ഐശ്വര്യം വര്‍ധിക്കാന്‍ തഖ്‌വയുടെ വഴികള്‍
ജീവിതത്തില്‍ ഐശ്വര്യം ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ഈ ജീവിതത്തിലും ഇതിന് ശേഷമുള്ള ജീവിതത്തിലും നന്മയും സമൃദ്ധിയും ഉണ്ടാവാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, നമ്മില്‍ പലര്‍ക്കും അത്തരമൊരവസ്ഥ കൈവരിക്കുക അനായാസമല്ല. ഭൗതികമായ അധ്വാന പരിശ്രമത്തിലൂടെ മാത്രം മനുഷ്യന് ഐശ്വര്യം വര്‍ധിപ്പിക്കാന്‍ കഴിയുകയില്ല എന്നു മാത്രല്ല, ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങനെ ആരെങ്കിലും ആലോചിച്ച് പോവുന്നത് പോലും കടുത്ത ദൈവ ധിക്കാരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.
അതേയവസരത്തില്‍ മനുഷ്യന്റെ ഐശ്വര്യം വര്‍ധിക്കാനുള്ള വഴികളില്‍ സുപ്രധാനമാണ് ഭൗതികമായ അധ്വാന മാര്‍ഗങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. അത് അവഗണിച്ചുകൊണ്ട് ധ്യാന നിമഗ്‌നനായി ഇരുന്നാല്‍ ഐശ്വര്യം ഇറങ്ങിവരില്ല. ആകാശം നിങ്ങള്‍ക്ക് സ്വര്‍ണവും വെള്ളിയും വര്‍ഷിക്കുകയില്ല എന്ന് ഖലീഫ ഉമര്‍ (റ)പറഞ്ഞതിന്റെ പൊരുളും മറ്റൊന്നല്ല.
ശതകോടി മനുഷ്യര്‍ക്കിടയില്‍ തനിക്കുള്ള വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? കഴുത്തറപ്പന്‍ മത്സരലോകത്ത് തനിക്കനുയോജ്യമായ ഒരു ജോലി എങ്ങനെ തരപ്പെടും? തനിക്കും കുടുംബത്തിനും ഒരു നേരം ക്ഷുത്തടക്കാനുള്ള വേതനം ലഭിക്കുമോ? തലചായ്ക്കാന്‍ ഒരു ഇടം? കുട്ടികളുടെ വിദ്യാഭ്യാസം? മകള്‍ക്ക് അനുയോജ്യനായ ഒരു വരന്‍? ഈ ചോദ്യശരങ്ങളാല്‍ ജീവിതത്തിലൊരിക്കലെങ്കിലും മനസ്സ് നീറാത്തവര്‍ ആരാണുണ്ടാവുക?
അപ്പോഴെല്ലാം നമ്മുടെ മനസ്സില്‍ ഐശ്വര്യം വര്‍ധിക്കാനുള്ള ആത്മീയ വഴികളെ കുറിച്ച് ഓര്‍മ വേണം. കേവലം മനുഷ്യാധ്വാനത്തെ മാത്രം ആശ്രയിക്കാതെ ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പിന്‍പറ്റണമെന്ന് നിഷ്‌കര്‍ഷിച്ച മതമാണ് ഇസ്‌ലാം. ഈ പ്രപഞ്ചത്തില്‍ ഭൗതിക നിയമങ്ങള്‍ മാത്രമല്ല ദൈവിക നിയമങ്ങളും പ്രവര്‍ത്തനക്ഷമമാണ് എന്നതാണ് അതിന് കാരണം. ഈ രണ്ട് നിയമങ്ങളും മനുഷ്യന്‍ സ്വമേധയാ പിന്‍പറ്റുമ്പോഴാണ് ഇരുലോകത്തും വിജയം വരിക്കാന്‍ കഴിയുന്നത്.
ഐശ്വര്യം വര്‍ധിക്കാന്‍
ഐശ്വര്യം വര്‍ധിക്കാന്‍ ആവശ്യമായ ആത്മീയ മാര്‍ഗ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും തിരുചര്യയിലും നമുക്ക് ധാരാളമായി കണാം. അവ അക്ഷരംപ്രതി നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കിയാല്‍ നാം അറിയാതെ മഹത്തായ ഐശ്വര്യവും മനഃശാന്തിയും നമുക്ക് ലഭിച്ചുകൊണ്ടിരിക്കും.
തഖ്‌വാപരമായ ജീവിതം നയിക്കുകയാണ് ഈ ലോകത്തും പരലോകത്തും ഐശ്വര്യം വര്‍ധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഖുര്‍ആന്‍ നമ്മെ അടിക്കടി ഓര്‍മപ്പെടുത്തുന്നു. ''ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കി കൊടുക്കും. ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന് വിഭവമരുളുകയും ചെയ്യും'' (65:2,3). അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കുകയും വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് തഖ്‌വാപരമായ ജീവിതം നയിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കലാണ് ഐശ്വര്യം വര്‍ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം. നബി(സ) പറഞ്ഞു: ''നീ ചെലവഴിക്കുക. നിനക്ക് വേണ്ടിയും ചെലവഴിക്കപ്പെടും.'' സുഗന്ധത്തിന്റെ ബൊക്ക നാം ഒരാള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍, ആ സൗരഭ്യം നമ്മെയും വലയം ചെയ്യുന്നു. അതുപോലെയാണ് ദാനധര്‍മങ്ങളുടെയും അവസ്ഥ. ധൂര്‍ത്തടിച്ച് കുത്തുപാള എടുത്ത നിരവധി പേരെ നമുക്ക് പരിചയമുണ്ടാവും. എന്നാല്‍, ദാനം ചെയ്ത് ദരിദ്രനായ ഒരാളെ പോലും ചൂണ്ടികാണിക്കുക സാധ്യമല്ല.
ധര്‍മിഷ്ഠനായ ഒരു വ്യാപാരിയുടെ കഥയുണ്ട്. കച്ചവടലാഭത്തിന്റെ നാലിലൊരംശം അദ്ദേഹം ദാനധര്‍മങ്ങള്‍ക്കായി നീക്കിവെക്കുമായിരുന്നു. ഇത് കാരണമായി അല്ലാഹു അദ്ദേഹത്തിന് അളവറ്റ നന്മകള്‍ ചൊരിഞ്ഞു. ധന വര്‍ധനവിന്റെ രഹസ്യം അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: ''നാലില്‍ ഒന്ന് ദൈവമാര്‍ഗത്തില്‍ നീക്കിവെക്കുന്നതാണ് അതിന്റെ പൊരുള്‍.'' താന്‍ സമ്പാദിച്ച ധനം തനിക്ക് വേണ്ടിത്തന്നെ ചെലവഴിച്ച് ആസ്വദിക്കുന്നതിനേക്കാള്‍ ആനന്ദം ലഭിക്കുക അത് മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോഴാണ് എന്നും ആ വ്യാപാരി കൂട്ടിച്ചേര്‍ത്തു.
ഐശ്വര്യം വര്‍ധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം പ്രാര്‍ഥന തന്നെയാണ്. കൃത്യമായ ആവശ്യം നിരത്തി വെച്ച് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. നമ്മുടെ ഏത് ആവശ്യങ്ങളും നമ്മെ സൃഷ്ടിച്ച അല്ലാഹുവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലാണ് നാം സമര്‍പ്പിക്കുക? ഇതിന് വേണ്ടി പ്രവാചകന്‍ (സ) ധാരാളം പ്രാര്‍ഥനകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആ പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ട് സര്‍വാത്മനാ ദൈവത്തെ അനുസരിക്കുകയാണ് മനുഷ്യന്റെ ബാധ്യത.
ഐശ്വര്യം വര്‍ധിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഇസ്തിഗ്ഫാര്‍. 'ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു' എന്ന് പ്രാര്‍ഥിക്കലാണ് അതുകൊണ്ടുള്ള ഉദ്ദേശ്യം. കിടക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും എളുപ്പം ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഇസ്തിഗ്ഫാറിന്റെ മാധുര്യം സദാ നാവിന്‍ തുമ്പത്ത് ഉണ്ടായാല്‍ മനുഷ്യന്‍ ഭയപ്പെടുന്ന ദാരിദ്ര്യം ഇല്ലാതാവുകയും പകരം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. സൂറഃ ഹൂദിന്റ ആരംഭത്തിലുള്ള ഏതാനും സൂക്തങ്ങള്‍ കാണുക:
''നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. എങ്കില്‍ ഒരു നിശ്ചിത കാലയളവ് വരെ അവന്‍ നിങ്ങള്‍ക്ക് മെച്ചമായ ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. ശ്രേഷ്ഠതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയനുസരിച്ച് പ്രതിഫലം നല്‍കുന്നതാകുന്നു. എന്നാല്‍, പിന്തിരിയുകയാണെങ്കിലോ, ഞാന്‍ ഭീകരമായ ഒരു മഹാ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു'' (11:3).
''ഞാന്‍ (നൂഹ് തന്റെ ജനത്തോട്) നൂഹ് പറഞ്ഞു: റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും'' (71:10-12).
ഐശ്വര്യം വര്‍ധിക്കാനുള്ള വേറൊരുമാര്‍ഗമാണ് അല്ലാഹുവില്‍മാത്രം ഭരമേല്‍പിക്കല്‍. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ അവന് അല്ലാഹു മതി എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. നബി (സ) പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട വിധം ഭരമേല്‍പിച്ചാല്‍, വിശന്ന വയറുമായി പുറപ്പെടുകയും നിറഞ്ഞ വയറുമായി തിരിച്ചുവരുകയും ചെയ്യുന്ന പറവകളെപോലെ നിങ്ങളെയും അല്ലാഹു അന്നം ഊട്ടുന്നതാണ്.''
ഒരു ഹജ്ജ് വേളയില്‍ ഖലീഫ ഉമര്‍(റ), യാചിക്കുന്ന കുറെ പേരെ കാണാനിടയായി. അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ ആരാണ്?'' അവരുടെ പ്രതികരണം: ''ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍.'' ഉമര്‍ ഗര്‍ജിച്ചു: ''കളവാണ് നിങ്ങള്‍ പറഞ്ഞത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍, ഭൂമിയില്‍ വിത്തിടുകയും പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.''
കുടുംബബന്ധം ചേര്‍ക്കുന്നതും നമ്മുടെ ഐശ്വര്യം വര്‍ധിപ്പിക്കാനുള്ള നിമിത്തങ്ങളില്‍ ഒന്നാണ്. നബി(സ) പറഞ്ഞതായി അബൂഹുറയ്‌റയില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉപജീവനമാര്‍ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കാനും ആരെങ്കിലും അഭിലഷിക്കുന്നുവെങ്കില്‍ അവന്‍ ബന്ധുക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കട്ടെ.
സര്‍വോപരി സ്രഷ്ടാവിനോടും സൃഷ്ടികളോടും നന്ദി കാണിക്കുക എന്നത് ഉന്നതമായ മാനവിക മൂല്യങ്ങളില്‍ ഒന്നാണ്. നമുക്ക് ലഭിച്ച നന്മക്ക് പ്രതിഫലം നല്‍കലാണ് നന്ദി ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് വാക്ക് കൊണ്ടാവാം. പ്രവൃത്തി കൊണ്ടാവാം. പ്രാര്‍ഥനകൊണ്ടാവാം. അങ്ങനെ ചെയ്താല്‍ അല്ലാഹു ഐശ്വര്യം വര്‍ധിപ്പിച്ച് തരും. ''നിങ്ങള്‍ നന്ദി കാണിച്ചാല്‍, നിശ്ചയം, ഞാന്‍ നിങ്ങള്‍ക്ക് (വിഭവങ്ങള്‍) വര്‍ധിപ്പിച്ചുതരിക തന്നെ ചെയ്യും'' (ഇബ്‌റാഹീം: 7).
വന്‍പാപങ്ങള്‍ വര്‍ജിക്കുകയാണ് നമ്മുടെ ഐശ്വര്യം വര്‍ധിക്കാനുള്ള മറ്റൊരു വഴി. അല്ലാഹു നിശ്ചയിച്ച അതിര്‍ത്തി ലംഘിക്കുന്നത് അവന്റെ കോപത്തിന് കാരണമാവും. അതിനുള്ള തിരിച്ചടി ഇഹലോകത്തും പരലോകത്തും പ്രവചനാതീതമായിരിക്കും. അതേയവസരം നമുക്ക് ലഭിച്ച ഒരായിരം അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചാലോ, നമ്മുടെ ജീവിത വിഭവങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കും. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ അവന്റെ ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായി ഉപയോഗിക്കുന്നതും കടുത്ത പാതകമാണ്.
സര്‍വോപരി ഐശ്വര്യം ഉണ്ടാവുന്നത് അല്ലാഹുവിന്റെ ഒരു പരീക്ഷണം കൂടിയാണ്. എത്രത്തോളം ഈ സമൃദ്ധി വര്‍ധിക്കുന്നുണ്ടോ അത്രത്തോളം അതില്‍ പരീക്ഷിക്കപ്പെടുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഈ പരീക്ഷാഫലമാണ് നമ്മുടെ യഥാര്‍ഥ വിജയ നിദാനം.
Comments