Prabodhanm Weekly

Pages

Search

2013 മെയ്‌ 24

ശരീഫ് എന്തു ചെയ്യുമെന്നാണ് പ്രതീക്ഷ?

ഇഹ്‌സാന്‍

പാകിസ്താനിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പങ്കെടുക്കണമെന്ന മാധ്യമങ്ങളുടെ അതിമോഹവും വടക്കനതിര്‍ത്തിയിലെ സി.ഐ.എ ഡ്രോണ്‍ ആക്രമണങ്ങള്‍ അമേരിക്ക അവസാനിപ്പിക്കണമെന്ന നവാസ് ശരീഫിന്റെ ആജ്ഞാപനവും കാര്‍ഗിലും മുംെബെയും ഇനി പാകിസ്താന്‍ മണ്ണില്‍ നിന്നും ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനവും എല്ലാം കൂടിച്ചേര്‍ന്ന് ഒരു തട്ടുതകര്‍പ്പന്‍ ബോളിവുഡ് ബോക്‌സ്ഓഫീസ് ഹിറ്റ് പോലെയാണ് പാക് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പൊടുന്നനെയുള്ള പാക് യാത്രക്ക് സൂക്ഷ്മമായ വിശകലനത്തില്‍ സാധ്യത വളരെ കുറവാണ്. പാകിസ്താനില്‍ അതിന് ഏറെ അനുവാചകരുണ്ടാവില്ല എന്നതു തന്നെയാണ് കാരണം. നവാസ് ശരീഫിനത് രാഷ്ട്രീയ ഗുണവും ഉണ്ടാക്കില്ല. മിക്കവാറും അവര്‍ സിംഗിനെ ക്ഷണിക്കാനുമിടയില്ല. ഇന്ത്യയുടെ കഴിഞ്ഞ ഏതാനും മാസത്തെ മുട്ടുവിറപ്പിക്കല്‍ നയതന്ത്രത്തില്‍ പാകിസ്താന്‍ വലിയൊരളവില്‍ അതൃപ്തരായിരുന്നു. സൈനികരെ പരസ്പരം തലയറുത്തും വെടിവെച്ചും തടവുകാരെ ഒപ്പത്തിനൊപ്പം തല്ലിക്കൊന്നുമൊക്കെ മുന്നോട്ടു പോകുമ്പോഴും ഇതെല്ലാം മറുപക്ഷത്തുള്ളവരുടെ ഏകപക്ഷീയമായ കുറ്റങ്ങളാണെന്ന തോന്നല്‍ ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തിരുന്നു. ദേശീയതയുടെ ഈ 'കെട്ട്' ഒരു നവാസ് ശരീഫിന്റെ സ്ഥാനാരോഹണം കൊണ്ട് ഇല്ലാതാവുമെങ്കില്‍ നല്ലതു തന്നെ. പക്ഷേ അതല്ല അനുഭവം. ഇതൊന്നും ഇന്ത്യയും പാകിസ്താനും വിചാരിച്ചാല്‍ മാത്രം അവസാനിക്കുന്ന കാര്യങ്ങളേയല്ല എന്നതാണ് വാസ്തവം. ശരീഫിന്റെ സത്യപ്രതിജ്ഞ കൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെങ്കില്‍ അപ്പുറത്ത് കട്ടയും പടവും മടക്കി തടിയെടുക്കേണ്ട 'അന്താരാഷ്ട്ര സമൂഹം' വെറുതെയിരിക്കുമെന്നാണോ വിചാരം?
'ഒരു ജനാധിപത്യ സര്‍ക്കാറില്‍ നിന്നും മറ്റൊന്നിലേക്ക്' എന്ന ആലങ്കാരികമായ തത്ത്വത്തെ പുഷ്‌കലമാക്കിയതല്ലാതെ നവാസ് ശരീഫിന്റെ വിജയം ഉപഭൂഖണ്ഡത്തിന്റെ അടിസ്ഥാന ദുര്‍വിധിയെ തരിമ്പും മാറ്റാന്‍ പോകുന്നില്ല എന്നതാണ് പരമാര്‍ഥം. 1999-ല്‍ പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അട്ടിമറിക്കപ്പെടുമ്പോള്‍ നവാസ് ശരീഫിന്റെ പ്രതിഛായ എന്തായിരുന്നു എന്നത് മറക്കാറായിട്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയുമായി ഒപ്പുവെച്ച ലാഹോര്‍ പ്രഖ്യാപനത്തിന്റെ പുറകെയാണ് കാര്‍ഗില്‍ നുഴഞ്ഞു കയറ്റമുണ്ടായത്. ജനാധിപത്യ സര്‍ക്കാര്‍ സമാധാനം ആഗ്രഹിച്ചപ്പോള്‍ പര്‍വേസ് മുശര്‍റഫും അദ്ദേഹത്തെ പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിച്ചവരും യുദ്ധം കൊണ്ടുവന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സമാധാനം ഉണ്ടാക്കിയെടുക്കുക എന്നത് ശരീഫിനോ വാജ്‌പേയിക്കോ പിന്നീടു വന്ന മന്‍മോഹനോ സര്‍ദാരിക്കോ മാത്രമായി തീരുമാനിക്കാന്‍ കഴിയില്ലെന്നതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഇരു രാജ്യങ്ങളുടെയും ചരിത്രത്തിലുണ്ട്. ഗുണപരമായ ദിശയിലേക്ക് ഇന്ത്യാ പാക് ബന്ധം നീങ്ങിയ എല്ലാ അവസരത്തിലും ദാരുണമായ തിരിച്ചടികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഈ ഗവണ്‍മെന്റുകളുടെ നിയന്ത്രണങ്ങള്‍ക്കതീതമായി ഉണ്ടായിക്കൊണ്ടേയിരുന്നു.
കച്ചവടക്കാരായ ആഗോള ഭരണാധികാരികളില്‍ പ്രഥമ ശ്രേണിയിലാണ് നവാസ് ശരീഫിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യക്ക് പാകിസ്താന്റെ അതിപ്രിയ രാജ്യമെന്ന പദവി ലഭിക്കുകയും വിസാചട്ടങ്ങള്‍ ഉദാരമാകുകയും ഇന്തോ പാക് സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാവുകയുമൊക്കെ ചെയ്‌തേക്കാം. പക്ഷേ ബജറ്റുകളുടെ മുക്കാലേ മുണ്ടാണിയും സുരക്ഷക്കും ആയുധക്കച്ചവടത്തിനും വകയിരുത്തുന്ന, അതിലൂടെ ആയുധനിര്‍മാതാക്കളായ അമേരിക്കയെയും ഇസ്രയേലിനെയും തീറ്റിപ്പോറ്റുന്ന ഗതികേടില്‍ നിന്നും ഇരു രാജ്യങ്ങളും ഉപഭൂഖണ്ഡവും മുക്തരാവുമോ എന്നതാണ് ചോദ്യം. മുശര്‍റഫിനോടു പ്രതികാരം ചെയ്യുക എന്നത് പ്രധാന അജണ്ടയായ നവാസ് ശരീഫും സൈന്യവും തമ്മില്‍ ഉണ്ടാവാനിടയുള്ള ഏറ്റുമുട്ടലുകളും കണക്കിലെടുക്കാതിരിക്കാനാവില്ല. മുസ്‌ലിം സംഘടനകളുടെ നിലപാടുകളും ശ്രദ്ധേയമാവും. നവാസിന്റെ അനുജന്‍ ശഹബാസിന്റെ തെരഞ്ഞെടുപ്പില്‍ താലിബാന്‍ നേരിട്ടാണ് സഹായിച്ചത് എന്നു പോലും ആരോപണമുണ്ടെങ്കിലും അവരാരും പരസ്യമായി ശരീഫിനൊപ്പം നില്‍ക്കാന്‍ തയാറല്ല. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളുമായി മുന്നണിയുണ്ടാക്കാന്‍ ശരീഫ് എല്ലാ നീക്കവും നടത്തിയിരുന്നു എന്നാണ് പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. വടക്കന്‍ അതിര്‍ത്തിയില്‍ നവാസ് ശരീഫിന് സാന്നിധ്യം തെളിയിക്കണമെങ്കില്‍ ഈ കൂട്ടുകെട്ട് അനിവാര്യവുമായിരുന്നു. പഞ്ചാബിനു പുറത്തെ സിന്ധ്, ബലൂചിസ്താന്‍, പേഷവാര്‍ മേഖലകളില്‍ ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫും ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയുമാണ് അക്കൗണ്ട് തുറന്നവര്‍. അഴിമതിക്കാരായ പാക് ഭരണാധികാരികളുടെ കൂട്ടത്തില്‍ അഗ്രഗണ്യനായി വിലയിരുത്തപ്പെടുന്ന ശരീഫിനൊപ്പം നില്‍ക്കാന്‍ റിയല്‍ എസ്റ്റേറ്റ് മൗലാനമാരുടെ സംഘടനയായ ജംഇയ്യത്ത് പോലും തയാറായില്ല എന്നതാണ് വസ്തുത. ഉലമാക്കളല്ല റിയല്‍ എസ്റ്റേറ്റുകാരാണ് ജംഇയ്യത്തിനെ നയിക്കുന്നതെന്ന വിമര്‍ശമുയര്‍ത്തിയാണ് ജമാഅത്തെ ഇസ്‌ലാമി 2002-ലെ പഴയ എം.എം.എ പരീക്ഷണത്തില്‍ നിന്നും ഇത്തവണ വിട്ടു നിന്നത്. ഇംറാന്‍ ഖാന്‍ പോലും ഒരുപക്ഷേ ഈ മുന്നണിയോടൊപ്പം നില്‍ക്കുമായിരുന്നു, എം.എം.എ പുനരുജ്ജീവിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍.
തികച്ചും പ്രദേശികമായ അടിസ്ഥാനത്തിലുള്ള ജനവിധിയാണ് നവാസ് ശരീഫിനെ പ്രധാനമന്ത്രിയാക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍ വിഭാഗീയത വളരെ വ്യക്തമായി പ്രതിഫലിച്ച ഈ ജനവിധിയുടെ അടിസ്ഥാനത്തില്‍ പാക്കതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെ നടപടിയെടുക്കാന്‍ ശരീഫിന് കഴിയണമെന്നില്ല. പാകിസ്താനിലെ പ്രശ്‌ന പ്രദേശങ്ങളായ കറാച്ചിയിലും ഹൈദരാബാദിലും പി.പി.പിയും മുത്തഹിദ ഖൗമി മൂവ്‌മെന്റും അധികാരം അക്ഷരാര്‍ഥത്തില്‍ കൈയിട്ടു വാരുകയായിരുന്നു. പല പോളിംഗ് ബൂത്തുകളിലും മണിക്കൂറുകളോളം ബാലറ്റ് ബോക്‌സുകള്‍ കാണാനുണ്ടായിരുന്നില്ല. ഇലക്ഷന്റെ തലേന്നാള്‍ രാത്രി കറാച്ചിയിലെ എം.ക്യു.എം സ്ഥാനാര്‍ഥി വസീം അഖ്തറിന്റെ വീട്ടില്‍ ബാലറ്റ് പേപ്പറുകളില്‍ സീല്‍ അടിച്ചു കൂട്ടുന്ന ദൃശ്യങ്ങളും വോട്ടു ചെയ്യാനെത്തുന്നവരെ അവര്‍ അടിച്ചോടിക്കുന്നതും പാക് ടെലിവിഷന്‍ ചാനലായ 'സമാ' പുറത്തു വിട്ടിരുന്നു. സിന്ധിലെ തെരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്‌ലാമി ബഹിഷ്‌കരിച്ചതിന്റെ പശ്ചാത്തലവും ഇതാണ്. എന്തായാലും നിലവില്‍ മൂന്ന് സീറ്റില്‍ ഒതുങ്ങിയ ജമാഅത്ത് ഉള്‍പ്പടെയുള്ള സംഘടനകള്‍ 'ജനാധിപത്യ'ത്തിന്റെ ഈ കറാച്ചി മോഡലില്‍ കുത്തിയൊലിച്ചു പോവുകയാണ് ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍