പ്രതിബദ്ധത
സ്‌നേഹം, പിന്തുണ, സഹായം എന്നീ അര്‍ഥങ്ങളിലാണ് പ്രതിബദ്ധത അല്ലെങ്കില്‍ കൂറ് എന്ന് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. കൂറ് വ്യക്തികളോടാവാം, മൂല്യങ്ങളോടാവാം. വ്യക്തികളോടുള്ള കൂറിനേക്കാള്‍ മൂല്യങ്ങളോടുള്ള കൂറിന് മുന്‍ഗണന കൊടുക്കണം എന്നാണ് ഇസ്‌ലാം പറയുന്നത്. ഇനി വ്യക്തികളോടുള്ള കൂറ് അനുവദിച്ചിട്ടുണ്ടെങ്കില്‍ തന്നെ, അത് ആ വ്യക്തികള്‍ക്ക് തത്ത്വങ്ങളോടും മൂല്യങ്ങളോടും കൂറുണ്ടോ എന്ന് നോക്കിയിട്ടുമാവും. വ്യക്തികള്‍ മൂല്യരഹിതരാണെങ്കില്‍ അവരോട് പ്രതിബദ്ധത കാണിക്കേണ്ട യാതൊരു കാര്യവുമില്ല.
വ്യക്തികള്‍ സ്വാര്‍ഥ ചിന്തകള്‍ക്കും ദേഹേഛകള്‍ക്കും അടിപ്പെടാം. ജീവിത യാത്രയില്‍ അവര്‍ക്ക് വ്യതിയാനങ്ങളും വഴിതെറ്റലുകളും സംഭവിക്കാം. മൂല്യങ്ങളോടാണ് ഒരാളുടെ പ്രതിബദ്ധതയെങ്കില്‍ ഇത്തരമാളുകളെ പിന്‍പറ്റി ഗതികേടിലാവേണ്ടി വരില്ല ഒരിക്കലും. മാത്രമല്ല, വ്യക്തി ആരാണെങ്കിലും അയാളൊരു നശ്വര പ്രതീകം മാത്രം. മരണത്തോടെ അയാള്‍ ഇല്ലാതാകും. ഇത്തരം അനിവാര്യദുരന്തങ്ങളില്‍ വ്യക്തിയെ അനുധാവനം ചെയ്യുന്നവര്‍ സ്തംഭിച്ചു നിന്നുപോകും. കാലമേല്‍പിക്കുന്ന ഈ പ്രഹരത്തില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയാത്തത് കൊണ്ടാണ്, പ്രവാചകന്‍ എന്ന വ്യക്തിയോടുള്ള കൂറ്, ആദര്‍ശത്തോടുള്ള കൂറിന് പകരമാക്കരുതെന്ന് ഖുര്‍ആന്‍ താക്കീത് ചെയ്തത്. ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍ രക്തസാക്ഷിയായി എന്ന കിംവദന്തി കേട്ട് തളര്‍ന്നിരുന്ന് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന പ്രവാചകാനുയായികളെ ഖുര്‍ആന്‍ ഉണര്‍ത്തി: ''മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും പല പ്രവാചകന്മാരും കടന്നുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിറകോട്ട് തിരിഞ്ഞുപോവുകയോ? എന്നാല്‍, ഓര്‍ത്തുകൊള്ളുക. ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ഉപദ്രവവും ചെയ്യുന്നില്ല'' (ആലുഇംറാന്‍ 144). വ്യക്തി പ്രവാചകനായിരുന്നാല്‍ പോലും, ആ വ്യക്തിയോടല്ല, ഇസ്‌ലാം എന്ന ആദര്‍ശത്തോടാണ് പ്രതിബദ്ധത വേണ്ടതെന്ന് ഉണര്‍ത്തിക്കുകയാണ്. സര്‍വ ശ്രേഷ്ഠരായ പ്രവാചകന്മാരുടെ നില പോലും ഇതാണെങ്കില്‍, മറ്റു മനുഷ്യരുടെ കാര്യം പറയാനില്ലല്ലോ.
ആദര്‍ശത്തോടുള്ള സ്‌നേഹം, അതിനു വേണ്ടി നിലകൊള്ളാനുള്ള ആര്‍ജവം, അതിലേക്ക് ജനങ്ങളെ ക്ഷണിക്കല്‍, പ്രതിയോഗികളുടെ വിമര്‍ശനങ്ങളെയും കുതന്ത്രങ്ങളെയും ചെറുക്കാനുള്ള ജാഗ്രത- ഇതാണ് മൂല്യ പ്രതിബദ്ധത കൊണ്ട് നാം അര്‍ഥമാക്കുന്നത്. ഇതൊക്കെ സാധ്യമാവണമെങ്കില്‍ ഒരുപാട് വ്യവസ്ഥകളും നിബന്ധനകളും പാലിച്ചിരിക്കണം. അവയില്‍ പ്രധാനമാണ് ഒരു സംഘത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ സംഘടനാ വ്യവസ്ഥകള്‍ പാലിക്കുകയെന്നതും അതിന്റെ നേതൃത്വത്തെ ആദരിക്കുകയെന്നതും. താഴെ കൊടുത്ത ഖുര്‍ആന്‍ വാക്യങ്ങളില്‍ ഇക്കാര്യങ്ങള്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്: ''അല്ലാഹുവിനെയും അവന്റെ ദൂതനെയും മനസാ അംഗീകരിച്ചവരും, പ്രവാചകനോടൊപ്പം ഒരു പൊതു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അനുമതി കൂടാതെ പിരിഞ്ഞുപോകാത്തവരുമാകുന്നു യഥാര്‍ഥ സത്യവിശ്വാസികള്‍. പ്രവാചകരേ, താങ്കളോട് സമ്മതം ചോദിക്കുന്നവരാരോ, അവര്‍ മാത്രമാകുന്നു അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവര്‍. അതിനാല്‍ അവര്‍ തങ്ങളുടെ ഒരാവശ്യത്തിന് വേണ്ടി താങ്കളോട് സമ്മതം തേടിയാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമ്മതം നല്‍കിക്കൊള്ളുക.... ദൈവദൂതന്‍ നിങ്ങളെ വിളിക്കുന്നതിനെ, നിങ്ങള്‍ തമ്മില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ കണക്കാക്കരുത്. നിങ്ങളില്‍, മറ്റുള്ളവരുടെ മറ പിടിച്ച് സൂത്രത്തില്‍ ഊരിച്ചാടുന്നവരെ അല്ലാഹു നല്ലവണ്ണം അറിയുന്നുണ്ട്. അതിനാല്‍, അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍, വല്ല വിപത്തിലും അകപ്പെടുകയോ തങ്ങളുടെ മേല്‍ വേദനയേറിയ ശിക്ഷ വന്നുഭവിക്കുകയോ ചെയ്യുന്നത് ഭയപ്പെട്ടുകൊള്ളട്ടെ'' (അന്നൂര്‍ 62,63).
ഈ സൂക്തങ്ങള്‍ക്ക് സയ്യിദ് ഖുത്വ്ബ് നല്‍കിയ വ്യാഖ്യാനം കാണുക: ഈ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം എന്തോ ആവട്ടെ, നേതൃത്വവും അണികളും തമ്മിലുള്ള മാനസികവും സംഘടനാപരവുമായ ബന്ധങ്ങളുടെ സ്വഭാവമാണ് ഇവിടെ വിശകലനം ചെയ്യുന്നത്. 'പൊതു പ്രവര്‍ത്തനം' (അംറുന്‍ ജാമിഅ്) എന്ന പ്രയോഗം ശ്രദ്ധേയമാണ്. സംഘടന ഭാഗഭാക്കാവുന്ന സുപ്രധാനമായ ഒരു പ്രവര്‍ത്തനം എന്ന് അര്‍ഥമാക്കാം. നേതാവിനോട് അനുവാദം ചോദിച്ച് സമ്മതം കിട്ടിയിട്ടല്ലാതെ ഒരനുയായിയും ആ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാതെ ഇരിക്കരുത്. അനുവാദം ചോദിക്കാതെ ഓരോരുത്തരും അവരവരുടെ വഴിക്ക് പോയാല്‍ പിന്നെ അവ്യവസ്ഥയും അരാജകത്വവുമായിരിക്കും ഫലം. നിങ്ങള്‍ പരസ്പരം പേര് ചൊല്ലി വിളിക്കുന്നത് പോലെ പ്രവാചകനെ വിളിക്കരുതെന്നും നിര്‍ദേശമുണ്ട്. പ്രവാചകനോടുള്ള ആദരവും ബഹുമാനവും ഓരോ വാക്കിലും പ്രകടമാവണം. ശിക്ഷണം നല്‍കുന്ന ഗുരുനാഥനാണ് നേതാവ്. ആ നേതാവിന് അതിനൊത്ത ഗാംഭീര്യം ഉണ്ടാവണം. നേതാവ് വിനയാന്വിതനും മൃദുല ഭാഷിയും ആവണമെന്ന് പറയുമ്പോള്‍, അദ്ദേഹത്തെ എങ്ങനെയും അഭിസംബോധനം ചെയ്യാം എന്നതിന് അര്‍ഥം കല്‍പിക്കരുത്. അനുവാദത്തിന് കാത്തുനില്‍ക്കാതെ ഊരിച്ചാടി രക്ഷപ്പെടുന്നവരെക്കുറിച്ചും സൂക്തത്തില്‍ പരാമര്‍ശമുണ്ട്. അവരെ മഹാനാശം കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കാരണം അവരുടെ ഈ പ്രവൃത്തി സകല സന്തുലനങ്ങളെയും തകിടം മറിക്കും; വ്യവസ്ഥാപിതത്വത്തെ തകരാറിലാക്കും. അത് സത്യവും അസത്യവും, നന്മയും തിന്മയും കൂടിക്കലരാന്‍ ഇടയാക്കും. സംഘടിത ജീവിതത്തിന്റെ മരണമണിയാവും പിന്നെ മുഴങ്ങുക....''
സത്യസന്ധമായി കൂറ് പുലര്‍ത്തുന്ന ഒരാള്‍ക്ക് രണ്ട് മുഖമുണ്ടാവില്ല. ഒരു വിഭാഗത്തെ ഒരു മുഖവുമായും വേറൊരു വിഭാഗത്തെ മറ്റൊരു മുഖവുമായും സമീപിക്കുന്നവരാണ് അല്ലാഹുവിന്റെ അടുത്ത് ഏറ്റവുമധികം വെറുക്കപ്പെട്ടവര്‍ എന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക മൂല്യവ്യവസ്ഥയും, സ്വാഭാവികമായി ഒരാളുടെ ആണത്തവും ആര്‍ജവവും ആവശ്യപ്പെടുന്നത്, സത്യസന്ധമായ ഒരു മുഖമേ പാടുള്ളൂ എന്ന് തന്നെയാണ്. കാരണം ഇരട്ട മുഖമുള്ളവനില്‍ കള്ളവും കാപട്യവും മാത്രമേ നമുക്ക് പ്രതീക്ഷിക്കാവൂ. മനസ്സാക്ഷിയുള്ള ഒരാള്‍ക്കുമിത് അംഗീകരിക്കാനാവില്ല. ഈ വികൃത മുഖത്തില്‍ ചിലര്‍ 'രാഷ്ട്രീയം' കാണുന്നുണ്ട്. നാം അവരോട് പറയുന്നു: ദീനിന്റെ ഭാഗമാണ് രാഷ്ട്രീയം. മൂല്യങ്ങളും ആര്‍ജവവും ഇല്ലാത്ത ഒരു ദീന്‍ നമുക്ക് പരിചയമില്ല.
ഇമാം ഹസനുല്‍ ബന്നാ തന്റെ ആത്മകഥയില്‍ സിറിയയിലെ പണ്ഡിതനായിരുന്ന മുഹമ്മദ് സഈദ് അര്‍ഫിയെ അനുസ്മരിക്കുന്നുണ്ട്. വൈരാഗിയായി ജീവിച്ച അദ്ദേഹത്തിന്റെ തത്ത്വചിന്തകള്‍, തന്നെ ഏറെ സ്വാധീനിച്ചതായി ഇമാം ബന്ന പറയുന്നുണ്ട്. ആ തത്ത്വചിന്തകളില്‍ ചിലത്: നമ്മുടെ ദഅ്‌വാ പ്രവര്‍ത്തനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ചിലരുണ്ട്. അവരില്‍ ഒരുപാട് വീഴ്ചകളും പോരായ്മകളുമൊക്കെയുണ്ടാവാം. പക്ഷേ, അവര്‍ അല്ലാഹുവിനെ പേടിക്കുന്നവരും അനുസരണ ശീലമുള്ളവരുമാണ്. ഇവരെ നാം പ്രത്യേകം പരിഗണിക്കണം. കാരണമിവര്‍ വൈകാതെ തന്നെ പശ്ചാത്തപിച്ച് മടങ്ങാനിരിക്കുന്നവരാണ്. നമ്മുടെ പ്രബോധനം എന്നത് ഒരു ആശുപത്രി പോലെയാണ്. രോഗങ്ങള്‍ക്ക് അവിടെ മരുന്നുണ്ട്. രോഗികളാണ് അവിടെ ചികിത്സ തേടി വരുന്നത്. ഇവരുടെ നേരെ നാം വാതില്‍ കൊട്ടിയടക്കാന്‍ പാടില്ല. ഇവരെ അടുപ്പിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യുകയാണ് വേണ്ടത്. ഇതാണ് പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആധാരശില. രണ്ട് തരക്കാരെ നിങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. ഒന്ന്, ദൈവധിക്കാരിയും നിഷേധിയുമായ വ്യക്തി. പുറമെക്ക് അയാളില്‍ നന്മയുടെ അംശമുണ്ടെങ്കിലും ആദര്‍ശത്തിന്റെ കാര്യത്തില്‍ അയാള്‍ നിങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ്. രണ്ട്, നല്ല മനുഷ്യനാണെങ്കിലും അനുസരിക്കാന്‍ തയാറില്ലാത്ത ആള്‍. ഇയാള്‍ സ്വന്തം നിലക്ക് പലതും ചെയ്യുന്നുണ്ടാവാം. പക്ഷേ, സംഘടനാ തലത്തില്‍ നോക്കുമ്പോള്‍, സംഘബോധത്തെ ദുഷിപ്പിക്കുകയാണ് ഇയാള്‍ ചെയ്യുക. ഭിന്നാഭിപ്രായങ്ങള്‍ നിരത്തി ഇയാള്‍ സംഘടനക്കകത്ത് വിള്ളലുകള്‍ ഉണ്ടാക്കും. സംഘടനയില്‍ നിന്ന് ബഹുദൂരം അകറ്റിനിര്‍ത്തി ഇയാളെക്കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കില്‍ അതിന് ശ്രമിക്കാമെന്നല്ലാതെ, ഇയാളെ സംഘടനാ ചട്ടക്കൂടില്‍ കുടിയിരുത്തുന്നത് അണികളില്‍ ഛിദ്രത വളര്‍ത്തും. ഒരാള്‍ അണിയുടെ പുറത്ത് നില്‍ക്കുന്നത് കണ്ടാല്‍, ഒരാളിതാ പുറത്ത് നില്‍ക്കുന്നു എന്നല്ല, അണിയാകെ വളഞ്ഞുപോയി എന്നാണ് ആളുകള്‍ പറയുക. അനുസരണം തീരെയില്ലാത്ത ഇത്തരക്കാരെ സൂക്ഷിക്കുക.
ഈ രണ്ടുതരം ആളുകളില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ. ഉദ്ദേശ്യ ശുദ്ധിയോടെ അവന്‍ നമ്മെ നേര്‍വഴിക്ക് നയിക്കുമാറാകട്ടെ.
(ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ കേന്ദ്ര നിര്‍വാഹക സമിതിയംഗമാണ് ലേഖകന്‍)
Comments