Prabodhanm Weekly

Pages

Search

2013 മെയ്‌ 17

ഭീകരതക്കെതിരെയുള്ള യുദ്ധം എങ്ങനെ ഭീകരതയായി ?

ഇര്‍ഫാന്‍ അഹ്മദ് / കവര്‍സ്റോറി

ടിഞ്ഞാറിന്റെ നേതൃത്വത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധം 12 വര്‍ഷം പിന്നിടുമ്പോള്‍ എന്താണ് ഭീകരതയെന്ന് നാം സ്വയം ചോദിക്കേണ്ട സമയമാണിത്. ഭീകരതയെക്കുറിച്ച് നാം കൂടുതല്‍ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കുറച്ച് മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. ഭീകരതയെക്കുറിച്ചുള്ള മാധ്യമ സംവാദങ്ങള്‍ ആ പ്രതിഭാസത്തെയും അതിന്റെ രാഷ്ട്രീയത്തെയും നിഗൂഢവത്കരിക്കുകയാണ് ചെയ്തത്. ഭീകരതയെക്കുറിച്ചുള്ള പ്രബലമായ അന്തര്‍ബോധത്തെ വിമര്‍ശിക്കുന്നതോടൊപ്പം, ആരോഗ്യകരമായ സംവാദത്തിന് വേണ്ടി 'ഭീകരവിരുദ്ധയുദ്ധ'ത്തിന് മുന്നില്‍ അപ്രിയകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്താനാണിവിടെ മുതിരുന്നത്. പ്രധാനമായും മൂന്ന് വാദങ്ങളാണെനിക്ക് ഉന്നയിക്കാനുള്ളത്.
ഒന്നാമതായി, ഭീകരതയെ ഗവണ്‍മെന്റിതര സംഘടനകള്‍ രാഷ്ട്രീയമായ മാറ്റങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കുന്നതാണെന്ന നമ്മുടെ ധാരണ ഒട്ടും തീര്‍ച്ചയില്ലാത്തതും ചരിത്രപരമായി വാദിച്ച് സ്ഥാപിക്കാന്‍ കഴിയാത്തതുമാണ്. ഇത് ഭരണകൂടം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് (ഇവയില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം, ഭീകര പ്രവര്‍ത്തനങ്ങളാല്‍ കൊല്ലപ്പെട്ടവരേക്കാള്‍ എത്രയോ അധികമാണ്) നിയമ സാധുത നല്‍കലാണ്.
രണ്ടാമതായി, ഭീകരതക്കെതിരെയുള്ള പ്രതിഭീകരതയെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രതി ഭീകരതയും ഭീകരതയാണ് എന്നതാണ് എന്റെ വാദം. മികച്ച സാങ്കേതിക വിദ്യയും മാരക ആയുധങ്ങളും നിയമസാധുതയും എല്ലാം അവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ മാരകമാക്കി തീര്‍ക്കുന്നു. ഈയൊരു ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ഞാന്‍ പ്രതീകാത്മക ഭീകരത (Symbolic Terror), നവീന ഭീകരത എന്നീ പദങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നു. സമകാലിക ഭീകരതയെ പ്രത്യേകിച്ച്, ഒരു മതമെന്ന നിലയില്‍ ഇസ്‌ലാമിനെ (പരോക്ഷമെന്നതിനേക്കാള്‍ പ്രത്യക്ഷമായി) നിര്‍വചിക്കുമ്പോള്‍, സുരക്ഷാ വിദഗ്ധരും ഭീകരവാദ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരെന്ന് കരുതപ്പെടുന്നവരും പ്രതീകാത്മക ഭീകരതയെ ഇസ്‌ലാമിനു നേരെ തിരിച്ചു വെച്ചിരിക്കുന്നു.
മൂന്നാമതായി, ഭീകരവാദം വൈകല്യമുള്ള ഒരു വ്യക്തിയില്‍ നിന്നോ അല്ലെങ്കില്‍ അക്രമാസക്തമായ ഒരു മതത്തില്‍ നിന്നോ-ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭീകരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രധാനമായും ഉന്നം വെക്കുന്നത് ഇസ്‌ലാമിനെയാണ് - ഉത്ഭവിക്കുന്നത് എന്ന വാദത്തെ ഞാന്‍ തള്ളിക്കളയുന്നു. ഭീകര ആക്രമണങ്ങള്‍ എല്ലാം തന്നെ ഉന്നം വെക്കുന്നത് ദേശീയ-ആഗോള രാഷ്ട്രീയ നയങ്ങളെയാണ്. ഭീകരതക്കുള്ള മറുമരുന്ന് പ്രതിഭീകരതയോ ആഭ്യന്തര സുരക്ഷ ശക്തമാക്കലോ അല്ലെങ്കില്‍ അധാര്‍മികമായ രീതിയില്‍ ദേശീയ താല്‍പര്യം എന്ന വാദം ഉയര്‍ത്തിപ്പിടിക്കലോ അല്ല. മറിച്ച്, മാനുഷിക താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ ഒരു മനുഷ്യ ലോകം രൂപപ്പെടുത്തലാണ്.
പ്രതി ഭീകരത എന്ന വാക്കിനെ അമേരിക്കന്‍ വിദേശകാര്യ നയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഭീകരാക്രമണ ഭീഷണികള്‍/ പ്രവൃത്തികള്‍ തടയുന്നതിന് ഗവണ്‍മെന്റ്, മിലട്ടറി, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍, നടപടികള്‍, ടെക്‌നിക്കുകള്‍ എന്നിവ.

ഭീകരവാദത്തെ നിര്‍വചിക്കുക
(അ)സാധ്യം
ഭീകരവാദത്തിന് സര്‍വ സമ്മതമായ ഒരു നിര്‍വചനം ഇല്ല. 1984-ല്‍ അലക്‌സ് സ്‌ക്കിമിഡ് നൂറിലധികം നിര്‍വചനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഭീകരവാദത്തിനു നല്‍കാന്‍ അനുയോജ്യമായ ഒരു നിര്‍വചനത്തിന് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അക്കാദമിഷ്യന്മാരും സുരക്ഷാ വിദഗ്ധരും നല്‍കുന്ന നിര്‍വചനങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഒരു സ്റ്റേറ്റിന്റെ തന്നെ വിവിധ വകുപ്പുകള്‍ നല്‍കുന്ന നിര്‍വചനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളും വ്യക്തതയില്ലായ്മയും, സംഘര്‍ഷങ്ങള്‍ പോലും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിന്റെയും എഫ്.ബി.ഐയുടെയും നിര്‍വചനങ്ങള്‍ നമുക്ക് പരിശോധിച്ചു നോക്കാം.
'ഭീകര പ്രവര്‍ത്തനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്, സിവിലിയന്‍ ലക്ഷ്യങ്ങളെ ഉന്നം വെച്ചുകൊണ്ട് രാഷ്ട്രീയ പ്രേരിതമായി, ആസൂത്രിതമായി ആക്രമണം നടത്തുന്ന ഗൂഢ ശക്തികള്‍'(Patterns of Global Terrorism, 2003, P- XII, US Department of State).
'രാഷ്ട്രീയമോ സാമൂഹികമോ ആയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് നേരെയോ അല്ലെങ്കില്‍ ഗവണ്‍മെന്റിനു നേരെയോ ബലം പ്രയോഗിക്കുക... വ്യക്തികള്‍ക്കോ സ്വത്തുക്കള്‍ക്കോ നേരെ നിയമപരമല്ലാത്ത രീതിയില്‍ അക്രമവും ബലപ്രയോഗവും നടത്തുക' (Terrorism 2002-2005, P IV, FBI, US Department of Justice).
'സമൂഹത്തിനെതിരെയോ അല്ലെങ്കില്‍ ഭരണകൂടത്തിനെതിരെയോ അക്രമമോ ഭീഷണിയോ ഉപയോഗിച്ചുകൊണ്ട് ബലം പ്രയോഗിക്കുക. മതത്തില്‍ നിന്നോ രാഷ്ട്രീയത്തില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഐഡിയോളജികളില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ട് ഭീകരര്‍ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി നിരന്തരം പ്രയത്‌നിക്കുക' (Department of Defence, Dictionary of military and other terms- Amended in 2012, P 317).
ഈ നിര്‍വചനങ്ങളിലെല്ലാം രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അക്രമ പ്രവര്‍ത്തനം എന്ന് പൊതുവായി പറയുന്നുണ്ട്. എന്നാല്‍, അവയെല്ലാം ചില അര്‍ഥതലങ്ങളില്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ്. ഒന്നാമത്തെ നിര്‍വചനത്തില്‍ ഭീകരവാദികളെ കുറിച്ച് ദേശവിരുദ്ധ ശക്തികള്‍, ഗൂഢശക്തികള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിര്‍വചനത്തില്‍ അവര്‍ എത്തരം ആളുകളാണെന്ന് വ്യക്തമാക്കുന്നില്ല. ഒന്നാമത്തെ നിര്‍വചനത്തില്‍, ഭീകരവാദികളുടെ ലക്ഷ്യം നിരായുധരായ ജനങ്ങളാണ്. രണ്ടാമത്തെ നിര്‍വചനത്തിലാകട്ടെ സ്വത്തുക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഭീകരവാദികളുടെ പ്രചോദനത്തെക്കുറിച്ചാണെങ്കില്‍ മൂന്നാമത്തെ നിര്‍വചനം അത് ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു. രണ്ടാമത്തെ നിര്‍വചനത്തില്‍ ഭീകരവാദികള്‍ ഗവണ്‍മെന്റിനെയും പൊതുസമൂഹത്തെയും അനുസരിപ്പിക്കുന്നതിനു വേണ്ടി ഭീതി ജനിപ്പിക്കുന്നു എന്ന് പറയുന്നത് പോലെ.
ഈ നിര്‍വചനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വാക്കുകളും പ്രയോഗങ്ങളും വളച്ചൊടിച്ച് കൊണ്ട് ഏതൊക്കെ ഭീകരതയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഏതൊക്കെ തള്ളിക്കളയണമെന്നും തീരുമാനിക്കാന്‍ കഴിയും.
പൊതുവായ ഒരു കാര്യം ഈ മൂന്ന് നിര്‍വചനങ്ങളിലും നമുക്ക് കാണാം. ഭീകര പ്രവൃത്തി ചെയ്യുന്നത് ഒരിക്കലും ഭരണകൂടമല്ല എന്നതാണത്. ഇതാകട്ടെ മുന്‍കാലങ്ങളിലെ നിര്‍വചനങ്ങളില്‍ നിന്നുള്ള വലിയ ഒരു വ്യതിയാനമാണ്. 1978-ല്‍ സി.ഐ.എ ഉദ്യോഗസ്ഥനായ എഡ്‌വേര്‍ഡ് മിക്കല്ലൂസ്, ഭരണകൂട ഭീകരതയെയും ഭീകര പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇങ്ങനെ പറഞ്ഞു: ''ഒരു ഭരണകൂടം അതിന്റെ അതിര്‍ത്തിക്കകത്ത് നടത്തുന്ന ആക്രമണങ്ങളും ഭീകര പ്രവര്‍ത്തനങ്ങളായാണ് കണക്കാക്കേണ്ടത്.'' അദ്ദേഹം സോവിയറ്റ് യൂനിയനെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. സോവിയറ്റ് യൂനിയന്‍ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ടെന്ന് റീഗണ്‍ ഭരണകൂടം ആരോപിച്ചിരുന്നു. സല്‍മാന്‍ റുഷ്ദിയെ പോലെയുള്ള എഴുത്തുകാര്‍ പാകിസ്താന്‍ ഒരു ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ചില രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരതയല്ല എന്ന് വാദിക്കുന്നത് എന്തുകൊണ്ടാണെന്ന് എളുപ്പത്തില്‍ മനസ്സിലാവും. എന്നാല്‍, അക്കാദമിഷ്യന്മാരും സുരക്ഷാ വിദഗ്ധരും തങ്ങളുടെ നിര്‍വചനങ്ങളുടെ ചക്രവാളങ്ങളില്‍ നിന്ന് ചില രാഷ്ട്രങ്ങളുടെ പേര് മായ്ച്ചുകളയുന്നത് എന്തിനാണ്?
ചരിത്രമില്ലാത്ത ഒന്നിനെ മാത്രമേ നിര്‍വചിക്കാന്‍ കഴിയൂ എന്ന് നീത്‌ഷെ നിരീക്ഷിക്കുന്നുണ്ട്. ബ്രൂസ് ഹോഫ്മാന്‍ എന്ന വിദഗ്ധന്‍ തീവ്രവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ദേശവിരുദ്ധ സംഘടനകള്‍/ സര്‍ക്കാറിതര ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നതാണ് ഭീകര പ്രവര്‍ത്തനമെന്ന് ഒരു പതര്‍ച്ചയുമില്ലാതെ പ്രഖ്യാപിക്കുന്നുണ്ട് (Inside Terrorism 2006 p 40). സമാനമായ രീതിയില്‍ തന്നെയാണ് ജെയിംസ് ലൂട്ട്‌സും ബ്രെന്‍സാലൂട്ട്‌സും ഭീകരവാദത്തെ കുറിച്ച് എഴുതുന്നത്. 'ഭീകര പ്രവര്‍ത്തനം എന്നാല്‍ ആക്രമണമോ അല്ലെങ്കില്‍ ആക്രമിക്കും എന്ന ഭീഷണിയോ ആണ്. അതില്‍ ഉള്‍പ്പെടുക ഗവണ്‍മെന്റിതര സംഘടനകളാണ്' (Global Terrorism, 2008 p 6).
ഇരുപതാം നൂറ്റാണ്ടില്‍ ഭീകരാക്രമണങ്ങളാല്‍ കൊല്ലപ്പെട്ട അഞ്ചു ലക്ഷം ജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 34 മില്യന്‍ ജനങ്ങളെയാണ് വിവിധ രാഷ്ട്രങ്ങള്‍ യുദ്ധങ്ങളിലൂടെ കൊന്നൊടുക്കിയത്. യുദ്ധാനന്തര കെടുതികള്‍ മൂലം 170 മില്യനോളം ജനങ്ങള്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ട്. വസ്തുതകള്‍ ഇതാണെന്നിരിക്കെ എന്തുകൊണ്ടാണ് ഭീകരതയെ കുറിച്ചുള്ള നിര്‍വചനത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രങ്ങളെ പുറത്തുനിര്‍ത്തിയിരിക്കുന്നത്?
ഹോഫ്മാനും ലൂട്ട്‌സും നിര്‍വചനങ്ങള്‍ ഉണ്ടാക്കുന്നത് അവര്‍ക്കാവശ്യമുള്ളത് പെറുക്കിയെടുത്തു(Selective)കൊണ്ടാണ്. അവര്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ട വസ്തുതകള്‍ ചികഞ്ഞെടുത്ത് ഇന്നിനെ രൂപകല്‍പന ചെയ്യുന്നു. ഭീകരപ്രവര്‍ത്തനങ്ങളുടെ ചരിത്രമെന്നത്, ഭരണം നടത്തുന്ന വരേണ്യ വര്‍ഗങ്ങളുടെയും ഭരണകൂടത്തിന്റെ തന്നെയും ഭീകരതയുടെ ചരിത്രമാണെന്ന് ഞാന്‍ വ്യക്തമാക്കിത്തരാം. ഭരണകൂടങ്ങള്‍ അതിന്റെ അതിര്‍ത്തിക്ക് അകത്തും പുറത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും മിക്ക രാജ്യങ്ങളും സ്ഥാപിതമായതുതന്നെ അത്തരം ആക്രമണങ്ങളിലൂടെയാണെന്നും ഞാന്‍ വാദിക്കുന്നു. ഞാന്‍ പറയുന്നത് ഗവണ്‍മെന്റുകള്‍ക്കും ഗവണ്‍മെന്റേതര ഗ്രൂപ്പുകള്‍ക്കും ഇടയില്‍ വരച്ച വര വളരെ ലോലമായതും എളുപ്പത്തില്‍ ഭേദിക്കാന്‍ കഴിയുന്നതുമാണെന്നാണ്. ഗവണ്‍മെന്റുകള്‍ക്ക് എളുപ്പത്തിലും ഫലപ്രദമായും ഭീകര സംഘടനയായി പ്രവര്‍ത്തിക്കാം. അതുപോലെ ഒരു ഭീകര സംഘടനക്ക് ഭരണകൂടമായി പ്രവര്‍ത്തിക്കാനും കഴിയും. ജോണ്‍ ബര്‍ക്കിന്റെ 'Confessionts of an Economic Hitman' എന്ന പുസ്തകത്തില്‍, ഭരണകൂടവും ഭരണകൂടേതര ഭീകര സംഘടനകളും പ്രത്യക്ഷത്തില്‍ അകലത്തിലാണെന്ന് തോന്നിക്കുകയും എന്നാല്‍ സുപരിചിതരെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെങ്ങനെയാണെന്ന് വരച്ചുകാണിക്കുന്നു.

ഭരണകൂട ഭീകരത
ഭീകര പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനു പകരം നിര്‍വചന നിര്‍മാതാക്കള്‍ ഗവണ്‍മെന്റിതര ഗ്രൂപ്പുകളുടെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ഭീകരവാദമെന്ന് മുദ്രകുത്തുകയുമാണ് ചെയ്തത്. ഈ മാറ്റം ഏറെ കുഴപ്പം നിറഞ്ഞതാണ്. ഉദാഹരണത്തിന് ഹോഫ്മാന്‍ ഒന്നിനെ (ഗവണ്‍മെന്റ്) മറ്റേതില്‍ നിന്നും (ഗവണ്‍മെന്റിതര) വേര്‍തിരിക്കുന്നു. ഇതിലൂടെ ആദ്യത്തേതിന് നിയമ സാധുത ലഭിക്കുന്നു. ഇവ തമ്മിലുള്ള സമാനതയെ അദ്ദേഹം നിരാകരിക്കുന്നു. തിരക്കേറിയ മാര്‍ക്കറ്റിലെ ചവറ്കൂനയില്‍ ബോംബ് സ്ഥാപിക്കുന്ന, കുറഞ്ഞ സാങ്കേതിക വിദ്യയുടെ ഉടമയായ തീവ്രവാദിയും ഇരുപതിനായിരം അടി ഉയരത്തില്‍ നിന്ന് ഫൈറ്റര്‍ വിമാനം ഉപയോഗിച്ച് അതേ മാര്‍ക്കറ്റിലേക്ക് ബോംബ് വര്‍ഷിക്കുന്ന മികച്ച സാങ്കേതികവിദ്യയുടെ ഉടമയായ ഭരണകൂടവും ഒരുപോലെയാണെന്ന് വാദിക്കുന്നവര്‍ ഭീകരവാദികളുടെ കൈകളിലെ പാവയാണെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന വാദത്തിന്റെ സാരം (Hoffman p 25).
കാലങ്ങളായി ഭീകരത, ഭരണം നടത്തുന്ന വരേണ്യ വര്‍ഗത്തെ സംബന്ധിച്ചേടത്തോളം ഒരു അവിഭാജ്യ ഘടകമാണ്. പ്രമുഖ ഇന്ത്യന്‍ ഭരണാധികാരി ആയിരുന്ന ചന്ദ്രഗുപ്തന്റെ ഉപദേശകനായിരുന്ന ചാണക്യന്‍ (b- 280 BC), ശത്രുക്കളെ ഭീകരതയിലൂടെ കീഴടക്കുന്നതിനു നിരവധി ഗൂഢ തന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുന്നുണ്ട്. മാക്കസ് വെബ്ബര്‍ മാക്യവെല്ലിയോട് താരതമ്യപ്പെടുത്തിയ ചാണക്യനെ സംബന്ധിച്ചേടത്തോളം ധാര്‍മികതയെക്കാള്‍ പ്രാധാന്യം അതിജീവനത്തിനും മറ്റു രാജ്യങ്ങളെ കീഴടക്കിക്കൊണ്ടുള്ള രാഷ്ട്രത്തിന്റെ വികസനത്തിനും ആയിരുന്നു. രഹസ്യ യുദ്ധങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ചാണക്യന്‍ പറഞ്ഞു: 'ആയുധമോ തീയോ അല്ലെങ്കില്‍ വിഷം ഉപയോഗിച്ചുകൊണ്ടോ നടത്തുന്ന ഒരു കൊലപാതകത്തിന് ഒരു വന്‍ സൈന്യത്തിന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.'
ശത്രുരാജാവിനെയും അവരുടെ ഉദ്യോഗസ്ഥന്മാരെയും എങ്ങനെ വധിക്കാം എന്നു മാത്രമല്ല, ആ രാജ്യത്തെ ജനങ്ങളെ എങ്ങനെ ഭീതിയിലകപ്പെടുത്താം എന്നും ചാണക്യന്‍ ചര്‍ച്ച ചെയ്യുന്നു. ഈ ലക്ഷ്യത്തിനായി ചാരന്മാരെയും സ്ത്രീകളെയും കിംവദന്തികളും പ്രചാരണങ്ങളെയും ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു (Randall Law, Terrorism: A histroy 2009 p. 113,114).
മുന്‍ കാലങ്ങളില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍ അധികം ചര്‍ച്ച ചെയ്യാതെ നമുക്ക് ആധുനിക ഫ്രാന്‍സിലേക്ക് കടക്കാം. ലൂയി പതിനാറാമന്റെ സ്വേഛാധിപത്യ ഭരണത്തെ അട്ടിമറിച്ചതിനു ശേഷം റോബെസ് പിയറെ പോലെയുള്ള ജാക്കോബിയന്മാര്‍ക്ക് ആധിപത്യമുള്ള ഒരു നിയമനിര്‍മാണ സഭ രൂപീകരിക്കപ്പെടുകയുണ്ടായി. ഒരാളുടെ സ്വഭാവം, ബന്ധം, എഴുത്തിന്റെയും സംസാരത്തിന്റെയും രീതി എന്നിവ സ്വേഛാധിപത്യത്തെ പിന്തുണക്കുന്നതും പൗരന്റെ സ്വാതന്ത്ര്യത്തിന് എതിരാണെന്നും തെളിയിക്കപ്പെട്ടാല്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു നിയമം ഈ സഭ നിര്‍മിക്കുകയുണ്ടായി. 1793-നും 1794-നും ഇടയില്‍ 17000 ത്തോളം പേര്‍ ശിക്ഷിക്കപ്പെട്ടു. അര മില്യനിലധികം ആളുകള്‍ ജയിലിലടക്കപ്പെട്ടു. നാല്‍പതിനായിരത്തിലധികം ആളുകള്‍ ആ ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലും ഭരണകൂട ഭീകരത തുടര്‍ന്നുകൊണ്ടിരുന്നു. നാസികളുടെയും സ്റ്റാലിന്റെയും ആക്രമണങ്ങള്‍ നമുക്ക് അറിയാം. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആറ്റം ബോംബ് ആക്രമണത്തെ കുറിച്ച് കോണര്‍ ഗീര്‍റ്റി പറഞ്ഞു: ''അത് ശുദ്ധമായ ഒരു രാഷ്ട്രീയ ഭീകരതയാണ്, നോക്കൂ നമ്മള്‍ എന്താണ് ചെയ്തത്, ഇപ്പോള്‍ എല്ലാവരും നമ്മെ ശ്രദ്ധിക്കുന്നു.'' സുഹാര്‍ത്തോയുടെ പട്ടാള ഭരണകൂടത്തിന്‍ കീഴില്‍ ഇന്തോനേഷ്യയില്‍ ഒരു മില്യനിലധികം ആളുകള്‍ കൊല്ലപ്പെടുകയും 80,000ലധികം പേര്‍ വിചാരണ കൂടാതെ ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു.
1974-നും '79നും ഇടയില്‍ പോള്‍ പോട്ടിന്റെ ഭരണകൂടം 1.3 മില്യന്‍ ജനങ്ങളെയാണ് കൊന്നുകൂട്ടിയത്. 1973-ല്‍ അലന്‍സെയുടെ നേതൃത്വത്തിലുള്ള ചിലിയിലെ ജനാധിപത്യ ഭരണകൂടത്തെ സി.ഐ.എ അട്ടിമറിച്ചതിനു ശേഷം പിന്‍ബോട്ടോയുടെ മൃഗീയമായ ഭരണത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ 15000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 1976-നും '83-നും ഇടയില്‍ അക്രമകാരികള്‍ക്കെതിരെ കാമ്പയിന്‍ നടത്തിയതിന്റെ പേരില്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആളുകളെ കൊലപ്പെടുത്തി.

ദുര്‍ബലമായ വ്യത്യാസങ്ങള്‍
1975-ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലടക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഭരണകൂടം പ്രത്യക്ഷമായി തന്നെ ഭീകര പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടത്. ആര്‍.എസ്.എസ്സ് പക്ഷപാതിയായ കവിതാ നാരാവനെ എന്ന ഗ്രന്ഥകാരന്‍ തന്റെ The Great Betrayal എന്ന പുസ്തകത്തില്‍ ആ ഗവണ്‍മെന്റിനെ ഭീകര ഭരണകൂടം എന്ന് വിശേഷിപ്പിക്കുകയും ഇന്ദിരയെ ഹിറ്റ്‌ലറോട് തുലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഏകാധിപത്യം നിലനിര്‍ത്താന്‍ അവര്‍ ഭരണഘടനയിലെ ഒരു ഉപവാക്യം തിരുത്തുകയായിരുന്നു. റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) എന്ന പേരില്‍ ഒരു പുതിയ ചാര സംഘടനക്ക് രൂപം നല്‍കിയതിനെയും സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സ് (സി.ആര്‍.എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) എന്നീ പാരാ മിലിട്ടറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയതിനെയും നാരാവനെ വിമര്‍ശിക്കുന്നു. ഇന്ദിരാഗാന്ധി ഈ ഗ്രൂപ്പുകള്‍ക്കെല്ലാം രൂപം നല്‍കിയത് സാധാരണക്കാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനും അങ്ങനെ തനിക്കെതിരെ ഒരു വിരല്‍ പോലും അനങ്ങുന്നില്ല എന്ന് ഉറപ്പുവരുത്താനും വേണ്ടിയാണെന്ന് നാരാവനെ പറയുന്നു (പേജ് 111-113).
നാരാവനെയുടെ പുസ്തകത്തിന് അവതാരിക എഴുതിയ പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ്, നിയമത്തിന്റെ അന്തസത്തയെ തകര്‍ത്തുകൊണ്ട് സ്വേഛാധികാരത്തിനായി ഭീകരതയെ ഉപയോഗപ്പെടുത്തിയതിനെ അപലപിച്ചുകൊണ്ടുള്ള ഗ്രന്ഥകാരന്റെ അഭിപ്രായങ്ങളെ ശരിവെക്കുന്നു. പിന്നീട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം പ്രധാനമന്ത്രി ആയിരുന്ന സന്ദര്‍ഭത്തില്‍ 'പോട്ട' എന്ന പേരില്‍ ഒരു നിയമം പാസ്സാക്കി. ഇതാകട്ടെ അതിനു മുമ്പ് ഉണ്ടായിരുന്ന എല്ലാ ഏകാധിപത്യ നിയമങ്ങളെയും കടത്തിവെട്ടുന്ന ഒന്നായിരുന്നു. 'എവിടെയെല്ലാം മുസ്‌ലിംകള്‍ ജീവിക്കുന്നുണ്ടോ അവിടെ അവര്‍ മറ്റുള്ളവരുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്നില്ല. അവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു' എന്നുവരെ വാജ്‌പേയ് പറഞ്ഞുവെച്ചു.
1970-ല്‍ അന്നത്തെ ഗവണ്‍മെന്റിനെ ഭീകര ഭരണകൂടം എന്നു വിശേഷിപ്പിച്ച വാജ്‌പേയിയും, ഗവണ്‍മെന്റിതര സംഘടനയായിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയും ദശകങ്ങള്‍ക്കു ശേഷം അധികാരത്തില്‍ വന്നപ്പോള്‍ ഭീകരവിരുദ്ധ നിയമം എന്ന പേരില്‍ മനുഷ്യത്വവിരുദ്ധ നിയമം നിര്‍മിച്ചെടുക്കുകയായിരുന്നു. എന്റെ വാദം ഇതാണ്: 1970-ല്‍ ഗവണ്‍മെന്റിതര ഭീകരര്‍ ആയിരുന്നവര്‍ 2000ത്തില്‍ ഭരണകൂട ഭീകരര്‍ ആയി മാറി. ഈയൊരു മാറ്റത്തോട് കൂടെ അവരുടെ ആക്രമണങ്ങളുടെ അര്‍ഥവും മാറി. വ്യക്തമായി പറയുകയാണെങ്കില്‍ ഭരണകൂട ഭീകരതക്കും ഭരണകൂടേതര ഭീകരതക്കും ഇടയില്‍, ഭീകര പ്രവര്‍ത്തന വിശകലന വിദഗ്ധരും രാഷ്ട്രീയ വിദഗ്ധരും വരച്ച വര വളരെ ദുര്‍ബലമാണ്.
കുറച്ചുകൂടി തെളിഞ്ഞ ഉദാഹരണം കാണുക. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പിറവി. 1923-ല്‍ ബ്രിട്ടന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവുന്നതിന് മുമ്പ് ഫലസ്ത്വീനിലെ ജൂതന്മാരുടെ ജനസംഖ്യ 15 ശതമാനത്തിലും താഴെ ആയിരുന്നു. പിന്നീട് ഇത് വര്‍ധിച്ചു. ജൂതന്മാര്‍ക്ക് സ്വന്തമായി രാജ്യം ലഭിക്കുന്നതിനു വേണ്ടി സയണിസ്റ്റുകള്‍ ആക്രമണം ശക്തിപ്പെടുത്തി. സെയേവ് ജബോട്ടിന്‍സ്‌കി 'നാഷ്‌നല്‍ മിലിറ്ററി ഓര്‍ഗനൈസേഷന്‍' എന്ന പേരില്‍ ഒരു ഭീകര സംഘടനക്ക് രൂപം നല്‍കി. ഇത് ഭീകരാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. ഇര്‍ഗൂന്റെ സഹോദര സംഘടനയായി Fighters for the Freedom of Israel (LEHI) 1939-ല്‍ രൂപം കൊള്ളുകയും നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു.
ഴാക്ക് ശമീര്‍ എന്ന LEHI നേതാവ് പറഞ്ഞു: 'ജൂതന്മാരുടെ ധാര്‍മികതയും പാരമ്പര്യവുമൊന്നും ഭീകരതയെ യുദ്ധത്തിനുള്ള മാര്‍ഗമാക്കുന്നതില്‍ നിന്നും തടയുന്നില്ല.' 1943-ല്‍ ഇര്‍ഗൂന്റെ പുതിയ കമാന്റര്‍ ആയിരുന്ന മെനച്ചം ബെഗിന്‍ സംഘടനയെ കൊലയാളികളും പ്രചാരകരും റിക്രൂട്ട്‌മെന്റ് ഓഫീസര്‍മാരും ഉള്‍ക്കൊള്ളുന്ന ഒരു സൈന്യമായി പുനഃസംഘടിപ്പിച്ചു.
പിന്നീട് ബെഗിനും ശമീറും ഇസ്രയേലിന്റെ പ്രധാന മന്ത്രിമാരായി. മുമ്പ് രണ്ട് ഗ്രൂപ്പുകളായി നിന്നുകൊണ്ട് ഭീകരത അഴിച്ചുവിട്ടിരുന്ന ഇര്‍ഗൂനും LEHIയും കൂടിച്ചേര്‍ന്ന് 1948 'ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്' ആയി മാറി (Randall p 148). വംശീയതയില്‍ അധിഷ്ഠിതമായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നോട്ടത്തില്‍ ഭീകരവാദി ആയിരുന്ന നെല്‍സണ്‍ മണ്ടേല, പില്‍ക്കാലത്ത് അവിടത്തെ പ്രസിഡന്റായിത്തീര്‍ന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക (9/11-നു ശേഷമാണ് മണ്ടേലയുടെ പേര് അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍ നിന്നും യു.എസ് നീക്കിയത്).
ഭരണകൂട ഭീകരതയെയും ഇതര സംഘടനകള്‍ നടത്തുന്ന ഭീകരതയെയും വേര്‍തിരിച്ചു കാണുന്നത് തികച്ചും ഏകപക്ഷീയമാണ്. നിയമസ്ഥാപനങ്ങളുടെ കണ്ണില്‍ ഇത് നിയമപരമായിരിക്കാം. എന്നാല്‍ ഞാനിതിനെ ഒരു കൊടിയ പാതകമായിട്ടാണ് കണക്കാക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ ഗവണ്‍മെന്റിതര സംഘടനകളിലേക്ക് മാത്രം ചേര്‍ത്തു നിര്‍ത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയ പ്രേരിതമായ ഭയപ്പെടുത്തലും ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളുമെല്ലാം ആക്ഷേപകരവും ഭീകരതയുമാണെങ്കില്‍, അതില്‍ ഏര്‍പ്പെടുന്നത് ഒരു ഏകരൂപം ഉള്ള ഗ്രൂപ്പ് (State)ആണെന്നോ അല്ലെങ്കില്‍ ഏക രൂപം ഇല്ലാത്ത (Non state) ഗ്രൂപ്പ് ആണെന്നോ പയുന്നതില്‍ എന്തര്‍ഥമാണുള്ളത്.
വിവ: ഉബൈദുര്‍റഹ്മാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍