Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

നേരും നെറിയുമില്ലാതെ മീഡിയാ തമസ്‌കരണം


നമ്മുടെ ചില മുത്തശ്ശി പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും വാര്‍ത്താ തമസ്‌കരണങ്ങളും ചില ആഭാസ വാര്‍ത്തകളും ഭാവി വാഗ്ദാനങ്ങളായ നിര്‍മല മനസ്സുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നാം വിശകലനവിധേയമാക്കേണ്ടിയിരിക്കുന്നു. ഈ ആധുനിക സങ്കേതിക വാര്‍ത്താ വിനിമയ വിപ്ലവയുഗത്തില്‍ തങ്ങള്‍ക്ക് ഹിതകരമായത് മാലോകര്‍ അറിയണമെന്നും അഹിതകരമായത് തമസ്‌കരിക്കപ്പെടണമെന്നുമുള്ള ഹിഡന്‍ താല്‍പര്യം എത്രകാലം വരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി എടുത്ത, ഭരണവിരുദ്ധ വികാരം നിലവില്ല എന്ന നിലപാടിനെ സാധൂകരിക്കുന്ന വിധത്തിലുള്ളതായിരുന്നു പിന്നീടുണ്ടായ ഇലക്ഷന്‍ ഫലം. ഫലത്തെ വിശകലന വിധേയമാക്കി ജമാഅത്ത് അമീര്‍ നടത്തിയ പ്രസ്താവനകള്‍ നമ്മുടെ മുഖ്യധാരാ പത്രങ്ങളില്‍ ഒന്നും കണ്ടില്ല. അതേ സമയം ജമാഅത്ത് പിന്തുണ തങ്ങള്‍ക്ക് ദോഷം ചെയ്തുവെന്ന സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം ഈ പത്രങ്ങളില്‍ വെണ്ടക്കാ അക്ഷരത്തില്‍ അച്ചുനിരത്തി വരികയുണ്ടായി. കാരണം അത് ജമാഅത്ത് വിരുദ്ധ പ്രസ്താവനയാണ്. എന്നാല്‍ ജമാഅത്ത് പിന്തുണ ഗുണം ചെയ്തുവെന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും മലപ്പുറം ജില്ലയിലെ തന്നെ എം.എല്‍.എയുമായ പി. ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചത് മുഖ്യധാരാ പത്രങ്ങളിലൊന്നും കണ്ടില്ല. കാരണം അത് ജമാഅത്ത് അനുകൂല പ്രസ്താവനയാണ്.
ഇതേ മനോഭാവം തന്നെയാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര വിജയത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന വാര്‍ത്താ വിശകലനത്തിലും നടന്നത്. പല കടലാസ് സംഘടനകളും, സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് മുന്നോട്ടിറങ്ങിയ രാഷ്ട്രീയ സംഘടനകളും പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങുവാഴുമ്പോള്‍, തുടക്കം മുതലേ സമരം ആവാഹിച്ച് പുനരധിവാസ സമര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സോളിഡാരിറ്റി ചിത്രത്തിന് പുറത്ത്. ആദ്യമായിട്ടാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി കേരളത്തില്‍ ജനകീയ ഫണ്ട് ശേഖരിക്കുന്നതെന്ന് ഒരു പാര്‍ട്ടിയുടെ യുവജന സംഘടനയെ അനുകൂലിച്ച് അതിന്റെ വിപ്ലവ പത്രം കാച്ചിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഒരു കോടിയില്‍പരം പിരിച്ച് അസൂയാര്‍ഹമായ വിധം പുനരധിവാസ പ്രവര്‍ത്തനം നടത്തിയത് സോളിഡാരിറ്റിയാണെന്ന്, നേര് നേരത്തെ അറിയിക്കുന്ന പത്രത്തിന് അറിയാഞ്ഞിട്ടല്ല.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രൊജക്ട് ചെയ്ത്, കേരളീയരുടെ വിശ്വാസ മനസ്സിനെ ചൂഷണം ചെയ്ത് കേരളക്കരയെ നവോത്ഥാന പൂര്‍വ കാലഘട്ടത്തിലേക്ക് അടിച്ച് തെളിക്കാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. ഏഷ്യാനെറ്റിന്റെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടി ഇതിന് ഒന്നാംതരം ഉദാഹരണാണ്.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

ചരിത്ര പഠനം വേണം
ആനുകാലിക വിഷയങ്ങള്‍ പത്രങ്ങളില്‍ ചര്‍വിത ചര്‍വണത്തിന് ശേഷം ആഴ്ചപ്പതിപ്പുകളില്‍ ചര്‍ച്ചയില്‍ വരുമ്പോള്‍ പലപ്പോഴും വായന ഒരു ടേയ്സ്റ്റ് നോക്കല്‍ മാത്രമായി ചുരുങ്ങുന്നു. പുതിയതും വ്യത്യസ്തവുമായ നിരീക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവ വായനാക്ഷമമാകൂ.
പഴയകാല പ്രബോധന ലക്കങ്ങള്‍ പൂര്‍വിക പണ്ഡിതന്മാരുടെ വൈജ്ഞാനിക സംഭാവനകള്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു ഖുദാമ, ഹുജ്‌വീരി, ഗസ്സാലി മുതലായ പണ്ഡിതന്മാരെ പഴയകാല വായനക്കാര്‍ക്ക് (എത്ര സാധാരണക്കാരായാലും) സുപരിചിതമായിരുന്നു. പരേതനായ ടി. മുഹമ്മദ് സാഹിബ് സ്വന്തം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം ധാരാളം വിവര്‍ത്തനങ്ങളും സംഭാവന ചെയ്തിരുന്നു. വായനക്കാരുടെ തര്‍ബിയത്തില്‍ അവരറിയാതെ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. പുതിയ തലമുറ ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു ഖുദാമ, ഗസ്സാലി തുടങ്ങിയവരെ പരിചയപ്പെടേണ്ടതുണ്ട്. അവര്‍ക്കിന്നതെല്ലാം മിന്നുന്ന സയന്‍സ് വിഷയങ്ങളാണ്. പ്രബോധനത്തില്‍ ചരിത്ര പഠനത്തിനോ മുന്‍കാല പണ്ഡിതന്മാരെ പരിചയപ്പെടുത്താനോ ഒരു പംക്തി തുടങ്ങാവുന്നതാണ്.
എ. മൂസ്സ എടക്കാപറമ്പ

ജമീല്‍ അഹ്മദിന്റെ പംക്തി
ജമീല്‍ അഹ്മദിന്റെ പുതിയ പംക്തി ചിന്താര്‍ഹവും വായനാ സുഖവും നല്‍കുന്നതാണ്. സ്‌കൂള്‍ പ്രവേശനോത്സവകാലത്ത് തന്നെ വിദ്യാഭ്യാസത്തിന്റെ അപചയങ്ങളെ വിശകലനം ചെയ്തത് നന്നായി. വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്കായി കോടികള്‍ പൊടിപൊടിച്ചിട്ടും ഊര്‍ജം ഒത്തിരി വ്യയം ചെയ്തിട്ടും നമ്മുടെ നാട് ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ബധിര കര്‍ണങ്ങളെ സ്വാധീനിച്ചിട്ട് വേണ്ടേ?! നീച താല്‍പര്യത്തോടെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന (കു)ബുദ്ധിജീവികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടുള്ള പംക്തിയുടെ തുടക്കം മനോഹരമായിരുന്നു. നിലച്ചുപോയ പല പംക്തികളുടെ പട്ടികയില്‍ പെടാതെ തുടര്‍ന്നുപോകട്ടെ എന്നാശംസിക്കുന്നു.
അഫ്‌നാന്‍ അഷ്‌റഫ് കവ്വായി, പയ്യന്നൂര്‍

'മാണിക്യകല്ലി'ലെ കല്ലുകടികള്‍
പൊതുവിദ്യാഭ്യാസം നിലനില്‍പ്പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്തരമൊരു ഉള്ളടക്കം പ്രമേയമാക്കിയ ചിത്രം എന്ന നിലക്കാണ്, 'മാണിക്യകല്ല്' കാണാന്‍ പോയത്. എന്നാല്‍, മലയാള സിനിമകളില്‍ പൊതുവെ കാണപ്പെടുന്ന മുസ്‌ലിംവിരുദ്ധ ആഖ്യാന നിര്‍മിതികള്‍ 'മാണിക്യകല്ലി'ലും അവതരിപ്പിക്കപ്പെട്ടപ്പോള്‍ നമ്മുടെ മുഖ്യധാരയുടെ മുസ്‌ലിംവിരുദ്ധ പൊതുബോധത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സിനെ മദിച്ചത്. വളരെ നിരൂപണ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് നടന്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച മുസ്‌ലിം കഥാപാത്രം. ഒരു നല്ല പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ അത്യന്തം അപകടകരവും സങ്കുചിതവുമായ വംശീയ മുന്‍വിധികള്‍ മുന്നോട്ടുവെക്കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രത്തില്‍ അറബി അധ്യാപകന്റെ വേഷമാണ് അനൂപ് ചന്ദ്രന്. ഊശാന്‍ താടിയും മുറിയന്‍ പാന്റ്‌സും, അലസതയും കോമാളിത്തവും നിറഞ്ഞ ശരീരഭാഷയും പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും, ഇന്ന് നിലവിലുള്ള മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ നന്നായി ഉത്തേജിപ്പിക്കുന്നുണ്ട്.
ലോക സിനിമകളില്‍ തന്നെ മുസ്‌ലിംകളെ ലൈംഗികാസക്തിയുള്ളവരും തീറ്റ പ്രിയരും അക്രമോത്സുകരുമായി കാണിക്കുന്ന ആഖ്യാനശൈലിയുണ്ട്. ഇത്തരം പതിവ് ആഖ്യാന മാതൃകകള്‍ 'മാണിക്യകല്ലി'ലും കാണുന്നു. എന്നല്ല, അതിനേക്കാള്‍ പച്ചക്ക് വംശീയത വിളിച്ചുപറയുന്നു എന്നതാണ് ഈ സിനിമയിലെ അത്യന്തം അപകടകരവും പ്രതിലോമകരവുമായ ഘടകം. മൂന്ന് ഭാര്യമാരുള്ള ഈ അധ്യാപകന് ആകെയുള്ള പണി പെണ്ണ് കെട്ടലാണത്രെ. ആകെയുള്ള എക്‌സര്‍സൈസ് അതാണെന്ന് അധ്യാപകരുടെ കമന്റ്. വലിയ ടിഫിന്‍ ബോക്‌സുമായി സ്റ്റാഫ് റൂമിലെത്തുന്ന ഇദ്ദേഹം കോഴിക്കാല്‍ കടിച്ചുപറിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. ഇവിടെ വലിയ ടിഫിന്‍ ബോക്‌സിനെയും കോഴിക്കാലിനെയും പ്രതീകവത്കരിച്ചതിലൂടെ, മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സംവിധായകന്റെ വംശീയ മുന്‍വിധി നന്നായി പ്രകടമാകുന്നുണ്ട്. ഇതേ സംവിധായകന്റെ തന്നെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ അര്‍ധ പട്ടിണിക്കാരനായ ബാര്‍ബര്‍ ബാലന്റെ അയല്‍വാസികളായ ഗള്‍ഫ് കുടുംബത്തെ ചിത്രീകരിക്കുന്നത് ഇതിനോട് കൂട്ടിവായിക്കുക. ബാലന്‍ സൂപ്പര്‍ സ്റ്റാറിന്റെ സുഹൃത്താണെന്നറിഞ്ഞതോടുകൂടി, ആടിന്റെ കരള്‍ പൊരിച്ചതും ബിരിയാണിയുമായി ബന്ധം പുതുക്കാന്‍ വരുന്നത് ശ്രദ്ധിക്കുക. മലയാള സിനിമയില്‍ മുസ്‌ലിമെന്നത് ലൈംഗികാസക്തനും തീറ്റ പ്രിയനുമാണ്. 'ഗദ്ദാമ'യില്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ കാവ്യ അവതരിപ്പിച്ച അശ്വതിയെ ബലാത്സംഗം ചെയ്യാനൊരുങ്ങുന്നവരായി അറബികളെ ചിത്രീകരിക്കുന്നതെല്ലാം ഇത്തരം വംശീയ മുന്‍വിധികളുടെ പ്രതിഫലനങ്ങളാണ്.
ഒന്നുകില്‍ വില്ലന്‍ അല്ലെങ്കില്‍ കോമാളി, അതുമല്ലെങ്കില്‍ സവര്‍ണ സംസ്‌കാരത്തോട് വിധേയത്വം പുലര്‍ത്തുന്ന ഹിസ്‌ഹൈനസ് അബ്ദുല്ലമാരോ വ്യക്തിത്വമില്ലാത്ത, നായകന്റെ നിഴലായിട്ടുള്ള കഥാപാത്രങ്ങളോ ആണ് മലയാള സിനിമയിലെ മുസ്‌ലിം.
അറബി അധ്യാപകരെ കോമാളികളായി ചിത്രീകരിക്കുന്ന സിനിമാ സംസ്‌കാരം മലയാള സിനിമയില്‍ മുമ്പേയുണ്ട്. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തില്‍ മാമുക്കോയ ചെയ്ത കഥാപാത്രം ഇതിനോട് ചേര്‍ത്തുവായിക്കുക. മാമുക്കോയ എന്ന ഹാസ്യനടന്റെ തിരശ്ശീലയിലെ വിവിധ കോമാളി വേഷങ്ങള്‍ കൃത്യമായി നിരൂപണം ചെയ്താല്‍ മിക്ക വേഷങ്ങളിലും പെണ്ണുകെട്ടും ഭക്ഷണത്തോടുള്ള ആസക്തിയും ചേരുവ ചേര്‍ക്കപ്പെട്ടതായി കാണാം. സുരേഷ് ഗോപി ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലെ മുസ്‌ലിം കഥാപാത്രങ്ങള്‍ക്കും മൂന്നോ നാലോ പെണ്ണ് കാണപ്പെടാം.
മുസ്‌ലിം സമുദായത്തിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ നേതൃപരമായ പങ്കുവഹിക്കുന്ന വിഭാഗമാണ് അധ്യാപകര്‍. ഇത്തരക്കാരെ പിന്തിരിപ്പന്മാരും മറ്റുമായി ചിത്രീകരിക്കുന്ന സമീപനം തീര്‍ച്ചയായും വിഷലിപ്തമായ മനസ്സിന്റെ ഉല്‍പന്നം തന്നെയാണ്. മാണിക്യകല്ലിലെ അവസാന ഭാഗത്തെ ഒരു രംഗം ഇങ്ങനെ: മൂന്നു ഭാര്യമാരും ഒരു ലോഡ് കുട്ടികളുമായി വരുന്ന ഈ അധ്യാപകനോട് 'സ്‌കൂളിന്റെ വിദ്യാര്‍ഥിക്ഷാമം കുറഞ്ഞുകിട്ടും' എന്ന് സഹാധ്യാപകന്റെ കമന്റ്. 'ഹം പാഞ്ച് ഹമാരാ പച്ചീസ്' എന്ന പരിഹാസത്തിന്റെ മോഡിയന്‍ രീതിശാസ്ത്രം പച്ചക്ക് വിളിച്ചു പറയുന്നുണ്ട് ഈ സിനിമ. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് ഭീതിജനകമായ കഥകള്‍ പുറത്തുവിടുക എന്നത് ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതേ സവര്‍ണ ഫാഷിസ്റ്റ് യുക്തികള്‍ കേരളീയ പൊതുബോധത്തിന് സ്വീകാര്യമാവുന്നു എന്നത് നമ്മള്‍ കൊട്ടിഘോഷിക്കുന്ന മതേതരത്വം എന്നത് എന്തുമാത്രം സവര്‍ണോന്മുഖമാണ് എന്നതിന്റെ തെളിവാണ്.
എം. അബ്ദുല്‍ കബീര്‍
കോഴിക്കോട് ഗവ. ലോ കോളേജ്


ചുരുക്കെഴുത്ത്
'ദരിദ്രരുടെ ഉച്ചക്കോടി' എന്ന മുഖക്കുറിപ്പ് (ലക്കം 1) വളരെ സമയോചിതമായി. അഭിനന്ദനങ്ങള്‍. വി.കെ അബ്ദുല്‍ അസീസ് ജിദ്ദയുടെ 'മനുഷ്യനെ സൃഷ്ടിക്കേണ്ട വിദ്യാഭ്യാസം' വളരെ അര്‍ഥവത്തായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവഗാഹമായി വിവരിച്ചിട്ടുണ്ട്. എം.സി.എ നാസര്‍ എഴുതിയ രാഷ്ട്രീയ വിശകലനം വിജ്ഞാനപ്രദമായി.
വി.എന്‍ വിജയന്‍
മുതവറ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം