Prabodhanm Weekly

Pages

Search

2013 മെയ്‌ 17

ഭീകരത നിര്‍മിച്ചുകൊടുക്കപ്പെടും!

ട്രവര്‍ ആരണ്‍സണ്‍ / കവര്‍സ്റോറി

ഖാദി മുഹമ്മദ് നഫീസ്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ താമസിക്കുന്ന വിദ്യാര്‍ഥി. അമേരിക്കന്‍ ഗവണ്‍മെന്റ് അയാളെ ഒരു ഭീകരനാകാന്‍ സഹായിക്കുമ്പോള്‍ അയാള്‍ക്ക് പ്രായം 21 മാത്രം.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് സംഭവഗതികളുടെ തുടക്കം. അതേ വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശ് പൗരനായ നഫീസ് വിദ്യാര്‍ഥി വിസയില്‍ അമേരിക്കയില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തന്റെ ആഗ്രഹാഭിലാഷങ്ങള്‍ പങ്കുവെക്കാന്‍ അവന്‍ ഒരു ചങ്ങാതിയെ കണ്ടെത്തി. അവനെ വിശ്വസിക്കുകയും ചെയ്തു. ഈ ചങ്ങാതിയെ നഫീസ് ഫോണില്‍ വിളിച്ച് ഇങ്ങനെ പറഞ്ഞു: 'എനിക്ക് അമേരിക്കയില്‍വെച്ച് ജിഹാദ് ചെയ്യണം. അല്‍ഖാഇദ ലഘുലേഖകള്‍ വായിക്കുന്നത് എനിക്ക് ഹരമാണ്. എനിക്ക് 'ശൈഖ് ഒ' (Osama bin Laden) യെ ആരാധനയാണ്.' ഈ വിശ്വസ്ത ചങ്ങാതി ആരാണ്, നഫീസ് എങ്ങനെ അയാളെ കാണാനിട വന്നു? ഇതൊക്കെ ഇപ്പോഴും അവ്യക്തം. ഈ ചങ്ങാതി ഒരു അല്‍ഖാഇദക്കാരനെ നഫീസിന് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് ഏല്‍ക്കുകയും ചെയ്തത്രെ.
ജൂലൈ 24-ന് ചൂടേറിയ പകല്‍ സമയത്ത് സെന്‍ട്രല്‍ പാര്‍ക്കില്‍ വെച്ച് നഫീസ് ഒരാളെ കാണുന്നു. പേര് കരീം. ഇയാളാണ് മേപ്പടി അല്‍ഖാഇദക്കാരന്‍. മെലിഞ്ഞ ശരീരവും കറുത്ത കുറ്റിത്തലമുടിയും അവിടെയുമിവിടെയും താടിരോമങ്ങളുമുള്ള നഫീസ്, കരീമിനോട് പറഞ്ഞു: 'ഞാന്‍ ആക്ഷന് റെഡിയാണ്.'
'ചില്ലറ ചില്ലറ പണികളൊന്നും എനിക്ക് പറ്റില്ല' നഫീസ് ഓര്‍മിപ്പിച്ചു. 'എനിക്ക് വലിയതെന്തോ ഒന്ന് ചെയ്യണം. വളരെ വളരെ വലിയ ഒരു ആക്ഷന്‍. അത് കണ്ട് രാജ്യം മുഴുവന്‍ ഞെട്ടണം.'
താന്‍ ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ച് ബോംബ് വെച്ച് തകര്‍ക്കാന്‍ പോവുകയാണെന്ന് നഫീസ് പറഞ്ഞു. പുതിയ അല്‍ഖാഇദ ബന്ധം അതിന് സഹായകമാവും. നഫീസ് പോയി 11 വാള്‍സ്ട്രീറ്റിലെ ആ പ്രശസ്തമായ കെട്ടിടം നോക്കിക്കണ്ടു. 'ടി.എന്‍.ടിയോ ഡയനാമിറ്റോ കണ്ടമാനം വേണ്ടിവരും.' നഫീസ് കരീമിനോട് പറഞ്ഞു. പക്ഷേ നഫീസിന്റെ കൈയില്‍ യാതൊരു സ്‌ഫോടക വസ്തുവുമില്ല. അതൊക്കെ എവിടെ നിന്ന് കിട്ടുമെന്നും അറിയില്ല. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനുള്ള പണവും കൈയിലില്ല. നഫീസിന്റെ പിതാവ് ബംഗ്ലാദേശില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ പെറുക്കിക്കൂട്ടിയാണ് അയാള്‍ മകനെ അമേരിക്കയിലേക്ക് അയച്ചത്. നഫീസ് ഒരു തരം മന്ദബുദ്ധിയാണെന്നാണ് അന്നാട്ടുകാര്‍ പത്രക്കാരോട് പറഞ്ഞത്. ബംഗ്ലാദേശിലെ നോര്‍ത്ത്-സൗത്ത് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പരീക്ഷയില്‍ തോറ്റതിന് പുറത്താക്കപ്പെട്ടയാളുമാണ്. കരീം ഒരു വഴി പറഞ്ഞുകൊടുത്തു. ഒരു കാര്‍ ബോംബ് പരീക്ഷിക്കാം. അതിന് വേണ്ട സാധനസാമഗ്രികള്‍ സൂക്ഷിക്കാന്‍ ഒരു മുറി വാടകക്കെടുക്കാം. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ വേണ്ട പണം താന്‍ എടുക്കാമെന്ന് കരീം പറഞ്ഞു. നഫീസ് സമ്മതിച്ചു. താന്‍ പുതിയൊരു ടാര്‍ഗറ്റ് തെരഞ്ഞെടുത്തതായും അറിയിച്ചു. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കാണ് ബോംബ് വെക്കാന്‍ പോകുന്നത്. വാടകക്കെടുത്ത റൂമിലേക്ക് കരീം പിന്നീട് സാധനങ്ങള്‍ എത്തിച്ചു. കരീം കൊണ്ടുവന്ന സാധനങ്ങള്‍ നഫീസ് ചവറിടാന്‍ വെച്ച ഒരു കുട്ടയിലേക്ക് കമിഴ്ത്തി. ആയിരം പൗണ്ട് കാര്‍ബോംബാണ് താന്‍ നിര്‍മിക്കുന്നതെന്ന വിശ്വാസത്തിലായിരുന്നു നഫീസ്. ഒരു കെട്ടിട സമുഛയം നിരപ്പാക്കാന്‍ ശക്തിയുള്ള ബോംബ്.
യഥാര്‍ഥത്തില്‍ വീര്യം കെടുത്തിയ സാധനങ്ങളാണ് കരീം കൊണ്ടുവന്നിരുന്നത്. വേഷം മാറിയെത്തിയ എഫ്.ബി.ഐ ഏജന്റായിരുന്നു കരീം. ഇയാളെ നഫീസിന് പരിചയപ്പെടുത്തിയ 'ഉറ്റ സുഹൃത്താ'വട്ടെ വിവരം ചോര്‍ത്തുന്ന ഒരു എഫ്.ബി.ഐ ചാരനും. ആക്രമണത്തിന് നഫീസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് എഫ്.ബി.ഐ തന്നെ. റൂം വാടകക്കെടുത്തതും പൊട്ടിത്തെറിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഉരുപ്പടികള്‍ കൊണ്ട് വന്നതും മാത്രമല്ല, പൊട്ടിക്കാനുള്ള ഉപകരണ (Detonator) വും ബോംബ് വെക്കാനുള്ള വാനും എഫി.ബി.ഐ ആണ് എത്തിച്ചത്.
ഒക്‌ടോബര്‍ 17-ന് നഫീസും കരീമും വാനുമായി ലോവര്‍ മാന്‍ഹട്ടനിലേക്ക് ചെന്നു. ലിബര്‍ട്ടി സ്ട്രീറ്റിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍വശത്തായി അത് പാര്‍ക്ക് ചെയ്തു. പിന്നെ ഇരുവരും ഒരു ഹോട്ടല്‍ മുറിയിലേക്ക് പോയി. നഫീസ് തന്റെ സെല്‍ഫോണില്‍ ഒരു നമ്പര്‍ തെരഞ്ഞെടുത്ത് ഞെക്കി. ആ നമ്പര്‍ ഡയല്‍ ചെയ്താല്‍ നഫീസിന്റെ കണക്ക് കൂട്ടലനുസരിച്ച് പാര്‍ക്ക് ചെയ്ത വാന്‍ പൊട്ടിത്തെറിക്കണം. പക്ഷേ ഒന്നും സംഭവിച്ചില്ല. വീണ്ടും വീണ്ടും ഡയല്‍ ചെയ്ത് നോക്കി. ഒരു കാര്യവുമില്ല. അപ്പോഴേക്ക് എഫ്.ബി.ഐക്കാര്‍ വന്ന് നഫീസിനെ പിടികൂടിക്കഴിഞ്ഞിരുന്നു.
2001 സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനുശേഷം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന അമേരിക്കന്‍ പോലീസ് വിഭാഗം നടത്തിയ ഇത്തരം വലവീശലിലൂടെ (Stings) നഫീസിനെപ്പോലുള്ള 150 ലധികം പേരെ പിടികൂടിയിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് ഇരുപത്തിയഞ്ചോ അതിലധികമോ വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. ഇങ്ങനെ 'ഭീകരനാവാന്‍ സാധ്യതയുള്ളവരെ' (Potential Terrorists) പിടികൂടാന്‍ എഫ്.ബി.ഐ 15,000 വിവരംചോര്‍ത്തലുകാരെ (Informants) നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ പലരും ക്രിമിനലുകളാണ്. ചിലര്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് അമേരിക്കയില്‍ കഴിയുന്നവരാണ്. എഫ്.ബി.ഐ തന്നെയാണ് നഫീസിനെപ്പോലുള്ള 'സാധ്യതാ ഭീകരര്‍ക്ക്' ഭീകരാക്രമണത്തിനുള്ള ആശയവും വഴികളും പറഞ്ഞുകൊടുക്കുന്നത്. ഭീകരതയെ ചെറുക്കാന്‍ എന്ന പേരില്‍ ഇത്തരം പരിപാടികള്‍ക്ക് വേണ്ടി എഫ്.ബി.ഐ ചെലവഴിക്കുന്നത് വര്‍ഷംതോറും 3 ബില്യന്‍ ഡോളര്‍. മറ്റൊരു കാര്യത്തിനും എഫ്.ബി.ഐ ഇത്രയധികം പണം ചെലവഴിക്കുന്നില്ല. സാധാരണഗതിയില്‍ ഒരു അന്വേഷണ ഏജന്‍സി സംഭവം നടന്നതിന് ശേഷമാണ് അതേക്കുറിച്ച് അന്വേഷിക്കുക. ഇവിടെ ആക്രമണം മുന്‍കൂറായി തടയുന്ന (Preempt) ഒരു ഇന്റലിജന്‍സ് സംവിധാനമായി അത് മാറുകയാണ്. എഫ്.ബി.ഐ 'കൈയയച്ച്' സഹായിച്ചത് കൊണ്ടല്ലേ ഈ 'സാധ്യതാ ഭീകരര്‍' തലപൊക്കിയത്? നമുക്ക് പേടിക്കാനായി എഫ്.ബി.ഐ ഒരു ശത്രുവിനെ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്?
ഇത്തരം ചോദ്യങ്ങളുമായി ഞാനെന്റെ അന്വേഷണം തുടങ്ങുന്നത് 2010-ലാണ്. ഒരു ഗവേഷക സുഹൃത്തിന്റെ സഹായത്തോടെ 9/11-ന് ശേഷമുള്ള 500-ല്‍ അധികം ഭീകര കേസുകളുടെ കോടതി വ്യവഹാരങ്ങള്‍ ഞാന്‍ പഠനവിധേയമാക്കി. (http://www.motheriones.com/fbi-terrorist). കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഫെഡറല്‍ കോടതിയിലെത്തിയ ഓരോ ഭീകരതാ കേസും വളരെ സൂക്ഷ്മമായും വിമര്‍ശനാത്മകമായും ഞാന്‍ പിന്തുടര്‍ന്നിട്ടുണ്ട്. അതിന് വേണ്ടി ആയിരക്കണക്കിന് പേജുകള്‍ വരുന്ന കോടതി രേഖകള്‍ അരിച്ചുപെറുക്കി. പകുതിയിലധികം ഭീകര കേസുകളിലും ഇത്തരം വാര്‍ത്തചോര്‍ത്തലുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അപ്പോള്‍ ബോധ്യമായി. അതില്‍ പല വിവരംചോര്‍ത്തലുകാര്‍ക്കും എഫ്.ബി.ഐ ഒരൊറ്റ 'ജോലി'ക്ക് മാത്രം ഒരു ലക്ഷം ഡോളര്‍ വരെ നല്‍കിയിട്ടുണ്ട്. ആഗസ്റ്റില്‍ മദര്‍ ജോണ്‍സ് എന്ന പ്രസിദ്ധീകരണത്തില്‍ ഞാനെന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍, 49 പ്രതികള്‍ എഫ്.ബി.ഐ ഏജന്റുമാരുടെ കെണികളില്‍ കുടുങ്ങിയതാണെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ കെണിയില്‍ പെടുന്നവരുടെ എണ്ണം അതിനുശേഷം വര്‍ധിച്ചിട്ടേയുള്ളൂ.
ഇത്തരം ഓപ്പറേഷനുകളെ (ജോര്‍ജ് ഡബ്ലിയു ബുഷിന്റെ കാലത്താണ് ഇത് തുടങ്ങിയത്. ബറാക് ഒബാമയുടെ കാലത്തും മാറ്റമില്ലാതെ തുടരുന്നു) മാധ്യമങ്ങള്‍ അന്വേഷിക്കാന്‍ മെനക്കെടാറില്ല. അവയെ വിമര്‍ശനാത്മകമായി സമീപിക്കാറില്ല. എഫ്.ബി.ഐയുടെ തന്ത്രങ്ങളെക്കുറിച്ച് പൊതുജനത്തിനാണെങ്കില്‍ ഒരു പിടിയുമില്ല. അപ്പോള്‍ പിന്നെ എഫ്.ബി.ഐയും ഫെഡറല്‍ കോടതിയും അവതരിപ്പിക്കുന്ന അക്രമണോത്സുക ഭാഷ്യം മാത്രമായിരിക്കും ബാക്കിയാവുക. ഒരു കൊടുംഭീകരനെ ഇതാ കണ്ണില്‍ എണ്ണയൊഴിച്ച് കാവല്‍നിന്ന എഫ്.ബി.ഐ ഏജന്റുമാര്‍ പിടികൂടിയിരിക്കുന്നു!
പക്ഷേ 2011 അവസാനമാവുമ്പോഴേക്കും ഇത്തരം പോലീസ് ഭാഷ്യങ്ങളെക്കുറിച്ച നിലപാടില്‍ മാറ്റമുണ്ടാകാന്‍ തുടങ്ങി. മദര്‍ ജോണ്‍സില്‍ എന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ട ശേഷം, അമേരിക്കന്‍ കാപിറ്റോള്‍ കെട്ടിടം തകര്‍ക്കാന്‍ ഗ്രനേഡ് നിറച്ച, റിമോട്ട് നിയന്ത്രിതമായ വിമാനങ്ങള്‍ ഒരുക്കി നിര്‍ത്തി എന്നാരോപിച്ച് മസാച്ചുസെറ്റ്‌സില്‍ ഒരാളെ പിടികൂടിയിരുന്നു. അവിശ്വസനീയമായ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍. അതിന്റെ പശ്ചാത്തലത്തില്‍ TPM Muskraker എന്ന പ്രസിദ്ധീകരണം തലക്കെട്ടെഴുതിയത് ഇങ്ങനെയായിരുന്നു: വിചിത്രമായ അഞ്ച് ഭീകരാക്രമണപദ്ധതികള്‍ വിരിയിച്ചെടുത്തത് എഫ്.ബി.ഐ മേല്‍നോട്ടത്തില്‍. 2012 ഏപ്രില്‍ 29-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഡേവിഡ് കെ. ഷിപ്പ്‌ളര്‍ എഴുതിയ എഡിറ്റോറിയലില്‍, ഭീകരാക്രമണം നടത്താന്‍ ഒരു നിലക്കും ശേഷിയില്ലാത്ത ആളുകളെ ചാരശൃംഖല വഴി കെണിയില്‍ പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്: ''ചില ഭീഷണികള്‍ യഥാര്‍ഥമാണ്, ചിലത് അങ്ങനെയല്ല. പക്ഷേ ഭീകരതയുടെ വിഷയത്തില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം പറയുക പ്രയാസകരമാണ്.'' സമാന സ്വഭാവത്തിലുള്ള റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും മറ്റും മാധ്യമങ്ങളിലും ഇടം പിടിച്ചു.
നമുക്ക് നഫീസിലേക്ക് തിരിച്ചുവരാം. ''ഭീകര വൃത്തികള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവണ്‍മെന്റ് കരുതുന്ന ആളുകളെ പുറത്ത് ചാടിക്കാനെന്ന പേരില്‍ അത്തരം പ്രവൃത്തികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഏജന്‍സി (Enabler) യായി മാറിയിരിക്കുന്നു ഭരണകൂടം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നഫീസ് സംഭവം.'' നഫീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതി. അതിക്രമങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ആളുകളാണെങ്കില്‍കൂടി ഗവണ്‍മെന്റ് സഹായമില്ലാതെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും അതിനാല്‍ ഈ നിലപാട് വിമര്‍ശന വിധേയമാക്കണമെന്നും പത്രം തുടര്‍ന്നു എഴുതുന്നു.
നഫീസിനെപ്പോലെ ഭീകരപ്പട്ടികയില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ എഫ്.ബി.ഐ വിളിക്കുക 'ഒറ്റയാന്‍ ചെന്നായ' (Lone Wolf) എന്നാണ്. അടുത്ത ഭീകരാക്രമണം ഒറ്റതിരിഞ്ഞ് നടക്കുന്ന ഒരു ചെന്നായയില്‍ നിന്നാകുമെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ഏജന്‍സികളുടെ നീക്കങ്ങള്‍. ഇതിനെയാണ് Preemption, Prevention, Disruption എന്നീ പേരുകളിട്ട് വിളിക്കുന്നത്. ഭീകരന്മാരെ ഭീകരപ്രവൃത്തി ചെയ്യുന്നതിന് മുമ്പായി പിടികൂടുക. ഇതാണ് എഫ്.ബി.ഐയുടെ ഭീകരവിരുദ്ധ നീക്കങ്ങളുടെ മര്‍മം. ഇതിനുവേണ്ടി 2001 സെപ്റ്റംബര്‍ 11-ന് ശേഷം അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഭ്യന്തര ചാരശൃംഖലയെയാണ് ഫെഡറല്‍ ഏജന്‍സികള്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
തൊള്ളായിരത്തി അറുപതുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വിവരംചോര്‍ത്തലുകാര്‍ (Informants) ഇന്ന് എഫ്.ബി.ഐക്ക് ഉണ്ട്. അറുപതുകളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും ക്ലൂ ക്ലക്‌സ് ക്ലാനിന്റെയും അണികളിലേക്ക് ചാരന്മാരെ പറഞ്ഞയച്ച് ചീത്തപ്പേര് സമ്പാദിച്ച ആളായിരുന്നു അന്നത്തെ എഫ്.ബി.ഐ ഡയറക്ടര്‍ ജെ.എഡ്ഗാര്‍ ഹൂവര്‍. എന്നാല്‍, ഇപ്പോഴത്തെ എഫ്.ബി.ഐ ചാരന്മാര്‍ രാഷ്ട്രീയ കൂട്ടായ്മകളിലേക്ക് നുഴഞ്ഞ് കയറുന്നത് അവസാനിപ്പിച്ചിരിക്കുന്നു. നാളത്തെ ഭീകരരെ കണ്ടെത്തുകയാണ് ഇന്നവരുടെ ലക്ഷ്യം. വെള്ളക്കാരുടെ വംശീയ സംഘടനകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് എഫ്.ബി.ഐ സമ്മതിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ ഭീഷണി ഉണ്ടാവുക അമേരിക്കയിലെ മുസ്‌ലിം സമൂഹത്തില്‍ നിന്നാവുമെന്ന് അവര്‍ വിശ്വസിക്കുന്നു.
അമേരിക്കയിലുടനീളം വിന്യസിക്കപ്പെട്ട ഈ ചാരസൈന്യത്തിന് പ്രധാനമായും ഒറ്റ ദൗത്യമേയുള്ളൂ: അടുത്ത ഒറ്റയാന്‍ ചെന്നായയെ കണ്ടെത്തുക. അയാള്‍ മിക്കവാറും 16 നും 35 നും ഇടക്ക് പ്രായമുള്ള അവിവാഹിതനായ പുരുഷനായിരിക്കും. ഇസ്‌ലാമിനെ കുറിച്ച് റാഡിക്കല്‍ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന, അമേരിക്കന്‍ വിദേശനയത്തെ പരസ്യമായി എതിര്‍ക്കുന്ന, ആഗോള ഭീകരസംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന യുവ മുസ്‌ലിംകളെയാണ് ഫെഡറല്‍ ഏജന്‍സികളും അവരുടെ ചാരന്മാരും ലക്ഷ്യമിടുന്നത്. ഈ ലക്ഷണങ്ങള്‍ തികഞ്ഞവരെ കണ്ടെത്തിയാല്‍ അടുത്ത ഘട്ടം തുടങ്ങുകയായി. സ്റ്റിംഗ് ഓപ്പറേഷന്‍, രഹസ്യമായി അയാളെ കുരുക്കാനുള്ള തന്ത്രങ്ങള്‍.
ഈ ഭീകരതാ ഒളിയുദ്ധത്തിന് എഫ്.ബി.ഐ നിരത്തുന്ന ന്യായം ഇതാണ്: ഭീകരാക്രമണത്തിന് തുനിയുന്നതിന് മുമ്പ് ഒരു ഒറ്റയാന്‍ ചെന്നായയെ പിടിക്കാനായാല്‍, അയാള്‍ യഥാര്‍ഥ ഭീകരന്മാരെ കണ്ടെത്തി അവരുടെ സഹായത്തോടെ ഭീകരാക്രമണങ്ങള്‍ നടത്തുന്നത് തടയാനാകും. പക്ഷേ ഇന്നേവരെ ഇത്തരമൊരു ഒറ്റയാന്‍ ചെന്നായയെ കണ്ടെത്താനായിട്ടില്ല. ആക്രമണം നടത്താന്‍ സ്വയം ശേഷിയില്ലാത്ത ഒരാള്‍ യഥാര്‍ഥ ഭീകരരുമായി ചേര്‍ന്ന് ആക്രമണം നടത്തിയതിന് ഒരു ഉദാഹരണവുമില്ല. എഫ്.ബി.ഐ ഓപ്പറേഷനിലൂടെ പിടിയിലാകുന്ന ഭീകരരെന്ന് പറയപ്പെടുന്നവരാകട്ടെ പൊതുവെ വിദ്യാഭ്യാസമില്ലാത്തവരോ, മാനംമര്യാദയായി ജീവിക്കാത്തവരോ, സാമ്പത്തികമായി തകര്‍ന്ന് നിരാശ കയറിയവരോ ഒക്കെ ആയിരിക്കും. ഇത്തരക്കാര്‍ കാര്യമായ സഹായമൊന്നുമില്ലാതെ ഹൈടെക്ക് ആക്രമണത്തിന് ഒരുങ്ങുന്നു എന്നുപറയുന്നതില്‍ അസ്വാഭാവികതയുണ്ട്.

ഒബാമയും വ്യത്യസ്തനല്ല
സ്റ്റിംഗ് ഓപ്പറേഷന്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ബുഷ് ആണ് അത് തുടങ്ങിവെച്ചതെങ്കിലും ഒബാമയുടെ കാലത്ത് അതൊരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ബുഷ് ഭരണകാലത്ത്, 2006-2007 കാലയളവിലാണ് ഇത് വളരെക്കൂടുതലായി നടന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 60 പേരെയാണ് ഇത്തരത്തില്‍ പിടികൂടി ശിക്ഷിച്ചത്. എന്നാല്‍ ബുഷ് ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഫെഡറല്‍ നിയമവകുപ്പ് ഇതില്‍നിന്ന് വിട്ടുനിന്നതായാണ് കാണാന്‍ കഴിയുക. 2008-ല്‍ ഒരൊറ്റയാളെപ്പോലും സ്റ്റിംഗ് ഓപ്പറേഷനിലൂടെ പിടികൂടിയിട്ടില്ല. 2009-ല്‍ ഒബാമ അധികാരമേറ്റതൊടെ ഇത്തരം ഓപ്പറേഷനുകള്‍ ക്രമത്തില്‍ കൂടിവരികയാണ് ചെയ്തത്. ഒബാമ ഭരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ 75 ലധികം പേരെയാണ് ഭീകരതയുടെ പേരില്‍ കുരുക്കിയത്.
ദേശസുരക്ഷയുടെ കാര്യം വരുമ്പോള്‍ ഒബാമ ആക്രമണോത്സുകനായ പ്രസിഡന്റാണ്. ദേശസുരക്ഷയുടെ കാര്യത്തില്‍ ഡമോക്രാറ്റുകളായ പ്രസിഡന്റുമാരെല്ലാം ദുര്‍ബലരാണ് എന്ന ധാരണയെ തിരുത്തിക്കുറിക്കാന്‍ ഒബാമക്ക് കഴിഞ്ഞു. ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ സാഹസിക നീക്കം നടത്തിയത് ഒബാമയാണ്. യമനിലും സോമാലിയയിലും അദ്ദേഹം രഹസ്യയുദ്ധങ്ങള്‍ നടത്തി. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരരെന്ന് സംശയിക്കുന്നവരെ നിയമങ്ങള്‍ മറികടന്ന് വിദേശ രാജ്യങ്ങളില്‍ വെച്ച് കൊലപ്പെടുത്തി. ഇടത്പക്ഷം ഇതിനെതിരെ ശക്തമായി രംഗത്ത് വരികയുണ്ടായി. പ്രസിഡന്റായതിന്റെ നാലാം വര്‍ഷം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ദേശസുരക്ഷയില്‍ ഒബാമക്ക് ഉയര്‍ന്ന മാര്‍ക്കാണ് ലഭിച്ചത്. ഭീകരതാവിരുദ്ധ ഒളിയുദ്ധവുമായി ഒബാമ ഭരണകൂടം മുന്നോട്ട് പോകുന്നതിന്റെ കാരണമിതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍