Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

എന്താണ് നാമൂസ്?

ഡോ. മുഹമ്മദ് ഹമീദുല്ല

ഇനി നാം പരിശോധിക്കുന്നത്, ഖുര്‍ആന്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ട നിലയില്‍ നമ്മുടെ കൈകളില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നാണ്. ആദ്യമായി ഖുര്‍ആന്റെ ഭാഷയെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഖുര്‍ആന്റെ ഭാഷ അറബിയാണല്ലോ. അന്ത്യപ്രവാചകന് നല്‍കപ്പെട്ട വേദത്തിന്റെ ഭാഷയായി അറബിയെ തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം? ഏതൊരു ഭാഷയും പയ്യെപ്പയ്യെ മാറിക്കൊണ്ടിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഉര്‍ദു ഉദാഹരണമായെടുക്കുക. അഞ്ച് നൂറ്റാണ്ട് മുമ്പ് ഉര്‍ദുവില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇന്ന് വായിച്ച് മനസ്സിലാക്കുക വളരെ പ്രയാസമാണ്. ലോകത്തെ ഏത് ഭാഷയുടെ സ്ഥിതിയും ഇത് തന്നെ. അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ജീവിച്ച ഇംഗ്ളീഷ് കവിയാണ് ചോസര്‍. പൌരാണിക ഇംഗ്ളീഷില്‍ നല്ല അറിവുള്ള ലണ്ടനിലെ ഏതാനും പ്രഫസര്‍മാര്‍ക്ക് മാത്രമേ ഇന്ന് ചോസറിന്റെ ഭാഷ മനസ്സിലാവൂ. പഴയതും പുതിയതുമായ ഏത് ഭാഷക്കും ഇത് ബാധകമാണ്. അവയെല്ലാം ക്രമത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.
അങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയിലാണ് അല്ലാഹു ഒടുവിലത്തെ വേദം അവതരിപ്പിച്ചിരുന്നതെങ്കില്‍, ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന (പ്രഭാഷണം നടന്നത് 1980-ല്‍ ആണ്- വിവ) നമുക്ക് മറ്റൊരു വേദം കൂടി ദൈവം നല്‍കേണ്ടി വരുമായിരുന്നു. കാരണം അപ്പോഴേക്കും നൂറ്റാണ്ടുകള്‍ പിന്നിട്ട് ആ ഭാഷ സുഗ്രാഹ്യമല്ലാത്ത ഒന്നായി തീര്‍ന്നിട്ടുണ്ടാവും. മാറിക്കൊണ്ടേയിരിക്കും എന്ന ഭാഷാ പ്രകൃതത്തില്‍നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്ന ഒരൊറ്റ ഭാഷയേ ഉള്ളൂ. അത് അറബിയാണ്. നാമിന്ന് റേഡിയോയിലൂടെ കേള്‍ക്കുന്ന അറബിയും പത്രങ്ങളില്‍ വായിക്കുന്ന അറബിയും മുഹമ്മദ് നബി(സ)യുടെ കാലത്തെ അതേ അറബി തന്നെയാണ്. ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള അതേ അറബി. വാക്കുകളുടെ അര്‍ഥം, വാചക ഘടന, ഉച്ചാരണം, അക്ഷരങ്ങള്‍ ഇവയിലൊന്നും പ്രവാചകന്റെ കാലത്തെയും നമ്മുടെ കാലത്തെയും അറബി ഭാഷയില്‍ യാതൊരു വ്യത്യാസവുമില്ല. പ്രവാചകന്‍ നമ്മുടെ കാലത്ത് ജീവിച്ചിരിക്കുകയും ഞാന്‍ ആധുനിക അറബിയില്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുകയാണെങ്കില്‍ ഞാന്‍ പറയുന്ന ഓരോ വാക്കും അദ്ദേഹത്തിന് മനസ്സിലാവും. അദ്ദേഹം മറുപടി പറയുകയാണെങ്കില്‍ അതിലെ ഓരോ വാക്കും എനിക്കും മനസ്സിലാവും. അക്കാലത്തെ അറബിയും ഇക്കാലത്തെ അറബിയും രണ്ടും ഒന്നു തന്നെ; ഒരു മാറ്റവുമില്ല. അന്ത്യപ്രവാചകന് നല്‍കപ്പെടുന്ന വേദത്തിന്റെ ഭാഷ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ഒന്നായിരിക്കണം എന്നാണ് ഇതില്‍ നിന്ന് നാം എത്തിച്ചേരുന്ന നിഗമനം. അതിനാലാണ് അറബിയെ തെരഞ്ഞെടുത്തത്. സ്ഫുടത, അലങ്കാര ഭംഗി, സംഗീതാത്മക എന്നിങ്ങനെ അറബിക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അത്തരം ഗുണങ്ങളിലൊന്നാണ് മാറ്റത്തിന് വിധേയമാവാതിരിക്കുക എന്നതും. വിവിധ നാടുകളില്‍ താമസിക്കുന്ന അറബികള്‍ വ്യത്യസ്ത ലിപികളും ഭാഷാ രൂപങ്ങളും സ്വീകരിക്കുകയുണ്ടായില്ല. അതിനാല്‍ നമുക്കവരോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. തങ്ങളുടെ അധ്യയന ഭാഷയായും സാഹിത്യ ഭാഷയായും പ്രവാചകന്റെ കാലത്തെ അറബിയെ തന്നെ അവര്‍ നിലനിര്‍ത്തിയിരിക്കുന്നു.
ഖുര്‍ആന്‍ ഒറ്റയടിക്ക് അവതരിക്കുകയായിരുന്നില്ല. ഇതാണ് മറ്റൊരു പ്രത്യേകത. മോസസിന്റെ ശാസനപ്പലകകള്‍ ദൈവം ഒന്നിച്ച് നല്‍കിയതാണെന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനാകട്ടെ, 23 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി അവതരിക്കുകയായിരുന്നു. ഈ കാലയളവില്‍ പല സന്ദര്‍ഭങ്ങളിലായി അവതരിച്ച സൂക്തങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. പ്രവാചകന്‍ ഹിറാ ഗുഹയില്‍ ധ്യാനനിരതനായിരിക്കെ, ക്രി. 609 ഡിസംബറിലാണ് ഖുര്‍ആന്റെ അവതരണം ആരംഭിക്കുന്നത്. ജിബ്രീല്‍ എന്ന മലക്ക് ദൈവാജ്ഞയുമായി അവിടേക്ക് കടന്നു വരികയായിരുന്നു. മുഹമ്മദ് 'ഉമ്മിയ്യ്' ആയിരുന്നു, എഴുതാനും വായിക്കാനും അറിയാത്ത ആള്‍. നിരക്ഷരനായ ആളോട് ആദ്യത്തെ ആജ്ഞ തന്നെ 'വായിക്കൂ' എന്നായിരുന്നു. പിന്നീടുള്ള സൂക്തങ്ങളില്‍ പേനയുടെ മഹത്വം വിവരിച്ചു. വായിക്കാന്‍ പറഞ്ഞ ഉടനെ എന്തിനാണ് പേനയുടെ മഹത്വം പറയുന്നത്? കാരണം പേനയിലൂടെയാണ് അല്ലാഹു മനുഷ്യനെ അവന് അറിവില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പേന മാത്രമാണ് മനുഷ്യ നാഗരികതയുടെയും സംസ്കാരത്തിന്റെയും കലവറ (ൃലുീശെീൃ്യ). കഴിഞ്ഞകാല അറിവുകളെ രേഖപ്പെടുത്തിവെക്കുന്നത് പേനയാണ്. പില്‍ക്കാലക്കാര്‍ അതിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നു. ഇങ്ങനെയാണ് മനുഷ്യ നാഗരികത രൂപം കൊള്ളുന്നത്. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതും ഇതുതന്നെ. ഒരു കാക്ക രണ്ട് മില്യന്‍ വര്‍ഷം മുമ്പ് ഉണ്ടാക്കിയ അതേ കൂട് തന്നെയാണ് ഇപ്പോഴും ഉണ്ടാക്കുന്നത്. കാക്കയെ സംബന്ധിച്ചേടത്തോളം അക്കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. മനുഷ്യനാകട്ടെ ചന്ദ്രനില്‍ വരെ എത്തിക്കഴിഞ്ഞു. പ്രപഞ്ചം തന്നെ തന്റെ കൈപിടിയിലാണെന്ന തോന്നല്‍ മനുഷ്യനില്‍ ഉണ്ടാക്കാന്‍ മാത്രം ചടുലമാണ് അവന്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന പുരോഗതി.
ഭൂതകാല അറിവുകളെയും അനുഭവങ്ങളെയും സൂക്ഷിച്ചുവെക്കാന്‍ കഴിഞ്ഞത് കൊണ്ടും ഓരോ കാലത്തും പുതിയ സംഭാവനകള്‍ അതിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ് ഈ പുരോഗതി സാധ്യമായത്. ഇതിനെല്ലാം പേനയോട് നാം കടപ്പെട്ടിരിക്കുന്നു. 'മനുഷ്യനെ അവന്‍ പേന കൊണ്ട് പഠിപ്പിച്ചു, അവനറിയാത്തത് പഠിപ്പിച്ചു' (96:4,5) എന്ന് ഖുര്‍ആന്‍ ഈ പ്രക്രിയയെ മനോഹരമായി വിവരിക്കുന്നുണ്ട്.
അല്‍അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ അവതരിച്ചപ്പോള്‍ പ്രവാചകന്‍ വീട്ടില്‍ തിരിച്ചെത്തുകയും ഉണ്ടായ സംഭവങ്ങളെല്ലാം ഭാര്യ ഖദീജയോട് പറയുകയും ചെയ്തു. അദ്ദേഹം വല്ലാതെ പേടിച്ചും പരിഭ്രമിച്ചും പോയിരുന്നു. ഖദീജ അദ്ദേഹത്തെ ആശ്വസിപ്പിച്ചു: താങ്കളെ അല്ലാഹു വലക്കുകയില്ല. വറഖത്ത്ബ്നു നൌഫല്‍ എന്നൊരാളുണ്ട്. എന്റെ ബന്ധുവാണ്. മലക്കുകള്‍, വെളിപാട് പോലുള്ള ആത്മീയ കാര്യങ്ങളില്‍ നല്ല വിവരമാണ്. അദ്ദേഹത്തോട് പോയി ചോദിച്ചു നോക്കാം. എനിക്കീ കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ല. അതേസമയം പിശാചിന് താങ്കളെ കബളിപ്പിക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുമുണ്ട്. അങ്ങനെ അടുത്ത പ്രഭാതത്തില്‍ തന്നെ ഭര്‍ത്താവിനെയും കൊണ്ട് ഖദീജ തന്റെ ബന്ധുവായ വറഖത്തിന്റെ അടുത്തേക്ക് പുറപ്പെട്ടു എന്നാണ് ഒരു റിപ്പോര്‍ട്ടിലുള്ളത്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, അടുത്ത സുഹൃത്തായ അബൂബക്കര്‍ മുഖേനയാണ് പ്രവാചകന്‍ വറഖത്തുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കിയത്.
വറഖത്ത് വളരെ പ്രായം ചെന്ന ആളായിരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട് പോയിരുന്നു. ക്രൈസ്തവ വിശ്വാസിയാണ്. പ്രവാചകന്‍ ചെന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഒട്ടും ശങ്കിക്കാതെ വറഖത്ത് പറഞ്ഞു: "ഓ മുഹമ്മദ്! താങ്കള്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇത് മോശയുടെ നാമൂസ് പോലുള്ള ഒന്നാണ്.'' ചിലര്‍ 'നാമൂസ്' എന്ന വാക്കിന് അര്‍ഥം പറഞ്ഞിരിക്കുന്നത് 'വിശ്വസിക്കാവുന്നത്', 'അവലംബിക്കാവുന്നത്' എന്നൊക്കെയാണ്. ഈ അര്‍ഥം സന്ദര്‍ഭത്തിന് ചേരുകയില്ല. ജിബ്രീലിന്റെ തന്നെ പേരാണ് നാമൂസ് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. അര്‍റൂഹുല്‍ അമീന്‍ (26:193) എന്ന് ഇസ്ലാമിക പൈതൃകത്തില്‍ ജിബ്രീല്‍ അറിയപ്പെടുന്നതുപോലെ തന്നെ. പക്ഷേ ആ അര്‍ഥവും ഇവിടെ ശരിയാവുകയില്ല. എന്റെ അഭിപ്രായത്തില്‍ ഇത് ഒരു വൈദേശിക വാക്കാണ്; പിന്നീട് അറബിവത്കരിക്കപ്പെട്ടതാണ്. അതിന്റെ മൂലധാതു നോമോസ് (ചീാീ) എന്ന ഗ്രീക്ക് വാക്കാണ്. നിയമം എന്നര്‍ഥം. ഗ്രീക്ക് ഭാഷയില്‍ തൌറാത്തിന് പറയുന്ന പേരും നോമോസ് എന്നാണ്. അതായത് വറഖത്ത് പറഞ്ഞത്, ഇത് മൂസാക്ക് അവതരിച്ച തൌറാത്തിന് (നോമോസ്) സദൃശമാണെന്നാണ്. ഈ വാക്കാണ് സന്ദര്‍ഭത്തില്‍ ഏറ്റവും സംഗതവും പ്രസക്തവുമായിട്ടുള്ളത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍