Prabodhanm Weekly

Pages

Search

2013 മെയ്‌ 24

ഫിഖ്ഹിന്റെ ചരിത്രം 4 / നിയമാവിഷ്‌കാരത്തിലെ കൂഫ സരണി

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

ലീഫ ഉമറിന്റെ ഭരണകാലത്ത് നിയമാവിഷ്‌കാരത്തിന്റെ കാര്യത്തില്‍ വളരെ സുപ്രധാനമായ ഒരു സംഭവം നടക്കുകയുണ്ടായി. അദ്ദേഹം പ്രവാചകാനുയായികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു മസ്ഊദിനെ ഒരു അധ്യാപകനായി കൂഫയിലേക്ക് പറഞ്ഞയച്ചു. ഇദ്ദേഹം ചരിത്രകാരനോ സ്വൂഫി പ്രകൃതക്കാരനോ ഖാലിദുബ്‌നു വലീദിനെ പോലെ വീരശൂര പരാക്രമിയായ യോദ്ധാവോ ആയിരുന്നില്ല. പക്ഷേ ഇസ്‌ലാമിക നിയമത്തില്‍ വളരെ നിപുണനായിരുന്നു അദ്ദേഹം. കൂഫയില്‍ അധ്യാപന വൃത്തിയുമായി കഴിഞ്ഞുകൂടിയ അബ്ദുല്ലാഹിബ്‌നു മസ്ഊദ് നടത്തിയ പ്രഭാഷണങ്ങളില്‍ നിയമസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ടായിരുന്നു. കൂഫയിലേക്ക് അദ്ദേഹത്തെ നിയമിച്ചപ്പോള്‍ ഖലീഫയുടെ നിയമന ഉത്തരവില്‍ ഉണ്ടായിരുന്ന വാക്യങ്ങള്‍ ഇപ്രകാരമായിരുന്നു: ''കൂഫയിലെ വിശ്വാസികളേ! ഞാന്‍ സമാദരണീയനായ ഒരു പ്രവാചകാനുയായിയെ നിങ്ങളിലേക്ക് അയക്കുകയാണ്. അദ്ദേഹത്തെപ്പോലുള്ള ഒരാളെ നിങ്ങള്‍ക്ക് വിട്ടുതരിക മൂലം ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വലിയൊരു ത്യാഗം തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തെക്കുറിച്ച് ഒരേകദേശ ധാരണ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞാന്‍ വിചാരിക്കുന്നു.''
മരണം വരെ അബ്ദുല്ലാഹിബ്‌നു മസ്ഊദ് ജനങ്ങളെ നിയമം പഠിപ്പിച്ചുകൊണ്ടിരുന്നു. കൂഫയിലായിരിക്കെ വളരെ ബുദ്ധിശാലിയായ ഒരു യമനി വിദ്യാര്‍ഥി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ആ വിദ്യാര്‍ഥിയുടെ പേര് അല്‍ഖമ അന്നഖഈ. ഗുരുവിന്റെ മരണശേഷം അല്‍ഖമയാണ് കൂഫയിലെ പ്രധാന പള്ളിയില്‍ നിയമത്തെക്കുറിച്ച വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. അല്‍ഖമയുടെ പ്രധാന ശിഷ്യനും ഒരു യമന്‍കാരനായിരുന്നു, ഇബ്‌റാഹീം അന്നഖഈ. അങ്ങനെ ഫിഖ്ഹി വികാസത്തിന്റെയും നിയമനിര്‍ധാരണത്തിന്റെയും കേന്ദ്രമായി കൂഫ മാറി.
ഇബ്‌റാഹീം നഖഈയുടെ മരണ ശേഷം അറബ് വംശജനല്ലാത്ത ഹമ്മാദ് ബ്‌നു അബീ സുലൈമാനാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായത്. അദ്ദേഹവും പ്രഗത്ഭനായ നിയമവിശാരദനായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയും ഒരു അനറബി വംശജനായിരുന്നു-ഇമാം അബൂഹനീഫ. ഗുരുവിന്റെ വിയോഗസമയത്ത് വളരെ ചെറുപ്പമായിരുന്നു അബൂഹനീഫ; ഹമ്മാദിന്റെ മറ്റു ശിഷ്യരേക്കാള്‍ ബുദ്ധികൂര്‍മതയില്‍ അദ്ദേഹം ബഹുദൂരം മുന്നിലായിരുന്നുവെങ്കിലും. അതിനാല്‍ പിന്തുടര്‍ച്ച ഏറ്റെടുക്കാന്‍ അബൂഹനീഫ വിസമ്മതിച്ചു. ഒടുവില്‍ സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗുരുസ്ഥാനം ഏറ്റെടുത്തു.
അപാര ധിഷണയുടെ ഉടമയായ അബൂഹനീഫക്ക് പൊതുസമൂഹത്തിന്റെ മനഃശാസ്ത്രം നന്നായി അറിയാമായിരുന്നു. വളരെ പ്രായക്കുറവുള്ള തന്നെ പ്രധാന ഗുരുവിന്റെ സ്ഥാനത്ത് അവരോധിക്കുന്നത് ജനം അംഗീകരിക്കാനിടയില്ലെന്ന് അദ്ദേഹം സംശയിച്ചു. പ്രഭാഷണങ്ങളും സംസാരങ്ങളും തികച്ചും ആധികാരികമാവുക എന്നതാണ് ഇത് മറികടക്കാനുള്ള വഴി. അത് ജനത്തിന് ബോധ്യമാവുകയും വേണം. അതിന് അബൂഹനീഫ ഒരു പോംവഴി പറഞ്ഞു. തന്റെ സഹപാഠികളെല്ലാം തന്റെ ശിഷ്യന്മാരാകണം, ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും. സഹപാഠികള്‍ക്കെല്ലാം സര്‍വ സമ്മതം. സഹപാഠികള്‍ പോലും അബൂഹനീഫയുടെ ശിഷ്യന്മാരാകുന്നത് കണ്ട ജനത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. മറ്റെല്ലാ ബൗദ്ധിക മികവുകള്‍ക്കുമൊപ്പം, വളരെ ദയാലുവായ അധ്യാപകന്‍ കൂടിയായിരുന്നു ഇമാം അബൂഹനീഫ. പാവപ്പെട്ട വിദ്യാര്‍ഥികളെ അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. അദ്ദേഹത്തിന്റെ ഖ്യാതിയും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഉമവി ഭരണത്തിന്റെ അവസാന നാളുകളിലായിരുന്നു ഇമാം ജീവിച്ചിരുന്നത്. രാഷ്ട്രീയമായി പറഞ്ഞാല്‍ വളരെ മോശപ്പെട്ട സമയം. ഭീകര അക്രമ പ്രവര്‍ത്തനങ്ങള്‍ സര്‍വസാധാരണം. ഗത്യന്തരമില്ലാതെ ജനം ഭരണകൂട ഭീകരതക്കെതിരെ കലാപത്തിനിറങ്ങി. വളരെ അപകടം പിടിച്ച ഒരു കാലം.
അക്കാലത്തുണ്ടായ (ഹിജ്‌റ 120) ഒരു രാഷ്ട്രീയ സംഭവം മാത്രമേ നാമിവിടെ പരാമര്‍ശിക്കുന്നുള്ളൂ. ഹസ്രത്ത് ഹുസൈന്റെ പേരക്കുട്ടി സൈദുബ്‌നു അലി സൈനുല്‍ ആബിദീന്‍ ജീവിച്ചിരിക്കുന്ന കാലമാണ്. ഭരണകൂട സ്വേഛാധിപത്യത്തിനെതിരെ കലാപത്തിനിറങ്ങാന്‍ തന്നെ സൈദ് തീരുമാനിച്ചു. അബൂഹനീഫക്ക് അദ്ദേഹത്തോട് വളരെ സ്‌നേഹമായിരുന്നു. ഉമവി ഭരണകൂടത്തെ പുറത്താക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഒരു ദിവസം സൈദുബ്‌നു അലി വന്ന് ഇമാം അബൂഹനീഫയോട് പറഞ്ഞു: 'സായുധവിപ്ലവത്തിനുള്ള സമയമായിരിക്കുന്നു. ജനങ്ങളെല്ലാം എന്നോടൊപ്പമുണ്ട്.' അബൂഹനീഫ അദ്ദേഹത്തെ പണം നല്‍കി സഹായിച്ചു. പക്ഷേ വിപ്ലവത്തില്‍ ചേരാന്‍ കൂട്ടാക്കിയില്ല. വിപ്ലവം അതിന്റെ ലക്ഷ്യം കാണുന്നത് വരെ ജനം നമ്മുടെ പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ഉറപ്പുമില്ലെന്നായിരുന്നു അബൂഹനീഫയുടെ അഭിപ്രായം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. നിര്‍ണായക ഘട്ടത്തില്‍ ജനം സൈദുബ്‌നു അലിയെ കൈവിട്ടു. ഭരണകൂടം സൈദിനെ പിടികൂടി വധിക്കുകയും ചെയ്തു. സൈദുബ്‌നു അലി പ്രഗത്ഭനായ നിയമജ്ഞനായിരുന്നു. അതാണ് നമ്മുടെ വിഷയം. ഇമാം അബൂഹനീഫ, സൈദിന്റെ അറിവ് നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സൈദ് എഴുതിയ പ്രശസ്ത കൃതിയാണ് 'അല്‍ മജ്മൂഉ ഫില്‍ ഫിഖ്ഹ്'. നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പൗരാണികമായ ഫിഖ്ഹി/നിയമകൃതി എന്നിതിനെ വിശേഷിപ്പിക്കാം. ഇതില്‍ ദീക്ഷിച്ച വിഷയക്രമീകരണമാണ് നമ്മുടെ കാലത്തുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വരെയും പിന്തുടരുന്നതെന്ന വസ്തുത നാം മനസ്സിലാക്കണം. ഇതിലെ ഒന്നാമത്തെ അധ്യായം 'ശുദ്ധിവരുത്തലി'(കിതാബുത്വഹാറഃ)നെക്കുറിച്ചാണ്. അതില്‍ വുദൂവും കുളിയുമെല്ലാം ഉള്‍പ്പെടും. പിന്നെ നമസ്‌കാരം, നോമ്പ്, മറ്റു ആരാധനകള്‍, ഇടപാടുകള്‍ എന്നിങ്ങനെ.

അബൂഹനീഫയുടെ സംഭാവന
ഉമയ്യ ഭരണകൂടം പോയി, അബ്ബാസികള്‍ വന്നു. ജനം ഒരു മാറ്റം പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ഇക്കാലത്ത് ഇമാം ഹനീഫ ആവിഷ്‌കരിച്ച ഒരു രീതി വളരെ ചരിത്രപ്രധാനമാണ്. ഇസ്‌ലാമിക നിയമ ചരിത്രത്തെ ഉടനീളം അത് ഗുണപരമായി സ്വാധീനിക്കുകയുണ്ടായി.
പ്രമുഖ ഇസ്‌ലാമിക നിയമവിശാരദരായ മാലികും ഔസാഇയുമൊക്കെ ജീവിച്ചിരിക്കുന്ന കാലമാണ്. ഫിഖ്ഹില്‍ അവര്‍ നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. അതൊക്കെയും അവരുടെ വ്യക്തിപരമായ ശ്രമങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇസ്‌ലാമിക നിയമങ്ങളുടെ ആവിഷ്‌കാരവും ക്രോഡീകരണവും പണ്ഡിത സമൂഹത്തിന്റെ കൂട്ടുസംരംഭമായി വികസിപ്പിച്ചത് ഇമാം അബൂഹനീഫയാണ്. തന്റെ ശിഷ്യന്മാരില്‍ പ്രഗത്ഭരായ നാല്‍പത് പേരെ തെരഞ്ഞെടുത്ത് അദ്ദേഹം ഒരു നിയമ അക്കാദമിക്ക് രൂപം നല്‍കി. നിയമത്തില്‍ മാത്രമല്ല, മറ്റു മേഖലയില്‍ പ്രാവീണ്യമുള്ളവരെയും അദ്ദേഹം ഈ അക്കാദമിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ വൈജ്ഞാനികശാഖകളില്‍ പ്രാഗത്ഭ്യമുള്ളവരുടെ ഒരു കൂട്ടായ്മയായി അത് മാറി. സാങ്കല്‍പിക ചോദ്യങ്ങള്‍ ചോദിക്കുക, എന്നിട്ടവ ചര്‍ച്ച ചെയ്ത് ഉത്തരങ്ങള്‍ കണ്ടത്തുക-ഇതായിരുന്നു അദ്ദേഹം അവലംബിച്ച രീതിശാസ്ത്രം. ഒരുവിഷയത്തിലുള്ള ചര്‍ച്ച ചിലപ്പോള്‍ ഒരു മാസം തന്നെ നീണ്ടെന്ന് വരും. അങ്ങനെ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു കൂട്ടായ തീരുമാനത്തില്‍ എത്തിച്ചേരുകയും അക്കാദമിയുടെ സെക്രട്ടറിയായ ഇമാം അബൂയൂസുഫ് അതൊരു വിധി പ്രസ്താവമായി രേഖപ്പെടുത്തിവെക്കുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ ചില രേഖകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ചോദ്യോത്തര രൂപത്തിലാണ് ആ രേഖകള്‍.
അക്കാലത്ത് രണ്ട് രീതിയില്‍ നിയമങ്ങളുടെ ക്രോഡീകരണം നടന്നിട്ടുണ്ട്. ഒന്ന്, ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍. രണ്ട്, ഇമാം അബൂഹനീഫ വ്യക്തിപരമായി. ഔദ്യോഗിക സംരംഭം ഏറ്റെടുത്ത് നടത്തിയത് അബ്ബാസി ഖലീഫ അല്‍ മന്‍സ്വൂര്‍ ആയിരുന്നു. ഇസ്‌ലാമിക ലോകത്ത് ഉടനീളം നടപ്പാക്കാന്‍ പറ്റുന്ന വിധത്തില്‍ നിയമങ്ങള്‍ ക്രോഡീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ഇമാം മാലികിന്റെ അടുത്തേക്ക് ദൂതനെ വിട്ടു, അദ്ദേഹം എഴുതി വരുന്ന ഫിഖ്ഹ് ഗ്രന്ഥം ഉടനടി പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ഥിക്കാന്‍. ആ ഗ്രന്ഥത്തെ അവലംബിച്ചാകും രാജ്യത്തൊട്ടാകെയുള്ള നിയമപാലനം എന്നും അറിയിച്ചു. ഇമാം മാലിക് വളരെ സൗമ്യനായി ആ അഭ്യര്‍ഥന നിരസിച്ചു. ദൈവഭക്തനായ ആ വിനീത ദാസന്‍, ഒരാളുടെ അഭിപ്രായം രാജ്യത്തൊട്ടാകെ അടിച്ചേല്‍പിക്കുന്നത് ശരിയല്ലെന്ന് പ്രത്യുത്തരം ചെയ്തു. ജനങ്ങള്‍ക്ക് വിയോജിക്കാനുള്ള സ്വാതന്ത്ര്യം വേണം.
അങ്ങനെ ഇസ്‌ലാമിക നിയമങ്ങളുടെ ക്രോഡീകരണം പൂര്‍ത്തീകരിക്കാനായില്ല. ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു ഇമാം അബൂഹനീഫ. വളരെയേറെ കഠിനാധ്വാനം ചെയ്താണ് അത് പൂര്‍ത്തീകരിക്കാനായത്. റോമിലെ ജസ്റ്റീനിയന്‍ നിയമസംഹിതയേക്കാള്‍ എന്തുകൊണ്ടും മനുഷ്യാവകാശങ്ങളോട് സക്രിയമായി പ്രതികരിക്കുന്നതാണ് ഇമാം അബൂഹനീഫ തയാറാക്കിയ ഈ നിയമസമാഹാരമെന്ന് വളരെ ആത്മവിശ്വാസത്തോടെ നമുക്ക് പറയാന്‍ കഴിയും.
വേറെയും നിയമജ്ഞരും അവരുടെ ശിഷ്യഗണങ്ങളുമൊക്കെയുണ്ട് ഈ കാലത്ത്. നാം നേരത്തെ പറഞ്ഞ പ്രവാചകാനുയായിയും പ്രമുഖ നിയമജ്ഞനുമായ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ നാലാം തലമുറയിലെ ശിഷ്യനാണ് ഇമാം അബൂഹനീഫ. മറ്റൊരു സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ഉമറിന്റെ ശിഷ്യന്റെ ശിഷ്യനാണ് ഇമാം മാലിക്. അദ്ദേഹമാണല്ലോ മാലികി ചിന്താസരണിയുടെ ഉപജ്ഞാതാവ്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് എന്ന സ്വഹാബിയായ നിയമജ്ഞന്റെ പല അഭിപ്രായങ്ങളും ഖവാരിജ് വിഭാഗങ്ങള്‍ സ്വീകരിക്കുകയുണ്ടായി. മറ്റൊരു പ്രവാചകാനുയായിയായ അലിയ്യുബ്‌നു അബീത്വാലിബിന്റെ നിയമവ്യാഖ്യാനങ്ങള്‍ സൈദ് ബ്‌നു അലിയിലൂടെയും ഇസ്‌നാ അശരികളിലൂടെയും ഫാത്വിമി ഇമാമുകളിലൂടെയുമാണ് നമുക്ക് ലഭിക്കുന്നത്. പിന്നെയും ഒരു തലമുറ കഴിഞ്ഞാണ് ഇമാം ശാഫിഈ വരുന്നത്. അദ്ദേഹം മുഹമ്മദ്ബ്‌നു ഹസന്റെ ശിഷ്യനാണ്. ഈ മുഹമ്മദ്, ഇമാം അബൂഹനീഫയുടെയും മാലികിന്റെയും ശിഷ്യനായിരുന്നു. ഇമാം ശാഫിഈയുടെ ശിഷ്യനാണ് ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഹമ്പലിന്റെ ശിഷ്യന്മാരിലൊരാളായ ദാവൂദ് ളാഹിരിയുടെതാണ് പില്‍ക്കാലത്ത് രൂപപ്പെട്ട ളാഹിരി ചിന്താസരണി. ചുരുക്കത്തില്‍, നിയമസംബന്ധിയായി നോക്കുമ്പോള്‍ ഈ വ്യത്യസ്ത ചിന്താസരണികള്‍ തമ്മിലൊന്നും അടിസ്ഥാനപരമായ ഭിന്നതകള്‍ ഇല്ല എന്ന് കണ്ടെത്താന്‍ കഴിയും. കാരണം ഈ പ്രഗത്ഭരായ ഇമാമുമാരെല്ലാം പര്‌സപരം ഗുരുക്കന്മാരും ശിഷ്യന്മാരുമാണല്ലോ. മറ്റുള്ളവരുടെ പാണ്ഡിത്യത്തെ ഇവരില്‍ ഓരോരുത്തരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഗുരുശിഷ്യ ഭേദമില്ലാതെ. അവരുടെ നിയമാവിഷ്‌കാരങ്ങള്‍ക്ക് അത്ഭുതകരമായ സാമ്യമുണ്ടാവുക അതിനാല്‍ സ്വാഭാവികം മാത്രം.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍