പള്ളികള്‍ പവിത്ര ഭവനങ്ങള്‍
ഭൂമിയിലെ അല്ലാഹുവിന്റെ ഭവനങ്ങളാണ് പള്ളികള്‍. അടിമയും ഖലീഫയുമായ വിശ്വാസി തന്റെ നാഥനുമായി 'മുനാജാത്ത്' (സംഭാഷണം) നടത്തുന്ന ഇടം. അവന് ശാന്തിയും തണലും ഊര്‍ജവും ഇത്രമേല്‍ ലഭിക്കുന്ന മറ്റൊരിടവും ഇല്ല. ജീവിതത്തിന്റെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ ദിനേന അഞ്ചു തവണ നിര്‍ബന്ധമായും തന്റെ ഭവനത്തില്‍ (ബൈത്തുല്ലാഹ്) വന്ന് 'മുലാഖാത്ത്' (കൂടിക്കാഴ്ച) നടത്താന്‍ സൃഷ്ടിനാഥന്‍ മനുഷ്യനെ ക്ഷണിച്ചിരിക്കുന്നു.
തൗഹീദിന്റെ സന്ദേശമാണ് ബാങ്കൊലികള്‍ വിളംബരം ചെയ്യുന്നത്. അല്ലാഹുവിന്റെ മഹത്വമാണ് പള്ളിമിനാരങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. 'അല്ലാഹു വലിയവനാണ്' (കബീര്‍) എന്നല്ല; 'അല്ലാഹു ഏറ്റവും വലിയവനാണ്' (അക്ബര്‍) എന്നത്രെ ബാങ്കിന്റെ പ്രഘോഷം. സത്യസാക്ഷ്യത്തിന്റെ നിലക്കാത്ത ഓര്‍മപ്പെടുത്തലുകള്‍ നാം സദാ കേട്ടുകൊണ്ടിരിക്കുന്നു. പ്രത്യുത്തരമായി , 'അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും' നാം ഏറ്റുപറഞ്ഞുകൊണ്ടേയിരിക്കുന്നു. എങ്കില്‍ അതിന്റെ പ്രഥമ സാക്ഷ്യമായ നമസ്‌കാരത്തിലേക്കും (ഹയ്യഅലസ്സ്വലാത്ത്) അതുവഴി കരഗതമാകുന്ന വിജയത്തിലേക്കും (ഹയ്യഅലല്‍ ഫലാഹ്) പുറപ്പെട്ട് വരിക എന്ന മനോഹരമായ ക്ഷണം അന്ത്യനാള്‍ വരെ മുഴങ്ങുന്ന, ലോകത്ത് ഇടതടവില്ലാതെ കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ കാഹളം!
സത്യവിശ്വാസികളുടെ ജീവിത പ്രയാണത്തിന്റെ ഗതിയും ദിശയും നിര്‍ണയിക്കുന്ന മിനാരങ്ങളാണ് ദൈവിക ഭവനങ്ങള്‍. ഘനാന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിന്റെ തുരുത്തിലേക്ക് മാടിവിളിക്കുന്ന പ്രകാശഗോപുരങ്ങള്‍. പള്ളിമിനാരങ്ങളില്‍നിന്ന് (ബാങ്ക് വിളിക്കുന്ന ഇടമെന്നും വിളക്കുമാടമെന്നും പറയാം) വിശ്വാസിക്ക് ലഭിക്കുന്നത് ജീവിതത്തിന്റെ ശരിയായ ദിശയിലേക്കുള്ള സിഗ്നലാണ്. കഅ്ബാലയമെന്ന ഖിബ്‌ലയിലേക്കുള്ള ദിശാ നിര്‍ണയം അല്ലാഹുവിലേക്കും അവന്റെ തൗഹീദിലേക്കുമുള്ള നിര്‍ണയം തന്നെയാണ്. 'ഖിബ്‌ല നിര്‍ണയിക്കുന്ന ദിശ തെറ്റാത്ത ചുമരുകള്‍' എന്നര്‍ഥമുള്ള 'മിഹ്‌റാബു'കളില്‍ വിശ്വാസിക്കൂട്ടത്തിന്റെ നേതാവ് (ഇമാം) ഖിബ്‌ലക്ക് അഭിമുഖമായി സ്വയം നിന്ന് മറ്റുള്ളവരെ നമസ്‌കാരത്തിനായി അണിചേര്‍ക്കുമ്പോള്‍, വിശ്വാസികളുടെ ഖിബ്‌ലയും റബ്ബും സ്വര്‍ഗവും ഒന്നാണെന്ന് പ്രഖ്യാപിക്കുകയാണ്.
വിശുദ്ധിയാണ് പള്ളികള്‍ വിശ്വാസിക്ക് പകര്‍ന്നു നല്‍കുന്ന പ്രസാദം. ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധജലം കൊണ്ട് കഴുകി വൃത്തിയാക്കിയാണ് വിശ്വാസികള്‍ നമസ്‌കാരത്തിന് തയാറാവേണ്ടത്. മനസ്സിന് വിമ്മിഷ്ടമുണ്ടാകുന്ന വല്ലതും സംഭവിച്ചാല്‍ അംഗസ്‌നാനം (വുദൂ) പുതുക്കണം. കാരണം മനസ്സിന്റെ ശുദ്ധിയാണ് സര്‍വ പ്രധാനം. 'ശുദ്ധി വിശ്വാസത്തിന്റെ പാതിയാണ്' എന്ന പ്രവാചക വചനം, മനസ്സിനെ കൂടി വിശുദ്ധമാക്കണമെന്നും മനസ്സും ചിന്തകളും തൗഹീദിന് വിരുദ്ധമായാല്‍ വിശ്വാസം പൂര്‍ണമാകില്ലെന്നും നമ്മെ പഠിപ്പിക്കുന്നു.
ദിക്‌റും (ദൈവസ്മരണ) ശുക്‌റും (അനുഗ്രഹങ്ങള്‍ക്ക് നന്ദി) മീട്ടുന്ന ഹൃദയവും നാവും ശരീരവുമാണ് ഒരു വിശ്വാസിയുടെ മുഖമുദ്രയെന്ന് ദൈവിക ഭവനങ്ങള്‍ നിരന്തരം വിശ്വാസി സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു. അതിന്റെ സംഘടിത പ്രകാശനത്തിനാണ് മസ്ജിദുകള്‍ അവനെ വിളിക്കുന്നത്. ''വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിനം നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരിക'' (അല്‍ജുമുഅ 9) എന്ന പ്രഖ്യാപനം ഇത് സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തെ പള്ളിക്കും ദുനിയാവിനും ഇടക്കുള്ള പ്രയാണമായി അല്ലാഹു ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫര്‍ദ് നമസ്‌കാരങ്ങള്‍ അല്ലാഹുവിന്റെ ഭവനത്തിലും സുന്നത്ത് നമസ്‌കാരങ്ങള്‍ സ്വന്തം വീടുകളിലുമാണ് അഭികാമ്യമെന്ന് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. 'പള്ളി വിട്ടാല്‍ ഭൂമിയിലെ അനുഗ്രഹങ്ങള്‍ തേടിക്കൊള്ളുക; എന്നാല്‍ അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക' എന്ന് മേല്‍ സൂക്തങ്ങള്‍ക്ക് തുടര്‍ച്ചയായി ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.
മലക്കുകള്‍ അല്ലാഹുവിനെ അനുസരിക്കാന്‍ മാത്രം സൃഷ്ടിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ അണിനില്‍ക്കല്‍ പോലും കടുകിടാ തെറ്റില്ല. ഇതേ സ്വഫ്ഫ് വിശ്വാസികളെ പരിശീലിപ്പിക്കുന്നത് മസ്ജിദുകളാണ്. 'ഒരേ മനസ് ഒരേ ശരീരം' എന്നാണ് സ്വഫ്ഫുകളുടെ പൊരുള്‍. മടമ്പുകളും തോളുകളും വിടവില്ലാതെ വളവില്ലാതെ ഒന്നിച്ചുനില്‍ക്കുന്ന പട്ടാള ചിട്ട. കോട്ടയുടെ വിടവിലൂടെ അകത്ത് കടന്നാണ് ശത്രു കോട്ടവാതില്‍ തുറക്കുന്നതും ശത്രുസേനയെ പ്രവേശിപ്പിക്കുന്നതും. പിന്നെ കാവല്‍ക്കാരെ കൊണ്ട് വലിയ കാര്യമൊന്നുമില്ല. അതിനാല്‍ ഇസ്‌ലാമിക ഉമ്മത്തിന്റെ പടയണിയില്‍ വിടവ് പാടില്ല. വിടവ് വീണാല്‍ പിശാച് അവരുടെ ഐക്യം തകര്‍ത്തു കളയും. പിന്നെ ഫിത്‌നയുടെ വാതിലുകള്‍ തുറക്കപ്പെടും. അതിനാല്‍ മസ്ജിദില്‍ ഒറ്റ ഉമ്മത്തായി അണിചേരുന്ന വിശ്വാസികളെ ഇമാം ഓരോ തവണയും വിടവില്ലാത്ത സ്വഫ്ഫിന്റെ കാര്യം ഓര്‍മപ്പെടുത്തിയിട്ടേ അല്ലാഹുവിലേക്കുള്ള ആത്മാവിന്റെ തീര്‍ഥയാത്ര ആരംഭിക്കാവൂ. ഐക്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന ഒരു ചെറിയ കാലിട പോലും അനുവദിക്കപ്പെടുന്നില്ല എന്നു സാരം! പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും വൃദ്ധനും കുട്ടികളുമെല്ലാം ഒരേ സ്വഫ്ഫില്‍ അണിനിരന്ന് ഏകനായ അല്ലാഹുവിന് മുമ്പില്‍ ആത്മസമര്‍പ്പണം നടത്തുകയാണ്.
ദിനേന, സമയബന്ധിതമായി കൃത്യമായി വിശ്വാസി സമൂഹത്തെ മസ്ജിദുകള്‍ ഹൃദയത്തിലേക്ക് ജീവരക്തം കണക്കെ വലിച്ചെടുത്ത് ശുദ്ധീകരിച്ച് ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് തിരിച്ചയക്കുന്നു. അവരെ തൗഹീദും രിസാലത്തും ആഖിറത്തും ഓര്‍മപ്പെടുത്തിക്കൊണ്ട്. ഹംദും സ്വലാത്തും സലാമും റുകൂഉം സുജൂദും ദിക്‌റും തസ്ബീഹും ഇസ്തിഗ്ഫാറും ഇടവിട്ട് ഉയരുന്ന സംഘനമസ്‌കാരത്തിന്റെ ശ്രുതിയും രാഗവും കീര്‍ത്തനവും പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമാണ്. എത്ര സുമോഹന സംഘാടനം! ലക്ഷ്യമിടുന്നത് എത്ര സുഭദ്രമായ ഒരു ഉമ്മത്തിന്റെ പിറവി!
ആരാധനാലയങ്ങളില്‍ നിന്ന് ആത്മനിര്‍വൃതിയും വിശ്വാസ പൂര്‍ണിമയും ജീവിതത്തിന്റെ വെളിച്ചവുമാണ് വിശ്വാസികള്‍ കൊളുത്തിയെടുക്കേണ്ടത്. ഇബ്‌നു അബ്ബാസ്(റ) വഴി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ) താഴെ പറയുന്ന പ്രകാരം പ്രാര്‍ഥിച്ചുകൊണ്ട് നമസ്‌കാരത്തിന് പുറപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു: ''അല്ലാഹുവേ, എന്റെ ഹൃദയത്തിന് വെളിച്ചം നല്‍കേണമേ, എന്റെ കണ്ണിനും കാതിനും വെളിച്ചം നല്‍കേണമേ, എന്റെ വലതുഭാഗത്തും എന്റെ പിന്‍ഭാഗത്തും വെളിച്ചം നല്‍കേണമേ, എന്റെ നാഡിഞരമ്പുകള്‍ക്കും എന്റെ മാംസത്തിനും എന്റെ രക്തത്തിനും രോമത്തിനും തൊലിക്കും വെളിച്ചം നല്‍കേണമേ.''
വിനയം ആരാധനകളുടെ അടിക്കല്ലാണ്. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും നരകശിക്ഷയില്‍നിന്നും മോചനം കൊതിച്ചുകൊണ്ടാണ് വിശ്വാസികള്‍ ആരാധനാലയങ്ങളിലേക്ക് പോകേണ്ടത്. നമസ്‌കാരത്തിന് പുറപ്പെടുമ്പോള്‍ നബി(സ) നടത്തിയ ഒരു പ്രാര്‍ഥന അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: ''അല്ലാഹുവേ, നിന്നോട് പ്രാര്‍ഥിക്കുന്നവരെ സംബന്ധിച്ച് നീ ഏറ്റ ബാധ്യത മുമ്പില്‍ വെച്ചും എന്റെ ഈ നടത്തം മുമ്പില്‍ വെച്ചും ഞാന്‍ നിന്നോട് പ്രാര്‍ഥിക്കുന്നു. ഞാന്‍ പുറപ്പെട്ടത് നന്ദിയില്ലാത്തവനായിട്ടോ അനുഗ്രഹം നിഷേധിക്കുന്നവനായിട്ടോ മറ്റുള്ളവരെ കാണിക്കാനോ കീര്‍ത്തിക്കു വേണ്ടിയോ അല്ല. നിന്റെ കോപത്തെ തടുക്കാനും നിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടുമാണ് ഞാന്‍ പുറപ്പെട്ടിരിക്കുന്നത്. എന്നെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താനും എന്റെ പാപം പൊറുക്കാനും നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. തീര്‍ച്ചയായും നീയല്ലാതെ പാപം പൊറുക്കുകയില്ല.''
പള്ളികള്‍ പവിത്ര ഭവനങ്ങളാണ്. അതിലേക്ക് പോകുന്നത് പോലും കീര്‍ത്തിക്കോ ജനങ്ങളെ കാണിക്കാനോ ആവരുത്. പള്ളി നിര്‍മാണവും കീര്‍ത്തിക്കും പൊങ്ങച്ചത്തിനും ആവരുത്. നബി(സ) പറഞ്ഞതായി അനസ്(റ) നിവേദനം ചെയ്യുന്നു: ''പള്ളികള്‍ കൊണ്ട് ജനങ്ങള്‍ പരസ്പരം പൊങ്ങച്ചം കാണിക്കുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല.'' ഇബ്‌നു ഖുസൈമ ഉദ്ധരിച്ച നിവേദനത്തില്‍ ഇങ്ങനെ കാണാം: ''പള്ളികള്‍ കൊണ്ട് പരസ്പരം അഭിമാനം നടിക്കുകയും എന്നാല്‍ അവയെ വളരെ കുറച്ച് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം ജനങ്ങള്‍ക്ക് വരാനുണ്ട്.''
Comments