Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

സ്വപ്നങ്ങള്‍ മാത്രമല്ല, അവ കൈയെത്തിപ്പിടിക്കാനുള്ള ആസൂത്രണവും വേണം

ടി. ആരിഫലി/സദ്‌റുദ്ദീന്‍ വാഴക്കാട്‌

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തന മാര്‍ഗത്തിന്റെ വ്യതിരിക്തത എന്താണ്? അഥവാ എന്താണ് അവര്‍ ഉയര്‍ത്തിപ്പിടിച്ച വിപ്ലവത്തിന്റെ രീതിശാസ്ത്രം?
കൃത്യമായ ലക്ഷ്യവും അത് നേടാനാവശ്യമായ സമാധാനപൂര്‍ണമായ മാര്‍ഗവും മികച്ച ആസൂത്രണവും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നു. മുസ്‌ലിം സമൂഹത്തെ ബോധവത്കരിച്ച് അവരില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി സാമൂഹിക വിപ്ലവത്തിന് അവരെ സജ്ജമാക്കുകയാണ് അവ ചെയ്തത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ലക്ഷ്യം വളരെ കൃത്യമായിരുന്നു. ലക്ഷ്യം ചിതറിപ്പോവുകയോ അവ്യക്തമാവുകയോ ചെയ്തിരുന്നുവെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുമായിരുന്നില്ല. മാര്‍ഗത്തില്‍ അപഭ്രംശം സംഭവിച്ചിരുന്നുവെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമായിരുന്നു. അക്കാര്യത്തില്‍ കവിഞ്ഞ സൂക്ഷ്മത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുകയുണ്ടായി.
പ്രതിയോഗികളെ എവ്വിധമൊക്കെയാണ് സി.ഐ.എ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് നമുക്കറിയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നിന്ന് ആളുകളെ വിലക്കെടുത്ത് കൊണ്ടാണ് കമ്യൂണിസ്റ്റ് വിപ്ലവങ്ങളെ തകര്‍ക്കാന്‍ അവര്‍ നീക്കങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ സി.ഐ.എ സൃഷ്ടിച്ചെടുത്ത ആശയമായിരുന്നു കമ്യൂണിസ്റ്റ് തീവ്രവാദം; നക്‌സലിസം. അതുപോലെ, ഇസ്‌ലാമിക സമൂഹത്തിലെ അസന്തുലിതവാദക്കാരും തീവ്ര ചിന്താഗതിക്കാരുമായവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് പലതരത്തിലുള്ള തീവ്ര നിലപാടുകളിലേക്ക് തള്ളിവിടാന്‍ സാമ്രാജ്യത്വ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിനകത്ത് ഭീകരവാദികളെ വളര്‍ത്തിയെടുക്കുന്നത് ഇസ്‌ലാമിക ദര്‍ശനമല്ല, സാമ്രാജ്യത്വ ഗൂഢാലോചനകളാണ്. അവരുമായി ചങ്ങാത്തമുള്ള ഭരണകൂടങ്ങളെയും സംഘടനകളെയും അതിനു വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇതിനെ മറികടക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. എത്ര കടുത്ത പീഡനമുണ്ടായപ്പോഴും സമാധാനപൂര്‍ണമായ മാര്‍ഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രകടിപ്പിച്ച അസാമാന്യ ക്ഷമ ഇതിന്റെ ഉദാഹരണമാണ്. നേതാക്കളെയും പ്രവര്‍ത്തകരെയും നിരന്തരം വേട്ടയാടുകയും കൊല്ലുകയും ചെയ്തപ്പോഴും സായുധ കലാപത്തിനിറങ്ങാതെ പിടിച്ചുനിന്നത് വല്ലാത്തൊരു ധീരതതന്നെയാണ്. ഇന്ന് മുഹമ്മദ് മുര്‍സിക്കും ഇഖ്‌വാനും ഈജിപ്തിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ചത് ഈ ക്ഷമക്കും സഹനത്തിനും അല്ലാഹു നല്‍കിയ പ്രതിഫലമാണ്. ക്ഷമാശീലര്‍ക്കാണ് വിജയമുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടല്ലോ.
ലക്ഷ്യത്തിലെത്താനുള്ള ശരിയായ മാര്‍ഗത്തില്‍ നിന്ന് തെറ്റാതിരിക്കുക മാത്രമല്ല ഇഖ്‌വാന്‍ ചെയ്തത്. സമയമാകുന്നത് വരെ കാത്തിരിക്കുക കൂടിയായിരുന്നു അവരുടെ നയം. ഇടക്കാലത്ത് എങ്ങനെയെങ്കിലുമൊക്കെ ഭരണത്തിലെത്താനുള്ള ശ്രമങ്ങള്‍ അത്ര ഗൗരവത്തില്‍ ഇഖ്‌വാന്‍ നടത്തിയിട്ടില്ല. ജനങ്ങളില്‍നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുന്നതുവരെ അവര്‍ കാത്തിരുന്നു. അറബ് വസന്തത്തിനു ശേഷം തന്നെ ഈജിപ്തില്‍ അധികാരത്തിലെത്തണമെന്ന മോഹമൊന്നും ഇഖ്‌വാനെ പിടികൂടിയിരുന്നില്ല. 'ഞങ്ങള്‍ ഭരിക്കുകയല്ല, ഭരണത്തില്‍ പങ്കാളിയാവുകയാണ്' (ഇന്നാ ലാനഹ്കും വലാകിന്‍ നുശാരിക്) എന്നതായിരുന്നു അവരുടെ നയം. പക്ഷേ, ഈജിപ്തിന്റെ രാഷ്ട്രീയ സാഹചര്യം അവരെ ഭരണത്തില്‍ എത്തിക്കുകയായിരുന്നു.
തുനീഷ്യയുടെ അവസ്ഥയും ഇതുതന്നെയാണ്. റാശിദുല്‍ ഗനൂശിക്ക് 25 വര്‍ഷമാണ് പുറംനാട്ടില്‍ ജീവിക്കേണ്ടിവന്നത്. ബൂറഖീബയുടെയും ബിന്‍ അലിയുടെയും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കും മറ്റു ജനാധിപത്യവാദികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, എല്ലാ പ്രതിസന്ധികള്‍ക്കുമിടയിലും വളരെ കൃത്യമായ ലക്ഷ്യബോധത്തോടെ, തന്മയത്വത്തോടെ അവര്‍ മുന്നോട്ടുപോയി. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലാണ് 2005-ല്‍ റാശിദുല്‍ ഗനൂശി കേരളത്തില്‍, ശാന്തപുരത്ത് വന്നത്. ജമാഅത്ത് നേതാക്കളുമായി നടത്തിയ രണ്ട് മണിക്കൂറിലേറെ നീണ്ട സംഭാഷണത്തിനിടക്ക്, നാടുവിടേണ്ടിവന്നതിന്റെ പ്രയാസത്തെക്കുറിച്ച് ഒരിക്കല്‍പോലും പറയുകയുണ്ടായില്ല. തുനീഷ്യയെ സംബന്ധിച്ച, ഭാവിയെക്കുറിച്ച ശുഭപ്രതീക്ഷകളായിരുന്നു അദ്ദേഹത്തിന്റെ സംസാരത്തില്‍ നിറഞ്ഞുനിന്നത്. തുനീഷ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിജയത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
സ്വപ്നങ്ങള്‍ മാത്രമല്ല, അവ സഫലീകരിക്കാനാവശ്യമായ തന്ത്രങ്ങളും ആസൂത്രണങ്ങളും അവയുടെ കൈമുതലായിരുന്നുവല്ലോ?
ലക്ഷ്യം നേടാനാവശ്യമായ തന്ത്രങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുര്‍ക്കിയെ ഉദാഹരണമായി എടുക്കുക. ഖിലാഫത്തിനെ തച്ചുടക്കുകയും ഇസ്‌ലാമിക ചിഹ്നങ്ങള്‍ മാച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്ത 1924-ലെ തുര്‍ക്കിയെ ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെയാണ് മാറ്റിയെടുത്തത്? സഈദ് നൂര്‍സിയുടെ ശിഷ്യ പരമ്പരയില്‍പെട്ട നജ്മുദ്ദീന്‍ അര്‍ബകാന്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക നവോത്ഥാനത്തെ വലിയ തോതില്‍ മുന്നോട്ടുനയിച്ചിട്ടുണ്ട്. എന്നാല്‍, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, അര്‍ബകാനില്‍ നിന്നും വ്യത്യസ്തമായ സ്ട്രാറ്റജിയാണ് പ്രയോഗവത്കരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെ, തുര്‍ക്കി ദേശീയതയെ ഉര്‍ദുഗാന്‍ ഉപയോഗിക്കുന്നുണ്ട്. മുസ്ത്വഫാ കമാല്‍ അത്താത്തുര്‍ക്കിനോട് ഇന്നും നിലനില്‍ക്കുന്ന ബഹുമാനത്തെയും തുര്‍ക്കി ദേശീയതയുടെ ചിഹ്നങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഉര്‍ദുഗാന്‍ മുന്നോട്ടുപോകുന്നത്. 'ഇസ്‌ലാമിന് സ്വാതന്ത്ര്യം നല്‍കുക' എന്നതാണ് ഉര്‍ദുഗാന്‍ സ്വീകരിച്ച ഒന്നാമത്തെ സ്റ്റപ്പ്, ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കുകയല്ല. തുര്‍ക്കിയില്‍ പതിറ്റാണ്ടുകളായി ഇസ്‌ലാമിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അപ്പോള്‍ പാരതന്ത്ര്യത്തിന് അന്ത്യം കുറിച്ച് ഇസ്‌ലാമിന് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ജനാധിപത്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടതെന്ന് അവര്‍ മനസ്സിലാക്കി. നേരത്തെ പര്‍ദ ധരിക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. ഉപേക്ഷിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പര്‍ദ ധരിക്കാനും ധരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. നേരത്തെ അറബി ഭാഷ സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. ഇപ്പോള്‍ അറബി ഭാഷ സംസാരിക്കാനും തുര്‍ക്കി ലിപിയില്‍ അറബി എഴുതാനും അവസരമുണ്ട്. ഇതാണ് ഉര്‍ദുഗാന്റെ ഒന്നാമത്തെ വിജയം. സെക്യുലരിസ്റ്റ് അടിച്ചമര്‍ത്തലില്‍ നിന്ന് പ്യൂരലിസ്റ്റിക് വിശാലതയിലേക്ക് അദ്ദേഹം രാഷ്ട്രത്തെ മാറ്റിയെടുക്കുകയായിരുന്നു. വളരെ സ്ട്രാറ്റജിക് ആണ് ഉര്‍ദുഗാന്റെ പ്രവര്‍ത്തനങ്ങള്‍

സായുധ കലാപങ്ങളിലൂടെ ഭരണകൂടത്തെ അട്ടിമറിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്യുകയെന്ന തീവ്രവാദ സമീപനത്തെ നിരാകരിച്ചുവെന്നതും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രത്യേകതയാണല്ലോ.
തീവ്രവാദത്തിന്റെയും സായുധ കലാപങ്ങളുടെയും വഴികള്‍ തീര്‍ത്തും നിരാകരിച്ചുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നയപരിപാടികള്‍ ആസൂത്രണം ചെയ്തത്. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളും ഭീകരവാദവും തെറ്റാണെന്നും നാം ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യസാധ്യത്തിന് അത് സഹായകമാവുകയല്ല, വിഘാതമാവുകയാണ് ചെയ്യുകയെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇമാം ഹസനുല്‍ ബന്നാ ശഹീദ്, സയ്യിദ് ഖുത്വ്ബ്, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തുടങ്ങിയവര്‍ തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊണ്ടവരായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇന്നു കാണുന്ന വിജയക്കുതിപ്പ് സാധ്യമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സായുധ കലാപത്തിന്റെ വഴി തിരസ്‌കരിച്ച് ആദര്‍ശപ്രബോധനത്തിന്റെയും ആശയസംവാദത്തിന്റെയും രീതിശാസ്ത്രം മുറുകെ പിടിച്ചതാണ്.
സായുധകലാപം ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ടയിലേ ഉണ്ടായിരുന്നില്ല. ബദീഉസ്സമാന്‍ സഈദ് നൂര്‍സി അതിനെ നിരാകരിച്ചു. ഇഖ്‌വാന്റെ സ്ഥാപക നേതാവ് ഇമാം ഹസനുല്‍ ബന്നാ സായുധ കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. അത് ശരിയായ വഴിയല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇവ്വിഷയത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയാണ് സയ്യിദ് ഖുത്വ്ബ്. പ്രമാദമായ വഴിയടയാളങ്ങള്‍ എന്ന കൃതിയുടെ രചയിതാവു കൂടിയായ സയ്യിദ് ഖുത്വ്ബ്, പക്ഷേ തീവ്രവാദത്തിന് എതിരായിരുന്നു. ബന്നായുടെ കാലശേഷവും തീവ്രവാദത്തിലേക്ക് പോകാന്‍ യാതൊരു ശ്രമവും സയ്യിദ് ഖുത്വ്ബ് നടത്തിയിട്ടില്ല. അതില്‍നിന്ന് അനുയായികളെ തടഞ്ഞുനിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും ഉള്‍പ്പെടെ ഇഖ്‌വാന്‍ നേതാക്കളും പ്രവര്‍ത്തകരും രക്തസാക്ഷികളാവുകയും ഒട്ടേറെ പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തപ്പോള്‍ പോലും ഇഖ്‌വാന്റെ പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോവുകയുണ്ടായിട്ടില്ല. ഹസനുല്‍ ബന്നാ ശഹീദ് ഈജിപ്തിന്റെ തെരുവില്‍ വെടിയേറ്റു വീണപ്പോള്‍ പോലും ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ പ്രതികാരദാഹത്തോടെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയോ സായുധ കലാപത്തിന് മുതിരുകയോ ചെയ്യുകയുണ്ടായില്ല.
ജനകീയ വിപ്ലവാനന്തരം മുര്‍സി അധികാരത്തില്‍ വരികയും ഭരണഘടനാ പരിഷ്‌കരണമുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തപ്പോള്‍ അതിനെതിരെ മുബാറക് അനുകൂലികളും മറ്റും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അതില്‍ നിരവധി ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നല്ലാതെ ഇഖ്‌വാനികള്‍ ആരെയെങ്കിലും വധിച്ചതായോ സായുധ കലാപം സംഘടിപ്പിച്ചതായോ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. ആക്രമണങ്ങളും സായുധ കലാപങ്ങളും നിരാകരിക്കുന്ന അടിത്തറകളിലാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ കെട്ടിപ്പടുത്തിട്ടുള്ളത് എന്നതാണതിന്റെ കാരണം.

തീവ്രവാദത്തെയും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളെയും ശക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ടല്ലോ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. സമാധാനപൂര്‍ണമായ ആശയസംവാദത്തിന്റെ ആര്‍ജവമുള്ള ശൈലി ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖമുദ്രയായി മാറിയതില്‍ സയ്യിദ് മൗദൂദിയുടെ സ്വാധീനം വളരെ വലുതാണെന്ന് തോന്നുന്നു.
അജയ്യമായ ആദര്‍ശത്തിന്റെ കരുത്തുള്ള വൈജ്ഞാനിക ഇടപെടലുകളിലൂടെയാണ് സയ്യിദ് മൗദൂദി ഇസ്‌ലാമിക നവോത്ഥാനത്തെ മുന്നോട്ട് നയിച്ചത്. ഇസ്‌ലാമിന്റെ ഏതു പ്രതിയോഗിയുമായും ആര്‍ജവത്തോടെ അദ്ദേഹം ആശയസംവാദത്തിലേര്‍പ്പെട്ടു. അതാണ് ഇസ്‌ലാമിക വിപ്ലവത്തിന്റെ ശരിയായ വഴി എന്നദ്ദേഹം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും മാത്രമല്ല, ഇസ്‌ലാമിക പ്രവര്‍ത്തകരെ പഠിപ്പിക്കുകയും ചെയ്തു. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനവും സായുധ കലാപങ്ങളും ഉള്‍പ്പെടുന്ന തീവ്രവാദത്തെ അദ്ദേഹം ശക്തിയായി തള്ളിപ്പറഞ്ഞു. തന്റെ പ്രസ്ഥാനത്തിനകത്തും സ്വാധീന വൃത്തത്തിലും തീവ്രവാദ ചിന്തകളോടും വിധ്വംസക പ്രവര്‍ത്തനങ്ങളോടും ആഭിമുഖ്യം വളര്‍ന്നുവരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട് മൗലാനാ മൗദൂദി. നിയമാനുസൃതമായ ജനാധിപത്യ മാര്‍ഗങ്ങളേ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാവൂ എന്ന് മൗദൂദി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു വാശിയോടെയാണ് ഇതദ്ദേഹം അണികളെ പഠിപ്പിച്ചത്. വിപ്ലവത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച കൃത്യമായ ഈ ദിശാബോധം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മൗലാനാ മൗദൂദിയുടെ മൗലിക സംഭാവനകളിലൊന്നാണ്. ഈ രീതിശാസ്ത്രം പിന്തുടര്‍ന്നതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വിജയിക്കാനായത്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായ വളര്‍ച്ചയും മുന്നേറ്റവും അതുകൊണ്ടുതന്നെയാണ്. അട്ടിമറി പ്രവര്‍ത്തനമോ സായുധ വിപ്ലവമോ മാര്‍ഗമായി സ്വീകരിച്ചിരുന്നുവെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി ഛിന്നഭിന്നമാവുകയും അടിച്ചമര്‍ത്തപ്പെടുകയുമൊക്കെ ചെയ്യുമായിരുന്നു.
ഭരണകൂട ഭീകരത രൂക്ഷമായ ഒരു ഘട്ടത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍നിന്ന് ഒരു വിഭാഗം ആളുകള്‍ സായുധ കലാപത്തിലേക്ക് വഴിമാറിപ്പോയെങ്കിലും, മൗദൂദി നേതൃത്വം നല്‍കിയ പാക് ജമാഅത്തില്‍നിന്ന് ഒരു ഘട്ടത്തിലും തീവ്രവാദ ചിന്തകളോ സംഘടനകളോ ഉണ്ടായിട്ടില്ല. ഇത് മൗദൂദിയുടെ ശിക്ഷണഫലം തന്നെയാണ്. വിഭജനാനന്തരം പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റമുണ്ടായപ്പോള്‍ അതിനെതിരെ മൗദൂദി രംഗത്ത് വരികയുണ്ടായി. നുഴഞ്ഞുകയറ്റത്തിലൂടെയുള്ള അപ്രഖ്യാപിത യുദ്ധം ഇസ്‌ലാംവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച മൗദൂദിയെ പാക് ഗവണ്‍മെന്റ് ജയിലിലടക്കുക പോലുമുണ്ടായി. സായുധ വിപ്ലവത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് മൗദൂദി നല്‍കിയ മുന്നറിയിപ്പുകള്‍ നിത്യ പ്രസക്തമാണ്.

സായുധ കലാപങ്ങളിലൂടെ ലക്ഷ്യം നേടാം എന്ന് വിശ്വസിക്കുകയും തീവ്രവാദ നിലപാടുകള്‍ കൈക്കൊള്ളണം എന്ന് ആവശ്യപ്പെടുകയും ചെയ്തവര്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യധാരയില്‍ നിന്ന് അകന്നുപോവുകയും ഒറ്റപ്പെട്ട ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. അത് തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ചിലര്‍ തിരിച്ചുവരികയും ചെയ്ത അനുഭവങ്ങളുണ്ടല്ലോ?
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിത്തുടങ്ങിയപ്പോള്‍ ക്രൂരമായ വേട്ടയാടലുകള്‍ക്കാണ് അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വിധേയരായത്. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധം സംഘടന നിരോധിക്കപ്പെടുന്ന അനുഭവങ്ങളുമുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് മാറാന്‍ തുടങ്ങി. സായുധ ആക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോകാനാകൂ എന്നതായിരുന്നു അവരുടെ വാദം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പക്ഷേ, അത് അംഗീകരിച്ചില്ല. സായുധ കലാപങ്ങളെ ഇഖ്‌വാന്‍ തള്ളിപ്പറഞ്ഞു. സമാധാനപൂര്‍ണമായ ജനാധിപത്യ മാര്‍ഗങ്ങള്‍ അവലംബിച്ചാലേ ലക്ഷ്യം നേടാനാകൂ എന്ന് ഇഖ്‌വാന്‍ പ്രഖ്യാപിച്ചു. അത് തീര്‍ത്തും ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. എല്ലാ പീഡന മര്‍ദനങ്ങളെയും ക്ഷമാപൂര്‍വം തരണം ചെയ്ത ഇഖ്‌വാന്‍ ഈജിപ്തില്‍ അധികാരത്തിലെത്തി. എന്നാല്‍, തീവ്രവാദശൈലി സ്വീകരിച്ച 'അല്‍ജമാഅ അല്‍ ഇസ്‌ലാമിയ' പോലുളള സംഘടനകള്‍ക്ക് ഒന്നും നേടാനായില്ല. തങ്ങളുടെ ലൈന്‍ തെറ്റായിരുന്നുവെന്ന് തിരിച്ചറിയുക മാത്രമല്ല അത് തുറന്നുപറയുകയും ചെയ്തു അവര്‍. സായുധ വിപ്ലവത്തിന്റെ വഴി ഉപേക്ഷിച്ച് ജനാധിപത്യ പ്രവര്‍ത്തനങ്ങളിലേക്ക് വന്ന അവര്‍ 'പുനരാലോചന രേഖകള്‍' പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇഖ്‌വാന്റെ മുഖ്യധാര ഉയര്‍ത്തിപ്പിടിച്ച നയത്തിന് ലഭിച്ച അംഗീകാരമാണിത്.

അറബ് വസന്തത്തിന്റെ ഈറ്റില്ലങ്ങളായ തുനീഷ്യയിലും ഈജിപ്തിലും സമൂഹ പുനഃസംവിധാനവും രാഷ്ട്ര പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. ഒരേ അടിസ്ഥാനത്തില്‍ ഊന്നി നില്‍ക്കുകയും ഒരേ ലക്ഷ്യം മുന്നില്‍ കാണുകയും ചെയ്യുമ്പോഴും സമീപന രീതികളില്‍ റാശിദുല്‍ ഗനൂശിയും മുഹമ്മദ് മുര്‍സിയും വ്യത്യസ്ത വഴികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു രാഷ്ട്രങ്ങളിലെയും പുതിയ ഭരണഘടന തന്നെ ഇതിന്റെ സൂചനയാണ്. ഈ വ്യത്യസ്തതയെ എങ്ങനെ കാണുന്നു?
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ നയനിലപാടുകള്‍ സ്വീകരിക്കുന്നതില്‍ തദ്ദേശീയ സാഹചര്യങ്ങള്‍ക്കും സാമൂഹിക അന്തരീക്ഷത്തിനും അനുസരിച്ച വ്യത്യാസങ്ങള്‍ കാണാം. അറബ് വസന്താനന്തരം തുനീഷ്യയും ഈജിപ്തും സ്വീകരിക്കുന്ന നിലപാടുകളിലെ അന്തരം ഇതിന്റെ ഉദാഹരണമാണ്. യൂറോപ്പിനോട് അടുത്ത് നില്‍ക്കുന്ന രാഷ്ട്രമാണ് തുനീഷ്യ. അവിടെ ജനകീയ വിപ്ലവം ഉണ്ടായ ശേഷം രൂപപ്പെട്ട ഭരണസംവിധാനം ഈജിപ്തിലേതില്‍നിന്ന് അല്‍പം വ്യത്യസ്തമായ രീതിയിലാണ്. യൂറോപ്പുമായി അടുത്ത് നില്‍ക്കുന്ന രാഷ്ട്രം എന്ന നിലക്കും യൂറോപ്യന്‍ സമൂഹവുമായി അടുത്ത് ഇടപഴകിയ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് റാശിദുല്‍ ഗനൂശി എന്നതുകൊണ്ടും ആപേക്ഷികമായി ഏറെ ബഹുസ്വരമാണ് വിപ്ലവാനന്തര തുനീഷ്യന്‍ ഭരണസംവിധാനം. എന്നാല്‍, ഈജിപ്തിന്റെ അവസ്ഥ അതല്ല. അവര്‍ യൂറോപ്പില്‍നിന്ന് അകലെയും അറബ് മുസ്‌ലിം രാഷ്ട്രങ്ങളോട് ഏറെ അടുത്തുമാണ് സ്ഥിതി ചെയ്യുന്നത്. ഈജിപ്തിന്റെ പാരമ്പര്യവും സമൂഹ മനസ്സും തുനീഷ്യയുടേതില്‍നിന്ന് വേറിട്ടു നില്‍ക്കുന്നതാണ്. അല്‍ അസ്ഹര്‍ പോലെ ദീര്‍ഘമായ പാരമ്പര്യമുള്ള ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയുടെയും മറ്റും സ്വാധീനവും ഈജിപ്തിനുണ്ട്. അതുകൊണ്ട് ബഹുസ്വരതയെ ഉള്‍ക്കൊണ്ടു കൊണ്ടുതന്നെ ഇസ്‌ലാമിക മുഖമുള്ള ഭരണസംവിധാനമാണ് ഈജിപ്തില്‍ രൂപം കൊണ്ടിട്ടുള്ളത്. മുഹമ്മദ് മുര്‍സിയും റാശിദുല്‍ ഗനൂശിയും വ്യത്യസ്ത സാഹചര്യങ്ങളെ ഒരേ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട് വ്യത്യസ്ത രീതിയില്‍ സമീപിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പരിശോധിച്ചാലും ഈ വ്യത്യാസം കാണാന്‍ കഴിയും. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയും ബംഗ്ലാദേശ്-ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയും വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നത് അവരുടെ സാഹചര്യങ്ങള്‍ ഭിന്നമായതുകൊണ്ട് കൂടിയാണ്. (അവസാനിച്ചു)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍