Prabodhanm Weekly

Pages

Search

2013 മെയ്‌ 24

ഫലസ്ത്വീന്‍: പുതിയ പരിഹാര നിര്‍ദേശം

ലസ്ത്വീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്കയുടെ കാര്‍മികത്വത്തില്‍ വീണ്ടും ശ്രമമാരംഭിച്ചിരിക്കുകയാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് സംരംഭത്തിന്റെ ചുമതലക്കാരന്‍. സ്വന്തം മനസ്സില്‍ രൂപം കൊണ്ട ആശയങ്ങളുമായല്ല കെറി വരുന്നത്. എല്ലാ നടപടികളും നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചാണ്. ഫലസ്ത്വീന്‍ പ്രശ്‌നപരിഹാര സംരംഭങ്ങളില്‍ തുടക്കം മുതലേ കണ്ടുവരുന്ന വിചിത്രമായ ഒരു കാര്യമുണ്ട്. പ്രശ്‌നത്തിലുള്‍പ്പെട്ട ചില കക്ഷികളെ തീരെ പരിഗണിക്കുന്നില്ല എന്നതാണത്. അവരുടെ അഭിപ്രായങ്ങള്‍ക്ക് കടുകുമണിയോളം വില കല്‍പിക്കുന്നില്ല. ഫലസ്ത്വീനികളുടെ മാത്രം പ്രശ്‌നമല്ല ഫലസ്ത്വീന്‍ പ്രശ്‌നം. അറബികളുടെ മാത്രം പ്രശ്‌നവുമല്ല. മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നമാണത്. ആദ്യമേ ഈ വസ്തുത അവഗണിച്ചുകൊണ്ട് ഇതൊരു പ്രാദേശിക പ്രശ്‌നമായി വിലയിരുത്തപ്പെടുകയായിരുന്നു. പിന്നെ അറബികളുടെ പ്രശ്‌നമാക്കി. ഒടുവില്‍ ഫലസ്ത്വീനികളും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നം മാത്രമായി ന്യൂനീകരിക്കപ്പെട്ടു. ഫലസ്ത്വീന്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരമാണുദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം ഉമ്മത്തിനെയും അറബികളെയും അതിലെ കക്ഷികളായി അംഗീകരിച്ച് സംഭാഷണ പ്രക്രിയകളില്‍ അവരെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടുപോവുകയായിരുന്നു വേണ്ടത്. പക്ഷേ, പ്രശ്‌നത്തിന് നൈതികവും ധാര്‍മികവുമായ പരിഹാരമല്ല തല്‍പര കക്ഷികള്‍ ഉദ്ദേശിക്കുന്നത്. അവര്‍ക്കാവശ്യം, അറബികളെ ആട്ടിയോടിച്ച് തികച്ചും അധാര്‍മികമായി സ്ഥാപിച്ച ഇസ്രയേലിന്റെ സുരക്ഷിതത്വം ഉറപ്പാക്കലും അതിന്റെ വികസനത്തെ സഹായിക്കലുമാണ്. എന്നാല്‍, അറബ് രാഷ്ട്രങ്ങളെ അവര്‍ പൂര്‍ണമായി തഴഞ്ഞിട്ടില്ല. മേല്‍പറഞ്ഞ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അറബികളെ ബന്ധപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ഒരിക്കല്‍ കൂടി ഈ രീതിയില്‍ അറബികളെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അതായത് ഫലസ്ത്വീന്‍ അതോറിറ്റിയുമായി ചര്‍ച്ചയില്ല. ഹമാസ് ഉള്‍പ്പെടെയുള്ള ഇതര ഫലസ്ത്വീന്‍ ഗ്രൂപ്പുകളുമായും ചര്‍ച്ചയില്ല. അറബ് രാജ്യങ്ങളുമായി ഒറ്റക്കൊറ്റക്കും ചര്‍ച്ചയില്ല. എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ട് അറബ് ലീഗിനെ മാത്രം മധ്യസ്ഥരായി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ലീഗിന്റെ ഒരു പ്രതിനിധിസംഘം കഴിഞ്ഞ ഏപ്രില്‍ 29-ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഫലസ്ത്വീന്‍ പ്രശ്‌നത്തിന് ഒരു പരിഹാര നിര്‍ദേശവും അവര്‍ സമര്‍പ്പിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തില്‍ അറബികള്‍ ഇസ്രയേലിന്റെ അതിര്‍ത്തികള്‍ മാനിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്നുണ്ട്. 2002-ലും അറബ് ലീഗ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതുപോലൊരു സമാധാന പദ്ധതി സുഊദി അറേബ്യയും അവതരിപ്പിച്ചിട്ടുള്ളതാണ്. ഇസ്രയേലിനെ അംഗീകരിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയാണവയെല്ലാം ഉള്‍ക്കൊള്ളുന്നത്. ഇതനുസരിച്ച് നിലവില്‍ വരുന്ന രണ്ടു രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ ഏതൊക്കെയായിരിക്കും എന്നതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ പൊതുവില്‍ സ്വീകരിക്കപ്പെടുന്ന നിലപാട് 1967-നു മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. '67-ലെ യുദ്ധത്തില്‍ കൈയടക്കിയ അറബ് പ്രദേശങ്ങളൊക്കെ ഇസ്രയേല്‍ വിട്ടുകൊടുക്കണം. അതവര്‍ അന്യായമായി പിടിച്ചുപറിച്ച ഭൂമിയായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും നിലപാട് ഇതുതന്നെയാണ്. '67-ന് മുമ്പ് ഇസ്രയേല്‍ അധിനിവേശം ചെയ്ത ഭൂമിയുടെ കാര്യത്തില്‍ ചര്‍ച്ചയില്ല. അവിടെ നിന്ന് ആട്ടിയോടിക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്ത്വീനികളുടെ തിരിച്ചുവരവും ചര്‍ച്ചാ വിഷയമല്ല. ഇക്കാര്യത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ വിശേഷിച്ചും ഫലസ്ത്വീന്‍ ജനതയുടെ വികാര വിചാരങ്ങള്‍ ആരും അന്വേഷിക്കുന്നുമില്ല. ഇപ്പോള്‍ അറബ് ലീഗ് സമര്‍പ്പിക്കുന്ന പരിഹാര നിര്‍ദേശത്തില്‍ ഫലസ്ത്വീനികള്‍ക്ക് ഒരു രാഷ്ട്രം അനുവദിക്കണമെന്നല്ലാതെ ആ രാഷ്ട്രത്തിന്റെ അതിരുകള്‍ ഏതൊക്കെയായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. അതേസമയം ഇസ്രയേലിന്റെ അതിരുകള്‍ മാനിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. '67-ല്‍ ഇസ്രയേല്‍ പിടിച്ചെടുത്ത അറബ് പ്രദേശങ്ങള്‍ വിട്ടുതരണമെന്ന ആവശ്യം അറബികള്‍ കൈയൊഴിയുന്നുവെന്ന പ്രഖ്യാപനത്തിനു തുല്യമാണ് അറബ് ലീഗിന്റെ പരിഹാര നിര്‍ദേശമെന്ന് മുസ്‌ലിം ലോകത്തെ നിരീക്ഷകരില്‍ പലരും ആശങ്കിക്കുന്നുണ്ട്. നിര്‍ദേശത്തിനനുകൂലമായി പാശ്ചാത്യ ലോകത്തുനിന്നും ഇസ്രയേലില്‍ നിന്നു തന്നെയും ഉണ്ടായ പ്രതികരണങ്ങള്‍ ആ ആശങ്ക അസ്ഥാനത്തല്ല എന്നാണ് സൂചിപ്പിക്കുന്നത്.
സയണിസ്റ്റുകളടെ സ്വപ്നം വിശാല ഇസ്രയേലാണ്. നാനാ വശത്തും ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ നീണ്ടുകിടക്കുന്നതാണതിന്റെ അതിരുകള്‍. വിശാല ഇസ്രയേല്‍ എന്ന സ്വപ്നം അവര്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ഫലസ്ത്വീനികള്‍ക്ക് അനുവദിക്കാമെന്ന് പറയുന്ന രാഷ്ട്രം ഇസ്രയേലിന്റെ അധീനത്തില്‍ നില്‍ക്കുന്നതാണ്. ഇസ്രയേല്‍ യഹൂദര്‍ക്കു മാത്രം അവകാശപ്പെട്ടതാണെങ്കിലും തല്‍ക്കാലം അതില്‍ ഒരു അറബ് തുരുത്ത് അനുവദിച്ചുകൊണ്ട് ഫലസ്ത്വീനികളെ അടക്കിനിര്‍ത്താനാകുമെങ്കില്‍ അതൊരു വിജയമായിട്ടാണവര്‍ കാണുന്നത്. കൂടുതല്‍ അകലങ്ങളിലേക്ക് കുതിക്കാന്‍ ചുവടുറപ്പിക്കുന്നതിനുവേണ്ടിയുള്ള പിന്മാറ്റമാണത്. കഴിഞ്ഞ ഏപ്രില്‍ 29-ന് 'ഫൈറ്റിംഗ് ഫോര്‍ സയണിസ്റ്റ് ഡ്രീം' എന്ന വിഷയത്തെ അധികരിച്ച് ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പല നേതാക്കളും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടും മൊസാദിന്റെ മുന്‍ ഡയറക്ടര്‍ മിയര്‍ ദോഗനും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു: ''ഇന്നത്തെ സാഹചര്യത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിക്കുകയല്ലാതെ ഇസ്രയേലിന് ഗത്യന്തരമില്ല. ഇല്ലെങ്കില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് നമ്മെ സഹായിക്കുക പ്രയാസകരമായിത്തീരും. വിശാല ഇസ്രയേല്‍ എന്ന നമ്മുടെ ചിരകാല സ്വപ്നം നാം കൈയൊഴിയുന്നു എന്നല്ല ഇതിനര്‍ഥം. ആ വഴിക്കുള്ള ശക്തവും ഫലപ്രദവുമായ മുന്നേറ്റത്തിനു തയാറെടുക്കുന്നതിനു വേണ്ടി തല്‍ക്കാലം അല്‍പം പിന്നോട്ടു മാറുന്നുവെന്നു മാത്രമാണ്. സാഹചര്യം ഒത്തുവരുമ്പോള്‍ തീര്‍ച്ചയായും നാം മുന്നോട്ടുകുതിക്കുക തന്നെ ചെയ്യും. ഈ സമാധാനത്തിന്റെ വില അപ്പോള്‍ നമുക്ക് കൂടുതല്‍ ഭൂമിയായി തിരിച്ചുപിടിക്കാം.'' പുതിയ സമാധാന നിര്‍ദേശത്തെ ഇസ്രയേല്‍ പരിഗണനീയമെന്നും ക്രിയാത്മകമെന്നും വിശേഷിപ്പിക്കുന്നതിന്റെ പൊരുളെന്തെന്ന് വിളിച്ചോതുന്നുണ്ട്, ഒല്‍മര്‍ട്ടിന്റെ ഈ വാക്കുകള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍