Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

പുതുപ്പിറവിക്ക് കാതോര്‍ത്ത് തുര്‍ക്കി

ഫഹ്മീ ഹുവൈദി

തുര്‍ക്കിയില്‍ നടന്നത് കേവലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നില്ല; രണ്ടാം തുര്‍ക്കി റിപ്പബ്ലിക്കിന്റെ പിറവിയായിരുന്നു. പട്ടാളഭരണത്തില്‍ നിന്ന് നിയമവാഴ്ച പുലരുന്ന ഒരു പുതിയ രാഷ്ട്രത്തിലേക്കുള്ള പ്രയാണം. പട്ടാള അട്ടിമറികള്‍ക്ക് ഇതോടെ വിരാമമായെന്ന് തുര്‍ക്കി ജനതയോടൊപ്പം നമുക്കും വിളിച്ചു പറയാം. 1960 മുതല്‍ നിരവധി പട്ടാള അട്ടിമറികള്‍ തുര്‍ക്കിയില്‍ നടന്നിട്ടുണ്ട്. ഇതില്‍ നാലാമത്തേത് 'ധവള' അട്ടിമറിയായിരുന്നു. രക്തച്ചൊരിച്ചില്‍ ഉണ്ടായില്ലെന്നര്‍ഥം. പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാനെ പട്ടാളം നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. 1997-ലാണ് സംഭവം. അഞ്ചാമത്തെ അട്ടിമറിക്ക് 2007-ല്‍ കോപ്പ് കൂട്ടിയെങ്കിലും അത് അലസിപ്പോയി. അതിന്റെ നൂലാമാലകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.
തുര്‍ക്കിക്ക് പുതിയ ഒരു ഭരണഘടന വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. 1980-ലെ അട്ടിമറിയെ തുടര്‍ന്ന് പട്ടാളം അടിച്ചേല്‍പിച്ച ഭരണഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് ദൂരെക്കളയണമെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല തര്‍ക്കം. നിലവിലുള്ള ഭരണഘടനയില്‍ പട്ടാളത്തിന്റെ കാല്‍ചുവട്ടിലാണ് മൊത്തം രാഷ്ട്രീയ ഘടനയുടെയും സ്ഥാനം. നീതിന്യായ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ അതി തീവ്ര സെക്യുലരിസത്തിന്റെ പിടിയുറപ്പിക്കുന്ന വ്യവസ്ഥകളും അതിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ തുര്‍ക്കി റിപ്പബ്ലിക്ക് സ്ഥാപകന്‍ കമാല്‍ അത്താതുര്‍ക്ക് തുടങ്ങിവെച്ച അതേ രാഷ്ട്രീയം തന്നെ. ആ രാഷ്ട്രീയം സമൂഹത്തിന് എന്നേ മടുത്തു കഴിഞ്ഞിരുന്നു. അനുവദിക്കപ്പെട്ട ജനാധിപത്യ രീതികളിലൂടെ ആ ബന്ധനത്തില്‍ നിന്ന് കുതറിച്ചാടാന്‍ ജനം ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു 1950-ലെ തെരഞ്ഞെടുപ്പ്. ഡമോക്രാറ്റിക് പാര്‍ട്ടിയെയാണ് അന്ന് ബഹുഭൂരിപക്ഷവും പിന്തുണച്ചത്. അത്താതുര്‍ക്കിന്റെ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. നീണ്ട 17 വര്‍ഷത്തെ സമ്പൂര്‍ണ മേല്‍ക്കോയ്മക്ക് ശേഷമായിരുന്നു പാര്‍ട്ടിയുടെ ഈ പരാജയം.
സമാധാനവും സാമൂഹിക രാഷ്ട്രീയ സുരക്ഷിതത്വവും നല്‍കാന്‍ ഭരണഘടനാപരമായിത്തന്നെ 'ബാധ്യസ്ഥമായ' പട്ടാളത്തിന് ഈ മാറ്റങ്ങളൊന്നും പൊറുപ്പിക്കാന്‍ പറ്റുമായിരുന്നില്ല. അങ്ങനെ പട്ടാളം 1960-ല്‍ റിപ്പബ്ലിക്കിന്റെ തണലില്‍ തന്നെ അട്ടിമറിക്ക് സമാരംഭം കുറിച്ചു. എന്നിട്ട് ഒരു അന്വേഷണ സമിതി തട്ടിക്കൂട്ടിയുണ്ടാക്കി. തുര്‍ക്കി പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ തൂക്കിക്കൊല്ലണമെന്നായിരുന്നു സമിതിയുടെ വിധി. എന്തോ കാരണത്താല്‍ പ്രസിഡന്റ് വധശിക്ഷയില്‍ നിന്ന് ഒഴിവായി. മറ്റു മൂന്നു പേരെയും വധിച്ചു. അന്ന് വധിക്കപ്പെട്ട തുര്‍ക്കി പ്രധാനമന്ത്രിയാണ് അദ്‌നാന്‍ മെന്‍ദരിസ്.
തുര്‍ക്കിക്ക് ഒരു പുതിയ ഭരണഘടനയുണ്ടാക്കും എന്ന് പ്രഖ്യാപിച്ചതിലൂടെ, അദ്‌നാന്‍ മെന്‍ദരിസ് ഉള്‍പ്പെടുന്ന ജനാധിപത്യത്തിന്റെ ഈ ആദ്യകാല രക്തസാക്ഷികളെ ആദരിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ ജനായത്തമെന്ന പുസ്തകത്തിന്റെ ആദ്യാക്ഷരങ്ങള്‍ രക്തംകൊണ്ട് കുറിച്ചിട്ടവരാണല്ലോ അവര്‍. ആ പുസ്തകത്തിന്റെ അവസാന അധ്യായമായിരിക്കും നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഭരണഘടന. ഇസ്തംബൂള്‍ നഗരത്തിലെ എ.കെ പാര്‍ട്ടി അധ്യക്ഷന്‍ അസീസ് ബാബുതശുവിന്റെ അഭിപ്രായമാണിത്.
പ്രതിപക്ഷത്തുള്ള പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഓഗോസ് സാലീതശിക്കും പുതിയ ഭരണഘടന വേണമെന്ന് തന്നെയാണ് അഭിപ്രായം. പക്ഷേ, ആ ഭരണഘടന ഉണ്ടാക്കാന്‍ പോകുന്ന (എ.കെ) പാര്‍ട്ടിയെക്കുറിച്ച് പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഒട്ടുവളരെ സംശയങ്ങളുണ്ട്.

* * * * *
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ വിധിനിര്‍ണായക സന്ദര്‍ഭമാണിതെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുടനീളം അനുഭവപ്പെട്ട ചൂടും പുകയും അതിന്റെ ലക്ഷണമാണ്. കാരണം ഇവിടെ പ്രശ്‌നം, കൂടുതല്‍ സീറ്റ് നേടുക, എന്നിട്ട് ഒരു ഭരണകൂടത്തിന് രൂപം നല്‍കുക എന്നതായിരുന്നില്ല. അതിനേക്കാളൊക്കെ ആഴവും പരപ്പുമുള്ളതായിരുന്നു ഇവിടത്തെ യഥാര്‍ഥ സമസ്യ. വിജയത്തിന്റെ മാര്‍ജിന്‍ തുര്‍ക്കി രണ്ടാം റിപ്പബ്ലിക്കിന്റെ, അതായത് ജനങ്ങളുടെ റിപ്പബ്ലിക്കിന്റെ പിറവിക്ക് വഴിയൊരുക്കും എന്നതാണത്. 1923-ല്‍ തുര്‍ക്കി റിപ്പബ്ലിക്ക് നിലവില്‍ വന്നിട്ടുണ്ടെങ്കിലും അത് ജനങ്ങളുടേതായിരുന്നില്ല.
വീറും വാശിയും ഉണ്ടാകാനുള്ള മറ്റൊരു കാരണം അത്താതുര്‍ക്ക് സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി, ത്വൂറാനി ദേശീയതയില്‍ അഭിരമിക്കുന്ന നാഷ്‌നല്‍ പാര്‍ട്ടി തുടങ്ങിയ പരമ്പരാഗത രാഷ്ട്രീയ സംഘടനകളുടെ ചങ്കിടിപ്പാണ്. രാഷ്ട്രീയത്തില്‍ തങ്ങളുടെ കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 2002-ല്‍ എ.കെ പാര്‍ട്ടി അധികാരത്തിലെത്തുകയും ഒരു കക്ഷിയുടെയും പിന്തുണയില്ലാതെ ഇന്നുവരെ ഭരണം നിലനിര്‍ത്തുകയും ചെയ്തതാണ് ഇവരെ ഈ തിരിച്ചറിവിലേക്ക് നയിച്ചത്. അതിനാല്‍ എ.കെ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുന്നത് തടയാന്‍ ഈ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്തു വന്നു. എ.കെ പാര്‍ട്ടിക്കും ജയിക്കുകയായിരുന്നില്ല ലക്ഷ്യം. ഭരണഘടന മാറ്റിയെഴുതാന്‍ മതിയായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് അവര്‍ ലക്ഷ്യം വെച്ചത്.
മുഖ്യ പോരാട്ടം എ.കെ പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും തമ്മിലായിരുന്നെങ്കിലും, രാഷ്ട്രീയത്തെ അതിലേക്ക് മാത്രമായി ചുരുക്കിക്കൂടാ. ഔദ്യോഗികാംഗീകാരമുള്ള 60 പാര്‍ട്ടികളുണ്ട് തുര്‍ക്കിയില്‍. പക്ഷേ, 20 പാര്‍ട്ടികള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ തന്നെ 50 മില്യന്‍ തുര്‍ക്കി വോട്ടര്‍മാരുടെയും മീഡിയയുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നാല് കക്ഷികള്‍ മാത്രം.
ഒന്ന്, എ.കെ പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം 2023 എന്ന ലക്ഷ്യമാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്ന വര്‍ഷം കൂടിയാണത്. 'നമ്മുടെ നാട്ടില്‍ സുസ്ഥിരത കളിയാടാന്‍, നമ്മുടെ തുര്‍ക്കി ഉയരങ്ങളിലേക്ക് കുതിക്കാന്‍' എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നു കേട്ടത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വന്‍ പ്രോജക്ടുകളുടെ ഒരു നീണ്ട പട്ടിക തന്നെ പാര്‍ട്ടി പുറത്തിറക്കി. ഇതത്രയും തുര്‍ക്കിക്കാരുടെ സ്വപ്ന പദ്ധതികള്‍. വോട്ടര്‍മാര്‍ ആകര്‍ഷിക്കപ്പെടാതിരിക്കുമോ?
രണ്ട്, അത്താതുര്‍ക്കിന്റെ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി. ഈ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ലൈംഗികാപവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. പുതിയ അധ്യക്ഷന്‍ കമാല്‍ കീലിജ്ദാര്‍ ഓഗ്‌ലു ഇടതുപക്ഷക്കാരനാണ്, അലവി വിഭാഗക്കാരനാണ്, പിന്നെ കുര്‍ദ് വംശജനും. തന്റെ കക്ഷിയെ ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടിയാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനാല്‍ കുര്‍ദുകളെയും അലവികളെയും ദരിദ്ര -തൊഴിലാളി വിഭാഗങ്ങളെയും അദ്ദേഹത്തിന് അഭിസംബോധന ചെയ്യാന്‍ പറ്റി. ജനകീയ സംരംഭങ്ങള്‍ ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇന്‍ഷുറന്‍സ് സുരക്ഷ കുര്‍ദ് കുടുംബങ്ങള്‍ക്കും നല്‍കുമെന്ന വാഗ്ദാനം അതിലൊന്നാണ്.
മൂന്ന്, നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി. തുടക്കത്തിലേ വളരെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു ഈ പാര്‍ട്ടി. ലൈംഗികാപവാദത്തെ തുടര്‍ന്ന് അതിന്റെ ഉന്നത രാഷ്ട്രീയ കാര്യസമിതിയിലെ പത്ത് നേതാക്കള്‍ക്ക് രാജിവെക്കേണ്ടിവന്നു. ആകെ സമിതിയില്‍ 16 പേരാണ് ഉള്ളത്. ഇത് നേതൃത്വത്തില്‍ കടുത്ത ശൂന്യത സൃഷ്ടിച്ചു. യാഥാര്‍ഥ്യബോധത്തോടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കാന്‍ അതിന്റെ നേതാവ് ദൗലത്ത് ബാഹശലിക്ക് കഴിഞ്ഞതുമില്ല. പാര്‍ലമെന്റില്‍ പ്രാതിനിധ്യം കഷ്ടിച്ച് ഒപ്പിച്ചെടുക്കുകയായിരുന്നു പാര്‍ട്ടി (പോള്‍ ചെയ്ത വോട്ടിന്റെ പത്ത് ശതമാനമെങ്കിലും നേടിയാലേ ഒരു പാര്‍ട്ടിക്ക് തുര്‍ക്കി നിയമമനുസരിച്ച് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകൂ).
നാല്, കുര്‍ദ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പത്ത് ശതമാനം വോട്ട് കിട്ടിയതിനാല്‍ ഇവര്‍ക്ക് പാര്‍ലമെന്റ് പ്രവേശം സാധ്യമായിട്ടുണ്ട്. പീസ് ആന്റ് ഡമോക്രസി പാര്‍ട്ടിയുടെ ബാനറിലാണ് ഇവര്‍ മത്സരിച്ചത്.

* * * * *
തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച ഞാന്‍ തുര്‍ക്കിയിലുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ചില കമ്പനികള്‍ വരെ രംഗത്തിറങ്ങുകയുണ്ടായി. മത്സരത്തിന്റെ വീറും വാശിയുമാണ് അത് കാണിക്കുന്നത്. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്ന സേവന സന്നദ്ധരായ യുവാക്കളാണ്. ജനോപകാരപ്രദമായ കാര്യങ്ങളില്‍ തുര്‍ക്കികള്‍ കാണിക്കുന്ന സേവന സന്നദ്ധത എനിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ, ഇസ്തംബൂള്‍ നഗരത്തില്‍ മാത്രം 26,000 യുവാക്കള്‍ എ.കെ പാര്‍ട്ടിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്നത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഇവരില്‍ പകുതിയും യുവതികള്‍. കഴിഞ്ഞ രണ്ട് മാസക്കാലം ഇവര്‍ മറ്റൊന്നിലേക്കും തിരിയാതെ ഫീല്‍ഡില്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അവര്‍ മുട്ടിവിളിക്കാത്ത ഒരു വീടോ അവര്‍ കണ്ട് സംസാരിക്കാത്ത ഒരു വോട്ടറോ നഗരത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം