Prabodhanm Weekly

Pages

Search

2013 മെയ്‌ 24

മതവിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികള്‍

പ്രഫ. കെ. മുഹമ്മദ് അയിരൂര്‍ കവര്‍‌സ്റ്റോറി

മാനവ സമൂഹത്തിന് കൊള്ളാവുന്ന ഒരു ഉത്തമ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് വിദ്യാഭ്യാസ രംഗം പൊതുവില്‍ എത്തി നില്‍ക്കുന്നത്. ഗവേഷണങ്ങളും പരീക്ഷണങ്ങളും പരിഷ്‌ക്കരണങ്ങളും നിരന്തരമായും തകൃതിയായും നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും കൃത്യമായ രീതിയില്‍ ലക്ഷ്യനിര്‍ണയം നടത്തി അവ കരഗതമാക്കാനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയും നിലനില്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയെ കുറിച്ചു പറയുമ്പോള്‍ പഠനബോധന രീതികളും പാഠ്യപദ്ധതിയും എത്ര ഉന്നതങ്ങളാണെങ്കിലും അടിസ്ഥാന ദര്‍ശനം ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്ന് അനുയോജ്യമാണോ എന്ന ചോദ്യം വളരെ പ്രസക്തമായിത്തീരുന്നു. ഏതെല്ലാം വിദ്യാഭ്യാസ ദര്‍ശനങ്ങളാണ് പാഠ്യപദ്ധതിയുടെ അടിസ്ഥാനമായി പരിഗണിച്ചിരിക്കുന്നതെന്നോ ലക്ഷ്യസാക്ഷാത്കാരത്തില്‍ അവ എത്രമാത്രം സഹായകമാണെന്നോ അത്തരം ദര്‍ശനങ്ങളുടെ നേട്ടകോട്ടങ്ങള്‍ എന്തൊക്കെയാണെന്നോ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
അതേസമയം ഒരു സമുന്നത ദര്‍ശനത്തിന്റെ അടിത്തറയില്‍ രൂപപ്പെടുത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മത വിദ്യാഭ്യാസ രംഗവും ലക്ഷ്യം നേടുന്നതില്‍ ആശാവഹമായ നേട്ടം കൈവരിച്ചു എന്ന് ആശ്വസിക്കാനും വകയില്ല. അതിനാല്‍ പഠനബോധന രീതികളും പഠനസാമഗ്രികളും പരിശോധനാ വിധേയമാക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസ മനഃശാസ്ത്ര കാഴ്ചപ്പാടില്‍ മനുഷ്യന്‍ ജ്ഞാതൃ മേഖല (Cognitive Domain/മിദ്മാറുദ്ദിഹ്‌നിയ്യ), വൈകാരിക മേഖല (Affective Domain/മിദ്മാറു ആതിഫിയ്യ), ഇന്ദ്രിയശ്ചാലക മേഖല (Psychomotor Domain/മിദ്മാറു ഹര്‍കി നഫ്‌സിയ്യ) എന്നിവയുടെ സമുച്ചയമാകുന്നു. വിജ്ഞാനാര്‍ജനത്തിന് ഒരു പക്ഷേ ജ്ഞാതൃ മേഖലയെ മാത്രം കണക്കിലെടുത്താല്‍ മതിയാകാമെങ്കിലും വിദ്യാഭ്യാസം അതിന്റെ അര്‍ഥത്തില്‍ കരഗതമാകണമെങ്കില്‍ ഈ മൂന്നു മേഖലകളെയും അതര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ മൂന്നു മേഖലകളെയും മറ്റൊരു ഭാഷയില്‍ അറിവ്, മനോഭാവം, നൈപുണി എന്നീ സംജ്ഞകളില്‍ വ്യവഹരിക്കാം. ഈ കാഴ്ചപ്പാടില്‍ മതപഠന രീതികളെ വിലയിരുത്തുമ്പോള്‍ മത വിദ്യാഭ്യാസം ഒട്ടും ആശാസ്യമായ രീതിയിലല്ല നടക്കുന്നത്. ഒരു വിദ്യാര്‍ഥിക്കു നല്‍കുന്ന ഏതൊരു അറിവും ഈ മൂന്നു മേഖലകളിലും പതിഞ്ഞു പരിവര്‍ത്തനത്തിനു വിധേയമാകുമ്പോള്‍ മാത്രമേ അത് ജീവിതത്തില്‍ പ്രതിഫലിക്കുകയുള്ളൂ. ഉദാഹരണമായി, ഒരു ഡ്രൈവറോ ടൈലറോ പുസ്തകം വായിച്ചു പഠിച്ചതുകൊണ്ടു മാത്രം വിദഗ്ധനായ ഡ്രൈവറോ ടൈലറോ ആവുകയില്ല; മറിച്ച്, പ്രവര്‍ത്തിച്ചു പരിശീലിക്കുകയും അനുകൂല മനോഭാവം വളരുകയും വേണം. താന്‍ ഹൃദിസ്ഥമാക്കിയ നിയമങ്ങള്‍ ഓര്‍മിച്ചെടുത്തു കൊണ്ടല്ല ഒരു ഡ്രൈവര്‍ വണ്ടി ഓടിക്കുമ്പോള്‍ ബ്രേക്ക് ചവിട്ടുന്നതും ഗിയര്‍ മാറ്റുന്നതുമൊന്നും. താനറിയാതെ ഓട്ടോമാറ്റിക്കായി എല്ലാം നടക്കുന്നു എന്നതാണ് ശരി. ഇത് തന്റെ നിത്യ പരിശീലനത്തിലൂടെ തലച്ചോറിലെ മുന്‍ വിവരിച്ച മേഖലകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതിനാല്‍ മോട്ടോര്‍ നര്‍വുകള്‍ ആവശ്യാനുസരണം നിര്‍ദേശം നല്‍കുന്നതു കൊണ്ടു മാത്രം സംഭവിക്കുന്നതാണ്.
ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും ഇത് ബാധകമാണ്. നമ്മുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ നാഡീവ്യവസ്ഥ (Nervous system) ആണല്ലോ. ആ നാഡീ വ്യവസ്ഥയെ തലച്ചോറാണ് നിയന്ത്രിക്കുന്നത്. അങ്ങനെയുള്ളവയാണ് നേരത്തെ വിവരിച്ച മൂന്നു മേഖലകളും. ജ്ഞാതൃ അഥവാ വൈജ്ഞാനിക മേഖലക്ക് കൊടുക്കുന്ന പ്രാധാന്യം വൈകാരിക മേഖലക്കും ഇന്ദ്രിയശ്ചാലക മേഖലക്കും നല്‍കാന്‍ പര്യാപ്തമായ ആക്ടിവിറ്റികള്‍ (പഠന പ്രവര്‍ത്തനങ്ങള്‍) ബോധപൂര്‍വം ഒരുക്കേണ്ടിയിരിക്കുന്നു. നമസ്‌കാരം പോലുള്ള അനുഷ്ഠാനങ്ങള്‍ തികച്ചും മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളായതിനാല്‍ അവ പരിശീലിപ്പിച്ച് അറിവിനൊപ്പം മനോഭാവവും നൈപുണിയും വളര്‍ത്താന്‍ സാധിക്കുന്നതാണ്.
എന്നാല്‍, ഈ വിധത്തില്‍ ഈ മൂന്നു മേഖലകളെയും കണക്കിലെടുത്തുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍ മത പാഠശാലകളില്‍ ലഭ്യമാക്കാറുണ്ടോ? അതിനപ്പുറം വിശ്വാസകാര്യങ്ങള്‍, സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ വൈജ്ഞാനിക മേഖലക്കപ്പുറം ഏതെങ്കിലും വിധത്തില്‍ പരിശീലിപ്പിക്കേണ്ടതുണ്ട് എന്ന ധാരണ പോലും നമ്മുടെ അധ്യാപകര്‍ക്കോ മറ്റുള്ളവര്‍ക്കോ ഉണ്ടാകാറുണ്ടോ? വളരെ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയമാണിത്. ഇത്തരത്തില്‍ മൂന്നു മേഖലകള്‍ ഉണ്ട് എന്ന് പറയുക മാത്രമല്ല ആ മൂന്നു മേഖലകളെയും പല ശ്രേണികളായി തിരിച്ച് (Taxonomy) അവ ഒരോന്നിന്നും അനുഭവങ്ങളും പരിശീലനങ്ങളും എങ്ങനെ നല്‍കാമെന്നും വിദ്യാഭ്യാസ ചിന്തകരും പ്രവര്‍ത്തകരും വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ആ ശ്രേണികളെ വളരെ സംക്ഷിപ്തമായി വിവരിക്കുന്നത് ഈ രംഗത്തുള്ള പോരായ്മകള്‍ ബോധ്യപ്പെടാന്‍ സഹായകമായിരിക്കും.
ബൗദ്ധിക/ വൈജ്ഞാനിക/ ജ്ഞാതൃ മേഖല (അല്‍ അഹ്ദാഫുല്‍ മഅ്‌രിഫിയ്യ, അല്‍മിദ്മാറു ദ്ദിഹ്‌നിയ്യ:): Cognitive Domain എന്ന പേരിലറിയപ്പെടുന്ന ഈ മേഖലയെ 1956 ല്‍ അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനായ ബഞ്ചമിന്‍ ബ്ലൂം വിശാലമായ ആറു ശ്രേണികളായി തിരിച്ചിരിക്കുന്നു.
* Knowledge: മുസ്തവ അല്‍മഅ്‌രിഫ /അത്തദ്കിറ എന്നാണ് ഈ ശ്രേണി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. കാര്യങ്ങള്‍ ഓര്‍ത്തു പറയുക, പേര് പറയുക, ലിസ്റ്റ് തയാറാക്കുക, എന്നീ ശേഷികളാണ് ഈ ഘട്ടത്തില്‍ കരഗതമാകുന്നത്.
* Comprehension/ Understanding: മുസ്തവല്‍ഫഹ്മ് / അല്‍ഇദ്‌റാക് എന്നല്ലാമാണ് ഈ ശ്രേണിയുടെ നാമങ്ങള്‍. ഒരു സംഗതി തിരിച്ചറിയുക, തെരഞ്ഞെടുക്കുക, ഭാഷാന്തരം ചെയ്യുക, അര്‍ഥം ഗ്രഹിക്കുക, ആശയം ഉള്‍ക്കൊള്ളുക എന്നിവയാകുന്നു ഈ ഘട്ടത്തില്‍ കരഗതമാകേണ്ടുന്ന ശേഷികള്‍. ബൗദ്ധിക/ വൈജ്ഞാനിക/ ജ്ഞാതൃ മേഖല (Cognitive Domain)യില്‍ ഏറ്റവും താഴ്ന്ന പടിയായാണ് ഈ ശ്രേണികളെ കണക്കാക്കുന്നത്.
* Application(മുസ്തവതത്വ്ബീഖ്) എന്ന പേരിലാണ് ഈ ശ്രേണി അറിയപ്പെടുന്നത്. ഒരു വിഷയത്തിന്റെ തത്ത്വം ഗ്രഹിച്ച് അത് പ്രയോഗിക്കുക, പഠിച്ച കാര്യങ്ങള്‍ ആവശ്യാനുസരണം എടുത്തുദ്ധരിക്കുക, വിഷയങ്ങള്‍ വിവരിക്കുക, സാരാംശം പറയുക, തത്വങ്ങളും നിയമങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങളെ വിലയിരുത്തുക തുടങ്ങിയ ശേഷികളാണ് ഈ ഘട്ടത്തില്‍ കരഗതമാകേണ്ടത്.
* Analysis (മുസ്തവത്തഹ്‌ലീല്‍) എന്നാണ് ഈ ശ്രേണിയെ നാമകരണം ചെയ്തിരിക്കുന്നത്. തത്ത്വങ്ങളുടെയും നിയമങ്ങളുടെയും മറ്റു മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു സംഗതിയെ ന്യായീകരിക്കുക, പരസ്പരം തുലനം ചെയ്യുക, വസ്തുക്കളെയും വസ്തുതകളെയും വേര്‍തിരിച്ച് പട്ടികപ്പെടുത്തുക, വിഷയങ്ങളെ അപഗ്രഥിക്കുക, കാര്യകാരണ ബന്ധങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യുക, കവിതകളിലെ 'വസ്‌നു'കളുടെ അടിസ്ഥാനത്തില്‍ വൃത്തം നിര്‍ണയിക്കുക തുടങ്ങിയ ശേഷികള്‍ ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നു.
* Synthesis (മുസ്തവത്തര്‍കീബ്) എന്നറിയപ്പെടുന്ന ഈ ഘട്ടത്തില്‍, പഠിച്ച തത്ത്വങ്ങളും തതേ്വാക്തികളും ഉപയോഗപ്പെടുത്തി പുതിയ രചനകള്‍ നടത്തുക, വിഷയം യുക്തിപൂര്‍വം സമര്‍ഥിക്കുക, ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കുക തുടങ്ങിയ ശേഷികളാണ് ഉണ്ടായിത്തീരേണ്ടത്.
* Evaluation (മുസ്തവത്തഖ്്‌വീം) എന്നാണ് ആറാമത്തെ ശ്രേണി അറിയപ്പെടുന്നത്. ഒരു കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കുക, കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തള്ളുകയും കൊള്ളുകയും ചെയ്യുക, നിരൂപണം നടത്തുക, വിമര്‍ശനാത്മക ബുദ്ധിയോടെ പ്രശ്‌നങ്ങളെ സമീപിക്കുക, നിയമ നിര്‍ധാരണം നടത്തുക തുടങ്ങിയ ശേഷികളാണ് ബൗദ്ധിക മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഈ ഘട്ടത്തില്‍ ആര്‍ജിതമാകേണ്ടത്.
ബൗദ്ധിക മേഖലയിലെ ഈ ശ്രേണികള്‍ ഏറ്റവും താഴ്ന്ന ക്ലാസ്സുകളിലും ഉയര്‍ന്ന ക്ലാസ്സുകളിലും അതത് ക്ലാസ്സുകളുടെയും നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ ഒരേ പോലെ ലക്ഷ്യമിടുകയും അതിനനുസരിച്ച് പഠന ബോധന രീതികളും പഠനസാമഗ്രികളും രൂപകല്‍പന നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ചില ശ്രേണികള്‍ ഉയര്‍ന്ന ക്ലാസ്സുകളിലും മറ്റു ചിലത് താഴ്ന്ന ക്ലാസ്സുകളിലും എന്ന തരംതിരിവിന്റെ ആവശ്യമില്ല. ഓരോ ക്ലാസ്സിനും പ്രായത്തിനും അനുസരിച്ച് അതിന്റെ ആഴവും പരപ്പും നിശ്ചയിച്ചാല്‍ മാത്രം മതിയാവും.
വൈകാരിക മേഖല ( അല്‍മജാലുല്‍ വിജ്ദാനിയ്യ്/അല്‍ മിദ്മാറുല്‍ ആത്വിഫിയ്യ്): Affective Domain എന്നറിയപ്പെടുന്ന ഈ മേഖലയിലും അഞ്ച് ശ്രേണികള്‍ പരിഗണിച്ചു വരുന്നു.
* Receiving (അല്‍ ഇസ്തിഖ്ബാല്‍). ശ്രദ്ധാപൂര്‍വം കേള്‍ക്കുക, അനുഭാവം പ്രകടിപ്പിക്കുക, സ്വീകരിക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ പ്രകടമാകുന്നത്.
* Responding (അല്‍ ഇസ്തിജാബ). അനുകൂലമായി പ്രതികരിക്കുക, തെരഞ്ഞെടുക്കുക, വികസിപ്പിച്ചെടുക്കുക, വിശദമായി പ്രസ്താവന തയാറാക്കുക, കൂട്ടുകാരുമൊത്ത് പ്രശ്‌ന പരിഹാരത്തില്‍ സഹകരിക്കുക, ചില നിലപാടുകളോട് വ്യക്തമായ ചായ്‌വ് പ്രകടിപ്പിക്കുക തുടങ്ങിയ ശേഷികള്‍ ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നു.
* Valuing (തക്‌വീനുല്‍ ഖിയമ്). പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക, പങ്കാളിയാവുക, സ്വായത്തമാക്കുക, അനുകൂലമായോ പ്രതികൂലമായോ രചനകള്‍ നടത്തുക തുടങ്ങിയവയാകുന്നു ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന ശേഷികള്‍.
* Organisation (അത്തന്‍ദീം). നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുക, വിലയിരുത്തുക, നന്മ തിന്മകളെ അടിസ്ഥാനമാക്കി നിലപാടുകള്‍ സ്വീകരിക്കുക, കൂട്ടുകാരുമൊത്ത് സേവനസംഘങ്ങള്‍ രൂപീകരിക്കുക, കവിതകളും മറ്റും ആസ്വദിക്കുക, ആസ്വാദനക്കുറിപ്പ് തയാറാക്കുക, വിശകലനങ്ങളും വിശദീകരണങ്ങളും രൂപപ്പെടുത്തുക തുടങ്ങിയ ശേഷികള്‍ ഈ ഘട്ടത്തിലെ പ്രതേ്യകതകളാകുന്നു.
* Characterization (അത്തമസ്സലുല്‍ ഖിയമിയ്യ്). സ്വന്തത്തെ രൂപപ്പെടുത്തുക, ഒരു നിലപാടു സ്വീകരിക്കുക, തന്റേതായ തത്വങ്ങള്‍ക്കനുസൃതമായി സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുക, താന്‍ ഉള്‍ക്കൊണ്ട തത്വങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുക, അതിന്നുവേണ്ടി സഹിക്കുക, ഭാഷയില്‍ സ്വന്തമായ ശൈലി രൂപപ്പെടുത്തുക, പ്രശ്‌നങ്ങളെ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തുക തുടങ്ങിയ ശേഷികള്‍ ഈ ഘട്ടത്തില്‍ പ്രകടമാകുന്നു.
ഇന്ദ്രിയശ്ചാലക മേഖല (അല്‍ അഹ്ദാഫുല്‍ മഹാരിയ്യ:/അല്‍ മിദ്മാറുല്‍ ഹര്‍കീ നഫ്‌സിയ്യ:) Psychomotor Domain എന്നറിയപ്പെടുന്ന ഈ മേഖലയെ ആറ് ശ്രേണികള്‍ ആയി തിരിച്ചിരിക്കുന്നു.
* Perception ( മുസ്തവല്‍ മുലാഹദ). പഞ്ചേന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ അഥവാ വസ്തുക്കളെ സംബന്ധിച്ച് അറിവു കരസ്ഥമാക്കുകയാണ് ഈ ഘട്ടത്തില്‍ കാര്യമായി ചെയ്യുന്നത്. എഴുതുക, വരക്കുക തുടങ്ങിയ ശേഷികള്‍ കരസ്ഥമാക്കുന്നതിന്ന് എന്നതു പോലെ തന്നെ വായനക്കും ഉച്ചാരണത്തിനും സൂക്ഷ്മമായ നിരീക്ഷണം അനിവാര്യമാണ്. ചിലയിടങ്ങളില്‍ കണ്ണാണുപയോഗിക്കുന്നതെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ കാതുപയോഗിക്കുന്നു, വേറെ ചിലയിടങ്ങളില്‍ കണ്ണും കാതും മറ്റു ഇന്ദ്രിയങ്ങളും ഒരുമിച്ചുപയോഗിക്കുന്നു എന്നു മാത്രം.
* Imitation /Initiation(മുസ്തവത്തഖ്‌ലീദ്). അധ്യാപകരുടേയോ മറ്റുള്ളവരുടെയോ ശൈലിയെയും പ്രവര്‍ത്തനങ്ങളെയും അനുകരിക്കക, പ്രവര്‍ത്തനങ്ങളെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക, കൂടുതല്‍ ശരിയായ ഒന്നിനെ സ്വീകരിക്കാന്‍ തയാറെടുക്കുക തുടങ്ങിയവയാകുന്നു ഈ ശ്രേണിയിലെത്തിയാല്‍ പ്രകടമാകുന്നത്.
* Manipulation (മുസ്തവത്തജ്‌രിബ). എഴുതുകയാണെങ്കിലും വായിക്കുകയാണെങ്കിലും, മറ്റു ആശയരൂപീകരണത്തിലായാലും അനാവശ്യമായ ചലനങ്ങളെയും ശബ്ദങ്ങളെയും മറ്റും ഒഴിവാക്കാനും കൂടുതല്‍ ശരിയായതു മാത്രം സ്വീകരിച്ച് അതു സ്വായത്തമാക്കാനുമുള്ള ത്വര ഈ ഘട്ടത്തില്‍ കാണാവുന്നതാണ്.
* Precision ( മുസ്തവല്‍മുമാരിസ). പേശികള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണം കിട്ടിത്തുടങ്ങുന്നു, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ശേഷി നേടുന്നു, കൂടുതല്‍ ആത്മവിശ്വാസം നേടിത്തുടങ്ങുന്നു എന്നിവയാണ് ഈ ശ്രേണിയിലെ സവിശേഷതകള്‍.
* Articulation / Control (മുസ്തവല്‍ ഇത്ഖാന്‍). വളരെ എളുപ്പത്തിലും വേഗത്തിലും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും, ആശയങ്ങള്‍ സ്വരൂപിച്ച് അവക്കനുസരിച്ച് പ്രവര്‍ത്തിക്കാനും, നിലപാടു സ്വീകരിക്കാനും സാധിക്കുന്നു. എഴുത്തിലും പാരായണത്തിലും ഒക്കെ തന്നെ അതിന്റേതായ നിയമങ്ങള്‍ പാലിച്ചു കൊണ്ട് നിഷ്പ്രയാസം നിര്‍വഹിക്കാന്‍ ശേഷി നേടുന്നു.
* Naturalisation/ Habitformation (മുസ്തവല്‍ ഇബ്ദാഅ്). ശേഷികളുടെ അത്യുന്നത നിലവാരത്തില്‍ എത്തുകയും ഏതൊരു കാര്യവും സ്വമേധയാ (Automaticallly) നിര്‍വ്വഹിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അത് സ്വഭാവമായിത്തീരുന്നു. ഡ്രൈവറുടെയും മറ്റു പ്രഫഷണലുകളുടെയും പോലെ സത്യം പറയുക, ധാര്‍മിക ജീവിതം നയിക്കുക തുടങ്ങി അമൂര്‍ത്തമായ ആശയങ്ങളും ഇത്തരത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന അവസ്ഥയിലേക്കെത്തുന്നു.
പഠനത്തിന്റെ ഏറ്റവും പ്രഥമമായ ബാലപാഠങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളാണിതെല്ലാം. എന്നാല്‍ മത പാഠശാലകളില്‍ നല്‍കുന്ന പഠനാനുഭവങ്ങളില്‍ ഈ മൂന്നു മേഖലകളിലും ഏറ്റവും താഴെ നിലവാരത്തില്‍ നില്‍ക്കുന്ന രണ്ടു ശ്രേണികള്‍ക്കപ്പുറം കടക്കാനുതകുന്ന ഒന്നും ഇല്ല എന്നതാണ് സത്യം. ഈ മേഖലകളെയും അതിന്റെ ശ്രേണികളെയും കുറിച്ചു പ്രതിപാദിക്കുമ്പോള്‍ അവയെല്ലാം ഉയര്‍ന്ന ക്ലാസ്സുകളിലേക്കനുയോജ്യമായതും അവിടെ മാത്രം പരിഗണിക്കേണ്ടവയുമാണെന്ന തെറ്റായ ഒരു ധാരണയും നിലനില്‍ക്കുന്നു. സത്യത്തില്‍ ഒന്നാം ക്ലാസ്സില്‍ അക്ഷര ജഞാനം ലക്ഷ്യമാക്കി പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും ആ അക്ഷരങ്ങളെ സംബന്ധിച്ച അറിവും മനോഭാവവും നൈപുണിയും ഈ എല്ലാ ശ്രേണികളിലും എത്തുമ്പോഴേ കൃത്യവും വ്യക്തവുമായ അക്ഷര ബോധം ഉണ്ടാകൂ എന്നതും അപ്പോള്‍ മാത്രമേ ആ അക്ഷരം അവന് വഴങ്ങുകയുള്ളൂ എന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല.
അല്ലാഹു, പ്രവാചകന്‍, മലക്കുകള്‍, ശുദ്ധി, നമസ്‌കാരം, സത്യം, ധര്‍മം തുടങ്ങി സമൂര്‍ത്തമോ അമൂര്‍ത്തമോ ആയ ഏത് വിഷയമായിരുന്നാലും അത് അറിവിന്നപ്പുറം മനോഭാവവും നൈപുണിയും ആയിത്തീരണം എന്നു മാത്രമല്ല ഈ മൂന്നു മേഖലകളിലെയും താഴെ മുതല്‍ മേലെ വരെയുള്ള ശേഷികളാര്‍ജിക്കാന്‍ പ്രാപ്തമാക്കുകയും വേണം. ഉദാഹരണത്തിന്, കൃത്യമായി നമസ്‌കാരം ശീലിച്ച ഒരു വ്യക്തിക്ക് നമസ്‌കാരം ഉപേക്ഷിക്കുക എന്നതു അരോചകമായി അനുഭവപ്പെടുന്നു. ജമാഅത്തു നമസ്‌കാരത്തിന്റെ പുണ്യവും മറ്റും അയാള്‍ക്കറിയാമെങ്കിലും അദ്ദേഹമതില്‍ ശ്രദ്ധിക്കാറില്ലെങ്കില്‍ ജമാഅത്തു നമസ്‌കാരം നഷ്ടപ്പെടുന്നത് അയാള്‍ക്കത്ര തന്നെ പ്രയാസം തോന്നിക്കുകയില്ല. എന്നാല്‍ കൃത്യമായി ജമാഅത്തായി നമസ്‌കരിച്ചു ശീലിച്ച ഒരു വ്യക്തിക്ക് ജമാഅത്തു നമസ്‌കാരം നഷ്ടപ്പെടുകയെന്നതു തന്നെ അസഹ്യമായിത്തീരുന്നു. അതേ സമയം ഇതെല്ലാം നന്നായി അറിയുന്ന എത്രയോ വ്യക്തികള്‍ യാതൊരു മനഃപ്രയാസവുമില്ലാതെ നമസ്‌കാരം പാഴാക്കുന്നതും നാം കാണുന്നു. ഇവിടെ അറിവുണ്ട്, അറിവില്ല എന്നതല്ല പ്രശ്‌നം. അത് അയാളുടെ മനോഭാവത്തിലും നൈപുണിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ, ഇല്ലേ എന്നതാണ്.
ഈ മൂന്നു മേഖലകളും പ്രത്യേകം പ്രതേ്യകം വേറിട്ടു നില്‍ക്കുന്നവയല്ലയെന്നും അവ പരസ്പര പൂരകങ്ങളാണെന്നതുമാണ് മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത. അതേ പ്രകാരം തന്നെ, മനസ്സിലാക്കിയ അറിവിന്നു വിപരീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആ വസ്തുത തലച്ചോറിലെ വിവിധ മേഖലകളില്‍ ഉല്ലേഖനം ചെയ്യപ്പെടുകയും വേണം. ഒന്നു രണ്ടു ഉദാഹരണത്തിലൂടെ ഇതു മനസ്സിലാക്കാം. നമസ്‌കാരത്തിന്റെ പ്രാധാന്യം, അതുപേക്ഷിച്ചാലുണ്ടാകുന്ന അനര്‍ഥങ്ങള്‍, അതിന്റെ നിബന്ധനകള്‍, നിര്‍വഹണ ക്രമങ്ങള്‍ തുടങ്ങിയവ കൃത്യമായി അറിയുകയും ആ അറിവ് പ്രയോഗവത്കരിക്കാന്‍ സഹായകമായ വിധത്തില്‍ വൈജ്ഞാനിക മേഖലയുടെ എല്ലാ ശ്രേണിയിലും അത് പരിശീലിപ്പിക്കപ്പെടുകയും വേണം. അത് നിര്‍വഹിക്കാനാവശ്യമായ മനോഭാവം വളരുകയും ആ മനോഭാവം അവന്റെ നിത്യ ജീവിതസ്വഭാവമായിത്തീരുകയും വേണം. റുകൂഅ്, സുജൂദ് തുടങ്ങിയവ കൃത്യമായി നിര്‍വഹിക്കാനുള്ള നൈപുണി മാത്രമല്ല സമയമാകുമ്പോഴേക്കും അത് നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ത്വരയും സന്നദ്ധതയും മനോഭാവവും അവന്റെ വൈകാരിക മേഖലയിലും ഇന്ദ്രിയശ്ചാലക മേഖലയിലും ഉല്ലേഖനം ചെയ്യപ്പെടണം. അതിനാവശ്യമായ പരിശീലനങ്ങള്‍ കിട്ടത്തക്ക വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടിയിരിക്കുന്നു. നമസ്‌കാരത്തില്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നവയുടെ അര്‍ഥം, അതിന്റെ വ്യാപ്തി എന്നിവ മസ്തിഷ്‌ക്കത്തില്‍ പതിയത്തക്ക വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. നിരീക്ഷണങ്ങള്‍, സര്‍വേകള്‍, ഇന്റര്‍വ്യൂകള്‍, ചര്‍ച്ചകള്‍, പാര്‍ലമെന്റുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പഠന പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരമായി അതിന്റെ ആശയവും, പ്രാധാന്യവും, ഗുണങ്ങളും, ദോഷങ്ങളും, സമൂഹത്തില്‍ കണ്ടു വരുന്ന പാളിച്ചകളും മറ്റും മനസ്സിലാക്കാനും, ഭയഭക്തിപൂര്‍വം നമസ്‌കാരം നിര്‍വഹിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാനും, നമസ്‌കാരം ഒരു രക്ഷാകവചമായി അനുഭവപ്പെടാനും സ്വയം ബോധ്യപ്പെടാനും അവസരമൊരുക്കുകയാണ് വേണ്ടത്. പ്രവാചക ജീവിതത്തില്‍ ഇതിന്ന് േവണ്ടുവോളം മാതൃകകള്‍ കാണാം.
ജീവിത വിശുദ്ധിയെ സംബന്ധിച്ചു പറയുകയാണെങ്കില്‍, സല്‍സ്വഭാവ സംബന്ധിയായ കുറെ അറിവുകള്‍ മസ്തിഷ്‌കത്തില്‍ നിറക്കുക എന്നതിനപ്പുറം മുന്‍ പ്രസ്താവിക്കപ്പെട്ട വിധത്തില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മുഴു മേഖലകളിലും അത് സ്വാധീനം ചെലുത്തണം. ആശയങ്ങളും അറിവുകളും കരസ്ഥമാക്കുന്നതോടൊപ്പം സ്വയം ബോധ്യം വരത്തക്ക വിധത്തില്‍ സ്വയം പഠനത്തില്‍ മുഴുകാന്‍ അവസരമൊരുക്കണം. സ്ത്രീ പുരുഷ സമ്പര്‍ക്കവുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങളും നബി വചനങ്ങളും പഠിക്കുന്നതോടൊപ്പം നിത്യ ജീവിതത്തിലെ സംഭവ വികാസങ്ങളെ താരതമ്യം ചെയ്യാനും മറ്റും അവസരമൊരുക്കാവുന്നതാണ്. നമ്മുടെ ഖുര്‍ആന്‍, ഹദീസ്, ചരിത്രം, മറ്റു വിശ്വാസ കാര്യങ്ങള്‍ എന്നിവയുടെ പഠനത്തില്‍ വൈകാരിക മേഖലയിലേക്കും ഇന്ദ്രിയശ്ചാലക മേഖലയിലേക്കും എത്തിനോക്കുന്നു പോലുമില്ല എന്നു മാത്രമല്ല ബൗദ്ധിക / വൈജ്ഞാനിക മേഖലയില്‍ തന്നെ ഏറ്റവും താഴെ പടിയിലുള്ള രണ്ടു ശ്രേണികള്‍ക്കപ്പുറം കടക്കുന്നില്ല എന്ന യാഥാര്‍ഥ്യവും അംഗീകരിച്ചേ മതിയാകൂ.
ഈ വിധത്തില്‍ കാര്യങ്ങളെ ഉള്‍ക്കൊണ്ടാല്‍ ഏതു ക്ലാസ്സിലേക്കായാലും ഏതു വിഷയമായാലും ഈ എല്ലാ മേഖലകളെയും അതിന്റെ മുഴുവന്‍ ശ്രേണികളെയും കണക്കിലെടുത്തു കൊണ്ട് പഠനാനുഭവങ്ങള്‍ ലഭിക്കത്തക്കവിധത്തില്‍ പഠനബോധന രീതികളും പഠന സാമഗ്രികളും തയാറാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ഇതത്ര പ്രയാസമുള്ള കാര്യമല്ല എന്നു മാത്രമല്ല എല്ലാ മത സംഘടനകളിലും ഇത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് തഴക്കമുള്ള വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതും തര്‍ക്കമറ്റ വസ്തുതയാണ്. പക്ഷേ, ഇന്ന് മത പഠന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഈ വസ്തുതകളെക്കുറിച്ച് അവബോധമുള്ളവരല്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്.
ഈ അടിസ്ഥാനത്തില്‍ നോക്കിയാല്‍,
* പരിശീലനം സിദ്ധിച്ച കെല്‍പ്പുറ്റ അധ്യാപകരുടെ അഭാവം.
* സുചിന്തിതമായി ലക്ഷ്യബോധേത്താടെ കൃത്യമായും വ്യക്തമായും രൂപപ്പെടുത്തിയ പാഠ്യപദ്ധതിയുടെ കുറവ്.
* അശാസ്ത്രീയമായ പഠന ബോധന രീതി.
* പഠന ബോധന സാമഗ്രികളുടെ അശാസ്ത്രീയതയും ന്യൂനതകളും.
ഇവയാണ് മത പഠന രംഗം നേരിടുന്ന മൂര്‍ത്തമായ വെല്ലുവിളികള്‍ എന്നു ബോധ്യപ്പെടുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍