Prabodhanm Weekly

Pages

Search

2013 മെയ്‌ 17

അഴിമതിയെക്കുറിച്ച ഈ തര്‍ക്കം എന്തിന്?

ഇഹ്‌സാന്‍

ന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ ഏകോപിപ്പിക്കപ്പെടുന്നു എന്നും അതിന് അറിഞ്ഞോ അറിയാതെയോ വലതുപക്ഷ പിന്തിരിപ്പന്‍ ചായ്‌വ് വന്നു ചേരുന്നുവെന്നും തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ അധ്യായമാണ് കല്‍ക്കരിപ്പാടം അഴിമതിയെ കുറിച്ച റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും നിരീക്ഷിച്ചാല്‍ തോന്നുക അഴിമതി കോണ്‍ഗ്രസിന്റെ മാത്രം കുത്തകയാണെന്നാണ്. അഴിമതി നടത്തുക എന്നല്ലാതെ കോണ്‍ഗ്രസ് മറ്റൊന്നും രാജ്യത്ത് ചെയ്യുന്നില്ലെന്നും തോന്നും. ആ പാര്‍ട്ടി നയിക്കുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് രാജ്യം കണ്ട ഏറ്റവും നെറികെട്ട ഭരണകൂടങ്ങളിലൊന്നാണെങ്കിലും അഴിമതിയുടെ കാര്യമെടുത്താല്‍ ഇന്ത്യയിലെ ഏതു സംസ്ഥാനത്തും ഏതു രാഷ്ട്രീയ പാര്‍ട്ടിയും എത്തിപ്പെട്ട പൊതു അവസ്ഥയുടെ പ്രതീകമോ പ്രേരണയോ ആണ് മന്‍മോഹന്‍ സിംഗിന്റെ കാലത്തെ കേന്ദ്രസര്‍ക്കാര്‍ എന്നേ പറയാനൊക്കൂ. മാധ്യമങ്ങള്‍ പക്ഷേ യു.പി.എയെ കണ്ടകശനി പോലെ പിന്തുടരുകയാണ് ചെയ്യുന്നത്. അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കഥകള്‍ ഒന്നിനു പിറകെ മറ്റൊന്നായി അവര്‍ മാന്തിയെടുക്കുന്നു. കല്‍ക്കരി ഇടപാടുകളെ കുറിച്ച് അന്വേഷിച്ച് സി.ബി.ഐ തയാറാക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പെ ചില മാറ്റത്തിരുത്തലുകള്‍ വരുത്തിയതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രമാദമായ വിവാദം. നടപടിക്രമങ്ങള്‍ തെറ്റിച്ച് രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനു വഴങ്ങിയാണ് സി.ബി.ഐ ഇതു ചെയ്തത് എന്നതും പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വെ മന്ത്രാലയത്തില്‍ പവന്‍കുമാര്‍ ബന്‍സല്‍ നടത്തിയ വേറൊരു അഴിമതിക്കഥ പുറത്താവുന്നത്. അഴിമതിയും അധികാര ദുര്‍വിനിയോഗവും വാര്‍ത്തയാകുക തന്നെ വേണം. പക്ഷേ അവ വാര്‍ത്തയാകുന്നതിന്റെ പശ്ചാത്തലം എന്തായിരിക്കണം? സാമൂഹികമായി ഉയരേണ്ട അവബോധവും അതോടൊപ്പം ഇത്തരം തിന്മകളില്‍ സമൂഹത്തിന് ഇടപെടാനാവുന്ന സാഹചര്യമൊരുക്കലും ഫലപ്രദമായ പകരക്കാരനെ കണ്ടെത്തലുമൊക്കെയാവണം വാര്‍ത്തയുടെ ലക്ഷ്യം. പക്ഷേ അതാണോ ഇപ്പോള്‍ നടക്കുന്ന വാര്‍ത്താകോലാഹലങ്ങളുടെ പിന്നില്‍?
കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ദിവസങ്ങളിലാണ് മീഡിയ പവന്‍ ബന്‍സലിനും അശ്വിനി കുമാറിനുമെതിരെ കത്തിക്കയറിയത്. കോണ്‍ഗ്രസ് ഇതുവരെ ചെയ്ത അഴിമതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രസ്താവ്യയോഗ്യമായ ഒന്നുമേ അല്ലായിരുന്നു ബന്‍സലിന്റെ 90 ലക്ഷമോ ഏറിയാല്‍ 2 കോടിയോ വരുമായിരുന്ന ആ കിമ്പളം. പക്ഷേ ബങ്കരുവും ജുദേവും യദ്യൂരപ്പയും ഗഡ്കരിയുമൊക്കെ നയിച്ച ബി.ജെ.പിയാണ് അമ്മാവന്‍ മന്ത്രിയുടെ പിന്‍ബലത്തില്‍ ഒരു മെമ്പര്‍ പദവി വില്‍ക്കാനിറങ്ങിയ വിജയ് സിംഗഌയെ നോക്കി ആര്‍ത്തുവിളിച്ചത്. സ്വന്തം സംസ്ഥാനത്തെ നാറുന്ന അഴിമതിക്കഥകള്‍ പുറത്തുവരാതിരിക്കാന്‍ ലോകായുക്ത രൂപീകരിക്കാതെ ഉരുണ്ടുകളിച്ച 'നമോ' (നരേന്ദ്ര മോഡി) കിട്ടിയ തഞ്ചത്തിന് 'മാമാ'യെ പരിഹസിച്ച് ചാടിവീഴുകയും ചെയ്തു. ഈമട്ടിലുള്ളതു തന്നെയായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തിന്റെ കാര്യത്തിലുണ്ടായ കോലാഹലവും. രാഷ്ട്രീയ യജമാനന്മാര്‍ക്കു വഴിപ്പെട്ടാണ് സി.ബി.ഐ കേസ് അന്വേഷിക്കുന്നതെന്ന് ഇറ്റലിയിലെ സര്‍ക്കാറിനു പോലും അറിവുള്ള കാര്യമായതുകൊണ്ടാണല്ലോ അവര്‍ കടല്‍ക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം മതി, എന്‍.ഐ.എ അന്വേഷണം വേണ്ടെന്നു പറഞ്ഞത്. ഇതിനു മുമ്പ് എന്നായിരുന്നു ഭരണകൂടത്തിന്റെ ചട്ടുകമായിട്ടല്ലാതെ സി.ബി.ഐക്കാര്‍ ഈ രാജ്യത്ത് കേസ് കുറ്റാന്വേഷണം നടത്തിയത്? ഒടുവിലത്തെ സംഭവവികാസങ്ങളെ വികാരാധീനമാവാതെ വിലയിരുത്തിയാല്‍ കേസിന് കാതലായ ദോഷമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ലെന്നു തന്നെയാണ് കാണാനാവുക. പ്രധാനമന്ത്രി കാര്യാലയം റിപ്പോര്‍ട്ടില്‍ ഇടപെട്ടു എന്നു തന്നെയാണ് രഞ്ജിത് സിന്‍ഹ കോടതിയില്‍ പറഞ്ഞത്. ഇല്ല എന്നു പറഞ്ഞത് സര്‍ക്കാര്‍ അഭിഭാഷകരായ ഹരിന്‍ റാവലും ഗുലാം വഹന്‍വതിയുമായിരുന്നു. നിയമഭേദഗതിക്കുള്ള നീക്കം നടക്കുന്നതിനിടെ കല്‍ക്കരിപ്പാടം വിതരണം ചെയ്തതിന്റെ അഴിമതി അന്വേഷിക്കേണ്ടതായിരുന്നു എന്ന പരാമര്‍ശവും സ്‌ക്രീനിംഗ് കമ്മിറ്റി ബ്രോഡ്ഷീറ്റ് തയാറാക്കിയിരുന്നില്ല എന്ന പരാമര്‍ശവുമാണ് നിയമമന്ത്രിയും പി.എം.ഒയിലെ ജോയന്റ് സെക്രട്ടറിമാരും ചേര്‍ന്ന് എടുത്തുമാറ്റിയതായി സി.ബി.ഐ കോടതിയെ ബോധിപ്പിച്ചത്! കേസിലെ പ്രതികള്‍ക്കെതിരെ തയാറാക്കിയ കുറ്റപത്രമോ കേസിന്റെ വിശദാംശങ്ങളോ ആരും കണ്ടിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. അക്കണക്കിന് ഈ സി.ബി.ഐയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പാര്‍ലമെന്റ് ആക്രമണകേസ് അന്വേഷിച്ച ദല്‍ഹി പോലീസിനോളം മുട്ടിലിഴഞ്ഞവരായിരുന്നോ ഈ സി.ബി.ഐ? ഒരു ഗവണ്‍മെന്റിനെ രക്ഷിക്കാന്‍ വേണ്ടി ഇന്ത്യയില്‍ അന്വേഷിക്കപ്പെട്ട ഏറ്റവും പ്രമാദമായ കേസ് ടുജി സ്‌പെക്ട്രം അഴിമതി കേസ് ആയിരുന്നോ അതോ പാര്‍ലമെന്റ് ആക്രമണമായിരുന്നോ?
കോണ്‍ഗ്രസിന്റെ അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതിനേക്കാളുപരി അവനവന്റെ വൃത്തികേടുകള്‍ ഒന്നുമല്ല എന്ന് സ്ഥാപിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം രാജ്യത്തെ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണ് ചെയ്തത്. ആദ്യത്തെ തലക്കെട്ട് ഏത് പത്രത്തിലായാലും ചാനലിലായാലും ബി.ജെ.പി ഉയര്‍ത്തുന്ന രാജി ആവശ്യങ്ങളും അവര്‍ പാര്‍ലമെന്റില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുമായി മാറി. പക്ഷേ ഈ ഒറ്റ വര്‍ഷം മാത്രം 4000-ത്തിലേറെ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിലെന്ന് അറിയുമോ ഈ മാധ്യമങ്ങള്‍ക്ക്? കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും മറ്റും നല്ല വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഏറ്റവും കെട്ട അഴിമതി വിളയുന്നത് നരേന്ദ്ര മോഡിയുടെ ഗുജറാത്തിലും ശിവരാജ് സിംഗ് ചൗഹാന്റെ മധ്യപ്രദേശിലുമാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും തിരിച്ചു പറയാന്‍ കഴിയുന്നില്ല. മധ്യപ്രദേശിലെ ഈ ഞെട്ടിക്കുന്ന കണക്ക് അന്നാട്ടിലെ വിധിഷയില്‍ നിന്നും ജയിച്ചു എം.പിയായ സുഷമാ സ്വരാജ് കേട്ട ഭാവം പോലും നടിക്കുന്നില്ല! സോണിയാ ഗാന്ധിയും ദല്‍ഹിയിലെ ബലാത്സംഗവും ദല്‍ഹിയിലെ അഴിമതിയും മാത്രമേയുള്ളോ പാര്‍ലമെന്റിലെ ചര്‍ച്ചാ വിഷയം?
രാജ്യത്തെ പിടിച്ചുലക്കുമാറ് അഴിമതി സാര്‍വത്രികമായി എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. പക്ഷേ അത് ചൂണ്ടിക്കാട്ടി ബഹളം വെക്കുന്ന ബി.ജെ.പി ഏതര്‍ഥത്തിലാണ് കോണ്‍ഗ്രസിനേക്കാള്‍ ഭേദം? പാര്‍ലമെന്റില്‍ അവര്‍ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ് അഴിമതി നിര്‍മാര്‍ജനത്തേക്കാള്‍ പ്രധാനപ്പെട്ടതെന്ന് മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും സര്‍ക്കാറുകളുടെ റിപ്പോര്‍ട്ട് കാര്‍ഡ് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ ബില്‍ അടക്കം തടസ്സപ്പെടുത്തിയാണ് ബി.ജെ.പി ഈ ചക്കളത്തിപ്പോര് നടത്തുന്നതെന്നത് അവര്‍ ചെയ്യുന്ന പൊതുജനദ്രോഹത്തെ കോണ്‍ഗ്രസിന്റേതിനേക്കാള്‍ കടുത്തതാക്കി മാറ്റുന്നുണ്ടെന്ന് പറയാതെ വയ്യ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍