Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

എം എഫ് ഹുസൈന്‍ മൂന്നു ചിത്രങ്ങള്‍

ജമീല്‍ അഹ്മദ്

വരഞ്ഞുതീരാന്‍ തൊണ്ണൂറ്റിയഞ്ച് വര്‍ഷമെടുത്ത ഒരു വിവാദചിത്രമായിരുന്നു മഖ്ബൂല്‍ ഫിദാ ഹുസൈന്‍. അത്രയും വിവാദങ്ങള്‍ക്കൂടിയാണ് ആ ചിത്രപുരുഷന്റെ നിലയും വിലയും നിശ്ചയിച്ചതും. സിനിമക്കാര്‍ക്ക് പോസ്റ്റര്‍ വരച്ചുകൊടുത്തിരുന്ന ഒരു തെരുവു ചിത്രകാരനില്‍ നിന്ന് കോറിയിട്ടാല്‍ കോടികള്‍ വിലമതിക്കുന്ന വിരലുകള്‍ സ്വന്തമായ എം. എഫ് ഹുസൈനിലേക്കുള്ള വളര്‍ച്ചയും അത്രയും വിചിത്രമായിരുന്നു. പഠിക്കപ്പെടേണ്ട ആഴമോ സ്വയമനുഭവിച്ച ജീവിതത്തിന്റെ വൈചിത്ര്യാഖ്യാനമോ ഹുസൈന്‍ ചിത്രങ്ങളിലില്ല എന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കുതിര, സ്ത്രീ ബിംബങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന ചെടിപ്പില്‍നിന്ന് അദ്ദേഹത്തിന്റെ ബ്രഷിന് മോചനമുണ്ടായില്ല. കാര്‍ട്ടൂണിനും കാരിക്കേച്ചറിനും ഇടക്കുള്ള ഇലസ്‌ട്രേഷന്‍ വരമാത്രമായിരുന്നു അവ എന്നും ചില വിമര്‍ശകര്‍ പരാതിപ്പെട്ടു. എന്നിട്ടും ആ ക്യൂബിക് രേഖകളുടെ വിസ്മയക്കാഴ്ചയില്‍ മാധ്യമലോകവും ചിത്രവില്‍പനക്കാരും വീണു. അത് ഹുസൈന്‍ശൈലിയെന്നും ഇന്ത്യന്‍ പിക്കാസോയുടെ രചനകള്‍ എന്നും വാഴ്ത്തപ്പെട്ടു. മദര്‍ തെരേസയുടെ കാരുണ്യത്തോടും മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തോടും ഹുസൈന്‍ കാണിച്ച അഭിനിവേശം തന്റെ കടുത്തതും കറുത്തതുമായ ബോംബെ ബാല്യകാലസ്മരണകളുടെ മാനസികാവശിഷ്ടങ്ങള്‍തന്നെയായിരുന്നു. വരച്ച ചിത്രങ്ങള്‍ക്ക് കോടികള്‍ വിലകിട്ടിയിട്ടും ചെരുപ്പിടാതെ നടന്നും തട്ടുകടകളില്‍നിന്ന് തിന്നും അദ്ദേഹം ദാരിദ്യത്തെ ആഘോഷിച്ചു. എന്തൊക്കെയായാലും ഈ മനുഷ്യന്‍ വാഴ്ത്തപ്പെട്ടതും ഇകഴ്ത്തപ്പെട്ടതും പലപ്പോഴും ചിത്രകലക്ക് അപ്പുറത്തുള്ള ചില സാമൂഹിക വിഷയങ്ങളുടെ പേരിലായിരുന്നു. അതിനാല്‍ എം.എഫ് ഹുസൈന്‍ എന്ന ചിത്രകാരന്റെ ജീവിതം മൂന്ന് പ്രധാന ചിന്തകള്‍ ബാക്കിയാക്കുന്നു.

1. ചിത്രകലയും നഗ്നതയും
മനുഷ്യനോളം പഴക്കമുണ്ട് അവന്റെ വരക്കാനുള്ള കൗതുകത്തിന്. മനുഷ്യന്‍ മനുഷ്യനെത്തന്നെ വരക്കാന്‍ തുടങ്ങിയ അന്നുമുതല്‍ ശരീരത്തില്‍ പുതിയൊരു കണ്ണുകൂടി പതിഞ്ഞു. അനുഭവിച്ചറിയുന്ന ശരീരത്തോടൊപ്പം കണ്ടറിയുന്ന ശരീരംകൂടിയുണ്ടായി. ശരീരത്തെ അനുഭവിക്കുന്നതുപോലെ കാണാനും കാണുന്നതുപോലെ പകര്‍ത്താനും മനുഷ്യന്‍ ഉത്സാഹിച്ചു. അതുകൊണ്ടുതന്നെ വരക്കുന്നവന്‍ ആണും വരക്കപ്പെടുന്നത് പെണ്ണിന്റെ നഗ്നശരീരവുമായി. ചിത്രകലയുടെ ചരിത്രത്തിലെങ്ങും ഈ നഗ്നതയുടെ ആഘോഷം കാണാം. ഗ്രീക്ക് ചരിത്രാവശിഷ്ടങ്ങളിലെ ചിത്ര - ശില്‍പ മാതൃകകളിലെല്ലാം ഈ ഉടുക്കാത്ത ഉടലുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ബുദ്ധസംസ്‌കാരം അതിനോട് ദിഗംബരപുരുഷശരീരവും കൂട്ടിച്ചേര്‍ത്തു. പ്രാക്തനകാലത്തെ ഗോത്രചിഹ്നങ്ങള്‍, ആരാധനകള്‍, സൂചനകള്‍ എല്ലാം നഗ്നമായിരുന്നു. കഅ്ബാമന്ദിരത്തെ നഗ്നരായി വലംവെച്ചിരുന്ന ഭോഷസമുദായത്തെയാണല്ലോ മുഹമ്മദ് നബി ഉടുപ്പുനല്‍കി ചരിത്രത്തോട് ചേര്‍ത്തത്. ഉടുപ്പ് നാഗരികതയുടെയും പരിഷ്‌കാരത്തിന്റെയും അറിവിന്റെയും അടയാളമാണ്. എന്നിട്ടും വരക്കാര്‍മാത്രം നഗ്നതയില്‍ അഭിരമിച്ചു. മനുഷ്യശരീരത്തിന്റെ സങ്കേതിക അളവുമുറ (അനാട്ടമി) പഠിച്ചാണ് ചിത്രശില്‍പ കലയുടെ ശാസ്ത്രീയ പഠനം പുരോഗമിക്കുന്നത് എന്നതിനാല്‍ തുടക്കത്തിലേ ഒരു ചിത്രകാരന് - ചിത്രകാരിക്ക് നഗ്നതയോടുള്ള ചളിപ്പ് മാറും. കാനായി കുഞ്ഞിരാമനും മാധവിക്കുട്ടിയും വരച്ചുകൂട്ടിയ സ്ത്രീ നഗ്നചിത്രങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറെ പ്രസിദ്ധങ്ങളാണ്, അശ്ലീലവും. എന്നാല്‍ എം.എഫ് ഹുസൈന്‍ വരച്ച നഗ്നചിത്രങ്ങള്‍ ഒരുപക്ഷേ മിഴിവിലും അശ്ലീലത്തിലും അത്ര മുന്നിലല്ല. എന്നിട്ടും ഹുസൈന്‍ മാത്രം നാടുകടത്തപ്പെട്ടതെങ്ങനെ?
2. നഗ്നതയും ഹിന്ദുമതവും
ഭാരതീയരില്‍ ഉടുപ്പിനെക്കുറിച്ചും നഗ്നതയെക്കുറിച്ചും പുതിയ ബോധങ്ങളുണ്ടാക്കിയത് ആധുനികതയാണ്. നഗ്നത പാപമോ സംസ്‌കാരശൂന്യമോ അല്ല പണ്ടത്തെ ഭാരതീയര്‍ക്ക്. ഇന്നും കുംഭമേളകളില്‍ നിറയുന്ന നഗ്ന സന്യാസിമാര്‍ ആ ആധുനികതയെ ഉള്‍ക്കൊള്ളാത്തവരത്രെ. ശിവലിംഗം പ്രധാന ആരാധനാമൂര്‍ത്തിയായ ഹിന്ദുമതത്തില്‍ ശരീരത്തിലെ മറ മൂര്‍ത്തിയെ മറക്കുന്നതിന് തുല്യമാകും. ഹിന്ദു ദൈവങ്ങള്‍ക്ക് ഉടുപ്പും മേല്‍വസ്ത്രവും നല്‍കിയത് ഒരു കേരളീയ ചിത്രകാരനാണ്. രാജാ രവിവര്‍മ. അദ്ദേഹത്തിന്റെ മോഡലുകളെല്ലാം തിരുവനന്തപുരത്തെയും ബറോഡയിലെയും കല്‍ക്കത്തയിലെയും മൈസൂരിലെയും കൊട്ടാരസുന്ദരികളായിരുന്നതിനാല്‍ ഭാരതീയ ദേവതമാര്‍ക്ക് ക്ഷത്രിയസ്ത്രീകളുടെ മുഖവും അവരുടെ വസ്ത്രവുംകിട്ടി. സരസ്വതിയും രുഗ്മിണിയും രാധയും പാര്‍വതിയും യശോദയും ദമയന്തിയും തങ്ങളുടെ റാണിമാരെപ്പോലെ സാരിയും ബ്ലൗസും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളില്‍ ഇന്ത്യക്കാര്‍ തൃപ്തിപ്പെട്ടുപോയി. ഇന്ത്യയിലാദ്യമായി കളര്‍ ചിത്രങ്ങളച്ചടിക്കുന്ന പ്രസ്സ് സ്ഥാപിച്ച്, ഈ ചിത്രങ്ങള്‍ പോസ്റ്ററുകളാക്കി രവിവര്‍മ വിറ്റു. തങ്ങളുടെ ദൈവങ്ങളെ ചുരുങ്ങിയ കാശിന് അങ്ങാടിയില്‍ കളര്‍ ചിത്രങ്ങളായി ഭക്തന്മാര്‍ വാങ്ങിക്കൂട്ടി. ഭാരതീയരുടെ ദൈവസങ്കല്‍പ്പത്തില്‍ ആധുനികതയുടെ നിറച്ചാര്‍ത്തു പകര്‍ന്ന രാജാരവിവര്‍മയെയും ആ പ്രസ്സ് പ്രവര്‍ത്തിച്ച കാലത്തെയും (1894 - 1902) ഇപ്പോള്‍ ഓര്‍ക്കാതെ വയ്യ. അന്നുവരെ, ഇവിടത്തെ സാധാരണക്കാരെപ്പോലെത്തന്നെ ഉടുക്കാന്‍ ശീലിച്ചിട്ടില്ലാത്ത ദിവ്യമൂര്‍ത്തികളെ തങ്ങളുടെ പഴയ നഗ്നകാലത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു എന്ന തെറ്റിനുള്ള ശിക്ഷയാണ് എം.എഫ് ഹുസൈന്‍ ചോദിച്ചു വാങ്ങിയത്.
3. ഹിന്ദുത്വവും കലയും
സമകാലിക ഇന്ത്യയിലെ രൂക്ഷഹിന്ദുത്വത്തിന്റെ ആശയപരമായ രക്തസാക്ഷിയാണ് എം.എഫ് ഹുസൈന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളല്ല, ആ പേരുതന്നെയാണ് ഒന്നാം പ്രതി. ഹിന്ദു ദൈവങ്ങളുടെ ചിത്രം വരച്ച ആദ്യത്തെ കലാകാരനല്ലല്ലോ ഹുസൈന്‍. അജന്തയിലെയും എല്ലോറയിലെയും ശിലാ ചിത്രങ്ങള്‍ മുതല്‍ സി.എന്‍ കരുണാകരന്റെ വൈദികചിത്രരചനാ ശൈലിവരെ ഹിന്ദുമിത്തുകളുടെ പൗരാണികവും ആധുനികവുമായ പുനരാവിഷ്‌കാരങ്ങളായിരുന്നു. അതില്‍ നഗ്നവും അല്ലാത്തതുമായ ദേഹങ്ങളുടെ പരമ്പരതന്നെയുണ്ട്. ഹുസൈന്‍ എന്ന മുസ്‌ലിമിന് അത് വരക്കാന്‍ എന്താണ് അവകാശം എന്നാണ് ചോദ്യം. അതിനുത്തരവും അവര്‍ തന്നെ കണ്ടെത്തിയതിന്റെ ഫലമാണ് ആ മഹാനായ ചിത്രകാരന്റെ ജീവിതാന്ത്യത്തിലുള്ള പൗരത്വവിവാദത്തിന്റെ കാതല്‍. ഞങ്ങള്‍ പറഞ്ഞതനുസരിക്കാന്‍ വയ്യാത്തവര്‍ പാകിസ്ഥാനിലോ അതല്ലെങ്കില്‍ ഏതെങ്കിലും മുസ്‌ലിം രാജ്യത്തോ ജീവിച്ചോട്ടെ എന്നുതന്നെയാണതിന്റെ അര്‍ഥം. തെറ്റും ശരിയും തീരുമാനിക്കാനും അത് നടപ്പില്‍ വരുത്താനും ശിക്ഷിക്കാനുമുള്ള അവകാശം ഒരു കൂട്ടര്‍ ബലമായി സ്ഥാപിച്ചെടുക്കുന്നതിന്റെ പേരുതന്നെയാണ് ഫാഷിസം. അവര്‍ പറയുന്നു, ഇന്ത്യയിലെ ഓരോ മുസ്‌ലിമും തങ്ങളുടെ പൗരത്വം അവരോട് ഇരന്നുവാങ്ങിയേ തീരൂ.
പിന്‍വാതില്‍ - യഥാര്‍ഥത്തില്‍ നമുക്ക് വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റേതാണ്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെഴുതിയ തസ്‌ലീമാ നസ്‌റിന് ഇന്ത്യ പൗരത്വം നല്‍കി ആദരിച്ചു. ബോംബെയിലും കല്‍ക്കത്തയിലും അവര്‍ക്ക് ആജീവനാന്ത അഭയം നല്‍കി. നഗ്നചിത്രം, അത് ദൈവത്തിന്റെയായാലും മനുഷ്യന്റെയായാലും വരക്കുന്നത് ഗര്‍ഹണീയംതന്നെ. വരച്ചത് തസ്‌ലീമാ നസ്‌റീന്‍ ആയാലും എം.എഫ് ഹുസൈനായാലും അത് തെറ്റുതന്നെ. ദൈവങ്ങളുടെതാകുമ്പോള്‍ ആ തെറ്റിന് ആഴംകൂടുന്നുവെന്നു മാത്രം. സല്‍മാന്‍ റുഷ്ദി ഇസ്‌ലാമിനെ ഇകഴ്ത്തുമ്പോള്‍ അത് സാഹിത്യമാകുന്നതെങ്ങനെ? കാള്‍ മാക്‌സിന്റെ ചിത്രം ചെരുപ്പില്‍ ആലേഖനം ചെയ്തതിന് കണ്ണൂരില്‍ ഡി.വൈ.എഫ്.ഐക്കാര്‍ അക്രമമുണ്ടാക്കി. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന് ലോകമെമ്പാടും മുസ്‌ലിംകള്‍ പ്രതിഷേധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം നാം അറിയുന്നത് നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് അതിന് മുട്ടുണ്ടാവുമ്പോള്‍ മാത്രമാണ്. കേരളത്തിലെ നഗരോപജീവികളായ ചില എഴുത്തുകാരുടെ കാലാകാലങ്ങളിലുള്ള നിലപാടുകളും അഭിപ്രായങ്ങളും പരിശോധിച്ചാല്‍ മാത്രം അറിയും ഈ ആശയഷണ്ഡത്വത്തിന്റെ ആഴം.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ സത്യത്തില്‍ എന്താണ്?
അത് ആരുടെ സ്വാതന്ത്ര്യമാണ്?
 [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം