Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

അബ്ദുല്‍ മലിക് മുടിക്കല്‍

ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ, കുറ്റകൃത്യങ്ങളും ശിക്ഷകളും എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായ ജനുവരി 26-ലെ ലക്കം മികവുറ്റതായിരുന്നു. ഇന്ത്യയിലെന്നല്ല ഏതു രാജ്യത്തിലെയും ജനവിഭാഗങ്ങളെ സംബന്ധിച്ച് ദൈവവിശ്വാസം, സമഗ്ര കുടുംബ വ്യവസ്ഥ, പരലോക വിശ്വാസം എന്നിവയില്ലാത്തേടത്തോളം കാലം മനുഷ്യജീവിതം കുത്തഴിഞ്ഞതായിരിക്കും.

ആര്‍.കെ അജ്മല്‍, ഇസ്ലാമിക് അക്കാദമി, കാപ്പാട്

'മഅ്ദനിക്ക് വേണ്ടത് ജാമ്യം' അഭിമുഖം (ലക്കം 32) ചില അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ഭരണകൂട ഭീകരതയുടെ തടവറയില്‍ ആശയറ്റ് കഴിയുന്ന ഒരാള്‍ക്ക് ഒരു കച്ചിത്തുരുമ്പെങ്കിലും നല്‍കാന്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. മഅ്ദനിമുറവിളി ചികിത്സയുടെ കാര്യത്തില്‍ മാത്രം ഒടുങ്ങുമ്പോള്‍ ജാമ്യമാണ് മഅ്ദനിക്കാവശ്യം എന്ന് ആര്‍ജവത്തോടെ പറയാന്‍ പ്രബോധനത്തിന് സാധിച്ചിരിക്കുന്നു.
മഅ്ദനിയെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍, അപവാദങ്ങള്‍ മലയാളികള്‍ക്കിടയില്‍ വളര്‍ന്ന് പന്തലിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മഅ്ദനി പ്രശ്നം,മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്ന് അധികാരികളുടെ കണ്ണു തുറപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ വാരിക ചെയ്തത്.


ടിപ്പുവിനെതിരെയുള്ള ഒടുങ്ങാത്ത അമര്‍ഷങ്ങളുടെ കടവേരുകള്‍
ടിപ്പു മതഭ്രാന്തനായിരുന്നുവെന്ന ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ പ്രസ്താവന ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ടിപ്പു, ഹിന്ദുക്കളെ നിര്‍ബന്ധിച്ചു മതം മാറ്റി, ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, മതം മാറാന്‍ തയാറില്ലാത്തവരെ കൊന്നു എന്നെല്ലാം അദ്ദേഹം ആരോപിച്ചിരിക്കുന്നു. എട്ടു വര്‍ഷം മാത്രമാണ് ടിപ്പു മലബാര്‍ ഭരിച്ചത്. നിര്‍ബന്ധിച്ച് മതം മാറ്റപ്പെട്ടവര്‍ക്ക് ആ എട്ടു വര്‍ഷം കഴിഞ്ഞു തങ്ങളുടെ പഴയ ഹിന്ദു മതത്തിലേക്ക് തിരിച്ചുപോകാമായിരുന്നു. പിന്നീട് ഭരണം നടത്തിയ ബ്രിട്ടീഷുകാരും അവരുടെ കീഴില്‍ പ്രാദേശിക നികുതി പിരിവുകാരായിത്തീര്‍ന്ന നാട്ടുരാജാക്കന്മാരും അതിനെതിരായിരുന്നില്ല. പക്ഷേ, അങ്ങനെയൊന്ന് സംഭവിച്ചതായി ആരും പറയുന്നില്ല. അതിനര്‍ഥം നിര്‍ബന്ധിത മതപരിവര്‍ത്തനം ടിപ്പു നടത്തിയിരുന്നില്ല എന്നല്ലേ?
1788-ല്‍ ടിപ്പു കോഴിക്കോട് നടത്തിയ വിളംബരം വഴി നമ്പൂതിരിമാരുടെ നായര്‍ സ്ത്രീകളുമായുള്ള സംബന്ധം നിര്‍ത്തലാക്കി. ബ്രാഹ്മണരുടെ അതിരു കടന്ന ലൈംഗികതയെയും അതിലൂടെ മുതലെടുപ്പ് നടത്തിയിരുന്ന നായന്മാരുടെ സാമ്പത്തിക ചൂഷണത്തെയുമാണ് ടിപ്പു ഇതിലൂടെ ചോദ്യം ചെയ്തത്. ടിപ്പു മലബാറില്‍ ഭൂമി ജന്മികളില്‍ നിന്ന് വേര്‍പ്പെടുത്തി, അളന്നു തിരിച്ചു നികുതി നിശ്ചയിച്ചു. ജന്മിത്തം അവസാനിപ്പിച്ചു. കേരളത്തിലാദ്യമായി ഭൂനികുതി ഏര്‍പ്പെടുത്തിയത് ടിപ്പുവാണ്. അതുവരെ ഭൂമി മുഴുവന്‍ ബ്രാഹ്മണരുടേതായിരുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയതാണ് കേരളത്തിലെ ഭൂമി മുഴുവനുമെന്ന ഐതിഹ്യം പ്രചരിപ്പിച്ചതിനാല്‍ രാജാക്കന്മാര്‍ക്ക് ഭൂനികുതി പിരിക്കാന്‍ പാടില്ലായിരുന്നു.
ടിപ്പുവിന്റെ പരിഷ്‌കരണങ്ങള്‍ നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ക്ക് കനത്ത നഷ്ടമായി പരിണമിച്ചു. ഇവരാണ് ടിപ്പുവിന്റെ ശത്രുക്കളായി മാറിയത്. അയിത്ത ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറക്കാന്‍ അവകാശം നല്‍കിയതും സവര്‍ണരെ ചൊടിപ്പിച്ചു. ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കേണ്ടത് ബ്രിട്ടീഷുകാരുടെയും ആവശ്യമായിരുന്നു. ബ്രിട്ടീഷുകാരുടെ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ ടിപ്പുവിനെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ക്ക് തെളിവ് കൊണ്ടുവരുന്നത്.
മൈസൂരില്‍ ടിപ്പു ഇന്നും മതമൗലികവാദിയല്ല. വളരെയധികം മൈസൂര്‍ ബ്രാഹ്മണര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ടിപ്പു മൈസൂരിന്റെ ഭരണാധികാരിയായതിലൂടെ അവര്‍ക്കൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. കുഞ്ഞാലി മരക്കാര്‍മാരെ വളരെയേറെ ബഹുമാനത്തോടു കൂടിയാണ് ഇന്നും കേരളമടക്കം അനുസ്മരിക്കുന്നത്. അവര്‍ മുസ്‌ലിംകളാണെങ്കിലും സവര്‍ണനായ സാമൂതിരിയുടെ കീഴിലെ പടത്തലവന്മാരായതുകൊണ്ടും അന്നിവിടെ നിലനിന്നിരുന്ന ജന്മിത്ത വ്യവസ്ഥിതിയുടെ ഭാഗമായിരുന്നതും കൊണ്ടുമാണ് അവരിന്നും ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നത്. എന്നാല്‍, ടിപ്പു അന്ന് നിലനിന്നിരുന്ന നായര്‍-നമ്പൂതിരി മേധാവിത്വ സാമൂഹിക വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചു. ഇതിലുള്ള അടങ്ങാത്ത അമര്‍ഷമാണ് ഇന്നും ടിപ്പുവിരുദ്ധ പരാമര്‍ശങ്ങളായി ഇടക്കിടെ പൊട്ടിയൊഴുകുന്നത്.
ടി. അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍ 


വിവാദ തന്ത്രങ്ങളുടെ
വിശ്വരൂപം
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ഫയറിംഗ് ലൈനില്‍ നിര്‍ത്തി നിര്‍മിക്കപ്പെടുന്ന സിനിമകളില്‍ കമല്‍ ഹാസന്റെ വിശ്വരൂപവും കൂടി ഇടം പിടിച്ചു എന്നാണ് അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കാണിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇസ്‌ലാമിനെതിരെയാകുമ്പോള്‍ അതിന് ആവശ്യത്തിലധികം പബ്ലിസിറ്റിയും വാണിജ്യ മൂല്യവും ലഭിക്കുന്നു. പിന്നീട് ഉണ്ടാവുന്ന വിവാദങ്ങള്‍ക്ക് ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നവരുടെ സര്‍വ പിന്തുണയും ലഭിക്കും എന്നതിന് തസ്‌ലീമയും റുശ്ദിയും തന്നെ തെളിവ്.
ഇത്തരക്കാരുടെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയാതെ പ്രതിഷേധങ്ങള്‍ വൈകാരിക പ്രകടനങ്ങളായി പരിണമിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ പരിക്കേല്‍ക്കുന്നത് ഇസ്‌ലാമിന്റെ പ്രതിഛായക്കാണ്. ഇങ്ങനെ പരിക്കേല്‍പ്പിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് ഇസ്‌ലാംവിദ്വേഷത്തിന്റെ ലക്ഷ്യമെന്ന്, വൈകാരിക സമീപനങ്ങള്‍ സ്വീകരിക്കുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയണം.
നെജീര്‍ വെള്ളാങ്കല്ലൂര്‍, ബഹ്‌റൈന്‍ 


നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍,
ചിലര്‍ കൂടുതല്‍ തുല്യരോ...?
ഒരുപാട് സ്‌ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാടാണ് ഇന്ത്യ. 1989-ലെ ഭഗല്‍പൂര്‍ കലാപം തൊട്ട് ഇങ്ങ് മുംബൈ വരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. പലപ്പോഴും പ്രതികളെന്ന് മുദ്രകുത്തി തുറുങ്കിലടക്കുന്നത് നിരപരാധികളെയാണ്. അതും ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിലെ അംഗങ്ങളെ. ചെയ്യാത്ത കുറ്റം ചുമത്തി തുറുങ്കിലടക്കുക നിയമപാലകരുടെ പതിവായി മാറിയിരിക്കുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സവര്‍ണരെന്നോ അവര്‍ണരെന്നോ ഭേദമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങളും മീഡിയയും മുസ്‌ലിംകളെ ഭീകരരായി ചാപ്പ കുത്തുന്നത്? യഥാര്‍ഥ പ്രതികളെ അന്വേഷിക്കാതെ, എല്ലാം മുസ്‌ലിംകളെന്ന് കണ്ണടച്ച് വിശ്വസിക്കുന്ന മുസ്‌ലിം വിരുദ്ധ ഒളിയജണ്ട ഇനിയെങ്കിലും അവസാനിപ്പിച്ചേ പറ്റൂ. 
ഭീകര മുദ്ര ചാര്‍ത്തി മിക്ക സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. പോട്ട, ടാഡ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലകപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. ഇവരില്‍ പലരും ഇനിയും മോചിതരായിട്ടില്ല. കള്ളക്കേസുകളിലകപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ നിരവധി മുസ്‌ലിം യുവാക്കളുണ്ട്. ഇത്തരം നീതിനിഷേധങ്ങളും ചാപ്പകുത്തലുകളും തുടര്‍ന്നുകൊണ്ടിരുന്നാല്‍ രാജ്യം വര്‍ഗീയവാദികളുടെ കൈകളിലകപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ഭരണഘടനക്കനുസൃതമായ നിയമം നടപ്പിലാക്കുമ്പോഴേ രാജ്യം ഭീകരാക്രമണങ്ങളില്‍ നിന്നും സ്‌ഫോടനങ്ങളില്‍ നിന്നും മുക്തമാകൂ.
കെ.സി.എ സലീം കരിങ്ങനാട് 


കുടുംബത്തിന്റെ സ്വസ്ഥത കെടുത്തുന്നത്
സംശയത്തിന്റെ അണുക്കള്‍

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'പ്രണയബന്ധങ്ങളിലെ പാപച്ചുഴികള്‍' വായിച്ചപ്പോള്‍ ഈയിടെ അറിയാനിടയായ, ബന്ധങ്ങളിലെ സംശയക്കുഴികളിലകപ്പെട്ട ചില അണുകുടുംബങ്ങളുടെ കഥ ഓര്‍ത്തുപോയി. അണുകുടുംബത്തില്‍ സംശയത്തിന്റെ അണുക്കള്‍ കൂടി വളരാനിടയായാലുണ്ടാവുന്ന ദുരിതങ്ങള്‍ നമുക്ക് ചിന്തിക്കാവുന്നതിലപ്പുറമാണ്.
വിവാഹത്തിന് മുമ്പ് അറിവില്ലായ്മ കൊണ്ടും മലീമസ ചുറ്റുപാടുകളുടെ പ്രലോഭനത്താലും മറ്റും ഇരു വിഭാഗത്തിനും വന്നുപോയിട്ടുള്ള വീഴ്ചകള്‍ വിവാഹശേഷം ഏതെങ്കിലുമൊരു കക്ഷി അറിയാനിടയായാല്‍ അതില്‍ ഗവേഷണം നടത്തി പഴയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുടുംബജീവിതം സമാധാനപൂര്‍വം മുന്നോട്ടു കൊണ്ടുപോവുക പ്രയാസം തന്നെയായിരിക്കും.
മറിച്ച്, പരസ്പരം വിശ്വാസത്തിലെടുത്ത് അല്ലാഹു കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങളെയൊക്കെ ഓര്‍ത്തും സ്വന്തത്തെ സ്വയം വിലയിരുത്തിയും ഭാവി ജീവിതം സന്തോഷപ്രദമാക്കാനുള്ള ശ്രമമാണ് ബുദ്ധിയും വിവേകവുമുള്ളവര്‍ നടത്തേണ്ടത്. അത്തരം സംശയക്കുഴിയിലകപ്പെട്ടവര്‍ക്ക് എന്തുകൊണ്ടും ആശ്വാസം പകര്‍ന്നു നല്‍കുന്നതായിരുന്നു പ്രസ്തുത ലേഖനം.
കെ.എ മമ്മൂട്ടി കവിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍