Prabodhanm Weekly

Pages

Search

2013 മെയ്‌ 17

പത്തു വര്‍ഷം പിന്നിടുന്ന ശാന്തപുരം അല്‍ജാമിഅയുടെ വര്‍ത്തമാനങ്ങള്‍

അബൂബുഷൈര്‍ / കുറിപ്പുകള്‍

രോ കലാലയത്തിനും അതിന്റേതായ സിലബസും അക്കാദമിക ചിട്ടവട്ടങ്ങളുമുണ്ടാകും. അതിനെ മുന്‍നിര്‍ത്തി അവിടെനിന്ന് പഠിച്ചിറങ്ങുന്നവരുടെ രേഖാചിത്രവും സമൂഹത്തിന്റെ മനസ്സിലുണ്ടാവും. അറബിക് കോളേജുകള്‍/ഇസ്‌ലാമിക കലാലയങ്ങളില്‍നിന്നും പുറത്തിറങ്ങുന്നവര്‍ക്കും അങ്ങനെ ചില വാര്‍പ്പുമാതൃകകളുണ്ട്. അത്തരം അതിര്‍ത്തിവരകളെ സുന്ദരമായി മാറ്റിവരച്ചുവെന്നതാണ് ശാന്തപുരം കാമ്പസിന്റെ എക്കാലത്തെയും മികച്ച സവിശേഷത. കേരളീയ വിദ്യാഭ്യാസ ഭൂപടത്തില്‍ അമ്പതുകളില്‍തന്നെ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ കലാലയമാണ് ശാന്തപുരം ഇസ്‌ലാമിയാ കോളേജ്. കേരളത്തില്‍ മതവിദ്യാഭ്യാസത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ മത-ഭൗതിക വിദ്യാഭ്യാസ സമന്വയമെന്ന പരിഷ്‌കരണത്തിന്റെ തുടക്കം പെരിന്തല്‍മണ്ണയിലെ പട്ടിക്കാടിനടുത്തുള്ള ശാന്തപുരത്തെ ഈ കലാലയത്തില്‍ നിന്നായിരുന്നു. ആ കാമ്പസില്‍നിന്ന് പുറത്തിറങ്ങിയവര്‍ സമൂഹത്തിന്റെ വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ചു. പത്രം നടത്തുന്നവരും അതിലെ മികച്ച ജേണലിസ്റ്റുകളുമായി ഒരു മതകലാലയത്തിലെ വിദ്യാര്‍ഥികള്‍ മാറി. സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായി അവരില്‍ പലരും അറിയപ്പെട്ടു. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലക്ക് മതപണ്ഡിതന്മാര്‍ സ്വന്തം സമുദായത്തിനുള്ളില്‍ മാത്രമല്ല, സമൂഹത്തിന്റെ പൊതുജീവിതത്തിലും നേതൃത്വം നല്‍കേണ്ടവരാണെന്ന് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുവന്ന തലമുറ തെളിയിച്ചു. 1955-ല്‍ ആരംഭിച്ച ശാന്തപുരം കോളേജിന്റെ ക്രമാനുഗതമായ വളര്‍ച്ചയുടെ വികാസം എന്ന നിലക്കാണ് 2003-ല്‍ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി സ്ഥാപനത്തെ അല്‍ജാമിഅ(ഇസ്‌ലാമിക സര്‍വകലാശാല)യായി പ്രഖ്യാപിച്ചത്. അതിനുശേഷം ശാന്തപുരം കാമ്പസില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെയെല്ലാം ഇടപെടുന്നുവെന്നതിന്റെ ചിത്രങ്ങളാണ് ഈ കുറിപ്പില്‍ പകര്‍ത്തുന്നത്.
ശാന്തപുരം കോളേജിന്റെ എല്ലാ മഹിത പാരമ്പര്യങ്ങളും നിലനിര്‍ത്തുന്നതോടൊപ്പം പുതിയ ലോകത്തിന്റെ മറ്റു സാധ്യതകളിലേക്കും അല്‍ജാമിഅ സന്തതികള്‍ പ്രവേശിച്ചിരിക്കുന്നു. പത്രപ്രവര്‍ത്തനം 'മാധ്യമ'ത്തില്‍നിന്ന് 'മീഡിയാവണ്ണി'ലെത്തുമ്പോള്‍ അല്‍ജാമിഅയുടെ ഒമ്പത് സന്തതികളാണ് അതിന്റെ അണിയറയിലുള്ളത് (പി.പി ജസീം, റബീഹ് മുഹമ്മദ്, റമീസ്, സബീര്‍ അഹ്മദ്, കെ.ഐ സല്‍മാന്‍, നൗഷാദ് ബത്തേരി, ഫിജാസ് താനൂര്‍, അശ്ഫാഖ്, ഷാഹിദ് അഹ്മദ്, ഫഹദ്). പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍ എന്നീ വ്യത്യസ്ത തസ്തികകളില്‍ അവര്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. എഴുത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും മേഖലയിലേക്ക് ഒട്ടേറെപേരെ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ അല്‍ജാമിഅ സംഭാവന ചെയ്തിട്ടുണ്ട്. എഴുത്തുകാര്‍ എന്ന പേരില്‍ ഇതിനകം സാന്നിധ്യമറിയിച്ച വി.ടി അനീസ് അഹ്മദ്, വി.എം ജാബിര്‍ അഹ്മദ്, ഷിബു മടവൂര്‍ എന്നിവര്‍ മാധ്യമത്തില്‍ സബ്എഡിറ്റര്‍മാരാണ്. ഡോ. യൂസുഫുല്‍ ഖറദാവിയുടെ സ്വബ്ര്‍, തവക്കുല്‍, ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ ലാ ഇക്‌റാഹ ഫിദ്ദീന്‍ എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത അബൂദര്‍റ് എടയൂര്‍ 'പ്രബോധനം' വാരികയിലെ സ്ഥിരം എഴുത്തുകാരന്‍ കൂടിയാണ്. അദ്ദേഹം തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റലൈസേഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായിരുന്നു. നഹാസ് മാള, ബഷീര്‍ തൃപ്പനച്ചി, ഒ.കെ ഫാരിസ്, ശമീം ചൂനൂര്‍, ഇബ്‌റാഹീം പി.സെഡ് എന്നിവര്‍ പ്രബോധനം വായനക്കാര്‍ക്ക് സുപരിചിതരായ മറ്റു എഴുത്തുകാരാണ്. ഇസ്‌ലാം ഓണ്‍ലൈവിന്റെ കണ്ടന്റ് എഡിറ്റര്‍മാരായ അഹ്മദ് നസീഫും അബ്ദുല്‍ ബാരിയും പുതിയ കാലത്തെ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തന രംഗത്തുള്ളവരാണ്.
ഒരേസമയം വ്യത്യസ്ത തലങ്ങളില്‍ പ്രതിഭ തെളിയിച്ച അല്‍ജാമിഅ സന്തതികളുമുണ്ട്. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനും പ്രഭാഷകനുമായ ശിഹാബ് പൂക്കോട്ടൂര്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. 2005-ല്‍ ശാന്തപുരത്തുനിന്ന് ഉസൂലുദ്ദീന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഹൈദരാബാദ് ഇഫ്‌ലുവില്‍നിന്ന് അറബി ഭാഷയില്‍ പി.ജിയും ജേണലിസത്തില്‍ ഡിപ്ലോമയും നേടി. പിന്നീട് മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ എം.എയും കരസ്ഥമാക്കി. 'ആധിപത്യത്തിന്റെ സവര്‍ണ മുഖങ്ങള്‍' എന്ന പുസ്തകമെഴുതിയ ശിഹാബ് ബോധനം എഡിറ്ററാണ്. അല്‍ജാമിഅ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആനില്‍നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ എഴുത്തുകാരനും പ്രഭാഷകനുമായ ടി. ശാക്കിര്‍ വേളം ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് പി.ആര്‍ സെക്രട്ടറിയാണ്. എം.ജി യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എഡും എജുക്കേഷനില്‍ നെറ്റും അറബിയില്‍ ജെ.ആര്‍.എഫും നേടി റിസര്‍ച്ച് നടത്തുന്ന പുളിക്കല്‍ സ്വദേശി കെ.സി സയ്യാഫ് അമീന്‍ അക്കാദമിക മികവ് തെളിയിച്ചവരില്‍ പ്രമുഖനാണ്.
മലേഷ്യന്‍ ഇന്റര്‍നാഷ്ണല്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന അബ്ദുല്‍ വാസിഅ് ധര്‍മഗിരിയും മുനീര്‍ മുഹമ്മദ് റഫീഖും ജാമിഅയുടെ സന്താനങ്ങളാണ്. അബ്ദുല്‍ വാസിഅ് ഹിറാ സെന്റര്‍ കേന്ദ്രീകരിച്ച ഇസ്‌ലാം ഓണ്‍ലൈവിന്റെയും, മുനീര്‍ ആലുവ അസ്ഹറുല്‍ ഉലൂം കേന്ദ്രമായ ഇസ്‌ലാം പാഠശാല വെബ്‌പോര്‍ട്ടിന്റെയും കണ്ടന്റ് എഡിറ്റര്‍മാരായിരുന്നു. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ് ചെയ്യുന്ന സമീര്‍ മേലാറ്റൂരും അബുല്ലൈസ് വയനാടും അധ്യാപനരംഗത്താണ്. അല്‍ജാമിഅയിലെ പെണ്‍കുട്ടികളുടെ ആദ്യ പ്രതിനിധികളിലൊരാളായ കെ.സി സകിയ്യാ മുഹ്‌യുദ്ദീന്‍ ഇപ്പോള്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 26 അല്‍ജാമിഅ വിദ്യാര്‍ഥികളാണ് ജെ.ആര്‍.എഫ് കരസ്ഥമാക്കിയത്. ഇവരില്‍ ഏഴുപേര്‍ ദല്‍ഹി ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലും (അജ്മല്‍, ഹിലാലുദ്ദീന്‍, തന്‍വീര്‍, എം.ഐ അനസ്, അബ്ദുല്‍ സാദിഖ്, കെ.എ സഫീര്‍, ഫഹദ്) ആറു പേര്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയിലും (വി.എം സാഫിര്‍, ജമാല്‍, അന്‍സാരി, ഫവാസ്, പി. അനസ്, അലിഫ് ശുക്കൂര്‍) മൂന്ന് പേര്‍ ഹൈദരാബാദ് ഇഫ്‌ലുവിലും (സി.ടി സമീര്‍, നിഷാദ് കുന്നക്കാവ്, സ്വബാഹ്)മുന്ന് പേര്‍ ജാമിഅ മില്ലിയ്യയിലും (മഹ്ബൂബ് ത്വാഹ, സൈഫുദ്ദീന്‍, നിസാം .സി) പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. ദല്‍ഹി ജെ.എന്‍.യുവില്‍ പി.എച്ച്.ഡി ചെയ്യുന്ന മുഹമ്മദ് റഈസും ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന സി.വി ഷൗക്കത്തലിയും ഈ ലിസ്റ്റിലുള്ളവരാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പി.ജി ചെയ്യുന്ന അര്‍ഷക് മങ്കര, ജാമിഅ മില്ലിയ്യയില്‍ പി.ജി മീഡിയ ഗവേര്‍ണന്‍സിന് പഠിക്കുന്ന കെ.ടി ഹാഫിസ് എന്നിവര്‍ എഴുത്തുകാരും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിസ്റ്റുകളും കൂടിയാണ്.

കേരളത്തിലും ദേശീയ തലത്തിലുമുള്ള മലയാളം ഇംഗ്ലീഷ് ആനുകാലികങ്ങളിലും ചാനലുകളിലും ശ്രദ്ധേയമായ നിരൂപണങ്ങള്‍ വന്ന മലയാളത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഹിപ്‌ഹോപ് ആല്‍ബമായ 'നേറ്റീവ് ബാപ്പ'യുടെ സംവിധാനവും രചനയും നിര്‍വഹിച്ച എഴുത്തുകാരന്‍ കൂടിയായ മുഹ്‌സിന്‍ പരാരി അല്‍ജാമിഅയുടെ മികച്ച സംഭാവനയാണ്. അല്‍ജാമിഅയിലെ വൈജ്ഞാനിക കലോത്സവമായ സര്‍ഗസംഗമം മത്സരത്തിന് വേണ്ടി മുഹ്‌സിന്‍ എഴുതിയ കവിതയാണ് പിന്നീട്, 'നേറ്റീവ് ബാപ്പയായി' വികസിച്ചത്. ഷോര്‍ട്ട്ഫിലിം ഡോക്യുമെന്ററി രംഗത്ത് സജീവ സാന്നിധ്യമറിയിച്ച മറ്റ് ചിലര്‍ കൂടിയുണ്ട്. പ്രമുഖ മുസ്‌ലിം ഗോളശാസ്ത്ര പ്രതിഭയായ അലി മണിക്ഫാന്റെ ജീവിതത്തെ ആസ്പദിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത മാജിദ് അഴീക്കോട്, സ്റ്റേറ്റ് ചില്‍ഡ്രന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട്ഫിലിം അവാര്‍ഡ് നേടിയ 'ലാസ്റ്റ് ബോളിന്റെ' സംവിധായകന്‍ നൗഷാദ് ബാബു, ആ ഫെസ്റ്റിവലില്‍ തന്നെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ 'മൈഡിയര്‍ ഫ്രന്റ്' എന്ന ഹ്രസ്വസിനിമയുടെ സംവിധായകന്‍ ഷഫീഖ് കൊടിഞ്ഞി, അഭിനേതാവും സംവിധായകനുമായ ഷബീര്‍അലി മുള്ള്യാര്‍കുര്‍ശി എന്നിവര്‍ ഈ രംഗത്ത് കഴിവ് തെളിയിച്ചവരാണ്. വാരാദ്യമാധ്യമത്തില്‍ 'കൂലങ്കഷം വരയും വരിയുമെന്ന' പംക്തി ചെയ്യുന്നത് യഥാക്രമം, കാര്‍ട്ടൂണിസ്റ്റെന്ന നിലക്ക്കൂടി കഴിവുതെളിയിച്ച യാസിര്‍ പാടൂരും പ്രബോധനം സഹപത്രാധിപര്‍ കൂടിയായ മെഹദ് മഖ്ബൂലുമാണ്.
സംഘടനാ നേതൃരംഗത്തേക്കും ഈ കുറഞ്ഞ കാലയളവില്‍ ഒരു ഡസനിലിധികം പ്രഗത്ഭരെ അല്‍ജാമിഅ സംഭാവന ചെയ്തിട്ടുണ്ട്. എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ പി.എം സ്വാലിഹ്, സോളിഡാരിറ്റി നേതൃരംഗത്തുള്ള ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ, സാദിഖ് ഉളിയില്‍, എസ്.ഐ.ഒ കേന്ദ്രകമ്മിറ്റിയംഗങ്ങളായ അന്‍സാര്‍ അബൂബക്കര്‍, സി.ടി ശുഹൈബ്, സംസ്ഥാന ശൂറാംഗങ്ങളായ ജുമൈല്‍ കൊടിഞ്ഞി, തൗഫീഖ് മമ്പാട്, നഹാസ് മാള, റബീഹ് മുഹമ്മദ്, പി.പി ജസീം എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇസ്‌ലാമിക് ബാങ്കിംഗ് കോഴ്‌സില്‍നിന്ന് പുറത്തിറങ്ങിയ നബീല്‍, ഷെമില്‍ സജ്ജാദ്, തഖ്‌യുദ്ദീന്‍ എന്നിവര്‍ ആ രംഗത്ത് സജീവ സാന്നിധ്യമാണ്.
പത്ത് വര്‍ഷമെന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ വിലയിരുത്താന്‍ മതിയായ കാലയളവല്ല. എങ്കിലും അല്‍ജാമിഅ അതിന്റെ പ്രഖ്യാപന ലക്ഷ്യത്തിലേക്ക് വിജയകരമായി മുന്നേറുന്നു എന്ന് തന്നെയാണ് ഈ ഫീഡ്ബാക്ക് തെളിയിക്കുന്നത്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ കലാലയത്തിലേക്കുള്ള വരവും കാമ്പസിനകത്തും പുറത്തും അവരുടെ പ്രദേശങ്ങളിലുമുള്ള അവരുടെ ആക്ടിവിസങ്ങളും ഇനിയും അടയാളപ്പെടുത്തേണ്ട പഠനവിഷയങ്ങളാണ്. ആസൂത്രണം ചെയ്ത മികച്ച അക്കാദമിക അന്തരീക്ഷം പൂര്‍ത്തീകരിക്കുന്നതിനും വിദ്യാഭ്യാസരംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനും സ്ഥാപനം ജാഗ്രത കാണിച്ചാല്‍ വരുംകാലങ്ങളില്‍ ഇതിലും മികച്ച നേട്ടങ്ങള്‍ ആര്‍ജിക്കാന്‍ അല്‍ജാമിഅക്ക് സാധിക്കും, തീര്‍ച്ച.

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍