Prabodhanm Weekly

Pages

Search

2013 മെയ്‌ 24

സയ്യിദ് ഖുത്വ്ബ് / അറിയപ്പെടാത്ത ഏടുകള്‍

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ / വ്യക്തിചിത്രം

തുല്യ പ്രതിഭാസമ്പന്നനും ബഹുവിധ സിദ്ധികളുടെ ഉടമസ്ഥനും (Multitalented) ആയിരുന്നു സയ്യിദ് ഖുത്വ്ബ്. അദ്ദേഹത്തിന്റെ ഇസ്‌ലാമിക വ്യക്തിത്വമേ സാധാരണ വായനക്കാര്‍ക്ക് പരിചയമുള്ളൂ. ഇഖ്‌വാനിയായി മാറുന്നതിനുമുമ്പുള്ള അദ്ദേഹത്തെക്കുറിച്ച് അധിക പേര്‍ക്കും അറിഞ്ഞുകൂടാ. ജമാല്‍ അബ്ദുന്നാസിറും ത്വാഹാ ഹുസൈനും മുഹമ്മദ് നജീബും '52 ജൂലൈ വിപ്ലവം നയിച്ച സ്വതന്ത്ര പട്ടാള ഓഫീസര്‍മാരും മറ്റുമായി അദ്ദേഹത്തിന്നുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച ഉദ്വേഗജനകമായ വിവരങ്ങളുള്‍ക്കൊള്ളുന്ന ഒരു ലേഖനം പ്രസിദ്ധ സുഊദി പണ്ഡിതനായ ശൈഖ് സല്‍മാന്‍ ഔദയുടെ ഇസ്‌ലാം ടുഡേ വെബ് സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. അല്‍അഹ്‌റാം കോളമിസ്റ്റ് മുഹമ്മദ് ബറക എഴുതിയതാണ് ലേഖനം. അതിലെ വിവരങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.
സയ്യിദ് ഖുത്വ്ബും 1952 ജൂലൈ വിപ്ലവത്തിന്റെ ഓഫീസര്‍മാരും തമ്മിലുള്ള ബന്ധം വളരെ അടുത്തതായിരുന്നു-വിപ്ലവത്തിന് മുമ്പും ശേഷവും. എന്നല്ല വിപ്ലവത്തിന്റെ ദാര്‍ശനികനായാണ് സയ്യിദ് ഖുത്വ്ബ് ഗണിക്കപ്പെട്ടിരുന്നത്. വിപ്ലവത്തെ എങ്ങനെ വിജയിപ്പിക്കാമെന്ന് അവര്‍ അദ്ദേഹവുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. ആഭ്യന്തര കാര്യങ്ങളിലും വിദ്യാഭ്യാസ പദ്ധതി അഴിച്ച് പണിയുന്നതിലും ഉപദേശകനായി വിപ്ലവ നേതൃത്വം അദ്ദേഹത്തെ നിയമിക്കുകയുണ്ടായി.
വിപ്ലവ കൗണ്‍സിലിന്റെ യോഗങ്ങളില്‍ പങ്കെടുക്കുന്ന ഏക സിവിലിയന്‍ സയ്യിദ് ഖുത്വ്ബ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രൗഢ കൃതിയായ 'ഇസ്‌ലാമിലെ സാമൂഹ്യ നീതി' വിപ്ലവ ഓഫീസര്‍മാര്‍ തങ്ങളുടെ രഹസ്യ യോഗങ്ങളില്‍ പഠിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാമത്തേതായിരുന്നു. ചിലര്‍ സയ്യിദ് ഖുത്വ്ബിനെ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രഭാഷകനായിരുന്ന മിറാബു(Mirabeau)മായി താരതമ്യപ്പെടുത്തുകയുണ്ടായി. പട്ടാള ഓഫീസര്‍മാര്‍ തങ്ങളുടെ നീക്കത്തെ 'ഹറക' (പ്രസ്ഥാനം) എന്നാണ് പറഞ്ഞിരുന്നത്. അതിന് 'ഥൗറ' (വിപ്ലവം) എന്ന പദം ആദ്യമായി ഉപയോഗിച്ചത് സയ്യിദ് ഖുത്വ്ബായിരുന്നു; സാധാരണ പ്രചരിപ്പിക്കപ്പെടുന്നപോലെ ത്വാഹാ ഹുസൈനായിരുന്നില്ല.
ഉക്കാള് (ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഈ ദിനപത്രത്തില്‍ ഈ ലേഖകന്‍ അല്‍പകാലം പ്രവര്‍ത്തിച്ചിരുന്നു) പത്രത്തിന്റെ സ്ഥാപകനും സയ്യിദ് ഖുത്വ്ബിന്റെ ഉറ്റസ്‌നേഹിതനുമായിരുന്ന സുഊദി സാഹിത്യകാരന്‍ അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്താര്‍ (1915-1991) വിപ്ലവ ജണ്ടയുമായി സയ്യിദ് ഖുത്വ്ബിന്നുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പറയുന്നു.
''വിപ്ലവ കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും സയ്യിദ് ഖുത്വ്ബിനെ ചുറ്റിപ്പറ്റി നില്‍ക്കുകയും അധിക കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായമാരായുകയും ചെയ്തിരുന്നു-വിപ്ലവകാരികള്‍ക്ക് അദ്ദേഹത്തോടുള്ള അതിരറ്റ ആദരവിന്റെ നിദര്‍ശനമായിരുന്നു അത്. കൗണ്‍സിലിന്റെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്ന ഏക സിവിലിയന്‍ അദ്ദേഹമായിരുന്നു. ഹല്‍വാനിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ അവര്‍ ഇടക്കിടെ പോകാറുണ്ടായിരുന്നു.
വിദ്യാഭ്യാസ മന്ത്രിപദം സയ്യിദ് ഖുത്വ്ബിന് കൊടുക്കാന്‍ വിപ്ലവ കൗണ്‍സില്‍ തീരുമാനിച്ചു. ''ആഖിറുസാഅ'' പത്രത്തില്‍ ആ തീരുമാനം പ്രസിദ്ധം ചെയ്തിരുന്നു. പക്ഷെ സയ്യിദ് ഖുത്വ്ബ് ഒഴികഴിവ് പറഞ്ഞു. എങ്കില്‍ പ്രക്ഷേപണ നിലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ പദവി അദ്ദേഹം ഏറ്റെടുക്കട്ടെ എന്നായി അവര്‍. പക്ഷേ അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ (ഹൈഅത്തുത്തഹ്‌രീര്‍) ജനറല്‍ സെക്രട്ടറി ആവാന്‍ അദ്ദേഹം സമ്മതിച്ചു. ഒരു മാസം അദ്ദേഹം അവിടെ പ്രവര്‍ത്തിച്ചു. സയ്യിദ് ഖുത്വ്ബും അബ്ദുന്നാസ്വിര്‍ പ്രഭൃതികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് പിന്നീടാണ്. അങ്ങനെ ഹൈഅത്തുത്തഹ്‌രീറില്‍ നിന്ന് രാജിവെക്കാന്‍ സയ്യിദ് ഖുത്വ്ബ് നിര്‍ബന്ധിതനായി.'' വിപ്ലവ'ജണ്ട'യുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് പറയുന്നു:
''1953 ഫെബ്രുവരി വരെ ഞാന്‍ വിപ്ലവജണ്ടയുമായി അടുത്ത് പ്രവര്‍ത്തിച്ചു. അപ്പോഴാണ് ഹൈഅത്തുത്തഹ്‌രീറിനെയും അതിന്റെ രൂപവല്‍ക്കരണ സ്‌കീമിനെയും മറ്റു ചില പ്രശ്‌നങ്ങളെയും കുറിച്ച് എന്റെ ചിന്തയും അവരുടെ ചിന്തയും ഭിന്നമാകാന്‍ തുടങ്ങിയത്. ദിനേന 12 മണിക്കൂറിലധികം വിപ്ലവ കൗണ്‍സിലുമായി ഞാനടുത്ത് പ്രവര്‍ത്തിച്ചിരുന്നു.''

വിപ്ലവ നേതാക്കള്‍ സയ്യിദ് ഖുത്വ്ബിനെ ആഘോഷിക്കുന്നു
വിപ്ലവ നേതാക്കള്‍ സയ്യിദ് ഖുത്വ്ബിനെ അങ്ങേയറ്റം ബഹുമാനിച്ചാദരിച്ചു-എത്രത്തോളമെന്നാല്‍ വിപ്ലവം നടന്ന് ഒരു മാസത്തിനുള്ളില്‍ അവര്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ഒരു സ്വീകരണയോഗം സംഘടിപ്പിച്ചു. ആ യോഗത്തെപറ്റി അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്താര്‍ എഴുതുന്നു:
''ഞാന്‍ അദ്ദേഹത്തിന്റെ കൂടെപോയി. തോട്ടങ്ങളും വിശാല അങ്കണങ്ങളും ഇടതിങ്ങിയ ക്ലബ്ബ്. നല്ലൊരു വിഭാഗം ബഹുജനം അവിടെ സന്നിഹിതരായിരുന്നു. ഈജിപ്തിലെയും അറബി-മുസ്‌ലിം രാഷ്ട്രങ്ങളിലെയും പൗരന്മാരും പങ്കെടുത്തിരുന്നു. സാഹിത്യം, ചിന്ത, നിയമം, ശരീഅഃ തുടങ്ങിയ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങള്‍, യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും അധ്യാപകര്‍, ഡിപ്ലോമാറ്റുകള്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
മുഹമ്മദ് നജീബ് പങ്കെടുക്കുമെന്നും സയ്യിദ് ഖുത്വ്ബിനെ പരിചയപ്പെടുത്തുന്നത് അദ്ദേഹമായിരിക്കുമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ പെട്ടെന്നുണ്ടായ ചില കാരണങ്ങളാല്‍ അദ്ദേഹത്തിന്ന് വരാന്‍ കഴിഞ്ഞില്ല. പകരം അദ്ദേഹം ഒരു സന്ദേശമയച്ചു-അന്‍വര്‍ സാദാത്തിന്റെ കൂടെ. അതിന്റെ ചുരുക്കമിതായിരുന്നു: പ്രഭാഷണത്തിന് സന്നിഹിതനാവാന്‍ ഞാന്‍ വളരെ തല്‍പരനായിരുന്നു; സയ്യിദ് ഖുത്വ്ബിന്റെ വിജ്ഞാനം നുകരാനും. വിപ്ലവത്തിന്റെ അധ്യാപകനും മാര്‍ഗദര്‍ശിയും പരിപാലകനുമാണദ്ദേഹം (ആത്മീയവും ചിന്താപരവുമായ വിമോചനം ഇസ്‌ലാമില്‍ എന്ന വിഷയത്തില്‍ സയ്യിദ് ഖുത്വ്ബിന്റെ ഒരു പ്രഭാഷണമായിരുന്നു യോഗത്തിന്റെ അടിസ്ഥാന പ്ലാന്‍). ഒടുവില്‍ അബ്ദുന്നാസിര്‍, മുഹമ്മദ് നജീബിനെ പ്രതിനിധീകരിച്ചു.
ഈ സന്ദര്‍ഭം പട്ടാള ഓഫീസര്‍മാര്‍ സയ്യിദ് ഖുത്വ്ബിനെ ആദരിച്ചാഘോഷിക്കാനും അദ്ദേഹത്തിന്റെ സ്തുതിഗീതങ്ങള്‍ പാടാനുമാണ് വിനിയോഗിച്ചത്. ഒരു ഉന്നത ഓഫീസര്‍ പറഞ്ഞു:
നമ്മുടെ മഹാനായ ഉസ്താദും, നമ്മുടെ അനുഗൃഹീത വിപ്ലവത്തിന്റെ മാര്‍ഗദര്‍ശകനും, നമ്മുടെ കാലഘട്ടത്തിലെ ഇസ്‌ലാമിന്റെ ഒന്നാമത്തെ ചിന്തകനുമായ സയ്യിദ് ഖുത്വ്ബിനെ പരിചയപ്പെടുത്തേണ്ടത് പ്രസിഡന്റ് മുഹമ്മദ് നജീബായിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാന്‍ സാധിക്കാതെ പോയി. പരിചയപ്പെടുത്തല്‍ കൃത്യം നിര്‍വഹിക്കാന്‍, ഞാനാണിപ്പോള്‍ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത്-അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെങ്കിലും.''
ഡോക്ടര്‍ ത്വാഹാ ഹുസൈന്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ് പറഞ്ഞു: ''സയ്യിദ് ഖുത്വ്ബില്‍ രണ്ടു ഗുണവിശേഷങ്ങളുണ്ട്: ആദര്‍ശശാലിത്വവും ധാര്‍ഷ്ഠ്യവും. അദ്ദേഹം ആദര്‍ശശാലി എന്ന് മാത്രമല്ല ആദര്‍ശശാലികളുടെ ആദര്‍ശശാലിയാണ്.''
പിന്നെ അദ്ദേഹം വിപ്ലവത്തിലും അതിന്റെ നേതാക്കളിലുമുള്ള സയ്യിദ് ഖുത്വ്ബിന്റെ സ്വാധീനം എടുത്തുപറഞ്ഞുകൊണ്ട് ഇങ്ങനെ സമാപിച്ചു: ''സാഹിത്യത്തില്‍ സയ്യിദ് ഖുത്വ്ബ് പാരമ്യത്തിലും നേതൃത്വത്തിലുമെത്തി; അതേപോലെ ഈജിപ്തിനും ഇസ്‌ലാമിന്നുമുള്ള സേവനത്തിലും.''
പിന്നീട് സയ്യിദ് ഖുത്വ്ബ് എഴുന്നേറ്റുനിന്നു. കൈയടിക്കാരുടെ കൈയടിക്കും ചൂളംവിളിക്കാരുടെ ചൂളംവിളിക്കുമിടയില്‍ മുന്നൊരുക്കമില്ലാതെ അദ്ദേഹം പറഞ്ഞു: ''വിപ്ലവം സത്യത്തില്‍ തുടങ്ങിയതേയുള്ളൂ. അതിനെ നാം പ്രശംസിക്കാറായില്ല. കാരണം പറയത്തക്ക ഒന്നും അത് ഇതേവരെ ചെയ്തിട്ടില്ല. രാജാവിന്റെ നിഷ്‌കാസനം വിപ്ലവ ലക്ഷ്യമല്ല. രാജ്യത്തെ ഇസ്‌ലാമിലേക്ക് മടക്കിക്കൊണ്ടുവരലാണ് വിപ്ലവ ലക്ഷ്യം.''
''രാജഭരണകാലത്ത് ഏത് നിമിഷത്തിലും ജയില്‍ വാസത്തിന് മാനസികമായി സന്നദ്ധനായിരുന്നു ഞാന്‍. ഈ ഘട്ടത്തിലും എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ സുരക്ഷിതനല്ല. മുമ്പത്തെക്കാളും ജയില്‍വാസത്തിനും അതല്ലാത്തതിനുമൊക്കെ മാനസികമായി സന്നദ്ധനാണ് ഞാന്‍.''
ഉടനെ ജമാല്‍ അബ്ദുന്നാസിര്‍ എഴുന്നേറ്റുനിന്ന് തന്റെ ഉച്ചശബ്ദത്തില്‍ പറഞ്ഞു: ''ജ്യേഷ്ഠ സഹോദരന്‍ സയ്യിദ്, അല്ലാഹുവാണ, ഞങ്ങളുടെ ശരീരങ്ങള്‍ മൃതമായി വീണിട്ടല്ലാതെ അവര്‍ താങ്കളുടെ അടുത്തെത്തുകയില്ല. അല്ലാഹുവിന്റെ പേരില്‍ താങ്കളോട് കരാര്‍ ചെയ്യുന്നു, അല്ല ഞങ്ങള്‍ കരാര്‍ പുതുക്കുന്നു-മരണം വരെ താങ്കള്‍ക്ക് വേണ്ടി ഞങ്ങളെ സമര്‍പ്പിക്കുമെന്ന്.'' സദസ്യര്‍ നിലക്കാതെ കൈയടിച്ചു.
പിന്നീട് മഹ്മൂദുന്‍ അസ്ബ് എന്ന ഓഫീസര്‍, വിപ്ലവത്തിന്ന് രംഗമൊരുക്കുന്നതില്‍ സയ്യിദ് ഖുത്വ്ബ് വഹിച്ച പങ്കിനെ പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. വിപ്ലവത്തിന്നുമുമ്പ് അദ്ദേഹം സയ്യിദ് ഖുത്വ്ബിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോഴവിടെ അബ്ദുന്നാസിറും മറ്റു പട്ടാള ഓഫീസര്‍മാരുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്താര്‍, സയ്യിദ് ഖുത്വ്ബിനെക്കുറിച്ച ഡോക്ടര്‍ ത്വാഹാ ഹുസൈന്റെ വിലയിരുത്തലിനെ പുരസ്‌കരിച്ചു പറഞ്ഞു:
''സയ്യിദ് ധൃഷ്ടനാണ് - സത്യത്തിന്റെ കാര്യത്തില്‍. താന്‍ വിശ്വാസിക്കുന്നതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കും. സത്യമേ അദ്ദേഹം വിശ്വസിക്കുകയുള്ളൂ. തന്റെ സമരത്തിലും ജിഹാദിലും അദ്ദേഹത്തിന് ഒരിളക്കവുമുണ്ടാവില്ല.''
സമ്മേളനം കഴിഞ്ഞപ്പോള്‍ ജമാല്‍ അബ്ദുന്നാസിര്‍ സയ്യിദ് ഖുത്വ്ബിനെ യാത്രയയച്ചു. ഓഫീസര്‍മാരും പട്ടാളക്കാരും ബഹുജനവും സയ്യിദിന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

തൂക്കുമരമായിരുന്നു പ്രതിഫലം
1954-ല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ മറ്റു നേതാക്കളോടൊപ്പം സയ്യിദ് ഖുത്വ്ബ് ജയിലിലടക്കപ്പെട്ടു. പിന്നെ അല്‍ മന്‍ശിയ്യ സംഭവത്തിന്ന് ശേഷം രണ്ടാമതും ജയിലിലായി. 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചത്. ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ഇടപെട്ടു ജയില്‍ മോചിതനായി.
1965-ല്‍ അബ്ദുന്നാസിര്‍ വീണ്ടും സയ്യിദ് ഖുത്വ്ബുമായി ഇടഞ്ഞു. മോസ്‌കോവില്‍ വെച്ച്-സന്ദര്‍ശനമധ്യേ-തന്നെ വധിക്കാനും ഭരണം അട്ടിമറിക്കാനും സയ്യിദ് ഖുത്വ്ബിന്റെ നേതൃത്വത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്ലാനിട്ട ഒരു ഗൂഢാലോചന കണ്ടുപിടിച്ചതായി നാസിര്‍ പ്രഖ്യാപിച്ചു. മൂന്നാമതും സയ്യിദ് കല്‍തുറുങ്കിലായി. നാസിറിന്റെ കാലത്ത് സയ്യിദ് ഖുത്വ്ബ് നാനാവിധമായ മര്‍ദ്ദനപീഡനങ്ങളനുഭവിച്ചു. നാസിര്‍ തന്റെ ഒടുവിലത്തെ ശീട്ട് ഖുത്വ്ബിനു നേരെ വെച്ചുനീട്ടി-അദ്ദേഹം മയപ്പെടുമെന്ന പ്രതീക്ഷയില്‍. വധശിക്ഷ നടപ്പാക്കുന്ന രാത്രി നാസിര്‍ സയ്യിദിനോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. നാസിറില്‍ നിന്ന് കാരുണ്യം അര്‍ഥിച്ച് ഒറ്റ വരി എഴുതിയാല്‍ മതി. അത്തരമൊരു ഓഫര്‍ സ്വീകരിക്കുന്ന ഒരാളായിരുന്നില്ല, താന്‍ വിശ്വസിക്കുന്നതില്‍ ഉറപ്പും സ്ഥിരതയുമുള്ള സയ്യിദ് ഖുത്വ്ബ്. ആ ഓഫര്‍ തള്ളിക്കൊണ്ട് സയ്യിദ് ഖുത്വ്ബ് പറഞ്ഞു:
''നമസ്‌കാരത്തില്‍ അല്ലാഹുവിന്റെ ഏകത്വം സാക്ഷ്യപ്പെടുത്തുന്ന ചൂണ്ടുവിരല്‍, ഒരു ദുര്‍ഭരണാധികാരിയുമായി അടുപ്പം തേടിക്കൊണ്ടുള്ള ഒരു വാചകം എഴുതാന്‍ വിസമ്മതിക്കുന്നു. ഞാന്‍ ജയിലിലടക്കപ്പെട്ടത് സത്യത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ ആ സത്യത്തില്‍ സംതൃപ്തനാണ്. അസത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ജയിലിലടക്കപ്പെട്ടതെങ്കില്‍ അസത്യത്തോട് കാരുണ്യം യാചിക്കുന്നതില്‍ നിന്ന് ഉയരെയാണ് ഞാന്‍.''
1966 ആഗസ്റ്റ് 28 ന് അബ്ദുന്നാസിറിന് സുഊദിയിലെ ഫൈസല്‍ രാജാവില്‍നിന്ന് ഒരു കത്ത് ലഭിച്ചു. പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച സയ്യിദ് ഖുത്വ്ബിന്ന് മാപ്പ് കൊടുക്കണമെന്നായിരുന്നു സന്ദേശം. അന്ന് വൈകുന്നേരം സാമീശറഫ് കമ്പി സന്ദേശം നാസിറിനെത്തിച്ചു. സാമിശറഫിനോട് നാസിര്‍ പറഞ്ഞു: പ്രഭാതമാകും മുമ്പേ തന്നെ അദ്ദേഹത്തെ തൂക്കിലേറ്റുക. അതിന് ശേഷം കത്ത് എന്നെ കാണിക്കുക.
വധശിക്ഷ നടപ്പാക്കിയ ശേഷമാണ് കത്ത് ലഭിച്ചതെന്ന് ഒഴികഴിവ് പറഞ്ഞുകൊണ്ട് നാസിര്‍ ഫൈസല്‍ രാജാവിന്ന് കമ്പി സന്ദേശമയച്ചു....
***
വധശിക്ഷ നടപ്പാക്കപ്പെടുന്ന കാലത്ത് ഈ ലേഖകന്‍ പ്രബോധനം സഹപത്രാധിപരായിരുന്നു. വിഷാദഭരിതമായ, അഗാധ നഷ്ടബോധത്താല്‍ ശിരസ് കുനിഞ്ഞ, ശോകമൂകമായ 46 വര്‍ഷം മുമ്പത്തെ ആ ദിവസം ഓര്‍മയിലേക്ക് കുതിച്ചെത്തുന്നു. അധികാര പ്രമത്തതയും ആധിപത്യമോഹവും മനുഷ്യനെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കും! തന്റെ അന്ത്യം സയ്യിദ് ഖുത്വ്ബ് കണ്ടിരിക്കണം. ''ജയില്‍വാസത്തിനും അതല്ലാത്തതിനും മുമ്പെന്നത്തേക്കാളും മാനസികമായി സന്നദ്ധനാണ് ഞാനിപ്പോള്‍'' എന്നദ്ദേഹം, നാസിറും പ്രഭൃതികളും തനിക്കായൊരുക്കിയ സ്വീകരണച്ചടങ്ങില്‍ മറുപടിയായി അവരുടെ മുഖത്ത് നോക്കി തുറന്ന് പറഞ്ഞല്ലോ. അന്ന് ഞാനെഴുതിയ ലേഖനത്തില്‍ ''ലോകത്തെങ്ങുമുള്ള താഗൂത്തുകളേ കാത്തുകൊള്ളുക'' എന്നൊരു വാചകമെഴുതിയതായോര്‍ക്കുന്നു. സയ്യിദ് ഖുത്വ്ബ് നാസിറിന്നെതിരെ ചൂണ്ടിയ വിരല്‍ താഗൂത്തുകളെ വിറപ്പിച്ചു. നാസിറിന്റെ പിന്‍ഗാമി താഗൂത്തുകള്‍ പലരുമിപ്പോള്‍ ആ വിറക്കലില്‍ കടപുഴകി. ഇനിയും പേര്‍ കടപുഴകാനിരിക്കുന്നു. താമസംവിനാ അവരും നിലംപതിക്കും. കാറ്റ് അവര്‍ക്കെതിരെ ശക്തിയായി വീശിക്കൊണ്ടിരിക്കുന്നു.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍