പ്രത്യാശ നല്‍കുന്ന കോടതി വിധികള്‍
'അധികാരം ദുഷിപ്പിക്കുന്നു, പൂര്‍ണാധികാരം പൂര്‍ണമായും ദുഷിപ്പിക്കുന്നു' (Power corrupts and absolute power corrupts absolutely). ജനാധിപത്യ ഭരണസമ്പ്രദായങ്ങളും ഭരണാധികാരികളുടെ നടപടിക്രമങ്ങളും ചര്‍ച്ചക്ക് വിധേയമാകുമ്പോഴൊക്കെ മുഴങ്ങിക്കേള്‍ക്കുന്ന ഉദ്ധരണിയാണിത്.
രാജ്യസുരക്ഷ, പ്രജാ ക്ഷേമം, രാഷ്ട്ര പുരോഗതി എന്നിവ ഭരണാധികാരികളുടെയും ഭരണകൂടങ്ങളുടെയും ലക്ഷ്യങ്ങളായി രാഷ്ട്ര മീമാംസാ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അനുയായികളുടെ ക്ഷേമവും ഐശ്വര്യവും ദൗത്യമായി കാണുന്നവരെയാണ് നേതാക്കളായും ഭരണാധികാരികളായും രാഷ്ട്രീയ തത്ത്വചിന്തകന്മാര്‍ വിഭാവന ചെയ്യുന്നത്. അധികാരം ഒരു ദൗത്യവും ഉത്തരവാദിത്വ നിര്‍വഹണവുമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അത് സ്വര്‍ഗത്തിലേക്കുള്ള പാതയുമാണ്. ദൈവത്തില്‍ നിന്നുള്ള വരദാനമായി അധികാരത്തെ കാണണം. അധികാരത്തെക്കുറിച്ച ഈ ദിവ്യമായ സങ്കല്‍പമാണ് രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ പ്രജാക്ഷേമമന്വേഷിച്ച് കൊട്ടാരം വിട്ടിറങ്ങാന്‍ അറേബ്യ ഭരിച്ച ഉമര്‍ എന്ന ഭരണാധികാരിയെ പ്രേരിപ്പിച്ചത്. സുഖലോലുപതയുടെ പാരമ്യത്തില്‍ രാജകുമാരനായി വിരാജിച്ച ശ്രീബുദ്ധന്‍ തെരുവോരങ്ങളില്‍ പ്രജകളുടെ ക്ഷേമത്തിനും മോക്ഷത്തിനുമായി കൊട്ടാര ജീവിതം ത്യജിച്ച സംഭവം ഭാരതത്തിന്റെ മഹിത പാരമ്പര്യത്തിന്റെ നിസ്തുലമായ മാതൃക കാഴ്ചവെക്കുന്നു. ഇവ്വിധം അര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും ഉദാത്ത മാതൃക കാഴ്ചവെച്ച ഭരണാധികാരികളുടെ ചരിത്രം രാഷ്ട്ര മീമാംസ പഠിക്കുന്നവര്‍ക്ക് എന്നെന്നും പ്രചോദനമാണ്.
ഇത്തരം പഠനങ്ങളും മാതൃകകളുമാണ് ഇന്ത്യയുടെ ഭരണ സമ്പ്രദായത്തിന്റെ അടിസ്ഥാനമായിരിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചത്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ഊടും പാവും പൗരാണിക ദര്‍ശനങ്ങളിലും ധാര്‍മിക സദാചാര മൂല്യങ്ങളിലും അധിഷ്ഠിതമായിരിക്കണമെന്നാണ് നമ്മുടെ സ്വാതന്ത്ര്യ സമര നായകര്‍ സ്വപ്നം കണ്ടത്. ഈ സ്പ്നം സാക്ഷാത്കരിച്ച ഒട്ടനവധി ഭരണാധികാരികളെ കാഴ്ച വെക്കാന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ രാജ്യത്തിന് കഴിയുകയും ചെയ്തു. കാലക്രമത്തില്‍ നമ്മുടെ നിയമനിര്‍മാണസഭകള്‍ പാസ്സാക്കിയ ഒട്ടനവധി നിയമങ്ങള്‍ ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും അധികാര സീമ വര്‍ധിപ്പിക്കാനിടയാക്കി. പക്ഷേ, അധികാരം വര്‍ധിച്ചതനുസരിച്ച് ഭരണാധികാരികള്‍ക്ക് അവരുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ കഴിയാതെ പോയി എന്നതാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടിന്റെ ചരിത്രം. അധികാര മോഹത്തോടൊപ്പം അഴിമതിയും ജീര്‍ണതയും നമ്മുടെ ഭരണാധികാരികളെ ബാധിച്ചുകഴിഞ്ഞു. ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ജയിലഴികള്‍ക്ക് പിന്നിലായതും മറ്റൊന്നു കൊണ്ടല്ല. അര്‍പ്പണവും ആദര്‍ശബോധവും സ്വഭാവ ശുദ്ധിയും നഷ്ടപ്പെട്ട ഒരു കൂട്ടമായി ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ മാറിവരുന്നതിന്റെ ദുഃഖകരമായ പരിണതിയാണ് രാജ്യം ഇന്ന് നേരിടുന്നത്.
സ്വന്തം നേട്ടങ്ങളില്‍ മാത്രമാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇതിന്റെ സ്വാഭാവിക ഫലമാണ് അഴിമതിയും അതിക്രമങ്ങളും. അതുകൊണ്ടുതന്നെയാണ് ഭരണരംഗം ക്രിമിനലുകളുടെ വിഹാര രംഗമായി മാറിയത്. ഭരണാധികാരികള്‍ ക്രിമിനലുകളാകുമ്പോള്‍ രാജ്യത്ത് ക്രിമിനലിസം പടര്‍ന്നുപന്തലിക്കും. ഭരണരംഗം ക്രിമിനലുകളുടെയും കുംഭകോണക്കാരുടെയും അമിത സമ്പാദ്യക്കാരുടെയും കേളീ രംഗമാവും. രാജ്യത്തെ വിവിധ കോടതികളിലുള്ള നിരവധി കേസുകളില്‍ പാര്‍ലമെന്റിലെയും നിയമസഭകളിലെയും നിരവധി സാമാജികര്‍ പ്രതികളാണ്. രാജ്യം ഭരിക്കുന്ന 750 ജനപ്രതിനിധികളില്‍ മുന്നൂറിലധികം പേര്‍ ക്രിമിനലുകളാണെന്നാണ് റിപ്പോര്‍ട്ട്.
ഗുരുതരമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്ന് ആരാണ് രാജ്യത്തെ രക്ഷിക്കുക? നന്മ ആഗ്രഹിക്കുന്ന രാജ്യനിവാസികളെ അസ്വസ്ഥരാക്കുന്ന ചോദ്യമാണിത്. ഈ സന്ദിഗ്ധ ഘട്ടത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠം സുപ്രധാനമായ രണ്ട് വിധികള്‍ പുറപ്പെടുവിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണമെന്നതാണ് ഇതില്‍ ആദ്യത്തെ വിധി. രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങളില്‍ മനം നൊന്തവരെല്ലാം ഈ കോടതിവിധിയെ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെടുന്ന എം.പിമാരെയും എം.എല്‍.എമാരെയും ഉടന്‍ അയോഗ്യരാക്കാന്‍ കോടതി വിധി നിര്‍ദേശിക്കുന്നു. പൂര്‍ണമായ സ്പിരിറ്റോടെ നടപ്പാക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി ഒരു പരിധിവരെയെങ്കിലും തടുക്കാന്‍ ഈ കോടതി വിധിക്ക് കഴിയും.
നിഷേധവോട്ട് സംബന്ധിച്ച സുപ്രീം കോടതി വിധിയും പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ഏതു കുറ്റിച്ചൂലിനെ സ്ഥാനാര്‍ഥിയാക്കിയാലും ജനങ്ങള്‍ അംഗീകരിക്കേണ്ടിവരുന്ന അവസ്ഥക്ക് ഒരളവോളം മാറ്റം വരുത്താന്‍ നിഷേധവോട്ടിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പതിറ്റാണ്ട് പിന്നിട്ട ദുഃഖം
ഇസ്സത്ത് ബെഗോവിച്ചിനെ അനുസ്മരിച്ച് സൈനുദ്ദീന്‍ ചേലേരി എഴുതിയ ലേഖനം (ലക്കം 2823) ശ്രദ്ധേയമായി. കൂരിരുട്ടിന്റെ ശക്തികള്‍ക്കെതിരെ അവധാനതയോടെ നിലയുറപ്പിച്ച പോരാളിയായിരുന്നു ബെഗോവിച്ച്. ജയില്‍ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പുസ്തകമാണ് ബെഗോവിച്ചിന്റെ 'ജയില്‍ കുറിപ്പുകള്‍' (Notes from Prison). കാരാഗൃഹ ജീവിതം വസന്തമാക്കിയ വിമോചകന്‍. ഭരണകൂടത്തിനെതിരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റമാരോപിക്കപ്പെട്ടും മറ്റും നീണ്ട 14 വര്‍ഷം ബോസ്‌നിയയിലെ കുപ്രസിദ്ധമായ ഫോക്ക ജയിലില്‍ തന്റെ ജീവിതം അദ്ദേഹത്തിന് കഴിച്ചുകൂട്ടേണ്ടിവന്നു. ബെഗോവിച്ചിന്റെ ആത്മകഥയായ 'Inescapable Questions' എന്ന പുസ്തകം പലവുരു വായിച്ച വ്യക്തിയാണ് ഞാന്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം മനുഷ്യരാശി കണ്ട ഏറ്റവും കൊടിയ കൂട്ടക്കശാപ്പിനെതിരെയും കാളകാമഭ്രാന്തിനെതിരെയും ലോകമൊന്നടങ്കം സ്വീകരിച്ച അത്യന്തം ക്രൂരമായ നിസ്സംഗ സമീപനം അവധാനതയോടെ അപഗ്രഥിക്കുന്ന പേജുകള്‍ ലോകര്‍ അകമറിഞ്ഞ് വായിക്കേണ്ടതാണ്.
ബോസ്‌നിയന്‍ ജനതയുടെ ആത്മസാക്ഷാത്കാരത്തിനായി പൊരുതി പ്രസ്തുത രാഷ്ട്രത്തെ വീണ്ടെടുത്ത ഈ മനുഷ്യവിമോചകനെ വേണ്ട അളവില്‍ മനസ്സിലാക്കാന്‍ ലോകജനതക്ക് സാധിച്ചില്ല; മുസ്‌ലിം ലോകത്തിന് പ്രത്യേകിച്ചും. എന്തിനേറെ പറയുന്നു, ബോസ്‌നിയ പോലും മറവിയുടെ മൂടുപടം ചാര്‍ത്തിക്കൊടുത്തില്ലേ?
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി
കുറ്റവാളിയെന്ന് തെളിഞ്ഞിട്ടു പോരേ
കുരിശിലേറ്റല്‍
'മാഫിയാ താവളമാവുകയാണോ മുഖ്യമന്ത്രിയുടെ ഓഫീസ്' എന്ന വയലാര്‍ ഗോപകുമാറിന്റെ ലേഖനം (ലക്കം 2822) ഉമ്മന്‍ ചാണ്ടിയെ കുരിശിലേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ചുപോകുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനാണെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെടാത്തേടത്തോളം അദ്ദേഹത്തിനെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നത് ഒരിക്കലും ശരിയല്ല. ഉമ്മന്‍ ചാണ്ടിക്ക് ഇന്നുവരെ ഒരു അഴിമതിക്കാരന്റെ പ്രതിഛായ ഉണ്ടായിരുന്നില്ല എന്ന് ലേഖനത്തിന്റെ ഒന്നാമത്തെ പാരഗ്രാഫില്‍ സമ്മതിക്കുന്ന ലേഖകന്‍ അതങ്ങനെയല്ല എന്ന് സമര്‍ഥിക്കാന്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വല്ലാതെ മെനക്കെട്ടു കാണുന്നു.
'ഭരണതലത്തില്‍ കുറ്റവാളികള്‍ പിടിമുറക്കുകയെന്ന ദുരന്തം അങ്ങനെ കേരളത്തിലും ആരംഭിച്ചിരിക്കുന്നു' എന്നു പറയുന്ന ലേഖകന്‍ ഭരണതലങ്ങളില്‍ ഇതാദ്യമായാണ് കുറ്റവാളികള്‍ വിഹരിക്കാന്‍ തുടങ്ങിയതെന്ന് വിശ്വസിക്കുന്നുണ്ടോ? പ്രഫഷണല്‍ കോളേജുകള്‍ അനുവദിച്ച എ.കെ ആന്റണിയെ പിന്നില്‍ നിന്ന് കുത്തിയവരും കുറ്റവാളികളുടെ വകഭേദമല്ലെന്ന് പറയാന്‍ കഴിയുമോ? ഉമ്മന്‍ ചാണ്ടി വിരോധമാണ് ലേഖനത്തിന്റെ ഓരോ വരിയിലും പ്രകടമാവുന്നത്. നിയമത്തെയോ സ്വന്തം പാര്‍ട്ടിയെയോ പ്രതിപക്ഷത്തെയോ സമൂഹത്തെയോ ജനങ്ങളെയോ എന്നു തുടങ്ങി ജനകീയ ഭരണത്തിന്റെ ഉപകരണങ്ങളെയൊന്നിനെയും ബഹുമാനിക്കാത്ത ഭരണാധികാരികള്‍ ഉണ്ടാകാതിരിക്കുക എന്നതു മാത്രമാണ് ഇതിനൊക്കെ തടയിടാനുള്ള ഏക പോംവഴി എന്ന സാരോപദേശത്തോടെ അവസാനിക്കുന്ന ലേഖനത്തിന്റെ തുടര്‍ച്ചയായി ആ പോംവഴി കൂടി നിര്‍ദേശിക്കാന്‍ ലേഖകന്‍ തയാറാകേണ്ടതായിരുന്നു.
സൈത്തൂന്‍ അങ്ങാടിപ്പുറം
പ്രവാചകപത്‌നി ആഇശ(റ)യുടെ വിവാഹ പ്രായം 19 വയസ്സായിരുന്നുവെന്ന ആദില്‍ സ്വലാഹിയുടെ 'ഫത്‌വ' സന്ദര്‍ഭോചിതമായി. യൗവനം പൂത്തിറങ്ങിയ ഇരുപത്തിയഞ്ചാം വയസ്സില്‍, നാല്‍പതുകാരിയും വിധവയുമായ ഖദീജ(റ)യെ വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിച്ച പ്രവാചകന്‍ ഒരിക്കലും ഒരു ഒമ്പതുകാരിയെ വിവാഹം ചെയ്യാന്‍ സാധ്യതയില്ല എന്നതുതന്നെയല്ലേ യാഥാര്‍ഥ്യം.
മുഹമ്മദ് അബ്ദുല്ല കണ്ണൂര്‍
Comments