ചക്രവാളത്തില്‍ ഫാഷിസത്തിന്റെ ദുര്‍ഭൂതം
കഴിഞ്ഞ ജനുവരി 28-ന് അശ്ശുറൂഖ്, മിസ്വ്രില്‍ യൌം എന്നീ പത്രങ്ങള്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിന്റെ രത്നച്ചുരുക്കം ഇതാണ്: മുപ്പത് വയസ്സുള്ള ഒരു കര്‍ഷകതൊഴിലാളിയെ തഹ്രീര്‍ സ്ക്വയറില്‍ വെച്ച് പോലീസ് പിടികൂടി. ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ താമസക്കാരനാണ്. പേര് മുഹമ്മദ്. അയാളുടെ കൈവശം ഒരു പിസ്റളും 50 വെടിയുണ്ടകളും 400 ഈജിപ്ഷ്യന്‍ പൌണ്ടും ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ അയാള്‍, താന്‍ 'ബ്ളാക്ക് ബ്ളോക്' (കറുത്ത സംഘം) എന്ന സംഘടനയില്‍ അംഗമാണെന്ന് സമ്മതിച്ചു. അബ്ദു എന്നൊരാളാണ് അയാള്‍ക്ക് ആയുധം നല്‍കിയത്. മക്കി എന്നൊരാള്‍ക്ക് ഈ ആയുധവും വെടിയുണ്ടകളും 2500 പൌണ്ടിന് കൈമാറാനാണ് അയാള്‍ തഹ്രീര്‍ സ്ക്വയറില്‍ എത്തിയത്. തഹ്രീര്‍ സ്ക്വയറില്‍ കലാപവും സമരവും നടത്തുന്നവര്‍ക്ക് നേരത്തെയും ഇയാള്‍ ആയുധങ്ങള്‍ കൈമാറിയിട്ടുണ്ട്.
അന്നേ ദിവസം അല്‍ വത്വന്‍ പത്രം മറ്റൊരു വാര്‍ത്ത പുറത്തുവിട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈജിപ്തില്‍ അരങ്ങേറിയ മുഴുവന്‍ സംഭവവികാസങ്ങളിലും 'ബ്ളാക് ബ്ളോകി'ന് പങ്കുണ്ടെന്നും അതിന്റെ അംഗങ്ങള്‍ക്ക് അതിനുള്ള മതിയായ പരിശീലനം കിട്ടിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പേജില്‍ സംഘടന നടത്തിയ അവകാശ വാദമാണ് വാര്‍ത്തക്ക് ആധാരം. അവരുടെ അംഗസംഖ്യ മൊത്തം പതിനായിരം വരുമത്രെ. അവരുടെ മുഖ്യ ഉന്നം ഇഖ്വാനുല്‍ മുസ്ലിമൂന്റെ കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നതാണ്. അല്‍ വത്വന്‍ പത്രം ജനുവരി 27-ന് ബ്ളാക് ബ്ളോക്കിനെക്കുറിച്ച് ഒരു പേജ് നിറയെ കുറിപ്പുകളും ലേഖനങ്ങളും കൊടുത്തിരുന്നു. 'ഇഖ്വാന്റെ ഏകാധിപത്യ പ്രവണതകളോടുള്ള സ്വാഭാവിക പ്രതികരണം' ആയാണ് സംഘടനയെ വിശേഷിപ്പിക്കുന്നത്. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ശരീഫ് സ്വര്‍ഫി(മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്)യുമായുള്ള അഭിമുഖവും ചേര്‍ത്തിരിക്കുന്നു. ഭരണാധികാരികള്‍ക്ക് ഇനി സുഖമായി ഉറങ്ങാനാവില്ലെന്നും തങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള കാലം വളരെ മോശമായിരിക്കുമെന്നും അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജനുവരി 29-ന് മിസ്വ്റില്‍ യൌമില്‍ ബ്ളാക് ബ്ളോകിന്റെ ചില നേതാക്കള്‍ കൂടിയാലോചന നടത്തിയതിന്റെ വാര്‍ത്ത വന്നു. വിപ്ളവം ഇഖ്വാനെതിരെയാണെന്നും രാഷ്ട്രത്തിനെതിരെയല്ലെന്നും അവര്‍ വ്യക്തമാക്കി. ബാബുല്ലൌഖിലും നൂബാര്‍ തെരുവിലുമുള്ള ഇഖ്വാനികളുടെ ഓരോ കടകള്‍ വീതം തകര്‍ത്തത് ബ്ളാക് ബ്ളോകാണെന്നും അവരിലൊരാള്‍ പറഞ്ഞു. ഇഖ്വാനികള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കടകളെയും കടന്നാക്രമിച്ച് അവരുടെ ഭരണത്തെ വീഴ്ത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ വക്താക്കള്‍ വ്യക്തമാക്കി. അതേദിവസം തന്നെ അല്‍ വത്വന്‍ പത്രത്തില്‍, ബ്ളാക് ബ്ളോകിനൊപ്പം 'ബ്ളാക് മാസ്ക്' എന്ന സംഘത്തിന്റെയും പ്രസ്താവന വന്നു. 'തിരിച്ചടി കാത്തിരുന്നു കൊള്ളുക' എന്ന ഭീഷണിയായിരുന്നു ആ പ്രസ്താവനയില്‍. 45 ഇഖ്വാനി സ്ഥാപനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതില്‍ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ ഓഫീസുകളും പെടുമെന്നും പ്രസ്താവന തുടരുന്നു. ഇഖ്വാനികളെ 'ശാരീരികമായി ഉന്മൂലനം' ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഇതൊക്കെ വെറും വാചകമടികള്‍, ഒന്നും കാര്യമാക്കേണ്ട എന്ന് ചിലര്‍ പറയുന്നുണ്ട്. ആ സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. പക്ഷേ, ഇതങ്ങനെ അവഗണിക്കാനും സാധ്യമല്ല. മൂന്ന് വശങ്ങള്‍ ഇവിടെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. ഒന്ന്, ലക്ഷ്യം തന്നെ വ്യാപകമായ നശീകരണമാണ് എന്ന പ്രസ്താവന. ചില ബിസിനസ്സുകാര്‍ ഇത്തരക്കാര്‍ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നുണ്ടത്രെ. രണ്ട്, എല്ലാം തുറന്നു പറഞ്ഞിട്ടും ഇതൊക്കെ കണ്ടാസ്വദിച്ച് നില്‍ക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം. മൂന്ന്, ഇത്തരക്കാര്‍ക്ക് കിട്ടുന്ന വന്‍ മീഡിയാ കവേറേജ്, പ്രതിപക്ഷ പിന്തുണ. ഇത്തരം പ്രസ്താവനകളെക്കുറിച്ച് മീഡിയക്കോ പ്രതിപക്ഷത്തിനോ യാതൊരു പരാതിയുമില്ല. മേല്‍ പറയപ്പെട്ട സംഘങ്ങള്‍ ഭാവനാസൃഷ്ടികളാണെന്ന് തെളിഞ്ഞാല്‍ പോലും, അവരുടെ പേരില്‍ പുറത്തുവരുന്ന പ്രസ്താനകള്‍ക്ക് കിട്ടുന്ന സ്വീകാര്യത രാഷ്ട്രീയ ശത്രുത ഏതറ്റം വരെയെത്തി എന്നതിന്റെ സൂചനയാണ്. ഇഖ്വാനികളില്‍നിന്ന് രക്ഷിക്കാന്‍ സ്വന്തം രാഷ്ട്രത്തെ ചുട്ടെരിക്കാനും തയാറാണ് എന്നാണല്ലോ പ്രസ്താവനകളുടെ ഉള്ളടക്കം.
സുരക്ഷാ വിഭാഗമാണ് ഇതൊക്കെ ശ്രദ്ധിക്കേണ്ടത്. അവരുടെ നിസ്സംഗത അമ്പരപ്പിക്കുന്നതാണ്. ശൂറാ കൌണ്‍സില്‍ ഇതെക്കുറിച്ച് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. ഫാഷിസ്റ് ദുര്‍ഭൂതമാണ് ചക്രവാളത്തില്‍ തെളിഞ്ഞുവരുന്നത്. ഇഖ്വാന്‍ മിലീഷ്യകള്‍, ഈജിപ്ഷ്യന്‍ വിപ്ളവ ഗാര്‍ഡുകള്‍, ബ്ളാക് ബ്ളോക്/മാസ്ക് ഇങ്ങനെ പല പേരുകളും പറഞ്ഞുള്ള ഈ വെറുംപണി അവസാനിപ്പിക്കാന്‍ നേരമായി. ഇതില്‍ കാര്യമേത്, കളിയേത് എന്ന് തിരിയാത്ത അവസ്ഥയാണ്. ഈജിപ്തിലുള്ളതാകട്ടെ, തൊഴിലിനോടുള്ള പ്രതിബദ്ധതയും സത്യസന്ധതയും കളഞ്ഞുകുളിച്ച ഒരു മീഡിയാ സംസ്കാരവും. ഗൂഢതന്ത്രങ്ങളിലും അപവാദ വ്യവസായത്തിലും കക്ഷിചേര്‍ന്നിരിക്കുകയാണ് ഇന്നാട്ടിലെ മീഡിയ.
Comments