേടാന്‍  സഹായകവുമാകും. മുമ്പില്ലാത്ത വിധം ഏകതാനമായി തീര്‍ന്നിട്ടുണ്ട് നമ്മുടെ ക്ലാസ് മുറികള്‍. ഇടുങ്ങിയതും പ്രാദേശികവുമായ വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും ക്ലാസ് മുറികളിലെ ഫലവത്തല്ലാത്ത പഠനരീതികളും കുട്ടികളില്‍ ഒരു സാര്‍വലൗകിക കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിന് പലപ്പോഴും വിഘാതമാവുന്നു.

പുതിയ പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എങ്ങനെ വിലയിരുത്തുന്നു? സ്‌കൂള്‍ വിദ്യാഭാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമോ?
വിദഗ്ധ സമിതി റിപ്പോര്‍ട്ട് കരിക്കുലം മാറ്റത്തെക്കുറിച്ച ഒരു വര്‍ക്കാണ് മുന്നോട്ട് വെച്ചത്. ടെക്സ്റ്റ് ബുക്കുകള്‍ തയാറാക്കുന്ന വിദഗ്ധര്‍ ഒരോ പാഠവും തയാറാക്കുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ സ്വാംശീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും അതിന്റെ തന്നെ നിലനില്‍പ്പിനു വേണ്ടിയും ഉതകുമാറ് മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്.
സ്ഥാപനങ്ങളും പി.ടി.എകളും ഒത്തൊരുമിച്ച് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ശ്രമിച്ചാലേ ക്ലാസ് മുറികളില്‍ പഠനപ്രവര്‍ത്തനത്തിന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയുള്ളൂ. കമ്മിറ്റിയുടെ മറ്റൊരു പ്രധാന നിര്‍ദേശമാണ് സംസ്ഥാനത്തെ അന്ധ-ബധിര-മൂക സ്‌കൂളുകള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍, ഫിഷറീസ് സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍, വി.എച്ച്.എസ്.ഇ എന്നിവയുടെ കാര്യത്തില്‍ അടിസ്ഥാന പുനരാലോചന വേണം എന്നത്.

താങ്കളുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി റിപ്പോര്‍ട്ട് പഴയ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന വിമര്‍ശനത്തെക്കുറിച്ച്?
വിദഗ്ധ സമിതി ഏറ്റവും നല്ല രീതിയിലാണ് അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചത്. ആഗോളാടിസ്ഥാനത്തില്‍ സ്വീകാര്യമായ തലത്തിലേക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തെ മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്ന, അക്കാദമിക നിഷ്പക്ഷതയുള്ള ഒരു വിദ്യാഭ്യാസ പ്ലാറ്റഫോം നിര്‍മിക്കാനാവശ്യമായ ഒരു ചട്ടക്കൂട് നിര്‍മിക്കാനും ചില വ്യതിയാനങ്ങള്‍ തിരുത്താനും കമ്മിറ്റി ശ്രമിച്ചിട്ടുണ്ട്. ഉള്ളടക്കത്തില്‍ നൈരന്തര്യമുള്ള ഒരു സംയോജിത പാഠപുസ്തകം തയാറാക്കുന്നതിലാണ് ഈ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേര്‍ന്ന് അലങ്കോലമാവുന്നത് ഇല്ലാതാക്കുക, കുട്ടികളുടെ ഭാഷാപഠനം മെച്ചപ്പെടുത്തുക, മൂല്യ നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കലാ-കായിക ആരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക  തുടങ്ങിയവയാണ് മറ്റു കമ്മിറ്റി നിര്‍ദേശങ്ങള്‍.
തീര്‍ച്ചയായും ഈ നിര്‍ദേങ്ങള്‍ പുരോഗമനപരവും പ്രയോഗത്തില്‍ വന്നാല്‍ കേരളീയ സാഹചര്യത്തില്‍ ഏറെ ഫലപ്രദവുമാണ്.

അക്കാദമിക രംഗത്ത് വിദ്യാര്‍ഥികള്‍ ഇടപെടുന്ന സംസ്‌കാരത്തെ എങ്ങനെ നോക്കി കാണുന്നു?
അക്കാദമിക സംവാദങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടലിനെ എല്ലാ കാലത്തും ഞാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പരിഷ്‌കരണങ്ങള്‍ തയാറാക്കുന്ന വിദഗ്ധര്‍ക്ക് വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ വലിയ ഉള്‍കാഴ്ച നല്‍കും. കാരണം പരിഷ്‌കാരങ്ങള്‍ നേരിട്ട് ബാധിക്കുക വിദ്യാര്‍ഥികളെയാണ്. ഞങ്ങളുടെ കമ്മിറ്റി വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59