വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പാഠപുസ്തകങ്ങളുടെ സവിശേഷതകള്‍
തെക്കന്‍ കേരളത്തിലെ മതവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 57 വര്‍ഷമായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തിച്ചുവരുന്നു. മദ്‌റസ, അറബിക് കോളേജ്, പള്ളി ദര്‍സ് എന്നിവയാണ് ദീനീ വിദ്യാഭ്യാസത്തിന്റെ പ്രധാന മാര്‍ഗങ്ങള്‍. 1985-ല്‍ തുടക്കം കുറിച്ച 'ജാമിഅ മന്നാനിയ്യ' ഉന്നത ദീനീപഠനം ലക്ഷ്യമിടുന്ന സ്ഥാപനമാണ്. 'ദക്ഷിണ'യുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 1995-ല്‍ ആരംഭിച്ച 'മന്നാനിയാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും' ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളും ഭൗതിക വിദ്യാഭ്യാസ രംഗത്തേക്കുള്ള സംഘടനയുടെ ചുവടുവെപ്പുകളാണ്. അനാഥ സംരക്ഷണാര്‍ഥം ഓര്‍ഫനേജുകളും, ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ അവസരമൊരുക്കുന്ന 'തഹ്ഫീളുല്‍ ഖുര്‍ആന്‍' സ്ഥാപനങ്ങളും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കാന്‍ സൗകര്യമുള്ള തര്‍ബിയ്യത്ത് കോളേജും 'ദക്ഷിണ'യുടെ കീഴില്‍ നടന്നുവരുന്നുണ്ട്.
തിരു-കൊച്ചിയിലെ മതപഠന ചരിത്രം
അരനൂറ്റാണ്ടിനപ്പുറം തിരു-കൊച്ചിയിലെ ദീനീ വിദ്യാഭ്യാസരംഗം വളരെ ദുര്‍ബലമായിരുന്നു. മുസ്‌ലിയാക്കന്മാരുടെ വീട്ടുവരാന്തയിലും മസ്ജിദുകളോടു ചേര്‍ന്നു നടന്നിരുന്ന പള്ളിപ്പുരകളിലും പരിമിതമായിരുന്നു അന്നത്തെ മതപഠനം. വലിയ ദീനീ താല്‍പര്യമുള്ളവര്‍ മാത്രമേ കുട്ടികളെ ഇത്തരം സംവിധാനങ്ങളില്‍ അയച്ച് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നുള്ളൂ. അക്കാലത്തെ ദീനീ വിദ്യാഭ്യാസത്തിന്റെ പതിതാവസ്ഥയെക്കുറിച്ച്, 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും പണ്ഡിത പ്രമുഖനുമായിരുന്ന കായംകുളം എം. ഉമര്‍കുട്ടി മൗലവി എഴുതിയത് ഇങ്ങനെ വായിക്കാം; ''ഇന്നത്തെ മുസ്‌ലിംകളില്‍ അറിവ് വളരെ ശോചനീയമായ നിലയിലാണ് കാണപ്പെടുന്നത്. അവരുടെ പ്രാണതുല്യമായ മതപരമായ അറിവുകളില്‍ പോലും അതര്‍ഹിക്കുന്ന ഗൗരവത്തോടു കൂടി അവര്‍ ശ്രദ്ധിക്കുന്നില്ല എന്നുള്ളത് പരസ്യമായ ചരിത്രമാണ്. മുസ്‌ലിംകളുടെ ഇടയില്‍ മതബോധമുള്ളവര്‍ വളരെ കുറവാണെന്ന് ഇതര മതസ്ഥരുടെ ഇടയിലും പരസ്യമാണ്. മുസ്‌ലിംകള്‍ തങ്ങളുടെ സന്താനങ്ങളെ, മതപരമായ അറിവ് പഠിപ്പിക്കുന്നതിന് വ്യവസ്ഥാപിതമായ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും അതു തുലോം കുറവാണെന്ന് പറയുന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. കുട്ടികള്‍ക്ക് ഖുര്‍ആന്‍ മുതലായ പ്രാരംഭ പഠനങ്ങള്‍ നല്‍കുന്നതിനായി അവിടവിടെ ചില പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിലപ്പുറം യാതൊരു മാര്‍ഗവും ആരും തന്നെ ചിന്തിക്കുന്നില്ല. വാസ്തവത്തില്‍ ഈ നില തുടര്‍ന്നുപോവുകയാണെങ്കില്‍, കുറച്ചു കാലം കഴിയുമ്പോള്‍ മതബോധമുള്ളവര്‍ ക്രമത്തിലധികം കുറഞ്ഞുപോവുകയും തന്നിമിത്തം മതത്തിന്റെ പേരു തന്നെ മാഞ്ഞുപോവുകയും ചെയ്യും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല (അല്ലാഹു അതിനിടയാക്കാതിരിക്കട്ടെ). അങ്ങനെ വരുന്ന പക്ഷം മുസ്‌ലിം സമുദായത്തിന്റെ നില വലിയ അപകടത്തിലായിത്തീരും. എന്തുകൊണ്ടെന്നാല്‍ മുസ്‌ലിം സമുദായം ലോകത്ത് നിലനില്‍ക്കണമെങ്കില്‍ അവരുടെ മതമായ ഇസ്‌ലാം ലോകത്ത് നിലനില്‍ക്കണം. ഇസ്‌ലാം മതം ലോകത്ത് നിലനില്‍ക്കണമെങ്കില്‍ ആ മതത്തിലെ അറിവുകളും അതനുസരിച്ചുള്ള പ്രവര്‍ത്തികളും സര്‍വത്ര പ്രചരിപ്പിക്കണം.'' (അന്നസീം, ലക്കം 1, പുസ്തകം ഒന്ന്, 1956 ഓക്‌ടോബര്‍ 8,'ഇസ്‌ലാം മതവും അറിവും' എന്ന ലേഖനത്തില്‍നിന്ന്).
ഒറ്റപ്പെട്ട രീതിയില്‍ നടന്നു വന്നിരുന്ന മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഖുര്‍ആന്‍ പാരായണവും നമസ്‌കാരക്കണക്കും വശമാക്കലായിരുന്നു. മതരംഗത്തെ ഉപരിപഠനം അധികവും മൗലൂദ്, റാത്തീബ്, മാലകള്‍ മുതലായവ പാരായണം ചെയ്യാന്‍ പരിശീലിക്കലായിരുന്നു. അതിനപ്പുറം 'മുസ്‌ലിയാര്‍' എന്ന പദവി ആഗ്രഹിക്കുന്നവര്‍ പൊന്നാനിയിലോ, മറ്റേതെങ്കിലും പള്ളിദര്‍സിലോ പോകണമായിരുന്നു (തേവലക്കര അലിയാരു കുഞ്ഞ് മൗലവിയുടെ ലേഖനത്തില്‍നിന്ന്, - ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ 50 ാം വാര്‍ഷിക സുവനീര്‍). മലബാറില്‍നിന്ന് തെക്കന്‍ കേരളത്തില്‍ വന്ന് താമസമാക്കിയ മുസ്‌ലിയാക്കന്മാരും തിരു-കൊച്ചിയിലെ മതപണ്ഡിതന്മാരും നടത്തിയ ഒറ്റപ്പെട്ട ശ്രമങ്ങള്‍ വലിയ ഫലമൊന്നും ഉണ്ടാക്കാന്‍ പര്യാപ്തമായിരുന്നില്ല. ഈ ദുരവസ്ഥക്ക് മാറ്റം വരുത്തുന്നതില്‍ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്. അവയുടെ ആശയപരമായ സ്വാധീനവും കര്‍മരംഗത്തു നല്‍കിയ ദിശാബോധവും ഈ രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി.
ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്
മത വിദ്യാഭ്യാസരംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ' പ്രഥമ പരിഗണന നല്‍കിയത്. മദ്‌റസാ വിദ്യാഭ്യാസം വ്യവസ്ഥാപിതമാക്കണമെന്നും സിലബസും പാഠപുസ്തകങ്ങളും തയാറാക്കി, കൃത്യമായ മേല്‍നോട്ടത്തോടെ എല്ലാ മഹല്ല് ജമാഅത്തുകളിലും മതപഠനം സാര്‍വത്രികമാക്കണമെന്നും 'ദക്ഷിണ' തീരുമാനിച്ചു. തദാവശ്യര്‍ഥം രൂപം കൊടുത്തതാണ് 'ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്.' 1956 ല്‍, 'വിദ്യാഭ്യാസ ബോര്‍ഡ്' രൂപീകരിച്ചുവെങ്കിലും 1958 ലാണ് പ്രവര്‍ത്തനങ്ങള്‍ സജീവമായിത്തുടങ്ങിയത്.
ആലപ്പുഴ ജില്ലയിലെ കാഞ്ഞിപ്പുഴ സ്വദേശിയായ കെ.എം അബൂബക്കര്‍ ലബ്ബയായിരുന്നു 'ദക്ഷിണ'യുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരന്‍. ഏറെക്കാലം മലബാറില്‍ മദ്‌റസാ അധ്യാപകനായിരുന്ന അദ്ദേഹം 'സമസ്ത'യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്, തെക്കന്‍ കേരളത്തില്‍ തിരിച്ചെത്തി ദീനീവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പാഠപുസ്തകങ്ങളും മറ്റും തയാറാക്കി പ്രചരിപ്പിക്കുകയും മദ്‌റസകളെ ഏകീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വന്തമായി പണം ചെലവഴിച്ചായിരുന്നു അദ്ദേഹം ഇതെല്ലാം ചെയ്തു തുടങ്ങിയത്. 'വിദ്യാഭ്യാസ ബോര്‍ഡ്' രൂപീകരിച്ച് മതവിദ്യാഭ്യാസരംഗം സജീവമാക്കാന്‍ 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ' തീരുമാനിച്ചതോടെ, അബൂബക്കര്‍ ലബ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത സ്വഭാവം കൈവന്നു. ലബ്ബയില്‍ നിന്ന് സിലബസും പാഠപുസ്തകങ്ങളും മറ്റും 'ദക്ഷിണ' ഏറ്റെടുത്തു.
ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായി പണ്ഡിത പ്രമുഖരെ ഉത്തരവാദിത്തം ഏല്‍പ്പിച്ചു. കരുവാ അലവി കുഞ്ഞ് മൗലവി (ചെയര്‍മാന്‍), കെ.എം അബൂബക്കര്‍ ലബ്ബ (കണ്‍വീനര്‍), വൈ. അബ്ദുല്ലത്വീഫ് മൗലവി (സെക്രട്ടറി), കണ്ണനല്ലൂര്‍ അലികുഞ്ഞ് ലബ്ബ (ട്രഷറര്‍) തുടങ്ങിയവരായിരുന്നു ആദ്യത്തെ ഭാരവാഹികള്‍. പ്രാഥമിക മതപഠനത്തിനനുയോജ്യമായ സിലബസ് രൂപപ്പെടുത്തുകയും അതിനനുസരിച്ച പാഠപുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത വിദ്യാഭ്യാസ ബോര്‍ഡ്, മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി വ്യവസ്ഥാപിതത്വം കൊണ്ടുവരാന്‍ ശ്രമിച്ചു. 700 ല്‍പരം മദ്‌റസകളാണ് തുടക്കത്തില്‍ 'ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡി'ല്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രമാനുഗതമായി അത് വര്‍ധിച്ചു വന്നു. ഇപ്പോള്‍, 2500ഓളം മദ്‌റസകള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കുള്ള സിലബസ്, പാഠപുസ്തകങ്ങള്‍, ടൈംടേബ്ള്‍, അര്‍ദ്ധ വാര്‍ഷിക-വാര്‍ഷിക പൊതുപരീക്ഷകള്‍, കേന്ദ്ര എക്‌സാമിനേഷന്‍ ബോര്‍ഡ്, അതിനു കീഴില്‍ 46 മേഖലകളില്‍ പരീക്ഷാ സമിതികള്‍, 50 മദ്‌റസകള്‍ക്ക് ഒരു മേഖല എന്ന നിലയില്‍ 46 മേഖലകളിലായി വിദ്യാഭ്യാസ ഉപജില്ലകള്‍, പഠന-അധ്യാപന നിലവാരം പരിശോധിക്കാന്‍ മുഫത്തിശുമാര്‍, വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ അഭിരുചികള്‍ ഇസ്‌ലാമികമായി പരിപോഷിപ്പിക്കാന്‍ മത്സര പരിപാടികള്‍, പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓഫ്‌സെറ്റ് പ്രസ്സ്, അധ്യാപകര്‍ക്ക് പരിശീലന പരിപാടികള്‍ തുടങ്ങിയ സംവിധാനങ്ങളുള്ള മതപഠന വേദിയായി 'ദക്ഷിണ'യുടെ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാറിയിട്ടുണ്ട്.
പാഠപുസ്തകങ്ങള്‍
ഒന്നു മുതല്‍ പത്തു വരെ മദ്‌റസ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. മലയാളം, അറബി ഭാഷയിലും അറബി-മലയാളം ലിപിയിലും പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അറബി മലയാളത്തില്‍ ഉള്ളവ തുലോം കുറവാണ്. ദീനിയ്യാത്ത്, തജ്‌വീദ്, ശാഫിഈ ഫിഖ്ഹ്, ഹനഫീ ഫിഖ്ഹ് (മൂന്നാം ക്ലാസ്), തജ്‌വീദ് (നാലാം ക്ലാസ്), അല്‍ഫിഖ്ഹു ശാഫിഈ, അല്‍ഫിഖ്ഹുല്‍ ഹനഫി, ദീനിയ്യാത്ത് (രണ്ടാം ക്ലാസ്), അറബി മലയാളം ലിപി പഠനം (ഒന്നാം ക്ലാസ്) എന്നിവ മാത്രമാണ് അറബിമലയാളത്തിലുള്ളത്. മറ്റു ക്ലാസുകളിലേക്കൊന്നും അറബിമലയാളം പുസ്തകങ്ങളില്ല. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അഖ്‌ലാഖ്, നബിചരിത്രം, ഖലീഫമാരുടെയും ഇമാമുമാരുടെയും ചരിത്രം എന്നീ പുസ്തകങ്ങള്‍ മലയാളത്തിലാണ്. 7, 8, 9, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ പൂര്‍ണമായും അറബി ഭാഷയിലാണ്. 4, 5, 6 ക്ലാസുകളിലെ ദീനിയ്യാത്ത്, ഫിഖ്ഹുല്‍ ഹനഫീ, ഫിഖ്ഹുശാഫിഈ തുടങ്ങിയവയും അറബിയില്‍ തന്നെ. 'ദക്ഷിണ'യുടെ സിലബസിന്റെ പ്രധാന സവിശേഷതകളിലൊന്ന് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള ഇന്ത്യന്‍ മുസ്‌ലിം ചരിത്ര പഠനമാണ്. 'മുസ്‌ലിംകളുടെ ഇന്ത്യന്‍ പാരമ്പര്യം' എന്ന പേരിലുള്ള മൂന്ന് പാഠപുസ്തകങ്ങള്‍ 'ദക്ഷിണ'യുടെ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിഷയം കേരളത്തിലെ മറ്റു മതസംഘടനകളുടെ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും സിലബസില്‍ ഉള്‍പ്പെടുത്തിയതായി അറിയില്ല. ആദം നബിയും ഇന്ത്യയും, ചേരമാന്‍ പെരുമാള്‍, മാലികുദ്ദീനാര്‍ സംഘം, സിന്ധ് ആക്രമണം, മുസ്‌ലിം രാജവംശങ്ങള്‍, സ്വാതന്ത്ര്യസമരവും മുസ്‌ലിംകളും, ടിപ്പുസുല്‍ത്താന്‍, മാപ്പിള ലഹള, കുഞ്ഞഹമ്മദ് ഹാജി, വാഗണ്‍ ട്രാജഡി (5 ാം ക്ലാസ്), പരീക്കുട്ടി ഹാജി, ഖിലാഫത്ത് പ്രക്ഷോഭം, ഹസ്‌റത്ത് മൊഹാനി, അല്ലാമാ ഇഖ്ബാല്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, വക്കം അബ്ദുല്‍ ഖാദിര്‍, മൗലാനാ അബുല്‍ കലാം ആസാദ്, ഇന്ത്യക്ക് സ്വാതന്ത്ര്യം, ഗാന്ധിജിയുടെ വധം, ഇന്ത്യന്‍ ഭരണഘടന, ബാബറി മസ്ജിദ് (6 ാം ക്ലാസ്), സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, വെളിയങ്കോട് ഉമര്‍ ഖാദി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഖാദി മുഹമ്മദ്, കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ശൈഖ് അഹ്മദ് സര്‍ഹിന്ദി, ഷാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി, അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി, ദാറുല്‍ ഉലൂം ദേവ്ബന്ത്, ജാമിഅഃ ബാഖിയാത്തുസ്സാലിഹാത്ത്, ജാമിഅ മന്നാനിയ്യ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യയില്‍ ഇസ്‌ലാം; ദേശീയ നേതാക്കളുടെ ദൃഷ്ടിയില്‍ (7 ാം ക്ലാസ്) എന്നിവയാണ് 'മുസ്‌ലിംകളുടെ ഇന്ത്യന്‍ പാരമ്പര്യം' പാഠപുസ്തകത്തിലെ ഉള്ളടക്കം.
7, 8, 9, 10 ക്ലാസുകളില്‍ 'ഖുര്‍ആന്‍ അര്‍ഥവും വിശദീകരണവും' പഠിപ്പിക്കുന്നതാണ് സിലബസിന്റെ മറ്റൊരു പ്രത്യേകത. അല്‍ഹുമസ മുതല്‍ ളുഹാ വരെ (7 ാം ക്ലാസ്), അല്ലൈല്‍ മുതല്‍ അല്‍ബുറൂജ് വരെയും ആയത്തുല്‍ കുര്‍സിയും ആമനര്‍റസൂലും (8 ാം ക്ലാസ്), അല്‍ഇന്‍ഷിഖാഖ് മുതല്‍ അന്നബഅ് വരെയും, അല്‍മുല്‍ക് മുതല്‍ അല്‍വാഖിഅ വരെയും (9 ാം ക്ലാസ്), യാസീന്‍, അര്‍റഹ്മാന്‍, അല്‍ജുമുഅ, അല്‍മുനാഫിഖൂന്‍ (10 ാം ക്ലാസ്) എന്നീ സൂറത്തുകളുടെ അര്‍ഥവും വിശദീകരണവുമാണ് 'തദ്‌രീസുല്‍ ഖുര്‍ആന്‍' പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മദ്‌റസകള്‍ക്കു പുറമെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'ദക്ഷിണ'യുടെ നേരിട്ടുള്ള നിയന്ത്രണത്തിലും അല്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ ഔദ്യോഗിക മേല്‍നോട്ടത്തിലല്ലാതെ, 'ദക്ഷിണ'യുടെ നേതാക്കളും പണ്ഡിതന്മാരും മഹല്ല് ജമാഅത്തുകളും മുന്‍കൈയെടുത്ത് നടത്തുന്ന അറബിക്ക് കോളേജുകളും ഓര്‍ഫനേജുകളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ധാരാളമുണ്ട്. ജാമിഅ ഹസനിയ്യ വാഴക്കുളം-ആലുവ, ജാമിഅ ബദ്‌രിയ്യ പേഴക്കാപള്ളി-മൂവാറ്റുപുഴ, ഹിദായത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് പൂന്തുറ-തിരുവനന്തപുരം, അസാസുദ്ദഅ്‌വാത്ത്, ഖൈറാബാദ്, വെങ്ങോല-ചേലക്കുളം, ജാമിഉല്‍ ഖൈറാത്ത് വാളക്കാട്-ആറ്റിങ്ങല്‍, ജാമിഅ ഹുദൈബിയ്യ വെള്ളാഞ്ചിറ, പനവൂര്‍-വെഞ്ഞാറമൂട്, ജാമിഅ സ്വലാഹിയ്യ കടുവയില്‍, തോട്ടക്കാട്-കല്ലമ്പലം, കല്ലമ്പലം-തിരുവനന്തപുരം റഹ്മത്തുല്‍ അനാം അറബിക് കോളേജ്, വായ്പൂര്‍-പത്തനംതിട്ട തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. ഏറെ വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള സ്ഥാപനങ്ങള്‍ ഇവയിലുണ്ട്. ഇവ കൂടാതെ ധാരാളം പള്ളി ദര്‍സുകളും നടന്നുവരുന്നു.
'ദക്ഷിണ'യുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍, ജാമിഅ മന്നാനിയ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ രംഗത്തെ ശ്രദ്ധേയമായ ഈടുവെപ്പാണ്. അവയെക്കുറിച്ച് അടുത്ത ലക്കത്തില്‍.
(തുടരും)
[email protected]
Comments