വ്യത്യസ്തനാം ഒരു താമരശ്ശേരിക്കാരന്
പ്രവാസിയുടെ മരണം വിരഹത്തിന്റെ മറ്റൊരു അനുഭവമാണ്. നാട്ടില്‍ മറവു ചെയ്താല്‍ മാത്രമേ സ്വര്‍ഗം ലഭിക്കൂ എന്നതു കൊണ്ടൊന്നുമല്ല അയ്യായിരത്തിലേറെ ദിര്‍ഹം ചെലവഴിച്ചായാലും മൃതദേഹം നാട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ ആഗ്രഹിക്കുന്നത്. തിരിച്ചുവരാന്‍ ഒരാളുണ്ട് എന്ന മോഹം ഇനി വ്യാമോഹം മാത്രമാണെന്ന് സ്വന്തം മനസ്സുകളെ ബലപ്പെടുത്താന്‍ വേണ്ടിയുള്ള ഉറ്റവരുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പ്രവാസി ഒന്നോ അതിലധികമോ കുടുംബങ്ങളുടെ അത്താണിയാണ്. പ്രവാസിയുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതോടെ ഇവരുടെയൊക്കെ വീടുകളിലെ അടുപ്പുകളുടെ മിടിപ്പുകളും നിലയ്ക്കുന്നു.
മൊബൈലിലെ ചാര്‍ജ് മുഴുവനായി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം താമരശ്ശേരിക്കാരന്‍ അഷ്‌റഫ് രാവിലെ ഇറങ്ങുകയാണ്. പ്രഭാത കര്‍മങ്ങള്‍ കഴിഞ്ഞ് എട്ടു മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പക്ഷേ ജീവിതോപാധിയായ ജോലിക്കൊന്നുമല്ല. മണലാരണ്യത്തിലെ ഏതോ 'മയ്യിത്തു'കളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള ഓട്ട പാച്ചിലിന് വേണ്ടിയാണ്. യു.എ.ഇയിലെ അജ്മാനില്‍ താമസിക്കുന്ന താമരശ്ശേരിക്കാരന്‍ അഷ്‌റഫിന് ദിവസവും വരുന്ന ഫോണ്‍ കോളുകളില്‍ അധികവും പ്രവാസ ലോകത്ത് മരിച്ചു വീഴുന്നവര്‍ക്ക് വേണ്ടിയായിരിക്കും. പലപ്പോഴും ഒരു ദിവസം തന്നെ ഒന്നിലേറെ കേസുകള്‍.
എട്ടു വര്‍ഷത്തിലേറെയായി അഷ്‌റഫ് ഈ മേഖലയില്‍ സജീവമാണ്. മൂന്നോ നാലോ ദിവസം വേണമായിരുന്നു ഒരാള്‍ മരണപ്പെട്ടാല്‍ നാട്ടിലെത്തിക്കാന്‍. നിരവധി ഓഫീസുകള്‍ കയറി ഇറങ്ങണം കടലാസു പണികള്‍ ശരിയാകാന്‍. ജോലിക്ക് വേണ്ടി മാത്രം മരുഭൂമിയില്‍ എത്തിപ്പെട്ടവര്‍ക്ക് ജോലിയും കളഞ്ഞു ഇറങ്ങുക ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പേര്‍ ഓടി നടന്നാല്‍ ഒറ്റ ദിവസം മതി എല്ലാ പണികളും തീര്‍ത്തു മൃതദേഹം അന്ന് തന്നെ നാട്ടിലെത്തിക്കാന്‍. ഈ ശ്രമകരമായ പണിക്ക് വേണ്ടിയാണ് ആഴ്ചയിലെ അധിക ദിവസവും അഷ്‌റഫ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഈ കാലയളവില്‍ അഞ്ഞൂറിലേറെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തി. പടച്ചതമ്പുരാന്റെ കരുണാ കടാക്ഷങ്ങള്‍ കാവലാകും. ഇത്ര മാത്രമേ ഈ താമരശ്ശേരിക്കാരന് പ്രതിഫലമായി വേണ്ടതുള്ളൂ. ദിര്‍ഹം വാരിക്കൂട്ടാന്‍ വേണ്ടി മാത്രം വെമ്പല്‍ കൊള്ളുന്നവരുടെ ഇടയില്‍ വ്യത്യസ്തനാവുകയാണ് ഇയാള്‍.
ഒരാള്‍ മരണപ്പെട്ടെന്നു വിവരം ലഭിച്ചാല്‍ പ്രാഥമികമായി വേണ്ട രേഖകളുടെ പകര്‍പ്പുമായി അഷ്‌റഫ് അവിടെ എത്തും. അവിടെ നിന്ന് ആശുപത്രിയും കോടതിയും എമ്പാമിങ്ങും കാര്‍ഗോ ഓഫീസും എംബസിയും എല്ലാം കൂടിയായി വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹം കയറ്റുന്നതോടെ മാത്രമേ അഷ്‌റഫ് വിശ്രമിക്കാറുള്ളൂ. വീട്ടിലെത്തി ഒന്നു നടുനിവര്‍ക്കുമ്പോള്‍ ആയിരിക്കും അടുത്ത ഫോണ്‍. അടുത്ത ദിവസത്തേക്കുള്ള 'പണി'. മൂന്നും നാലും മൃതദേഹങ്ങള്‍ വരെ ചില ദിവസങ്ങളില്‍ ഉണ്ടാവാറുണ്ടെന്നു അഷ്‌റഫ് പറയുന്നു. പ്രിയ പത്‌നിയുടെ സഹകരണം വലിയ നേട്ടമാണെന്നും ദൈവം തമ്പുരാന്റെ സഹായത്താല്‍ ഒരിടത്തും തടസ്സങ്ങള്‍ ഉണ്ടാവാറില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.
പ്രവാസ ലോകത്തെ നിയമവശങ്ങള്‍ അറിയാതെ പോകുന്നതാണ് സാധാരണക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ വിലങ്ങു തടികള്‍ സൃഷ്ടിക്കാറുള്ളത്. നിരവധി കൊല്ലത്തെ പ്രവര്‍ത്തന പരിചയം അഷ്‌റഫിന് എല്ലാം എളുപ്പമാക്കുന്നു. ഒഴിവു ദിവസമായ വെള്ളിയാഴ്ച പോലും മൃതദേഹങ്ങള്‍ കയറ്റിവിടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അഷ്‌റഫ് പറയുന്നു. എല്ലാം ഭംഗിയായി കഴിഞ്ഞു മടങ്ങുമ്പോള്‍ മരണപ്പെട്ടവന്റെ ബന്ധുക്കള്‍ അടുത്ത്‌വന്നു സ്‌നേഹവായ്‌പോടെ യാത്ര പറയുമ്പോള്‍ പലപ്പോഴും ദിര്‍ഹമിന്റെ കെട്ടുകള്‍ കൈയില്‍ പിടിപ്പിക്കാന്‍ ശ്രമിക്കും. സ്‌നേഹത്തോടെ നിരസിക്കുകയാണ് അഷ്‌റഫിന്റെ പതിവ്. 'ഇതിനു പ്രതിഫലം മുകളിലുള്ളവന്‍ തരും.' സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള മറുപടി. മനസ്സിന്റെ സ്‌നേഹം മാത്രം സ്വീകരിക്കും. ഇയാള്‍ വ്യത്യസ്തനാവുകയാണ് ഈ മരുഭൂമിയില്‍. അഷ്‌റഫിനെ ഈ നമ്പറില്‍ ബന്ധപ്പെടാം: 055 3886727
Comments