Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

പരിശുദ്ധ വാക്യം, തൗഹീദിന്റെ മേല്‍വിലാസം

(അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എഡിറ്റ് ചെയ്ത അത്തൗഹീദ് എന്ന കൃതിയില്‍ നിന്ന്. വിവ: എം.എസ്.എ റസാഖ്, മുഹമ്മദ് സാകിര്‍ നദ്‌വി)

 പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത തൗഹീദിന്റെ യാഥാര്‍ഥ്യം സംക്ഷിപ്തമായി ആവിഷ്‌കരിക്കുന്ന വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹു മാത്രമാണ് ഇലാഹ്. മറ്റാരും ഇലാഹല്ല). ഇതിനെ കലിമത്തുത്തൗഹീദ് (തൗഹീദിന്റെ വചനം), കലിമത്തുല്‍ ഇഖ്‌ലാസ്വ് (ഇഖ്‌ലാസിന്റെ വചനം), കലിമത്തുത്തഖ്‌വ (തഖ്‌വയുടെ വചനം) എന്നീ പേരുകളില്‍ വിളിക്കുന്നു. അല്ലാഹുവിന്റേതല്ലാത്ത എല്ലാ ദിവ്യത്വവും അത് നിരാകരിക്കുകയും യഥാര്‍ഥ ഇലാഹായ അല്ലാഹുവിന് മാത്രം ദൈവികതയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളില്‍ പൂര്‍വിക ജനത ആരാധിച്ചിരുന്ന മറ്റെല്ലാം അബദ്ധജടിലവും വഴിപിഴച്ചതും ഊഹാധിഷ്ഠിതവുമാണ്. അല്ലാഹു പറയുന്നു: ''അല്ലാഹു തന്നെയാണ് നിത്യ സത്യം. അവനെ കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയൊക്കെയും കേവലം മിഥ്യയാണ്. അല്ലാഹു തന്നെയാണ് അത്യുന്നതനും മഹാനും'' (അല്‍ഹജ്ജ് 62).

ഇലാഹ് എന്നാല്‍ യഥാര്‍ഥ ആരാധ്യന്‍. അനുസരിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനും യഥാര്‍ഥത്തില്‍ അര്‍ഹനായവന്‍. ഇബാദത്തിന്റെ രണ്ടര്‍ഥങ്ങളായ 'അങ്ങേയറ്റത്തെ താഴ്മയും' 'പരമമായ സ്‌നേഹവും' അനിവാര്യമാക്കുന്ന പരിപൂര്‍ണ ഗുണഗണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന ആരാധനക്കര്‍ഹനായവന്‍ ആകുന്നു ഇലാഹ് . ഇലാഹ് എന്ന പദം ഇബ്‌നു തൈമിയ്യ(റ) പറയുന്നതുപോലെ, ഹൃദയങ്ങള്‍ ഇലാഹിനോടുള്ള സ്‌നേഹാതിരേകത്താല്‍ ആരാധനാനിമഗ്നമാകുന്നു. അവനെ വണങ്ങുകയും അവന്റെ മുമ്പില്‍ താഴുകയും അവനെ ഭയപ്പെടുകയും അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുകയും പ്രയാസങ്ങളില്‍ അവനില്‍ അഭയം പ്രാപിക്കുകയും ആഗ്രഹങ്ങള്‍ അവനോട് ചോദിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും നന്മകളില്‍ അവനില്‍ മാത്രം ഭരമേല്‍പിക്കുകയും സ്മരണകളില്‍ അവനില്‍ സമാധാനമടയുകയും ശരണം പ്രാപിക്കുകയും സ്‌നേഹത്താല്‍ അവനില്‍ ശാന്തി തേടുകയും ചെയ്യുന്നു. ഈ അര്‍ഥത്തിലുള്ള ഇലാഹ് അല്ലാഹു മാത്രമാകുന്നു. ഇക്കാരണങ്ങളാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് വളരെ ശ്രേഷ്ഠവും സത്യവും സമ്പൂര്‍ണവുമായ വചനമാണ്. എല്ലാറ്റിന്റെയും കേന്ദ്രബിന്ദുവും നന്മകളില്‍ ഉത്തമവുമാണത്. പ്രവാചകന്‍ പറഞ്ഞു: ''ഞാനും എന്റെ മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ലാ ഇലാഹ ഇല്ലല്ലാഹ് ആകുന്നു.''

 തൗഹീദ്: പ്രവാചകന്മാരുടെ പ്രഥമ ദൗത്യം

 നൂഹ് (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനത്തിന്റെ മുഖ്യ ഘടകം തൗഹീദായിരുന്നുവെന്നത് തന്നെ ദൈവിക മതങ്ങളില്‍ തൗഹീദിനുള്ള സ്ഥാനവും പ്രാധാന്യവും വ്യക്തമാക്കുന്നു. അല്ലാഹു തന്റെ അടിമകളുടെ മാര്‍ഗദര്‍ശനത്തിനായി നിയോഗിച്ച പ്രവാചകന്മാരുടെ പ്രഥമ ദൗത്യം രണ്ട് പ്രധാന അടിത്തറകളില്‍ ഊന്നുന്നു. അവ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്.

1. ഏകനായ അല്ലാഹുവിന്റെ അടിമത്തത്തിലേക്കുള്ള ക്ഷണം.

2. ദൈവേതര ശക്തികളെ വെടിയാനുള്ള ആഹ്വാനം. അല്ലാഹു പറയുന്നു: ''നിശ്ചയമായും എല്ലാ സമുദായങ്ങളിലും നാം ദൈവദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക, ദൈവേതര ശക്തികളെ വര്‍ജിക്കുക'' (അന്നഹ്ല്‍ 36). ''ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (അല്‍ അമ്പിയാഅ് 25). എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയെ ഒന്നാമതായി ക്ഷണിച്ചത് 'എന്റെ ജനമേ, നിങ്ങള്‍ക്ക് അല്ലാഹുവല്ലാതെ ഇലാഹില്ല' എന്ന സന്ദേശത്തിലേക്കായിരുന്നു. ഇങ്ങനെയാണ് ഹൂദ്, സ്വാലിഹ്, ശുഐബ് തുടങ്ങിയ പ്രവാചകന്മാരുടെ പ്രബോധനങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിച്ചത്. നൂഹ് നബി മുശ്‌രിക്കുകളോട് പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ കൂടാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യാതിരിക്കുവിന്‍''. സ്വജനത പില്‍ക്കാലത്ത് ആരാധ്യനാക്കി മാറ്റിയ ഈസാ നബി(അ) പറഞ്ഞു: ''ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ ആരാധിക്കുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും, തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്'' (അല്‍മാഇദ 72). ''ഓര്‍ക്കുക, അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: 'മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവെ കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്‍' എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍! എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതു പോലും നന്നായറിയുന്നവന്‍. നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അഥവാ എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും'' (അല്‍മാഇദ 116-118).

അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കാനും ദൈവേതര ശക്തികളെ കൈവെടിയാനുമുള്ള അന്ത്യപ്രവാചകന്റെ ക്ഷണം വ്യക്തവും ശക്തവും ശാശ്വതവുമായിരുന്നു. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതുപോലെ ഇസ്‌ലാമിന്റെ ചിഹ്നങ്ങളിലും നിയമങ്ങളിലും പെരുമാറ്റ മര്യാദകളിലും സ്വഭാവങ്ങളിലുമെല്ലാം ഇത് പ്രതിഫലിക്കുന്നു.

തൗഹീദ് ഇസ്‌ലാമിന്റെ ചിഹ്നം

ഇസ്‌ലാം തൗഹീദിന് നല്‍കുന്ന മഹത്തായ സ്ഥാനത്തിന്റെയും പരിഗണനയുടെയും പ്രത്യക്ഷ അടയാളമാണ് ബഹുദൈവത്വത്തില്‍ നിന്നും, വ്യതിചലിച്ച ദൈവിക മതങ്ങളില്‍നിന്നും ഇസ്‌ലാമിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന സവിശേഷ ചിഹ്നമായി അതിനെ നിശ്ചയിച്ചത്. ഇസ്‌ലാം തൗഹീദിന്റെ മതമായി പ്രസിദ്ധമാവുകയും അറിയപ്പെടുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമിന്റെ മുഖവാചകം രണ്ട് വാക്യങ്ങളില്‍ ആവിഷ്‌കാരം കൊണ്ടു. ഈ രണ്ട് സാക്ഷ്യവചനങ്ങളിലും ഉറച്ചുനില്‍ക്കുന്നവന്‍ ഇസ്‌ലാമിന്റെ കവാടത്തില്‍ പ്രവേശിച്ചു.

 അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല എന്നത് പ്രഥമ സാക്ഷ്യം. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നത് ദ്വിതീയ സാക്ഷ്യം. ഈ രണ്ട് സാക്ഷ്യങ്ങളും മുറുകെപ്പിടിക്കുന്നവന്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു.

തൗഹീദിന്റെ ഈ വിളംബര വാക്യം ഇസ്‌ലാമിന്റെ 1 ചിഹ്നമായി. ദിനംപ്രതി ഓരോ മുസ്‌ലിമും നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഒമ്പത് പ്രാവശ്യം അത്തഹിയ്യാത്തിലും അഞ്ചു പ്രാവശ്യം ഇഖാമത്തിലും ഏറ്റു പറയുന്നു. അതിലുപരി പ്രതിദിനം അഞ്ചു നേരവും ബാങ്കുവിളിക്കുന്നതിലൂടെ ലോകത്തിനു മുമ്പില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശബ്ദം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെടുന്നു.

 തൗഹീദ്: ഉടമയുടെ അവകാശം

 അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശമാണ് തൗഹീദെന്നും അതില്‍ യാതൊരുവിധ അവഗണനയോ അശ്രദ്ധയോ പാടില്ലെന്നും പ്രവാചകന്‍(സ) വ്യക്തമാക്കുകയുണ്ടായി2. മുആദുബ്‌നു ജബല്‍(റ) പറയുന്നു: ''ഞാന്‍ പ്രവാചകന്റെ പിന്നില്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. പ്രവാചകന്‍(സ) ചോദിച്ചു: മുആദ് തന്റെ ദാസന്മാരുടെ മേല്‍ അല്ലാഹുവിന്റെ അവകാശവും അല്ലാഹുവിന്റെ മേല്‍ ദാസന്മാരുടെ അവകാശവും എന്താണെന്ന് നിനക്കറിയുമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിയുന്നത്. അവിടുന്ന് പ്രതിവചിച്ചു: അടിമകളുടെ മേല്‍ അല്ലാഹുവിനുള്ള അവകാശം അവന് മാത്രം ഇബാദത്ത് ചെയ്യുകയും അവനോട് മറ്റാരെയും പങ്കാളിയാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന് ദാസന്മാരോടുള്ള അവകാശം അവനോട് ശിര്‍ക്ക് ചെയ്യാത്തവനെ ശിക്ഷിക്കാതിരിക്കുക എന്നതാണ്. ഞാന്‍ ചോദിച്ചു: ഈ സുവാര്‍ത്ത ഞാന്‍ ജനങ്ങളെ അറിയിക്കട്ടയോ പ്രവാചകരേ? പ്രവാചകന്‍ പറഞ്ഞു: വേണ്ട, അവര്‍ സ്വബാധ്യതകളില്‍ നിന്നും ഒഴിഞ്ഞുമാറും'' (ബുഖാരി, മുസ്‌ലിം).

 ഈ അവകാശത്തിന്റെ രഹസ്യം, അല്ലാഹു മനുഷ്യനെ ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കുകയും അളവറ്റ അനുഗ്രഹങ്ങള്‍ നല്‍കുകയും സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും രാപ്പകലുകളെയും മനുഷ്യന് സേവനം ചെയ്യുന്നതിനു വേണ്ടി കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തു എന്നതാണ്. അതോടൊപ്പം അല്ലാഹു മനുഷ്യന് ബുദ്ധിയും വിജ്ഞാനവും നല്‍കുകയും ചെയ്തു. കൃതജ്ഞത ലഭിക്കുക, കൃതഘ്‌നനാക്കപ്പെടാതിരിക്കുക, സ്മരിക്കപ്പെടുക, വിസ്മൃതനാക്കപ്പെടാതിരിക്കുക എന്നത് ഈ അളവറ്റ അനുഗ്രഹത്തിനുടമയും വിഭവദാതാവും സ്രഷ്ടാവും മഹാനും ദയാപരനും കരുണാമയനുമായ അല്ലാഹുവിന്റെ അവകാശമാകുന്നു.

തൗഹീദ്: സത്യവിശ്വാസിയുടെ ജീവിത സന്ദേശം

 മുസ്‌ലിമായ വ്യക്തി ജീവിതത്തെ സ്വീകരിക്കുന്നതും ജീവിതത്തോട് വിടപറയുന്നതും തൗഹീദിലൂടെയാണ്. അതിനാല്‍ ജീവിത-മരണത്തിനിടയിലുള്ള മുസ്‌ലിമിന്റെ ജീവിത ദൗത്യം തൗഹീദിന്റെ സംസ്ഥാപനവും അതിലേക്കുള്ള ക്ഷണവുമാണ്. ജിന്നും മനുഷ്യരുമടങ്ങുന്ന സൃഷ്ടികളുടെ ഉത്തരവാദിത്വം അല്ലാഹു വിവരിക്കുന്നത് ഇങ്ങനെയാകുന്നു: ''ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല'' (അദ്ദാരിയാത്ത് 56,57).

 ഈ ആയത്ത് വ്യക്തമാക്കുന്നത് ജിന്നു വര്‍ഗത്തിന്റെയും മനുഷ്യ കുലത്തിന്റെയും സൃഷ്ടിപ്പിന്റെ സാക്ഷാല്‍ ലക്ഷ്യവും യുക്തിയും, ഏകനും പങ്കാളിയില്ലാത്തവനുമായ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക എന്നതാണ്. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് മൃഗങ്ങളെപ്പോലെ ഭുജിക്കാനും സുഖിക്കാനും അല്ല. പ്രത്യുത അല്ലാഹുവിനെ അറിയുകയും അവന്റെ മഹത്വത്തെ യഥാവിധി അംഗീകരിക്കുകയും ചെയ്ത് വിനയത്തോടും ഭക്തിസാന്ദ്രതയോടും കൂടി അവനെ ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ്. മനുഷ്യന്‍ തന്റെ നിലനില്‍പിന്റെ ലക്ഷ്യവും ജീവിതദൗത്യവുമായ ഇബാദത്ത് പൂര്‍ത്തീകരിക്കാതെയാണ് ജീവിക്കുന്നതെങ്കില്‍ ബുദ്ധിയും നിയമാനുസരണ ബാധ്യതയുമുള്ളവരുടെ (മുകല്ലഫ്) നിലവാരത്തില്‍നിന്ന് അധഃപതിക്കുകയും മൃഗതുല്യനോ അതിലേറെ അധഃപതിച്ചവനോ ആയിത്തീരുകയും ചെയ്യും.

 കുറിപ്പുകള്‍

 1. നവജാത ശിശുവിന്റെ വലതു ചെവിയില്‍ ബാങ്കൊലിയും ഇടത് ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കുക എന്ന് മുസ്‌ലിമായ പിതാവിനോട് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഈ ലോകത്തേക്ക് പിറന്നുവീഴുന്ന ശിശു പ്രഥമമായി ശ്രവിക്കേണ്ട മനുഷ്യ ശബ്ദം തൗഹീദിന്റേതായിരിക്കണമെന്നതാണിതിന്റെ താല്‍പര്യം. അങ്ങനെ ആ ശിശു വളരുകയും അവസാനം മരണശയ്യയിലെത്തുകയും ചെയ്യുമ്പോള്‍ ബന്ധുക്കളോ ശേഷക്കാരോ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന പരിശുദ്ധ വാക്യം (തല്‍ഖീന്‍) ചൊല്ലിക്കൊടുക്കുകയും ചെയ്യുന്നു. മുസ്‌ലിമായ വ്യക്തി ജീവിതത്തിന്റെ പ്രഥമ പ്രകാശ കിരണത്തോടൊപ്പം തൗഹീദിന്റെ ശബ്ദം സ്വീകരിക്കുന്നു. അതുപോലെ വിടചൊല്ലുന്നതും തൗഹീദിന്റെ ശബ്ദത്തിലൂടെയാവുന്നു. അതിനര്‍ഥം, ജനന-മരണങ്ങള്‍ക്കിടയിലുള്ള ജീവിത കാലഘട്ടത്തില്‍ തൗഹീദിന്റെ സംസ്ഥാപനവും അതിന്റെ പ്രബോധനവുമാവണം മനുഷ്യന്റെ ദൗത്യം എന്നാണ്.

2. ഈ യാഥാര്‍ഥ്യം വിശദീകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നതാണ് ഖുര്‍ആനിലെ പ്രഥമ വസ്വിയ്യത്ത്. സൂറത്തുന്നിസാഇലെ പ്രസ്തുത സൂക്തം ആരംഭിക്കുന്നത് ഇപ്രകാരമാകുന്നു: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക...........'' (അന്നിസാഅ് 36). ഈ സൂക്തം അവകാശങ്ങളുടെ സൂക്തം (ആയത്തുല്‍ ഹുഖൂഖ്) എന്ന് അറിയപ്പെടുന്നു. അപ്രകാരം സൂറത്തുല്‍ അന്‍ആമിലെ പത്ത് വസ്വിയ്യത്തുകള്‍ പരാമര്‍ശിക്കുന്ന സൂക്തങ്ങളും (151,152,153) ഈ കാര്യം വിശദമാക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം