വിവേകാനന്ദന് ഉദാര ഹൃദയനായ പാരമ്പര്യവാദി
വിവേകാനന്ദനെ വിശേഷിപ്പിക്കാവുന്നത് ഉദാര ഹൃദയനായ പാരമ്പര്യവാദി എന്നാണ്. വിവേകാനന്ദന്റെ പാരമ്പര്യവാദം അത്യന്തം ആദര്‍ശാത്മകം ആയിരുന്നു, തെല്ലുമേ ആചാരപരം ആയിരുന്നില്ല. ''വിരല്‍ വളക്കുകയും മണിയടിച്ചു വികട ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് അല്‍പം കുറച്ച്, ഗീതയും ഉപനിഷത്തും മറ്റും കുറെ വായിക്കുക. അതായത് ജഡോപാസന അല്‍പം കുറച്ച് ആദ്ധ്യാത്മിക ഭാവം വര്‍ദ്ധിപ്പിക്കുക'' എന്നു വിവേകാനന്ദന്‍ തന്നെ എഴുതി കാണുന്നു (വി.സാ.സ: വാള്യം 5, പേജ്: 260). അതിനാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യവാദം ആചാരകാര്‍ക്കശ്യപരമല്ലെന്നു തീര്‍ച്ച. അതുകൊണ്ടാണ് തൊട്ടുകൂടായ്മ, സതി, ശൈശവ വിവാഹം, സ്ത്രീകള്‍ക്കും അവര്‍ണര്‍ക്കും വേദോപനിഷദ് പഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം നിഷേധിക്കല്‍ എന്നിങ്ങനെ നിലനിന്നിരുന്ന മതാചാര വ്യവസ്ഥകളെയൊക്കെ അദ്ദേഹം നിശിത ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരം ദുരാചാരങ്ങളെ വിമര്‍ശിക്കവെ തന്നെ അദ്ദേഹം സമത്വം, സേവനം, സഹിഷ്ണുത എന്നിവയിലൂന്നിയ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ മതം ശരിയാണെന്നു താന്‍ എത്രമാത്രം വിശ്വസിക്കുന്നുവോ അത്രയും ശക്തിയില്‍ തന്നെ സകല മതങ്ങളും സത്യമെന്നു കാണാനും എല്ലാ മതങ്ങളെയും ആദരവോടു കൂടി അറിയാന്‍ ശ്രമിക്കുവാനും അദ്ദേഹം ചിക്കാഗോ പ്രസംഗങ്ങളിലൂടെ മാനവരാശിയോട് അനുശാസിച്ചു. പടിഞ്ഞാറിനു കിഴക്കില്‍ നിന്നു പഠിക്കാനുണ്ടെന്നതുപോലെ തന്നെ കിഴക്കിനു പടിഞ്ഞാറില്‍ നിന്നും ധാരാളം പഠിക്കാനുണ്ടെന്നു അദ്ദഹം യൂറോപ്യരെയും ഭാരതീയരെയും സയുക്തം ബോധ്യപ്പെടുത്തി. ഇതുകൊണ്ടൊക്കെ തന്നെ സര്‍വ മാനവസമന്വയം എന്നതാണ് വിവേകാനന്ദ ജീവിതം നിര്‍വഹിച്ച ദൗത്യം എന്നു പറയാം. പാരമ്പര്യവാദം അതിന് അദ്ദേഹത്തിന് തടസ്സമാവുകയല്ല, സഹായകമാവുകയാണ് ചെയ്തത്.
'ആനോ ഭദ്രാനി ക്രതവോ യന്തു വിശ്വതഃ' (ലോകത്തിന്റെ ഏതു ദിശയില്‍ നിന്നും ഞങ്ങളിലേക്ക് നല്ല ആശയങ്ങള്‍ കടന്നുവരുമാറാകട്ടെ) എന്നു പ്രാര്‍ഥിച്ച ഋഗ്വേദ ഋഷിയുടെ പാരമ്പര്യത്തെയാണ് വിവേകാനന്ദന്‍ പ്രതിനിധീകരിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു, യൂറോപ്പില്‍ നിന്നു വന്നതാണെന്നതിനാല്‍ ക്രിസ്തുദേവന്റെ ദര്‍ശനങ്ങള്‍ അസ്വീകാര്യങ്ങളാണെന്നു തോന്നിയില്ല. അതുപോലെ, അറേബ്യയില്‍ നിന്നു വന്നതാണെന്നതുകൊണ്ട് ഇസ്‌ലാം കൊള്ളരുതാത്തതാണെന്നും വിവേകാനന്ദന്‍ കരുതിയിരുന്നില്ല. യൂറോപ്പില്‍ വികാസം പ്രാപിച്ചവയാണെന്നതുകൊണ്ട് ജനാധിപത്യം, സോഷ്യലിസം എന്നിവ ഭാരതീയര്‍ സ്വീകരിച്ചു കൂടെന്ന നിലപാടും വിവേകാനന്ദന്‍ കൈക്കൊണ്ടില്ല. അന്ധവിശ്വാസങ്ങളെ ചെറുക്കാനും സത്യാന്വേഷണത്തില്‍ മുന്നേറാനും സഹായകമാകുന്നിടത്തോളം യുക്തിവാദവും നിരീശ്വരവാദവും അജ്ഞേയതാവാദവും വരെ അംഗീകരിക്കുവാന്‍ വിവേകാനന്ദന്‍ സന്നദ്ധനായിരുന്നു. സ്വന്തം സംഘടനയില്‍ ശിഷ്യന്മാരാകുവാന്‍ വേണ്ടുന്ന യോഗ്യതകളെപ്പറ്റി വിവേകാനന്ദന്‍ എഴുതി: ''നാം ഒരുവനേയും, ഈശ്വരവാദിയെയോ നിരീശ്വരവാദിയെയോ അജ്ഞേയതാവാദിയെയോ, തള്ളുന്നില്ല; ശിഷ്യനാകാനുള്ള ഒറ്റ വ്യവസ്ഥ, ഏറ്റവും വിശാലവും അതേസമയം ഏറ്റവും തീക്ഷ്ണവുമായ ഒരു സ്വഭാവത്തെ രൂപപ്പെടുത്തുകയത്രേ. പെരുമാറ്റത്തെയോ ഭക്ഷണത്തെയോ സംബന്ധിച്ച ആചാര നിയമങ്ങളിലും നാം നിര്‍ബന്ധിക്കുന്നില്ല. അത് അന്യര്‍ക്ക് ഉപദ്രവമാകാത്തിടത്തോളം കാലം. മുന്നോട്ടുള്ള ഗതിയെ തടയുന്നതോ അധഃപതനത്തെ സഹായിക്കുന്നതോ ആയതെല്ലാം ദോഷമാണ്; ഉയര്‍ന്നു വന്നു സമന്വയപ്പെടുവാന്‍ സഹായിക്കുന്നതെല്ലാം ഗുണമാണ്'' (വി.സാ.സ വാള്യം: 5, പേജ്: 97). ഇതിലപ്പുറം ഉദാരതയും വിശാലതയും ജനാധിപത്യപരതയും കാണിക്കുവാന്‍ ഒരു മതസംഘടനക്കും സാധ്യമാവില്ലല്ലോ. അതിനാലാണ് പറഞ്ഞത് വിവേകാനന്ദന്‍ ഉദാരഹൃദയനായ പാരമ്പര്യവാദിയാണെന്ന്.
വിവേകാനന്ദന്റെ പാരമ്പര്യവാദം എത്രമേല്‍ ഉദാരവും, സര്‍വവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാവുന്നവിധം വ്യാസവിശാലവുമായിരുന്നു എന്നു വേര്‍തിരിച്ചറിയാന്‍ ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പാരമ്പര്യവാദവുമായി വിവേകാനന്ദസ്വാമികളുടെ വാങ്മയങ്ങളെ താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ദയാനന്ദസരസ്വതിയെ സംബന്ധിച്ചിടത്തോളം ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവക്കപ്പുറം മറ്റൊന്നും തന്നെ സ്വീകാര്യ യോഗ്യങ്ങളായിരുന്നില്ല. ബൗദ്ധം, ജൈനം, ചാര്‍വാകം, ക്രൈസ്തവീയം, ഇസ്‌ലാമികം, പൗരാണികം തുടങ്ങിയവയെല്ലാം ദയാനന്ദസരസ്വതി മ്ലേഛമതങ്ങള്‍ എന്നു പറഞ്ഞ് പുച്ഛിച്ച് തള്ളുന്നു. ദയാനന്ദന്റെ സത്യാര്‍ഥ പ്രകാശം എന്ന കൃതിയിലുടനീളം ഇത്തരം പരപുച്ഛ പ്രകടനങ്ങള്‍ കാണാം. എന്നാല്‍ വിവേകാനന്ദന്‍ ഇത്തരം നിലപാടുകള്‍ ഒരിടത്തും പ്രകടിപ്പിക്കുന്നില്ല. അദ്ദേഹം വേദോപനിഷത്തുക്കളോടൊപ്പം ഇതിഹാസപുരാണങ്ങളെയും ബൗദ്ധം, ജൈനം, ചാര്‍വാകം, ക്രൈസ്തവം, ഇസ്‌ലാമികം എന്നീ മതസമ്പ്രദായങ്ങളെയും ഭാരതീയ പാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതായി തന്നെ കണ്ടു. ഈ സമന്വയാത്മക പ്രവണത കൊണ്ടായിരിക്കാം ഒരു നിലക്ക് വിവേകാനന്ദനേക്കാള്‍ വലിയ വേദ പണ്ഡിതന്‍ എന്നു പറയാവുന്ന ദയാനന്ദ സരസ്വതിയേക്കാള്‍ ജനകീയാംഗീകാരം സ്വാമി വിവേകാനന്ദനു ലഭിച്ചത്.
ഗോള്‍വാല്‍കര്‍ ക്രൈസ്തവരും മുസ്‌ലിംകളും കമ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളാണെന്ന അഭിപ്രായത്തിലൂന്നിയ ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രചാരകനായിരുന്നു. ഇപ്പറഞ്ഞതുവെച്ച് ആര്‍.എസ്.എസിനു കൂടുതല്‍ ചേരുന്ന സ്വാമി, ദയാനന്ദസരസ്വതിയാണ്. എന്നിട്ടും ആര്‍.എസ്.എസോ പരിവാര പ്രസ്ഥാനങ്ങളോ ദയാനന്ദ സരസ്വതിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാറില്ല. അവര്‍ എപ്പോഴും ഉപയോഗിക്കുന്ന ചിത്രം വിവേകാനന്ദന്റേതാണ്. ''ഞാനൊരു സോഷ്യലിസ്റ്റാണെന്ന്'' പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദന്റെ ചിത്രം; ഞാന്‍ മനക്കണ്‍ മുമ്പാകെ കാണുന്ന സമ്പൂര്‍ണ ഭാരതം ഇസ്‌ലാമിന്റെ ശരീരവും വേദാന്ത മസ്തിഷ്‌കവുമുള്ളതാണെന്നു ഉദ്‌ഘോഷിച്ച വിവേകാനന്ദന്റെ ചിത്രം; ശ്രീശങ്കരന്റെ ശുഷ്‌ക്ക തര്‍ക്കത്തില്‍ നിന്നെന്നതിനേക്കാള്‍ ശ്രീബുദ്ധന്റെ കാരുണ്യപൂരിതമായ അന്തഃരംഗത്തില്‍നിന്നു ആദ്ധ്യാത്മികോര്‍ജം സംഭരിച്ച വിവേകാനന്ദന്റെ ചിത്രം; ലോക ക്ഷേമത്തിനുവേണ്ടി കുരിശു ചുമന്ന യേശുദേവന്റെ ത്യാഗസ്മരണ നിറഞ്ഞുനില്‍ക്കുന്ന ക്രിസ്തുമസ് രാത്രിയേക്കാള്‍ പവിത്രമായ മറ്റേത് മുഹൂര്‍ത്തമുണ്ട് സന്യാസവ്രതപ്രതിജ്ഞക്ക് എന്നു ചോദിച്ചു ക്രിസ്തുമസ് രാത്രിയില്‍ സന്യസിച്ച സ്വാമി വിവേകാനന്ദന്റെ ചിത്രം; ക്രൈസ്തവരെയും മുസ്‌ലിംകളെയും കമ്യൂണിസ്റ്റുകളെയും അഭ്യന്തര ശത്രുക്കളായി കാണുന്ന ആര്‍.എസ്.എസിനുപോലും പ്രചാരണത്തിന് ഉപയോഗിക്കേണ്ടിവരുന്നത് ദയാനന്ദ സരസ്വതിയേക്കാള്‍ ജനകീയാംഗീകാരം വിവേകാനന്ദന് ഉണ്ടെന്നതു കൊണ്ടു മാത്രമാണ്.
സൗമ്യനായ ഹിന്ദുവിനെ വിവേകാനന്ദ സാഹിത്യത്തില്‍ കാണാം; പക്ഷേ ആക്രോശിക്കുന്ന ഹിന്ദുത്വവാദിയെ ഒരിടത്തും കാണുകയില്ല. ഒരേ സാഗരത്തിലേക്ക് ഒഴുകിച്ചെല്ലുന്ന വിഭിന്ന നദികള്‍ കണക്കെ ഒരേ ഈശ്വരനിലേക്ക് പ്രയാണം ചെയ്യാന്‍ മാനവരാശി തെരഞ്ഞെടുത്ത വിവിധ മാര്‍ഗങ്ങളാണ് മതങ്ങളെല്ലാം എന്ന കാഴ്ചപ്പാടല്ലാതെ, ഹിന്ദുമതം മാത്രമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒരേയൊരു വഴി എന്ന നിലപാട് വിവേകാനന്ദ സാഹിത്യത്തിലെവിടെയും കാണുകയില്ല. ''ജൂതന്മാര്‍ക്കും, ക്രൈസ്തവര്‍ക്കും, മുസ്‌ലിംകള്‍ക്കും പള്ളികള്‍ പണിത് കൊടുത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്-അതു തന്നെ നാം തുടര്‍ന്നും ചെയ്യണം'' എന്ന നിലപാടല്ലാതെ പരമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും ചുട്ടെരിച്ചും ആക്രോശിക്കുന്ന ഒരു ഭാരതീയതയെക്കുറിച്ച് വിവേകാനന്ദ സാഹിത്യം ഒരൊറ്റ വാക്കുപോലും ഉരിയാടുന്നില്ല. വസ്തുതകള്‍ ഇവ്വിധത്തിലായിരിക്കെ എങ്ങനെയാണ് ആര്‍.എസ്.എസിനു വിവേകാനന്ദ ചിന്തകളുമായി പൊരുത്തത്തിലാവാന്‍ സാധിക്കുക...? അതിനാല്‍ ആര്‍.എസ്.എസുകാര്‍ വിവേകാനന്ദന്റെ ചിത്രം ദുരുപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
വിവേകാനന്ദന്റെ 150-ാം ജയന്തിവര്‍ഷം ലോകമെമ്പാടും പ്രത്യേകിച്ച് ഭാരതത്തിലും ആഘോഷിക്കപ്പെട്ടുവരുന്ന ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദസ്വാമികളുടെ ഫോട്ടോ സംഘ്പരിവാരങ്ങള്‍ക്ക് ഏകപക്ഷീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. കാരണം കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നവോത്ഥാന മൂല്യങ്ങളുടെയും ജാതിരഹിതവും മതനിരപേക്ഷവുമായ ജനാധിപത്യ വ്യവസ്ഥിതിയുടെയും വീണ്ടെടുപ്പിനു വിവേകാനന്ദനെ വായിച്ചു പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനെ മറികടക്കുവാന്‍ ആര്‍.എസ്.എസുകാര്‍ ഇപ്പോള്‍ ചെയ്തുവരുന്നത് അവരുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവേകാനന്ദച്ചിത്രത്തിന്റെ നെറ്റത്ത് കുങ്കുമപ്പൊട്ട് തൊടുവിക്കുക എന്നതാണ്. വിവേകാനന്ദനെ കുങ്കുമക്കുറിയോടു കൂടി അവതരിപ്പിക്കുക എന്നതിനോളം വിവേകാനന്ദ നിന്ദ വേറെയില്ല. എന്തെന്നാല്‍ വിവേകാനന്ദന്‍ കുങ്കുമക്കുറി തൊടുക പതിവില്ല; നാരായണ ഗുരു കാവി ധരിച്ചിട്ടില്ല എന്നതുപോലെ തന്നെയാണിതും. കുങ്കുമക്കുറി തൊട്ട വിവേകാനന്ദന്റെ ഫോട്ടോഗ്രാഫുകള്‍ ശ്രീരാമകൃഷ്ണമഠം ഇന്നോളം പുറത്തിറക്കിയിട്ടുമില്ല. കാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍ പോലും തൊടുക പതിവില്ലായിരുന്ന കുങ്കുമക്കുറി അദ്ദേഹത്തിന്റെ വത്സലശിഷ്യനായ വിവേകാനന്ദന്‍ ഉപയോഗിക്കുവാന്‍ യാതൊരു സാധ്യതയും ഇല്ലതാനും. ഇതൊക്കെ അവഗണിച്ചാണ് വിവേകാനന്ദനെയും കുങ്കുമക്കുറി തൊടുവിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.
വിവേകാനന്ദ സ്വാമികള്‍ 39 വര്‍ഷമേ ജീവിച്ചിരുന്നുള്ളൂ. അതില്‍ തന്നെ അവസാനത്തെ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് വിവേകാനന്ദനെ ലോകാരാധ്യനാക്കി തീര്‍ത്ത ചിക്കാഗോ മതമഹാസമ്മേളന പ്രസംഗം ഉള്‍പ്പെടെയുള്ള മഹദ് കര്‍മങ്ങളത്രയും നടന്നത്. ചരിത്ര വിഖ്യാതമായ വിവേകാനന്ദ ജീവിത്തിലെ ഈ ഏഴു വര്‍ഷങ്ങള്‍ക്കുവേണ്ടിയുള്ള മുന്നൊരുക്കത്തിന്റെയും പരിശീലനങ്ങളുടേതുമായിരുന്നു ബാക്കി 32 വര്‍ഷങ്ങള്‍. അതത്രയും അത്യന്തം കഠിന പരീക്ഷണങ്ങളുടേതുമായിരുന്നു. ''നീ എന്നെ കണ്ടെത്തുന്നതിനു മുമ്പ് വെള്ളത്തിലും തീയിലും പരീക്ഷിക്കപ്പെടും'' എന്ന ബൈബിള്‍ വാക്യത്തെ അനുസ്മരിപ്പിക്കുന്നവിധം കൊല്ലന്റെ ആലയിലെ ഇരുമ്പുപാളിപോലെ നരേന്ദ്രനാഥദത്ത് എന്ന സ്വാമി വിവേകാനന്ദന്റെ ജീവിതം തീയിലും വെള്ളത്തിലും പരീക്ഷിക്കപ്പെട്ടു. അച്ഛന്റെ ആകസ്മിക നിര്യാണം; അങ്ങനെ അനാഥമായ കുടുംബം; ധനത്തേക്കാള്‍ കൂടുതല്‍ കടബാധ്യതകള്‍; സ്വത്തുതര്‍ക്കങ്ങളും വക്കാലത്തുകളും കോടതിയും; അരപ്പട്ടിണിയും മുഴുപ്പട്ടിണിയും; ധരിച്ച വസ്ത്രങ്ങള്‍ കഴുകി ഉണക്കാനിട്ട് കാത്തിരുന്ന് അതുതന്നെ എടുത്ത് ഉടുത്തുകൊണ്ടല്ലാതെ പുറത്തേക്ക് ഇറങ്ങാനാവാത്തവിധം ഉടുമുണ്ടിന് മറുമുണ്ടില്ലാത്ത അവസ്ഥ; ഇതിനിടയില്‍ ആശയും ആവേശവും ആശ്വാസവുമായിരുന്ന ഗുരു രാമകൃഷ്ണപരമഹംസരുടെ ദേവഹിയോഗം; മരണശയ്യയില്‍ കിടന്നുകൊണ്ട് ഗുരു ഏല്‍പ്പിച്ചതും. ഗുരുവില്‍ നിന്നു പകര്‍ന്നു കിട്ടിയതുമായ ആശയാദര്‍ശങ്ങളും ആത്മീയാനുഭൂതികളും ലോകത്തു പ്രചരിപ്പിക്കുന്നതിനായി സമര്‍പ്പണ ബുദ്ധിയോടെ അരയും തലയും മുറുക്കി തുനിഞ്ഞിറങ്ങുകയാണോ വേണ്ടത്, അതോ അച്ഛന്റെ ഒരു പരിചയക്കാരനായ വലിയൊരു ജന്മിയുടെ വാഗ്ദാനം ശിരസ്സാവഹിച്ച് അയാളുടെ മകളെ ഭാരിച്ച സ്ത്രീധനത്തോടെ സ്വജീവിത പങ്കാളിയാക്കി, വീടും വീട്ടുകാര്യവും പുത്രോല്‍പാദനവും നിര്‍വഹിച്ച് അടങ്ങിയൊതുങ്ങി കഴിയണമോ എന്ന ചിന്താക്കുഴപ്പവും. അമ്മയുടെയും പറക്കമുറ്റാത്ത സഹോദരങ്ങളുടെയും അവശവും ആലംബഹീനവും ആയ അവസ്ഥ കാണുമ്പോള്‍ തോന്നും ജന്മിയുടെ മകളെ വിവാഹം കഴിക്കുകയാണു വേണ്ടതെന്ന്. വിവാഹം നടന്നാല്‍ വീട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാം; മുടക്കം വന്ന പഠിപ്പ് പൂര്‍ത്തിയാക്കാം; ലണ്ടനില്‍ പോയി ഐ.സി.എസ് പരീക്ഷക്കു പഠിക്കാം; തിരിച്ചുവന്ന് വലിയ ഉദ്യോഗവും പെരുത്ത ശമ്പളവും വാങ്ങി ഉണ്ടുറങ്ങി കഴിയാം... ഇതൊക്കെ പരിഗണിക്കുമ്പോള്‍ വിവാഹം കഴിക്കുക തന്നെയാണു യുക്തമെന്നു നരേന്ദ്രനെന്ന വിവേകാനന്ദനു തോന്നിയിരുന്നു. എന്നാല്‍ ആ തോന്നലില്‍ ഉറച്ചുനില്‍ക്കാനാവാറില്ല. അടുത്ത നിമിഷത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ മുഖം മനസ്സില്‍ തെളിയും. പണം സ്പര്‍ശിക്കാന്‍ പോലും കഴിയാത്ത ത്യാഗഭൂമികയിലെ ആത്മീയധന്യത ആവാഹിച്ചുകൊണ്ട് രാമകൃഷ്ണന്‍ പറഞ്ഞു പഠിപ്പിച്ച പാഠങ്ങള്‍ ഉള്ളില്‍ തികട്ടി വരും. അതോടെ കുടുംബത്തെ വിധിക്കു വിട്ടുകൊടുത്ത് രാമകൃഷ്ണനുവേണ്ടി ലോകമേ തറവാടാക്കി ജീവിക്കാം എന്നും തോന്നും. ഇത്തരം ആത്മീയ സംഘര്‍ഷങ്ങള്‍ ഒരു വശത്ത്. അതോടൊപ്പം ബുദ്ധനും ശങ്കരനും തമ്മിലും പാശ്ചാത്യപരിഷ്‌ക്കാരങ്ങളും പൗരസ്ത്യ ധര്‍മവ്യവസ്ഥകളും തമ്മിലും ബൗദ്ധിക തലത്തില്‍ നടക്കുന്ന ആശയസംഘര്‍ഷങ്ങള്‍ വേറൊരു വശത്ത്. മണ്ണിലേക്ക് പിടിച്ചിറക്കുന്ന വിശപ്പിന്റെ വിളികള്‍ വേറെ. ഒടുവില്‍ നരേന്ദ്രന്‍ തീരുമാനിച്ചു. എന്തുവന്നാലും, രാമകൃഷ്ണനുവേണ്ടി ജീവിക്കുക തന്നെ.
അമ്മക്കും സഹോദരങ്ങള്‍ക്കും ഭാര്യക്കും മക്കള്‍ക്കും തറവാടിനും വേണ്ടിയൊക്കെ ജീവിക്കുന്നവര്‍ എവിടെയും സുലഭമാണ്; പക്ഷേ ആദര്‍ശത്തിനുവേണ്ടി ജീവിതാര്‍പ്പണം ചെയ്യാന്‍ ചിലരെങ്കിലും വേണ്ടേ...? അത്തരക്കാരിലൂടെയാണ് ലോകം ത്യാഗം എന്ന ആദര്‍ശം അനുഭവിച്ചിട്ടുള്ളത്. അങ്ങനെ അവനവനുവേണ്ടിയല്ലാതെ ജീവിക്കുവാന്‍ തയാറാവുന്ന അപൂര്‍വം ചിലരില്‍ ഒരാളാവാന്‍ നരേന്ദ്രനാഥദത്ത് എന്ന ബംഗാളി ക്ഷത്രിയ യുവാവ് മറ്റെല്ലാം മറന്ന് സന്നദ്ധനായതിനാലാണ് ലോകത്തിനൊരു വിവേകാനന്ദനെ കിട്ടിയത്. തീര്‍ച്ചയായും ഒരു കുടുംബത്തിനു താങ്ങും തണലും ഏക പ്രത്യാശയും ആകേണ്ടിയിരുന്ന ഒരാള്‍ അങ്ങനെ അല്ലാതായപ്പോഴാണ് നമ്മള്‍ക്കെല്ലാമൊരു വിവേകാനന്ദനെ കിട്ടിയത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിന്നിരുന്നെങ്കില്‍ വിവേകാനന്ദന്‍ ഉണ്ടാകുമായിരുന്നില്ല. എങ്കിലും കുടുംബത്തെ വിഗണിച്ച് നരേന്ദ്രന്‍ വിവേകാനന്ദ സ്വാമിയാകാനുള്ള വഴിയേ നടന്നതില്‍ അദ്ദേഹത്തിന്റെ വിമര്‍ശകരേക്കാള്‍ ആഴവും ആത്മാര്‍ഥവുമായ വേദന വിവേകാനന്ദനു തന്നെ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ പുണ്യനഗരമായ കാശിയില്‍ വസിച്ചിരുന്ന പ്രേമദാസ മിത്രന്‍ എന്ന വൈദിക പണ്ഡിതന്ന് എഴുതിയ ഒരു കത്തില്‍ വിവേകാനന്ദന്‍ സ്വന്തം സങ്കടങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു ''പലതരം നവീനാഭിപ്രായങ്ങളെയും തലയിലേറ്റി നടന്നാല്‍ മനുഷ്യനു പലപ്പോഴും കഷ്ടപ്പെടേണ്ടി വരുമെന്ന് എനിക്ക് കൂടെക്കൂടെ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ എനിക്കിപ്പോള്‍ വേറൊരു രോഗമാണുള്ളത്. ഈശ്വര കൃപയില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അതൊരിക്കലും കുറഞ്ഞുപോവില്ല. ധര്‍മഗ്രന്ഥങ്ങളില്‍ ഇളകാത്ത വിശ്വാസവും ഉണ്ട്. എന്നാല്‍ ഈശ്വരേച്ഛയാല്‍ കഴിഞ്ഞ ആറേഴു വര്‍ഷമായി ഞാന്‍ തുടരെത്തുടരെയുള്ള പല പ്രതിബന്ധങ്ങളുമായി പോരാടി വരികയാണ്. എനിക്ക് ആദര്‍ശ ശാസ്ത്രജ്ഞാനം ലഭിച്ചു. ഒരു ആദര്‍ശ പുരുഷനെ ഞാന്‍ കാണുകയും ചെയ്തു. എന്നിട്ടും യാതൊന്നും അവസാനം വരെ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല; ഇതാണിപ്പോള്‍ എന്റെ ദുരവസ്ഥ. വിശേഷിച്ചും കല്‍ക്കത്തക്ക് അടുത്തിരുന്ന് എനിക്കൊന്നും നിര്‍വഹിക്കുവാന്‍ കഴിയുമെന്നും തോന്നുന്നില്ല. കല്‍ക്കത്തയില്‍ എന്റെ അമ്മയും രണ്ടു സഹോദരന്മാരും ഉണ്ട്. ഞാന്‍ ജ്യേഷ്ഠപുത്രനാണ്. മധ്യമന്‍ ഫസ്റ്റ് ആര്‍ട്ട്‌സിനു പഠിക്കുന്നു; മൂന്നാമന്‍ ചെറുപ്പമാണ്. മുമ്പ് ഇവരുടെ സ്ഥിതി വളരെ നന്നായിരുന്നു. എന്നാല്‍ അച്ഛന്റെ മരണശേഷം വളരെ വിഷമം. ചിലപ്പോഴൊക്കെ പട്ടിണിയും കിടക്കേണ്ടി വരുന്നുണ്ട്. എല്ലാറ്റിനും മേലെ, അവര്‍ പോരാത്തവരെന്നു കണ്ട് ഉറ്റവര്‍ ചിലര്‍ അവരെ പൈതൃക ഭവനത്തില്‍നിന്ന് ഇറക്കിവിട്ടു. ഹൈക്കോടതിയില്‍ കേസു പറഞ്ഞ്, ആ ഭവനത്തില്‍ ഒരംശം കിട്ടിയെങ്കിലും വ്യവഹാരത്തില്‍ സര്‍വസ്വവും നശിച്ചു. അതാണല്ലോ കേസുകൊടുത്താലത്തെ ഫലം. കല്‍ക്കത്തക്ക് അടുത്തു താമസിക്കുമ്പോള്‍ എനിക്കവരുടെ ദുരവസ്ഥ കാണേണ്ടിവരുന്നു. അപ്പോള്‍ മനസ്സില്‍ ഘോരമായ യുദ്ധം നടക്കുന്നു. കുറച്ചുനാള്‍ക്കൂടി കല്‍ക്കത്തയില്‍ ഇരുന്ന് അവരുടെ കാര്യങ്ങള്‍ ഒന്ന് ശരിയാക്കി ഇവിടം എന്നന്നേക്കുമായി വിട്ടുപോകാന്‍ അങ്ങ് ആശീര്‍വദിച്ചാലും'' (വി.സാ.സ: വാള്യം:5, പേജുകള്‍:6-7).
വിവേകാനന്ദനാകാനുള്ള വഴിയേ നടന്നപ്പോള്‍ നരേന്ദ്രനാഥ ദത്ത് എന്ന യുവാവ് അനുഭവിച്ച കഠിന സംഘര്‍ഷങ്ങളുടെ ഒരു ഏകദേശ ചിത്രം മേലുദ്ധരിച്ചതില്‍ നിന്നു മനസ്സിലാക്കാം. വീട്ടുകാരുടെ കഷ്ടദുരിതങ്ങളില്‍ വേദന കൊള്ളുന്ന ഒരു നെഞ്ചകം ഉണ്ടായിരുന്നതുകൊണ്ടാണ് നാട്ടുകാരുടെ കഷ്ടതകളില്‍ വേദനിക്കുന്നതിനും അവക്ക് പരിഹാരങ്ങള്‍ ആരായുന്നതിനുമുള്ള വൈകാരികവും വൈചാരികവുമായ ആശയാവേശങ്ങള്‍ വിവേകാനന്ദന് ഉണ്ടായത്. വേദനയില്‍നിന്നു പിറവി കൊള്ളുന്നതാണ് വേദജ്ഞാനം എന്നു തെളിയിച്ച ജീവിതമായിരുന്നു വിവേകാനന്ദന്റേത്.
വിവേകാനന്ദന്റെ സന്യാസം തെല്ലുമേ സാമ്പ്രദായികം ആയിരുന്നില്ല. പുരി, ഗിരി, സരസ്വതി, തീര്‍ത്ഥ, വനം, ആരണ്യം, പര്‍വതം, സാഗരം, ഭാരതി തുടങ്ങിയ വിശേഷണങ്ങളോടെ ദീക്ഷാ നാമം സ്വീകരിക്കുന്ന രീതിയാണ് ശങ്കരാചാര്യരുടെ ദശനാമി സമ്പ്രദായം എന്ന് അറിയപ്പെടുന്നത്. വിവേകാനന്ദന്‍ സന്യസിച്ചതും ജീവിച്ചതും ദശനാമി സന്യാസ സമ്പ്രദായ പ്രകാരം ആയിരുന്നില്ല. ഭാരതത്തില്‍ സന്യാസിമാരാകാന്‍ തയാറുള്ളവര്‍ പരമ്പരാഗതമായി ദീക്ഷക്കു തെരഞ്ഞെടുക്കുന്ന ദിവസം ശിവരാത്രിയാണ്. എന്നാല്‍ വിവേകാനന്ദന്‍ സന്യാസ ജീവിത വ്രതം സ്വീകരിച്ചത് ക്രിസ്തുമസ് രാത്രിയിലാണ്. അന്നദ്ദേഹം വീട്ടുകാര്‍ ജാത്യാചാര പ്രകാരം നല്‍കിയ നരേന്ദ്രനാഥ ദത്ത് എന്ന നാമം ഉപേക്ഷിച്ചു.
സ്വയം സ്വീകരിച്ച പുതിയ പേര് ധര്‍മാനന്ദന്‍ എന്നായിരുന്നു. പിന്നീട് അതും മാറ്റി. വിവിദിഷാനന്ദന്‍ എന്ന പേരു സ്വീകരിച്ചു. വിവിദിഷ എന്നാല്‍ സത്യാന്വേഷണം എന്നര്‍ഥം: സത്യാന്വേഷണത്തില്‍ ആനന്ദം കൊള്ളുന്നവന്‍ വിവിദിഷാനന്ദന്‍. എന്നാല്‍ ഏറ്റവും സാധാരണക്കാരോടുപോലും നന്നായി ഇടപഴകുന്ന സ്വാമിക്ക് സാധാരണക്കാര്‍ക്ക് ഉച്ചരിക്കാന്‍ പ്രയാസകരമായ ഒരു പേര് ചേരില്ല എന്നുപറഞ്ഞ് അദ്ദേഹത്തിനു വിവേകാനന്ദന്‍ എന്ന പേരു നിര്‍ദേശിച്ചത് ഖേത്രി മഹാരാജാവാണ്. ആ പേരില്‍ അദ്ദേഹം വിശ്വവിഖ്യാതനുമായി. ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സന്യാസിയും സന്യാസിയല്ലാത്തൊരു ഗൃഹസ്ഥന്‍ നല്‍കിയ പേര് സ്വീകരിച്ചതായി കാണുകയില്ല. ഗൃഹസ്ഥന്‍ നല്‍കിയ പേരോടുകൂടി ലോക വിഖ്യാതനായ ഒരേയൊരു ഹൈന്ദവ സന്യാസി വിവേകാനന്ദന്‍ മാത്രമായിരിക്കും. ഇതുകൊണ്ടു തന്നെ അദ്ദേഹം സോദര സന്യാസിയായ രാമകൃഷ്ണാനന്ദക്ക് ഇപ്രകാരം എഴുതി: ''നമ്മുടെ വലിയൊരു ദോഷം സന്യാസിമാരാണെന്നുള്ള അഭിമാനമത്രേ. അത് ആദ്യം ആദ്യം ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ക്ക് പക്വത വന്നിരിക്കയാല്‍ ഇനിയതു തീരെ ആവശ്യമില്ല. മനസ്സിലായോ? സന്യാസിമാരും ഗൃഹസ്ഥരും തമ്മില്‍ ഒരു വ്യത്യാസവും കാണാത്തവനേ യഥാര്‍ഥ സന്യാസിയാകൂ'' (വി.സാ.സ: വാള്യം:5, പേജ്: 222). ഇത്തരം കാഴ്ചപ്പാടുള്ള സന്യാസിമാര്‍ അന്നും ഇന്നും ഇല്ലെന്നതു തന്നെയാണ് വിവേകാനന്ദ സന്യാസം സാമ്പ്രദായികമല്ലെന്നതിന് തെളിവ്.
വസ്ത്രധാരണത്തിലും ആഹാരത്തിലും ഒക്കെ തന്നെ അമ്പരിപ്പിക്കുന്ന വ്യത്യാസങ്ങള്‍ സാമ്പ്രദായിക സന്യാസിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവേകാനന്ദനില്‍ കാണാം. അദ്ദേഹം യൂറോപ്യന്‍ ശൈലിയിലുള്ള ഓവര്‍ കോട്ടും കാലുറയും ഒക്കെ ധരിച്ചാണ് യൂറോപ്പില്‍ ജീവിച്ചത്. എന്നാല്‍ വിശ്വവിഖ്യാതനായി കല്‍ക്കത്തയില്‍ മടങ്ങിവന്നപ്പോഴാകട്ടെ, കൗപീനവും കാവിമുണ്ടും മുറിക്കയ്യന്‍ ബനിയനും മാത്രം ധരിച്ച്, ജനങ്ങളില്‍ ഒരുവനായി, തെരുവുകളില്‍ കാല്‍നടയായി സഞ്ചരിക്കാനും വിവേകാനന്ദന് യാതൊരു മടിയും ഇല്ലായിരുന്നു. ആഹാരകാര്യത്തിലാകട്ടെ സസ്യാഹാരം മാത്രമാണ് ശരിയായ രീതി എന്ന വിചാരം അദ്ദേഹത്തിനില്ലായിരുന്നു. യൂറോപ്പില്‍ ആയിരുന്നപ്പോള്‍ പലപ്പോഴും വേവിച്ച മാംസം മാത്രം ഭുജിച്ചാണ് വിവേകാനന്ദന്‍ ജീവിച്ചിരുന്നത്. കാളന്‍ ഉത്തമാഹാരം, കാളയിറച്ചി മ്ലേച്ഛാഹാരം തുടങ്ങിയ ഇടുങ്ങിയ വിചാരങ്ങളേതും ഏറ്റവും വലിയ ആ ഹൈന്ദവസന്യാസിക്ക് ലവലേശം ഉണ്ടായിരുന്നില്ല. 'ന മാംസോ മധു പര്‍ക'-''മാംസം കൂടാതെ മധുവര്‍ക്കം തയാറാക്കരുത്''-എന്ന ഗൃഹ്യസൂത്രവിധി പഠിച്ചിട്ടുള്ള ഒരു ഭാരതീയനും മാംസഭക്ഷണശീലം തെറ്റാണെന്നു പറയാനാവില്ല എന്നു കൂടി സൂചിപ്പിക്കട്ടെ. വിവേകാനന്ദന്‍ അതൊക്കെ നന്നായി പഠിച്ചിരുന്നു.
''വികാസമത്രേ ജീവിതം; സങ്കോചം മരണമാകുന്നു'' എന്നതാണു വിവേകാനന്ദ ജീവിത ദര്‍ശനത്തിന്റെ അടിസ്ഥാന പ്രമാണം. ''വികസിക്കുവാന്‍ ശ്രമിക്കുക; ജീവിതത്തിന്റെ ഒറ്റ ലക്ഷണം ചലനവും വളര്‍ച്ചയുമാണ്'' (വി.സാ.സ: വാള്യം:5, പേജ്: 160). എന്നിങ്ങനെ പ്രസ്തുത വീക്ഷണം അദ്ദേഹത്തിന്റെ സാഹിത്യത്തിലുടനീളം ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. എന്റെ ജാതി, എന്റെ മതം, എന്റെ രാഷ്ട്രം തുടങ്ങിയ മമതകളുടെ കുടുസ്സില്‍നിന്നും, അഥവാ പൊട്ടക്കിണറ്റിലെ തവളയുടെ മനോഭാവത്തില്‍നിന്നും, മനുഷ്യന്‍ വിമോചിതനാവണം എന്നായിരുന്നു എല്ലായ്‌പ്പോഴും വിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ ഇടുങ്ങിയ ഗുരുഭക്തി പോലും വിവേകാനന്ദന്‍ തരിമ്പും പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹം എഴുതി: ''എന്റെ പേരിനു പ്രാധാന്യം കൊടുക്കേണ്ടതില്ല. എന്റെ ആശയങ്ങളാണ് സാക്ഷാത്കരിക്കപ്പെടേണ്ടത്. എല്ലാ പ്രവാചകന്മാരുടെയും ശിഷ്യന്മാര്‍ എക്കാലവും ഗുരുനാഥന്റെ ആശയത്തെ 'ആളി'നോട് അഭേദ്യമാംവിധം കൂട്ടിക്കലര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ ആളിനുവേണ്ടി ആശയത്തെ കൊല ചെയ്തിട്ടുമുണ്ട്. ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാര്‍ അതുതന്നെ ചെയ്യാതിരിക്കുവാന്‍ കരുതണം. ആശയത്തിനു വേണ്ടി പ്രവര്‍ത്തിക്കുക; ആളിനു വേണ്ടിയല്ല'' (വി.സാ.സ വാള്യം:5, പേജ്: 247) ഇവ്വിധം, ഇടുങ്ങിയ ആള്‍ദൈവവത്കരണത്തെ നിശിതമായി ചെറുക്കുന്ന നിലപാട് വിവേകാനന്ദന്‍ പലപാടും ആവര്‍ത്തിക്കുന്നുണ്ട്.
സ്വരാജ്യ ഭക്തിയെ സംബന്ധിച്ചും ഇടുങ്ങിയ വീക്ഷണങ്ങളൊന്നും വിവേകാനന്ദന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അദ്ദേഹം എഴുതി. ''നിശ്ചയമായും ഞാന്‍ ഭാരതത്തെ സ്‌നേഹിക്കുന്നു. എങ്കിലും പ്രതിദിനം എന്റെ കാഴ്ച കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു. നമുക്കെന്ത് ഭാരതം? എന്ത് ഇംഗ്ലണ്ട്? എന്ത് അമേരിക്ക?... സാമൂഹികമോ ആദ്ധ്യാത്മികമോ ആയ സുസ്ഥിതിക്ക് ഒരു അടിസ്ഥാനമേയുള്ളൂ, ഞാനും എന്റെ സോദരനും ഒന്നെന്നറിയുക. ഇതെല്ലാ നാടുകള്‍ക്കും ജനതകള്‍ക്കും സത്യമാണ്'' (വി.സാ.സ: വാള്യം 5, പേജ് 318). ഭാരതം പുണ്യഭൂമി, മറ്റെല്ലാം മ്ലേച്ഛ ഭൂമി എന്ന വിധത്തിലുള്ളതോ സ്വരാജ്യത്തെ ഉയര്‍ത്തുവാന്‍ വിദേശങ്ങളെ ചവിട്ടി താഴ്ത്തുക എന്ന മട്ടിലുള്ളതോ ആയ ഭ്രാന്തന്‍ ദേശീയ വാദങ്ങളൊന്നും വിവേകാനന്ദന്‍ അംഗീകരിച്ചിരുന്നില്ല എന്നു തീര്‍ച്ച. ''ഉദാര ചരിതനാം തു വസുധൈവകുഡുംബകം-ഉദാരാശയ സമ്പന്നര്‍ക്ക് ലോകം തന്നെ കുടുംബം'' എന്ന യോഗവാസിഷ്ഠത്തിലെ പ്രഖ്യാപനത്തിന്റെ ആധുനിക വക്താവായിരുന്നു സ്വാമി വിവേകാനന്ദന്‍. ഇതു സ്ഥിരീകരിക്കുംവിധം അദ്ദേഹം മറ്റൊരിടത്തു പറയുന്നു ''എന്റെ താല്‍പര്യം അന്തര്‍ദേശീയമാണ് ഒരിക്കലും ഭാരതീയം മാത്രമല്ലെന്ന് നിങ്ങള്‍ മറക്കരുത്'' (വി.സാ.സ: വാള്യം: 5, പേജ്: 455).
ഭാരതത്തിലെ ഗ്രന്ഥങ്ങളെയും ആചാര്യ പരമ്പരകളെയും വിവേകാനന്ദന്‍ വിലയിരുത്തുന്നതും സങ്കുചിതത്വം ത്യാജ്യവും വിശാലത സ്വീകാര്യവും എന്ന മാനദണ്ഡത്തിലൂന്നിയാണ്. അദ്ദേഹം എഴുതുന്നു: ''സ്മൃതികള്‍, പുരാണങ്ങള്‍ എന്നിവ പരിമിത ബുദ്ധിയുള്ള മനുഷ്യരുടെ കൃതികളാണ്; അവയില്‍ തെറ്റിദ്ധാരണ, പ്രമാദം, ഭേദബുദ്ധി, ദ്വേഷബുദ്ധി എന്നിവ നിറഞ്ഞിരിക്കുന്നു. അവയില്‍ ചിലേടത്ത് ഉദാരവും സ്‌നേഹപൂര്‍ണവുമായി കാണുന്നത് സ്വീകാര്യവും ബാക്കിയെല്ലാം ത്യാജ്യവുമാണ്. ഉപനിഷത്തും ഗീതയുമാണ് നേരായ ശാസ്ത്രങ്ങള്‍. രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ചൈതന്യന്‍, നാനാക്ക്, കബീര്‍ തുടങ്ങിയവരാണ് നേരായ അവതാരങ്ങള്‍. ഇവരിലെല്ലാം വെച്ചു ശ്രേഷ്ഠനത്രേ ശ്രീരാമകൃഷ്ണന്‍. രാമാനുജന്‍, ശങ്കരന്‍ തുടങ്ങിയവര്‍ സങ്കുചിത ഹൃദയരായ പണ്ഡിതന്മാര്‍ എന്നേ തോന്നുന്നുള്ളൂ. ആ പ്രേമം എവിടെ, അന്യരുടെ ദുഃഖം കണ്ടിട്ടു കരഞ്ഞു പോകുന്ന ആ ഹൃദയം?'' (വി.സാ.സ: വാള്യം-5, പേജ്: 483).
വിവേകാനന്ദന്‍ മുന്നോട്ടുവെച്ച ആത്മീയതയുടെ സാരസ്വരൂപം ഇതാണ്: മനുഷ്യരെ പരസ്പരം വേര്‍തിരിക്കുന്ന ആചാര സങ്കുചിതത്വങ്ങള്‍ക്കപ്പുറം മാനവസേവ എന്ന മാധവസേവയിലേക്ക് വികസിക്കുക. തൂണിലും തുരുമ്പിലും ഉള്ള നാരായണനെ, ആണിലും പെണ്ണിലും വിദേശിയിലും സ്വദേശിയിലും കറുത്തവനിലും വെളുത്തവനിലും ബ്രാഹ്മണനിലും ചണ്ഡാളനിലും വിശ്വാസിയിലും അവിശ്വാസിയിലും ക്രൈസ്തവനിലും മുസ്‌ലിമിലും എല്ലാം എല്ലാം ഉള്ളവനായി കണ്ട് അവര്‍ക്കെല്ലാം കഴിയാവുന്ന സേവനങ്ങള്‍ ചെയ്യുക. പരോപകാരമെന്ന മതമാണു മാനവരാശിക്കു മനസ്സിലാകുന്ന ഒരേയൊരു മതം. അതായിരുന്നു വിവേകാനന്ദന്‍ പഠിപ്പിച്ച പാഠം. വിശാല ബുദ്ധിയായ വ്യാസന്‍ പണ്ടേ ഉദ്‌ബോധിപ്പിച്ചതും മറ്റൊന്നായിരുന്നില്ല.
''സര്‍വശാസ്ത്ര പുരാണേഷ്ഠ
വ്യാസസ്യ വചന ദ്വയം
പരോപകാര പുണ്യായ പരപീഡനം''
''എല്ലാ ശാസ്ത്ര പുരാണങ്ങളിലും വ്യാസന്റെ രണ്ടു വചനങ്ങളാണ് സാരമായിട്ടുള്ളത്. പരോപകാരമത്രേ പുണ്യം-പാപമെന്നത് പരപീഡനവുമാണ്.'' ഇതാണ് മേലുദ്ധരിച്ച ശ്ലോകത്തിന്റെ അര്‍ഥം. ഇതാണ് വ്യാസന്‍ പഠിപ്പിച്ച മതം. വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ച മതവും അതുതന്നെ.
[email protected]
Comments