വേണ്ടത് കാലാനുസൃതമായ ഉന്നത വിദ്യാഭ്യാസം
സമൂലമായ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു വിഭാഗത്തിന്റെയും സാമൂഹിക ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ വളര്‍ച്ച സാധ്യമാകുന്നത് അവര്‍ കാലാനുസൃതമായ ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കുമ്പോഴാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട സച്ചാര്‍ കമീഷനും മണ്ഡല്‍ കമീഷനും നരേന്ദ്ര കമീഷനും അസന്ദിഗ്ധമായി പറഞ്ഞത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം പ്രാതിനിധ്യം തുലോം കുറവാണെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന്റെ പ്രാതിനിധ്യ കുറവ് അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കമീഷനുകളെയും റിപ്പോര്‍ട്ടുകളെയും കുറിച്ച് അക്കാദമികമായ നിരൂപണങ്ങളും ചര്‍ച്ചകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന മിക്ക സമുദായ നേതാക്കളും വേദികളും അതിന് പരിഹാരമാകേണ്ട ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കാറേ ഇല്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഗള്‍ഫ് പണത്തിന്റെയും സ്വാധീനഫലമായി കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളീയ മുസ്‌ലിം സമൂഹത്തില്‍ വിദ്യാഭ്യാസപരമായി അല്‍പം ഉണര്‍വുണ്ടായിട്ടുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസം, മത്സര പരീക്ഷകള്‍, ഉദ്യോഗം എന്നീ മേഖലകളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനായിട്ടില്ല എന്നതാണ് വസ്തുത.
ഉന്നത വിദ്യാഭ്യാസമെന്നാല്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് മാത്രമാണെന്നും സാമൂഹിക സാമ്പത്തിക പുരോഗതിയുടെ ഏക മാനദണ്ഡം ഇതാണെന്നുമുള്ള അപക്വ ധാരണയില്‍ മാനവിക-ശാസ്ത്ര-ഭാഷാപഠനത്തില്‍ നല്ല മിടുക്ക് കാണിക്കുന്ന വിദ്യാര്‍ഥികളെ വരെ പ്രഫഷണല്‍ മേഖലയിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴും രക്ഷിതാക്കള്‍. വിദ്യാര്‍ഥികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് രക്ഷിതാക്കള്‍ അവരെ മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പറഞ്ഞയക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന ന്യൂനതകളെയാണ് ഇത് എടുത്തുകാണിക്കുന്നത്.
യഥാര്‍ഥത്തില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേരുന്നവരില്‍ 40 ശതമാനം പേര്‍ മാത്രമാണ് വിജയിക്കുന്നത്. ബാക്കി 60 ശതമാനം പേരും തോല്‍ക്കുകയാണ്. പല കോളേജുകളിലും അഞ്ചും പത്തുമൊക്കെയാണ് വിജയ ശതമാനം. ഈയൊരു അവസ്ഥയിലാണ് നിലവാരമില്ലാത്ത എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ അടുത്തിടെ ഹൈക്കോടതി നിര്‍ദേശിച്ചത്. എല്ലാവരും ചേര്‍ന്ന് ജനങ്ങളില്‍നിന്ന് ബോധപൂര്‍വം മറച്ചുവെക്കുകയാണ് ഈ വിവരം. ബാംഗ്ലൂരില്‍ മാത്രമല്ല, കേരളത്തിലും തൊഴില്‍രഹിതരായ എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും എണ്ണം വര്‍ഷാവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മുക്കിലും മൂലയിലും ഏറ്റവും ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ അടുത്തെങ്കിലും ഒന്നിലധികം ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. എഞ്ചിനീയറിംഗോ മെഡിസിനോ കഴിഞ്ഞ ആര്‍ക്കെങ്കിലും അമ്പതിനായിരമോ ഒരു ലക്ഷമോ ശമ്പളത്തില്‍ ജോലി കിട്ടിയാല്‍ അത് വലിയ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ പരസ്യ പ്രതീക്ഷയാല്‍ ഇത്തരം വസ്തുതകള്‍ മിണ്ടാറേയില്ല.
വിഷയത്തില്‍ അഭുരിചി ഇല്ലാത്തവരെയും അയോഗ്യരെയും വമ്പിച്ച തലവരി കൊടുത്ത് പ്രവേശിപ്പിക്കുന്നതുകൊണ്ടാണ് ശരാശരി 60 ശതമാനവും ചിലയിടത്ത് 90-ഉം 95-ഉം ശതമാനവും വരെ വിദ്യാര്‍ഥികള്‍ തോല്‍ക്കുന്നത്. നമുക്ക് വേണ്ടി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതും, നമ്മുടെ ശരീരം കീറിമുറിച്ചും മരുന്നുകള്‍ കുത്തിവെച്ചും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതും ഇവരാണ്! എന്തൊരു ദാരുണമായ അവസ്ഥ! അസിസ്റ്റന്റ് സര്‍ജന്മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് സമാന്യ വിവരങ്ങള്‍ പോലുമില്ലെന്ന് കാണിച്ച് പി.എസ്.സി ചെയര്‍മാന്‍ ഈയിടെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍, സാമൂഹിക ബോധത്തില്‍ സാധാരണ മലയാളിയേക്കാള്‍ വളരെ താഴെയാണ് മെഡിക്കല്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തുവരുന്നവര്‍ എന്ന പരാമര്‍ശം ശ്രദ്ധേയമാണ്.
വ്യക്തികളാണ് ഗുണഭോക്താക്കള്‍, അതുകൊണ്ട് അവര്‍ പണം മുടക്കണം എന്നത് നവ ലിബറല്‍ സമീപനമാണ്. വിദ്യാഭ്യാസ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ പോലും ഈ സമീപനം സ്വീകരിച്ചിട്ടില്ല. സാമൂഹിക നിര്‍മാണപ്രക്രിയയായും വിഭവ ശേഷിയുടെ വളര്‍ച്ചയായുമാണ് അവര്‍ വിദ്യാഭ്യാസത്തെ കാണുന്നത്. ലോകോത്തരമായ 200 സര്‍വകലാശാലകളില്‍ 76-ഉം അമേരിക്കയിലാണ്. ഇതില്‍ ഹാര്‍വാര്‍ഡ് അടക്കം പലതും സ്വകാര്യ സര്‍വകലാശാലകളാണ്. ഇവയൊക്കെ മൊത്തം ചെലവിന്റെ 25-30 ശതമാനം മാത്രമേ കുട്ടികളില്‍നിന്ന് ഫീസായി ഈടാക്കുന്നുള്ളൂ. ബാക്കി എന്‍ഡോവ്‌മെന്റുകളോ സര്‍ക്കാറോ നല്‍കും. ലോകത്തെ മികച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും വാര്‍ത്തെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതാണ് ഈ സര്‍വകലാശാലകളുടെ വിജയവും. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ്. വിദ്യാഭ്യാസ കച്ചവടം ലോകത്താകെയുള്ള നടപ്പുരീതിയാണ് എന്ന കള്ളപ്രചാരണം നടത്തി ലാഭക്കൊതിയന്മാരുടെ കീശ വീര്‍പ്പിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ധര്‍മവും ദൗത്യവും തിരിച്ചറിയാതെ നമ്മുടെ മക്കളെ നാം കുരുതി കൊടുത്തുകൊണ്ടിരിക്കുന്നു.
കേരളത്തില്‍നിന്ന് എസ്.എസ്.എല്‍.സി/പ്ലസ്ടു പഠിച്ചിറങ്ങുന്ന കുട്ടികളുടെ ചോദ്യം കൂടുതല്‍ സ്‌കോപ്പുള്ള കോഴ്‌സ് ഏതാണ് എന്നാണ്. അവര്‍ കണ്ടെത്തുന്ന ഉത്തരങ്ങളില്‍ ഡോക്ടറും എഞ്ചിനീയറിംഗുമല്ലാത്ത ഉപരി പഠന സാധ്യതകള്‍ ഒന്നും തെളിഞ്ഞു വരാറില്ല. രക്ഷിതാക്കളും അധ്യാപകരുമാണ് ഈ ധാരണ അവരുടെ മനസ്സില്‍ സൃഷ്ടിക്കുന്നത്.
മാനവിക-ഭാഷാ-ശാസ്ത്ര പഠന മേഖലയിലൂടെ സഞ്ചരിച്ചാല്‍ ഒരു പ്രഫഷണല്‍ ആയിത്തീരില്ലെന്ന അന്ധമായ ധാരണ നമ്മുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിനെ മറികടന്ന് ഏതെങ്കിലും ഒരു വിദ്യാര്‍ഥി സ്വന്തം താല്‍പര്യ പ്രകാരം ശാസ്ത്ര-മാനവിക-ഭാഷാ വിഷയങ്ങളോ മറ്റോ തെരഞ്ഞെടുത്ത് കേരളത്തിന് അകത്തോ പുറത്തോ പ്രവേശന പരീക്ഷാ യോഗ്യത നേടിയാല്‍ അവനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആശങ്ക ജനിപ്പിച്ച് അവനെ തളര്‍ത്താനാണ് സമൂഹവും രക്ഷിതാക്കളും ശ്രമിക്കുക. കേരളത്തിലെ ഒട്ടുമിക്ക മത സംഘടനകളും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. എഞ്ചി/മെഡിക്കലിനാണ് അവിടെയും മുന്‍ഗണന. മെഡിസിനോ എഞ്ചിനീയറിംഗിനോ മറ്റു പ്രഫഷണല്‍ കോഴ്‌സുകള്‍ക്കോ അഡ്മിഷന്‍ കിട്ടാത്ത വിഭാഗമാണ് ഇന്ന് ശാസ്ത്ര- -മാനവിക ഭാഷാ പഠനത്തിന് എത്തുന്നത്. ഇവരില്‍നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അധ്യാപകര്‍ വരെ പറയുന്നത്. തൊഴില്‍പരമായി മുന്നേറാന്‍ ഉപകാരപ്പെടാത്ത വിഷയങ്ങളായതിനാല്‍ അവയൊക്കെ പഠിക്കാന്‍ ഉത്തരേന്ത്യയില്‍ ഒന്നും പോകേണ്ടതില്ല, നാട്ടിന്‍പുറത്തെ ട്യൂട്ടോറിയല്‍ കോളേജുകള്‍ മതി എന്ന അപക്വ ധാരണയും സമുദായത്തിനകത്ത് പ്രബലമാണ്.
രാജ്യത്തെ പ്രധാന യൂനിവേഴ്‌സിറ്റികളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളുമെല്ലാം ശാസ്ത്രീയ മാനവിക ഭാഷാ വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഏഷ്യയില്‍ തന്നെ മികച്ച അക്കാദമിക ഗവേഷണ സൗകര്യമൊരുക്കിയും സിലബസ് പുതുക്കിയുമാണ് രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ മാനവിക വിഷയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.
കേരളത്തിലെ യൂനിവേഴ്‌സിറ്റികളില്‍ മാനവിക ശാസ്ത്ര-ഭാഷാവിഷയങ്ങളിലെ സിലബസ്സുകള്‍ പലതും പണ്ടെന്നോ ആരോ നിര്‍മിച്ചതാണ്. കാലാനുസൃതമായ മാറ്റമോ നവീന രീതികളോ വരുത്താതെ ഇന്നും അവ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, കേരളത്തിന് പുറത്ത് ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്ര സംസ്ഥാന കല്‍പിത സര്‍വകലാശാലകള്‍, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ശാസ്ത്ര -മാനവിക ഭാഷാ പഠനങ്ങളിലെ മികവും ഗവേഷണങ്ങളും കേരളീയര്‍ അറിയാറില്ല. ഇങ്ങനെയുള്ള ചില സ്ഥാപനങ്ങള്‍ കേരളത്തിലുമുണ്ട്. അതില്‍ പ്രധാനമാണ് ലോകോത്തര നിലവാരം പുലര്‍ത്തുന്ന, കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി, കണ്ണൂരിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി, രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി, ലക്ഷ്മി ഭായ് നാഷ്ണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, ഏഴിമല നാവിക അക്കാദമി, നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹെയറിംഗ് തുടങ്ങിയവ. ലോക നിലവാരമുള്ള ഇത്തരം സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. വന്‍കിട കമ്പനികള്‍ വരെ അവര്‍ക്കാവശ്യമുള്ളവരെ തേടി പണച്ചാക്കുമായി എത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് മികച്ച ജോലിയും സര്‍ട്ടിഫിക്കറും കരസ്ഥമാക്കി പറക്കുന്നത് മഹാരാഷ്ട്രക്കാരനും ബിഹാരിയും യു.പിക്കാരനുമൊക്കെയാണ്. എഞ്ചിനീയറിംഗിനും മെഡിസിനും വര്‍ഷം തോറും പതിനായിരങ്ങള്‍ ചെലവഴിക്കുന്ന മലയാളി ന്യൂ ജനറേഷന്‍ കോഴ്‌സുകളിലേക്കും പുതിയ ലോകത്തെ അവസരങ്ങളിലേക്കും പ്രവേശിക്കാന്‍ അറച്ചു നില്‍ക്കുന്നു. ഐ.ഐ.എമ്മുകളിലും ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും മറ്റു പ്രധാന സ്ഥാപനങ്ങളിലും മാനവിക -ശാസ്ത്ര- ഭാഷാ പഠനങ്ങള്‍ക്ക് മികച്ച സൗകര്യമാണ് ഒരുക്കുന്നത് എന്നത് നമുക്ക് പലപ്പോഴും പുതിയ വിവരമാണ്.
മാനവിക വിഷയങ്ങളായ സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സാമ്പത്തിക ശാസ്ത്രം, വിദ്യാഭ്യാസ പഠനം, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, വികസന പഠനങ്ങള്‍ എന്നീ കോഴ്‌സുകള്‍ക്കുള്ള ജോലി സാധ്യതയെക്കുറിച്ച് നാം ബോധവാന്മാരല്ല. സ്‌കൂളിലെയും ആശുപത്രികളിലെയും കൗണ്‍സിലര്‍മാര്‍ മുതല്‍ ഐക്യ രാഷ്ട്ര സഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത തസ്തികകള്‍ വരെ എത്താവുന്ന മേഖലയാണിത്. സാമൂഹിക സേവന ഉദ്യോഗ വിഭാഗങ്ങളിലും സര്‍ക്കാരിതര സംഘടന (എന്‍.ജി.ഒ)കളിലും ഗവേഷണ കേന്ദ്രങ്ങളിലുമൊക്കെ ഇവര്‍ക്ക് ഉയര്‍ന്ന വേതനത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങളുണ്ട്. ഈ മേഖലയില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള ഗവേഷണവുമാകാം.
ഭൂമിശാസ്ത്ര പഠനം, നിയമപഠനം, തത്ത്വശാസ്ത്രം, ചരിത്ര പഠനം, വികസന പഠനം, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ പഠനം, ലൈബ്രറി ആന്റ് ഇന്‍ഫെര്‍മേഷന്‍ സയന്‍സ് മാനേജ്‌മെന്റ് പഠനം എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഏതു കാലത്തും നിരവധി അവസരങ്ങളുള്ളതാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി തുടങ്ങിയ ഭാഷാ പഠിതാക്കള്‍ക്ക് അധ്യാപന ഫീല്‍ഡില്‍ മാത്രമല്ല, എംബസികള്‍, രാജ്യസഭ, നിയമസഭ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് വിവര്‍ത്തകരായും മറ്റുമുള്ള ജോലിസാധ്യതയുണ്ട്.
അടുത്ത കാലത്തായി സാമ്പത്തിക വാണിജ്യ പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സി.എ, സി.എസ്, ഐ.സിഡബ്ല്യ.എ എന്നിവക്ക് ചേരുന്നവര്‍ ധാരാളമാണ്. മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് പഠിക്കുന്നതാണ് അഭികാമ്യം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയായ CAT, MAT, ATMA, CEMAT, IIFT, ICE തുടങ്ങിയ പ്രവേശന പരീക്ഷകള്‍ വഴി ഐ.ഐ.എമ്മിലും ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും കേന്ദ്ര സര്‍വകലാശാലകളിലും പ്രവേശനം കിട്ടുമെങ്കില്‍ വിദേശ പഠനത്തെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട.
സമുദായം വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത മേഖലയാണ് ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസ്. രാജ്യത്തിന്റെ സുപ്രധാനമായ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും ബജറ്റ്-നിയമ-ഭരണ പ്രക്രിയയകളിലും വലിയ ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ളത്. തന്നെയുമല്ല, ജനസേവനത്തിനും പൊതുജനബന്ധങ്ങള്‍ക്കും സ്ഥായിയായ വികസനത്തിനും വലിയ അവസരം തുറന്നുതരുന്നുണ്ട് ഈ മേഖല. കഠിന മത്സര പരീക്ഷകള്‍ക്ക് നല്ല മുന്നൊരുക്കം നടത്തിയാല്‍ നമുക്ക് എളുപ്പം എത്തിപ്പിടിക്കാവുന്നത് തന്നെയായായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ 27 ശതമാനം ഒ.ബി.സി സംവരണവും വന്നതോടെ സാധ്യത കൂടിയിരിക്കുകയാണ്.
യു.ജി.സിയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കാര്യമായ ഊന്നല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പദ്ധതികള്‍ക്കാണ്. റെസിഡന്‍ഷ്യല്‍ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കല്‍, മത്സര പരീക്ഷകള്‍ക്കുള്ള പുതിയ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി നടക്കുക. കേന്ദ്ര സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളില്‍ സിവില്‍ സര്‍വീസ് പോലുള്ള ഉന്നത കടുത്ത മത്സരപ്പരീക്ഷകള്‍ക്കുള്ള മികച്ച പരിശീലന ക്ലാസുകളിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണവുമുണ്ട്. സമുദായത്തിന്റെ ആദര്‍ശപരമായ ബാധ്യതയായും മുഖ്യ അജണ്ടയായും വിദ്യാഭ്യാസത്തെ കാണാത്തിടത്തോളം കാലം പദ്ധതികളൊക്കെയും സ്വപ്നമായി അവശേഷിക്കും.
Comments