അവയവദാനത്തിന്റെ ഇസ്‌ലാമികമാനം
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ് സാര്‍വജനീനവും സാര്‍വകാലികവുമായ ഒരു ജീവിതമാര്‍ഗം നമുക്ക് അരുളിയത്. മനുഷ്യനെ സൃഷ്ടിച്ച തമ്പുരാനറിയാം അവന്റെ ശരീരത്തിന്റെ നന്മയും നേട്ടവും എന്തിലാണെന്ന്; തിന്മയും കോട്ടവും എന്തിലാണെന്നും.
ഏത് കാലത്തും മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പൊതുമാര്‍ഗനിര്‍ദേശങ്ങളുണ്ട് ഇസ്‌ലാമില്‍; ധാരാളം വിശദ നിയമങ്ങളുമുണ്ട്. ആധുനിക സാങ്കേതിക ഭാഷയില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് ഒരു വൈദ്യശാസ്ത്ര ശാഖ തന്നെയുണ്ട്. പുതുതായി കണ്ടെത്തുന്ന വൈദ്യശാസ്ത്ര തത്ത്വങ്ങളും രോഗചികിത്സാരീതികളും ഇസ്‌ലാമികമായി വിലയിരുത്തുന്ന ശാഖയാണത്. അത് പ്രാവര്‍ത്തികമാക്കാന്‍ ഭിഷഗ്വരന്മാരും മതപണ്ഡിതന്മാരും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തുന്ന ഒരു വേദിയും രൂപം കൊണ്ടിരിക്കുന്നു. ഇങ്ങനെ വിശദമായി ചര്‍ച്ച ചെയ്ത വിഷയമാണ് അവയവദാനം. അവയവം മാറ്റിവെക്കുന്നത് ഒരു രോഗചികിത്സാരീതിയാണ്. നബി(സ) രോഗചികിത്സക്ക് പ്രേരണ നല്‍കിയിട്ടുണ്ട്: ''ദൈവദാസരേ, രോഗചികിത്സ നടത്തുക. അല്ലാഹു എല്ലാ രോഗങ്ങള്‍ക്കും ഔഷധം ഉണ്ടാക്കിയിട്ടുണ്ട്. മരുന്ന് രോഗത്തെ അതിജയിച്ചാല്‍ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് രോഗം സുഖപ്പെടും.'' ഈ പുതിയ ചികിത്സാ രീതിയില്‍ അനേകം സങ്കീര്‍ണതകളുള്ളതിനാല്‍ അതിന്റെ ഒരു സംക്ഷിപ്തവിവരണം പ്രയോജനകരമായിരിക്കും.
അവയവ മാറ്റം
ശരീരത്തിലെ ചില അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായാല്‍ അതിന്റെ പ്രത്യാഘാതം ആകസ്മിക മരണമായിരിക്കും. ഈ അവയവത്തിന്റെ ധര്‍മം നിര്‍വഹിക്കാനുള്ള ഒരു പകരക്കാരനെ ലഭിച്ചാല്‍ ജീവന്‍ നിലനിര്‍ത്താനാവും. ഇതാണ് അവയവങ്ങള്‍ പറിച്ചുനടാനുള്ള പ്രചോദനം. പ്രധാന ആന്തരികാവയവങ്ങളെയും ഇങ്ങനെ ട്രാന്‍സ്പ്ലാന്റിനു വിധേയമാക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. കുടലുകള്‍,തൈമസ്ഗ്രന്ഥികള്‍, ഗര്‍ഭപാത്രം എന്നീ അവയവങ്ങളാണ് പറിച്ചുനടുന്നവയില്‍ പ്രധാനം. ചില കോശങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അവയവത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു. ഉദാഹരണമായി കണ്ണിന്റെ കോര്‍ണിയ മാറ്റിവെച്ചാല്‍ കാഴ്ച തിരിച്ചുകിട്ടുന്നു. ശരീരത്തിന്റെ ഗോപ്യ ഭാഗങ്ങളില്‍നിന്ന് ചര്‍മമെടുത്ത് മുഖം, കൈ പോലുള്ള അവയവങ്ങളില്‍ വന്നുപോയ ചര്‍മനാശത്തിന് പരിഹാരമുണ്ടാക്കുന്നു. തീപ്പൊള്ളലേറ്റ് വികൃതമായേടത്താണ് ഈ ചികിത്സ കൂടുതലായി ചെയ്യാറുള്ളത്. ചില പേശികള്‍ മാറ്റിവെക്കുക, അസ്ഥികള്‍ മാറ്റിവെക്കുക എന്നിവ ഇപ്പോള്‍ സാധാരണമാണ്.
അവയവങ്ങള്‍ മാറ്റിവെക്കുന്നത് പ്രധാനമായും രണ്ടു രൂപത്തിലാവാം. ഒന്ന്, ഒരാളുടെ ശരീര ഭാഗത്തില്‍ നിന്നെടുത്ത് അയാളില്‍ തന്നെ ഉപയോഗിക്കുന്ന രീതി. ഇംഗ്ലീഷില്‍ ഓട്ടോഗ്രാഫ്റ്റ് എന്ന് വിളിക്കുന്ന ഈ രീതി താരതമ്യേന പ്രയാസം കുറഞ്ഞതും വിജയസാധ്യത കൂടുതലുള്ളതുമാണ്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് മാറ്റിവെക്കുമ്പോള്‍ അതിനെ അലോഗ്രാഫ്റ്റ് എന്നുവിളിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ശരീരങ്ങള്‍ പരസ്പരം യോജിക്കുന്നവയായിരിക്കണം. രക്തഗ്രൂപ്പ്, തന്മാത്രയുടെ പൊരുത്തം തുടങ്ങി അനേകം ഘടകങ്ങള്‍ ശസ്ത്രക്രിയയുടെ വിജയത്തിന് അടിസ്ഥാനമായുണ്ട്. ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ പൂര്‍ണ പൊരുത്തമുണ്ടെങ്കിലും ശരീരം നവാഗതനെ സ്വീകരിക്കാതിരിക്കാം. ഇതിനെ മറികടക്കാനുള്ള ഔഷധങ്ങള്‍ തുടര്‍ച്ചയായി കഴിക്കുകയാണ് പ്രതിവിധി. അതുകൊണ്ടും പ്രശ്‌നം പരിഹരിക്കാതാവുമ്പോള്‍ ശസ്ത്രക്രിയ പരാജയപ്പെടുന്നു.
ഒരാളുടെ ഹൃദയമിടിപ്പ് നിലച്ച് 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാറ്റിവെക്കുന്ന ശരീരഭാഗത്തിന് ജീവന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അപ്പോള്‍ മുറിച്ചെടുത്താല്‍ ചില രോഗികളില്‍ അവ മാറ്റിവെക്കാം. ചില അവയവങ്ങള്‍ ഉടനെ മാറ്റിവെക്കണം. മറ്റുചിലത് ശാസ്ത്രീയമായി സൂക്ഷിച്ചാല്‍ അഞ്ചുവര്‍ഷംവരെ ഉപയോഗിക്കാന്‍ പറ്റും.
അപകടങ്ങളില്‍ മരിക്കുന്നവര്‍, മസ്തിഷ്‌കമരണം സംഭവിച്ചവര്‍ എന്നിവരുടെ അവയവങ്ങളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. സ്വാഭാവിക മരണം സംഭവിക്കുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയക്ക് സാധിച്ചാല്‍ അവയവങ്ങളില്‍ പലതും ഉപയോഗപ്പെടുത്താം.
ഒരാളുടെ ശരീരത്തില്‍ ഒരേ ധര്‍മം നിര്‍വഹിക്കുന്ന ഒന്നിലധികം അവയവമുണ്ടെങ്കില്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിലൊന്ന് ദാനം ചെയ്ത് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാം. ഇതില്‍ പ്രധാനം വൃക്ക മാറ്റമാണ്. ശരീരത്തില്‍ വീണ്ടും വളര്‍ന്നുവരാന്‍ സാധ്യതയുള്ള ചര്‍മം, രക്തം, മജ്ജ മുതലായവയും ജീവിക്കുമ്പോള്‍ ദാനം ചെയ്യാം.
ഉപര്യുക്ത വസ്തുതകളുടെ വെളിച്ചത്തില്‍ ഈ ചികിത്സാ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അവയവങ്ങളുടെ ശേഖരണവും വില്‍പ്പനയും ദേശങ്ങള്‍ കടന്നുള്ള ബിസിനസായി മാറിയിരിക്കുന്നു. ധാരാളം ഏജന്റുമാര്‍ കണ്ണിചേര്‍ന്ന ഒരു ശൃംഖലയാണിത്. ഇതില്‍ സനാതന മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുക സ്വാഭാവികം.
സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു ചികിത്സാരീതിയായി അവയവമാറ്റം വളര്‍ന്നുവന്നതിന്റെ കാരണമിതാണ്. ആശുപത്രികളില്‍ ചികിത്സ തേടി വരുന്നവര്‍, തടവുകാര്‍, വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ തുടങ്ങിയവരില്‍നിന്ന് സമ്മതമില്ലാതെ അവയവങ്ങളെടുക്കുന്നതും അസാധാരണമല്ല. അവയവ വ്യാപാരമാണ് വിഷയത്തിന്റെ ഏറ്റവും വികൃതമായ മുഖം. ദാതാക്കളെ പ്രലോഭിപ്പിച്ച് നിസ്സാര വിലക്ക് അവയവങ്ങള്‍ തട്ടിയെടുത്ത് കൊള്ളലാഭമുണ്ടാക്കുന്ന വ്യാപാരശൃംഖലകളുണ്ട്. അവയവങ്ങള്‍ വേണ്ട സമയത്ത് നല്‍കുന്ന അവയവ ബാങ്കുകളുമുണ്ട്.
ദാതാവിന്റെ രക്തവും ശരീരവും പരിശോധിക്കുന്നതോടൊപ്പം അയാളുടെ ജീവിതശൈലി, നാലോ അഞ്ചോ വര്‍ഷത്തെ ആരോഗ്യചരിത്രം, യാത്ര ചെയ്ത നാടുകള്‍ മുതലായവ പരിശോധിച്ചാലേ അവയവദാനത്തിലൂടെ മാരകമായ രോഗങ്ങള്‍ പകരുന്നത് തടയാനാവൂ. എയ്ഡ്‌സ് രോഗം പരത്തുന്ന എച്ച്.ഐ.വി വൈറസിന്റെ സാന്നിധ്യം രക്തപരിശോധനയില്‍ തെളിയണമെങ്കില്‍ അത് ബാധിച്ച് നാലഞ്ചു വര്‍ഷമെങ്കിലുമെടുക്കും. രക്തപരിശോധനയില്‍ ശുദ്ധമായി തോന്നുന്നതിനാല്‍ കുഴപ്പമൊന്നും കാണില്ല എന്നതിനാല്‍ ഈ കാലയളവില്‍ നല്‍കുന്ന രക്തം സ്വീകരിച്ച വ്യക്തിക്ക് എച്ച്.ഐ.വി ബാധയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണാനാവില്ല. ഇത്തരം ഭീഷണികളെ നേരിടാന്‍ അമേരിക്കയില്‍ അവയവദാന നിരീക്ഷണത്തിന് പ്രത്യേകം സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ലോകം ഇതൊന്നും വിഷയമാക്കാറില്ല! മനുഷ്യ ശരീരത്തില്‍ ഒരന്യവസ്തു കയറിയാല്‍ അതിനെ തിരസ്‌കരിക്കാനും പുറംതള്ളാനുമുള്ള ജനിതക സംവിധാനമുണ്ട്. ഈ സംവിധാനമാണ് അവയവ മാറ്റത്തിന് വിനയായി മാറിയത്. ശരീരത്തിന്റെ ഈ പ്രതിരോധ സംവിധാനത്തില്‍ ഔഷധങ്ങളുപയോഗിച്ച് ക്രമീകരണം സാധിച്ചാണ് മാറ്റിവെച്ച അവയവം പ്രവര്‍ത്തനക്ഷമമാക്കുന്നത്.
മനുഷ്യ മസ്തിഷ്‌കമല്ലാത്ത എല്ലാ അവയവവും മാറ്റിവെക്കാമെന്നാണിപ്പോള്‍ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അവയുടെ വിജയ സാധ്യത ഒരുപോലെയല്ല. കൂടുതല്‍ ആവശ്യമായതിനാല്‍ വൃക്കകളാണ് ഏറ്റവുമധികം മാറ്റിവെക്കപ്പെടുന്നത്. ജീവനുള്ള ശരീരത്തില്‍നിന്നാവുന്നതിനാലും ധാരാളം ഗവേഷണങ്ങള്‍ നടത്തി തിരസ്‌കാരം തടയാന്‍ സാധിച്ചതിനാലും വിജയസാധ്യത 80 ശതമാനത്തിലേറെയുള്ള അവയവ മാറ്റമാണിത്. മാറ്റിവെക്കപ്പെടുന്ന ആന്തരാവയവങ്ങളില്‍ കരള്‍ രണ്ടാം സ്ഥാനത്ത് വരുന്നു. കരള്‍ ഭാഗികമായി മാറ്റിവെക്കുന്നതിനെക്കാള്‍ പൂര്‍ണമായി മാറ്റിവെക്കുന്നതാണ് വിജയകരം. എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍നിന്ന് അത് സാധ്യമല്ല.
കോശങ്ങള്‍ മാറ്റിവെക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണിന്റെ കോര്‍ണിയയാണ്. പൊതുവെ സങ്കീര്‍ണത കുറഞ്ഞതും വിജയ ശതമാനം വളരെ ഉയര്‍ന്നതുമാണത്. പേശിയും അസ്ഥിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കളുടെ മാറ്റവും ഏറെ പ്രചാരമുള്ളതാണ്. ഒരു വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് നടക്കുന്നതായാണ് കണക്ക്.
രക്താര്‍ബുദം ബാധിച്ച രോഗിയുടെ മജ്ജയിലുള്ള സ്റ്റെം സെല്‍ (Stem Cell) മാറ്റിവെക്കുന്ന ചികിത്സ വൈദ്യശാസ്ത്രത്തിന്റെ ഒരു സുപ്രധാന നേട്ടമാണ്. കാന്‍സര്‍ വൈറസിനെ പൂര്‍ണമായും നശിപ്പിച്ച ശേഷം വേണം സ്റ്റെംസെല്‍ മാറ്റി നല്‍കാന്‍. ഇതിന് ദാതാവിന്റെയും രോഗിയുടെയും മജ്ജയും രക്തവും പൂര്‍ണമായും പൊരുത്തപ്പെടുന്നവയായിരിക്കണം. കീമോതെറാപ്പിക്ക് ശേഷം നടത്തുന്ന ചികിത്സയായതിനാല്‍ ഇതില്‍ നിരന്തര നിരീക്ഷണവും ഔഷധപ്രയോഗവും വേണം. ഒരാളുടെ ശരീരാവയവം ക്ലോണിംഗിലൂടെ പുനഃസൃഷ്ടിച്ച് ഉപയോഗിക്കാനാവുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ക്ലോണിംഗിനെ നിഷേധാത്മകമായി സമീപിച്ചിരുന്നവരെ മാറ്റിചിന്തിപ്പിച്ച ശാസ്ത്രീയ നേട്ടമാണിത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് മനസ്സിലാകുന്നത്. ധാര്‍മികമായി പ്രശ്‌നങ്ങളില്ലാത്ത രീതിയാണിത്. വരുംതലമുറകള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് നമുക്കാശിക്കാം.
ജീവിത നിലവാരമനുസരിച്ചു അവയവ ബാങ്കുകളില്‍ വിലനിലവാരത്തില്‍ വ്യത്യാസം കാണും. അമേരിക്കയില്‍ ഒരു വൃക്കയുടെ വില 15000 ഡോളറാണ് (7.5 ലക്ഷം രൂപ). ലിവറിന് പിന്നെയും കൂടും, 32000 ഡോളര്‍ (16 ലക്ഷം രൂപ). ഇറാനില്‍ 60000 രൂപക്ക് വൃക്കയും 1.25 ലക്ഷം രൂപക്ക് ലിവറും കിട്ടും. ഇന്ത്യയില്‍ യഥാക്രമം 40,000, 60,000 രൂപ എന്നിങ്ങനെയാണ് വില. അമേരിക്കയില്‍ ഒരു ലക്ഷം പേര്‍ അനുയോജ്യമായ കിഡ്‌നി കാത്തിരിക്കുന്നു. ഇതില്‍ 40% മുതല്‍ 50% വരെ ദാതാവിനെ ലഭിക്കാതെ മരിച്ചുപോകുന്നു. മാറ്റിവെച്ചാല്‍ തന്നെ പരമാവധി ആയുസ്സ് 10 വര്‍ഷമാണ്. അടുത്ത കാലത്ത് എലികളില്‍ കൃത്രിമ കിഡ്‌നി മാറ്റിവെക്കല്‍ വിജയകരമായി പരീക്ഷിക്കുകയുണ്ടായി. കൃത്രിമ കിഡ്‌നി മനുഷ്യരില്‍ വിജയിച്ചാല്‍ വൃക്കയുടെ ലഭ്യത പ്രശ്‌നമായിരിക്കില്ല. ഒരാളുടെ തന്നെ കോശങ്ങളുപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ തിരസ്‌കരിക്കാനോ ശരീരവുമായി യോജിക്കാതെ പ്രവര്‍ത്തനം മുടങ്ങാനോ ഉള്ള സാധ്യത വളരെ കുറവാണുതാനും. കൃത്രിമ വൃക്കകളുടെ പ്രവര്‍ത്തനം കൂടുതല്‍ നീണ്ടുനില്‍ക്കുമെന്നും ശാസ്ത്രജ്ഞന്മാര്‍ പ്രതീക്ഷിക്കുന്നു. അവയവ മാറ്റം ആധുനിക കാലത്ത് എത്ര പ്രധാനമാണെന്ന് ഈ സംക്ഷിപ്ത വിവരണത്തില്‍നിന്ന് മനസ്സിലാക്കാം. ഗര്‍ഭപാത്രമില്ലാതെ ജനിച്ച ഒരു സ്ത്രീ ഗര്‍ഭപാത്രം വെച്ചുപിടിപ്പിച്ചശേഷം ഗര്‍ഭിണിയായ വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. വൈദ്യശാസ്ത്രരംഗത്തെ വമ്പിച്ച കുതിപ്പുകളാണിതെല്ലാം.
ഇതിന്റെ ഇസ്‌ലാമിക മാനമാണ് നമുക്കിനി പരിശോധിക്കാനുള്ളത്. രക്തദാനം ഇന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നു. അനേകം പേരെ മരണവക്ത്രത്തില്‍നിന്ന് അതുവഴി രക്ഷിക്കാന്‍ കഴിയുന്നുണ്ട്. ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന രക്തം ദാനം ചെയ്യാമെങ്കില്‍, ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അനിവാര്യമായ ഒരവയവം ദാനം ചെയ്യുന്നതും അനുവദനീയമാവുമല്ലോ. എന്നാല്‍ ദാനം കൊണ്ട് ദാതാവിന് സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കില്‍ അത് ചെയ്യാന്‍ പാടില്ല. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി പരിശോധിക്കേണ്ടതുണ്ട്. നവംനവങ്ങളായ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ ഗവേഷണ പഠനത്തിലൂടെ അവയുടെ ഇസ്‌ലാമിക വിധി നിര്‍ണയിക്കാന്‍ മുസ്‌ലിം ലോകപണ്ഡിതന്മാര്‍ രൂപം നല്‍കിയ കര്‍മശാസ്ത്ര പണ്ഡിത സഭയാണ് ''മുജമ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി.'' ആധുനിക ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ അസാധ്യമെന്ന് തോന്നിയിരുന്ന പലതും ഇപ്പോള്‍ സാധ്യമായിരിക്കുന്നു. ഈ ശാസ്ത്രപുരോഗതി രോഗചികിത്സക്കും ആരോഗ്യസംരക്ഷണത്തിനും ഉപയുക്തമാക്കാനുള്ള ഗവേഷണങ്ങള്‍ മുമ്പൊന്നുമില്ലാത്ത വിജയം കൈവരിച്ചിരിക്കുകയാണിന്ന്. ഇവയുടെ ഇസ്‌ലാമിക വിധികളറിയാന്‍ വെമ്പല്‍കൊള്ളുന്ന ധാരാളം പേരുണ്ട്. അവരുടെ തൃഷ്ണ ശമിപ്പിക്കാന്‍ ആധികാരികമായി ലഭിക്കുന്ന മതവിധി (ഫത്‌വ) അവലംബിക്കുകയാണ് ശരിയായ പോംവഴി.
കര്‍മശാസ്ത്രസമിതിയുടെ വിധി
അവയവദാനമെന്ന വിഷയത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രസമിതി പുറപ്പെടുവിച്ച വിധിയാണ് വായനക്കാരുടെ മുമ്പില്‍ വെക്കുന്നത്. അടിസ്ഥാനപരമായ പല കാര്യങ്ങളുമുള്‍ക്കൊള്ളുന്ന ഒരു മതവിധിയാണിത്.
1. ശരീരത്തിന്റെ ഒരു ഭാഗത്തുള്ള ഒരവയവം മറ്റൊരു ഭാഗത്തേക്കു നീക്കാം. ഇതുകൊണ്ട് ലഭ്യമാകുന്ന പ്രയോജനം അതുകൊണ്ടുള്ള ദോഷത്തെക്കാള്‍ കൂടുതലായിരിക്കണം. ഈ മാറ്റം നഷ്ടപ്പെട്ട ഒരവയവം ഉണ്ടാക്കാനോ, അതിന്റെ ശരിയായ രൂപം തിരിച്ചെടുക്കാനോ, അതിന് ശരീരത്തില്‍ നിര്‍വഹിക്കാനുള്ള ധര്‍മം വീണ്ടെടുക്കാനോ, ശരീരത്തിനേറ്റ ഒരു ന്യൂനതയോ വൈരൂപ്യമോ പരിഹരിക്കാനോ വേണ്ടിയാവണം.
2. ഒരാളുടെ ശരീരത്തില്‍നിന്ന് മറ്റൊരാളുടെ ശരീരത്തിലേക്ക് അവയവം മാറ്റിവെക്കാം. ഇങ്ങനെ മാറ്റിവെക്കുന്നത് വളരുന്ന ശരീരഭാഗമായിരിക്കണം. രക്തം, ചര്‍മം എന്നിവ ഉദാഹരണം. ഇങ്ങനെ ചെയ്യാന്‍ സമ്മതം നല്‍കാന്‍ ദാതാവിന് അധികാരമുണ്ടായിരിക്കണം. നിയമപരമായി പരിഗണിക്കേണ്ട നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.
3. ഒരാളുടെ ഒരവയവം ശരീരത്തില്‍നിന്ന് മുറിച്ചുമാറ്റുകയാണെങ്കില്‍ അതിന്റെ ഒരു ഭാഗം മറ്റൊരാളുടെ ശരീരത്തില്‍ നടാം. കണ്ണ് മാറുമ്പോള്‍ അതില്‍നിന്ന് കോര്‍ണിയ മറ്റൊരാള്‍ക്ക് മാറ്റിവെക്കുന്നത് ഉദാഹരണം.
4. ജീവന്‍ നിലനില്‍ക്കാന്‍ അനിവാര്യമായ ഏതെങ്കിലും അവയവം, ജീവിച്ചിരിക്കെ ഒരാള്‍ മറ്റൊരാളിലേക്ക് മാറ്റുന്നത് നിഷിദ്ധമാണ്. ഹൃദയം, കരള്‍ ഉദാഹരണം.
5. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശാരീരിക ധര്‍മത്തിന് ഭംഗം വരുന്ന രീതിയില്‍ അവയവമോ, അവയവ ഭാഗമോ മുറിച്ചു മാറ്റാന്‍ പാടില്ല. അത് ജീവന് നേര്‍ക്കു നേരെ ഹാനികരമല്ലെന്നിരുന്നാലും. എന്നാല്‍ ശാരീരിക ധര്‍മത്തെ ഭാഗികമായി മാത്രം ബാധിക്കുന്നതാണെങ്കില്‍ അത്തരം അവയവ മാറ്റത്തിന്റെ വിധി പഠനവിധേയമാണ് (എട്ടാം ഖണ്ഡിക ശ്രദ്ധിക്കുക, കൂടുതല്‍ ഗവേഷണം വേണമെന്നര്‍ഥം).
6. ഒരു മൃതശരീരത്തില്‍നിന്ന്, ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായതോ, അടിസ്ഥാന ധര്‍മങ്ങള്‍ക്കനിവാര്യമായതോ ആയ അവയവം ജീവനുള്ള വ്യക്തിയിലേക്ക് മാറ്റാം. മരിച്ചവ്യക്തിയോ, അയാളുടെ അനന്തരാവകാശികളോ സമ്മതിച്ചാല്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ പാടുള്ളൂ. മരിച്ചത് അജ്ഞാതനോ, അനന്തരാവകാശികളില്ലാത്തവനോ ആണെങ്കില്‍ ഭരണാധികാരിക്ക് അവയവ മാറ്റത്തിന് അനുവാദം നല്‍കാവുന്നതാണ്.
7. അവയവദാനം അനുവദനീയമാണെന്ന് വിശദീകരിച്ചേടത്തെല്ലാം തന്നെ അത് 'അവയവ വില്‍പ്പന'യാവാതിരുന്നാല്‍ മാത്രമേ അനുവാദം നിലനില്‍ക്കുകയുള്ളൂ. യാതൊരു കാരണവശാലും അവയവ വില്‍പ്പന പാടുള്ളതല്ല. എന്നാല്‍ ഗുണഭോക്താവ് അവയവം ലഭിക്കാനായി പണം ചെലവഴിക്കുന്നതും, ദാതാവിന് പാരിതോഷികം നല്‍കുന്നതും പഠനവിധേയമാണ്.
8. ഇവ്വിഷയകമായി മുകളില്‍ പറഞ്ഞതല്ലാത്ത കാര്യങ്ങളത്രയും പഠനവിധേയമാക്കണം. വൈദ്യശാസ്ത്രപരമായും ശരീഅത്തിന്റെ വിധിയനുസരിച്ചും സാഹചര്യങ്ങള്‍ മുമ്പില്‍ വെച്ചാണ് പഠനം നടക്കേണ്ടത്.
[email protected]
Comments