Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

ഉസാമയെക്കുറിച്ച് നുണപ്രചാരണം

എന്‍.എം ഹുസൈന്‍

ഉസാമയെ വിലയിരുത്തിയ കൂട്ടത്തില്‍ വി.എ കബീര്‍ ചില അവാസ്തവങ്ങള്‍ കൂടി (മെയ് 21) എഴുതിയതുകൊണ്ടാണ് ഈ കുറിപ്പ്. സെപ്റ്റംബര്‍ ആക്രമണത്തിലുള്ള ഉസാമയുടെ പങ്കിനെപ്പറ്റി അദ്ദേഹം എഴുതി: "മാത്രമല്ല, പരസ്യമായി അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിട്ടുമുണ്ട്. അല്‍ജസീറ ടേപ്പുകള്‍ തന്നെ അതിന്ന് തെളിവ്.''
ഒന്നാമതായി, 2001 സെപ്റ്റംബര്‍ 12-ന് തന്നെ ഭീകരാക്രമണത്തില്‍ തനിക്കു പങ്കില്ലെന്ന് ഉസാമ വ്യക്തമാക്കുകയുണ്ടായി. ദ ഹിന്ദുവില്‍ 13-ാം തീയതി തന്നെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടു. അമേരിക്കന്‍ നേതാക്കളും അവര്‍ പറയുന്നത് വിഴുങ്ങുന്നവരും ഇതേ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ ഒരാഴ്ചക്കകം വീണ്ടും ഉസാമയുടെ നിഷേധമുണ്ടായി. സെപ്റ്റംബര്‍ 17-ലെ ഹിന്ദു ദിനപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം. സാമ്രാജ്യത്വവിധേയര്‍ വീണ്ടും ആരോപണം തുടര്‍ന്നപ്പോള്‍ കറാച്ചിയില്‍ നിന്നു ഇറങ്ങുന്ന 'ഉമ്മത്ത്' എന്ന പ്രസിദ്ധീകരണത്തില്‍ 2001 നവംബര്‍ 28-ന് ഉസാമയുടെ വിശദമായ അഭിമുഖം പ്രസിദ്ധീകരിച്ചു. 'അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണങ്ങളില്‍ എനിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്' എന്നും 'മുസ്ലിമെന്ന നിലക്ക് നുണപറയാതിരിക്കാന്‍ ഞാന്‍ കഴിയാവുന്നത്ര ശ്രമിക്കാറുണ്ടെ'ന്നും ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ ഉസാമ വ്യക്തമാക്കുന്നു. മാത്രമല്ല, അമേരിക്കന്‍ ഗവണ്‍മെന്റിനകത്തുതന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുണ്ടെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് അവരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും സെപ്റ്റംബര്‍ 11 മുതല്‍ 28 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് അസന്ദിഗ്ധമായും ഉസാമ വ്യക്തമാക്കിയത്. അതിനാല്‍ "ഇങ്ങനെയൊരു കുറ്റവിമുക്തി ഉസാമ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം'' എന്നെഴുതിയത് ശരിയല്ല.
രണ്ടാമതായി, ലേഖകന്‍ പരാമര്‍ശിച്ച അല്‍ജസീറ ടേപ്പുകളുടെ കാര്യം നോക്കാം. ആരോപണ വിധേയനില്‍ നിന്നു മേല്‍ സൂചിപ്പിച്ച വിധം സുവ്യക്തമായ നിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പെന്റഗണ്‍ ഒരു വ്യാജ വീഡിയോ ടേപ്പ് ഡിസംബര്‍ രണ്ടാം വാരം പുറത്തിറക്കി. ജലാലാബാദിലെ ആള്‍പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍നിന്നു കണ്ടെടുത്തു എന്ന് കള്ളം പറഞ്ഞുകൊണ്ട് ഉസാമയുടെ വേഷം കെട്ടിയ ഒരാളെക്കൊണ്ട് 'ഉത്തരവാദിത്വം ഏറ്റ'തായ വീഡിയോ കൃത്രിമമായി ഉണ്ടാക്കി. അല്‍ ജസീറയില്‍ വന്ന ഈ വീഡിയോ ആണ് ലേഖകന്റെ തെളിവ്! ഈ വീഡിയോ ടേപ്പിലെ ഫ്രെയിമുകളും ശബ്ദവും കംപ്യൂട്ടര്‍ വിശകലനത്തിനു വിധേയമാക്കിയപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞതായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മന്‍ പത്രങ്ങളില്‍ വന്നിരുന്നു (ഒന്നിലേറെ വ്യാജ ടേപ്പുകള്‍ അമേരിക്കന്‍ വക്താക്കള്‍ കെട്ടിച്ചമക്കുകയുണ്ടായി. ഇവയെല്ലാം വ്യാജമെന്ന് തെളിയുകയും ചെയ്തതാണ്).
യഥാര്‍ഥ നിഷേധം കാണാതെ അമേരിക്ക കെട്ടിച്ചമച്ച വ്യാജവീഡിയോ ഉസാമയുടെ തലയില്‍ വെച്ചുകെട്ടുന്ന ലേഖകന്‍ സെപ്റ്റംബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ജോര്‍ജ് ബുഷിന്റെ ഭാഷ്യം അപ്പടി വിഴുങ്ങിക്കൊണ്ട് ഉസാമയുടെ മേല്‍ ചാര്‍ത്തുന്നുണ്ട്. അതിനാല്‍ അതെപ്പറ്റി അല്‍പം കുറിക്കട്ടെ.
ഒന്നാമതായി, കാര്യമായ തെളിവുകളൊന്നും കിട്ടാത്തതിനാല്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി എഫ്.ബി.ഐ പോലും സെപ്റ്റംബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉസാമയുടെ മേല്‍ നിയമപരമായി ആരോപിച്ചിട്ടില്ല.
രണ്ട്, എഫ്.ബി.ഐ 19 വിമാന റാഞ്ചികള്‍ക്കെതിരെ അവതരിപ്പിച്ച സാഹചര്യത്തെളിവുകള്‍ വ്യാജമെന്ന് തെളിഞ്ഞതാണ്.
മൂന്ന്, നാലുവിമാനങ്ങളിലെയും യാത്രക്കാരുടെ ലിസ്റില്‍ വിമാനറാഞ്ചികള്‍ എന്നല്ല ഒരൊറ്റ മുസ്ലിംപേര് പോലും ഉണ്ടായിരുന്നില്ല. ഉണ്ടെന്നതിന് യാതൊരു തെളിവും എഫ്.ബി.ഐ ഇന്നേവരെ ഹാജറാക്കിയിട്ടുമില്ല.
നാല്, സെപ്റ്റംബര്‍ ആക്രമണത്തെക്കുറിച്ചുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വീക്ഷണവും വാര്‍ത്താമാധ്യമങ്ങളില്‍ വന്ന കഥകളും നുണകളാണെന്ന് അസന്ദിഗ്ധമായും തെളിഞ്ഞതാണ് (വിശദാംശങ്ങള്‍ക്ക് പ്രഫ. ഡേവിഡ് ഗ്രിഫിന്റെ ഇതുസംബന്ധമായ ഒരു ഡസനിലേറെ കൃതികള്‍ വായിക്കുക). അതിനാല്‍ ലേഖകന്‍ ശരിവെച്ച അമേരിക്കയുടെ ഔദ്യോഗിക ഭാഷ്യം നുണയാണ്.
ലേഖകന്റെ ഈ വരികള്‍ നോക്കൂ: "9/11 സംഭവത്തില്‍ ഉസാമക്ക് പങ്കൊന്നുമില്ലെന്നും അതൊരു ജൂത-യു.എസ് ഉപജാപമാണെന്നുമുള്ള ഒരു തിയറി 'അമേരിക്കന്‍ വിരോധികള്‍' പ്രചരിപ്പിക്കുന്നുണ്ട്.'' ലേഖകന്‍ ആരോപിക്കും പോലെ ഇത് അമേരിക്കന്‍ വിരോധികളുടെ പ്രചാരണമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായി എത്താവുന്ന ഏക നിഗമനമാണ് (വിശദാംശങ്ങള്‍ക്ക് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഈ ലേഖകന്റെ 'സെപ്റ്റംബര്‍ 11 അമേരിക്കയുടെ യുദ്ധതന്ത്രം' എന്ന കൃതി നോക്കുക).
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗികഭാഷ്യം നുണകളുടെ സമാഹാരമാണെന്നും ഉന്നത ഗവണ്‍മെന്റ് വൃത്തങ്ങള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിരവധി തെളിവുകള്‍ നിരത്തി സമര്‍ഥിച്ചവരില്‍ പ്രമുഖനായ പ്രഫ. ഗ്രിഫിന്‍ അമേരിക്കന്‍ വിരോധിയല്ല, ദേശീയവാദിയും ക്രിസ്ത്യന്‍ ദൈവശാസ്ത്രപണ്ഡിതനുമാണ്. ഇദ്ദേഹത്തിന്റെ വാദങ്ങള്‍ ന്യായയുക്തമാണെന്ന് വിലയിരുത്തിയ ക്രിസ്ത്യന്‍ എത്തിസിസ്റ് ഡൊഗ്ളാസ് സ്റേം, കനേഡിയന്‍ ഫിലോസഫി പ്രഫസര്‍ ജോണ്‍ മക്മുറെ, ഫെമിനിസ്റ് തിയോളജി പ്രഫ. റ്യൂതെര്‍ തുടങ്ങി നിരവധി പേര്‍ അമേരിക്കന്‍ വിരോധികളേയല്ല. പരമ്പരാഗതമായി അമേരിക്കന്‍ വിരോധികളായി അറിയപ്പെടുന്ന എഴുത്തുകാര്‍ അമേരിക്കയുടെ ഔദ്യോഗികഭാഷ്യം അംഗീകരിച്ചവരാണെന്ന കാര്യം ലേഖകന്‍ അറിയണമെന്നില്ല. അതായത്, സെപ്റ്റംബര്‍ ആക്രമണങ്ങളില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പങ്കാളിത്തം സമര്‍ഥിച്ച പ്രമുഖ അമേരിക്കന്‍ എഴുത്തുകാരൊന്നും അമേരിക്കന്‍ വിരോധികളല്ലെന്ന് മാത്രമല്ല, ഇവരുടെ വീക്ഷണങ്ങള്‍ പരമ്പരാഗത അമേരിക്കന്‍ വിരോധികള്‍ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.
അമേരിക്കയിലെ ദേശസ്നേഹികളില്‍ വലിയൊരു വിഭാഗം ഗവണ്‍മെന്റിന്റെ ഔദ്യോഗികഭാഷ്യത്തെ സംശയിക്കുന്നവരാണ്. ചിലരുടെ പേരുകള്‍ നോക്കൂ: മേജര്‍ ജനറല്‍ ആല്‍ബര്‍ട്ട് സ്റുബ്ള്‍ബിന്‍ (യു.എസ് ആര്‍മി ഇന്റലിജന്റ്സ് മുന്‍ കമാന്റിംഗ് ജനറല്‍), ജനറല്‍ വെസ്ലിക്ളര്‍ക്ക് (യു.എസ് യൂറോപ്യന്‍ കമാന്റ് മുന്‍ ജനറല്‍), കേണല്‍ റൊണാള്‍ഡ് റേ (മുന്‍ അസി. ഡിഫന്‍സ് സെക്രട്ടറി) തുടങ്ങി നിരവധി പേര്‍.
സെപ്റ്റംബര്‍ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്കുമുമ്പേ വിവരം അറിഞ്ഞത് ഇസ്രയേലിലെ ഒഡിഗോ കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നുവെന്നത് ജൂതലോബിയുടെ പങ്കിനുള്ള നിരവധി തെളിവുകളില്‍ ഒന്നാണ് (ഒഡിഗോ കമ്പനിയുടെ വൈസ് പ്രസിഡന്റ് അലക്സ് ഡയമാന്റിസ് ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി). അമേരിക്കയിലെ സുശക്തമായ നിരവധി ഇന്റലിജന്റ്സ് ഏജന്‍സികള്‍ക്ക് പോലും മണത്തറിയാന്‍ കഴിയാതിരുന്ന ഭീകരാക്രമണ പദ്ധതി രണ്ട് മണിക്കൂര്‍ മുമ്പേ ഇസ്രയേലി കമ്പനിയിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞു എന്നതില്‍നിന്നും എന്താണ് മനസ്സിലാവുന്നത്?
വിമാനങ്ങള്‍ നിശ്ചയിക്കപ്പെട്ട റൂട്ടില്‍നിന്നും മാറിയാല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇടപെടാറുണ്ട്. ഇതൊരു സ്ഥിരം പരിപാടിയാണ്. എന്നാല്‍ രണ്ട് മണിക്കൂറോളം നീണ്ട ഭീകരാക്രമണങ്ങള്‍ക്കിടയില്‍ നാലു വിമാനങ്ങള്‍ റൂട്ട് മാറി പറന്നിട്ടും ഒരൊറ്റ വ്യോമസേനാ വിമാനവും ഇടപെട്ടില്ലെന്നത് ഗവണ്‍മെന്റിന്റെ ഉന്നതതല പങ്കാളിത്തത്തിന് തെളിവാണ്. ഇത്തരം നിരവധി തെളിവുകള്‍ അവതരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും വെബ്സൈറ്റുകളും ഇന്ന് ലഭ്യമാണ്.
ലേഖകന്റെ മറ്റൊരു വാദമിതാ: "അതൊക്കെ 'യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജന'ത്തിനു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും അത്രക്ക് ആസൂത്രിതമായ ഒരു ഓപ്പറേഷന് ലോകത്ത് മറ്റൊരു ശക്തിക്കും സാധ്യമല്ലെന്നുമുള്ള സയണിസ്റ് മിത്തിനെ ഉപചരിക്കുന്നതാണ് ഈ ഉപജാപസിദ്ധാന്തം.''
ഒന്നാമതായി, യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു മാത്രമേ 'അത്രക്ക് ആസൂത്രിതമായ ഒരു ഓപ്പറേഷന്‍' നടത്താനാവൂ എന്നൊരു സയണിസ്റ് മിത്തേ ഇല്ല.
രണ്ടാമതായി, സെപ്റ്റംബര്‍ ആക്രമണങ്ങളെ വിശകലനം ചെയ്യേണ്ടത് ഏതെങ്കിലും മിത്തിനെ മുന്‍നിറുത്തിയല്ല, തെളിവുകളെ ആസ്പദമാക്കിയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തിലേക്ക് അവര്‍ വിരല്‍ ചൂണ്ടിയത്. ഇതില്‍ ഒന്നെങ്കിലും ചര്‍ച്ചാവിധേയമാക്കാന്‍ ലേഖകന്‍ മുതിര്‍ന്നിട്ടില്ല.
മൂന്നാമതായി, എല്ലാ വ്യവസ്ഥാപിത ശക്തികളും ആട്ടിപ്പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു ജനവിഭാഗമാണ് 'യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനം' എന്നതാണ് സയണിസ്റ് മിത്തുകളുടെ കാതല്‍. ഇതാകട്ടെ ലേഖകന്‍ സൂചിപ്പിച്ച ആശയത്തിന് നേര്‍വിരുദ്ധമാണ് താനും. 'അത്രക്ക് ആസൂത്രിതമായ ഓപ്പറേഷന്‍' നടത്താന്‍ സാധിക്കുന്നവരാണ് യഹോവയുടെ ജനമെങ്കില്‍ ചരിത്രത്തില്‍ എക്കാലവും അവര്‍ ആട്ടിയോടിക്കപ്പെടുമായിരുന്നോ? ചുരുക്കത്തില്‍, അമേരിക്കന്‍ ഗവണ്‍മെന്റ് പടച്ചുവിട്ട ഒരു മിത്തിനെ ന്യായീകരിക്കാന്‍ മറ്റൊരു മിത്ത് കെട്ടിച്ചമക്കുകയല്ലേ ലേഖകന്‍ ചെയ്തത്?
"വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ നൈതിക രാഹിത്യം പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണ് ഈ ഉപജാപസിദ്ധാന്തം'' എന്നും ലേഖകന്‍ എഴുതുന്നു. ട്രേഡ് സെന്റര്‍ ആക്രമണത്തിലെ നൈതികതയും കുറ്റവാളിയാര് എന്ന അന്വേഷണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം വിശകലനങ്ങള്‍ക്ക് വസ്തുതകളുമായി എന്ത് ബന്ധമാണുള്ളത്? ആക്രമണത്തിലെ സാഹചര്യത്തെളിവുകള്‍ സത്യസന്ധമായി പരിശോധിച്ചാല്‍ ഉത്തരവാദികളിലേക്ക് സൂചനകള്‍ ലഭിക്കും. നൈതികതയുമായി ബന്ധപ്പെട്ട കാര്യത്തെ 'കുറ്റ'ത്തിന്റെ അവിഭാജ്യഘടകമാക്കുന്ന വിശകലനം വിചിത്രമാണ്. അതിരിക്കട്ടെ, പ്രസക്തമായ മറ്റൊരു കാര്യം. ട്രേഡ് സെന്റര്‍ ആക്രമണം നൈതിക വിരുദ്ധമാണെന്ന് പരോക്ഷമായല്ല, പ്രത്യക്ഷമായിത്തന്നെ ഉസാമ വ്യക്തമാക്കിയിരുന്നു (മേല്‍ സൂചിപ്പിച്ച 'ഉമ്മത്തി'ലെ അഭിമുഖം). നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മറ്റുള്ളവരെയും ദ്രോഹിക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ടെന്നും ട്രേഡ് സെന്റര്‍ ആക്രമണം അത്തരമൊരു നൈതികവിരുദ്ധസംഭവമാണെന്നും അഭിമുഖത്തില്‍ സംശയരഹിതമായി ഉസാമ വ്യക്തമാക്കുകയുണ്ടായി. അതിനാല്‍ ലേഖകന്റെ ഈ വരികള്‍ അസംബന്ധം മാത്രമാണ്: "അപ്പോള്‍ ഉസാമയാണ് അതിന്റെ പിന്നിലെന്ന് തെളിഞ്ഞാല്‍ അതിന്റെ സാഹസികമാനം എന്തുതന്നെയാണെങ്കിലും ഉസാമ കുറ്റവാളിയാണെന്ന് ഉപജാപസിദ്ധാന്തികള്‍ സമ്മതിക്കേണ്ടിവരും.''
ഉപജാപസിദ്ധാന്തങ്ങളെക്കുറിച്ചും അവയുടെ സത്യസ്ഥിതിയെക്കുറിച്ചും ട്രേഡ് സെന്റര്‍ സംഭവത്തെക്കുറിച്ചുള്ള പഠനങ്ങളെക്കുറിച്ചും അവ്യക്ത ധാരണകള്‍ മാത്രമാണ് ലേഖകനുള്ളതെന്നുകൂടി മേല്‍ പ്രസ്താവങ്ങള്‍ തെളിയിക്കുന്നു. ഏതു സിദ്ധാന്തവും തെറ്റാവാന്‍ സാധ്യതയുള്ളതുപോലെ ഉപജാപസിദ്ധാന്തങ്ങളും തെറ്റാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉപജാപസിദ്ധാന്തമാണ് എന്നതുകൊണ്ടുമാത്രം ഒരു സിദ്ധാന്തവും തെറ്റാവുന്നില്ല. ഏതുതരം സിദ്ധാന്തമാണെങ്കിലും തെളിവാണ് പ്രധാനം.
അമേരിക്കന്‍ നേതാക്കളിലെ ഉന്നതരാണ് ഭീകരാക്രമണത്തിന് പിന്നില്‍ എന്നതുപോലുള്ള ഒരു ഉപജാപസിദ്ധാന്തം തന്നെയാണ് ലേഖകന്‍ ശരിവെക്കുന്ന ഉസാമയും സംഘവുമാണ് അതിനു പിന്നിലെന്ന സിദ്ധാന്തവും. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗികവീക്ഷണമായ ഈ സിദ്ധാന്തത്തിനാണ് താരതമ്യേന കൂടുതല്‍ ഉപജാപസ്വഭാവമുള്ളത്. അതിനാല്‍ ഒരു സിദ്ധാന്തം ഉപജാപസ്വഭാവമുള്ളതുകൊണ്ടുമാത്രം തിരസ്കരിക്കപ്പെടണമെന്നാണ് വാദമെങ്കില്‍, ഒന്നാമതായും തള്ളപ്പെടേണ്ടത് ലേഖകന്‍ ശരിവെച്ച അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗികവീക്ഷണം തന്നെയാണ്.
ഉസാമയുടെ വധത്തെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് അംഗീകരിച്ചുകൊണ്ടാണല്ലോ ലേഖകന്‍ വിശകലനം ആരംഭിച്ചത്. രാഷ്ട്രാന്തരീയ വിവാദങ്ങളില്‍ പൊതുവേ കളവ് പറയല്‍ ശീലമാക്കിയ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഏതു പ്രഖ്യാപനവും പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമേ സ്വീകരിക്കാനാവൂ. ഉസാമവധത്തെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വൈറ്റ്ഹൌസിന്റേത്. ശക്തമായി ചെറുത്തുനിന്നതിനാല്‍ ഉസാമയെ വെടിയുതിര്‍ത്ത് വധിക്കാന്‍ നിര്‍ബന്ധിതരായെന്നും തലച്ചോറ് പുറത്തായ ഭീകരചിത്രം അതിനാല്‍ പുറത്തുവിടാനാവില്ലെന്നും പറഞ്ഞ അമേരിക്കന്‍ വക്താക്കള്‍ ഉസാമ നിരായുധനായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. 2001 ഡിസംബറില്‍ ഉസാമ മരിച്ചതായും സൈനികബഹുമതികളോടെ മറമാടിയതായും റിപ്പോര്‍ട്ടുണ്ടായതും ഓര്‍ക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം