ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ പ്രസക്തി-2 / സ്രോതസ്സുകള്‍
പൊതു ഫിഖ്ഹിന്റെ അടിസ്ഥാന സ്രോതസ്സുകള്‍ തന്നെയാണ് ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെയും സ്രോതസ്സ്. പക്ഷേ, ആ സ്രോതസ്സുകള്‍ പുനര്‍വായനക്ക് വിധേയമാക്കുന്നു. ഇസ്‌ലാമിക ചട്ടക്കൂടില്‍ നിന്ന് പുറത്ത് കടന്ന് പുതിയൊരു ഫിഖ്ഹ് ഉണ്ടാക്കുകയല്ല ഇതിന്റെ ഉദ്ദേശ്യം. ഖുര്‍ആന്‍, സുന്നത്ത് എന്നീ പ്രാഥമിക സ്രോതസ്സുകളെയും, ദ്വിതീയ സ്രോതസ്സുകളായ ഇജ്മാഅ്, ഖിയാസ്, മസ്‌ലഹ് മുര്‍സല, ഇസ്തിഹ്‌സാന്‍, ഉര്‍ഫ് എന്നിവയെയും നിയമാവിഷ്‌കാരത്തില്‍ അവലംബമാക്കേണ്ടതാണ്.
അടിത്തറകള്‍
1. ഇജ്തിഹാദ്: സമുദായത്തിന്റെ വൈജ്ഞാനിക രംഗത്തെ സജീവത നിലനിര്‍ത്താന്‍ ഗവേഷണം (ഇജ്തിഹാദ്) അനിവാര്യമാകുന്നു. ഇത് രണ്ട് രീതിയിലാവാം. ശര്‍ഇന്റെ പൊതു ലക്ഷ്യം സാക്ഷാത്കരിക്കുന്നതും മനുഷ്യന്റെ പൊതു നന്മ സാക്ഷാത്കരിക്കുന്നതുമായ അഭിപ്രായം (വിധി തീരുമാനങ്ങള്‍) പ്രാക്തന ഫിഖ്ഹില്‍ നിന്നും കണ്ടെത്തുന്ന ഗവേഷണ രീതിയാണത്. നവീന വിഷയങ്ങളിലുള്ള സ്വതന്ത്ര ഗവേഷണമാണ് മറ്റൊന്ന ്(വിശദ പഠനത്തിന് ഖറദാവിയുടെ 'ഇസ്‌ലാമിക ശരീഅത്തിലെ ഇജ്തിഹാദ്' എന്ന കൃതി കാണുക).
2. കര്‍മശാസ്ത്ര തത്ത്വങ്ങള്‍: ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച കര്‍മശാസ്ത്ര തത്ത്വങ്ങള്‍ (അല്‍ഖവാഇദുല്‍ ഫിഖ്ഹിയ്യ) പരിഗണിക്കണം. നിയമനിര്‍ധാരണ പ്രക്രിയയില്‍ ഈ തത്ത്വങ്ങളെ പരിഗണിക്കേണ്ടതാണ്.
'സമ്പ്രദായം നിയമമാക്കപ്പെടും.'
'ഉപദ്രവിക്കാന്‍ പാടില്ലാത്തതുപോലെ ഉപദ്രവിക്കപ്പെടാനും പാടില്ല'
'ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കണം.'
'പല തിന്മകളില്‍ കൂടുതല്‍ ഗുരുതരമായത് ഒഴിവാക്കാന്‍ താരതമ്യേന ലഘുവായത് സ്വീകരിക്കുക'
'ആയാസം അനായാസത്തെ കൊണ്ടുവരുന്നു.'
'കാര്യങ്ങളുടെ മൗലികത അനുവദനീയമാകുന്നു.'
'ഒറ്റപ്പെട്ട വിധികള്‍ സാമാന്യവത്കരിക്കാന്‍ പാടില്ല.'
'വ്യക്തിയുടെ താല്‍പര്യത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യം മുന്‍ഗണന അര്‍ഹിക്കുന്നു.'
'ഫര്‍ദുകള്‍ നിര്‍വഹിക്കുന്നത് വരെ ഐഛികങ്ങള്‍ സ്വീകാര്യമല്ല.'
'കാര്യങ്ങളുടെ അന്ത്യപരിണതി നോക്കിയാണ് സ്വീകരിക്കേണ്ടത്.'
'തിന്മയില്‍ അധിഷ്ഠിതമായത് തിന്മയായിത്തന്നെ തുടരും.'
'തെളിവിന്റ അടിസ്ഥാനത്തില്‍ ഉറച്ച കാര്യങ്ങള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കില്ല' തുടങ്ങിയ തത്ത്വങ്ങള്‍ ഉദാഹരണം.
3. യാഥാര്‍ഥ്യ ജ്ഞാനം
(ഫിഖ്ഹുല്‍ വാഖിഅഃ)
നിയമാവിഷ്‌കാരത്തില്‍ ഓരോ പ്രശ്‌നത്തിന്റെയും പ്രത്യേക പശ്ചാത്തലം പരിശോധിക്കണം. സ്ഥല-കാല-വ്യക്തി ബന്ധിതങ്ങളാണ് പശ്ചാത്തലം. അവയുടെ മാറ്റമനുസരിച്ച് അവയെ ആസ്പദിച്ചുണ്ടാകുന്ന വിധിയിലും മാറ്റം വരും. അതുപോലെ പ്രശ്‌നങ്ങള്‍ക്ക് നല്‍കപ്പെടുന്ന വിധി സമൂഹത്തിലും വ്യക്തിയിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും പരിഗണിക്കേണ്ടതാണ്. നോമ്പുകാരനായിരിക്കെ വൃദ്ധനായ വ്യക്തിക്ക് തന്റെ ഭാര്യയെ ചുംബിക്കാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയപ്പോള്‍ ചെറുപ്പക്കാരനെ അതില്‍നിന്ന് വിലക്കുകയുണ്ടായി. ഇവിടെ വ്യക്തിയുടെ അവസ്ഥയനുസരിച്ച് വിധിയില്‍ മാറ്റമുണ്ടായി.
4. 'സാമൂഹികപരത'
അഥവാ ഫിഖ്ഹുല്‍ ജമാഅഃ
ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ വ്യക്തിയുടെ പ്രശ്‌നങ്ങള്‍ എന്നതിലുപരി ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങളായി പരിഗണിക്കുകയാണ് ചെയ്യേണ്ടത്. പ്രത്യേകതയുള്ള സമൂഹമാണ് ന്യൂനപക്ഷം. അവര്‍ക്ക് വ്യതിരിക്തമായ ഐഡന്റിറ്റിയും ലക്ഷ്യങ്ങളും വ്യക്തിത്വവുമുണ്ട്. അതവഗണിക്കുക സാധ്യമല്ല. അതുപോലെ ന്യൂനപക്ഷത്തിന്റെ സാമൂഹികാവസ്ഥ പരിഗണിക്കണം. അവരുടെ അടിസ്ഥാനപരമായ വസ്തുതകള്‍, നിര്‍ബന്ധിതാവസ്ഥകള്‍, അനിവാര്യതകള്‍ എന്നിവ കണക്കിലെടുക്കണം. അനിസ്‌ലാമിക സാമൂഹികക്രമം പുലരുന്നിടത്ത് ഇസ്‌ലാമികമായി ജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന് ചിന്തിക്കണം. മതവിധി നല്‍കുമ്പോള്‍ സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളും ഭാവിയും വര്‍ത്തമാനവും പരിഗണിക്കണം. വിശുദ്ധ ഖുര്‍ആന്റെ അധിക സംബോധനയും സമൂഹത്തോടാണ്.
പ്രവാചകന്റെ ജീവിതവും തങ്ങളുടെ ജീവിതചര്യയും താരതമ്യം ചെയ്തുകൊണ്ട് ഒരു സംഘം സ്വഹാബികള്‍ രാത്രി നമസ്‌കാരം, വ്രതാനുഷ്ഠാനം, സ്ത്രീവിരക്തി തുടങ്ങിയ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പ്രവാചകന്‍(സ) അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. ലൈംഗികാസക്തി നിഗ്രഹിക്കാനൊരുങ്ങിയ പ്രമുഖ സ്വഹാബി ഉസ്മാന്‍ ഇബ്‌നു മദ്ഊനെ പ്രവാചകന്‍ വിലക്കി. സംഘടിത നമസ്‌കാരത്തില്‍ സമയം ദീര്‍ഘിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുആദുബ്‌നു ജബലി(റ)നെയും ഉബയ്യുബ്‌നു കഅ്ബി(റ)നെയും പ്രവാചകന്‍ ശകാരിച്ചു. ഇതെല്ലാം പഠിപ്പിക്കുന്നത് ഇസ്‌ലാം ലാളിത്യം ഇഷ്ടപ്പെടുന്നുവെന്നാണ്.
5. സ്ഥലകാല മാറ്റം
സ്ഥലകാല മാറ്റവും അതുപോലെ വിധിക്കാധാരമായ നിമിത്തവും മാറുന്നതിനനുസൃതമായി മതവിധിയിലും (ഫത്‌വ) മാറ്റം വരുമെന്നത് ഉസൂലുല്‍ ഫിഖ്ഹില്‍ അംഗീകൃത തത്ത്വമാണ്. ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) മദീനയില്‍ ഗവര്‍ണറായിരുന്നപ്പോള്‍ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിച്ചുകൊണ്ടും വാദിയുടെ സത്യം അംഗീകരിച്ചുകൊണ്ടും വിധി പ്രസ്താവിച്ചു. പക്ഷേ, അദ്ദേഹം ദമസ്‌കസില്‍ ഖലീഫയായിരുന്നപ്പോള്‍ കുറ്റം സ്ഥാപിക്കുന്നതിന് രണ്ട് സാക്ഷികള്‍ വേണമെന്ന നിലപാട് സ്വീകരിച്ചു.
6. ക്രമാനുഗതികത്വം
ന്യൂനപക്ഷ കര്‍മശാസ്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ക്രമാനുഗതികത്വം പരിഗണിക്കേണ്ടതാണ്. പ്രപഞ്ച സൃഷ്ടിപ്പിലും മനുഷ്യന്റെ സഷ്ടിപ്പിലുമെല്ലാം ക്രമാനുഗതികത്വം പാലിച്ചതായി കാണാം. ശര്‍ഈ നിയമം നടപ്പാക്കുന്നതിലും ഈ തത്ത്വം പാലിക്കുന്നു. വിശ്വാസ കാര്യങ്ങള്‍, ശ്രേഷ്ഠ ഗുണങ്ങള്‍, ആരാധനാ കാര്യങ്ങള്‍ എന്നീ ക്രമം പാലിച്ചതായി കാണാം. നമസ്‌കാരം തുടക്കത്തില്‍ രണ്ട് റക്അത്തായിരുന്നു. പിന്നീട് യാത്രയില്‍ അത് സ്ഥിരപ്പെടുത്തി. തുടര്‍ന്ന് സ്ഥിരതാമസക്കാരന് എണ്ണം വര്‍ധിപ്പിച്ചു. നോമ്പിന്റെ ആദ്യ വിധിയില്‍ ഇഷ്ടാനുസാരം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. തുടര്‍ന്ന് വ്രതാനുഷ്ഠാനം ഏവര്‍ക്കും നിര്‍ബന്ധമാക്കി. മദ്യനിരോധം നടപ്പില്‍ വരുത്തിയത് ഘട്ടം ഘട്ടമായാണ്. തന്നെയുമല്ല രണ്ട് തവണ മദ്യത്തിന്റെ അഭിശപ്തതയെപ്പറ്റി പരാമര്‍ശിച്ച ശേഷം മൂന്നാം ഘട്ടത്തിലാണ് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത്.
7. ആവശ്യങ്ങളും നിര്‍ബന്ധിതാവസ്ഥയും
നിര്‍ബന്ധിതാവസ്ഥകളില്‍ പ്രത്യേക നിയമമാണ് ബാധകമാവുക. ഭക്ഷണ പദാര്‍ഥങ്ങള്‍, പാനീയം, വസ്ത്രം, കരാറുകള്‍-വ്യവഹാരങ്ങള്‍, ഇടപാടുകള്‍ എന്നീ വിഷയങ്ങളില്‍ നിഷിദ്ധമായിരുന്നത് നിര്‍ബന്ധിത സാഹചര്യത്തില്‍, സാഹചര്യത്തിന്റെ അത്യാവശ്യം പരിഗണിച്ച് അനുവദനീയമാക്കപ്പെടും.
അത്യാവശ്യം അല്ലെങ്കില്‍ അനിവാര്യത ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധിതാവസ്ഥയുടെ സ്ഥാനത്ത് പരിഗണിക്കുന്നു. സമുദായത്തിന് ക്ലിഷ്ടത ഒഴിവാക്കി ആശ്വാസം പ്രദാനം ചെയ്യുകയാണതിന്റെ ലക്ഷ്യം. നിര്‍ബന്ധ സാഹചര്യത്തില്‍ നിഷിദ്ധമായ വസ്തുക്കള്‍ ഭക്ഷിക്കാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നു (അല്‍ബഖറ 173).
ആവശ്യം, അനിവാര്യത എന്നിവ കണക്കിലെടുത്ത് നിയമവിധികളില്‍ ഇളവ് അനുവദിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ഹദീസില്‍ ലഭ്യമാണ്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സുബൈറുബ്‌നുല്‍ അവാം എന്നിവര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ അവരുടെ ആവശ്യം മാനിച്ച് പട്ട് വസ്ത്രം ധരിക്കാന്‍ പ്രവാചകന്‍ ഇളവ് അനുവദിക്കുകയുണ്ടായി.
8. മദ്ഹബ് പക്ഷപാതിത്വത്തില്‍ നിന്നും മുക്തം
ന്യൂനപക്ഷ കര്‍മശാസ്ത്രം വിശേഷിച്ചും ആധുനിക കര്‍മശാസ്ത്രം പൊതുവിലും മദ്ഹബ് പക്ഷപാതിത്വത്തില്‍നിന്ന് മുക്തമാകണം. അതായത് ഏതെങ്കിലുമൊരു മദ്ഹബിന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നുജനങ്ങള്‍ക്ക് ക്ലിഷ്ടത വരുത്താന്‍ പാടില്ല. അതിനാല്‍ മതവിധി നല്‍കുന്നയാള്‍ (മുഫ്തി) ആധുനിക ഘട്ടത്തില്‍ വിശേഷിച്ചും, ജനങ്ങളെ മദ്ഹബിന്റെ ഇടുങ്ങിയ ജയിലറക്കുള്ളില്‍ നിന്ന് ശരീഅത്തിന്റെ വിശാലമായ തിരുമുറ്റത്തേക്ക് കൊണ്ടുവരണം.
ഉദാഹരണം, ഇന്നത്തെ കാലത്ത് ധാരാളം സ്ത്രീ പുരുഷന്മാര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നു. അവരുടെ അമുസ്‌ലിംകളായ മാതാപിതാക്കള്‍ വലിയ ധനാഢ്യരുമായിരിക്കാം. ധാരാളം ധനം ഉപേക്ഷിച്ചാണവര്‍ മരണപ്പെടുക. ഈ സമ്പത്ത് മുസ്‌ലിമായ മക്കള്‍ക്ക് അനന്തരമെടുക്കാമോ, രാജ്യത്തെ നിയമം അതിന് അനുവദിക്കുകയും അവര്‍ ധനത്തിന് അത്യാവശ്യമുള്ളവരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍?
'മുസ്‌ലിം, കാഫിറിന്റെ അനന്തരാവകാശത്തിന് അര്‍ഹനല്ല, തിരിച്ചും' എന്ന ഹദീസിന്റെ വെളിച്ചത്തില്‍ മതംമാറ്റം അനന്തര സ്വത്ത് തടയുമെന്ന് അഹ്‌ലുസ്സുന്നയിലെ നാല് മദ്ഹബുകളും പറയുന്നു.'
എന്നാല്‍, കാഫിറില്‍നിന്നും മുസ്‌ലിമിന് അനന്തരമെടുക്കാമെന്ന് പറഞ്ഞ സ്വഹാബിമാരും താബിഇകളുമുണ്ട്. മുആദുബ്‌നു ജബല്‍(റ), മുആവിയ്യത്തുബ്‌നു അബീസുഫ്‌യാന്‍ പോലുള്ള സ്വഹാബിമാരും മുഹമ്മദുബ്‌നു ഹനഫിയും മുഹമ്മദ് ബ്‌നു അലിയ്യുബ്‌നുല്‍ ഹസനും സഈദ്ബ്‌നുല്‍ മുസയ്യിബും ഇസ്ഹാഖ്ബ്‌നു റാഹവൈഹി പോലുള്ള താബിഈകളും ഇങ്ങനെ അഭിപ്രായപ്പെടുന്നു. ഇതേ വീക്ഷണമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും ഇബ്‌നുല്‍ ഖയ്യിമും തെരഞ്ഞെടുത്തത്. അതിന് ഇക്കാലത്ത് ഏറെ പ്രസക്തിയുമുണ്ട്. ഹദീസ് പാഠ വായനയില്‍ വന്ന മാറ്റമാണ് വിധിയില്‍ വന്ന ഭിന്നതക്ക് നിമിത്തം. യഥാര്‍ഥത്തില്‍ ഹദീസില്‍ പരാമര്‍ശിച്ച കാഫിര്‍ എന്നതിന്റെ വിവക്ഷ 'മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന, ശത്രുതയിലുള്ള സത്യനിഷേധി' എന്നാണ്.
മനുഷ്യന് നന്മ സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണ് ശരീഅത്ത് നിയമങ്ങള്‍. കാലാതിവര്‍ത്തിയും സാര്‍വജനീനവുമാണത്. മുസ്‌ലിമായ വ്യക്തി എവിടെയായിരുന്നാലും ഏത് പരിതസ്ഥിതിയിലായിരുന്നാലും ശരീഅത്തധിഷ്ഠിത ജീവിതം നയിക്കാന്‍ ബാധ്യസ്ഥനാണ്. യുക്തി ഭദ്രവും സരളവുമാണ് ശരീഅത്ത്. അത് ക്ലിഷ്ഠത സൃഷ്ടിക്കുന്നില്ല. അസാധ്യമായത് വഹിപ്പിക്കുന്നില്ല. മുസ്‌ലിം പടിഞ്ഞാറാകട്ടെ, കിഴക്കാകട്ടെ, ഇസ്‌ലാമിക ലോകത്താവട്ടെ, അതിന് പുറത്താകട്ടെ, ജനാധിപത്യ രാജ്യത്താകട്ടെ, സാധ്യമാവുന്ന നിലയില്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥനാണ്.
ശരീഅത്തില്‍നിന്നും അല്ലെങ്കില്‍ മതം ചുമത്തുന്ന ബാധ്യതയില്‍ നിന്നും യാതൊരാള്‍ക്കും മുക്തരായി, നിയമത്തിന്നതീതരാവാന്‍ കഴിയില്ല. മതപരമായി നിയമത്തില്‍ ഇളവ് നല്‍കിയവര്‍ക്കൊഴികെ. അപ്പോള്‍ മുസ്‌ലിം സമൂഹത്തിന് പുറത്ത് ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് അല്ലെങ്കില്‍ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമികമായി ജീവിക്കാന്‍ കര്‍മശാസ്ത്രം അനിവാര്യമാണ്. കാരണം അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭൗതിക നിയമവ്യവസ്ഥയുമായി ഇടപഴകുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക ശരീഅത്തധിഷ്ഠിത ജീവിതം നയിക്കാനും അവര്‍ ബാധ്യസ്ഥരാണ്. ഈ പശ്ചാത്തലമാണ് ന്യൂനപക്ഷ കര്‍മശാസ്ത്രത്തെ ഏറെ പ്രസക്തമാക്കുന്നത്.
(അവസാനിച്ചു)
റഫറന്‍സ്
1. ഫീ ഫിഖ്ഹില്‍ അഖല്ലിയാത്തില്‍ മുസ്‌ലിമഃ, ഡോ. യൂസുഫുല്‍ ഖറദാവി
2. മിന്‍ ഫിഖ്ഹില്‍ അഖല്ലിയാത്തില്‍ മുസ്‌ലിമഃ, ഖാലിദ് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍
3. നദ്‌റാത്തുന്‍ തഅ്‌സീസിയ്യ ഫീ ഫിഖ്ഹില്‍ അഖല്ലിയാത്ത്, ഡോ. ത്വാഹാ ജാബിര്‍ ഉല്‍വാനി
4. മആലിമു ഫിഖ്ഹില്‍ അഖല്ലിയ്യാത്ത്, ശൈഖ് അബ്ദുല്ലാ ബിന്‍ ബൈഹ്.
(ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പണ്ഡിത സഭ -മജ്‌ലിസുല്‍ ഇല്‍മില്‍- അവതരിപ്പിച്ച പ്രബന്ധത്തിന്റെ ലേഖനാവിഷ്‌കാരം)
Comments