Prabodhanm Weekly

Pages

Search

2013 മെയ്‌ 24

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം / തകര്‍ന്നടിയുന്ന സാമൂഹിക സമത്വ മുദ്രാവാക്യങ്ങള്‍

ഫസല്‍ കാതിക്കോട്ക / വര്‍‌സ്റ്റോറി

രിദ്രനെ കൂടുതല്‍ ദരിദ്രനും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്നു എന്നതാണ് സ്വകാര്യവത്കരണത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. സാമൂഹിക നീതിയുടെ സകല കവാടങ്ങളും അടച്ചു കളയുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്‌നം . സ്വകാര്യവത്കരിക്കപ്പെട്ട കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഈ പ്രത്യാഘാതങ്ങളെല്ലാം അതിന്റെ രാക്ഷസരൂപത്തില്‍ തന്നെ വെളിവാക്കിക്കൊണ്ടിരിക്കുന്നു.കേരളത്തില്‍ 1980-കളില്‍ ആരംഭിക്കുകയും '90-കളില്‍ വ്യാപകമാവുകയും ചെയ്ത സ്വാശ്രയ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നമ്മുടെ സമൂഹത്തിന്റെ സമത്വ പൂര്‍ണവും ജനാധിപത്യപരവും സാമൂഹിക നീതിയിലധിഷ്ഠിതവുമായ മുന്നോട്ടുപോക്കിനെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു.
ഞങ്ങള്‍ക്കൊന്നും പറഞ്ഞതല്ല ഉന്നത പ്രഫഷണല്‍ വിദ്യാഭ്യാസം എന്ന ഈ പണി എന്ന് കേരളത്തിലെ ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ സ്വയം അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. ജാതി വ്യവസ്ഥയിലെന്നപോലെ ചിലതരം വിദ്യാഭ്യാസവും ജോലികളും ചില വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തുവെച്ചതാണെന്ന് അംഗീകരിച്ച് ഒതുങ്ങി ജീവിക്കാന്‍, അത്തരം വിദ്യാഭ്യാസത്തിനും ജോലികള്‍ക്കും വേണ്ടിയുള്ള മോഹങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ സ്വയം തയാറായിരിക്കുന്നു. എന്റെ മകന്‍ നന്നായി പഠിക്കുന്നവനാണല്ലോ, അവനെ ഒരു എഞ്ചിനീയറാക്കാം, ഡോക്ടറാക്കാം എന്ന് കേരളത്തിലെ ദരിദ്രന്‍ ചിന്തിക്കുന്നു പോലുമില്ല . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസത്തിന് അയക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യം ചോദിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളേജില്‍ അയക്കാന്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നത് . അതേ സമയം ഉയര്‍ന്ന വിഭാഗക്കാരായ 9 ശതമാനം ആളുകളില്‍ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരും അതില്‍ 36 ശതമാനം പേരും മക്കളെ സ്വാശ്രയ കോളേജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. മെറിറ്റില്‍ സീറ്റ് കിട്ടില്ല എന്ന കാരണത്താലാണ് ഈ 36 ശതമാനം സ്വാശ്രയ കോളേജ് തെരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ മോഹിച്ചിട്ടൊന്നും കാര്യമില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതിനാലാണ് ദരിദ്രര്‍ അതിന് മെനക്കെടാത്തത്. മെറിറ്റില്‍ സീറ്റ് കിട്ടിയാല്‍ പോലും കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ പഠിക്കാന്‍ സാധ്യമല്ല എന്ന് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട് .
ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്നിലെ ഒന്നാമത്തെ തടസ്സം പ്രവേശന പരീക്ഷ എന്ന എന്‍ട്രന്‍സ് ആണെന്ന് തെളിയിക്കുന്ന ഒന്നിലേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'Opportunities for Higher Education: An Enquiry into Entry Barriers' എന്ന എ. അബ്ദുസ്സലാം നടത്തിയ പഠനത്തിന്റെ അന്തിമ നിഗമനങ്ങള്‍ ഇങ്ങനെയാണ്: ''എന്‍ട്രന്‍സ് പരീക്ഷക്ക് ഹാജരാവുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളെല്ലാം തന്നെ വിദ്യാസമ്പന്നരാണ്. എന്‍ട്രന്‍സ് എഴുതി ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രവേശനം ലഭിക്കാത്തവരുടെ മാതാപിതാക്കളെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാഭ്യാസം നേടിയവരാണ്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പോലും ഇതു തന്നെയാണവസ്ഥ. പരീക്ഷക്ക് ഹാജരാവുന്നതില്‍ അഞ്ചില്‍ നാലും മധ്യവര്‍ഗമോ ഉന്നതവര്‍ഗമോ ആണ്. പരീക്ഷക്ക് ഹാജരാവുന്നതില്‍ ഒ.ബി.സി വിഭാഗക്കാരും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരും ഉന്നതജാതിക്കാരേക്കാള്‍ ദരിദ്രരാണ്. കേരളത്തിലെ ഉന്നതരായ അഞ്ച് ശതമാനം കുടുംബങ്ങളിലെ കുട്ടികളാണ് 82 ശതമാനം പ്രഫഷണല്‍ സീറ്റുകളും നേടുന്നതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു'' (1999). ഇതുസംബന്ധമായി നടത്തിയ മറ്റൊരു പഠനമാണ് എന്‍. അജിത്ത് കുമാറിന്റെ Entry Barriers to Medical Education in Kerala. ഇതിലെ കണ്ടെത്തലനുസരിച്ച്, കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 6.1 ശതമാനം മാത്രമാണ്. മിഡില്‍ ക്ലാസ് വിഭാഗം 7.4 ശതമാനമാണ്. അതേ സമയം കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാമ്പത്തിക വിഭാഗം എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളും കരസ്ഥമാക്കുന്നു.
ഉന്നത സാമ്പത്തിക പശ്ചാത്തലമുള്ളവര്‍ മാത്രമേ ഉന്നത പഠനം മോഹിക്കേണ്ടതുള്ളൂ എന്നതു കൂടാതെ മറ്റു ചില വസ്തുതകളും ഈ കണക്കുകള്‍ നമ്മോടു പറയുന്നു. വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമായിരുന്ന കാലത്ത് സര്‍ക്കാര്‍ ജോലികളിലും ഉയര്‍ന്ന പോസ്റ്റുകളിലും കയറിക്കൂടാന്‍ ഭാഗ്യം ലഭിച്ച വിരലിലെണ്ണാവുന്ന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുടെ മക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ ലഭ്യമാവുന്നത്. ഇവരാവട്ടെ ഉന്നതരുടെ കൂടെ നഗരങ്ങളില്‍ കഴിയുന്നവരാണ്. കേരളത്തിലെ 25000-ത്തോളം കോളനികളിലും കാട്ടിലെ ആദിവാസി ഊരുകളിലും കഴിയുന്ന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വാശ്രയ വിദ്യാഭ്യാസം പോകട്ടെ പ്രഫഷണല്‍ വിദ്യാഭ്യാസം പോലും സ്വപ്നം കാണാന്‍ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുന്നു. നമ്മുടെ സകല സാമൂഹിക സമത്വ മുദ്രാവാക്യങ്ങളും ഇവിടെ തകര്‍ന്നടിഞ്ഞു വീണു കഴിഞ്ഞിരിക്കുന്നു.
2001-നു മുമ്പ് നടത്തിയ പഠനങ്ങളിലെ കണക്കുകളാണിവ. അതിനു ശേഷം കൊച്ചിയിലെയും പരിയാരത്തെയും സഹകരണ മെഡിക്കല്‍ കോളേജുകളും 15 പൂര്‍ണ സ്വകാര്യ സ്വാശ്രയ കോളേജുകളും നിലവില്‍ വന്നു കഴിഞ്ഞു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 850 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2550 സീറ്റുകളുണ്ട് എല്ലാ മെഡിക്കല്‍ കോളേജുകളിലുമായി. പൂര്‍ണമായും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്ന കാലത്തെ കണക്ക് ഇതാണെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും! ഉന്നത പ്രഫഷണല്‍ പഠന രംഗത്ത് സ്വകാര്യവത്കരണവും സ്വാശ്രയവത്കരണവും വര്‍ധിക്കുന്തോറും സാമൂഹികനീതി തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് എല്ലാ വസ്തുതകളും വിളിച്ചു പറയുന്നത്.
എന്‍ട്രന്‍സ് പരിശീലനം മുതല്‍ മെറിറ്റിലും മാനേജ്‌മെന്റിലും എന്‍.ആര്‍.ഐയിലും, എല്ലാ ഇനത്തിലും പെട്ട ഫീസ് നിരക്കുകള്‍ ഇന്ന് സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്തതാണ്. 2012-ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്സിനുള്ള വാര്‍ഷിക ഫീസ് 25000 രൂപയാണ്. രണ്ട് സഹകരണ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ 90000 രൂപയും ബി.പി.എല്‍ വിഭാഗത്തിന് 25000 രൂപയും പിന്നാക്കക്കാര്‍ക്ക് 40000 രൂപയുമാണ്. സര്‍ക്കാറുമായി കരാറുണ്ടാക്കിയ 11 മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ 1,38000 രൂപയും ബി.പി.എല്ലിന് 25000 രൂപയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45000 രൂപയുമാണ് വാര്‍ഷികഫീസ്. മാനേജ്‌മെന്റ് സീറ്റുകളില്‍ 35 ശതമാനം സീറ്റുകളില്‍ അഞ്ചര ലക്ഷം രൂപയാണ്. ബാക്കി വരുന്ന 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ കിട്ടുന്നത് എത്രയാണോ അത്രയും വാങ്ങാം. മെറിറ്റില്‍ പ്രവേശനം ലഭിച്ച ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ഥിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ തന്നെ ചെലവഴിക്കേണ്ടി വരും. പഠനത്തിന് പണമില്ലാതെ ഒളിച്ചോടി പോകേണ്ടിവന്ന കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ കൂടിയായ കെ.എസ് ശ്രീശ്യാമിന്റെ അനുഭവം കാണിക്കുന്നത് തിരിച്ചടക്കാന്‍ പ്രയാസമുണ്ടെന്ന് തോന്നിയാല്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിക്കു പോലും ബാങ്കുകള്‍ കടം നല്‍കില്ല എന്നാണ്.
ഇത്രത്തോളം ഗൗരവമുള്ളതല്ലെങ്കിലും കേരളത്തിലെ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വായ്പ മറ്റൊരു പ്രശ്‌നത്തിനു കൂടി തുടക്കമിട്ടിരിക്കുന്നു. വായ്പ വാങ്ങി 20-ഉം 25-ഉം വയസു വരെ പെണ്‍മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍ അവരെ തൊട്ടുടനെ വിവാഹം കഴിച്ചയക്കുന്നതോടെ സ്ത്രീധനത്തിന് പുറമെ മറ്റൊരു വലിയ ഭാരം കൂടി തലയിലേറ്റുകയാണ്. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കായതിനാല്‍ മക്കളുടെ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് അവരെ വാര്‍ധക്യകാലത്ത് ഉറക്കം കെടുത്തും. വിദ്യാഭ്യാസ വായ്പയുടെ പേരിലുള്ള ബാധ്യതകള്‍ സ്ത്രീധനത്തര്‍ക്കമായിത്തീര്‍ന്നതിന്റെ ചില അനുഭവങ്ങളെങ്കിലും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ ജോലി കിട്ടാന്‍ പോകുന്നില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കെ, ഇനി ജോലി കിട്ടിയാലും ശമ്പളം വായ്പാ തിരിച്ചടവിന് തികയില്ല എന്നതും അനുഭവമായിരിക്കെ, കേരളത്തിലെ നഴ്‌സിംഗും എഞ്ചിനീയറിംഗും കഴിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഈ പുതിയ പ്രശ്‌നവും വയസ്സുകാലത്ത് അഭിമുഖീകരിക്കേണ്ടിവരും.
കൂടുതല്‍ കച്ചവടക്കാര്‍ അണിനിരക്കുമ്പോള്‍ ഉല്‍പന്നത്തിന്റെ ഗുണം വര്‍ധിക്കുമെന്ന സിദ്ധാന്തം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തലകുത്തനെയാണ്. നിലവാരമില്ലാത്ത പഠനവും പരീക്ഷകളും, യോഗ്യതയില്ലാത്ത അധ്യാപകര്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍. താല്‍പര്യമില്ലാതെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സായൂജ്യം നേടുന്നത് റാഗിംഗിലും ധൂര്‍ത്തിലും. ശാസ്ത്ര പഠനമില്ല. നടക്കുന്നത് സാങ്കേതികവിദ്യയുടെ പരിശീലനം മാത്രം. ശാസ്ത്രത്തിന്റെ സ്വതന്ത്ര ഗവേഷണത്തിന് വഴികളില്ലാത്തതിനാല്‍ മൗലിക ശാസ്്രതജ്ഞന്മാര്‍ ഉണ്ടാവുന്നില്ല. പ്രതിഭകള്‍ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ സഹായികളായി ഒടുങ്ങുന്നു.
പെണ്‍കുട്ടികള്‍ കൂടുതലായി ഉന്നത വിദ്യഭ്യാസ രംഗത്തേക്ക് കടന്നുവരുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യം. എന്നാല്‍, അതിലുമധികം ആണ്‍കുട്ടികള്‍ പിന്‍വലിയുകയും ചെയ്യുന്നു. ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇനിയും പഠനവിധേയമായിട്ടില്ല. മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളിലേക്ക് മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതലായി കടന്നു വരുന്നുണ്ട്. ഇത് കേവലം അലങ്കാരത്തിനുള്ള വിദ്യാഭ്യാസമായി മാറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് കഷ്ടപ്പെട്ട് പഠിച്ച് ഉന്നത പ്രഫഷനല്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് കേരളത്തില്‍ പണിയില്ല എന്നതാണ് മറ്റൊരു വലിയ പ്രശ്‌നം. കുറേ ആശുപത്രികളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസമില്ല. മറ്റാര്‍ക്കും കേരളത്തില്‍ കാര്യമായ സാധ്യതകളില്ല. ഇവിടെ ഫാക്ടറികളും വ്യവസായശാലകളും ഗവേഷണ സ്ഥാപനങ്ങളുമില്ല. ഉന്നത വിദ്യാഭ്യാസത്തിന് തയാറാവുന്നവര്‍ അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം. പുതിയൊരു കണക്കനുസരിച്ച് 9246 എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കേരളത്തില്‍ തൊഴില്‍ രഹിതരായിരിക്കുന്നത്. 41,628 ഡിപ്ലോമക്കാരും ഒരു ലക്ഷത്തി മുപ്പത്തിമുവ്വായിരം സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേര്‍സും കേരളത്തില്‍ തൊഴില്‍ രഹിതരാണ്. ഓരോ വര്‍ഷവും ഈ തൊഴിലില്ലാപ്പടയിലേക്ക് പുതിയ ബാച്ചുകള്‍ വന്നുകൊണ്ടിരിക്കുന്നു. ബസ് കണ്ടക്ടര്‍മാരും എല്‍.ഡി ക്ലര്‍ക്കുമാരുമായൊക്കെ പലരും ജോലി ചെയ്ത് ബാങ്കിലെ കടം വീട്ടിക്കൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളാണെങ്കില്‍ അധികവും വിവാഹം കഴിഞ്ഞ് വെറുതെയിരിക്കുന്നു.
പണത്തിന്റെയും പണക്കാരുടെയും കേളീ രംഗമായി മാറിയ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെ ഉല്‍പന്നങ്ങളായവര്‍ സകല സാമൂഹിക ബാധ്യതകളും അവഗണിക്കുന്നവരായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രഫഷണല്‍ ഡിഗ്രികച്ചവടകേന്ദ്രങ്ങളില്‍ നിന്ന് ഭീമന്‍ തുക നല്‍കി ബിരുദം കരസ്ഥമാക്കിയവര്‍ അതുപയോഗിച്ച് പരമാവധി ലാഭം കൊയ്യാന്‍ തുടങ്ങുമ്പോള്‍ കൊള്ളയടിക്ക് വിധേയരാവുന്നത് സാധാരണക്കാര്‍ തന്നെയാണ്. ഡിഗ്രി നേടാന്‍ ഏറ്റവുമധികം പണം കൊടുക്കേണ്ടി വരുന്ന മെഡിക്കല്‍ രംഗത്തുതന്നെയാണ് ഏറ്റവും വലിയ കൊള്ള നടക്കുന്നത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍