Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

ഈജിപ്തിലെ പുതിയ നിശ്ശബ്ദ വിപ്ലവം

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ


 ലോകമാധ്യമങ്ങളുടെ ശ്രദ്ധ വളരെയൊന്നും പിടിച്ചുപറ്റാതെ ഈജിപ്തില്‍ ഒരു നിശ്ശബ്ദ വിപ്ലവം അരങ്ങേറി വരികയാണ്. ലോക മാധ്യമങ്ങള്‍ അത്രയേറെ പ്രാധാന്യം കൊടുക്കാതിരുന്ന, എന്നാല്‍ മധ്യപൗരസ്ത്യ ഭൂപടം മാറ്റിവരക്കാന്‍ പര്യാപ്തമായ ഹമാസ്-ഫത്ഹ് ഐക്യകരാര്‍ പോലെ പ്രാധാന്യമുള്ളതാണ് ഈ നിശ്ശബ്ദ വിപ്ലവം. ഈജിപ്തില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച ജനുവരി 25-ന്റെ വിപ്ലവം വരെയും, നിശ്ശേഷം നിരോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഊര്‍ജസ്വലമായ രാഷ്ട്രീയ രംഗപ്രവേശമാണ് ഇവിടെ സൂചന.
ഒരര്‍ഥത്തില്‍ അറബ് ലോകത്തിന്റെ സാരഥിയും ശക്തിദുര്‍ഗവുമാണ് ഈജിപ്ത്-പിരമിഡുകള്‍ പോലെ ശക്തവും ചരിത്രാതീതവും. ചരിത്രം ഈജിപ്തില്‍ ഘനീഭവിച്ചു നില്‍ക്കുന്നു. യുഗാന്തരങ്ങളിലൂടെ വ്യത്യസ്ത നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ക്ക് ഈജിപ്ത് സാക്ഷിയായി. സാമ്രാജ്യത്വങ്ങള്‍ അതിന്റെ മണ്ണില്‍ ഉയരുകയും തകരുകയും ചെയ്തു. തൂര്‍സീനായും നൈല്‍ നദിയും ലോക ഭൂപടത്തില്‍ ഈജിപ്തിന് പ്രത്യേക സ്ഥാനം വകവെച്ചു വാങ്ങി. ഫറോവ-മോസസ് സംഘട്ടനത്തിന്റെ രംഗഭൂമിയായ ഈജിപ്ത് ജോസഫിന്റെ സുവര്‍ണ കാലഘട്ടത്തിനും സാക്ഷ്യം വഹിച്ചു.
കയ്‌റോവിലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് കവാടത്തില്‍ ഉല്ലേഖനം ചെയ്ത ഒരു ഖുര്‍ആനിക സൂക്തമാണ് ''ദൈവകടാക്ഷത്താല്‍ സമാധാനചിത്തരായി ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍'' (12:99). പ്രവാചകന്‍ യൂസുഫ്, കുടുംബാദികള്‍ക്ക് നല്‍കിയ സ്വാഗതാശംസ. അതേ, ഈജിപ്തില്‍ പ്രവേശിക്കുമ്പോഴേക്കും ചരിത്രം കഥകള്‍ പറയാന്‍ തുടങ്ങും.... അവിടെ വരുന്ന മാറ്റങ്ങള്‍ അറബ് ലോകത്തെ മുഴുവന്‍ സ്വാധീനിക്കും. അവിടെ അധികാരത്തിലേറുന്നവര്‍ അറബ് ലോകത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിച്ചേക്കും. ഒരു പക്ഷേ ദശകങ്ങളെടുത്തേക്കാം. ഈജിപ്തിന്റെ ഭാഗധേയം കൈയിലെടുക്കാന്‍ നാന്ദികുറിക്കുന്നതാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര പരിഷ്‌കരണങ്ങളും രാഷ്ട്രീയ രംഗപ്രവേശവും. അതുകൊണ്ടാണ് ഫത്ഹ്-ഹമാസ് ഐക്യ സംഭവം പോലെ പ്രധാനമാണ് ഇഖ്‌വാന്റെ ഉയിര്‍ത്തെഴുന്നേല്‍പ് എന്ന് പറഞ്ഞത്. ഇസ്രയേലിലെ ഒരു പറ്റം ജനറല്‍മാരുടെ പ്രസ്താവന ഇതിന്നടിവരയിടാന്‍ പോന്നതാണ്. ഇറാന്റെ ആറ്റംബോംബിനേക്കാള്‍ ഇസ്രയേലിന് ഭീഷണി ഊജിപ്തില്‍ ഇഖ്‌വാന്റെ അധികാരാരോഹണമാണെന്നാണവര്‍ പറഞ്ഞത്. ഇസ്രയേലിന് ഇഖ്‌വാന്‍ എന്നും പേടിസ്വപ്നമാണ്. ഇതേവരെ ഈജിപ്തിലെ ഇസ്രയേലനുകൂല ഭരണകര്‍ത്താക്കള്‍ ഇഖ്‌വാനെ വരിഞ്ഞുകെട്ടിയിട്ടിരിക്കുകയായിരുന്നു. ഹുസ്‌നി മുബാറകിന്റെ പതനത്തോടെ ആ അടിമച്ചങ്ങല പൊട്ടിത്തെറിച്ചു. അതോടെ ഇസ്രയേലിന്റെ അങ്കലാപ്പും ആരംഭിച്ചു.
ഇതൊരു അതിരുകവിഞ്ഞ പ്രതീക്ഷയല്ലേ എന്ന് ചോദിക്കാം. ശക്തിപൂര്‍വം വിടര്‍ന്നും പടര്‍ന്നും കൊണ്ടിരിക്കുന്ന അറബ് വിപ്ലവങ്ങളില്‍ പ്രതീക്ഷകളുണ്ടെങ്കില്‍ ഇതിലും പ്രതീക്ഷയുണ്ടെന്നാണ് മറുപടി- രണ്ടിന്റെയും മുന്നേറ്റത്തിന് മുമ്പില്‍ കീറാമുട്ടികളും മാര്‍ഗതടസ്സങ്ങളും ഒട്ടേറെയുണ്ടെന്ന് സമ്മതിച്ചുകൊണ്ട് തന്നെ. ഏതായിരുന്നാലും ഒരു വിപ്ലവത്തിന് - ഏത് വിപ്ലവത്തിനും പ്രാരംഭമിട്ടു കഴിഞ്ഞാല്‍ അതിന് പിന്നെ പിറകോട്ടടിയില്ല എന്നല്ലേ ചരിത്രം- അപവാദങ്ങളുണ്ടാവാം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തന്നെയാണ് അതിനുള്ള ചരിത്ര സാക്ഷി. ഈജിപ്തില്‍ നിന്നതിനെ പേരും കുറിയും അവശേഷിക്കാതെ പാടെ തുടച്ചുനീക്കാനുള്ള എത്ര തന്ത്രങ്ങളും മന്ത്രങ്ങളും ദുശ്ശക്തികള്‍-വന്‍ശക്തികളും-പയറ്റി നോക്കി. എന്നിട്ടത് നശിച്ചില്ലെന്ന് മാത്രമല്ല, വളര്‍ന്നു പന്തലിക്കുകയാണുണ്ടായത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ  രൂപവത്കരണം
ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ഇഖ്‌വാന്റെ തീരുമാനം അതിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ശാന്ത വിപ്ലവത്തിന്റെ ശക്തമായ പ്രതിബിംബനം. ഇഖ്‌വാന്‍ അതിന്റെ ചരിത്രത്തിലുടനീളം ഭാവനയില്‍ കണ്ട ഏകാധിപത്യ വിരുദ്ധവും ജനായത്ത ബഹുസ്വരാനുകൂലവുമായ രാഷ്ട്രീയ ക്രമത്തിന്റെ പ്രയോഗവത്കരണത്തിലേക്കുള്ള ചവിട്ടുപടിയാണിത്. അരനൂറ്റാണ്ടിനുള്ളില്‍ പരസ്യമായി ആദ്യം ചേര്‍ന്ന ശൂറാ യോഗത്തിലാണ് (ഏപ്രില്‍ 29-30-ല്‍) ഹിസ്ബുല്‍ ഹുര്‍റിയത്ത് വല്‍ അദാലത്തി(ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി)ന്റെ രൂപവത്കരണം സംബന്ധിച്ച തീരുമാനമുണ്ടായത്. കഠിന മര്‍ദന പീഡനങ്ങളുടെ അഞ്ചു ദശകങ്ങള്‍ പിന്നിട്ടിട്ടും സ്വതന്ത്ര വായു ലഭിച്ചപ്പോഴേക്കും വെല്ലുവിളികളെ തൃണവത്ഗണിച്ച് രാഷ്ട്രീയ രംഗത്തേക്കുള്ള ഈ കുതിച്ചുചാട്ടം ഇഖ്‌വാന്റെ ജൈവികശക്തിയുടെയും നിത്യ ചൈതന്യത്തിന്റെയും നിതാന്ത മനോദാര്‍ഢ്യത്തിന്റെയും പ്രതിബിംബനമാണ്. ഇഖ്‌വാന്റെ പ്രഗത്ഭ ചിന്തകരും സൂത്രധാരകരുമായ മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അതില്‍നിന്ന് രാജിവെപ്പിച്ചുകൊണ്ട് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഉത്തരവാദപ്പെടുത്തുകയാണുണ്ടായത്. പാര്‍ട്ടിയുടെ പ്രസിഡന്റായി ഡോ. മുഹമ്മദ് മര്‍സി, വൈസ് പ്രസിഡന്റായി ഡോ. ഇസാമുല്‍ ഉരിയാന്‍, സെക്രട്ടറി ജനറലായി ഡോ. മുഹമ്മദുല്‍ ഖത്താതിനി എന്നിവര്‍ നിയമിക്കപ്പെട്ടു.
സ്വതന്ത്രവും അതേയവസരത്തില്‍ ഇഖ്‌വാനോട് വിധേയത്വം പുലര്‍ത്തുന്നതുമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇഖ്‌വാന്റെ വിഭാവനയിലുള്ളത്. ആ വിധേയത്വം പാര്‍ട്ടിയുടെ സ്വതന്ത്രമായ നയരൂപവത്കരണത്തെയും സങ്കീര്‍ണമായ ദേശീയ-വൈദേശിക പ്രശ്‌നങ്ങളോടുള്ള അതിന്റെ സമീപനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യം ഉത്തരം തേടി നില്‍ക്കുന്നു. സുപ്രധാനവും രാഷ്ട്ര തന്ത്രപരവുമായ ഒരു തീരുമാനം ഇഖ്‌വാന്‍ ഉടനെത്തന്നെ എടുത്തുകഴിഞ്ഞു- അടുത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല. രണ്ട് കാരണങ്ങളാല്‍ ഇത് പ്രധാനമാണ്. ഒന്നാമതായി ഇഖ്‌വാന്‍കാരനായ ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്റ് ലോക വന്‍ശക്തി കേന്ദ്രങ്ങളില്‍ വിശിഷ്യാ അമേരിക്കയില്‍ അങ്കലാപ്പും ഫോബിയയും സൃഷ്ടിക്കും. ആ ഫോബിയ വിളിച്ചുവരുത്തുന്നത് അനാവശ്യവും യുക്തിശൂന്യവുമായ നടപടിയാണ്. രണ്ടാമതായി, ഈജിപ്ഷ്യന്‍ ജനതയുടെ നന്മയും പുനര്‍ നിര്‍മാണവുമാണ്. അധികാര കസേരയല്ല, ഇഖ്‌വാന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ജനമനസ്സുകളില്‍ രൂഢമൂലമാക്കുക. വളരെ ബുദ്ധിപൂര്‍വകവും പ്രത്യുല്‍പന്നമതിത്വപരവുമായ ഒരു തീരുമാനമാണിതെന്ന് പറയേണ്ടതില്ലല്ലോ.

അത്ഭുത പ്രതിഭാസം
വിപ്ലവ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു അത്ഭുത പ്രതിഭാസമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. രക്തസാക്ഷിത്വം വരിച്ച് മണ്‍മറഞ്ഞവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ അതിന്റെ പരസഹസ്രം സന്നദ്ധ ഭടന്മാരിലോരോരുത്തരുടെയും ജീവചരിത്രം ഓരോ വീരേതിഹാസമാണ്. കേവലം ഇരുപത്തൊന്ന് വര്‍ഷം പ്രായമാവുമ്പോഴേക്കും സ്ഥാപക നേതാവ് അജ്ഞാത ഘാതകന്റെ വെടിയുണ്ടയേറ്റ് നടുറോഡില്‍ മരിച്ചുവീണ ഒരു പ്രസ്ഥാനം, തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിന്തകരും പണ്ഡിതരുമായ മുഖ്യ നേതാക്കള്‍ തൂക്കുമരത്തിലേറ്റപ്പെട്ട ഒരു പ്രസ്ഥാനം, അരനൂറ്റാണ്ടുകാലമായി പൂര്‍ണ നിരോധാവസ്ഥയില്‍ കഴിയവേ തന്നെ ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ശാഖകള്‍ സ്ഥാപിച്ച് അത്ഭുതം സൃഷ്ടിടച്ച ഒരു സംഘടന, പേരു കേള്‍ക്കുമ്പോഴേക്കും ലോക വന്‍ശക്തി കേന്ദ്രങ്ങളില്‍ കിടിലം സൃഷ്ടിക്കുന്ന ഒരജയ്യ കൂട്ടായ്മ- അതാണിപ്പോള്‍ ഈജിപ്തിന്റെ മുഖഛായ മാറ്റാന്‍ പ്രതിജ്ഞാബദ്ധമായി രംഗത്തിറങ്ങിയിരിക്കുന്നത്.
നൈലിന്റെ ഒരു പോഷക കനാലിന്റെ കരയില്‍- റൗളാ മുനീഫ്- ഒരു പുരാതന കെട്ടിടത്തില്‍ ഏതാനും ചതുരശ്ര മീറ്ററുകള്‍ മാത്രം വലുപ്പമുള്ള ഒരു നില കെട്ടിടത്തില്‍ കേന്ദ്രവും ഓഫീസും സെക്രട്ടറിയേറ്റും എല്ലാമായി ദശകങ്ങളോളം കഴിഞ്ഞുകൂടിയ ഇഖ്‌വാന്‍ ( ഈ ലേഖകന്‍ അത് പലപ്രാവശ്യം സന്ദര്‍ശിച്ചതാണ്) ഇപ്പോള്‍ കയ്‌റോവിലെ ഏറ്റവും ഉന്നതവും സുന്ദരവുമായ ചരിത്ര പ്രധാന 'മുഖത്തമി'ന്റെ മുകളില്‍ ഏഴു നിലകളുള്ള ഗംഭീര സൗധത്തിലേക്ക് ആസ്ഥാനവും സെക്രട്ടറിയേറ്റും മാറ്റിക്കൊണ്ട് അതിന്റെ നവചൈതന്യം വിളംബരം ചെയ്തതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ പ്രഖ്യാപനവും നടത്തി. 2011 ജനുവരി 25-ന് മുമ്പ് ഇഖ്‌വാന്‍ നേതൃത്വത്തിന് സ്വപ്നം കാണാന്‍ കഴിയാതിരുന്ന അത്ഭുതമാണിതെന്ന് പറയാം.

ശൂറാ യോഗങ്ങള്‍
പൂര്‍ണമായും പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും നടത്തിപ്പോന്ന രഹസ്യ ശൂറാ യോഗങ്ങള്‍ ഇഖ്‌വാന്റെ മറ്റൊരത്ഭുതമാണ്. 78 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സ്വതന്ത്രാന്തരീക്ഷത്തില്‍ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും (120-ല്‍ 107) സാന്നിധ്യത്തില്‍ ഈയിടെ നടന്ന ശൂറാ യോഗത്തിലെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണ തീരുമാനത്തോടെ ഇഖ്‌വാന്‍ ഒരു പുതിയ ദിശയിലേക്കും ദശയിലേക്കും കാലെടുത്തുവെച്ചു.
1928-ല്‍ സ്ഥാപിതമായ ഇഖ്‌വാന്‍ 1933-ല്‍ ഇസ്മാഈലിയാ നഗരത്തില്‍ അതിന്റെ ഒന്നാമത്തെ ശൂറാ യോഗം ചേര്‍ന്നു. രണ്ടാമത്തേത് 1943-ല്‍ പോര്‍സഈദിലും. കേന്ദ്ര ഓഫീസിലെ (മക്തബുല്‍ ഇര്‍ശാദ്) അംഗങ്ങള്‍ക്ക് പുറമെ ശാഖകളുടെ പ്രതിനിധികളുമായിരുന്നു ശൂറാ അംഗങ്ങള്‍. വളരെ കുറഞ്ഞ ശാഖകളേ അന്ന് ഇഖ്‌വാനുണ്ടായിരുന്നുള്ളൂ. പക്ഷേ, ഏഴു വര്‍ഷത്തിനുള്ളില്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു ഇഖ്‌വാന്‍ അത്ഭുതകരമായി മുന്നേറി. 1941-ല്‍ നടന്ന ആറാം പൊതു സമ്മേളനത്തില്‍ ശാഖകളെയും പ്രവിശ്യകളെയും പ്രതിനിധീകരിച്ച് ഇരുപതിനായിരം പ്രതിനിധികളാണ് പങ്കെടുത്തത്. ഇത് പ്രതിനിധികള്‍ മാത്രം. അപ്പോള്‍ അംഗങ്ങളുടെ എണ്ണം ഊഹിക്കാം.
രണ്ടാം ലോക യുദ്ധകാലത്ത്, യുദ്ധ സാഹചര്യത്തില്‍ വന്‍ യോഗങ്ങള്‍ സംഘടിപ്പിക്കുക പ്രയാസകരമായതിനാല്‍ മേഖലാ സമ്മേളനങ്ങളില്‍ ഒതുങ്ങിനിന്നു. 1945 മുതല്‍ 1954 വരെ വന്‍തോതിലുള്ള പൊതു സമ്മേളനങ്ങള്‍ നടത്തുകയുണ്ടായില്ല.
അമ്പതുകളില്‍ അബ്ദുന്നാസിറിന്റെ കഠിന മര്‍ദനമുറകളാരംഭിച്ചതോടെ ഒരു ജനകീയ പ്രസ്ഥാനമെന്ന നിലക്ക് ഇഖ്‌വാന്‍ നിശ്ചലമായി. എന്നിരുന്നാലും ഓരോ ഇഖ്‌വാന്‍ പ്രവര്‍ത്തകനും സ്വദേശത്തും വിദേശത്തും തങ്ങളാലാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുപോന്നു. നാസിര്‍ ഘട്ടത്തിനു ശേഷം അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, സംഘടനാ നിരോധം നിലനില്‍ക്കെ തന്നെ, പുനഃസംഘടനാ ശ്രമങ്ങള്‍ നടന്നു. മര്‍കസുല്‍ ഇര്‍ശാദ് സ്ഥാപിതമായി. ഉമറുത്തില്‍മസാനി മുര്‍ശിദുല്‍ ആം ആയി തെരഞ്ഞെടുക്കപ്പെട്ടു. അമ്പതുകളിലെ മര്‍ദന പീഡനങ്ങള്‍ക്ക് ശേഷം 1990-ലാണ് ആദ്യമായി ഇഖ്‌വാന്‍ ശൂറായോഗം ചേര്‍ന്നത്. അതില്‍തന്നെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ശൂറാ ചേര്‍ന്ന് കൊണ്ടേ പോന്നു.
1995 ജനുവരി 19ന് ചേര്‍ന്ന ശൂറായോഗത്തോടെ ഇഖ്‌വാന്‍ ഒരു ദശാസന്ധിയിലേക്കെടുത്തെറിയപ്പെട്ടു. ഹുസ്‌നി മുബാറകിന്റെ മര്‍ദന നടപടികളുടെ ആരംഭം കുറിച്ചത് അതോടെയാണ്. ഇഖ്‌വാന്‍ നേതൃനിരയിലെ ദശക്കണക്കില്‍ പേരെ മുബാറക് ഭരണകൂടം തുറുങ്കിലടച്ചു. വര്‍ഷങ്ങള്‍ ആ നിലയില്‍ കടന്നുപോയി. പക്ഷേ, ഇഖ്‌വാന്‍ രഹസ്യമായി ശൂറാ യോഗങ്ങള്‍ സംഘടിപ്പിക്കുകയും നേതാക്കളെയും ശൂറാ അംഗങ്ങളെയും തെരഞ്ഞെടുക്കുകയും ചെയ്തു പോന്നു. ഈ കാലയളവിലാണ് മുസ്ത്വഫാ മശ്ഹൂര്‍, മുഹമ്മദ് മഅ്മൂനുല്‍ ഹുദൈബി, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഹമ്മദ് മഹ്ദി ആകിഫ് എന്നിവര്‍ മുര്‍ശിദുല്‍ ആമുകളായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡോ. മുഹമ്മദ് ബദീഅ് ഏറ്റവും പുതിയ മുര്‍ശിദുല്‍ ആം ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഇഖ്‌വാന്‍ ശൂറാ ചരിത്രത്തിന്റെ ഈ നഖചിത്രത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, ഒരു വിപ്ലവ പ്രസ്ഥാനമെന്ന നിലക്ക് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ അജയ്യതയും നൈരന്തര്യവും ജൈവിക ദാര്‍ഢ്യതയും. പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തുല്യത കാണാത്ത സവിശേഷതയാണിതെന്ന് പറയാം. രണ്ട്, ശൂറാധിഷ്ഠിത ജനാധിപത്യ ക്രമം മുറുകെ പിടിക്കാനുള്ള ആ പ്രസ്ഥാനത്തിന്റെ പ്രതിബദ്ധത. അതിനിര്‍ണായക ദശാ സന്ധികളില്‍ പോലും അത് അടിസ്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു.  ഇന്നിപ്പോള്‍ ഈജിപ്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള സംരംഭത്തില്‍ ഇഖ്‌വാന്‍ മാര്‍ഗ തടസ്സങ്ങളും ഭീമ വെല്ലുവിളികളും നേരിട്ടുകൊണ്ട് മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
[email protected] 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം