Prabodhanm Weekly

Pages

Search

2013 മെയ്‌ 17

ഫിഖ്ഹിന്റെ ചരിത്രം 3 / നിയമനിര്‍ധാരണത്തിലെ യുക്തിപ്രയോഗം

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

നി നമുക്ക് ഇസ്‌ലാമിക നിയമത്തിന്റെ വികാസം മറ്റൊരു കോണിലൂടെ നോക്കിക്കാണാം. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന സ്രോതസ്സെന്ന് നാം പറഞ്ഞു. അതുപോലൊരു നിയമനിര്‍മാണത്തിന് മനുഷ്യന്‍ സ്വയം മുതിരരുത്. പക്ഷേ, ഖുര്‍ആനിലോ ഹദീസിലോ പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു പ്രശ്‌നമാണ് നമ്മുടെ മുമ്പാകെ വരുന്നതെങ്കില്‍, മുആദുബ്‌നു ജബലി(റ)ന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍, യുക്തിചിന്തയിലൂടെ നാം നിയമം നിര്‍ധാരണം ചെയ്‌തെടുക്കേണ്ടതായി വരും.
യുക്തിചിന്തയിലൂടെയുള്ള നിര്‍ധാരണം വിദഗ്ധര്‍ മാത്രം ചെയ്യേണ്ട പണിയാണ്. വൈദ്യനോ റൊട്ടിയുണ്ടാക്കുന്നവനോ നിയമനിര്‍മാണത്തിന് ഒരുമ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചു നോക്കുക. മുസ്‌ലിം സമൂഹത്തില്‍ രണ്ടുതരം ആളുകളെ കാണാറുണ്ട്. ഒന്ന്, നിയമം നടപ്പാക്കുന്നവര്‍. രണ്ട്, നിയമം വിശദീകരിക്കുന്നവര്‍. രണ്ട് കക്ഷികള്‍ ഇടപെട്ട തര്‍ക്കത്തില്‍ നിയമം പ്രയോഗിക്കാന്‍ അധികാരമുണ്ട് ന്യായാധിപന്. പക്ഷേ, ഒരു മുഫ്തി (നിയമ വ്യാഖ്യാതാവായ പണ്ഡിതന്‍) നിയമം വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും മാത്രമാണ് ചെയ്യുന്നത്; നിയമം പ്രയോഗിക്കുന്നില്ല. ഈ വ്യത്യാസങ്ങള്‍ ഉള്ളതോടൊപ്പം തന്നെ, ഇരുകൂട്ടരും അനുബന്ധ നിയമനിര്‍മാതാക്കളുടെ റോളിലാണുള്ളത്. നേരത്തെ പറഞ്ഞ പോലെ നിയമത്തിന്റെ അടിത്തറ ഖുര്‍ആനും ഹദീസും തന്നെ. അവ രണ്ടിലും വ്യക്തമായ പരാമര്‍ശമില്ലാത്ത വിഷയങ്ങളില്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ചാണ് നിയമത്തെ വ്യാഖ്യാനിക്കുകയും അത് നടപ്പാക്കുകയും ചെയ്യുക.
ഒരു ഉദാഹരണം പറയാം. മോഷണത്തിന് ഖുര്‍ആനില്‍ വളരെ വ്യക്തമായി ശിക്ഷ നിര്‍ണയിച്ചിട്ടുണ്ട്. ഇനിയൊരാള്‍ മൃതദേഹത്തിന്റെ വസ്ത്രം മോഷ്ടിച്ചു എന്നു കരുതുക. അതിനുള്ള ശിക്ഷ എന്തായിരിക്കും? ഫിഖ്ഹിന്റെ വീക്ഷണത്തില്‍, ഒരു പ്രവൃത്തി മോഷണമാവണമെങ്കില്‍ മോഷണ വസ്തു അവകാശപ്പെടാന്‍ (മുദാഫഅത്ത്) ഒരാള്‍ വേണം. ഇവിടെ അതില്ല. അപ്പോള്‍ ഇത് സാദാ മോഷണമായി പരിഗണിക്കാന്‍ പറ്റുമോ, അല്ലെങ്കില്‍ ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടിവരുമോ? ഈ വിഷയത്തില്‍ അടിസ്ഥാന സ്രോതസ്സുകളില്‍ ഒന്നും വന്നിട്ടില്ലാത്ത സ്ഥിതിക്ക് യുക്തിയും ധിഷണയും പ്രയോഗിച്ച് ഒരു തീരുമാനത്തിലെത്തുകയേ നിവൃത്തിയുള്ളൂ. നമ്മുടെ മുഫ്തിമാരും നിയമജ്ഞരും ജഡ്ജിമാരുമെല്ലാം നിയമവ്യാഖ്യാനത്തിലൂടെ എങ്ങനെ ഈ ശാഖയെ പുഷ്ടിപ്പെടുത്തുന്നു എന്ന് ഈ ഉദാഹരണം മുമ്പില്‍ വെച്ച് ചിന്തിച്ചാല്‍ മനസ്സിലാകും.
പ്രവാചകന്റെ ജീവിതകാലത്ത് തന്നെ നിയമവ്യവസ്ഥയുടെ ഈ വികാസം ആരംഭിച്ചിരുന്നു. ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു സംഭവം പറയുന്നുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അബൂബക്ര്‍ സിദ്ദീഖിനോട് ചോദിക്കൂ എന്ന് നബി(സ) ആളുകളെ ഉപദേശിച്ച സംഭവമാണത്. ഇസ്‌ലാമിക നിയമത്തില്‍ നല്ല അറിവുണ്ട് അബൂബക്ര്‍ സിദ്ദീഖിന്. അതിനാല്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളും സംശയങ്ങളുമുണ്ടാകുമ്പോള്‍ ആളുകള്‍ അദ്ദേഹത്തെ സമീപിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്തു. സകല കാര്യങ്ങളും പ്രവാചകനോട് ചെന്ന് ചോദിച്ച് അദ്ദേഹത്തെ പ്രയാസപ്പെടുത്തേണ്ടതില്ലല്ലോ. അതേസമയം അവതരിപ്പിക്കപ്പെട്ട വിഷയം മൗലിക സ്വഭാവമുള്ളതും സുപ്രധാനവുമാണെങ്കില്‍ അദ്ദേഹം നേരെ പ്രവാചകനെ ചെന്ന് കണ്ട് അത് ചര്‍ച്ച ചെയ്യും. ഇനി ആളുകള്‍ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രവാചകന്‍ നേരത്തെ തന്നെ വിധി പറഞ്ഞിട്ടുണ്ടെങ്കില്‍ അബൂബക്ര്‍ സിദ്ദീഖ് ആ വിധിയിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ചെയ്യുക; സ്വന്തമായി ഒന്നും പറയില്ല. അബൂബക്‌റിനെ പോലുള്ള 'മുഫ്തിമാര്‍' വേറെയും ഉണ്ടായിക്കൂടെന്നില്ല പ്രവാചകന്റെ ജീവിതകാലത്ത് തന്നെ. ചരിത്ര രേഖകളില്‍ വേറെ പേരുകളൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല എന്നേയുള്ളൂ. ഇസ്‌ലാമിക രാഷ്ട്രവും സമൂഹവും വിപുലമാകുന്നതിനനുസരിച്ച് നിയമജ്ഞരുടെയും ന്യായാധിപന്മാരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു, പ്രത്യേകിച്ച് യമനില്‍. കാരണം, യമന്‍ അക്കാലത്തെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ധൈഷണികമായി അത് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്തിരുന്നു.
മുആദുബ്‌നു ജബലിനെ യമനിലേക്ക് അയച്ച സംഭവം നാം സൂചിപ്പിച്ചുവല്ലോ. ഇദ്ദേഹം യമനിലെ ഗവര്‍ണറും ജഡ്ജിയുമായിരുന്നു. വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഖുര്‍ആന്‍ പഠിപ്പിക്കുകയും വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തതായി ത്വബ്‌രി എഴുതുന്നുണ്ട്. യമനിലേക്കയച്ച മറ്റൊരു ന്യായാധിപനായിരുന്നു അബൂമൂസല്‍ അശ്അരി. അദ്ദേഹത്തെ പ്രത്യേകമായി പറയാന്‍ കാരണം, പ്രവാചകന്‍ നല്‍കിയ അദ്ദേഹത്തിന്റെ നിയമനോത്തരവ് ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ ഉത്തരവില്‍ ചുമതലയേല്‍പ്പിക്കപ്പെട്ടയാളുടെ ഉത്തരവാദിത്വങ്ങളും വ്യക്തമാക്കിയിരിക്കും. അംറുബ്‌നു ഹസമിനെ നിയോഗിച്ചപ്പോഴും പ്രവാചകന്‍, ഈ വരുന്ന വ്യക്തി തന്റെ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ ആജ്ഞകള്‍ ജനം അംഗീകരിക്കണമെന്നും എഴുതി അയച്ചിരുന്നു.
അപ്പോള്‍ നിയമത്തിന് മറ്റു രണ്ട് സ്രോതസ്സുകള്‍ കൂടിയായി. ഖാദിമാരും മുഫ്തിമാരും. ഖാദിമാര്‍ക്ക് അഥവാ ജഡ്ജിമാര്‍ക്ക് എപ്പോഴും നിയമങ്ങള്‍ ആവശ്യമായി വന്നുകൊണ്ടിരിക്കും. ഓരോ കേസും അതിന്റെ പ്രത്യേക സന്ദര്‍ഭവും സാഹചര്യവും നോക്കി അവര്‍ക്ക് തീര്‍പ്പാക്കേണ്ടിവരും. പല കേസുകളിലും അവര്‍ പ്രവാചകനോട് അഭിപ്രായം ആരാഞ്ഞിരുന്നതായി തെളിവുകളുണ്ട്. മറ്റു പല കേസുകളിലും ബുദ്ധിയും യുക്തിയുമുപയോഗിച്ച് അവര്‍ സ്വന്തമായ തീരുമാനത്തിലെത്തുകയാണുണ്ടായത്. ഈ തീരുമാനങ്ങളില്‍ പ്രവാചകന്‍ അംഗീകരിക്കാത്ത വല്ലതുമുണ്ടെങ്കില്‍ ഉടന്‍ തന്നെ അതിനൊത്ത് അതില്‍ തിരുത്തല്‍ വരുത്തും. ഒരു ഉദാഹരണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക മരിച്ചയാളുടെ പുരുഷ ബന്ധുക്കളില്‍ വിതരണം ചെയ്യുന്ന സമ്പ്രദായമായിരുന്നു അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നത്. അഥവാ ആണ്‍മക്കള്‍ക്കും പിതാവിനുമൊക്കെയാണ് പണം കിട്ടുക. മരിച്ചയാളുടെ വിധവക്ക് ഒന്നും ലഭിക്കില്ല. തന്റെ യമനിലുള്ള ഗവര്‍ണര്‍ ദഹ്ഹാക്ക് ഒരു കേസില്‍ ഈ സമ്പ്രദായത്തിനൊത്ത് വിധി പറഞ്ഞു എന്നു കേട്ടപ്പോള്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാചകന്‍ കത്തെഴുതുകയുണ്ടായി. ഭര്‍ത്താവ് മരിച്ചാല്‍ അയാളുടെ സ്വത്തില്‍നിന്ന് വിധവക്ക് എന്ത് ലഭിക്കുമോ അതേ വിഹിതം നഷ്ടപരിഹാരത്തുകയില്‍ നിന്നും അവള്‍ക്ക് നല്‍കണം, പ്രവാചകന്‍ കല്‍പിച്ചു. ഖുര്‍ആനിലോ സുന്നത്തിലോ നേരത്തെ ഇതു സംബന്ധമായി നിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സംഭവത്തോടെ ഇക്കാര്യത്തിലുള്ള അവ്യക്തത നീങ്ങി.
ഖുര്‍ആനിലും ഹദീസിലും വ്യക്തമായി വിധി വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ യുക്തിയും ധിഷണയുമുപയോഗിച്ച് വിധി കണ്ടെത്താനുള്ള ശ്രമം (ഇജ്തിഹാദ്) മുസ്‌ലിംകള്‍ക്ക് ചരിത്രത്തിലുടനീളം വളരെ പ്രയോജനകരമായി ഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു വഴി തുറന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിക നിയമ സംഹിത നിശ്ചലമായിപ്പോവുകയും അന്യ സംസ്‌കാരങ്ങളില്‍ നിന്ന് അവര്‍ക്ക് നിയമങ്ങള്‍ കടമെടുക്കേണ്ടിവരികയും ചെയ്യുമായിരുന്നു. ഇജ്തിഹാദിലൂടെ അത്തരം പ്രതിസന്ധികളെയെല്ലാം അവര്‍ തരണം ചെയ്തു. ഉമറുബ്‌നുല്‍ ഖത്വാബ്(റ) തന്റെ ഖാദിമാര്‍ക്ക് നല്‍കിയ ഒരു നിര്‍ദേശം ചരിത്രകൃതികളില്‍ വായിക്കാം. ധൃതി പിടിച്ച് ഒരു തീരുമാനത്തിലെത്തി അത് നടപ്പാക്കാന്‍ തുനിയരുത് എന്നായിരുന്നു നിര്‍ദേശം. ഒരു വിഷയത്തില്‍ വിധി എന്ത് എന്ന് ജഡ്ജിമാര്‍ക്ക് അറിഞ്ഞുകൂടെങ്കില്‍ അവര്‍ കുറെക്കൂടി സൂക്ഷ്മമായി ആ വിഷയം പഠിക്കാന്‍ സമയം കാണുകയും പരിസരത്തുള്ള മറ്റു പണ്ഡിതന്മാരുമായും നിയമജ്ഞരുമായും അത് ചര്‍ച്ച ചെയ്യുകയും വേണം. ഇതൊരു സംയുക്ത ഇജ്തിഹാദാണ്. ഖലീഫമാര്‍ ഇത് പ്രയോഗത്തില്‍ വരുത്തിയിരുന്നു. ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായ വിധികള്‍ വന്നിട്ടില്ലാത്ത ഒട്ടുവളരെ സങ്കീര്‍ണ വിഷയങ്ങളില്‍ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നീ ഖലീഫമാര്‍ കൂടിയാലോചനകളിലൂടെ തീര്‍പ്പുണ്ടാക്കിയിട്ടുണ്ട്.
ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ഖലീഫ ജനങ്ങളെ പള്ളിയില്‍ വിളിച്ചുകൂട്ടുകയാണ് ചെയ്യുക. എന്നിട്ട് വിഷയം അവരുടെ മുമ്പില്‍ അവതരിപ്പിച്ച് അഭിപ്രായം തേടും. ഓരോ വ്യക്തിക്കും തന്റെ അഭിപ്രായം പറയാം. ചെറിയവനെന്നോ വലിയവനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കൂടിയാലോചനയില്‍ പങ്കാളികളാവും. ഇവിടെ സ്ത്രീയെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം ഉമറിന്റെ കാലത്തുണ്ടായ ഒരു സംഭവമാണ്. തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് തരണമെങ്കില്‍ മഹ്‌റായി ഭീമമായ തുക മാതാപിതാക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. വിവാഹം കഴിക്കാന്‍ പോകുന്ന ഏതൊരു വരനും ആ തുക കണ്ടെത്തിയേ മതിയാകൂ. ഈ പ്രവണത ഒരു സാമൂഹിക തിന്മയായി വളരുകയാണെന്നും അതു കാരണം പല യുവതികള്‍ക്കും വിവാഹിതരാകാന്‍ കഴിയാതെ വരുമെന്നും ഉമര്‍(റ) മനസ്സിലാക്കി. അദ്ദേഹം പരിഹാരവും കണ്ടെത്തി. ഇനി മേല്‍ ഒരു നിശ്ചിത സംഖ്യ മാത്രമേ പെണ്‍കുട്ടിക്ക് മഹ്‌റായി നല്‍കേണ്ടതുള്ളൂ. പ്രവാചകാനുയായികളൊന്നും തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പിന്നെയൊരു ദിവസം പള്ളിയില്‍ വെച്ച് ഉമറിന്റെ ഈ തീരുമാനത്തെ ഒരു കിഴവി ചോദ്യം ചെയ്തു. അവരതിന് തെളിവായി ഉദ്ധരിച്ചത് ഒരു ഖുര്‍ആന്‍ ശകലമാണ്: ''അവരില്‍ ഒരാള്‍ക്ക് നിങ്ങള്‍ ഒരു നിധി കുംഭം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും അവരില്‍നിന്ന് ഒന്നും തിരിച്ചുവാങ്ങരുത്'' (4:20), വിവാഹമോചന സമയത്ത്. ഒരാള്‍ക്ക് വേണമെങ്കില്‍ വളരെ വിലപിടിപ്പുള്ള നിധികുംഭം തന്നെ തന്റെ പ്രതിശ്രുത വധുവിന് മഹ്‌റായി നല്‍കാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കെ, അത് തടയാനും നിയന്ത്രിക്കാനും ഉമറിന് എന്ത് അധികാരം? ഇതായിരുന്നു വൃദ്ധയുടെ ചോദ്യം. ഉടന്‍ തന്നെ ഉമര്‍, വൃദ്ധ പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുകയും തന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
ഇതിനര്‍ഥം ഈ പൊതുസഭയില്‍ ആര്‍ക്കും അഭിപ്രായം പറയാം എന്നാണ്. പണ്ഡിതന് മാത്രമല്ല പാമരനും അതിന് അവകാശമുണ്ട്. ആരോടും വിവേചനമില്ല. പൊതു സമ്മതി ഉണ്ടെങ്കില്‍ ഏതഭിപ്രായവും സ്വീകരിക്കപ്പെടും, അല്ലെങ്കില്‍ തള്ളപ്പെടും. അപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിലുടനീളം രണ്ട് തരത്തില്‍ നിയമങ്ങള്‍ രൂപപ്പെട്ട് വരുന്നത് നാം കണ്ടു. ഒന്ന്, വ്യക്തിയുടെ അന്വേഷണങ്ങള്‍. രണ്ട്, സംഘം ചേര്‍ന്നുള്ള അന്വേഷണങ്ങള്‍. ജഡ്ജിമാരുടെയും മുഫ്തിമാരുടെയും വിധി പ്രസ്താവങ്ങളില്‍ ഈ രണ്ട് സ്വഭാവത്തിലുള്ളവയും ഉണ്ടാകും. ആ പ്രക്രിയ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇസ്‌ലാം വളരെ പെട്ടെന്ന് തന്നെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളില്‍ പ്രചാരം നേടിയതുകൊണ്ട് പലതരം മനുഷ്യ സമൂഹങ്ങളെയും അവരുടെ മത സംസ്‌കാരങ്ങളെയും സ്വഭാവ രീതികളെയും അതിന് അഭിമുഖീകരിക്കേണ്ടിവന്നു. പുതിയ സാഹചര്യങ്ങള്‍, നവംനവങ്ങളായ പ്രശ്‌നങ്ങള്‍. ഈ നിയമപ്രശ്‌നങ്ങള്‍ക്ക് മുന്‍കാല ചരിത്രത്തില്‍ ഒരു മാതൃകയും കണ്ടെത്താനാവില്ല. അന്വേഷണങ്ങളിലൂടെ പരിഹാരം കാണുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍