Prabodhanm Weekly

Pages

Search

2013 മെയ്‌ 17

നന്ദി വെറുമൊരു വാക്കല്ല, ബാധ്യതയാണ്‌

മുഹമ്മദുല്‍ ഗസ്സാലി / തര്‍ബിയത്ത്‌

രോ ശ്വാസോഛ്വാസത്തിലും നാഡിമിടിപ്പിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ട്. അപാരമായ ആ അനുഗ്രഹങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണോ? അത്യുദാരനും പ്രതാപശാലിയുമായ അതിന്റെ ഉടമയെ പ്രകീര്‍ത്തിക്കുന്നുണ്ടോ? അങ്ങനെയുള്ളവര്‍ വളരെ കുറവാണ്.
സകല വസ്തുക്കളെയും സൃഷ്ടിച്ചത് നമുക്ക് വേണ്ടിയാണ്. നമ്മുടെ ആഗ്രഹാഭിലാഷങ്ങളുടെ ഉത്തരം അവയിലുണ്ട്. ചിലപ്പോള്‍ നല്ല കര്‍മങ്ങള്‍ നമുക്ക് അരോചകമായി അനുഭവപ്പെടും. ചില അലങ്കാരമോടികള്‍ ആസ്വാദ്യകരവും ആനന്ദദായകവുമായി തോന്നും. അല്ലാഹുവുമായുള്ള ബന്ധം വിഛേദിച്ചതിനാലും അവന്റെ അനുഗ്രഹങ്ങളെ തെറ്റായി മനസ്സിലാക്കിയതിനാലുമാണ് ഇതെന്ന് എത്രപേര്‍ക്ക് അറിയും? ജനങ്ങളില്‍ അധികപേരും ചിന്തിക്കുന്നില്ല. മഹാഭൂരിപക്ഷമാളുകള്‍ക്കും ചുറ്റുമുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തയില്ല. അവയുടെ ആധിക്യം കാരണം, അവയുടെ വില മനസ്സിലാക്കാതെ തോന്നിയപോലെ ജീവിക്കുന്നു. അവ ഉപയോഗിക്കുമ്പോഴാവട്ടെ സൂക്ഷ്മത പുലര്‍ത്തുകയോ ഉടമക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്യുന്നില്ല.
മനുഷ്യനെ വലയം ചെയ്ത അനുഗ്രഹങ്ങളെയും കാരുണ്യത്തെയും കുറിച്ച് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറഞ്ഞു: ''രാത്രിയെ നിങ്ങള്‍ക്ക് ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതുമാക്കിയവന്‍ അല്ലാഹുവാകുന്നു. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ മനുഷ്യരില്‍ അധികപേരും നന്ദി കാണിക്കുന്നില്ല. അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ (സത്യമാര്‍ഗത്തില്‍ നിന്നു) എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? അപ്രകാരം തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവര്‍ തെറ്റിക്കപ്പെടുന്നത്. അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്നു അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (ഗാഫിര്‍ 61-64).
ഈ ഉണര്‍ത്തലിനു ശേഷം അല്ലാഹുവിനോടുള്ള ബാധ്യത നാം നിറവേറ്റിയോ? അനുഗ്രഹ ദാതാവിനു നന്ദി കാണിക്കേണ്ടത് മനുഷ്യരുടെ ബാധ്യതയാണ്. നമുക്കാവശ്യമായവ വേണ്ടുവോളം നാം നേടിയെടുക്കുന്നു, ആസ്വദിക്കുന്നു. നിസ്സാരമാണെന്ന് തോന്നുന്നവ നാം വിസ്മരിക്കുന്നു. അധികപേരും അനുഗ്രഹങ്ങളെ ഉപയോഗിക്കുന്നത് ബലാല്‍ക്കാരമായി അവകാശം തട്ടിയെടുത്തത് പോലെയാണ്. ഇത് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് ഓരോരുത്തനും കരുതുന്നത്. മറ്റൊരാള്‍ക്കും അതില്‍ അവകാശമുണ്ടെന്ന് അവന് കാണാന്‍ കഴിയുന്നില്ല. ഈ നിലപാട് ധിക്കാരമാണ്. അതില്‍ യാതൊരു നന്മയുമില്ല.
വല്ല അനുഗ്രഹവും ലഭിച്ചാല്‍ അത് സ്മരിക്കാനും നല്‍കിയവന് നന്ദി പ്രകാശിപ്പിക്കാനും അയാള്‍ക്ക് പാരിതോഷികം നല്‍കാനും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. ലഭിച്ചതിനു സമാനമായ വല്ലതും പാരിതോഷികമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ വാക്കാലോ എഴുത്താലോ നന്ദി പ്രകടിപ്പിക്കണം. അയാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണം.
പ്രവാചകന്‍ പറഞ്ഞു: ''ആരെങ്കിലും നിങ്ങള്‍ക്ക് വല്ല നന്മയും ചെയ്താല്‍ അവന് പാരിതോഷികം നല്‍കട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ അവന് വേണ്ടി പ്രാര്‍ഥിക്കട്ടെ, നിങ്ങള്‍ നന്ദി കാണിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുവരെ. അല്ലാഹു നന്ദികാണിക്കുന്നവനും നന്ദികാണിക്കുന്നവരെ ഇഷ്ടപ്പെടുന്നവനുമാണ്'' (ത്വബ്‌റാനി).
''ആര്‍ക്കെങ്കിലും ദാനം ലഭിച്ചാല്‍ അതിന് പാരിതോഷികം നല്‍കട്ടെ. അതിനൊന്നും കണ്ടിട്ടില്ലെങ്കില്‍ അവന്‍ നല്‍കിയവനെ പ്രശംസിക്കട്ടെ. ആരെങ്കിലും പ്രശംസിച്ചാല്‍ അവന്‍ നന്ദി കാണിച്ചു. ആരെങ്കിലും അതു മറച്ചുവെച്ചാല്‍ അവന്‍ നിഷേധിയുമായി'' (തിര്‍മിദി).
''ജനങ്ങളില്‍ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ നന്ദികാണിക്കുന്നവന്‍ ജനങ്ങളോട് ഏറ്റവും കൂടുതല്‍ നന്ദി കാണിക്കുന്നവനാണ്'' (അഹ്മദ്). മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: ''ജനങ്ങളോട് നന്ദി കാണിക്കാത്തവനോട് അല്ലാഹുവും നന്ദി കാണിക്കുകയില്ല'' ( അബൂദാവൂദ്).
നന്ദിപ്രകടനം ബാധ്യതയാണ്. നിന്ദ്യമാണ് അത് ചെയ്യാതിരിക്കുന്നവരുടെ മാനസികാവസ്ഥ. സകല ഭൗതിക താല്‍പര്യങ്ങളില്‍ നിന്നുമകന്ന് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം നന്ദിപ്രകടനം നടത്തേണ്ടത്. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ കര്‍മം, അവന്റെ കല്‍പനകളനുസരിച്ചും പ്രീതിയും പാപമോചനവും തേടി കൊണ്ടുള്ളതുമാണ്. ജനങ്ങളുടെ പ്രശംസയോ നന്ദിയോ മോഹിച്ചുകൊണ്ടുള്ളതല്ല. സകല ഭൗതിക താല്‍പര്യങ്ങളില്‍ നിന്നും മനസ്സിനെ മോചിപ്പിക്കണമെന്നാണ് കര്‍മങ്ങള്‍ നിഷ്‌ക്കളങ്കമായിരിക്കണമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതൊരു സല്‍കര്‍മവും സ്വീകരിക്കപ്പെടാനുള്ള അടിസ്ഥാനവും ഇതാണ്.
ആരുടെയെങ്കിലും സ്തുതിയോ പ്രശംസയോ നേടിയെടുക്കാന്‍ സല്‍കര്‍മങ്ങള്‍ ചെയ്യരുത്. അല്ലാഹു സല്‍കര്‍മകാരികളെ വിശേഷിപ്പിച്ചതു കാണുക. ''ആ സജജനം ദൈവസ്‌നേഹത്താല്‍ അഗതിക്കും അനാഥനും തടവുകാരനും ഭക്ഷണം നല്‍കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ്, നിങ്ങളില്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' (അല്‍ ഇന്‍സാന്‍ 8,9).
മനുഷ്യന്റെ സകല സല്‍പ്രവൃത്തികളും അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ചും നിഷ്‌ക്കളങ്കതയോടെയുമായിരിക്കണം. ''അല്ലയോ ജനങ്ങളേ, നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്‌ക്കളങ്കമാക്കുക. തീര്‍ച്ചയായും അല്ലാഹു അങ്ങനെയുള്ള കര്‍മങ്ങളേ സ്വീകരിക്കൂ. നിങ്ങള്‍ പറയരുത്, ഇതു അല്ലാഹുവിനും എന്റെ അടുത്ത ബന്ധുവിനുമുള്ളതാണെന്ന്. തീര്‍ച്ചയായും അപ്പോഴത് അടുത്ത ബന്ധുവിനുള്ളതാണ്. അല്ലാഹുവിന് അതിലൊന്നുമില്ല. നിങ്ങള്‍ പറയരുത്, ഇതു അല്ലാഹുവിനും നിങ്ങള്‍ക്കുമുള്ളതാണെന്ന്. തീര്‍ച്ചയായും അപ്പോഴത് നിങ്ങള്‍ക്ക് മാത്രമായിരിക്കും. അല്ലാഹുവിന് അതിലൊന്നുമില്ല'' (ബൈഹഖി).
ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്തവിധം നന്ദികേടും ധിക്കാരവും ചിലയാളുകളുടെ പ്രകൃതിയിലുണ്ട്. ജനങ്ങളില്‍ അധികമാളുകളും ഈ രോഗം ബാധിച്ചവരാണോ? അതല്ല, ഉപ്പിന്റെ ചെറിയൊരു അംശം ശുദ്ധ ജലത്തിന്റെ മാധുര്യമില്ലാതാക്കുന്നതുപോലെ കുറഞ്ഞമാത്രയിലുള്ള ഈ രോഗം ജീവിത വിശുദ്ധിയെ മുഴുവന്‍ കളങ്കപ്പെടുത്തിയോ? കാര്യമെന്തായാലും ഇതൊരു പുതിയ രോഗമല്ല. ഇന്നത്തെ പോലെ അതിനെക്കുറിച്ചുള്ള പരാതി പണ്ട് മുതലേ നിലനില്‍ക്കുന്നുണ്ട്.

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍