Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

എ.കെ പാര്‍ട്ടിയുടെ ഹാട്രിക് വിജയം

പി.കെ നിയാസ്

ജൂണ്‍ 12-ന് തുര്‍ക്കിയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമോ എന്നായിരുന്നു. പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ഇസ്‌ലാമിക വേരുകളുള്ള എ.കെ പാര്‍ട്ടി ഹാട്രിക് വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. രാജ്യത്തിന് പുതിയ ഭരണഘടന എന്ന പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാര്‍ഥ്യമാക്കാന്‍ ചുരുങ്ങിയത് 330 സീറ്റുകള്‍ ആവശ്യമായിരുന്നു. ലഭിച്ചത് 326 സീറ്റുകള്‍. ഇസ്‌ലാമിക ആദര്‍ശം പ്രതിനിധാനം ചെയ്യുന്നതോടൊപ്പം ലിബറല്‍ ആശയങ്ങളും ഉള്‍ക്കൊണ്ടുള്ള എ.കെ പാര്‍ട്ടിയുടെ പരീക്ഷണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെയും തെരഞ്ഞെടുപ്പ് ഫലം. ഏറ്റവുമധികം കാലം അധികാരം കൈയാളുന്ന പാര്‍ട്ടിയെന്ന പദവിയും എ.കെ പാര്‍ട്ടിക്ക് സ്വന്തം.
സീറ്റുകളുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണെങ്കിലും എ.കെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ആദ്യം അധികാരത്തിലേറിയ 2002-ല്‍ 363 സീറ്റുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയപ്പോള്‍ 2007-ല്‍ 341 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ അത് 326 ആയി. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് പാര്‍ട്ടി കൊയ്തത്. 2002-ല്‍ കൂടുതല്‍ സീറ്റ് നേടിയെങ്കിലും 34.3 ശതമാനം വോട്ടുകളാണ് കിട്ടിയത്. 2007-ലെ രണ്ടാമൂഴത്തില്‍ അത് 46.5 ആയി ഉയര്‍ന്നു. ഇത്തവണ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ ഏതാണ്ട് പകുതിയും (49.9) പാര്‍ട്ടി കരസ്ഥമാക്കി. 45 മുതല്‍ 50 ശതമാനം വരെ വോട്ടുകള്‍ എ.കെ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് അഭിപ്രായ സര്‍വേകള്‍ സൂചന നല്‍കിയിരുന്നു. രാജ്യത്തെ 81 പ്രവിശ്യകളില്‍ തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ മൂന്നിടങ്ങളില്‍ മാത്രമാണ് എ.കെ. പാര്‍ട്ടിക്ക് സാന്നിധ്യമില്ലാതെ പോയത്. പന്ത്രണ്ട് പ്രവിശ്യകളില്‍ മുഴുവന്‍ സീറ്റുകളും പാര്‍ട്ടി തൂത്തുവാരി.
കഴിഞ്ഞ തവണ ജയിച്ച 333 അംഗങ്ങളില്‍ 146 പേര്‍ക്ക് മാത്രമാണ് എ.കെ പാര്‍ട്ടി വീണ്ടും ടിക്കറ്റ് നല്‍കിയത്. പാര്‍ട്ടിയുടെ 550 സ്ഥാനാര്‍ഥികളില്‍ 514 പേരും ബിരുദധാരികളായിരുന്നു. അംഗവൈകല്യമുള്ള 11 പേരെയും മത്സരിപ്പിച്ചു. കഴിഞ്ഞ തവണ അമ്പത് സീറ്റുകളില്‍ ഒതുങ്ങിയിരുന്ന വനിതാ പ്രാതിനിധ്യം പുതിയ പാര്‍ലമെന്റില്‍ 78 ആയി ഉയര്‍ന്നപ്പോള്‍ അതില്‍ പകുതിയിലേറെയും ഇസ്‌ലാമിസ്റ്റുകളുടെ സംഭാവനയാണ്. എ.കെ പാര്‍ട്ടി ടിക്കറ്റില്‍ മാത്രം 45 വനിതകള്‍ ജയിച്ചു. കഴിഞ്ഞ തവണയും ഏറ്റവുമധികം വനിതാ പ്രതിനിധികളെ പാര്‍ലമെന്റിലേക്കയച്ചത് എ.കെ പാര്‍ട്ടിയായിരുന്നു. പത്തു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 2004-ല്‍ മോചിതയായ കുര്‍ദ് നേതാവ് ലൈല സനയാണ് ഇത്തവണ ജയിച്ച വനിതകളില്‍ പ്രമുഖ (യൂറോപ്യന്‍ യൂനിയനിലെ ചില അംഗരാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1934 മുതല്‍ക്കു തന്നെ തുര്‍ക്കിയിലെ വനിതകള്‍ വോട്ട് രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. 1993 മുതല്‍ 96 വരെ താന്‍സു ഷില്ലര്‍ എന്ന വനിതാ പ്രധാനമന്ത്രിയെയും തുര്‍ക്കി സംഭാവന ചെയ്തിട്ടുണ്ട്).
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി) 135 സീറ്റുകള്‍ നേടി ഇത്തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ തവണ അവര്‍ക്ക് 112 സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ തീവ്രവലതുപക്ഷ നാഷനലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടിക്ക് (എം.എച്ച്.പി) 53 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു. 2007-ല്‍ പാര്‍ട്ടി 71 സീറ്റുകളില്‍ ജയിച്ചിരുന്നു. എന്നാല്‍ കുര്‍ദുകളുടെ പീസ് ആന്റ് ഡെമോക്രസി പാര്‍ട്ടി (ബി.ഡി.പി) യാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. 2007-ല്‍ 22 സീറ്റ് നേടിയ പാര്‍ട്ടി ഇത്തവണ 36 സീറ്റുകളില്‍ വിജയിച്ചു. പരമാവധി 30 വരെ സീറ്റുകളാണ് പാര്‍ട്ടി നേതൃത്വവും അഭിപ്രായ സര്‍വേകളും പ്രവചിച്ചിരുന്നത്. ലൈംഗികാപവാദങ്ങളെ തുടര്‍ന്ന് പത്ത് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചതോടെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ എം.എച്ച്.പിയുടെ നില പരുങ്ങലിലായിരുന്നു. സെക്‌സ് ടേപ്പുകള്‍ പുറത്തായതോടെയാണ് നാലു വൈസ്പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ തീവ്രദേശീയ പാര്‍ട്ടിയുടെ നേതൃത്വനിര ഒന്നടങ്കം രാജിവെക്കാന്‍ നിര്‍ബന്ധിതരായത്. പാര്‍ട്ടി വനിതാ എം.പിയുമായുള്ള അവിഹിത വേഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി.എച്ച്.പിയുടെ തലവന്‍ ദെനിസ് ബെയ്കായിക്കും രാജിവെക്കേണ്ടി വന്നിരുന്നു. എം.എച്ച്.പിക്ക് പത്തു ശതമാനം വോട്ടുകള്‍ നേടാനായില്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രാതിനിധ്യം തന്നെ ഇല്ലാതാകുമായിരുന്നു. എന്നാല്‍ നേരിയ മാര്‍ജിനില്‍ അവര്‍ രക്ഷപ്പെട്ടു.

പുതിയ ഭരണഘടന
1980 സെപ്റ്റംബറിലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം സൈന്യം തട്ടിപ്പടുത്ത ഭരണഘടനയാണ് കഴിഞ്ഞ 31 വര്‍ഷമായി തുര്‍ക്കിയില്‍ നിലവിലുള്ളത്. പട്ടാളമേധാവികളുടെ താല്‍പര്യം സംരക്ഷിക്കുന്നതും ജനവിരുദ്ധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതുമായ പ്രസ്തുത ഭരണഘടന ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉള്‍ക്കൊള്ളാനാവുന്നതല്ല. പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കുന്ന പതിനഞ്ചാം ഖണ്ഡിക, പൊതുപണിമുടക്ക് നിരോധിക്കുന്ന 54-ാം ഖണ്ഡിക തുടങ്ങിയവ ഉദാഹരണങ്ങള്‍. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന നിരവധി വകുപ്പുകള്‍ ഭരണഘടനയിലുണ്ട്. ഭരണഘടന മാറ്റിയെഴുതണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും സൈന്യത്തിന്റെ ഇടപെടലും അസ്ഥിരതയും കാരണം ഇത് നടന്നില്ല. എ.കെ പാര്‍ട്ടി അധികാരത്തിലെത്തിയതു മുതല്‍ ഇതിനുള്ള നീക്കത്തിലായിരുന്നു. 2010 മാര്‍ച്ചില്‍ ഭരണഘടനാ ഭേദഗതി ആവശ്യമായ 23 ഖണ്ഡികകള്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. രണ്ട് ഖണ്ഡികകള്‍ ഒഴികെ മറ്റെല്ലാ ഭേദഗതികളും ഭരണഘടനാ കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 12-ന് രാജ്യവ്യാപകമായി ഹിതപരിശോധന നടന്നു. ഹിതപരിശോധനയില്‍ പങ്കെടുത്ത 74 ശതമാനം പേരില്‍ 58 ശതമാനവും ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 42 ശതമാനമാണ് എതിര്‍ത്തത്. ഭരണഘടന മാറ്റിയെഴുതുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ടുതന്നെ എ.കെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ഇതായിരുന്നു. മറ്റു പാര്‍ട്ടികളുടെ സഹായമില്ലാതെ അത് നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഭരണകക്ഷി. പുതിയ സാഹചര്യത്തില്‍ സമവായത്തിലൂടെ ദൗത്യം നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഭരണഘടനയില്‍ ന്യൂനപക്ഷമായ കുര്‍ദുകളോടുള്ള സമീപനം പ്രധാന വിഷയമാണ്. തുര്‍ക്കിയിലെ ഏഴരക്കോടി ജനങ്ങളില്‍ 20 ശതമാനം വരുന്ന കുര്‍ദുകള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണ്. 27 കൊല്ലമായി സായുധ കലാപത്തിലേര്‍പ്പെട്ടിട്ടുള്ള കുര്‍ദിഷ് ഗ്രൂപ്പുകളുടെ മുഖ്യ പരാതികള്‍ പരിഹരിക്കുമെന്ന് 2009-ല്‍ ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിരുന്നു. കുര്‍ദുകളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നീക്കങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയെങ്കിലും തീവ്രദേശീയ വാദികളായ പ്രതിപക്ഷ പാര്‍ട്ടികളുടെയും കോടതികളുടെയും ഇടപെടലുകളെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ഇതേത്തുടര്‍ന്ന് ഭരണകക്ഷിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് കുര്‍ദ് പാര്‍ട്ടി അഴിച്ചുവിട്ടത്. അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം  ആക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് ജയിലില്‍ കഴിയുന്ന കുര്‍ദ് നേതാവ് അബ്ദുല്ല ഒജലാന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ മേഖലയിലാണ് കുര്‍ദുകള്‍ പൊതുവെ ശക്തം. ചെറു പാര്‍ട്ടികളെ പാര്‍ലമെന്റിനു പുറത്തുനിര്‍ത്തുന്ന നിയമം റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം.

ഉര്‍ദുഗാന്റെ അരങ്ങേറ്റം
ബാല്യത്തില്‍ റൊട്ടി വില്‍പനക്കാരനായി ഉപജീവനം തേടിയ ഉര്‍ദുഗാന്‍ 1969 മുതല്‍ '82 വരെ അര്‍ധ പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. മര്‍മറ സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന് പഠിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ നാഷ്‌നല്‍ ടര്‍ക്കിഷ് സ്റ്റുഡന്റ് യൂനിയനില്‍ അംഗത്വമെടുത്ത ഉര്‍ദുഗാന്‍ 1976-ല്‍ നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായാണ് ഇസ്‌ലാമിസ്റ്റ് പാതയിലേക്ക് നീങ്ങുന്നത്. ആധുനിക തുര്‍ക്കിയുടെ ഇസ്‌ലാമിക പരിവര്‍ത്തനത്തിന് തുടക്കമിട്ട നജ്മുദ്ദീന്‍ അര്‍ബകാനുമായുള്ള ബന്ധമാണ് ഉര്‍ദുഗാന്റെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയത്. മക്കളിലൊരാള്‍ക്ക് നജ്മുദ്ദീന്‍ ബിലാല്‍ എന്നാണ് അദ്ദേഹം പേര് നല്‍കിയത്. 1970-ല്‍ താന്‍ സ്ഥാപിച്ച നാഷ്‌നല്‍ ഓര്‍ഡര്‍ പാര്‍ട്ടിയെ സെക്യുലരിസത്തിന് ഭീഷണിയെന്ന് ആരോപിച്ച് നിരോധിച്ചപ്പോള്‍ നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയുമായി രംഗത്തുവന്ന അര്‍ബകാന് വന്‍ പിന്തുണയാണ് ലഭിച്ചത്. '73-ലെ ഇലക്ഷനില്‍ 11.8 ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടി നാഷ്‌നല്‍ അസംബ്ലിയില്‍ 48 സീറ്റുകളും കരസ്ഥമാക്കി. ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റം തടയാന്‍ പുതിയ പഴുതുകള്‍ തേടിയ സൈന്യം '80-ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സാല്‍വേഷന്‍ പാര്‍ട്ടിയും നിരോധിക്കപ്പെട്ടു.
പ്രതിസന്ധികളില്‍ തളരുന്ന ശീലമില്ലാതിരുന്ന അര്‍ബകാന്‍ സൈന്യത്തെയും അള്‍ട്രാ സെക്യുലരിസ്റ്റുകളെയും വെല്ലുവിളിച്ച്  റിഫാഹ് പാര്‍ട്ടി സ്ഥാപിച്ചു. 'നീതി നമ്മുടെ ലക്ഷ്യം' എന്നായിരുന്നു റിഫാഹ് (വെല്‍ഫെയര്‍) പാര്‍ട്ടിയുടെ മുദ്രാവാക്യം. മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. മൂന്നു നഗരങ്ങളില്‍ പാര്‍ട്ടി ഭരണത്തിലെത്തി. അര്‍ബകാന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന ഉര്‍ദുഗാന്‍ അതിന്റെ ജില്ലാ നേതാവും ഇസ്താംബൂള്‍ സിറ്റി ഘടകം ചെയര്‍മാനുമായി. 1991-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. എന്നാല്‍ പാര്‍ലമെന്റംഗമായി തുടരുന്നതില്‍ അധികൃതര്‍ അദ്ദേഹത്തിന് വിലക്ക് കല്‍പിച്ചു. 1994-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജയിച്ച് തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ മേയറായ ഉര്‍ദുഗാന്‍ മികച്ച ജനകീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇസ്താംബൂളിനെ ഇസ്‌ലാമികവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണ് അദ്ദേഹം നടത്തുകയെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചപ്പോള്‍, നഗരവാസികളുടെ പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ള ക്ഷാമം, മലിനീകരണം, ട്രാഫിക് പ്രശ്‌നം എന്നിവ പരിഹരിച്ചാണ് ഉര്‍ദുഗാന് അവരെ നേരിട്ടത്. യു.എന്‍ ഹാബിറ്റാറ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിച്ചതിനെതിരെ നാടുനീളെ പ്രസംഗപരിപാടികള്‍ നടത്തിയതിന് 1998-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഉര്‍ദുഗാന് മേയര്‍ സ്ഥാനം ഒഴിയേണ്ടി വന്നു.
അര്‍ബകാനോട് കൂറു പുലര്‍ത്തുന്നവര്‍ ഫെസിലിറ്റി പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ നയനിലപാടുകളുമായി വിയോജിപ്പുള്ളവര്‍ ചേര്‍ന്നാണ് ഉര്‍ദുഗാന്റെയും ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗുലിന്റെയും നേതൃത്വത്തില്‍ 2001-ല്‍  ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) രൂപവത്കരിച്ചത്. ഇസ്‌ലാമിക ആഭിമുഖ്യമുള്ള വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവര്‍ പുതിയ കൂട്ടായ്മയില്‍ അണിചേര്‍ന്നു. അടുത്ത വര്‍ഷം തന്നെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ലോക രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചാണ് പാര്‍ട്ടി അധികാരത്തിലേറിയത്.

ഗൂഢാലോചനകള്‍
തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടിയെ തോല്‍പിക്കാന്‍ രാഷ്ട്രാന്തരീയ തലത്തില്‍ ഗൂഢാലോചനകള്‍ അരങ്ങേറുകയുണ്ടായി. സയണിസ്റ്റുകള്‍ക്കെതിരെ ഉര്‍ദുഗാന്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് ഇതിനു കാരണമായത്. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദി ഇക്കണോമിസ്റ്റ് വാരിക (ജൂണ്‍ 4) എ.കെ പാര്‍ട്ടിയെ തോല്‍പിക്കാന്‍ വോട്ടര്‍മാരോട് പരസ്യമായി ആഹ്വാനം ചെയ്തു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് എഡിറ്റോറിയലിലൂടെ വാരിക ആവശ്യപ്പെട്ടത്. ഉര്‍ദുഗാന്‍ ഭരണത്തില്‍ തുര്‍ക്കിയുടെ സാമ്പത്തിക രംഗം വളര്‍ച്ച പ്രാപിച്ചുവെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ  രാജ്യത്തെ സൈന്യത്തിനും ജുഡീഷ്യറിക്കും മേല്‍ പ്രധാനമന്ത്രി അധികാരം കൈയടക്കിവെച്ചിരിക്കുകയാണെന്ന വസ്തുത ഗൗരവമായി കാണണമെന്നായിരുന്നു ഇക്കണോമിസ്റ്റിന്റെ താക്കീത്. തുര്‍ക്കിയുടെ ശാപമായ സൈനിക അട്ടിമറിക്കും മതേതര ഭീകരതക്ക് വളംവെക്കുന്ന ജുഡീഷ്യല്‍ ആക്ടിവിസത്തിനും മൂക്കുകയറിട്ട എ.കെ പാര്‍ട്ടിയുടെ നടപടി രാജ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ആഹ്വാനത്തോടെ എഴുതിയ മുഖപ്രസംഗത്തിന്റെ കാതല്‍. ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള ഗൂഢസംഘമാണ് എഡിറ്റോറിയലിനു പിന്നിലെന്ന ഉര്‍ദുഗാന്റെ പ്രതികരണം വാരികയെ ചൊടിപ്പിച്ചു. ഉര്‍ദുഗാന്റെ ആരോപണം അദ്ദേഹത്തിന് രാജ്യത്ത് കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കുമെങ്കിലും പാശ്ചാത്യ ലോകത്ത് പ്രതിഛായ ഇടിക്കുമെന്ന് പുതിയ ലക്കത്തില്‍ ഇക്കണോമിസ്റ്റ് ഓര്‍മിപ്പിക്കുന്നു. വാരികയുടെ ആഹ്വാനം ചെവികൊള്ളാനൊന്നും തുര്‍ക്കിക്കാര്‍ ഒരുക്കമല്ലെന്ന് വോട്ടെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു.
എ.കെ പാര്‍ട്ടിയുടെ വിജയത്തെ പരാമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയ ഇസ്രയേല്‍ അനുകൂല ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന് രണ്ടു നിര്‍ദേശങ്ങളാണ് പുതിയ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കാനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഗസ്സയിലേക്ക് കപ്പല്‍ അയക്കാനുള്ള തുര്‍ക്കിയിലെ മനുഷ്യാവകാശ സംഘടനകളുടെ ശ്രമങ്ങള്‍ തടയുക, ഇറാനെതിരായ ഉപരോധങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ടര്‍ക്കിഷ് കമ്പനികളുടെമേല്‍ സമ്മര്‍ദം ചെലുത്തുക. ഉര്‍ദുഗാന്‍ ഭരണത്തില്‍ ഇസ്രയേലുമായി തുര്‍ക്കിക്ക് ഉണ്ടായിരുന്ന നല്ല ബന്ധങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് ഉര്‍ദുഗാന്റെ കഴിഞ്ഞ കാല വിദേശ നയമെന്നും ടൈംസിന് അഭിപ്രായമുണ്ട്.

നിലപാട് ശക്തം
യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് ശ്രമിക്കുന്നതോടൊപ്പം, പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങളുടെ നയങ്ങളുമായി സന്ധി ചെയ്യാത്ത ഉര്‍ദുഗാനില്‍ 62 ശതമാനം തുര്‍ക്കികളും വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്ന് പ്യൂ റിസേര്‍ച്ച് സെന്റര്‍ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രി പദവിയില്‍ പുതിയൊരങ്കത്തിന് തയാറെടുക്കുമ്പോള്‍ ഉര്‍ദുഗാനെ ഏറ്റവും വിഷമിപ്പിക്കുക അയല്‍രാജ്യമായ സിറിയയിലെ സംഭവ വികാസങ്ങളാണ്. ബശ്ശാറുല്‍ അസദിന്റെ അടുത്ത സുഹൃത്താണെങ്കിലും, ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന നടപടിയുമായി സന്ധി ചെയ്യാനാവില്ലെന്ന് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിനായിരത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി തുര്‍ക്കിയുടെ അതിര്‍ത്തികള്‍ അദ്ദേഹം തുറന്നുകൊടുത്തു. സിറിയയുമായുള്ള അടുത്ത ബന്ധം തുടരുമെന്നും അത് മര്‍ദക ഭരണകൂടവുമായിട്ടാവില്ലെന്നുമുള്ള വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ പ്രസ്താവന വ്യക്തമായ സന്ദേശമാണ്. യൂറോപ്യന്‍ യൂനിയന്‍ പ്രവേശനവും ഇസ്രയേലുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങളും എ.കെ പാര്‍ട്ടിയുടെ വിദേശ നയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ്. ഭരണഘടന പരിഷ്‌കരിക്കുകയും കുര്‍ദ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ആഭ്യന്തര മേഖലയിലെ മുഖ്യ വിഷയങ്ങള്‍.
ഹാട്രിക് വിജയത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്യവെ ഒരിക്കല്‍ പോലും യൂറോപ്പ്, യൂറോപ്യന്‍ യൂനിയന്‍, പടിഞ്ഞാറ് എന്നീ പദങ്ങള്‍ ഉര്‍ദുഗാന്റെ നാവില്‍നിന്ന് പുറത്തുവന്നില്ല. മറിച്ച്, മിഡിലീസ്റ്റ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന നിലയിലാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം തുടങ്ങിയതു തന്നെ സഹോദര രാജ്യ തലസ്ഥാനങ്ങളായ ബഗ്ദാദ്, ദമാസ്‌കസ്, ബെയ്‌റൂത്ത്, കയ്‌റോ, സരയേവോ, ബാകു, നിക്കോഷ്യ എന്നിവയെ പേരെടുത്ത് അഭിവാദ്യം ചെയ്തായിരുന്നു. അദ്ദേഹം തുടര്‍ന്നു: ''ഇരകളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതീക്ഷകള്‍ വിജയിച്ചിരിക്കുന്നു. ഇസ്മിറിനെപ്പോലെ ബെയ്‌റൂത്തും ജയിച്ചിരിക്കുന്നു. ദിയാര്‍ബകിറിനെപ്പോലെ വെസ്റ്റ്ബാങ്കും ഗസ്സയും റാമല്ലയും ജറൂസലവും വിജയക്കൊടി നാട്ടിയിരിക്കുന്നു.'' യൂറോപ്പിനെ തൊടാതെ ബോസ്‌നിയന്‍ തലസ്ഥാനമായ സരയേവോയെ പരാമര്‍ശിച്ചതിലൂടെ ഇരകളായ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ഉര്‍ദുഗാന്‍ നല്‍കിയത്.
2007-ല്‍ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലേറിയ ശേഷം ഭരണത്തില്‍ സൈന്യത്തിന്റെയും ജൂഡീഷ്യറിയുടെയും ഇടപെടല്‍ കുറച്ചുകൊണ്ടുവരുന്നതില്‍ എ.കെ പാര്‍ട്ടി ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എ.കെ പാര്‍ട്ടി ഭരണം തുര്‍ക്കിയെ ബഹുദൂരം മുന്നിലെത്തിച്ചുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ആഗോളതലത്തില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് തുര്‍ക്കിയെ കൈപിടിച്ചുയര്‍ത്തിയത് എ.കെ പാര്‍ട്ടി ഭരണമാണ്. സഖ്യകക്ഷി ഗവണ്‍മെന്റുകളുടെ കാലത്ത് വര്‍ധിച്ചുവന്ന തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിലും ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 14.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 11.5 ശതമാനമായി കുറഞ്ഞു. 2030 ആകുമ്പോഴേക്ക് തുര്‍ക്കിയെ യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായ ശക്തിയാക്കുകയാണ് ഉര്‍ദുഗാന്റെ ലക്ഷ്യം. എന്നാല്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കി മാറണമെന്ന നിലപാട് ഈയിടെയായി ഉര്‍ദുഗാന്‍ മുന്നോട്ടുവെക്കുന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള സംവിധാനത്തിലൂടെ സെക്യുലര്‍ ഭീകരതയെ നേരിട്ടുവിജയം കൊയ്ത ഉര്‍ദുഗാന് പ്രധാനമന്ത്രിയെന്ന നിലയില്‍ അവസാനത്തെ ഊഴമാണിത്. പുതിയ സംവിധാനത്തിലൂടെ 2023 വരെ അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. എ.കെ പാര്‍ട്ടി ഭരണത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ ജയിലുകളില്‍ അടക്കപ്പെട്ടതാണ് ഉര്‍ദുഗാനെതിരായ മറ്റൊരു ആരോപണം.
ഉര്‍ദുഗാന്റെ ഗുരു നജ്മുദ്ദീന്‍ അര്‍ബകാന്‍ 1969-ല്‍ മില്ലി ഗോറസ് (ദേശീയ കാഴ്ചപ്പാട്) എന്ന പേരില്‍ പ്രകടന പത്രിക തുര്‍ക്കി ജനതയുടെ മുന്നില്‍ സമര്‍പ്പിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇസ്‌ലാമിക ധാര്‍മികത, വ്യവസായവല്‍ക്കരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി. ജനകീയ മുഖമുള്ള ഒരു ഭരണഘടന ടര്‍ക്കിഷ് ജനതക്ക് സമര്‍പ്പിക്കുകയെന്ന നിയോഗമാണ് ശിഷ്യന്‍ ഉര്‍ദുഗാന് മുന്നിലുള്ളത്.
ഉര്‍ദുഗാന്‍ മന്ത്രിസഭയില്‍ കായിക വകുപ്പ് കൈകാര്യം ചെയ്യാന്‍ പോകുന്നത് ലോക പ്രശസ്തനായ ഒരു ഫുട്‌ബോള്‍ താരമായിരിക്കും. 2002-ലെ ലോകകപ്പില്‍ ദക്ഷിണ കൊറിയക്കെതിരെ പതിനൊന്നാം സെക്കന്റില്‍ ഗോളടിച്ച്് ലോകകപ്പിലെ വേഗതയേറിയ സ്‌കോറര്‍ എന്ന ബഹുമതി നേടിയ ഹാക്കന്‍ സുക്കൂര്‍ ഇത്തവണ എ.കെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഇത്തവണ മത്സരിച്ച വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു തല്‍സ്ഥാനത്തു തുടരുമെന്നും ഉറപ്പാണ്. ഇരുപത് മന്ത്രിമാരും നാല് ഉപപ്രധാനമന്ത്രിമാരും ആയിരിക്കും തന്റെ ഗവണ്‍മെന്റില്‍ ഉണ്ടാവുകയെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശിക്കുന്ന ബള്‍ബാണ് എ.കെ പാര്‍ട്ടിയുടെ ചിഹ്നം. ഒരു പതിറ്റാണ്ടായി തുര്‍ക്കിയുടെ വെട്ടമായി മാറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടിക്ക് വോട്ടു ചെയ്ത മതമുള്ളവരും മതമില്ലാത്തവരുമൊക്കെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് മില്ലിയത്ത് പത്രം അഭിപ്രായപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ അനുകൂല പത്രമായ സബാഹിന്റെ കമന്റ് ഇങ്ങനെ: കഴിഞ്ഞ രണ്ട് ഗവണ്‍മെന്റുകളില്‍ അപ്രന്റീസും ഫോര്‍മാനുമായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇത്തവണ മാസ്റ്ററായിരിക്കുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം