Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

ജമാഅത്തെ ഇസ്‌ലാമി കേന്ദ്രസമിതി പ്രമേയങ്ങള്‍


മെയ് 28, 29, 30, 31 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മജ്‌ലിസ് ശൂറാ യോഗം അംഗീകരിച്ച പ്രമേയങ്ങള്‍

വഖഫ് സ്വത്തുക്കളുടെ സംരക്ഷണം
വഖ്ഫ് സ്വത്തുക്കള്‍ അനധികൃതമായി കൈവശംവച്ച് കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍, സര്‍ക്കാറേതര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നടപടിയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ അത്തരം എല്ലാ വഖ്ഫ് സ്വത്തുക്കളും വിട്ടുകൊടുക്കുകയോ വഖ്ഫ് ബോര്‍ഡുമായി ആലോചിച്ച് നിലവിലുള്ള നിരക്കനുസരിച്ച് അവക്ക് വാടക നല്‍കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതിനിയമം ലോക്‌സഭയില്‍ പാസാക്കിയെടുത്ത രീതിയിലും വേഗതയിലും കൂടിയാലോചനാസമിതി ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ മുസ്‌ലിം സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചുകൊണ്ട് അത് രാജ്യസഭയില്‍ പാസാക്കുന്നതിനു മുമ്പ് സെലക്ട് കമ്മിറ്റിക്ക് അയച്ചുകൊടുത്ത നടപടി ശ്ലാഘനീയമാണ്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും മറ്റു മുസ്‌ലിം സംഘടനകളും സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിച്ചുകൊണ്ട് വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും വികസനവും മേല്‍നോട്ടവും ഉറപ്പുവരുത്തണമെന്നും ശൂറ ആവശ്യപ്പെട്ടു. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനും സച്ചാര്‍കമ്മിറ്റിയും സംയുക്ത പാര്‍ലമെന്ററി സമിതിയും സമര്‍പ്പിച്ച നിര്‍ദേശങ്ങളെ ജമാഅത്ത് കൂടിയാലോചനാ സമിതി സ്വാഗതം ചെയ്യുകയും പ്രസ്തുത ശിപാര്‍ശകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
വഖ്ഫ് സ്വത്തുക്കളെ വാടക, നിയന്ത്രണ-വില്‍പന നിയമങ്ങളില്‍നിന്ന് സ്വതന്ത്രമാക്കണം. വഖ്ഫ് ട്രൈബ്യൂണല്‍ മുഖേന വഖ്ഫ് കേസുകള്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള വകുപ്പ് വഖ്ഫ് നിയമത്തില്‍ ഉള്‍പെടുത്തണം. വഖ്ഫ് ആക്ടിലെ ഖണ്ഡിക 87 എടുത്തുകളയണം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച കേസുകള്‍ വഖ്ഫ് നിയമത്തിനുകീഴില്‍ നടത്തുന്നത് തടയുന്നതാണ് പ്രസ്തുത ഖണ്ഡിക. സംസ്ഥാന സര്‍ക്കാറുകള്‍ വഖ്ഫ് കമീഷണര്‍ മുഖേന മുഴുവന്‍ വഖ്ഫ് സ്വത്തുക്കളുടെയും സര്‍വേ പൂര്‍ത്തിയാക്കി അവയെ വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യണം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സര്‍വേ നടത്താന്‍ ഏര്‍പ്പാടുണ്ടാക്കണം.
നിര്‍ദിഷ്ട വഖ്ഫ് ഡവലപ്‌മെന്റ് കൗണ്‍സിലിനെ ഏതെങ്കിലും വിദേശ ഏജന്‍സിക്ക് ഏല്‍പിച്ചുകൊടുക്കാനും അവയില്‍ നിന്നുള്ള വരുമാനത്തെ മറ്റു വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുകയും ചെയ്യാനുള്ള നിര്‍ദേശം അങ്ങേയറ്റം അയുക്തികവും വഖ്ഫിന്റ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിയാനവുമാണ്. വഖ്ഫ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ഗുണഭോക്താക്കളാവാനുള്ള അവകാശം മുസ്‌ലിംകള്‍ക്ക് മാത്രമാണ്. നിയമപരമായും മതപരമായും അതു മാത്രമാണ് ശരിയായിട്ടുള്ളത്. വഖ്ഫ് ഡവലപ്‌മെന്റ് കൗണ്‍സില്‍ വഖ്ഫ് വികസനത്തെ മൈനോറിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് ഏല്‍പിച്ചുകൊടുക്കരുത്.
പുരാവസ്തു വകുപ്പിനു കീഴിലുള്ള പള്ളികള്‍ നമസ്‌കരിക്കാന്‍ വരുന്നവര്‍ക്കായി തുറന്നുകൊടുക്കണമെന്നും കൂടിയാലോചനാ സമിതി ആവശ്യപ്പെട്ടു. പള്ളികളെ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് തീര്‍ത്തും അനുചിതമാണ്. ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ അവ നിര്‍മിക്കപ്പെട്ടത് അതിന് നിരക്കാത്ത കാര്യം കൂടിയാണത്. പുരാവസ്തുവകുപ്പിന് കീഴിലുള്ള പള്ളികള്‍ യഥാവിധി പരിപാലിക്കുന്നില്ലെന്നതില്‍ കൂടിയാലോചനാ സമിതിക്ക് ഉല്‍കണ്ഠയുണ്ട്. മാത്രമല്ല, അവ സാമൂഹിക വിരുദ്ധരുടെ താവളങ്ങളാക്കപ്പെടുകയും ചെയ്യുന്നു. വഖ്ഫ് ബോര്‍ഡിനെ ഗവണ്‍മെന്റ് നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കി അവക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും മുസ്‌ലിം സംഘടനകള്‍ക്ക് അതില്‍ ഫലപ്രദമായ പ്രാതിനിധ്യം നല്‍കണമെന്നും മജ്‌ലിസ് ശൂറ ആവശ്യപ്പെടുന്നു.
 
അന്തര്‍ദേശീയ സംഭവവികാസങ്ങള്‍

ജനങ്ങളുടെ സ്വാതന്ത്ര്യം, മാനസികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍, സ്ത്രീകളോടുള്ള നീതി തുടങ്ങിയ വിഷയങ്ങള്‍ ലോകമെങ്ങും സജീവമായ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാല്‍ അതോടൊപ്പം തന്നെ അന്താരാഷ്ട്രതലങ്ങളില്‍ സ്വേഛാധിപത്യവും മനുഷ്യാവകാശ ധ്വംസനങ്ങളും ദുര്‍ബല വിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ചൂഷണം ചെയ്യലും ആസൂത്രിതമായി നടക്കുന്നുമുണ്ട്.  അമേരിക്ക നേതൃത്വം നല്‍കുന്ന ചൂഷണശക്തികള്‍ വിചാരിക്കുന്നത് ലോകത്തിലെ  സമ്പത്തും പ്രകൃതി സ്രോതസ്സുകളും തങ്ങളുടെ അധീനത്തില്‍ ആവണമെന്നാണ്. അതിനാല്‍ പ്രകൃതി വിഭവങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍ കൈവശമുള്ള മുസ്‌ലിം രാജ്യങ്ങളെ കീഴൊതുക്കാന്‍ ചില സ്വതന്ത്ര രാജ്യങ്ങളെ ഉപകരണമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ആശങ്കയോടെയാണ് ജമാഅത്തെ ഇസ്‌ലാമി ഈ സ്ഥിതി വിശേഷത്തെ കാണുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്രാജ്യത്വ നടപടികളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സ്വാധീനവലയത്തില്‍ നിന്ന് മോചനം നേടി സ്വതന്ത്രമായ വിദേശനയം രൂപപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയാറാവണം. ഇതിന്റെ ഭാഗമായി അയല്‍രാജ്യങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും ചൈന, ഇറാന്‍, ഇറാഖ്, ക്യൂബ, ബ്രസീല്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യണം. ഫലസ്തീനികള്‍ ഉള്‍പ്പെടെയുള്ള  മധ്യപൗരസ്ത്യ ദേശങ്ങളിലെ  സ്വാതന്ത്ര്യ ദാഹികളായ എല്ലാ ജനതകള്‍ക്കും ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണ പിന്തുണ നല്‍കണം. 
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സ്വേഛാധിപത്യത്തില്‍ നിന്നുള്ള മോചനത്തിനായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് മജ്‌ലിസ് ശൂറ പിന്തുണ പ്രഖ്യാപിക്കുന്നു. എന്നാല്‍  ലിബിയന്‍ ജനതയെ പിന്തുണക്കാനെന്ന പേരില്‍ കേണല്‍ ഗദ്ദാഫിക്കും ലിബിയന്‍ പരമാധികാരത്തിനും മേല്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നടത്തുന്ന ഇടപെടലുകള്‍ അപലപനീയമാണ്.

പഞ്ചവല്‍സര പദ്ധതി

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യലക്ഷ്യം സമ്പന്ന-ദരിദ്ര അന്തരം കുറക്കുക എന്നതായിരിക്കുമെന്ന ആസൂത്രണ കമ്മീഷന്റെ പ്രഖ്യാപനത്തെ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര സമിതി സ്വാഗതം ചെയ്യുന്നു. ഈ അന്തരം ഇന്ത്യയില്‍ ലജ്ജാവഹമാം വിധം വര്‍ധിച്ചിട്ടുണ്ട്. അത് കുറച്ചു കൊണ്ടുവരികയെന്നത് എല്ലാ പദ്ധതികളുടെയും മുഖ്യലക്ഷ്യം ആയിരിക്കേണ്ടതാണ്. ആസൂത്രണ കമ്മീഷന്‍ പ്രസ്തുത പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്തുത പ്രഖ്യാപനത്തിന് എതിരാകുന്ന എല്ലാ നടപടികളില്‍നിന്നും അകന്നുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെടുന്നു.
ദാരിദ്ര്യരേഖയെ സംബന്ധിച്ച കമീഷന്റെ നിലപാടിനെ സമിതി അപലപിച്ചു. പതിനഞ്ചുരൂപ നിത്യവരുമാനത്തെ ദാരിദ്ര്യ രേഖയുടെ മാനദണ്ഡമായി അംഗീകരിച്ച്, അതിനുമുകളിലുള്ള ദരിദ്രര്‍ക്ക് ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്. കമീഷന്റെ ഈ നിലപാട് അതിന്റെ ലക്ഷ്യ പ്രഖ്യാപനത്തിന് വിരുദ്ധമായി സമ്പന്ന-ദരിദ്ര അന്തരം വര്‍ധിപ്പിക്കുക മാത്രമേ ചെയ്യൂ. ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സകലരെയും ദരിദ്രരായി പരിഗണിക്കാന്‍ കമീഷന്‍ തയാറാകണം. ഭക്ഷ്യാവകാശം സംബന്ധിച്ച കമീഷന്റെ നിലപാട് ഖേദകരമാണ്. ഈ പ്രശ്‌നങ്ങളില്‍ ദേശീയ കൗണ്‍സിലിന്റെ നിര്‍ദേശം ഗവണ്‍മെന്റ് അംഗീകരിച്ച സ്ഥിതിക്ക് കമ്മീഷന്‍ അതിന്റെ നിലപാട് തിരുത്തുകയും ഭക്ഷ്യാവകാശം സംബന്ധിച്ച നിര്‍ദിഷ്ട നിയമം അംഗീകരിച്ച്  നടപ്പിലാക്കുന്നതിനുള്ള അവശ്യ സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
കമീഷന്‍ വികസനനിരക്കില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. വികസനത്തിന്റെ പ്രയോജനങ്ങള്‍ നീതിപൂര്‍വം വിതരണം ചെയ്യുന്നതും ദരിദ്രവിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും അവ ലഭ്യമാക്കുന്നതും ലക്ഷ്യമായെടുക്കണം. ഈ ആവശ്യാര്‍ഥം കാര്‍ഷിക, ഗ്രാമീണ സമ്പദ് ഘടനയിലെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ പ്രത്യേകം നിര്‍ണയിക്കുകയും അവ നേടാന്‍ പദ്ധതികള്‍ തയാറാക്കുകയും വേണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക-ഗ്രാമീണ സമ്പദ് ഘടനയില്‍ സംഭവിച്ച കുറ്റകരമായ അശ്രദ്ധക്ക് മതിയായ പരിഹാരം ചെയ്യുന്നില്ലെങ്കില്‍ ദരിദ്രരുടെ അഭിവൃദ്ധി സുന്ദര സ്വപ്നം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ.
ജി.ഡി.പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനും മൂന്ന് ശതമാനം ആരോഗ്യമേഖലക്കും ചെലവഴിക്കുകയെന്ന ലക്ഷ്യം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉറപ്പായും പൂര്‍ത്തീകരിക്കപ്പെടണം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നിശ്ചിത ലക്ഷ്യത്തില്‍ നിന്നും വളരെകുറഞ്ഞ സംഖ്യയാണ് ഈ മേഖലയില്‍ ചെലവഴിക്കപ്പെട്ടത് എന്നത് ഖേദകരമാണ്. പ്രസ്തുത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം സര്‍ക്കാരിന്റെ ചിരകാല വാഗ്ദാനമാണ്. ഇത് എത്രയും വേഗം പ്രാവര്‍ത്തികമാക്കപ്പെടണം. അത് പ്രാവര്‍ത്തികമാക്കപ്പെടാതെ  ദരിദ്രവിഭാഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാവുകയില്ല.
പുരോഗതിയിലേക്കുള്ള ഓട്ടത്തില്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുകയെന്നതും അനിവാര്യമാണ്. കമ്മീഷന്‍ മുസ്‌ലിംകളുമായും ഇതര വിഭാഗങ്ങളുമായും സജീവ കൂടിയാലോചനകള്‍ നടത്തുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കെന്നപോലെ, മുസ്‌ലിംകള്‍ക്ക് വേണ്ടി മുസ്‌ലിം കോംപണന്റ് പ്ലാന്‍ ഉണ്ടാക്കണം. വികസന ക്ഷേമപദ്ധതികളില്‍ അവരുടെ വിഹിതം വ്യക്തമായി നിര്‍ണയിക്കണം. സച്ചാര്‍ കമ്മറ്റിയിലെ മറ്റു വികസന, ക്ഷേമ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും അവ പദ്ധതിയില്‍ ഉള്‍പെടുത്തുകയും വേണം.
ഊര്‍ജത്തിന്റെ ആവശ്യകതയെക്കുറിച്ച കമ്മീഷന്റെ നിലപാടിനെ ആദരിച്ചുകൊണ്ടുതന്നെ, ഈ വിഷയത്തില്‍ പദ്ധതി ആവിഷ്‌കരിക്കുമ്പോല്‍ രാജ്യനിവാസികളുടെ വികാരങ്ങളെ അവഗണിക്കരുതെന്നും ജമാഅത്ത് ആവശ്യപ്പെട്ടു. ആണവോര്‍ജത്തിനായി രാജ്യത്തിന്റെ പരമാധികാരവും സ്വയം നിര്‍ണയാവകാശവും കളഞ്ഞുകുളിക്കരുത്. പഞ്ചവത്സര പദ്ധതിയില്‍ ഊര്‍ജത്തിന്റെ ഈയൊരു സ്രോതസ്സിനുമാത്രം ഊന്നല്‍ കൊടുക്കുകയുമരുത്.
എല്ലാ ജനവിഭാഗങ്ങള്‍ക്കും സമതുലിതമായ അഭിവൃദ്ധി കരസ്ഥമാക്കാന്‍ ഫലപ്രദവും മികച്ചതുമായ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് കമ്മീഷനെ സഹായിക്കാന്‍ രാജ്യത്തെ നന്മേഛുക്കളായ എല്ലാ പൗരന്‍മാരോടും ബുദ്ധിജീവികളോടും സാമൂഹിക പ്രവര്‍ത്തകരോടും ജമാഅത്ത് മജ്‌ലിസ് ശൂറാ അഭ്യര്‍ഥിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം