സാംസ്‌കാരിക ജീവിതങ്ങളിലേക്ക് തനിമയുടെ സര്‍ഗസഞ്ചാരം
ആദി പെരിയോന്റെ യേകല്‍ അരുളാലേ
ആലത്തില്‍ ആരമ്പ ദൂതര്‍ മുഹമ്മദ്
തങ്ങളും തങ്ങളെ സഹാബിമാരും കൂടി
മദീനത്ത് പള്ളിയില്‍ ഇരിക്കും സമയത്ത്
ചായല്‍ ഒരു പക്ഷി വന്ന് സലാം ചൊല്ലി
ആറ്റല്‍ നബിയും സലാമും കയ്യേറ്റാരേ....
സഞ്ചാരികളായ ഫക്കീര്‍മാരുടെ പാട്ടുകൂട്ടങ്ങളിലെ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രചിക്കപ്പെട്ട പക്ഷിപ്പാട്ടിന്റെ ഈരടികള്‍ ഷാഹിറ, മുബശ്ശിറ, മുന്‍ഷിറ എന്നീ കൊച്ചുബാലികമാര്‍ ചേര്‍ന്ന് ഈണമിട്ടാലപിക്കുമ്പോള്‍ മൊഗ്രാല്‍ ഹൈസ്‌കൂള്‍ മൈതാനത്ത് തിങ്ങി നിറഞ്ഞ സഹൃദയസഞ്ചയം തനിമ കലാസാഹിത്യ വേദിയെ ഹാര്‍ദമായി കൈയേറ്റുകയായിരുന്നു. നമ്മുടെ സാംസ്‌കാരിക ഭൂപടത്തില്‍ വേണ്ടത്ര വെളിപ്പെട്ടു കാണാത്ത ജീവിത മുദ്രകളെയും പ്രധാന ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും കോര്‍ത്തിണക്കുന്ന സാംസ്‌കാരിക സഞ്ചാരത്തിന്റെ ആരംഭമായിരുന്നു അത്. അറബി മലയാളത്തില്‍ മുപ്പതിലധികം പതിപ്പുകളിറങ്ങിയ 'അക്ബര്‍ സദഖ'യെന്ന പക്ഷിപ്പാട്ട് രചിച്ച നെടുത്തോപ്പില്‍ അബ്ദുല്ലയുടെയും കവയത്രി കുഞ്ഞായിശുവിന്റെയുമൊക്കെ പാരമ്പര്യം പേറുന്ന, ഇശലുകള്‍ പൂക്കുന്ന മൊഗ്രാല്‍ ഗ്രാമവും അവിടത്തെ ആബാലവൃദ്ധം പാട്ടുകാരും ആ കോര്‍വയിലെ ആദ്യത്തെ കണ്ണികളായി. മുഖ്യധാര സംസ്‌കാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും അവഗണിക്കുകയും ചെയ്ത ഇത്തരം സര്‍ഗശേഷിപ്പുകളെ ഉടനീളം ആദരിച്ചുകൊണ്ടാണ് 2012 ഡിസംബര്‍ 21-ന് തുടങ്ങിയ തനിമ കലാവേദിയുടെ സര്‍ഗസഞ്ചാരം 28-ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂര്‍ വൈലാലില്‍ വീട്ടില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. ഇനിയുള്ള ഘട്ടങ്ങള്‍ കൂടി പിന്നിട്ട് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളത്തിന്റെ കലാ- സാംസ്‌കാരിക ചരിത്രത്തില്‍ പൂര്‍വമാതൃകകളില്ലാത്ത ഒരധ്യാമായിരിക്കും അത് എഴുതിച്ചേര്‍ക്കുക.
കലയും സാഹിത്യവും നെഞ്ചേറ്റുന്നവര്‍ ആത്മാവിന്റെ സുഗന്ധമുള്ള, സൗന്ദര്യമുള്ള ജീവിതത്തെ ഉദ്ഗാനം ചെയ്യുന്ന ഒരു മാനവ സൗഹാര്‍ദ കലാപ്രസ്ഥാനത്തിനായി കൊതിയോടെ കാത്തിരിക്കുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യമാണ് യാത്രാവഴികളില്‍ അനുഭവപ്പെട്ടത്. കപ്പലോട്ടക്കാരുടെ നാടിന്റെ പാരമ്പര്യം ഓര്‍മിപ്പിക്കുന്ന പായ്ക്കപ്പലാകൃതിയില്‍ പണിത പ്രൗഢമായ വേദിയില്‍ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഹസന്‍ കമാല്‍ പ്രയാണ പ്രഖ്യാപനം നിര്‍വഹിച്ചു. മതസഹവര്‍ത്തിത്വത്തിന്റെ കേരളം രാജ്യത്തിന് മാതൃകയാണെന്നു പറഞ്ഞ ഹസന്‍ കമാല്‍ ഏത് ഭാഷയെയും ആശയത്തെയും നല്ല മനസ്സോടെ ഉള്‍ക്കൊള്ളുന്ന മലയാളികള്‍ക്കിടയില്‍ തനിമയുടെ ചുവടുവെപ്പ് ശ്രദ്ധേയമാണെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മഹാരാഷ്ട്ര ഉര്‍ദു അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് ഖുര്‍ശിദ് സിദ്ദീഖിയാണ് സഞ്ചാരം ഫ്‌ളാഗ് ഓഫ് ചെയ്തത്. നന്മയെ സ്‌നേഹിക്കുന്ന, തിന്മയെ വെറുക്കുന്ന ഏത് കലാകാരനും തനിമയുടെ ഭാഗമാണെന്ന് പറഞ്ഞ് രക്ഷാധികാരി ടി.കെ ഹുസൈന്‍ പതാക ഏറ്റുവാങ്ങി. തുളു അക്കാദമി സെക്രട്ടറി മഞ്ചുനാഥ ആള്‍വ, അഡ്വ. സി.എച്ച് കുഞ്ഞമ്പു, പ്രഫ.ഇബ്‌റാഹീം ബേവിഞ്ച തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനറും മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം മുന്‍ സെക്രട്ടറിയുമായ തനിമ അബ്ദുല്ലയാണ് സംഘാടനം നിയന്ത്രിച്ചത്. മൊഗ്രാല്‍ സ്വദേശിയും ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയുമായ അബ്ദുല്ല അബ്ദുല്‍ ഹമീദ് വിവര്‍ത്തനം ചെയ്ത പക്ഷിപ്പാട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
വടക്കേ മലബാറിന്റെ താളപ്പൊലിമകളും വര്‍ണശബളതകളും ഒപ്പിയെടുത്തുകൊണ്ടുള്ള സഞ്ചാരം 22-ന് കാലത്ത് ഹൊസങ്കടിയില്‍ നിന്ന് പ്രയാണം തുടങ്ങി. വിവിധ രാഷ്ട്രീയ-മത സംഘടനകളുടെ ആണ്ടറുതിയാത്രകള്‍ കണ്ടുമടുത്ത അത്യുത്തര കേരളത്തിന് ഇങ്ങനെയൊരു കലാപ്രയാണം പുതുമ നിറഞ്ഞതായിരുന്നു. രാഷ്ട്ര കവി ഗോവിന്ദപൈ ഉള്‍പ്പെടെയുള്ളവരെ അനുസ്മരിച്ച വേദിയില്‍ കന്നട-തുളു കലാകാരന്മാരും ആദരിക്കപ്പെട്ടു. കര്‍ഷക സ്ത്രീകള്‍ അവതരിപ്പിച്ച കൊയ്ത്തുപാട്ടും താലി എന്ന വടക്കന്‍ മെയ്യഭ്യാസ പ്രകടനങ്ങളും സഞ്ചാരത്തിന് ആവേശം പകര്‍ന്നു. കന്നഡ ചലച്ചിത്ര-ഭക്തിഗാന രചയിതാവ് കെ.ഹരിശ്ചന്ദ്രന്‍, യക്ഷഗാന കലാകാരന്‍ ഡി.എം.കെ മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മഹാകവി ടി. ഉബൈദിന്റെ വസതിക്ക് സമീപം എത്തിച്ചേര്‍ന്ന പ്രയാണം മലയാളഭാഷക്കും സാഹിത്യത്തിനും ഉബൈദ് നല്‍കിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വൈകുന്നേരം തളങ്കരയില്‍ ദീനാര്‍ ഐക്യവേദിയാണ് സ്വീകരണമൊരുക്കിയത്. സംഗീതത്തെയും സാഹിത്യത്തെയും കുന്നോളം ഉയര്‍ത്തിയ മണ്ണിനെ തനിമ പരിഗണിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് റഹ്മാന്‍ തായലങ്ങാടിയാണ് തുടക്കം കുറിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 43-ാം വാര്‍ഷികം നടന്ന സ്ഥലമെന്ന നിലയിലുള്ള തളങ്കരയുടെ സാംസ്‌കാരിക പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു. മാലിക് ദീനാര്‍ സ്മാരകവും പാട്ടുകള്‍ പാടി ചിത്രപ്പണികള്‍ തുന്നിപ്പിടിപ്പിച്ച് നിര്‍മിക്കുന്ന തളങ്കരയിലെ തൊപ്പിനിര്‍മ്മാണ കേന്ദ്രവും ജാഥാംഗങ്ങള്‍ സന്ദര്‍ശിച്ചു. നാടകാചാര്യന്‍ ടി.പി അന്തയെ പിന്നീട് കവി പി.എസ് ഹമീദിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് ആദരിച്ചത്. പരവനടുക്കത്ത് നടന്ന സമാപനസംഗമം പരിചമുട്ടും പുല്ലാങ്കുഴല്‍-തബല വാദ്യങ്ങളും ഗസലും ചേര്‍ന്ന് ഹൃദ്യമായ കലാവിരുന്നാണ് ഒരുക്കിയത്. എ. ശാന്തകുമാര്‍ രചന നിര്‍വഹിച്ച് ഭാവന മൂടംകുളം അരങ്ങിലെത്തിച്ച 'കര്‍ക്കടകം' നാടകം രാത്രി വൈകിയും ആസ്വാദകരെ പിടിച്ചിരുത്തി.
ഇരുപത്തിമൂന്നിന് രാവിലെ ആലിയ കോളേജില്‍ മലര്‍വാടി ബാലസംഘം കുട്ടികളുമായുള്ള സഹവാസത്തിന് ശേഷം ബഹുഭാഷ പണ്ഡിതന്‍ സി. രാഘവന്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ നാടായ ഉദുമയിലാണ് ആദ്യ വരവേല്‍പ്പുണ്ടായത്. ജാതി-മത ഭേദം കൂടാതെ എല്ലാവരെയും ഒന്നിപ്പിക്കാന്‍ തനിമക്ക് കഴിയുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ പറഞ്ഞു. 'കുട്ടികളുടെ വരയഛന്‍' കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. സന്തോഷ് പനയാല്‍, വേണു മാങ്ങാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തനിമ തുളുമ്പുന്ന മാപ്പിളപ്പാട്ടുകളോടെയാണ് പന്നിക്കര പ്രദേശം കലാപ്രയാണത്തിന് സ്വാഗതമോതിയത്. കണ്ണില്‍ കണ്ടതിനെയെല്ലാം പ്രണയിച്ച കവി പി. കുഞ്ഞിരാമന്‍ നായരുടെയും വിദ്വാന്‍ പി. കേളുനായരുടെയും ഓര്‍മകളുറങ്ങുന്ന കാഞ്ഞങ്ങാട്ടെത്തിയ സഞ്ചാരത്തെ സംഗീതാധ്യാപകനായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് തനിമക്കായി പ്രത്യേകം എഴുതി ചിട്ടപ്പെടുത്തിയ ഗാനമാലപിച്ച് വിസ്മയിപ്പിച്ചു. തുടര്‍ന്ന് ചെറുവത്തൂരില്‍ കാസര്‍കോട് ജില്ലയിലെ സമാപന പരിപാടിയായി മൂല്യങ്ങളുടെ പൊലിമയും സൗന്ദര്യശാസ്ത്ര തനിമയും എന്ന തലക്കെട്ടില്‍ സാഹിത്യവര്‍ത്തമാനവും കലാപ്രകടനങ്ങളും സംഘടിപ്പിച്ചു. സുറാബ്, വാസുചേറോട്, സുബൈദ നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. കുട്ടമത്ത് കവികളും വിപ്ലവകവി ടി.എസ് തിരുമുമ്പും കണ്ണന്‍ പെരുവണ്ണാനും വേദിയില്‍ അനുസ്മരിക്കപ്പെട്ടു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ പൊതുപരിപാടിയോടെയാണ് കണ്ണൂര്‍ ജില്ലയിലെ പര്യടനം ആരംഭിച്ചത്. ഗീതാസദ്‌സംഘത്തിന്റെ പ്രഭാഷണ വേദി സാംസ്‌കാരിക സഞ്ചാരത്തിന്റെ സ്വീകരണ പരിപാടിക്കായി സംഘാടകര്‍ വിട്ടുകൊടുക്കുകയായിരുന്നു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എസ്. മായ, മാപ്പിള സംഗീതരംഗത്തെ അസീസ് തായ്‌നേരി, കണ്ടല്‍ കാടുകളില്‍ ജീവിതം രചിച്ച കല്ലേല്‍ പൊക്കുടന്‍, സ്വാതന്ത്ര്യസമരസേനാനി അപ്പുക്കുട്ട പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു.
നാലാം ദിവസം തളിപ്പറമ്പ് സര്‍ഗവേദിയുമൊത്താണ് സഞ്ചാരം തുടങ്ങിയത്. സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരനുമായ കെ.സി വര്‍ഗീസാണ് അനുമോദന ഭാഷണം നിര്‍വഹിച്ചത്. തെയ്യം കലാകാരന്‍ രമേശ്പണിക്കരും തബലിസ്റ്റ് മധുപട്ടുവവും ആദരമേറ്റുവാങ്ങി. തുടര്‍ന്ന് ചിറക്കല്‍ ഫോക്ക്‌ലോര്‍ അക്കാദമി, സെക്രട്ടറി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സഞ്ചാരാംഗങ്ങളെ സ്വീകരിച്ചു. അഴീക്കോട് പൂതപ്പാറയിലെ സാന്ത്വനം വയോജനസദനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം സാംസ്‌കാരിക വേദി ഒരുക്കിയ സല്‍ക്കാരത്തിന് രക്ഷാധികാരി എം.ബി.കെ അലവില്‍ നേതൃത്വം നല്‍കി. മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി ഭാസ്‌കര പൊതുവാളും സന്നിഹിതനായിരുന്നു. വളപട്ടണത്ത് നടന്ന വളപട്ടണം കഥകളുടെ പ്രകാശനവും കഥാവതരണങ്ങളും വേറിട്ട അനുഭവമായിരുന്നു. സമാപനപരിപാടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക പ്രവര്‍ത്തനം വെട്ടുംകുത്തും കച്ചവടവുമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറന്ന് പണമുണ്ടാക്കുന്നവരെ ആരാധ്യ പുരുഷന്മാരാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. സി.വി രാമന്‍പിള്ളയെപ്പോലെ ശ്രദ്ധേയരാകേണ്ട എം.ആര്‍.കെ.സിയെ (ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോന്‍) ഇവിടത്തെ എഴുത്തുകാര്‍ക്ക് പോലുമറിയില്ല. ചരിത്രകാരന്‍ ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് സ്മാരകം പോലുമില്ല. ചെറുശ്ശേരിക്ക് സ്മാരകം ഇല്ലാത്തിടത്ത് മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലെന്നും ശിഹാബുദ്ദീന്‍ ചൂണ്ടിക്കാട്ടി. കളത്തില്‍ ബഷീര്‍ എഡിറ്ററായ മലയാളം രവം മാസികയുടെ കഥാപതിപ്പിന്റെ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു. ചലച്ചിത്ര നിര്‍മ്മാതാവ് പി.എ റഷീദ്, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവര്‍ പങ്കെടുത്തു.
കഥകളുറങ്ങുന്ന അറയ്ക്കല്‍ കൊട്ടാരത്തിന്റെ ശേഷിപ്പുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് അടുത്ത ദിവസം സാംസ്‌കാരിക സഞ്ചാരം പുനരാരംഭിച്ചത്. എടക്കാട് സഹൃദയവേദിയുടെ ഗ്രാമോത്സവത്തിലാണ് പിന്നീടത് കണ്ണിചേര്‍ന്നത്. തനിമയാര്‍ന്ന മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവഴിയില്‍ തിളങ്ങി നില്‍ക്കുന്ന പീര്‍മുഹമ്മദിന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. പീര്‍മുഹമ്മദിനെ പൊന്നാടയണിയിച്ച് സംസാരിച്ച റഹ്മാന്‍ മുന്നൂര്‍ '80-കള്‍ തൊട്ടെ തനിമയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ഓര്‍ത്തെടുത്തു. ശാരീരികാവശതകള്‍ക്കിടയിലും ഏറെ വളര്‍പ്പെറ്റ ആ ഗാനം 'കാഫ്മലകണ്ട പൂങ്കാറ്റേ... ' സദസ്സിന്റെ ആവശ്യപ്രകാരം ഒരിക്കല്‍ കൂടി പീര്‍ ആലപിച്ചു.
നിറഞ്ഞ മനസ്സോടെ സഞ്ചാരം നീങ്ങിയത് തലശ്ശേരി പുതിയമാളിയേക്കല്‍ തറവാട്ടിലേക്കാണ്. മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവ് ബീയുമ്മ ഖിലാഫത്ത് പ്രസ്ഥാന പ്രചാരണവുമായി തലശ്ശേരിയിലെത്തിയപ്പോള്‍ സ്വീകരണ സല്‍ക്കാരം നല്‍കിയ ഭവനം. തലശ്ശേരിയിലെ ആദ്യ മ്യൂസിക് ക്ലബ്ബായ ജനത മ്യൂസിക്കിന്റെയും സുബൈദ മ്യൂസിക് ഇന്‍സ്റ്റിറ്റൂട്ടിന്റെയും പിറവിക്ക് കടപ്പെട്ട ഈ തറവാട്ടില്‍ ഒരുമ സാംസ്‌കാരികവേദി, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഒരുമിച്ചിരുത്തി. അവരില്‍ 85 വയസ്സ് പിന്നിട്ടിട്ടും ഇംഗ്ലീഷ് പത്രം മുറതെറ്റാതെ വായിക്കുന്ന ഇംഗ്ലീഷ് മറിയുമ്മ തൊട്ട് പുതിയ തലമുറയുടെ പ്രതിനിധികള്‍ വരെ ഉണ്ടായിരുന്നു. കൂത്തുപറമ്പ് വഴി വരവേ മണ്‍മറഞ്ഞ സംഗീതപ്രതിഭ ചാന്ദ്പാഷയെ അനുസ്മരിച്ച സഞ്ചാരം വൈകുന്നേരം കടത്തനാടിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. വടകര ടൗണ്‍ഹാള്‍ നിറഞ്ഞ വേദിയും സദസ്സും ജില്ലാ രക്ഷാധികാരി ഖാലിദ് മൂസയുടെ നേതൃത്വത്തില്‍ സഞ്ചാരികള്‍ക്ക് ഉജ്ജ്വലമായ അഭിവാദ്യം അര്‍പ്പിച്ചു. ഗായകന്‍ വി.ടി മുരളിയാണ് സര്‍ഗസായാഹ്‌നം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സമാപനം കുറ്റിയാടിയിലായിരുന്നു. ശിങ്കാരിമേളവും തെയ്യക്കോലങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടി സേവിച്ച് കലാസഞ്ചാരത്തെ കുറ്റിയാടി നഗരം ചുറ്റി ആനയിച്ചു. രാത്രി നടന്ന സര്‍ഗസംഗമം സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുറ്റിയാടി എം.ഐ യു.പി സ്‌കൂളിന്റെ 'തോരാമഴ' സര്‍ഗാദരം ഏറ്റുവാങ്ങി.
സഹവര്‍ത്തിത്വത്തിന്റെ കുടിയേറ്റ ഭൂമിയായ വയനാട്ടിലേക്ക് കുറ്റിയാടി ചുരം വഴി എത്തിച്ചേരുമ്പോള്‍ നിരവില്‍പുഴയില്‍ മേളം തുടങ്ങിക്കഴിഞ്ഞിരുന്നു. സാംസ്‌കാരിക കേരളം മറന്ന വയനാട്ടില്‍ അമേച്വര്‍ നാടകപ്രസ്ഥാനത്തിന്റെ വിത്തുവിതച്ച കുലപതി ചെറുകര കരുണാകരന്‍ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. മാസ്റ്ററുടെ വീട്ടുമുറ്റത്തൊരുക്കിയ ചടങ്ങില്‍ തനിമക്ക് വേണ്ടി ഡോ. അസീസ് തരുവണ പൊന്നാട ചാര്‍ത്തി. തുടര്‍ന്ന് മാനന്തവാടി പഴശ്ശി സ്മാരക സന്ദര്‍ശനമായിരുന്നു. 95 വര്‍ഷം പഴക്കമുള്ള പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ ഗദ്ദിക കലാകാരന്‍ പി.കെ കരിയാത്തന്‍, കോല്‍ക്കളിയാചാര്യന്‍ പള്ളിയൂര്‍ ഇബ്‌റാഹീം തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങി. സ്വാതന്ത്ര്യസമര സേനാനി ആയങ്കി ഇബ്‌റാഹീം ഹാജിയെ വീട്ടില്‍ ചെന്നാദരിച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബുമൊത്തുള്ള സൗഹൃദങ്ങളും കൂത്താളി സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍വാസമനുഭവിച്ചപ്പോള്‍ എ.കെ.ജിയെ പരിചയപ്പെടാന്‍ ഇടയായതും ഈ ഒത്തുചേരലില്‍ അദ്ദേഹം അയവിറക്കി. വയനാട് മുസ്‌ലിം ഓര്‍ഫനേജിലെ വിദ്യാര്‍ഥികളുമൊന്നിച്ചുള്ള സര്‍ഗസായാഹ്‌നം നവോന്മേഷം പകര്‍ന്നു. ഡബ്ലിയു.എം.ഒ സ്ഥാപനങ്ങള്‍ നേതൃത്വം കൊടുക്കുന്ന എം.എ മുഹമ്മദ് ജമാലിന് തനിമ ആദരംനല്‍കി.
പതിനാറ് വര്‍ഷമായി പരിസ്ഥിതി സൗഹൃദമുദ്രാവാക്യമുയര്‍ത്തി പ്രവൃത്തിക്കുന്ന തൃക്കൈപ്പറ്റ 'ഉറവി'ലും സഞ്ചാരമെത്തി. 300ഓളം വിവിധതരം മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംഘടിത യത്‌നമാണ് അവിടെ നടന്നുവരുന്നത്. ആഗോളീകരണത്തിന്റെ പടപാച്ചിലില്‍ നാട്ടറിവുകളും നാടന്‍കലകളും നഷ്ടമാവാതിരിക്കാനുള്ള ജാഗ്രതയെ തനിമ ബഹുമാനിക്കുന്നു. ആദിവാസി മൂപ്പന്‍ കറുപ്പന്റെ നേതൃത്വത്തില്‍ താളമേളങ്ങളോടെയും ആദിവാസികലാരൂപങ്ങളുടെ അകമ്പടിയോടെയുമാണ് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനത്തേക്ക് പ്രവേശിച്ചത്. വനിതാകമീഷന്‍ ചെയര്‍പേഴ്‌സന്‍ റോസക്കുട്ടി ടീച്ചര്‍, ഊര്‍ജ്വസ്വലരായ ചെറുപ്പക്കാര്‍ സാംസ്‌കാരിക രംഗത്ത് ഇത്രയും സജീവമാകുന്ന കാഴ്ച സന്തോഷകരം തന്നെയെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ന്യൂനപക്ഷസമുദായത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ ഫാറൂഖ് കോളേജിലായിരുന്നു 27ന് ആദ്യത്തെ ഒത്തുചേരല്‍. പിന്നീട് പൗരാണികത മണക്കുന്ന ചാലിയത്തിന്റെ മണ്ണിലേക്ക്. മലബാര്‍ പ്രദേശത്തെ വിദ്യാഭ്യാസ-വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് അളവറ്റ പിന്തുണ നല്‍കിയിരുന്ന ഇമ്പിച്ചി ഹാജിയുടെ ഇല്ലിക്കല്‍ തറവാട്ടുമുറ്റത്ത് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നു. വൈകീട്ട് പുതിയറയിലെ എസ്.കെ പൊറ്റക്കാട് സ്മാരക കേന്ദ്രത്തില്‍ സെക്രട്ടറി പൂനൂര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ തനിമ പ്രവര്‍ത്തകരെ സ്വീകരിച്ചു. കെ.പി രാമനുണ്ണിയായിരുന്നു ഉദ്ഘാടനം. മതമല്ല ഫാഷിസം ഉണ്ടാക്കുന്നതെന്നും ആധുനിക സംസ്‌കൃതി എന്ന ഫാഷിസമാണ് വലുത് എന്നും അശീഷ് നന്ദിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഗ്രോവാസു, പ്രഫ. ശോഭീന്ദ്രന്‍, ഡോ. ശാന്തകുമാര്‍, ബാപ്പുവെള്ളിപറമ്പ്, ഫസീല മുഹമ്മദലി എന്നിവര്‍ സന്നിഹിതരായി. ചേന്ദമംഗല്ലൂരിന്റെ ഉത്സവമായി മാറിയ സമാപന പരിപാടി മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാനാണ് തുടങ്ങിവെച്ചത്. കലയോളം മനുഷ്യനെ അടുപ്പിക്കാന്‍ കഴിയുന്ന ഒന്നില്ലെന്നും ധാര്‍മ്മികതയിലും മാനവികതയിലും അധിഷ്ഠിതമായ കലയാണ് തനിമ ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
28-ന് കാലത്ത് കൊയിലാണ്ടിയില്‍ മേലൂര്‍ വാസുദേവന്റെ അധ്യക്ഷതയില്‍ ഈയച്ചേരി കുഞ്ഞികൃഷ്ണനാണ് സാംസ്‌കാരിക സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ ഹൃദയത്തെയും സംസ്‌കരിക്കുന്നതാവണം സാംസ്‌കാരിക പ്രവര്‍ത്തനം എന്നദ്ദേഹം സൂചിപ്പിച്ചു. പൂക്കാട് കലാലയത്തിലേക്ക് നീങ്ങവെ പ്രമുഖ ഗോള-സമുദ്ര ശാസ്ത്രജ്ഞന്‍ അലിമണിക്ഫാന്‍ യാത്രക്ക് കൂട്ടുചേര്‍ന്നു; തനിമയുടെ ആദരമേറ്റുവാങ്ങി. നൂറ് കണക്കിന് ശിഷ്യഗണങ്ങളുള്ള കഥകളി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, നാടകം തന്നെ ജീവിതമായി മാറിയ ചേമഞ്ചേരി നാരായണന്‍ നായര്‍ തുടങ്ങിയ എഴുത്തുകാരും നാടകപ്രവര്‍ത്തകരും തനിമയുടെ ആശിര്‍വാദത്തില്‍ പങ്കാളികളായി.
സാര്‍ഥകമായ ഒന്നാം ഘട്ടത്തിന്റെ സമാപനം കുറിച്ച് സാംസ്‌കാരിക സഞ്ചാരം വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലെത്തുമ്പോള്‍ ഫാബി ബഷീറും ഷാഹിനയും അനീസും ചേര്‍ന്നു ഹൃദ്യമായി വരവേറ്റു. ജില്ലകളക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഫാബിയെ തനിമയുടെ പൊന്നാട ചാര്‍ത്തി. വീട്ടുമുറ്റത്തൊരുക്കിയ അനുസ്മരണ ചടങ്ങില്‍ പി.കെ പാറക്കടവിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ആദ്യഘട്ട യാത്രയുടെ സമാപന പൊതുസമ്മേളനം കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കുറ്റിച്ചിറയിലാണ് നടന്നത്. പ്രമുഖ നോവലിസ്റ്റ് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലിപ്പോള്‍ വിശപ്പിന് പകരം മദ്യാസക്തിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സാംസ്‌കാരിക നവോത്ഥാനം ആവശ്യമായി വന്നിരിക്കുന്നു. ഭൗതികമായി എല്ലാവരും സമ്പന്നരാണ് എന്നാല്‍ ആത്മീയ ദാരിദ്ര്യം ഏറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ജനത ആന്തരിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി. സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ കുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തനിമ മുഖ്യരക്ഷാധികാരി ടി.ആരിഫലിയാണ് മുഖ്യപ്രഭാഷണം നടത്തിയത്.
മൊഗ്രാലില്‍ തുടങ്ങിയ സാംസ്‌കാരിക സഞ്ചാരം കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ പിന്നിട്ട് കുറ്റിച്ചിറയിലെ സമാപനവേദിയിലേക്കെത്തുമ്പോള്‍ മുഖ്യധാരയുടെ പരിലാളനകള്‍ കിട്ടാത്തവരും അവഗണിക്കപ്പെട്ടുപോയിരുന്നവരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 231 വ്യക്തിത്വങ്ങളെയാണ് പൊന്നാടയണിയിച്ചും മൊമന്റോകള്‍ നല്‍കിയും ആദരിച്ചത്. കലാസാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു മണ്‍മറഞ്ഞ് പോയ മുന്നൂറോളം പേരെ അനുസ്മരിക്കുകയും ചെയ്തു. സഞ്ചാരത്തിന്റെ ഭാഗമായിരുന്ന പന്ത്രണ്ടംഗ കലാസംഘം ഏറെ നാളത്തെ തയാറെടുപ്പുകളോടെ രൂപപ്പെടുത്തിയതിന്റെ മികവ് അവതരണങ്ങളില്‍ ദൃശ്യമായി. ജമീല്‍ അഹ്മദിന്റെ 'നന്മവിളക്ക്' എന്ന കാവ്യനാടകം, മുനീബ് കാരക്കുന്നിന്റെ 'കേരളപ്പെരുമ' എന്ന സംഗീതശില്‍പം, തുപ്പേട്ടന്‍ രചിച്ച മോഹനസുന്ദരപാലം എന്ന പ്രഹസനം എന്നീ ആവിഷ്‌കാരങ്ങളായിരുന്നു പ്രധാനമായും കലാസംഘം അവതരിപ്പിച്ചത്. പ്രസിദ്ധ നാടക സംവിധായകനായ നൗഷാദ് ഇബ്‌റാഹീം ആണ് അവ ചിട്ടപ്പെടുത്തിയത്. ഓരോ പ്രദേശത്തും അതാത് നാട്ടിലെ കലാകാരന്മാര്‍ വൈവിദ്ധ്യങ്ങളായ കലാവിഷ്‌കാരങ്ങളാണ് കാഴ്ചവെച്ചത്. തനിമ രക്ഷാധികാരി ടി.കെ ഹുസൈന്‍, പ്രസിഡന്റ് ആദം അയൂബ്, സഞ്ചാരം ഡയറക്ടര്‍ പി.എ.എം ഹനീഫ്, ജാഥാ ക്യാപ്റ്റന്‍ ഫൈസല്‍ കൊച്ചി, റഹ്മാന്‍ മുന്നൂര്, ജമീല്‍ അഹ്മദ്, സക്കീര്‍ ഹുസൈന്‍, അനീസുദ്ദീന്‍ അഹ്മദ്, സലീം പൂപ്പലം, നാസര്‍ കറുത്തേനി, മുനീബ് കാരക്കുന്ന്, സലിം കുരിക്കളകത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാസംഘം ഉള്‍പ്പെടെ മുപ്പത് അംഗങ്ങളാണ് ഈ സാംസ്‌കാരിക സഞ്ചാരത്തെ മുന്നോട്ടു നയിച്ചത്. ബി.കെ മുഹമ്മദ്കുഞ്ഞി (കാസര്‍കോട്), ജമാല്‍ കടന്നപ്പള്ളി (കണ്ണൂര്‍), കെ. ബാവ പാലുകുന്ന് (വയനാട്), അശ്‌റഫ് മാസ്റ്റര്‍ (കോഴിക്കോട്) എന്നിവരാണ് ജില്ലകളില്‍ സംഘാടനത്തിന് നേതൃത്വം നല്‍കിയത്. കേരള സമൂഹം വിശിഷ്യ സാംസ്‌കാരിക ലോകം ഗൗരവപൂര്‍വം പരിഗണിക്കേണ്ട ചില വിഷയങ്ങള്‍ സഞ്ചാരം ഉന്നയിക്കുകയുണ്ടായി. സര്‍ക്കാരിന് ഒരു സാംസ്‌കാരിക നയം വേണം എന്നതായിരുന്നു ആദ്യത്തേത്. ലഹരിയും സര്‍ഗാത്മകതയും തമ്മിലുള്ള അവിശുദ്ധ ബന്ധം പ്രോത്സാഹിപ്പിക്കപ്പെടരുത് എന്നതാണ് മറ്റൊന്ന്. ഉപരിപ്ലവമായ പ്രചാരണങ്ങള്‍ക്കപ്പുറം മലയാളത്തിന്റെ നിലനില്‍പ്പിനും ഭാഷാപരിപോഷണത്തിനും ആത്മാര്‍ഥമായ നീക്കങ്ങളുണ്ടാകണം. കലാ സാംസ്‌കാരിക മേഖലയെ അനാവശ്യ വിവാദങ്ങളില്‍ നിന്ന് മുക്തമാക്കി സമൂഹനന്മക്കും പുരോഗതിക്കുമുള്ള ഉപാധിയാക്കണം. വിപണിക്ക് യോജിച്ച കലകള്‍ പ്രോത്സാഹിക്കപ്പെടുകയും യഥാര്‍ഥ സാംസ്‌കാരിക മുദ്രകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം അനുവദിച്ചുകൂടാ. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭാഷാമാനവിക വിഷയങ്ങള്‍ തരം താഴ്ത്തപ്പെടരുത് എന്നിവയായിരുന്നു പ്രമേയരൂപത്തില്‍ തനിമ കലാസാഹിത്യവേദി കലാകേരളത്തിന് മുന്നില്‍വെച്ചത്. സഞ്ചാരം എത്തിച്ചേര്‍ന്ന മിക്കയിടത്തും വലിയ ജനക്കൂട്ടമാണ് പങ്കാളികളായത്. ജീവിതസൗന്ദര്യവും ധാര്‍മ്മികതയുമുള്ള കലാസാംസ്‌കാരിക പ്രസ്ഥാനത്തിന്റെ സ്വീകാര്യതക്ക് തന്നെയാണ് ഈ പങ്കാളിത്തം തെളിവു തരുന്നത്.
Comments