നിഗമാനന്ദയെ ആയിരുന്നു രാജ്യം നെഞ്ചേറ്റേണ്ടിയിരുന്നത്...
കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ എന്ന പേരില്‍ രാജ്യത്തെ ആഴ്ചകളോളം ഉന്മാദം കൊള്ളിച്ച ബി.ജെ.പിക്കും അവരുടെ 'ശിങ്കിടിമുങ്കന്‍'മാര്‍ക്കും സ്വാമി നിഗമാനന്ദയെ കുറിച്ച് എന്തു പറയാനുണ്ട്? ഗാംഗാ നദി മലിനമാക്കുന്ന ഖനന മാഫിയക്കെതിരെ കഴിഞ്ഞ 114 ദിവസമായി നടത്തിവന്ന സത്യഗ്രഹത്തിനൊടുവിലാണ് നിഗമാനന്ദ ആശുപത്രിയില്‍ രക്തസാക്ഷിയായത്. ബാബാ രാംദേവിന്റെ സമരം കാണാനും ആശ്വസിപ്പിക്കാനും പിന്തിരിപ്പിക്കാനുമൊക്കെ രാഷ്ട്രീയ-മതരാഷ്ട്രീയ നേതാക്കന്മാരും ആത്മീയനേതാക്കന്മാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമൊക്കെയായി ആയിരങ്ങള്‍ ഓടിച്ചെന്ന അതേ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍, കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ ബാബാ രാംദേവ് രണ്ടു ദിവസം കിടന്ന അതേ ഐ.സി.യുവില്‍, ഹരിദ്വാറില്‍ നിന്നുള്ള ഈ സന്യാസിവര്യനും സത്യഗ്രഹിയായി കിടക്കുന്നുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയില്‍ കള്ളപ്പണം സ്വന്തം അക്കൗണ്ടുകളില്‍ സ്വരുക്കൂട്ടിയവരില്‍ മറ്റെല്ലാവരെയും പോലെ സംഘ്പരിവാരക്കാരനുമുണ്ടായിട്ടും അവര്‍ 'ട്രോജന്‍ കുതിര'യായി രംഗത്തിറക്കിയ രാംദേവിന്റെ സമരം ചാനലുകളുടെ ഉത്സവകാലമായി മാറി. എന്നു മാത്രമല്ല, പൊതുഖജനാവ് കട്ടുമുടിക്കുന്ന നീചന്മാരുമായി അവിശുദ്ധ ബന്ധങ്ങള്‍ പുലര്‍ത്തുന്ന കാര്യത്തിലും യെദിയൂരപ്പമാര്‍ അമ്മാവന്മാരായ ഈ രാഷ്ട്രീയ കുടുബം ആരുടെയും പുറകിലായിരുന്നില്ല. ഈ വസ്തുതകളെ കാവ്യാത്മകമായി, എന്നാല്‍ അങ്ങേയറ്റം ദാരുണമായി മറനീക്കിയ ഒന്നായി സ്വാമി നിഗമാനന്ദയുടെ രക്തസാക്ഷ്യം.
രമേഷ് പൊക്രാല്‍ എന്ന ആര്‍.എസ്.എസ് മുഖ്യമന്ത്രി ഭരിച്ചിട്ടും ഉത്തര്‍ഖണ്ഡില്‍ നിഗമാനന്ദയുടെ സമരം ഒരു അനക്കവും ഉണ്ടാക്കാതെ പോയതെന്ത്? എന്നല്ല ഈ സത്യഗ്രഹിയുടെ ജീവന്‍ അപകടത്തിലാക്കാന്‍ ക്വാറി മാഫിയയുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചതായും ആശുപത്രിയിലുള്ളവര്‍ അതിന് ചൂട്ടുപിടിച്ചതായുമാണ് ആരോപണമുയരുന്നത്. അദ്ദേഹം ഗുരുതരാവസ്ഥയിലെത്തിപ്പെട്ടത് ആശുപത്രി അധികൃതര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയതു കൊണ്ടാണെന്നും വിഷജീവികളെ വിട്ട് കടിപ്പിച്ചതാണെന്നും അതല്ല, വിഷം കുത്തിവെച്ചതാണെന്നുമൊക്കെ കുടുംബാംഗങ്ങളും സന്യാസിസമൂഹത്തില്‍ ഒപ്പമുണ്ടായിരുന്നവരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ സംശയം ശരിവെക്കുന്നതായാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ പറയുന്നത്. അണ്ണാ ഹസാരെയുടെ സമരത്തിന്റെ ആഴ്ചകള്‍ക്കു മുമ്പെ, കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 19-നാണ് നിഗമാനന്ദയുടെ സത്യഗ്രഹസമരം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ഈ യുവ സന്യാസിവര്യന്‍ ജീവിതത്തിനും മരണത്തിനുമടിയിലുള്ള നൂല്‍പ്പാലം താണ്ടി ഐ.സി.യുവില്‍ കിടക്കുകയായിരുന്നു, ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ.
ബി.ജെ.പിക്ക് മൊത്തത്തില്‍ തന്നെ 'കിമ്പളം' വരുന്ന പ്രധാന സ്രോതസ്സിനെതിരെയായിരുന്നു നിഗമാനന്ദ സമരം ചെയ്തത് എന്നതല്ലേ വസ്തുത? ഗംഗാ നദിയുടെ പുനരുദ്ധാരണ നീക്കമായ 'സ്പര്‍ശ്' കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായി സിനിമാ താരം ഹേമ മാലിനിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത് ആത്മാര്‍ഥമായിട്ടായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും നിഗമാനന്ദയെ പിന്തുണച്ച് രംഗത്തിറങ്ങണമായിരുന്നു. കര്‍ണാടകയിലും ചത്തീസ്ഗഢിലും ഉത്തര്‍ഖണ്ഡിലുമാണ് ഭൂവിഭവ ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവുമധികം മാഫിയാ-ഭരണകൂട ഒത്തുകളി നടക്കുന്നത് എന്ന യാഥാര്‍ഥ്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഗംഗാനദിയെ മലിനമാക്കുന്ന ക്വാറി മാഫിയക്കെതിരെ കഴിഞ്ഞ 12 വര്‍ഷമായി സമരരംഗത്തുള്ള ഹരിദ്വാറിലെ ഒരു സന്യാസി മഠത്തിലെ അംഗമായ നിഗമാനന്ദ കടുത്ത ഭീഷണികള്‍ക്കിടയിലാണ് തന്റെ സമരത്തിന് തുടക്കമിടുന്നത് തന്നെ. ഉത്തര്‍ഖണ്ഡിലെ ക്വാറി മാഫിയയുമായി അവിശുദ്ധബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ ബി.ജെ.പി എന്തിന് ഈ സമരത്തില്‍ നിന്ന് അകലം പാലിച്ചു? പൊതുജനങ്ങളുടെ, അതിലുപരി ഹിന്ദു സമൂഹത്തിന്റെ സവിശേഷമായ, മൊത്തത്തില്‍ പ്രകൃതി സ്‌നേഹികളുടേതെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആവശ്യമായിരുന്നുവല്ലോ ഗംഗാ നദിയിയെ മലിനമാക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്നത്. രാംദേവിനെ പോലുള്ളവര്‍ അരാഷ്ട്രീയക്കാരായ വെറും സന്യാസിമാരാണെങ്കില്‍ അവര്‍ മുന്നില്‍ നിന്നു നയിക്കേണ്ട സമരം ഇതായിരുന്നില്ലേ? ജനകീയ സമരങ്ങള്‍ അനുനിമിഷം ജനങ്ങളിലെത്തിക്കുന്നുവെന്ന് ഗീര്‍വാണമടിക്കുന്ന ദേശീയ മാധ്യമങ്ങളും ചാനലുകളും എത്രയെണ്ണം ഈ സമരത്തെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്തു?
സ്വാമി രക്തസാക്ഷിയായതിന്റെ പിറ്റേ ദിവസമാണ്, യാദൃഛികമാവാമെങ്കിലും യു.പി.എ സര്‍ക്കാര്‍ ഗംഗാ നദിയെ ശുദ്ധീകരിക്കാന്‍ ലോകബാങ്കുമായി 5000 കോടിയുടെ കരാറില്‍ ഒപ്പിട്ടത്. കരാറുകളില്‍ ഒപ്പിടുന്നവര്‍ യഥാര്‍ഥത്തില്‍ അതുകൊണ്ട് ഉറപ്പുവരുത്തുന്നത് എന്താണെന്ന് അധികം വിസ്തരിക്കേണ്ടതില്ല. ക്വാറി മാഫിയയുമായി ഒത്തുകളിക്കുന്ന പൊക്രാല്‍ ഗവണ്‍മെന്റിനെ കുറിച്ചും സത്യഗ്രഹങ്ങളുടെ പേരില്‍ നാടകം കളിക്കുന്ന ബി.ജെ.പിയെ കുറിച്ചുമൊക്കെ ഇന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷും ജനാര്‍ദ്ദന്‍ ദ്വിവേദിയും മറ്റും രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തുണ്ടെങ്കിലും മെയ് 2 മുതല്‍ നിഗമാനന്ദ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ എവിടെയായിരുന്നു ഇവരൊക്കെ? എന്നല്ല ഈ ഖനന കോണ്‍ട്രാക്ടുകളില്‍ ചിലതെങ്കിലും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്താണ് നല്‍കിയതും. ബി.ജെ.പിയുടേതു പോലെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കും ഈ സത്യഗ്രഹത്തില്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം?
ജനങ്ങള്‍ക്കു വേണ്ടി നടക്കുന്ന പല യഥാര്‍ഥ സമരങ്ങളും അറിയപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നും, രാഷ്ട്രീയക്കാര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതും പെടാതിരിക്കുന്നതുമൊക്കെ തങ്ങളുടെ പാര്‍ട്ടിക്ക് എന്തു ലാഭമുണ്ട് എന്ന് മാത്രം നോക്കിയിട്ടാണെന്നുമാണ് നിഗമാനന്ദ സത്യഗ്രഹത്തിന്റെ ഗുണപാഠം. ഇംഫാലില്‍ 12 വര്‍ഷമായി നിരാഹാരം നടത്തുന്ന ഈറോം ശര്‍മിളയും മുംബൈയിലെ ചേരിവാസികള്‍ക്കു വേണ്ടി പോയവാരം സത്യഗ്രഹമനുഷ്ഠിച്ച മേധാ പട്കറും എണ്ണമറ്റ ജീവല്‍ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി ദല്‍ഹിയിലെ അതേ ജന്തര്‍ മന്തറില്‍ സമരപ്പന്തലൊരുക്കി മാസങ്ങളായി കുത്തിയിരിക്കുന്ന പട്ടിണിപ്പാവങ്ങളുമൊന്നും നമ്മുടെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനറിയാത്ത സമരങ്ങളാണ്.
Comments