Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

ഹൃദയങ്ങളിലേക്ക് ഇങ്ങനെയും ഒരു വഴിയുണ്ട്‌

ജമീല്‍ അഹ്മദ്

ജീവിതത്തെ തനിരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കല ആര്‍ക്കും പ്രാപ്യമാകുന്ന വ്യവഹാരമാകുന്നത്. വര്‍ത്തമാനം പറയുന്നതിനെക്കാള്‍ ഹൃദ്യമാവുന്ന നിശ്ശബ്ദതയുടെ മുഴക്കം കല സൃഷ്ടിക്കുന്നു. ഇത് തിരിച്ചറിയാതെ പോകുന്നത് വര്‍ത്തമാനത്തെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നമ്മള്‍ കൂടുതല്‍, ഉച്ചത്തില്‍ സംസാരിക്കുകയും കേള്‍വിക്കാരെ പരമാവധി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കല എന്നാല്‍ അടുപ്പമുള്ള ആളുകളെ വേഗത്തില്‍ മനസ്സിലാക്കുകയും അകലെയുള്ളവരെ അടുപ്പിക്കുകയും ചെയ്യുന്നു. കലയെയും സാഹിത്യത്തെയും അവഗണിച്ചുകൊണ്ട് ഇനി സഞ്ചാരം സാധ്യമല്ല എന്ന അവസ്ഥ വന്നിരിക്കുന്നു എന്ന് തെര്യപ്പെടുത്തുകയാണ് ഈ കുറിപ്പ്. തനിമ കലാസാഹിത്യ വേദി നടത്തിയ സാംസ്‌കാരിക സഞ്ചാരം നല്‍കിയ അധികബോധ്യം കൂടിയാണിത്.
കലഹങ്ങള്‍ പെരുത്ത കാലമാണിത്. കുട്ടികള്‍ തോക്കുകൊണ്ട് സുഹൃത്തുക്കളെ കൊന്നും കൂട്ടുകാരിയെ ബലാത്സംഗം ചെയ്തും കളിക്കുന്ന കാലം. അപ്പോള്‍ മുതിര്‍ന്നവരുടെ കാര്യം പറയാനുണ്ടോ. പ്രസംഗിച്ച് ലോകം നന്നാക്കിയാല്‍ മതി എന്ന് ഇനിയും വിശ്വസിച്ചുകൊണ്ടിരുന്നാല്‍ ശരിയാവില്ല. ഫലവത്തായ മേഖലകളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും ശ്രദ്ധയും വേണ്ടുംവണ്ണം നടക്കേണ്ടതുണ്ട്. പാട്ടും ചിത്രവും നടനവും പറയേണ്ട കാര്യം പ്രസംഗത്തെക്കാള്‍ നന്നായി പറയുന്നുവെന്നു മാത്രമല്ല, അത് സാധാരണക്കാര്‍ പോലും സ്വീകരിക്കുന്നു എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. പാടുന്നവരും വരക്കുന്നവരും നടിക്കുന്നവരും അലസമായ ജീവിതത്തിനും തൃഷ്ണകള്‍ക്കും അപ്പുറമുള്ള ചിലത് തേടുന്നുണ്ട്. അവ കണ്ടെത്തുന്ന തണല്‍നിലങ്ങളിലേക്ക് കൂട്ടംകൂട്ടമായി കടന്നുവരുന്നുണ്ട്. ആധുനിക കലാ സാംസ്‌കാരിക മേഖലകള്‍ വിതച്ച അസംതൃപ്തവും അരാജകവുമായ കലാകേന്ദ്രങ്ങള്‍ പൂട്ടിത്തുടങ്ങിയിരിക്കുന്നു. അവ സൃഷ്ടിക്കാനൂന്നിയ പുതിയ സമൂഹം കൂടുതല്‍ കരുത്തോടെയും കരുതലോടെയും അക്കരെ രൂപപ്പെടുന്നുണ്ടെന്ന് ഇപ്പോഴത്തെ കലാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതിനാല്‍ ഈ തണല്‍ ഇനിയും വിശാലമാകേണ്ടതുണ്ട്.
ആധുനികാനന്തര സമൂഹം വിരിച്ചുതന്ന സാംസ്‌കാരിക പരവതാനി കുറേക്കൂടി വീതിയുള്ളതും സ്വച്ഛവുമാണ്. ഇന്ന് കീഴാളന്നും മുസ്‌ലിമിനും മര്‍ദിതനും ഓരംചേര്‍ന്നവനും ഒരുപോലെ സംസാരിക്കാമെന്നായിരിക്കുന്നു. അധികാരത്തിന്റെ വര്‍ണവഴക്കങ്ങള്‍ സിംഹാസനമൊഴിഞ്ഞിരിക്കുന്നു. ഉത്തരാധുനികത ഒരുക്കിത്തന്ന സൗകര്യങ്ങളിലൊന്നാണിത്. ഉത്തരാധുനികരോട് സൗഹാര്‍ദപൂര്‍വം വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അത് തരുന്നുണ്ട്. അത്രയും ഉള്‍ക്കൊള്ളാനുള്ള ഉത്തരാധുനികതയുടെ ശേഷി അതിനെ വിമര്‍ശിക്കുന്നവര്‍പോലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്നതും ശരിയാണെന്ന് സമ്മതിക്കണം. സ്വന്തം നിലപാടും നിഷേധവും പ്രഖ്യാപിച്ചുകൊണ്ടുതന്നെ, സ്വന്തം ചിഹ്നവും സ്വത്വവും സൂക്ഷിച്ചുകൊണ്ടുതന്നെ ഈ കളിക്കളത്തില്‍ നമുക്കിറങ്ങാന്‍ കഴിയും. ആധുനികത നല്‍കാത്ത സാഹചര്യമാണിത്. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ അമാന്തിച്ചു നില്‍ക്കുന്നവര്‍ മാത്രം സാധ്യതകള്‍ക്കു പുറത്തായിപ്പോകുന്നു. സാധ്യതകളെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുക എന്നു മാത്രമേ ഇനി വഴിയുള്ളൂ. ചിലത് വേണ്ടെന്നുവെക്കാനും അത് പ്രഖ്യാപിക്കാനും നമുക്ക് കഴിയും. അതോടൊപ്പം അവയോട് ക്രിയാത്മകമായ സംവാദം തുറന്നിടാനും കഴിയും. സംവാദത്തിന്റെ സമയത്ത് നാവുപിഴച്ചു പോകാതിരിക്കണമെങ്കില്‍ ഈ കളരിയില്‍ വേണ്ടത്ര പരിശീലനം നേടിയേ മതിയാവൂ. തിരിച്ചറിഞ്ഞും തിരിച്ചുപറഞ്ഞും മുന്നേറിയേ മതിയാവൂ.
ഉത്തരാധുനികതയുടെ പ്രത്യയശാസ്ത്രത്തോട് ഒട്ടും യോജിക്കാതെത്തന്നെ അവ നല്‍കുന്ന അവസരങ്ങളെ ശരിയായി പ്രയോജനപ്പെടുത്തുമ്പോള്‍ കരുതലുകള്‍ അധികമാവശ്യമാണ്. എപ്പോഴും വഴുക്കിവീഴാവുന്ന നനഞ്ഞ നിലമാണിത്. ഈ സൂക്ഷ്മത ആധുനികതയോട് പുലര്‍ത്താനാവാത്തതുകൊണ്ടാണ് അക്കാലത്ത് ഉയിരെടുത്തതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ നമ്മുടെ ആവിഷ്‌കാരങ്ങള്‍ക്ക് വേണ്ടത്ര ഊക്കും അംഗീകാരവും ലഭിക്കാതെ പോയത്. പ്രിയപ്പെട്ടവരുടെ ഗൃഹാതുരസ്മരണകളില്‍ മാത്രം മധുരം കിനിയുന്ന ആ സര്‍ഗസംഗമങ്ങളെ പുതിയ കാലത്ത് മാറ്റിപ്പണിയേണ്ടത് അല്‍പംകൂടി വിശാലമായ മൈതാനങ്ങളിലേക്ക് പകര്‍ന്നാണ്. കലാപ്രവര്‍ത്തനങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച നവകാലബോധങ്ങള്‍ കാഴ്ചയുടെ കെട്ടുകളെക്കൂടി അറുത്തുകളഞ്ഞിരിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നവരെ കേള്‍ക്കാന്‍ കാതുകള്‍ തയാറാണ്. കേള്‍ക്കാതിരിക്കുക എന്ന പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ ഇനി വിലപോവുകയില്ല. അതിനാല്‍ നമ്മുടെ ആവിഷ്‌കാരങ്ങള്‍ തൊട്ടറിയാനും അറിഞ്ഞനുഭവിക്കാനും തയാറായി വരുന്നവരെ ഇനിയും വിരസപ്രഭാഷണങ്ങള്‍കൊണ്ട് നിരാശപ്പെടുത്തിക്കൂടാ. പ്രഭാഷണം പണ്ടുതൊട്ടേ പുകഴ്ത്തപ്പെട്ട കലയുമല്ല. മലയാളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിലൊരാളായ സുകുമാര്‍ അഴീക്കോട് 'പ്രഭാഷണകല' എന്ന പഠനം ആരംഭിക്കുന്നതു തന്നെ ഏറ്റവും മോശപ്പെട്ട കലയാണ് ഇത് എന്ന മുന്‍കൂര്‍ജാമ്യത്തോടെയാണ്.
അപ്പോഴും സന്ദേഹികളായ ചിലരുണ്ടാകും. കലയുടെയും കലാപ്രവര്‍ത്തകരുടെയും പൂര്‍വചരിത്രമറിയുന്നവരാരും സംശയത്തോടെയല്ലാതെ കലാസാഹിത്യപ്രവര്‍ത്തനങ്ങളെ കാണുകയില്ല. ഇസ്‌ലാംതന്നെ കലയെ ഇത്രയും സൂക്ഷ്മതയോടെ സമീപിച്ചത് അക്കാലത്ത് (എല്ലാ കാലത്തും), കലയുടെ പേരില്‍ നിലനിന്ന പേക്കൂത്തുകളെ ഭയന്നുതന്നെയായിരിക്കണം. കലാപ്രവര്‍ത്തകരുടെ അതിരുവിട്ട ജീവിതവും കല മുന്നോട്ടുവെക്കുന്ന സാമൂഹികമല്ലാത്ത ആശയങ്ങളും സദാചാരവും സാമൂഹികനിയമങ്ങളും പാലിക്കുന്ന പരിഷ്‌കൃത മനസ്സുകളിലെല്ലാം വെറുപ്പ് പകര്‍ന്നവതന്നെ. എങ്കിലും സൂക്ഷ്മവിശകലനത്തില്‍ കലയെ ത്യജിച്ചുകൊണ്ട് ഏത് സമൂഹത്തിനും അതിജീവിക്കാന്‍ കഴിയുകയില്ല എന്ന് ബോധ്യമാകും. ഏതൊരാശയത്തിന്റെയും പ്രകടനം സാധ്യമാകുന്നത് കലയിലൂടെയാണ്. വീടും വസ്ത്രവും അന്നവും അറിവും വരെ കലയുടെയും സാഹിത്യത്തിന്റെയും പുറംചട്ടയിലാണ് തയാറാക്കപ്പെടുന്നത്. കലയുടെ ഈ സാമൂഹികമാനത്തെ വീണ്ടെടുക്കുക എന്നതാകണം ഇനി ദൗത്യം. 'സൗന്ദര്യമുള്ള ജീവിതം' എന്ന പ്രമേയം ആ സത്യത്തെ എത്രയും വെളിപ്പെടുത്തുന്നതുകൂടിയാണ്.
കലയുടെ പേരിലുള്ള ഇത്തരം കീറാമുട്ടികളാണ് ഒരളവുവരെ നന്മയുടെയും നേരിന്റെയും പ്രവര്‍ത്തകരെ അതിനോട് അകലം വരക്കാന്‍ പ്രേരിപ്പിച്ചത്. അസ്വാഭാവിക ഭാവനകള്‍, അസംബന്ധ ആവിഷ്‌കാരങ്ങള്‍, ദുരൂഹപ്രവചനങ്ങള്‍, മൃഗീയ കല്‍പനകള്‍, സദാചാരവിരുദ്ധത എന്നിവ കലയുടെ പേരില്‍ വിറ്റഴിക്കാന്‍ ശ്രമങ്ങളുണ്ടായി. അതിനാല്‍ കലയിലെയും സാഹിത്യത്തിലെയും വ്യാജ പ്രതിനിധാനങ്ങളെ പൊളിക്കുക മാത്രമല്ല ശരിയായ കലയെ പകരം വെക്കാനുള്ള ശ്രമം കൂടി നടത്തേണ്ടിയിരിക്കുന്നു. എത്ര ചുരുക്കിപ്പറഞ്ഞാലും സത്യം ദുര്‍ഗ്രഹമാവുകയില്ല, എത്ര വിശദമാക്കിയാലും സൗന്ദര്യം ആഭാസമാവുകയില്ല, മൗനത്തില്‍ പോലും സ്‌നേഹം വെറുപ്പിലേക്കെത്തുന്നില്ല. അങ്ങനെ നമ്മുടെ നന്മയുടെ കല ബഹുവര്‍ണത്തിലുള്ള ലോകത്തെ കണ്ടെടുക്കുന്നു.
സമരവും കലയും രണ്ടല്ല. സമരത്തിന്റെ ഭാഷക്ക് കലയിലൂടെ മുറുക്കവും മൂര്‍ച്ചയും ലഭിക്കുന്നു. രാജാവ് തുണിയുടുത്തിട്ടില്ലെന്ന് ഒരു പൈതലിന്റെ നിഷ്‌കളങ്കതയോടെ വിളിച്ചുപറയാന്‍ കലക്ക് കഴിയും. ബീര്‍ബലിനെപ്പോലെ മുല്ലാ നസ്‌റുദ്ദീനെപ്പോലെ കുഞ്ചന്‍ നമ്പ്യാരെപ്പോലെ കുഞ്ഞായിന്‍മുസ്‌ലിയാരെപ്പോലെ വാക്കുകൊണ്ട് ചൂട്ടുകെട്ടി മോന്തയ്ക്കു കുത്തിയ പാരമ്പര്യം കലയ്ക്കും സാഹിത്യത്തിനുമുണ്ട്. അത് കേട്ട് അധികാരികള്‍ ചിരിക്കുമെങ്കിലും അവരുടെ ഹൃദയം പിടയും. അനീതിയെ ചിരികൊണ്ട് എതിരിടുന്നതിനെക്കാള്‍ സഫലമായ സമരമേതുണ്ട്? മാപ്പിളമാരില്‍ യുദ്ധാവേശം വളര്‍ത്തുന്നു എന്ന് ഭയന്ന് മാപ്പിളപ്പാട്ടുകള്‍ നിരോധിക്കുകയും ചുട്ടെരിക്കുകയും ചെയ്ത ബ്രിട്ടീഷ് അധികാരികളെപ്പോലെ, ചിരിക്കാന്‍ പോലും മറന്ന നാടുവാഴികള്‍ അനീതികളെ ആഘോഷിക്കുമ്പോള്‍ കല കൂടുതല്‍ പ്രസക്തമായിത്തീരുന്നു. സിറിയയിലെ അധികാരികള്‍ക്കെതിരെ പാട്ടുപാടി ആയിരങ്ങളെ ആവേശം കൊള്ളിച്ച ഇബ്‌റാഹീം ഖാശൂശ് എന്ന ജനകീയകവി ഈ സമരമുഖത്തെ അവസാനത്തെ രക്തസാക്ഷിയാണ്. 2011 ജൂലൈ നാലിന് ഓറോണ്ടസ് പുഴയുടെ തീരത്ത്, കഴുത്തിലെ സ്വനപേടകം കുത്തിപ്പൊളിച്ച നിലയില്‍ ഖാശൂശിന്റെ മയ്യിത്ത് കണ്ടെടുക്കപ്പെട്ടു. 1985 ല്‍ ദക്ഷിണാഫ്രിക്കയിലെ ബെഞ്ചമിന്‍ മോളോയിസ് എന്ന കറുത്തവര്‍ഗക്കാരന്റെ കൊല കേരളമടക്കമുള്ള നാടുകളില്‍ ഉണ്ടാക്കിയ കോലാഹലങ്ങളുടെ ചെറിയ ശതമാനംപോലും ഇബ്‌റാഹീം ഖാശൂശിന്റെ ദുരന്തത്തിലുണ്ടായില്ല എന്നത് വേറെ കഥ.
സാമൂഹിക പ്രക്ഷോഭങ്ങളെ കലാവിഷ്‌കാരങ്ങള്‍ക്കൊണ്ട് സഫലമാക്കുന്നതുപോലെ പ്രസക്തമായത് കലയെ അകത്തുനിന്നുകൊണ്ട് ശുദ്ധീകരിക്കാനുള്ള പ്രക്ഷോഭങ്ങളാണ്. അതില്‍ പ്രധാനം കലയെത്തന്നെ വിപണിയില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരമാണ്. കലയുടെയും സാഹിത്യത്തിന്റെയും ഉദാത്തവിനിമയങ്ങളെ ഇത്രയും മലീമസമാക്കിയത് വിപണിയുടെ ലാഭക്കൊതികളാണ്. അത് സ്വയം വളരാനും വളര്‍ത്താനും ഏറ്റവും വിദഗ്ധമായി കലയെ ഉപയോഗിച്ചു. കാരണം ജനമനസ്സുകളെ കീഴടക്കുന്നതില്‍ കലാസാഹിത്യ വ്യവഹാരങ്ങള്‍ക്കുള്ളത്രയും ശേഷി മറ്റൊന്നിനുമില്ലല്ലോ. അങ്ങനെ പരസ്യങ്ങളും പ്രചാരണങ്ങളും പ്രത്യക്ഷപ്പെടലും എല്ലാം കലയിലൂടെയായി. അതുമാത്രമല്ല, കലയും സാഹിത്യവും സ്വയമേവ ഒരു ചരക്കും ഉല്‍പ്പന്നവുമായി അങ്ങാടികളിലെത്തി. ജനപ്രിയ ചാനലുകളും പൈങ്കിളി പ്രസാധനങ്ങളും ഫാഷന്‍മേഖലകളും ആ ചരക്ക് പരമാവധി ലാഭത്തില്‍ വിറ്റഴിക്കാന്‍ തുടങ്ങി. അങ്ങനെയാണ് യാഥാര്‍ഥ്യത്തിന്റെ സ്പര്‍ശമില്ലാത്ത പ്രകടനങ്ങള്‍ റിയാലിറ്റി ഷോകളും ആഭാസം ഹാസ്യപരിപാടിയുമായത്. ഇതിനെ ചെറുക്കാതെ ഇക്കാലത്ത് സമഗ്രവും സമ്പൂര്‍ണവുമായ വിപ്ലവം സാധ്യമാകുമെന്ന് വിശ്വസിക്കരുത്. അതിനാല്‍ വിപണിയെക്കാള്‍ ലാഭകരമായ ഉന്നത ലക്ഷ്യങ്ങള്‍ കലക്ക് നല്‍കുക.
പിന്‍വാതില്‍ - പ്രമുഖ ഈജിപ്ഷ്യന്‍ നാടകകൃത്ത് തൗഫീഖുല്‍ ഹകീമിന്റെ 'വിഷനദി' എന്ന നാടകം. നദിയിലെ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തരായിത്തീരുന്നു. സുഖകരമായ ആ ഭ്രാന്തിന്റെ ലഹരിയിലേക്കുള്ള ഒഴുക്കായി പിന്നെ. ഒടുവിലൊടുവില്‍ പണ്ഡിതരും മന്ത്രിമാരും പ്രഭുക്കളും ധനികരും എഴുത്തുകാരുമെല്ലാം ആ വെള്ളം കുടിച്ച് ഭ്രാന്ത് സ്വീകരിക്കുവാന്‍ തുടങ്ങി. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ രാജാവും ഭാര്യയും പ്രധാന മന്തിമാരും മാത്രം പിടിച്ചുനിന്നു. എന്നാല്‍ വമ്പിച്ച പ്രലോഭനം സഹിക്കവയ്യാതെ ഓരോരുത്തരായി രഹസ്യമായി വിഷജലം മോന്തി. ഒടുവില്‍ എല്ലാവരും, തന്റെ പ്രധാനമന്ത്രിയും പ്രിയ പത്‌നിയും പോലും ഭ്രാന്തന്‍ജലം കുടിച്ചപ്പോള്‍ രാജാവുമാത്രം ഒറ്റപ്പെട്ടുപോയി. ബുദ്ധിക്ക് ഒരു തകരാറുമില്ലാത്ത, നാട്ടുകാരുടെയും കൊട്ടാരമുഖ്യന്മാരുടെയും ഇടയില്‍ പിരിലൂസുള്ള രാജാവിന് അതിജീവനമില്ല. നാടകാന്ത്യത്തില്‍ അദ്ദേഹം ഉറക്കെ ഇങ്ങനെ കല്‍പ്പിക്കുന്നു.
''ആരവിടെ, അല്‍പം നദീജലം കൊണ്ടുവരൂ''!
കേരളത്തിന്റെ സാംസ്‌കാരിക വേദിയില്‍ ഈ ദുരന്തരംഗം സംഭവിക്കുന്നതിനുമുമ്പ് സംസ്‌കാരത്തിന്റെ നദിയില്‍ കലര്‍ന്ന വിഷധാരകള്‍ ശുദ്ധീകരിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നേ തീരൂ. ധീരവും പ്രസക്തവുമായ ആ സാംസ്‌കാരിക മുന്നേറ്റത്തെയാണ് കാലം കാത്തിരിക്കുന്നത്.
9895 437056
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍