രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ പങ്ക് എത്രത്തോളമാണ്?
വടക്കു-കിഴക്കന്‍ ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ ഉണര്‍വുകളുടെ പ്രതീകവും അസമിലെ മുസ്‌ലിം വിദ്യാഭ്യാസമുന്നേറ്റത്തിന്റെ നായകനുമാണ് മഹ്ബൂബുല്‍ ഹഖ്. സേവനതല്‍പരനും സമുദായ സ്‌നേഹിയുമായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിജയിച്ച അദ്ദേഹം, വിനയവും ലാളിത്യവും ദീര്‍ഘദൃഷ്ടിയും ഉയര്‍ന്ന കാഴ്ചപ്പാടുമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍, വടക്കേ ഇന്ത്യയില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന സയന്‍സ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി വരെ, നിരവധി കലാലയങ്ങളുടെ സാരഥിയായ അദ്ദേഹത്തെ 'വര്‍ത്തമാന കാലത്തെ സര്‍സയ്യിദ്' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. നമ്മുടെ മതസംഘടനകള്‍ക്കും എന്‍.ജി.ഒകള്‍ക്കുമൊക്കെ മഹ്ബൂബുല്‍ ഹഖില്‍നിന്ന് ധാരാളം പഠിക്കാനുണ്ട്.
അസമിലെ കരിംഗഞ്ച് ജില്ലയില്‍ പതാര്‍കണ്ടി ഗ്രാമത്തിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ 1973 ഡിസംബര്‍ ഒന്നിനാണ് മഹ്ബൂബുല്‍ ഹഖ് ജനിച്ചത്. അനാഥത്വവും ദാരിദ്ര്യവും അനുഭവിച്ചായിരുന്നു വളര്‍ച്ച. മഹ്ബൂബുല്‍ ഹഖ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപ്പെട്ടതോടെ, ഏക വരുമാനമാര്‍ഗം നിലച്ച കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടു. വീട്ടില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റും ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് പിന്നീട് അദ്ദേഹം പഠനത്തിനും വീട്ടുചെലവിനുമുള്ള പണം കണ്ടെത്തിയത്. പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ മാതാവും മരണപ്പെട്ടതോടെ അനാഥത്വം പൂര്‍ണമായി. എല്ലാ പ്രതിസന്ധികളോടും പൊരുതി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ അദ്ദേഹം, 1993-ല്‍ ബിരുദപഠനത്തിന് പോയത് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലേക്കായിരുന്നു.
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ജീവിതമാണ് മഹ്ബൂബുല്‍ ഹഖിനെ ഏറെ സ്വാധീനിച്ചത്. ബി.എസ്.സിയും എം.സി.എ യും കരസ്ഥമാക്കി, 7 വര്‍ഷത്തെ അലീഗഢ് ജീവിതം പൂര്‍ത്തീകരിച്ച്, 2000-ല്‍ അസമിലേക്ക് മടങ്ങുമ്പോള്‍ മഹ്ബൂബുല്‍ ഹഖിന്റെ മനസ്സില്‍ ഒരു മോഹവും അത് നേടാനുള്ള നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു. വടക്കു-കിഴക്കന്‍ ഇന്ത്യയുടെ, വിശേഷിച്ചും അസമിന്റെ വിദ്യാഭ്യാസ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനും പുതിയ തലമുറക്ക് ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്താനും കഴിയുന്ന ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ ശൃംഖലയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അലിഗഢില്‍ സര്‍ സയ്യിദ് സാധിച്ചത് അസമില്‍ എന്തുകൊണ്ട് തനിക്ക് നേടിക്കൂടാ? ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അസമിലെ പിന്നാക്ക ഗ്രാമക്കാരനായ, വേണ്ടുവോളം ദാരിദ്ര്യം കൂട്ടിനുള്ള ഒരു ചെറുപ്പക്കാരന് ഇത്തരമൊരു സ്വപ്നം കാണുക എളുപ്പമായിരുന്നെങ്കിലും പ്രയോഗവല്‍ക്കരിക്കുക പ്രയാസകരമായിരുന്നു. ഉയര്‍ന്നുവന്ന പലവിധ പ്രതിസന്ധികളെ പക്ഷേ, അദ്ദേഹം തന്റെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ചെറുത്തുതോല്‍പ്പിച്ചു. സ്വദേശത്തും വിദേശത്തും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തുവന്ന പതിനഞ്ചോളം ജോലികള്‍ തിരസ്‌കരിച്ച അദ്ദേഹത്തെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കുറ്റപ്പെടുത്തി. അതൊന്നും പക്ഷേ, മഹ്ബൂബുല്‍ഹഖിനെ പിന്നോട്ട് വലിച്ചില്ല.
അലീഗഢില്‍ നിന്നുവരുമ്പോള്‍ കൈയിലുണ്ടായിരുന്ന ഒരു പഴയ കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിച്ച്, ഇഗ്‌നോ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിക്കൊണ്ട് അദ്ദേഹം 2000-ല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കമ്പ്യൂട്ടര്‍ പാര്‍ട്‌സുകള്‍ വാങ്ങി അസംബ്ള്‍ ചെയ്ത് വിറ്റ് ചെലവിനുള്ള പണം കണ്ടെത്തി. അതില്‍നിന്നുള്ള വരുമാനത്തിലൂടെ സ്വന്തമാക്കിയ 4 കമ്പ്യൂട്ടറുകളും 14 വിദ്യാര്‍ഥികളുമായി വാടക കെട്ടിടത്തില്‍ ചെറിയൊരു സ്ഥാപനം ആരംഭിച്ചു. സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്കു കീഴില്‍, Computer Science, Information Technology, Management Science എന്നീ കോഴ്‌സുകള്‍ നടത്താന്‍ അനുവാദം ലഭിച്ചതോടെ, 2001-ല്‍ സെന്‍ട്രല്‍ ഐ.ടി കോളേജ് (CITC) സ്ഥാപിച്ചു. സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ റാങ്കിംഗ് അനുസരിച്ച്, ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന സ്ഥാപനമാണ് CITC ഇന്ന്. 5000 ലധികം വിദ്യാര്‍ഥികള്‍ ഇതിനകം സ്ഥാപനത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുകയുണ്ടായി.
വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയെന്ന ലക്ഷ്യത്തോടെ, 2005-ല്‍ മഹ്ബൂബുല്‍ ഹഖ് Education, Research and Devolopment Foundation (ERDF) രൂപീകരിച്ചു. അദ്ദേഹം തന്നെയാണ് സ്ഥാപക ചെയര്‍മാന്‍. ERDF ന്റെ നേതൃത്വത്തില്‍ 2007-ല്‍ Regional College of Higher Education (RCHE) സ്ഥാപിച്ചു. ഷില്ലോംഗിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂനിവേഴ്‌സിറ്റി (NEHU) ക്കു കീഴില്‍ അസമിലെ ആദ്യ കോളേജാണ് RCHE. 2008-ല്‍ പതാര്‍കണ്ടിയിലും 2010 ബദര്‍പൂരിലും സി.ബി.എസ്.ഇ അംഗീകാരമുള്ള സെന്‍ട്രല്‍ പബ്ലിക് സ്‌കൂളുകള്‍ തുടങ്ങി. അസമിലെ പിന്നാക്ക ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കുന്ന ശ്രദ്ധേയമായ സംരംഭമാണിത്. 2009-ല്‍ മേഘാലയയില്‍ Regional Institute of Science and Technology (RIST) സ്ഥാപിച്ചു. കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 'യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, മേഘാലയ' സ്ഥാപിക്കപ്പെടുന്നത് 2010 ലാണ്. മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍നിന്ന് 85 കി.മീറ്ററും അസം തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്ന് 11 കി.മീറ്ററും ദൂരത്തില്‍ വിശാലമായ 400 ഏക്കറില്‍ പരന്നുകിടക്കുന്ന മനോഹരമായ കാമ്പസ് ക്രാന്തദര്‍ശിയായ അദ്ദേഹത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനെ അടയാളപ്പെടുത്തുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലക്കായി സ്ഥാപിച്ച ഈ യൂനിവേഴ്‌സിറ്റി കാണുമ്പോള്‍, 2000-ല്‍ മഹ്ബൂബുല്‍ ഹഖ് കണ്ട സ്വപ്നം എപ്രകാരമാണ് പൂവണിഞ്ഞതെന്നും, ദീര്‍ഘദൃഷ്ടിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ നേട്ടം എന്തായിരിക്കുമെന്നും ബോധ്യപ്പെടും. യൂനിവേഴ്‌സിറ്റിയുടെ ഇപ്പോഴത്തെ വി.സി മലയാളിയും മുന്‍ അലീഗഢ് വി.സിയുമായ പ്രഫ. പി.കെ അബ്ദുല്‍ അസീസാണ്.
ഐ.എ.എസ് കോച്ചിംഗിന്‌വേണ്ടി സ്ഥാപിക്കപ്പെട്ട 'ഫഖ്‌റുദ്ദീന്‍ അലി അഹ്മദ് സെന്റര്‍ ഫോര്‍ കോച്ചിംഗ് ആന്റ് ഗൈഡന്‍സ്' ആണ് ഇ.ആര്‍.ഡി ഫൗണ്ടേഷന്റെ മറ്റൊരു പ്രധാന സ്ഥാപനം. പ്രഫ. ഖമറുല്‍ ഹഖ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്, ഖൈറുന്നീസ മെമ്മോറിയല്‍ വിമണ്‍സ് എന്‍ഡോവ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് സെല്‍, പലിശരഹിത ലോണ്‍, ബോഡോലാന്റിലെ കലാപബാധിത വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പുനരധിവാസ പദ്ധതി തുടങ്ങി ഒട്ടേറെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഇ.ആര്‍.ഡി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. ബോഡോ കലാപത്തിന് ഇരകളായ 15000-ത്തോളം കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ വിദ്യാഭ്യാസ പുനരധിവാസ പദ്ധതി ഇതില്‍ പ്രധാനമാണ്. നഴ്‌സറി മുതല്‍ പി.ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രത്യേക പരീക്ഷ നടത്തി മിടുക്കരായ കുട്ടികളെ കണ്ടെത്തി കോച്ചിംഗ് ക്ലാസുകള്‍, ഗൈഡന്‍സ്, ഫ്രീ അഡ്മിഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ നല്‍കി വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിടുന്ന പദ്ധതി വലിയ സാമ്പത്തിക ബാധ്യതയുള്ളതാണ്. ദല്‍ഹിയിലെ AICWETE സഹകരണം ലഭിക്കുന്നുണ്ട്.
45 ഡിപ്പാര്‍ട്ടുമെന്റുകളില്‍ 85 കോഴ്‌സുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 9 സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്ന പ്രഗത്ഭനായ ഈ വിദ്യാഭ്യാസ പ്രവര്‍ത്തകന് പക്ഷേ, ഇപ്പോഴും സ്വന്തമായി വീടില്ല. 2001 മുതല്‍ അദ്ദേഹം താമസിക്കുന്നത് വാടക വീട്ടിലാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ National Monitoring Commitee For Minorities' Education (NMCME) അംഗം, North East Forum for Technical Institutions (NEFTI) പ്രസിഡന്റ്, അസം മൈനോറിറ്റീസ് സിറ്റിസണ്‍സ് കൗണ്‍സില്‍ സെക്രട്ടറി, ഇന്ത്യാ ഗവണ്‍മെന്റിന്റെ HRD മിനിസ്ട്രിക്ക് കീഴിലെ, National Monitoring Committee for Minorities Education സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം നിര്‍വഹിക്കുന്നു. പ്രമുഖ മാഗസിനായ 'എഞ്ചിനീയറിംഗ് വാച്ചി'ന്റെ 2013-ലെ Edupreneurs' അവാര്‍ഡിന് അര്‍ഹനായ മഹ്ബൂബുല്‍ ഹഖ് പ്രബോധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം.
അസമിനെ കുറിച്ച് കേരളീയ സമൂഹത്തിന് പൊതുവെ പരിമിതമായ അറിവേയുള്ളൂ. എന്താണ് അസം മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമ്പത്തിക അവസ്ഥ?
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായം പൊതുവെ വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക മേഖലയിലും വളരെ വളരെ പിന്നാക്കമാണ്. അസമിലും സ്ഥിതി ഭിന്നമല്ല. ഒരു കോടിയോളമുള്ള അസം മുസ്‌ലിംകള്‍ സംസ്ഥാന ജനസംഖ്യയുടെ 30.93% വരും. ദുബ്‌രി (74%), ബാര്‍പേട്ട (59%) ഹെയ്‌ലാകണ്ടി (57%), ഗോള്‍പാഡ (54%), നാഗോവ് (51%), മാരിഗാവ് (47.5%) തുടങ്ങിയ ജില്ലകളില്‍ മുസ്‌ലിം ജനസംഖ്യ ശക്തമാണ്. എന്നാല്‍, പിന്നാക്കാവസ്ഥയില്‍ മുന്നില്‍നില്‍ക്കുന്ന സമുദായത്തിന്റെ സ്ഥിതി ഏറ്റവും ശോചനീയം വിദ്യാഭ്യാസ രംഗത്താണ്. 48.4% ആണ് അസം മുസ്‌ലിംകളുടെ സാക്ഷരത. മുസ്‌ലിം സ്ത്രീകളുടെതാകട്ടെ 39% മാത്രം. ഇതില്‍നിന്ന് സംസ്ഥാനത്തെ മുസ്‌ലിം വിദ്യാഭ്യാസ അവസ്ഥ വ്യക്തമാണല്ലോ.
കൂടുതല്‍ മുസ്‌ലിംകളും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്; ഏതാണ്ട് 85 ലക്ഷം. അവര്‍ ഏറെ ദരിദ്രരാണ്. നിത്യവൃത്തിക്ക് തന്നെ പ്രയാസപ്പെടുന്ന അവര്‍ക്ക് പണം ചെലവഴിച്ച് വിദ്യാഭ്യാസം നേടുക അസാധ്യമാണ്. നല്ല വിദ്യാഭ്യാസം ലഭിക്കാവുന്ന സ്‌കൂളുകള്‍ ഗ്രാമങ്ങളില്‍ ഇല്ലതാനും. ചെറിയ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന, ബാലവേല വ്യാപകമായ ജനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവളര്‍ച്ച അത്ര എളുപ്പമല്ലല്ലോ. ബ്രഹ്മപുത്ര നദിയിലെ ശക്തമായ വെള്ളപ്പൊക്കം ബാധിച്ചവയാണ് ഒരുപറ്റം ഗ്രാമങ്ങള്‍. ദാരിദ്ര്യം സഹിക്കവയ്യാതെ അവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പലായനം ചെയ്യുന്നു. ഇങ്ങനെ നിരന്തരം ദേശാടനം ചെയ്യുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമേ ഇല്ല. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇവരുടെ പുനരധിവാസത്തിന് ക്രിയാത്മക നടപടികളുമില്ല.
മുസ്‌ലിം സമുദായത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കാണ് വിദ്യാഭ്യാസരംഗത്ത് സമുദായത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം. അവരാണ് സമുദായത്തെ നയിക്കേണ്ടത്. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമൊക്കെ അവര്‍ക്ക് പൊതുവെ കുറവാണ്. വിദ്യാഭ്യാസം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കുപോലും സമുദായത്തിന്റേതായി നല്ല സ്‌കൂളുകള്‍ ഇല്ല. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പരിമിതികളും പ്രശ്‌നങ്ങളും ഉണ്ടല്ലോ.
ജംഇയത്തുല്‍ ഉലമായെ ഹിന്ദ്, അഹ്‌ലെ ഹദീസ്, അസം നദ്‌വത്തുത്തഅ്മീര്‍, ഇമാറത്തുശരീഅ തുടങ്ങിയ മതസംഘടനകള്‍ അസമിലുണ്ടല്ലോ. വിദ്യാഭ്യാസ രംഗത്ത് ഇവരുടെ സംഭാവനയെന്താണ്?
എല്ലാ മതസംഘടനകളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. വിശേഷിച്ചും ജമാഅത്തെ ഇസ്‌ലാമിയെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആധുനിക വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനയാണ് ജമാഅത്തെ ഇസ്‌ലാമി നല്‍കുന്നത്. എന്നാല്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മതവിദ്യാഭ്യാസ രംഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ചില രാഷ്ട്രീയ അജണ്ടകളും അവര്‍ക്കുണ്ട്. ആധുനിക വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരേണ്ടതിനെക്കുറിച്ച് ഞാന്‍ അവരോട് സംസാരിക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും അവരോട് പറയുകയുണ്ടായി. എന്നാല്‍, അസം നദ്‌വത്തുത്തഅ്മീര്‍, ഇമാറത്തുശരീഅ, അഹ്‌ലെ ഹദീസ് തുടങ്ങിയവരൊന്നും ആധുനിക വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതായി കാണാന്‍ കഴിഞ്ഞിട്ടില്ല. അത്തരം സംഘടനകളിലെ ചില പ്രവര്‍ത്തകര്‍ വ്യക്തിപരമായി ഏതാനും കുട്ടികള്‍ക്ക് സഹായധനം നല്‍കുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടാകാം. എന്നാല്‍ സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്നില്ല. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. ഒരു സ്ഥാപനം തുടങ്ങിയാല്‍, തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് അത് കാലങ്ങളോളം നിലനില്‍ക്കും. എല്ലാ മുസ്‌ലിം സംഘടനകളും ഒരുമിച്ചുനിന്ന്, എന്‍.ജി.ഒ കള്‍ രൂപീകരിച്ച് നിര്‍വഹിക്കേണ്ടതാണ് ഈ ദൗത്യം.
ഇവിടെ മതസംഘടനകള്‍ നേരിട്ടോ അല്ലാതെയോ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. നമ്മുടെ സമുദായ നേതാക്കള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസരംഗത്ത് സമുദായത്തെ വളര്‍ത്താന്‍ താല്‍പര്യമില്ലെങ്കില്‍ പിന്നെ, എങ്ങനെയാണ് മറ്റുള്ളവരില്‍നിന്ന് സമുദായ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ പ്രതീക്ഷിക്കുക. ഉയര്‍ന്ന റാങ്കിലുള്ള IAS ഓഫീസര്‍മാരെയൊന്നും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ IAS കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ട്. പക്ഷേ, സമുദായത്തിന്റെ പ്രതികരണം പരമദയനീയമാണ്. മൂന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമാണ് അവിടെ പരിശീലനത്തിന് വരുന്നത്. സകാത്ത് ഫൗണ്ടേഷനില്‍നിന്ന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാനുള്ള സംവിധാനം വരെ ഉണ്ടായിട്ടും ഇതാണ് സമുദായത്തിന്റെ അവസ്ഥ. അത്തരം രംഗങ്ങളിലൊക്കെ സമുദായത്തെ പ്രോത്സാഹിപ്പിക്കേണ്ട സംഘടനകള്‍ക്ക് അതിലൊന്നും താല്‍പര്യമില്ലല്ലോ.
മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പരീക്ഷണം നടന്ന സംസ്ഥാനമാണല്ലോ അസം. നിരവധി എം.എല്‍.എമാരുള്ള AIUDF നിയമസഭയിലുണ്ട്. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അവരുടെ സംഭാവനയെന്താണ്?
ലളിതമായി പറഞ്ഞാല്‍, ഫലശൂന്യം (Worthless). സ്വന്തം സീറ്റും സ്ഥാനമാനങ്ങളും ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനപ്പുറം സമുദായ പുരോഗതിക്കായി മുസ്‌ലിം രാഷ്ട്രീയക്കാര്‍ കാര്യമായെന്തെങ്കിലും ചെയ്യുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും അവര്‍ ഉയര്‍ത്തുന്നില്ല. ഉദാഹരണമായി, ന്യൂനപക്ഷത്തിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളുണ്ട്. അതൊന്നും ഇവിടെ ശരിയാംവണ്ണം നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റില്‍നിന്ന് അത്തരം പദ്ധതികളൊന്നും നാം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, കേന്ദ്ര ഗവണ്‍മെന്റ് സ്‌കീമുകള്‍ നടപ്പാക്കുന്നതില്‍ അസമിലെ മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ക്കോ മതസംഘടനകള്‍ക്കോ ശ്രദ്ധയില്ല. കേന്ദ്രമന്ത്രി റഹ്മാന്‍ ഖാന്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റിയ, വോട്ടു നേടാന്‍ സഹായകമായ ചില താല്‍ക്കാലിക വിഷയങ്ങളും വൈകാരിക പ്രശ്‌നങ്ങളുമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍, നിരക്ഷരതയുടെ നിര്‍മാര്‍ജനവും വിദ്യാഭ്യാസ വളര്‍ച്ചയുമുള്‍പ്പെടുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരം തീര്‍ത്തും അവഗണിക്കപ്പെടുകയാണ്.
ഗുവാഹത്തിയില്‍ 25% മുസ്‌ലിംകളാണ്. നല്ല ഒരു സ്ഥാപനം ഇവിടെ മുസ്‌ലിംകള്‍ക്കില്ല. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഒരു ഗേള്‍സ് ഹോസ്റ്റല്‍ ഇല്ല. സ്ത്രീകളാണ് സാക്ഷരതയില്‍ ഏറ്റവും പിറകില്‍ എന്ന് ഓര്‍ക്കണം. കേന്ദ്ര ഗവണ്‍മെന്റിന്റെ പല സ്‌കീമുകളെക്കുറിച്ചും മന്ത്രിമാര്‍ക്ക് അറിയില്ല. ഇത് ആരുടെ കുറ്റമാണ്; നമ്മുടെയല്ലാതെ. ബംഗ്ലാദേശി നുഴഞ്ഞുകയറ്റം, പൗരത്വ പ്രശ്‌നം, നെല്ലി, ബോഡോ പ്രശ്‌നം തുടങ്ങിയവയെക്കുറിച്ച് മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നത്. ഇതാണ് സമുദായത്തിന്റെ മുഖ്യപ്രശ്‌നം എന്നാണവരുടെ ധാരണ. എന്നാല്‍ ഇതെല്ലാം എന്തുകൊണ്ട് ഉണ്ടാകുന്നു? അത് പഠിച്ച് പരിഹാരം കാണണം. നിരക്ഷരതയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമാണ് അടിസ്ഥാന കാരണങ്ങള്‍. അത് പരിഹരിക്കാതെ രക്ഷപ്പെടാനാകില്ല.
ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യയിലെ പ്രത്യേക രീതിയിലുള്ള മദ്‌റസ സംവിധാനം വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ഈ സമ്പ്രദായത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ സാധ്യമാണോ?
വിവാദമുണ്ടാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല, എങ്കിലും പറയാം. മദ്‌റസകള്‍ നമുക്ക് ആവശ്യമാണ്. ദീനീ വിദ്യാഭ്യാസത്തിനുള്ള സംവിധാനമാണത്. എന്നാല്‍, ഇവിടെ തുടര്‍ന്നുവരുന്ന ആധുനിക വിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തുന്ന മദ്‌റസാ സംവിധാനം തിരുത്തണം. ഭൂമിയില്‍ ജീവിക്കാന്‍ ആരാധനകള്‍ മാത്രം പോരല്ലോ. നമസ്‌കാരം നിര്‍വഹിക്കാനായി നാം പള്ളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍, എത്ര കൂടിയ ഭക്തനാണെങ്കിലും നിര്‍ബന്ധങ്ങള്‍ക്കുപുറമെ എല്ലാ ഐഛിക നമസ്‌കാരങ്ങളും നിര്‍വഹിക്കുന്നവനാണെങ്കിലും ഒരു ദിവസം അഞ്ച് മണിക്കൂറിലധികമൊന്നും ഒരാള്‍ പള്ളിയില്‍ ചെലവഴിക്കില്ലല്ലോ. അഞ്ച് മണിക്കൂര്‍ മാക്‌സിമമാണ്. ശേഷിക്കുന്ന 19 മണിക്കൂര്‍ അയാള്‍ പള്ളിക്ക് പുറത്താണ്. നമസ്‌കാരം കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപരിക്കുകയും അല്ലാഹുവിന്റെ ഔദാര്യം അന്വേഷിക്കുകയും ചെയ്യണം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ദുനിയാവിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. അത് മറന്നുപോകരുത്. ദുനിയാവ് പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ദുനിയാവിലും നമുക്ക് ഉത്തരവാദിത്വങ്ങളുണ്ട്. അത് നിര്‍വഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസം നാം നേടണം. മദ്‌റസ സിലബസില്‍ ആധുനിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണം. നമുക്ക് നല്ല ശാസ്ത്രകാരന്മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റുമൊക്കെ ഉണ്ടാകണം. ഇന്ന് നമുക്ക് ഉന്നത നിലവാരമുള്ള എത്ര ശാസ്ത്രജ്ഞരുണ്ട്, ഡോക്ടര്‍മാരുണ്ട്, എഞ്ചിനീയര്‍മാരുണ്ട്? 30 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് 4% ല്‍ താഴെ മാത്രമേ ഉള്ളൂ എന്ന് വരുന്നത് എത്രമാത്രം ദുഃഖകരമാണ്.
രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്താണ് മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം എന്നും നാം ചിന്തിക്കണം. ഈ മഹത്തായ രാജ്യത്തിന്റെ പുരോഗതിയില്‍, വികസന പദ്ധതികളില്‍ മുഖ്യധാരയില്‍ നാം ഉണ്ടാകണം. രാജ്യവികസനത്തിന്റെ മുഖ്യധാരയിലേക്ക് വരാതെ, മറ്റു ചില വിഷയങ്ങളുമായി സ്വന്തം വഴിക്ക് മുന്നോട്ടുപോകുന്നത് ശരിയായ സമീപനമല്ല. ബാധ്യതകള്‍ നിര്‍വഹിക്കാതെ, അവകാശങ്ങള്‍ ചോദിക്കുന്നവര്‍ മാത്രമായി നാം താഴരുത്. മികച്ച സ്ഥാപനങ്ങളും കഴിവുറ്റ വ്യക്തികളെയും നാം രാജ്യത്തിന് സംഭാവന ചെയ്യണം. സമുദായത്തിനകത്ത് അതിനുപറ്റുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കണം. ന്യൂനപക്ഷ സമുദായമെന്ന നിലക്ക് നമുക്ക് ചില പ്രശ്‌നങ്ങള്‍, ഭീഷണികള്‍ ഉണ്ടെന്നത് ശരിയാണ്. എന്നാല്‍, നമുക്ക് കുറേ കഴിവുകള്‍ ഉണ്ട്. അതുപയോഗിച്ച് പ്രതിസന്ധികള്‍ മറികടക്കാനാകും.
പതിമൂന്ന് വര്‍ഷമായി വിദ്യാഭ്യാസ പ്രവര്‍ത്തനരംഗത്ത് സജീവമാണ് താങ്കള്‍. വ്യത്യസ്തമായൊരു വഴി തുറന്ന് വിജയകരമായി മുന്നോട്ടുപോകാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്താണ് പ്രാരംഭഘട്ടത്തിലെ അനുഭവങ്ങള്‍?
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അല്ലാഹു ഒരാളെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ അയാളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് എന്റെ ഏറ്റവും വലിയ അനുഭവം. അതോടൊപ്പം, പണം നമുക്ക് ആവശ്യമാണെങ്കിലും അതല്ല ഏറ്റവും സുപ്രധാനമായ കാര്യം, നമ്മുടെ ലക്ഷ്യവും അത് നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണെന്നും അനുഭവങ്ങളില്‍നിന്ന് മനസ്സിലായി.
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ പാഠം സര്‍ സയ്യിദ് അഹ്മദ്ഖാന്റെ ജീവിതമാണ്. അലീഗഢിലേക്ക് പോകുംമുമ്പേ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിരുന്നു. 'എന്തായിരുന്നു സര്‍ സയ്യിദിന്റെ സ്വപ്നം, എങ്ങനെയാണ് ആ കാലഘട്ടത്തില്‍ അദ്ദേഹം അത് നേടിയത്'-വിശാലമായ അലീഗഢ് കാമ്പസിലെ സര്‍ സയ്യിദിന്റെ ഖബറിടത്തിലിരുന്ന് ഞാന്‍ ചിന്തിച്ചു. അവിടെ ഏറെ സമയം ഞാന്‍ ചെലവഴിക്കാറുണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ, വിശേഷിച്ചും അസമിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി, സര്‍ സയ്യിദിനെപ്പോലെ എന്തെങ്കിലും ചെയ്യണം എന്ന സ്വപ്‌നവുമായിട്ടാണ് ഞാന്‍ അലീഗഢില്‍നിന്ന് തിരിച്ചുവന്നത്.
പക്ഷേ, എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. സ്വന്തമായി വീടില്ല. സഹായിക്കാന്‍ ആരുമില്ല; അല്ലാഹു അല്ലാതെ. പോള്‍ട്ടണ്‍ബസാറിലെ ഒരു മുസാഫിര്‍ഖാനയിലായിരുന്നു താമസം. പിന്നീട് 2001-ല്‍ വാടക വീട്ടിലേക്ക് മാറി, സ്വയം ഭക്ഷണം പാകം ചെയ്തുകഴിച്ചു. ബാത്‌റൂം വൃത്തിയാക്കി, സ്വയം ക്ലാസെടുത്തു, കമ്പ്യൂട്ടര്‍ അസംബിള്‍ ചെയ്തു വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ചു. പണം തന്ന് സഹായിക്കാന്‍ മാത്രമല്ല, മാനസിക പിന്തുണ തരാനും അധികമാരും ഉണ്ടായിരുന്നില്ല. സ്വദേശത്തുനിന്നും വിദേശത്തുനിന്നുംവന്ന നല്ല ശമ്പളമുള്ള ജോലി ഓഫറുകള്‍ നിരാകരിച്ച എന്നെ പലരും പരിഹസിച്ചു, കുറ്റപ്പെടുത്തി. സഹപാഠികള്‍ പലരും വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടിയിരുന്നു. ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച്, അവനോട് സഹായം ചോദിച്ച് മുന്നോട്ടുപോയി. എന്റെ കൈയിലുണ്ടായിരുന്ന പഴയ ഒരു കമ്പ്യൂട്ടറും ആത്മവിശ്വാസവുമായിരുന്നു കൈമുതല്‍. ഇന്ന് പക്ഷേ, എന്റെ ലാബില്‍ 700 ലധികം കമ്പ്യൂട്ടറുകളുണ്ട്.
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍, കഴിവുറ്റ പ്രതിഭകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, അലിഗഢിന് സമാനമായ, അതിനോടടുത്ത് നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി അവരൊന്നും ഇതുവരെ രംഗത്തുവന്നതായി അറിയില്ല?
മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ സമുദായാംഗങ്ങള്‍ എന്താണ് ചെയ്തത്? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൊതുവെ, നല്ല ജോലിയും പണവും സമ്പാദിക്കലാണ് എന്നായിരിക്കുന്നു. സമുദായത്തിലെ വിദ്യാസമ്പന്നരും ചിന്തിക്കുന്നത് അങ്ങനെത്തന്നെ. ഉയര്‍ന്ന ജോലി, വിദേശവാസം, സര്‍ക്കാര്‍ സര്‍വീസ്, സുഖകരമായ ജീവിതം എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക്, സമുദായത്തെ സേവിക്കാനൊന്നും സമയമില്ല, ബോധവുമില്ല. ഗ്രാമങ്ങളില്‍നിന്ന് എങ്ങനെയൊക്കെയോ വളര്‍ന്നുവന്ന് വിദ്യാഭ്യാസം നേടിയവര്‍ പിന്നെ തന്റെ ഗ്രാമത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയുടെ ചെറിയ പതിപ്പുകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞേനെ. അത്രമാത്രം കഴിവുറ്റ പ്രതിഭകള്‍ അലിഗഢില്‍നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. അവര്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഗ്രാമങ്ങളില്‍ നല്ല സ്‌കൂളുകള്‍ പണിയാമായിരുന്നു. പക്ഷേ നാം മറ്റുള്ളവരെ പഠിപ്പിക്കാന്‍ പോകുന്നു. നമ്മുടെ സമുദായത്തെ മറന്നുപോകുന്നു. നല്ല ഡോക്ടറും നല്ല എഞ്ചിനീയറുമായി ജോലി നേടിയാല്‍ പണം കിട്ടുമെന്നാണ് നാം ചിന്തിക്കുന്നത്. ഞാനും അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍, എനിക്ക് ഓഫര്‍ തന്ന ഏതെങ്കിലുമൊരു മള്‍ട്ടിനാഷ്‌നല്‍ കമ്പനിയില്‍ ജോലി സ്വീകരിച്ചിരുന്നുവെങ്കില്‍ എനിക്ക് എന്റെ കുടുംബത്തെ മാത്രമേ നോക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ന് പക്ഷേ, 650 ലധികം ആളുകള്‍ക്ക് ഞാന്‍ തൊഴില്‍ കൊടുക്കുന്നുണ്ട്.
ഒന്നരലക്ഷം അലീഗഢ് സന്തതികള്‍ ദല്‍ഹിയിലുണ്ട്. പക്ഷേ, അന്തര്‍ദേശീയ നിലവാരമുള്ള ഒരു യൂനിവേഴ്‌സിറ്റി, ഉന്നത നിലവാരമുള്ള ഒരു സ്‌കൂള്‍ ദല്‍ഹിയില്‍ ആരംഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പത്തുലക്ഷം രൂപ വരെ സംഭാവന ചെയ്യാന്‍ സാധിക്കുന്നവര്‍ അവരിലുണ്ട്. ഇവരെല്ലാവരും ചേര്‍ന്ന് ഒരു വേദിയുണ്ടാക്കി, ഫണ്ട് സ്വരൂപിച്ചാല്‍ വിശ്വോത്തരമായൊരു യൂനിവേഴ്‌സിറ്റി ദല്‍ഹിയില്‍ സ്ഥാപിക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം മികച്ച കലാലയങ്ങള്‍ തുടങ്ങാം. എന്റെ സേവനം നല്‍കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനാണ്.
അസമിനുപുറമെ, ഏറെ പിന്നാക്കമായ പശ്ചിമ ബംഗാളിലും ബീഹാറിലും രാജസ്ഥാനിലുമൊക്കെ ERDF ന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ?
ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലും ഈ സംസ്ഥാനങ്ങള്‍ ഒന്നിനൊന്ന് മുന്നിട്ടുനില്‍ക്കുന്നവയാണ്. നോര്‍തീസ്റ്റിലെ ഏറ്റവും പിന്നാക്ക ജില്ലകള്‍ അസമിലാണുള്ളത്. അതുകൊണ്ടാണ്, ഞാന്‍ അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ചില ജില്ലകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്; ഹസ്രത്ത് ഉമര്‍ അക്കാദമി പോലെ. 2020 ഓടെ അസമിലെ എല്ലാ ജില്ലകളിലും ഓരോ സ്‌കൂളെങ്കിലും ആരംഭിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിനുപുറമെ, ബദര്‍പൂരില്‍ വിമണ്‍സ് കോളേജ്, കരിംഗഞ്ച്, ഒന്‍പതാം മൈല്‍ എന്നിവിടങ്ങളില്‍ ബി.എഡ് കോളേജ്, കരിംഗഞ്ചില്‍ നഴ്‌സിംഗ് കോളേജ്, ഗുവാഹത്തിയില്‍ വിമണ്‍സ് ഹോസ്റ്റല്‍ തുടങ്ങിയവയും പ്ലാനിലുണ്ട്. ഇന്‍ശാഅല്ലാഹ്, 2016 ഓടെ 8 സി.ബി.എസ്.സി സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം.
വലിയ സാമ്പത്തിക ശേഷി ആവശ്യമുള്ള വിഷയമാണിതെല്ലാം. 15 കോടി രൂപ കടമെടുത്താണ് ഞാന്‍ യൂനിവേഴ്‌സിറ്റിക്കുള്ള ഫണ്ട് കണ്ടെത്തിയത്. കഴിഞ്ഞ മാസം ചില സ്ഥാപനങ്ങളില്‍ ശമ്പളം കൊടുത്തതും കടം വാങ്ങിയാണ്. എന്നിട്ടും, സ്‌കൂളുകളില്‍ 25% വിദ്യാര്‍ഥികളെ ഞാന്‍ സൗജന്യമായി പഠിപ്പിക്കുന്നു. യൂനിവേഴ്‌സിറ്റിയിലും കോളേജുകളിലും നിരവധിപേര്‍ക്ക് പഠനം സൗജന്യമാണ്. ബോഡോലാന്റില്‍ നിന്നുള്ള ഒട്ടേറെ കുട്ടികളെ സൗജന്യമായും സ്‌പോണ്‍സര്‍ഷിപ്പോടെയും പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിലെ സാമ്പത്തികശേഷിയുള്ള വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഈ രംഗത്തേക്ക് കടന്നുവരണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.
യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ബ്ലോക്കിന് ഈയിടെ തറക്കല്ലിടുകയുണ്ടായി. എന്തുകൊണ്ടാണ് മലയാളിയായ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പേരില്‍ ഒരു ബ്ലോക്ക്?
കേരളത്തില്‍നിന്ന് വരുന്ന ഒരാള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക ന്യൂനപക്ഷത്തിന്റെ പുരോഗതിക്കുവേണ്ടി നടപ്പിലാക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബാണ് ആ വ്യക്തിത്വം. ഗുവാഹത്തിയില്‍ അദ്ദേഹം പങ്കെടുത്ത ഒരു യോഗത്തിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. എവിടെ നിന്നാണ് അദ്ദേഹം എന്നെക്കുറിച്ച് കേട്ടതെന്ന് അറിയില്ല. ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചു. ലാളിത്യമുള്ള, വിനയാന്വിതനായ വ്യക്തിത്വം. കൊട്ടിഘോഷങ്ങളില്ലാതെ അദ്ദേഹം സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. 'വിഷന്‍ 2016' ന്റെ എല്ലാമെല്ലാമാണ് സിദ്ദീഖ് ഹസന്‍ സാഹിബ്. ഒരു ഡോക്ടറെയും ബിസിനസുകാരനെയും അദ്ദേഹം ഗുവാഹത്തിയില്‍ കൊണ്ടുവന്നു. യോഗം സംഘടിപ്പിച്ചു. വലിയൊരു സംഖ്യ സ്‌കൂളിന് സംഭാവന ചെയ്യിച്ചു. ഒട്ടും ബഹളം വെക്കാതെ, നിശബ്ദനായാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, യോഗത്തിലെ സാന്നിധ്യം, ഇടപെടല്‍ എല്ലാം എന്നില്‍ വലിയ മതിപ്പുളവാക്കി. അദ്ദേഹത്തില്‍നിന്ന് നാം, നമ്മുടെ അടുത്ത തലമുറ ചിലത് പഠിക്കേണ്ടതുണ്ട്. ചില ആശയങ്ങള്‍, ചിന്തകള്‍ നാം ഏറ്റെടുക്കണം. അത് എഴുതി പ്രതിഫലിപ്പിക്കാനാകില്ല, പ്രസംഗിക്കാനാകില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് പഠിക്കേണ്ടതാണ്. ഭാവിതലമുറ ആ ജീവിതത്തെ അറിയണം, പഠിക്കണം. അതിനുള്ള വഴിയെന്ന നിലക്കാണ് 'പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ അക്കാദമിക് ബ്ലോക്കി'ന് തറക്കല്ലിട്ടിരിക്കുന്നത്.
Web: www.ustm.ac.in
Email: [email protected]
Comments