Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

വിനയത്തിലൂടെ വിജയത്തിലേക്ക്‌

ശൈഖ് മുഹമ്മദ് കാരകുന്ന്

മക്കയിലേക്കുള്ള ഒരു യാത്രാ സംഘം വഴിമധ്യേ മദീനയിലിറങ്ങി. വിശ്രമത്തിനുശേഷം യാത്ര ആരംഭിച്ചപ്പോള്‍ അവര്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടി. അദ്ദേഹം അവര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സന്തോഷപൂര്‍വം നിര്‍വഹിച്ചുകൊണ്ടിരുന്നു. സാധാരണ മനുഷ്യര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും അത്യുത്സാഹത്തോടെ അദ്ദേഹം ചെയ്തു. ഇതു കാണാനിടയായ മദീന നിവാസികളിലൊരാള്‍ ആളെ തിരിച്ചറിഞ്ഞു. അദ്ദേഹം യാത്രാ സംഘത്തോടു ചോദിച്ചു: ''നിങ്ങളെ സേവിച്ചു കൊണ്ടിരിക്കുന്ന ഈ വ്യക്തി ആരാെണന്നറിയുമോ?
''ഇല്ല, ഞങ്ങള്‍ക്കറിയില്ല. യാത്രക്കിടയില്‍ മദീനയില്‍ വെച്ചാണ് അയാള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. പിന്നീട് ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ അതീവ ശ്രദ്ധയോടെ അയാള്‍ ഞങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്''- യാത്രക്കാര്‍ അറിയിച്ചു.
''ശരിയാണ്. നിങ്ങള്‍ അദ്ദേഹത്തെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഒരു ഭൃത്യനെപ്പോലെ നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ നിങ്ങള്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല.''
''കാരണം?'' അവരന്വേഷിച്ചു.
''അദ്ദേഹം അബൂത്വാലിബിന്റെ മകന്‍ അലിയാണ്. നിങ്ങളുടെ ഭരണാധികാരി. പ്രവാചകന്റെ നാലാം ഖലീഫ.'' മദീനക്കാരന്‍ വിശദീകരിച്ചു. ഈ തിരിച്ചറിവ് യാത്രാസംഘത്തെ വിസ്മയഭരിതരാക്കി. ഒപ്പം പരിഭ്രമത്തിലാഴ്ത്തുകയും ചെയ്തു.
ആദ്യത്തെ പാപം ചെയ്തത് ഇബ്‌ലീസാണല്ലോ. അതിനവനെ പ്രേരിപ്പിച്ചത് അഹങ്കാരമായിരുന്നു. കാലം കണ്ട മറ്റെല്ലാ ധിക്കാരികളെയും വഴിപിഴപ്പിച്ചത് അഹങ്കാരം തന്നെ. ഈ അഹങ്കാരത്തിന് അറുതി വരുത്തി വിശ്വാസിയില്‍ വിനയം വളര്‍ത്തുകയാണ് ഇസ്‌ലാം. ആരാധനാ കര്‍മങ്ങള്‍പോലും അതിന് സഹായകമാകും വിധമാണ്. പള്ളിയില്‍ നമസ്‌കാരത്തിന് ആദ്യമെത്തുന്നത് ഓഫീസിലെ ശിപായിയോ ഡ്രൈവറോ ആണെങ്കില്‍ ആദ്യ അണിയിലുള്ള അയാളുടെ കാലിന്റെ അടുത്ത് തലവെക്കാതെ പിന്നാലെ വരുന്ന പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ഗവര്‍ണര്‍ക്കോ നമസ്‌കരിക്കാനാവില്ല. തന്റെ കീഴിലുള്ള ചപ്രാസിയുടെ കാലിന്റെ അടുത്ത് തലവെക്കുകയില്ലെന്ന് ആരെങ്കിലും ശഠിച്ചാല്‍ അയാളുടെ നമസ്‌കാരം നിരര്‍ഥകമായി മാറുന്നു. സമൂഹത്തിലെ പരമദരിദ്രന്‍ അനുഭവിക്കുന്നപോലെ വിശപ്പും ദാഹവും സഹിക്കാതെ ആര്‍ക്കും വ്രതമനുഷ്ഠിക്കാനാവില്ല. നാലായിരത്തി ഒരുനൂറുകൊല്ലം മുമ്പ് ഹാജറയെന്ന അടിമപ്പെണ്ണ് കയറി നില്‍ക്കുക വഴി അല്ലാഹുവിന്റെ അടയാളങ്ങളായി മാറിയ സ്വഫായിലും മര്‍വായിലും കയറിനില്‍ക്കാതെയും അവര്‍ നടന്ന വഴിയിലൂടെ നടക്കാതെയും ഏതു പ്രമുഖനും പ്രമാണിക്കും ഹജ്ജോ ഉംറയോ നിര്‍വഹിക്കുക സാധ്യമല്ല. ഇവയെല്ലാം അവയുടെ ചൈതന്യമുള്‍ക്കൊണ്ട് നിര്‍വഹിക്കുന്ന ഏതൊരാളും പരമ വിനീതനായിത്തീരൂന്നു.
സ്വന്തം പരിമിതികള്‍ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും വിനയാന്വിതനാവാതെ തരമില്ല. എത്ര വലിയ പണ്ഡിതനാണെങ്കിലും അയാളുടെ അറിവ് വളരെ പരിമിതമായിരിക്കും. തന്റെ താഴെയുള്ളവരില്‍നിന്ന് അയാള്‍ക്ക് പലതും പഠിക്കാനുണ്ടാവും. വെള്ളത്തില്‍ വീണാല്‍ നീന്താനറിയാത്ത സാങ്കേതിക വിദഗ്ധനും മുടിവെട്ട് അഭ്യസിച്ചിട്ടില്ലാത്ത ശാസ്ത്രജ്ഞനും കാര്‍ഷികവൃത്തി വശമില്ലാത്ത കലാകാരനും സൈക്കിള്‍ സവാരി ശീലിച്ചിട്ടില്ലാത്ത സാഹിത്യകാരനുമെല്ലാം അജ്ഞാനികള്‍ തന്നെ. അപ്രകാരം ശാരീരിക കരുത്തിനോ സാമ്പത്തിക ശേഷിക്കോ അധികാര ശക്തിക്കോ മരണത്തെ തടുക്കാനാവില്ലെന്നതും വാസ്തവം. മരണത്തെ അഭിമുഖീകരിക്കേണ്ടുന്ന മനുഷ്യന്‍ ഭൗതിക സൗകര്യങ്ങളുടെ പിന്നാലെ പായുന്നത് പാമ്പിന്റെ വായിലകപ്പെട്ട തവള പാറ്റയെ പിടിക്കുന്നപോലെയാണെന്ന ഭരതവാക്യം വിസ്മരിക്കാവതല്ല. ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ ക്ഷണികമാണ് മനുഷ്യജീവിതം എന്നറിയുന്ന ആര്‍ക്കും വിനീതനാവാതിരിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിനയം കാണിക്കുന്നവരാണ് വിജയം വരിക്കുക. മഹത്വത്തിനുടമകളും അവര്‍ തന്നെ. പ്രവാചകന്‍ പറയുന്നു: ''ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച അടിമയുടെ അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉന്നതനാക്കും'' (മുസ്‌ലിം).
''തന്റെ സഹോദരനോട് വിനയം കാണിക്കുന്നവനെ അല്ലാഹു ഉയര്‍ത്തുകയും അവനോട് ഔദ്ധത്യം പ്രകടിപ്പിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യും'' (ത്വബറാനി).
മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും ഭരണാധികാരിയും സര്‍വ സൈന്യാധിപനും ന്യായാധിപനുമൊക്കെയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അത്യസാധാരണമായ വിനയം നിറഞ്ഞുനിന്നു. ഒരുവേള താന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുതെന്ന് നിര്‍ദേശിച്ച ഏക നേതാവായിരിക്കും മുഹമ്മദ് നബി(സ).
അനുയായികളില്‍നിന്ന് അകന്ന് കഴിയാനാണ് അധികനേതാക്കളും ആഗ്രഹിക്കുക. സാധാരണക്കാര്‍ ചെയ്യാറുള്ള ശാരീരികാധ്വാനങ്ങള്‍ക്കൊന്നും നേതാക്കള്‍ ഒരുക്കമായിരിക്കില്ല. അത് തങ്ങളുടെ അന്തസ്സിന് ചേര്‍ന്നതല്ല എന്ന ധാരണയാണവര്‍ക്ക്. അതിനാല്‍ അണികളിലേക്കിറങ്ങിച്ചെന്ന് അവരുമായി ഇടപഴകാന്‍ വിമുഖത കാണിക്കുന്നു. മതപണ്ഡിതന്മാരും സമുദായ നേതാക്കള്‍പോലും ഇതിന്നപവാദമല്ല. നബിയുടെ നിലപാട് ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. നിലം കിളക്കുന്നതും കിടങ്ങ് കീറുന്നതും തന്റെ മഹിതമായ പദവിക്ക് പറ്റിയതല്ലെന്ന തോന്നല്‍ പ്രവാചകനുണ്ടായിരുന്നില്ല. ഹിജ്‌റാബ്ദം അഞ്ചിലുണ്ടായ അഹ്‌സാബ് യുദ്ധവേളയില്‍ മുവായിരം അനുയായികളോടൊന്നിച്ച് കിടങ്ങു കുഴിക്കുന്നതില്‍ ഇരുപതു ദിവസം നബി വ്യാപൃതനാവുകയുണ്ടായി.
മറ്റൊരിക്കല്‍ അവിടുന്നും അനുചരന്മാരും യാത്രയിലായിരിക്കെ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്തു തമ്പടിച്ചു. കൂടിയാലോചനക്കുശേഷം അവര്‍ ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: 'അറവ് ഞാന്‍ നടത്തിക്കൊള്ളാം'. 'തൊലിയുരിയുന്നത് ഞാന്‍'- മറ്റൊരാള്‍ പറഞ്ഞു. 'പാകം ചെയ്യുന്നത് ഞാനാവട്ടെ' മൂന്നാമന്‍ പറഞ്ഞു. അങ്ങനെ അവര്‍ ഓരോ ജോലിയും ഭാഗിച്ചെടുത്തു. ഉടനെ പ്രവാചകന്‍ പറഞ്ഞു: 'വിറക് കൊണ്ടുവരുന്നത് എന്റെ ചുമതലയിലായിരിക്കും.' ' വേണ്ടാ അതും ഞങ്ങള്‍ ചെയ്തുകൊള്ളാം' അനുചരന്മാര്‍ അറിയിച്ചു. നബി അംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ ചെയ്തു: ''നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നും നിങ്ങളത് ചെയ്യുമെന്നും എനിക്കറിയാം. എന്നാല്‍ ഞാന്‍ എന്നെ നിങ്ങളേക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമില്ല. സ്വന്തത്തെ കൂട്ടുകാരേക്കാള്‍ ഉയര്‍ന്നവനായികാണുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' തുടര്‍ന്ന് വിറക് ശേഖരിക്കാനായി പ്രവാചകന്‍ (സ) പുറത്തേക്കിറങ്ങി.
അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ ഭരണകാലത്ത് മദീനയിലെ അവശയായ ഒരു അന്ധക്ക് എല്ലാ സേവനങ്ങളും ചെയ്തുകൊടുത്തിരുന്നത് ഉമറുല്‍ ഫാറൂഖ്(റ) ആണ്. ഇടക്കൊരു ദിവസം താനെത്തും മുമ്പെ വൃദ്ധക്കാവശ്യമായതെല്ലാം മറ്റാരോ ചെയ്തുകൊടുത്തതായി കണ്ടു. പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. ഉമറിന് ആശ്ചര്യമായി. തനിക്കുമുമ്പെ ആരാണിതൊക്കെ ചെയ്യുന്നത്? ആളെ കണ്ടെത്താനായി ഉമര്‍ ഒരു നാള്‍ പ്രഭാതമാകുംമുമ്പ് വൃദ്ധയുടെ വീടിന്റെ പിന്നില്‍ ഒളിച്ചിരുന്നു. അപ്പോഴതാ ഖലീഫാ അബൂബക്ര്‍ സിദ്ദീഖ്(റ) വൃദ്ധക്ക് ആവശ്യമായ സാധനങ്ങളുമായി നടന്നു വരുന്നു. ഉടനെ ഉമറുല്‍ ഫാറൂഖ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: 'ഓ. എനിക്കു മുമ്പേ ഇതു ചെയ്യുന്നത് താങ്കളാണല്ലേ?' ഭരണാധികാരിയായിരിക്കെ ഒന്നാം ഖലീഫ എത്ര വിനീതനായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഇസ്‌ലാം, വിശ്വാസികളെ ഇവ്വിധം വിനീതരാക്കുന്നു. അവരെ ഭൂമിയില്‍ മഹത്വത്തിലേക്കും പരലോകത്ത് ശാശ്വത വിജയത്തിലേക്കും നയിക്കുന്നു. വിനയം വിശ്വാസത്തിന്റെ അളവുകോലാണെന്ന് പറയാനുള്ള കാരണവും അതുതന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍