Prabodhanm Weekly

Pages

Search

2013 മെയ്‌ 17

നമ്മുടെ അയല്‍ക്കാര്‍

പ്രില്‍ 15-ന് ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ലഡാക്കിലെ ദൗലത്ത് ബാഗ് ഓല്‍ഡി(ഡി.ബി.ഒ) തര്‍ക്ക മേഖലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി) ഭേദിച്ച് 19 കിലോമീറ്റര്‍ ഉള്ളില്‍ കയറി, അമ്പതോളം ചൈനീസ് ഭടന്മാര്‍ കൂടാരങ്ങള്‍ സ്ഥാപിച്ചത് രാജ്യത്ത് വ്യാപകമായ ആശങ്കയുയര്‍ത്തിയിരുന്നു. ചൈനീസ് ഭടന്മാര്‍ക്ക് 300 മീറ്റര്‍ ഇപ്പുറത്തായി ഇന്ത്യന്‍ ഭടന്മാരും തമ്പടിച്ചു. ഹിമാലയ സാനുക്കളില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘം പരന്നു. പ്രശ്‌നം ഒരു സായുധ സംഘട്ടനത്തിലേക്ക് നീങ്ങുമോ എന്ന ഉത്കണ്ഠ അസ്ഥാനത്തായിരുന്നില്ല. 1962-ല്‍ ഇന്ത്യയിലേക്ക് കടന്നുകയറിയ ചെമ്പട നമ്മുടെ 50000 ച.കി.മീ പ്രദേശം പിടിച്ചെടുത്ത ചരിത്രം അവിസ്മരണീയമാണ്, ഇന്ത്യാ-ചൈനാ ബന്ധം വഷളായി കാണാനാഗ്രഹിക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. തീവ്ര ദേശാഭിമാനത്തിന്റെ മേലങ്കിയണിഞ്ഞ് പ്രശ്‌നത്തെ വൈകാരികമായി സമീപിച്ച മാധ്യമങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ഥ അജണ്ട ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വളര്‍ത്തുകയാണ്. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ഇരു രാജ്യത്തുമുള്ള 250 കോടി ജനങ്ങളെയാണത് ബാധിക്കുക. രണ്ട് രാജ്യത്തിന്റെയും സമ്പദ്ഘടന താറുമാറാകും. വികസനം അട്ടിമറിയും. രണ്ടിടത്തും രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനു കളമൊരുങ്ങും. പുറത്ത്, പാശ്ചാത്യ ലോകം പൊതുവില്‍, ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ സൈനിക-സാമ്പത്തിക സ്വാധീനം ശക്തിപ്പെടുന്നതില്‍ അസ്വസ്ഥരാണ്. ചൈനയുടെ ശക്തി വര്‍ധിക്കുന്ന മുറക്ക് ഏഷ്യയില്‍ തങ്ങളുടെ സ്വാധീനം ക്ഷയിക്കുമെന്ന് അമേരിക്ക മനസ്സിലാക്കുന്നു. ചൈനയോട് പിണങ്ങുന്ന ഇന്ത്യക്ക് അമേരിക്കയോടടുക്കേണ്ടിവരും. അങ്ങനെ ഇന്ത്യയിലെങ്ങും സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കക്ക് അവസരമൊരുങ്ങും. ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് മെയ് 5-ന് ചൈനീസ് ഭടന്മാര്‍ പിന്മാറിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘമൊഴിഞ്ഞു. ഇന്ത്യന്‍ ഭടന്മാരും പിന്മാറിയപ്പോള്‍ അന്തരീക്ഷം കൂടുതല്‍ തെളിഞ്ഞു.
ചൈനീസ് ഭടന്മാരുടെ നിയന്ത്രണരേഖാ ഭേദനം തികച്ചും അന്യായവും അപലപനീയവും തന്നെയായിരുന്നു. പക്ഷേ, ചിലരതിനെ, ചെമ്പട ഇന്ത്യന്‍ പ്രദേശം ആക്രമിച്ചു കീഴടക്കിയിരിക്കുന്നു എന്ന മട്ടില്‍ വിശേഷിപ്പിച്ചത് തീരെ അനുചിതവും അപടകരകരവുമായിരുന്നു. നിസ്സാരമായ പ്രശ്‌നങ്ങളെ ഗുരുതരവും സങ്കീര്‍ണവുമാക്കാനേ അത്തരം പ്രതികരണങ്ങള്‍ സഹായിക്കൂ. 1947-ന് മുമ്പ് ലഡാക്ക് മേഖലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി വ്യക്തമായി നിര്‍ണയിക്കപ്പെട്ടിരുന്നില്ല. 1962-ലെ യുദ്ധാനന്തരം നിലവില്‍ വന്ന നിയന്ത്രണ രേഖ (എല്‍.എ.സി)യാണുള്ളത്. അതാവട്ടെ ഭൗമികമായി അടയാളപ്പെടുത്തപ്പെട്ടതല്ല. കടലാസില്‍ മാത്രമുള്ളതാണ്. അതിര്‍ത്തി നിര്‍ണയം ഇനിയും നടക്കേണ്ടതായിട്ടാണുള്ളത്. അതുവരെ ഇരു കക്ഷികളും മാനിക്കേണ്ടതാണ് നിയന്ത്രണ രേഖ. ലഡാക്ക് മേഖലയില്‍ ഇന്ത്യ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ നടത്തിയ നീക്കമാണ് ചൈനയെ നിയന്ത്രണ രേഖാ ലംഘനത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നുണ്ട്. സൈനികമായ ഇത്തരം ഉന്തും തള്ളും ശാശ്വതമായി ഒഴിവാക്കാനുള്ള മാര്‍ഗം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി ഉഭയ സമ്മത പ്രകാരം കൃത്യമായി നിര്‍ണയിക്കുകയാണ്. അതുണ്ടാകുന്നതുവരെ പ്രാദേശിക സൈനികരുടെ നിസ്സാരമായ കശപിശകളെ ആ രീതിയില്‍ മാത്രമേ കാണാവൂ. അവ ഊതി വീര്‍പ്പിച്ച് വന്‍ സഘട്ടനത്തിലെത്തിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ലഡാക്കില്‍ ഇപ്പോഴുണ്ടായ പ്രശ്‌നം നയതന്ത്ര തലത്തില്‍ സമാധാനപരമായി പരിഹരിക്കുന്നതില്‍ ഇരു രാജ്യങ്ങളുടെയും നേതൃത്വം ശ്ലാഘനീയമായ വിജയം വരിച്ചിരിക്കുന്നു.
ഇന്ത്യക്കെതിരെ ഒരാക്രമണമഴിച്ചുവിടാന്‍ ചൈന തയാറായിരുന്നുവെന്ന് കരുതാന്‍ സാഹചര്യം അനുവദിക്കുന്നില്ല. ഈ മാസം 20-ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്കിയാങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ചൈന സന്ദര്‍ശിക്കുന്നുണ്ട്. ചൈനയുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ മുഖവിലക്കെടുത്തുകൊണ്ടുള്ള സമുചിതമായ പ്രതികരണമാണ് ചൈനീസ് പ്രധാനമന്ത്രിയില്‍നിന്നുണ്ടായത്. ലോകത്തില്‍ ഏറ്റവും ജനബാഹുല്യമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക വീക്ഷണത്തില്‍, ഈ രാജ്യങ്ങളിലോരോന്നിനും ലഭിക്കാവുന്ന ഏറ്റം വലിയ മാര്‍ക്കറ്റാണ് മറ്റേ രാജ്യം. വ്യാവസായികോല്‍പാദനം കൂടുതലുള്ള ചൈനക്കാണ് കൂടുതല്‍ മെച്ചം. അത്ര പെട്ടെന്നൊന്നും അത് നഷ്ടപ്പെടുത്താന്‍ അവര്‍ തയാറാകുമെന്ന് കരുതിക്കൂടാ.
വ്യക്തിതലത്തില്‍ അയല്‍പക്ക ബന്ധങ്ങള്‍ പല കാരണങ്ങളാല്‍ വഷളാവാം. അവിശ്വാസവും തെറ്റിദ്ധാരണയുമാണ് അതില്‍ പ്രധാനം. അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടാനിഷ്ടങ്ങളുമാണ് മറ്റൊന്ന്. ചിലപ്പോള്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകളും ഏഷണികളുമായിരിക്കും അയല്‍ക്കാരെ തമ്മില്‍ തെറ്റിക്കുന്നത്. ബന്ധങ്ങള്‍ ഊഷ്മളമാകുന്നതും മരവിക്കുന്നതും സാധാരണമാണ്. ചിലപ്പോഴത് കടുത്ത വിദ്വേഷത്തിലേക്കും കൈയേറ്റത്തിലേക്കും വളരുന്നു. അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ച ചെയ്തും പറഞ്ഞു തീര്‍ത്തും മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ ബന്ധങ്ങള്‍ എന്നും നിലനില്‍ക്കും. ഇരു കക്ഷികള്‍ക്കും സമാധാനവും സഹകരണവും ലഭിക്കും. അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഒരു മധ്യസ്ഥന്‍ ആവശ്യമാണെങ്കില്‍ അതിനും മടിക്കേണ്ടതില്ല. ഇതുതന്നെയാണ് അയല്‍രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും അവസ്ഥ. അയല്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം മാതൃകാപരമാണെന്ന് പറഞ്ഞുകൂടാ. ശ്രീലങ്കക്കും നേപ്പാളിനും ബംഗ്ലാദേശിനുമൊക്കെ നമ്മളെക്കുറിച്ച് പരാതിയുണ്ട്. നമുക്ക് അവരെക്കുറിച്ചുമുണ്ട്. പാകിസ്താനും നമ്മളും തുടക്കം മുതലേ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. ഇന്ത്യ അവരുമായി രണ്ട് യുദ്ധം നടത്തി. ഒരു യുദ്ധം ചൈനയുമായും. പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കുറച്ച് കാലമായി തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നുവെന്നത് ശുഭോതര്‍ക്കമാണ്. തല്‍പരകക്ഷികള്‍ സ്വാഭാവികമായും ഈ നിലപാട് ഇഷ്ടപ്പെടുകയില്ല. അയല്‍പക്ക ബന്ധങ്ങള്‍ വഷളാക്കി മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണവര്‍. അതുകൊണ്ട് രാഷ്ട്ര നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍