ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-12 / പാറ ചുമക്കുന്ന തുമ്പികള്‍
ഗസ്സയിലെ ഹോട്ടല്‍ കോമദോറില്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ട കാഴ്ച ഇതായിരുന്നു. സാമാന്യം വിശാലമായ ഹോട്ടല്‍ ലോബിയോട് ചേര്‍ന്ന് കിടക്കുന്ന ഫങ്ഷന്‍ ഹാളില്‍ ഏതാനും പെണ്‍കുട്ടികള്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. അവര്‍ക്ക് പ്രാക്ടീസ് നല്‍കുന്ന ഒന്നു രണ്ട് അധ്യാപകരും കൂടെയുണ്ട്. ലോബിയിലിരിക്കെ, പ്രാക്ടീസിന്റെ ഇടവേളയില്‍ അവര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. മിക്കവാറും നാലും അഞ്ചും ക്ലാസ്സുകളില്‍ പഠിക്കുന്ന സുന്ദരിക്കുട്ടികള്‍. ഞങ്ങള്‍ അവരുമായി കുറെ വര്‍ത്തമാനം പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടിത്തന്നു. കുട്ടികളില്‍ ചിലര്‍ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. സ്‌കൂള്‍ അവധി ആഘോഷിക്കാന്‍ വന്ന ഗസ്സയിലെ സമ്പന്നരുടെ മക്കളായിരിക്കും അവര്‍ എന്നാണ് വിചാരിച്ചത്. അവരുടെ സന്തോഷവും തിമിര്‍പ്പുകളും കാണുമ്പോള്‍ അങ്ങനെ തോന്നും. പക്ഷേ, പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കഴിഞ്ഞ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ മക്കളാണത്. നമ്മുടെ കാഴ്ചപ്പാടിലെ യത്തീംകുട്ടികളുടെ മട്ട് അവര്‍ക്കില്ല എന്നു മാത്രം. രക്തസാക്ഷികളുടെ മക്കള്‍ എന്നത് ഗസ്സയിലെ ഒരു കാറ്റഗറി തന്നെയാണ്. അവര്‍ ഒരുപാട് വരും. അവരുടെ കാര്യത്തില്‍ ഹമാസ് പ്രസ്ഥാനവും ഭരണകൂടവും സവിശേഷമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അവരെ ലക്ഷ്യം വെച്ച് പല പദ്ധതികളും പരിപാടികളും അവിടെയുണ്ട്. രക്തസാക്ഷികളുടെ മക്കളുടെ കലാപരവും വൈജ്ഞാനികവുമായ വളര്‍ച്ച ഉദ്ദേശിച്ച് ഖത്തര്‍ രാജ്ഞി ശൈഖ മൗസയുടെ പിന്തുണയോടെ നടത്തപ്പെടുന്ന ഒരു പ്രോജക്ടില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അവര്‍. അവര്‍ ഖത്തറിലെത്തിയതിന്റെ വാര്‍ത്ത, ഹമാസ് തലവന്‍ ഖാലിദ് മിശ്അല്‍ അവരോട് സംസാരിച്ചിരിക്കുന്നതിന്റെ പടം സഹിതം അടുത്ത ദിവസം ഒരു ഫലസ്ത്വീന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത് കണ്ടു.
ഗസ്സയിലെ കുഞ്ഞുങ്ങളുടെ ആധിക്യത്തെക്കുറിച്ചാണ് കഴിഞ്ഞൊരു ലക്കത്തില്‍ വിശദീകരിച്ചത്. യുദ്ധത്തിന്റെ ആസുരതകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. അവരെ മുറിവേല്‍ക്കാതെ നോക്കുകയും മുറിവേറ്റവരുടെ മുറിവുകള്‍ തുന്നിക്കെട്ടുകയും വേണം എന്ന അര്‍ഥത്തില്‍ മാത്രമല്ല അത്. യുദ്ധത്തിന്റെ മാനസിക ആഘാതങ്ങള്‍ ശരീരത്തിലേല്‍ക്കുന്ന മുറിവിനെക്കാള്‍ മാരകമാണ്. അത് അവരുടെ വളര്‍ച്ചയുടെ താളം തെറ്റിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അടുത്ത തലമുറ ദുര്‍ബലരായിപ്പോവും. മാനസികമായി രാഗം പിഴച്ച തലമുറ വളര്‍ന്നു വരും. ചകിതരായ ഒരു തലമുറയില്‍ നിന്ന് നമുക്ക് ശുഭകരമായ ഭാവി പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ ഇസ്രയേലി ആക്രമണത്തെ സായുധമായി മാത്രം പ്രതിരോധിച്ചാല്‍ പോര. അത് നമ്മുടെ കുഞ്ഞുങ്ങളെ, അവരുടെ മാനസിക ആരോഗ്യത്തെയും ജീവിത താളത്തെയും ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. വലിയൊരു പണിയാണത്. കണ്‍മുമ്പില്‍ വെച്ച് പുന്നാര ബാപ്പയും ഉമ്മയും അനിയനും അനിയത്തിമാരുമെല്ലാം രക്തം തെറിപ്പിച്ച് പിടഞ്ഞു കേണു മരിക്കുന്നതിന്റെ കാഴ്ചകള്‍ അവര്‍ കാണുന്നുണ്ട്. പൊടുന്നനെ ഒരു പ്രഭാതത്തില്‍ മുത്തം തരാന്‍ ബാപ്പയും അപ്പം തരാന്‍ ഉമ്മയും ഒപ്പം വരാന്‍ ഇക്കാക്കയും കയറിക്കിടക്കാന്‍ വീടുമില്ലാത്ത ഒരാളായി ഒരു അഞ്ചു വയസ്സുകാരിക്കുട്ടി മാറുമ്പോള്‍ അതിന്റെ ആഘാതങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ. ഇങ്ങനെയുള്ള പരശ്ശതം കുട്ടികള്‍ ഗസ്സയില്‍ ഉണ്ടെന്നറിയുക. അത്തരത്തില്‍ പെട്ട കുട്ടികളുടെ ഒരു സംഘത്തെയാണ് ഞങ്ങള്‍ ഹോട്ടലില്‍ കണ്ടത്. കഴിഞ്ഞുപോയ കരാളമായ ഓര്‍മകളില്‍ നിന്ന് അവരെ മുക്തരാക്കേണ്ടതുണ്ട്. പുതിയ പാട്ടുകള്‍ അവര്‍ കേള്‍ക്കേണ്ടതുണ്ട്. പുതിയ കാഴ്ചകള്‍ അവര്‍ കാണേണ്ടതുണ്ട്. പുതിയ താളങ്ങളില്‍ അവര്‍ നൃത്തം ചവിട്ടേണ്ടതുണ്ട്. അതിനാല്‍ അവരെക്കൊണ്ട് പാട്ടുപാടിച്ചും വിനോദ യാത്രകള്‍ പോയും നൃത്തം ചെയ്യിച്ചും ഓര്‍മകളുടെ പുതിയ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ആ പ്രോജക്ടിന്റെ സംഘാടകര്‍.
ഗസ്സയെന്ന കുഞ്ഞുങ്ങളുടെ നഗരം അവരുടെ നരകം കൂടിയാണ്. യുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവരാണ്. മിസൈലേറ്റ് തകര്‍ന്ന തൊട്ടിലുകളുടെ നഗരമാണത്. നോക്കൂ, ഏതു ആക്രമണത്തിലും ഇസ്രയേല്‍ കുഞ്ഞുങ്ങളെ ലക്ഷ്യം വെക്കുന്നതായി നമുക്ക് കാണാം. ഒരു ജനതയെ തന്നെ ഇല്ലാതാക്കുകയെന്ന സയണിസ്റ്റ് ലക്ഷ്യത്തിന്റെ ക്രൂരസാക്ഷ്യമാണ് കുഞ്ഞുങ്ങള്‍ക്കെതിരായ ഈ വേട്ടയെന്ന് ഫലസ്ത്വീനികള്‍ പറയുന്നു. ഗര്‍ഭിണിയായ ഫലസ്ത്വീനി സ്ത്രീയുടെ വയറില്‍ വെടിവെപ്പിന്റെ ഉന്നം രേഖപ്പെടുത്തിയ ചിത്രം; അതിന് താഴെ 'ഒരു വെടിക്ക് രണ്ട് പക്ഷി' എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച ഇസ്രയേലി സൈനികരുടെ ചിത്രങ്ങള്‍ ഏറെ കുപ്രസിദ്ധമാണ് (ചിത്രം കാണുക). ഫലസ്ത്വീനി ഗര്‍ഭിണികളെ കൊന്നാല്‍ രണ്ടുണ്ട് കാര്യം എന്നാണ് സൈനികരെ ഇസ്രയേല്‍ പഠിപ്പിക്കുന്നത്. ഇത്രയും ക്രൂരമായ പരിശീലനം ലഭിക്കുന്ന ഒരു സൈനിക വിഭാഗവും ലോകത്തുണ്ടാവില്ല. അവര്‍ക്ക് ഫലസ്ത്വീനി ജനതയെ തന്നെയാണ് കൊന്നു തീര്‍ക്കേണ്ടത്.
2008-ലെ യുദ്ധത്തില്‍ 1417 പേര്‍ കൊല്ലപ്പെട്ടതില്‍ 300 പേര്‍ കുഞ്ഞുങ്ങളായിരുന്നു. പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരുമായ കുട്ടികള്‍ അതിലേറെ. 2012-ലെ ആക്രമണത്തില്‍ മൊത്തം കൊല്ലപ്പെട്ട ഗസ്സക്കാര്‍ 167. അതില്‍ കുഞ്ഞുങ്ങള്‍ 35. ഗസ്സയിലെ കുട്ടികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ കൊടുംക്രൂരതകളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ലോകമെങ്ങുമുള്ള മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിട്ടുള്ളതാണ്. മുഹമ്മദ് ദുര്‍റയുടെ കഥയായിരിക്കും അതില്‍ ഏറ്റവും പ്രസിദ്ധം. 2000 സെപ്റ്റംബര്‍ 30-ന് രണ്ടാം ഇന്‍തിഫാദയുടെ സന്ദര്‍ഭത്തിലാണ് അത് നടന്നത്. ഗസ്സയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന മുഹമ്മദ് അല്‍ദുര്‍റ, 10 വയസ്സുകാരനായ തന്റെ മകന്‍ ജമാല്‍ അല്‍ ദുര്‍റയോടൊപ്പം ഇസ്രയേലി കാപാലികരുടെ തോക്കിന് മുന്നില്‍ പെടുന്നതും ജീവന് വേണ്ടി കേഴുന്നതും അവസാനം മകന്‍ വെടിയേറ്റ് പിതാവിന്റെ മടിയില്‍ പിടഞ്ഞുവീഴുന്നതുമായ ആ രംഗങ്ങള്‍. ജമാല്‍ ദുര്‍റ മരിച്ചു വീണപ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ള ഒരു ഫലസ്ത്വീനി പ്രതീകം അവിടെ ജനിക്കുകയായിരുന്നു. ഫ്രാന്‍സ് 2 ചാനലിന്റെ ക്യാമറാമാന്‍ തലാല്‍ അബൂറഹ്മ പകര്‍ത്തിയ ആ ദൃശ്യങ്ങള്‍ ഒരു പക്ഷേ, ലോകത്ത് ഏറ്റവും പ്രകമ്പനം സൃഷ്ടിച്ച വീഡിയോ ഫൂട്ടേജുകളിലൊന്നായിരിക്കും. ഇസ്രയേലി ക്രൂരതയുടെ ആഴപ്പരപ്പും ഫലസ്ത്വീനിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന വേദനയുടെ വ്യാപ്തിയും ലോകം ഏറ്റവും നന്നായി മനസ്സിലാക്കിയ ദൃശ്യമായിരുന്നു അത്. സ്വീഡിഷ് ഫോട്ടോഗ്രാഫറായ പോള്‍ ഹാന്‍സന്‍ പകര്‍ത്തിയ, 2012 നവംബറിലെ ഗസ്സ യുദ്ധത്തിലെ ഒരു ദൃശ്യമാണ് കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയത്. നവംബര്‍ 23-ന് ജബലിയയിലെ ഫുആദ് ഹിജാസിയുടെ വീടിന് നേര്‍ക്ക് ഇസ്രയേല്‍ എഫ് 16 വിമാനങ്ങള്‍ മിസൈലയച്ചു. ഫുആദും ഭാര്യയും 12 മക്കളും ടി.വി കണ്ടുകൊണ്ടിരിക്കെയാണ് ബോംബ് വന്ന് വീണത്. ആക്രമണത്തില്‍ ഫുആദും മൂന്ന് വയസ്സുകാരനായ മകന്‍ മുഹമ്മദും രണ്ടു വയസ്സുകാരനായ മകന്‍ ശുഐബും രക്തസാക്ഷികളായി. ബാക്കിയെല്ലാവരും മാരകമായി പരിക്കേറ്റ് ആശുപത്രിയിലും. മുഹമ്മദിന്റെയും ശുഐബിന്റെയും മൃതദേഹങ്ങളുമായി ഒരു സംഘം പള്ളിയിലേക്ക് നീങ്ങുന്നതിന്റെ ചിത്രമാണ് പോള്‍ ഹാന്‍സന്‍ പകര്‍ത്തിയത്.
കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ ഒരു കണക്കിന് രക്ഷപ്പെട്ടുവെന്ന് നമുക്ക് വിചാരിക്കാം. വേദനകളില്ലാത്ത, ഉറക്കം കെടുത്തുന്ന ഫൈറ്റര്‍ ജെറ്റുകളുടെ ഘോരശബ്ദങ്ങളില്ലാത്ത നിത്യവിശ്രമത്തിന്റെ ലോകത്തേക്ക് അവര്‍ യാത്രയായി. എന്നാല്‍, ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ടം. ചെറുപ്രായത്തിലേ ഏറ്റവും ഭീകരമായ ആഘാതങ്ങളിലൂടെ അവര്‍ കടന്നുപോവേണ്ടി വരുന്നു. ഓരോ യുദ്ധവും പരശ്ശതം കുഞ്ഞുങ്ങളെയാണ് അനാഥമാക്കുന്നത്. ചെറുപ്രായത്തിലേ വീല്‍ ചെയറിലും കൃത്രിമക്കാലിലും ജീവിക്കേണ്ടിവരുന്ന കുട്ടികളും ഗസ്സയില്‍ ധാരാളം. യുദ്ധത്തിന്റെ ഭയാനകത സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അതിലേറെയാണ്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണരുക, അറിയാതെ മൂത്രമൊഴിക്കുക, നഖം കടിക്കുക തുടങ്ങിയ ശീലങ്ങള്‍ ഗസ്സയിലെ കുട്ടികള്‍ക്കിടയില്‍ അനുപാതത്തിലേറെയാണെന്ന് യുനെസഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ക്ലാസിലിരിക്കുമ്പോള്‍ കരയുക, വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക തുടങ്ങിയവയും ഗസ്സയിലെ കുട്ടികള്‍ക്കിടയില്‍ കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങളാണ്. ചെറുപ്പത്തിലേ അതിഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നതിന്റെ ആഘാതങ്ങളാണിവ. ഭൂമിയില്‍ വരുന്നതിന് മുമ്പ്, ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തുടങ്ങുന്നതാണ് അവരുടെ ഈ ദുരനുഭവങ്ങള്‍. പട്ടിണിയുടെയും ഉപരോധത്തിന്റെയും ബോംബ് പെയ്ത്തിന്റെയും ഇടയിലാണ് ഗസ്സയിലെ ഗര്‍ഭിണികള്‍ തങ്ങളുടെ വയറ്റിലെ കുഞ്ഞിനെ പരിചരിക്കുന്നതെന്ന് നാമോര്‍ക്കണം. അത് സൃഷ്ടിക്കുന്ന സംത്രാസങ്ങള്‍ സ്വാഭാവികമായും കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെയും ബാധിക്കും. കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യം എന്നത് ഗസ്സയിലെ ഭരണകൂടവും സന്നദ്ധ സംഘടനകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് അതുകൊണ്ടാണ്. 1991-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗസ്സ കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, 2001-ല്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഗസ്സ മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്നിവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖമായ സന്നദ്ധ സംഘടനകളാണ്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകളാണ് പലപ്പോഴും ഉദ്ധരിക്കപ്പെടാറ്. എന്നാല്‍, ആക്രമണങ്ങളെ അതിജീവിച്ച കുട്ടികളാണ് യഥാര്‍ഥ വെല്ലുവിളി. അവരുടെ ജീവിതങ്ങള്‍ക്ക് നിറം പകരുകയെന്നത്, സമ്മര്‍ദങ്ങളില്‍ നിന്നും മാനസിക കാലുഷ്യങ്ങളില്‍ നിന്നും അവരെ കരകയറ്റുകയെന്നത് സൂക്ഷ്മതയോടെ മറികടക്കേണ്ട വെല്ലുവിളിതന്നെയാണ്.
ഇസ്രയേലിനെതിരെ അന്താരാഷ്ട്ര മനസ്സാക്ഷി ഉണരാന്‍ ഏറ്റവും വലിയ കാരണമാകുന്നതും കുട്ടികള്‍ക്ക് നേരെ അവര്‍ നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത ആക്രമണങ്ങളാണ്. മൂട്ടയെ കൊല്ലാന്‍ പീരങ്കിയോ എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. ഗസ്സയില്‍ ശരിക്കും അതാണ് സംഭവിക്കുന്നത്. റോസാദളങ്ങളെ അറുത്തുമാറ്റാന്‍ വടിവാള്‍ ഉപയോഗിക്കുന്നത് പോലൊരു ക്രൂരവൈകൃതം. കുഞ്ഞുശരീരങ്ങള്‍ക്കു മേല്‍ ടണ്‍ കണക്കിന് മാരകബോംബുകള്‍ വര്‍ഷിക്കുന്ന ഇസ്രയേലിന്റെ ക്രൂരതകളെ നാമെന്താണ് വിളിക്കുക. ജെസാ ന്യൂമാന്‍ സംവിധാനം ചെയ്ത 'ചില്‍ഡ്രന്‍സ് ഓഫ് ഗസ്സ' (2009), വെബിക് ലോക്‌ബെര്‍ഗ് സംവിധാനം ചെയ്ത 'ടിയേര്‍സ് ഓഫ് ഗസ്സ' (2010) എന്നിവ ഗസ്സയിലെ കുഞ്ഞുങ്ങളുടെ വേദനയും മുറിവുകളും ലോകത്തോട് വിളിച്ചു പറയുന്ന ശ്രദ്ധേയമായ ഡോക്യുമെന്ററികളാണ്. അമല്‍, ഇബ്‌റാഹീം, മഹ്മൂദ്, ലുഅയ്യ് എന്നീ കുട്ടികളുടെ അനുഭവങ്ങളിലൂടെയാണ് ന്യൂമാന്റെ ഡോക്യുമെന്ററി വികസിക്കുന്നത്. ഇതില്‍ അമലിന്റെ പിതാവും സഹോദരനും അവന്റെ കണ്‍മുമ്പില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. 'എനിക്ക് മുമ്പ് എല്ലാവരോടും സ്‌നേഹമായിരുന്നു. ഇന്ന് ഞാന്‍ എല്ലാവരെയും വെറുക്കുന്നു'വെന്ന് അമല്‍ ക്യാമറയോട് പറയുന്നുണ്ട്. വീട്ടിലെ ദാരിദ്ര്യം കാരണം ചെറുപ്പത്തിലേ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടേണ്ടിവന്നവനാണ് ഇബ്‌റാഹീം. ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം ഗസ്സയില്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2013-ല്‍ പുറത്തുവന്ന ചില കണക്കുകള്‍ പ്രകാരം 23 ശതമാനം കുട്ടികളും എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്. ഉപരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളാണ് ഗസ്സയിലെ കുട്ടിത്തൊഴിലാളികളുടെ എണ്ണം ഈ വിധം കൂടാന്‍ കാരണം. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്ന് നാം സാധാരണ പറയാറുണ്ട്. ഗസ്സയിലെ തുമ്പികള്‍ ശരിക്കും പാറകള്‍ ചുമക്കുകയാണ് ചെയ്യുന്നത്.
2008-ലെ ഗസ്സ യുദ്ധത്തെ യഹ്‌യ, റസ്മി, ആമിറ എന്നീ കുട്ടികളുടെ അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നതാണ് വെബിക് ലോക്‌ബെര്‍ഗിന്റെ ടിയേര്‍സ് ഓഫ് ഗസ്സ ('ഗസ്സയുടെ കണ്ണുനീര്‍' എന്ന പേരില്‍ കോഴിക്കോട്ടെ സമീക്ഷ പിക്‌ചേര്‍സ് ഇത് മലയാളത്തില്‍ ഡബ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്). അതില്‍ ഒരു രംഗമുണ്ട്. ജബലിയയിലെ യു.എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനായി വീടുവിട്ട അഭയാര്‍ഥികള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍, ജൂത സൈന്യം അവിടെയും ബോംബിട്ടു. കരഞ്ഞുകലങ്ങി തളര്‍ന്ന് അവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ പിന്നെയും ബോംബ് വര്‍ഷിക്കുകയായിരുന്നു അവര്‍. കുട്ടികളും സ്ത്രീകളുമാണ് അഭയാര്‍ഥികളിലേറെയും. മുറിവേറ്റ ശരീരവുമായി അവര്‍ ചിതറിയോടി. ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മുറിവേറ്റവരെയും കൊണ്ട് അടുത്തുള്ള ആശുപത്രികളിലേക്ക് കുതിച്ചു. ആംബുലന്‍സില്‍ നിന്ന് ആശുപത്രിയില്‍ ഇറക്കുന്നവരെ പെട്ടെന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ വളണ്ടിയര്‍മാര്‍ അവിടെയുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ച് കൊണ്ട് ഒരു കുട്ടി അവിടെ ഇറങ്ങുന്നു. അവളെ അകത്തേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്ന വളണ്ടിയര്‍മാരോട് അവള്‍ ഉച്ചത്തില്‍ പറയുകയാണ്. 'എനിക്ക് കാര്യമായൊന്നും പറ്റിയിട്ടില്ല.' നിങ്ങള്‍ മറ്റുള്ളവരെ ശ്രദ്ധിക്കൂ എന്ന മട്ടിലാണ് അവള്‍. എന്തോ ഒരു കൗതുകം പോലെ അവള്‍ വളണ്ടിയര്‍മാരെ നോക്കിനില്‍ക്കുന്നു. നിരന്തരമായ ആക്രമണങ്ങളുടെ മറ്റൊരു ഫലമാണിത്. കുട്ടികളുടെ മാനസിക നിലയെ ആക്രമണങ്ങള്‍ തളര്‍ത്തുന്നുണ്ട് എന്നതോടൊപ്പം അത് അവരെ ശക്തരാക്കുന്നുമുണ്ട്. തീയില്‍ മുളച്ച് തീയില്‍ വളരുന്നവരാണവര്‍. ഭാവിയിലെ വെയിലുകളില്‍ അവര്‍ വാടില്ല എന്നതാണ് ഫലസ്ത്വീനിന്റെ പ്രതീക്ഷ. (തുടരും)
Comments