ഒഞ്ചിയം നാദാപുരം വഴി നാറാത്ത്
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തുന്നതിനിടയില്‍ പിടിയിലായതായും ആയുധങ്ങള്‍ കണ്ടെടുത്തതായും ഇറാന്‍ ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറയുന്നു. അവിടെ നടന്നത് യോഗാ ക്ലാസ് ആയിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ ഒറ്റിക്കൊടുത്തതിന്റെ ഫലമായാണ് പോലീസ് വന്നതെന്നും പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ആയുധങ്ങള്‍ പോലീസ് സംഘടിപ്പിച്ചു കൊണ്ടുവന്നതാണെന്നും പരിശീലനം നടത്തിയവരുടെ ഇറാന്‍ ബന്ധത്തിനു തെളിവായി പറയുന്ന സിം കാര്‍ഡ് ഗള്‍ഫില്‍ നിന്ന് മറ്റു ധാരാളം പ്രവാസികള്‍ സാധാരണ ചെയ്യാറുള്ളതു പോലെ വിസ മാറാന്‍ വേണ്ടി ഇറാനില്‍ പോയതിന്റെ തെളിവു മാത്രമാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് വൃത്തങ്ങള്‍ പറയുന്നത്. അഥവാ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണത്തിന്റെ ചുരുക്കം.
ആയുധപരിശീലനം കണ്ണൂര്‍ രാഷ്ട്രീയത്തെയോ പോപ്പുലര്‍ ഫ്രണ്ടിനെയോ സംബന്ധിച്ചേടത്തോളം അപരിചിതമായ ഒരു പുതിയ ഏര്‍പ്പാടല്ല. വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്ത് പൊതുവിലും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും നടന്നുവരാറുള്ളതുമാണ്.
പിടിക്കപ്പെട്ടവര്‍ക്കെതിരെ യു.എ.പി.എ എന്ന കരിനിയമം ചുമത്തി എന്നതാണ് നാറോത്ത് പോലീസ് നടപടിയെ ഗൗരവമുള്ള ഒരു വിഷയമാക്കി മാറ്റുന്നത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് രാജ്യവ്യാപകമായി അവശ്യമുയരുന്ന സന്ദര്‍ഭത്തിലാണ് ആയുധ പരിശീലനാരോപണത്തിന്റെ പേരില്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കരിനിയമം ചുമത്തുന്നത്. സംഘടനാ വിയോജിപ്പുകളുടെ പേരില്‍ ഇതിന്റെ മുമ്പില്‍ മൗനം അവലംബിക്കുന്നത് പൗരാവകാശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം സത്യസന്ധമല്ലാത്ത നിലപാടായിരിക്കും. അതിനപ്പുറം അത് അപകടകരവുമാണ്. ആരാണെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. നിയമവാഴ്ചയുടെ കരുത്താര്‍ന്ന നിലനില്‍പ്പിലൂടെ മാത്രമേ നീതി സംരക്ഷിക്കപ്പെടുകയൂള്ളൂ. നിയമവാഴ്ച അതിന്റെ പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുക എന്നത് രാജ്യത്തെ സമ്പന്നന്റെയോ സവര്‍ണന്റെയോ ആവശ്യമല്ല. അവരുടെ കാര്യങ്ങള്‍ ശരിയായ നിയമവാഴ്ചയുടെ അഭാവത്തിലും നിറവേറ്റപ്പെടും. ദുര്‍ബല വിഭാഗങ്ങളുടെ നിലനില്‍പ്പിന് നിയമവാഴ്ച അനിവാര്യമായ ഉപാധിയാണ്.
ഇന്ത്യന്‍ ജയിലുകളിലെ തടവുപുള്ളികളില്‍ 60%വും ശിക്ഷ വിധിക്കപ്പെടാത്ത വിചാരണാ തടവുകാരാണ്. ന്യൂ ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ മാത്രം 73.5 ശതമാനം വിചാരണാ തടവുകാരാണ്. ഇതിലെ മുഖ്യപ്രതി യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളാണ്. സി.പി.എമ്മും മുസ്‌ലിംലീഗും ഈ പ്രശ്‌നം ചെറിയ അളവിലെങ്കിലും ഉന്നയിക്കാന്‍ ശ്രമിച്ചവരാണ്. കേന്ദ്ര ന്യൂനപക്ഷക്ഷേമ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദും ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെയും മാത്രമല്ല, സാക്ഷാല്‍ പ്രധാനമന്ത്രിയടക്കം അന്യായമായും അനന്തമായും ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാക്കളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ദേശീയ വിഷയമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ വിഷയത്തിന്റെ യഥാര്‍ഥ കാരണം കരിനിയമങ്ങളാണ്.
എല്ലാ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ച് എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതാണ് കരിനിയമങ്ങള്‍ എന്നിരിക്കെയാണ് കണ്ണൂരില്‍ ആയുധപരിശീലനം നടത്തി എന്ന പേരില്‍ ഒരു വിഭാഗത്തിനെതിരെ മുസ്‌ലിം ലീഗ് പ്രബല കക്ഷിയായ ഒരു മന്ത്രിസഭ സി.പി.എം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണയോടെ കരിനിയമം പ്രയോഗിക്കുന്നത്.
ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അപകടബോധമാണ് സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും ബോംബും ആയുധങ്ങളും ദേശീയ ബോംബുകളും ആയുധങ്ങളുമാണ്, പോപ്പുലര്‍ ഫ്രണ്ടിന്റേത് ദേശീയ വിരുദ്ധബോംബുകളാണ് എന്നത്. ഇതിന്റെ അടുത്ത എപ്പിസോഡ് ലീഗിന്റെ ബോംബ് തീവ്രവാദ ബോംബും ബാക്കിയുള്ളവരുടേത് ദേശസ്‌നേഹബോംബുമാണെന്നതാണ്. ഇത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിവേകമോ അന്തര്‍ദേശീയ സാഹചര്യത്തെക്കുറിച്ച തിരിച്ചറിവുകളോ ലീഗിനില്ല എന്നത് വേറെ കാര്യം
നിയമവാഴ്ചക്കെതിരായ എല്ലാ രാഷ്ട്രീയ ആക്രമണങ്ങളും തീവ്രവാദമാണ്. മുസ്‌ലിം ഗ്രൂപ്പുകളും മാവോയിസ്റ്റുകളും നടത്തിയാല്‍ അത് തീവ്രവാദവും, മറ്റു വിഭാഗങ്ങള്‍ നടത്തിയാല്‍ അത് ദേശീയതയുടെയും ജനാധിപത്യത്തിന്റെയും ഭാഗവുമാണെന്ന ബോധം അംഗീകരിച്ചുകൊടുക്കുക സാധ്യമല്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധപരിശീലനം നടത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണൂരും കോഴിക്കോടും പത്രസമ്മേളനം നടത്തി. പോപ്പുലര്‍ ഫ്രണ്ടിനു പിന്നിലെ അന്തര്‍ദേശീയ ഫണ്ട് സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല, മറ്റു ചില സംഘടനകള്‍ കൂടി തീവ്രവാദത്തിന്റെ പൊയ്മുഖങ്ങളാണെന്നും ആരോപിക്കുകയുണ്ടായി. കേരളത്തില്‍ ആയുധപരിശീലനം നടത്തി അഞ്ച് ചെറുപ്പക്കാരെ ബലികൊടുത്തതിന്റെ മുറിവുണങ്ങിത്തീരുന്നതിനു മുമ്പാണ് മുസ്‌ലിംയൂത്ത് ലീഗിന്റെ ഈ ചാരിത്ര്യ പ്രസംഗം നടക്കുന്നത്. അതും നാറോത്തിന്റെ തൊട്ടടുത്ത് നാദാപുരത്ത് നടന്ന സ്‌ഫോടനത്തില്‍.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ സായുധ-ജനാധിപത്യ പ്രവര്‍ത്തനം പഠിച്ചത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിന്നല്ല. മുസ്‌ലിംലീഗും സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുമുള്‍ക്കൊള്ളുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ്. അമേരിക്ക നേതൃത്വം നല്‍കുന്ന ഏകധ്രുവലോകത്തില്‍ അവരെ മാത്രം തീവ്രവാദികളാക്കാനും ബാക്കിയുള്ളവര്‍ക്ക് ജനാധിപത്യവാദികളാകാനും സാധിക്കുന്നു എന്നു മാത്രം. പോപ്പുലര്‍ ഫ്രണ്ടിന്റേത് ഉള്‍പ്പെടെയുള്ള സായുധ പ്രവര്‍ത്തനങ്ങളെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്ന ഗ്രൂപ്പുകളെ വിമര്‍ശിക്കാനുള്ള ചാരിത്ര്യ ശുദ്ധി ഇവരില്‍ ആര്‍ക്കുണ്ട് എന്നതാണ് ചോദ്യം. എന്നല്ല, ഇക്കാര്യത്തില്‍ ഈ തീവ്രവാദികളും ജനാധിപത്യവാദികളും തമ്മില്‍ എന്താണ് വ്യത്യാസം എന്നതാണ് വിശദീകരിക്കപ്പെടേണ്ടത്. ഇവിടെയാണ് ക്രിമിനല്‍ ജനാധിപത്യത്തിനുപകരം നിയമാധിഷ്ഠിത ജനാധിപത്യത്തിനു വേണ്ടി പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യേണ്ടിവരുന്നത്. അതിനെ തീവ്രവാദത്തിന്റെ പട്ടികയില്‍ വരവുവെച്ച് പ്രതിരോധിച്ചു കളയാമെന്ന് കരുതുന്നത് ഒരു താല്‍ക്കാലിക പ്രതിരോധം മാത്രമാണ്. ഇതിനപ്പുറം ഇതിനെക്കുറിച്ച് സാമ്പ്രദായിക രാഷ്ട്രീയം ഗൗരവതരമായ ആലോചനകള്‍ നടത്തേണ്ടിവരും. പോപ്പുലര്‍ ഫ്രണ്ടിന്റെ പരാജയം അവരും ഈ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമാണ് എന്നതാണ്. അതുകൊണ്ട് തന്നെ യാഥാസ്ഥിതിക ക്രിമിനല്‍ മാഫിയ രാഷ്ട്രീയത്തിനെതിരെ ലോക വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഹിംസാത്മകവും നൈതികവുമായ നവരാഷ്ട്രീയത്തിന് നേതൃത്വം നല്‍കാനുള്ള അതിന്റെ ശ്രമം താരതമ്യേന ദുര്‍ബലമായിരിക്കും. ഫാഷിസത്തെ പ്രതിരോധിക്കുന്നതിനിടയില്‍ ഫാഷിസത്തെത്തന്നെ ആന്തരികവത്കരിച്ചാല്‍ ഫാഷിസം പരാജയപ്പെടുമ്പോള്‍ അതിനും പരാജയപ്പെടേണ്ടിവരും. ഫാഷിസത്തെ അതിന്റെ ലക്ഷ്യത്തില്‍ മാത്രമല്ല മാര്‍ഗ രൂപങ്ങളിലുമാണ് പരാജയപ്പെടുത്തേണ്ടത്. അപ്പോള്‍ മാത്രമേ സുസ്ഥിരതയുള്ള വിജയം കൈവരിക്കാനാവൂ.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വ്രതനിഷ്ഠയോടെ പരിചരിച്ച നിലപാടാണ് എന്ത് പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും സായുധമാര്‍ഗം സ്വീകരിക്കുകയില്ല എന്നത്. ഇതുകൊണ്ട് കൂടിയാണ് പുതിയ ജനാധിപത്യവിപ്ലവങ്ങള്‍ക്കും അതിന്റെ തുടര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നത്. ഇത്തരമൊരു നിലപാട് അവര്‍ സ്വീകരിക്കുന്നത് അവര്‍ ഭീരുക്കളായതുകൊണ്ടല്ല. 1948-ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ ഈജിപ്ഷ്യന്‍ പട്ടാളത്തേക്കാള്‍ സജീവമായി പട്ടാളത്തോടൊപ്പം പങ്കാളികളായത് ബ്രദര്‍ഹുഡിന്റെ കേഡര്‍മാരായിരുന്നു. യുദ്ധത്തില്‍ നിന്നും മടങ്ങിവന്ന പ്രവര്‍ത്തകര്‍ ഭരണകൂടത്തിന്റെ കഠിന പീഡനത്തിലൂടെ കടന്നുപോയിട്ടും സ്വന്തം ജനതക്കും ഭരണകൂടത്തിനുമെതിരെ സായുധവഴി അവര്‍ തെരെഞ്ഞടുത്തില്ല. അതിനു കാരണം സ്വന്തം ജനതയോട് സായുധമായി ഏറ്റുമുട്ടരുതെന്ന ഇസ്‌ലാമികാധ്യാപനമായിരുന്നു.
യാഥാര്‍ഥ്യത്തോട് നിരന്തരം ഏറ്റുമുട്ടി മുനതേഞ്ഞുപോയ ആശയങ്ങളും ആരോപണങ്ങളുമായി ഇസ്‌ലാമിക പ്രസ്ഥാനത്തെ നേരിടാനാണ് ഇവിടത്തെ സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ വിധി. നാറോത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടതിനെക്കുറിച്ച് പി. ജയരാജന്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ''ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ആര്‍.എസ്.എസ്സിനോട് പ്രതിക്രിയാപരമായ നിലപാടെടുക്കണമെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ മുസ്‌ലിം-തീവ്രവാദികള്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഡി.എഫ് എന്ന ഭീകരസംഘടന ഈ ലക്ഷ്യം അടിസ്ഥാനമാക്കിയാണാരംഭിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായിരുന്ന സിമി നിരോധിക്കപ്പെട്ടതിനു ശേഷം രൂപം കൊണ്ട എന്‍.ഡി.എഫിനെ തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറഞ്ഞെങ്കിലും ഇത്തരം ഭീകരസംഘടനകള്‍ രൂപപ്പെടാനുള്ള ആശയ പശ്ചാത്തലമൊരുക്കിയത് ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്'' (ദേശാഭിമാനി ദിനപത്രം 2013 മെയ് 3).
സിമി നിരോധിക്കപ്പെട്ട ശേഷമല്ല എന്‍.ഡി.എഫ് രൂപീകരിക്കപ്പെട്ടത്, ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്നില്ല സിമി എന്നും മറ്റുമുള്ള ലേഖനത്തിലെ വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടുന്നതില്‍ പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. ബ്രദര്‍ഹുഡിന്റെ ആസ്ഥാനം സുഊദി അറേബ്യയിലാണെന്ന വിവരക്കേട് സ്വന്തം സൈദ്ധാന്തിക മുഖപത്രത്തില്‍ അച്ചടിച്ചത് ചൂണ്ടിക്കാട്ടപ്പെട്ട അടുത്ത ആഴ്ചയാണ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അടുത്ത വിവരക്കേട് പാര്‍ട്ടി ദിനപത്രത്തില്‍ അച്ചടിക്കുന്നത്. കാരണം, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും കാര്യത്തില്‍ വസ്തുതാപരവും ആശയപരവുമായ വിവരക്കേടുകള്‍ പറഞ്ഞുകൊണ്ടിരിക്കുക എന്നത് സാമ്പ്രദായിക ഇടതുപക്ഷത്തിന് ഒരു തീരുമാനമെടുത്താല്‍ പോലും ഒഴിവാക്കാനാവാത്ത അതിന്റെ ചരിത്രപരമായ നിയോഗമാണ്.
മാത്രവുമല്ല, ജയരാജന്റേത് ഉള്‍പ്പെടെയുള്ള, മുസ്‌ലിം വിഷയങ്ങളിലെ ഇത്തരം സി.പി.എം ലേഖനങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് എന്‍.ഡി.എഫുകാരെയോ സിമിക്കാരെയോ ജമാഅത്തെ ഇസ്‌ലാമിക്കാരെയോ മുസ്‌ലിം ലീഗുകാരെയോ മറ്റേതെങ്കിലും മുസ്‌ലിംകളെയോ അല്ല. ഇവിടത്തെ ഭൂരിപക്ഷ സമൂഹത്തെയാണ്. അതുകൊണ്ട് തന്നെ അതില്‍ ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുതാപരമായ പിശകുണ്ടാകുന്നത് ലേഖകരുടെ ഉദ്ദേശലക്ഷ്യത്തെ യാതൊരളവിലും ബാധിക്കാന്‍ പോകുന്നില്ല. ആരെങ്കിലും എവിടെയെങ്കിലും പൊട്ടിച്ചതോ പൊട്ടിക്കാത്തതോ ആയ ബോംബിന്റെ ചെലവില്‍ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഒലിച്ചുപോയിട്ടുണ്ടെങ്കില്‍ അതുവഴി ഒരു പുതിയ 'തൊന്തറവ്' ഒഴിഞ്ഞുകിട്ടുമായിരുന്നു എന്നത് മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഈ ആരോപണപരാക്രമത്തിന്റെ ഏക പ്രേരകം. സ്വന്തം വിമതപുത്രനെ നടുറോട്ടിലിട്ട് വെട്ടിക്കൊന്നതിന്റെ ഒന്നാം ആണ്ടറുതിയുടെ തലേന്നാണ് ജയരാജന്‍ മഹാത്മാഗാന്ധിയെയും നാരായണഗുരുവിനെയും വിവേകാനന്ദനെയും ഉദ്ധരിച്ചുകൊണ്ട് സമാധാനത്തിന്റെ സുവിശേഷ പ്രസംഗം എഴുതുന്നത്. ഞങ്ങള്‍ വെട്ടിയാല്‍ അത് ജനകീയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് വെട്ടും മറ്റവരുടേത് തീവ്രവാദ വെട്ടുമെന്ന സാമ്രാജ്യത്വ യുക്തിക്ക് മനുഷ്യരുടെ സ്വതന്ത്രമായ നൈതികബോധത്തിന്റെ മുന്നില്‍ ഇനിയും ഒരുപാട് കാലം നിലനില്‍ക്കാനാവില്ലെന്ന് എത്രയും നേരത്തെ തിരിച്ചറിയലാണ് പാര്‍ട്ടികള്‍ക്കും നാടിനും നല്ലത്. ഇവരെല്ലാവരും ചേര്‍ന്ന് രാകി മൂര്‍ച്ച കൂട്ടുന്ന മുഴുവന്‍ ആയുധങ്ങളും ഉന്നം വെക്കുന്നത് നിയമ വാഴ്ചയെയും ജനാധിപത്യത്തെയും ജനങ്ങളുടെ സമാധാനത്തെയുമാണ്. ആയുധത്തിന്റെ രാഷ്ട്രീയത്തിനു പകരം ജീവന്റെ രാഷ്ട്രീയത്തിന്റെ പുതിയ മുന്നേറ്റം രാജ്യത്തുണ്ടാവുക എന്നത് മാത്രമാണ് പ്രശ്‌നത്തിനു പരിഹാരം. ഇതിനു മാത്രമേ ഹിംസയുടെ ഏറ്റവും സംഘടിതരൂപമായ ഭരണകൂട ഭീകരതയെ അടക്കം പ്രതിരോധിക്കാനാവൂ.
Comments